Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അപകീർത്തിയുണ്ടാക്കിയ ആളെ ദുബായിൽ നിന്ന് നാടുകടത്താൻ ഇടപെട്ടെങ്കിൽ നടന്നത് ഗുരുതര പ്രോട്ടോക്കോൾ ലംഘനം; സംഭവിക്കാത്ത കാര്യം ആയതിനാൽ ശിക്ഷയെക്കുറിച്ച് എഴുതിവെച്ചിട്ട് പോലുമില്ല; സ്വപ്ന സുരേഷ് നൽകിയ നൽകിയ മൊഴികളിൽ നിറയുന്നത് മാപ്പർഹിക്കാത്ത കാര്യങ്ങൾ; മുൻ അംബാസിഡർ ടിപി ശ്രീനിവാസൻ മറുനാടനോട്

അപകീർത്തിയുണ്ടാക്കിയ ആളെ ദുബായിൽ നിന്ന് നാടുകടത്താൻ ഇടപെട്ടെങ്കിൽ നടന്നത് ഗുരുതര പ്രോട്ടോക്കോൾ ലംഘനം; സംഭവിക്കാത്ത കാര്യം ആയതിനാൽ ശിക്ഷയെക്കുറിച്ച് എഴുതിവെച്ചിട്ട് പോലുമില്ല; സ്വപ്ന സുരേഷ് നൽകിയ നൽകിയ മൊഴികളിൽ നിറയുന്നത് മാപ്പർഹിക്കാത്ത കാര്യങ്ങൾ; മുൻ അംബാസിഡർ ടിപി ശ്രീനിവാസൻ മറുനാടനോട്

എം മനോജ് കുമാർ

കൊച്ചി: യുഎഇ കോൺസുലെറ്റിന്റെ കാര്യത്തിൽ പിണറായി സർക്കാരിനു തൊട്ടതെല്ലാം പിഴയ്ക്കുന്നു. നയതന്ത്ര വഴിയിൽ ഖുറാനും ഈന്തപ്പഴവും എത്തിച്ചപ്പോഴും യുഎഇ കോൺസുലേറ്റുമായി ഇടപഴകുന്ന കാര്യങ്ങളിലും നടന്ന ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനങ്ങളാണ് പിണറായി സർക്കാരിനെ തുറിച്ച് നോക്കുന്നത്. പ്രോട്ടോക്കോൾ ലംഘനങ്ങളുടെ തുടർക്കഥകളിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം ശക്തമാക്കുമ്പോൾ ഇളകുന്നത് പിണറായി സർക്കാരിന്റെ കസേര തന്നെയാണ്. സ്വർണ്ണക്കടത്തിന്റെ പേരിൽ അറസ്റ്റിന്റെ നിഴലിൽ ഉള്ളത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറാണ്. എണ്ണത്തോണിയിൽ കിടന്നുള്ള ചികിത്സ തന്നെ അറസ്റ്റിൽ നിന്നും രക്ഷനേടാനുള്ള ഐഎഎസുകാരന്റെ അടവാണ് എന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം.

ശിവശങ്കറിന്റെ അവസ്ഥ ഇതായിരിക്കെ ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനങ്ങൾ മന്ത്രി കെ.ടി.ജലീലിനെയും തുറിച്ച് നോക്കുകയാണ്. ജലീൽ ആവശ്യപ്പെട്ടതായി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയ രണ്ടു കാര്യങ്ങളും ഗുരുതര കുറ്റകൃത്യത്തിന്റെ സ്വഭാവമുള്ളതായാണ് വിദേശകാര്യ വിദഗ്ദ്ധർ വിലയിരുത്തുന്നത്. നയതന്ത്ര ചട്ടങ്ങൾ മന്ത്രി എന്ന നിലയിൽ കാറ്റിൽപ്പറത്തിയതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ട്. പ്രോട്ടോക്കോൾ ലംഘനങ്ങൾക്ക് എന്ത് ശിക്ഷ എന്ന് എവിടെയും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. എഫ്‌സിആർഎ ചട്ടലംഘനം തുടങ്ങി ചട്ടലംഘനങ്ങൾ കുറ്റകൃത്യങ്ങളായി കരുതി അവയുടെ വകുപ്പുകൾ ചുമത്തിയുള്ള അന്വേഷണമാണ് എൻഐഎ അടക്കമുള്ള അന്വേഷണ ഏജൻസികൾ സ്വർണ്ണക്കടത്ത് അടക്കമുള്ള കേസുകളിൽ പിന്തുടരുന്നത്. സ്വപ്ന പറയുന്നത് ശരിയാണെങ്കിൽ മന്ത്രി ജലീലിന്റെ ഭാഗത്ത് നിന്നും വന്നത് പൊറുക്കാൻ കഴിയാത്ത തെറ്റ് തന്നെ എന്നാണ് വിദേശകാര്യ വിദഗ്ദർ പറയുന്നത്.

സ്വപ്നയുടെ മൊഴി കേന്ദ്ര ഏജൻസികൾ വിശദമായി അന്വേഷിക്കുമ്പോൾ പ്രോട്ടോക്കോൾ ലംഘനങ്ങൾ ചൂണ്ടിക്കാട്ടുകയാണ് പ്രമുഖ നയതന്ത്രജ്ഞൻ ടി.പി.ശ്രീനിവാസൻ. ജലീലിന്റെ പ്രോട്ടോക്കോൾ ലംഘനങ്ങൾ ശരി വയ്ക്കുകയാണ് ടി.പി.ശ്രീനിവാസൻ. തനിക്ക് അപകീർത്തികരമായ സന്ദേശങ്ങൾ വിദേശത്ത് നിന്ന് ആരെങ്കിലും പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ മന്ത്രി എന്ന നിലയിൽ അതിനു പൊലീസിൽ പരാതി നൽകി പൊലീസാണ് ആ വ്യക്തിയെ ഇന്ത്യയിൽ എത്തിക്കാൻ ശ്രമിക്കേണ്ടത്. മന്ത്രി എന്ന നിലയിൽ ജലീലിനു നേരിട്ട് ഇടപഴകാൻ കഴിയില്ല. മന്ത്രി അത് ചെയ്തിട്ടുണ്ടെങ്കിൽ ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനമായി മന്ത്രിയുടെ ചെയ്തികൾ മാറുകയാണ്-ശ്രീനിവാസൻ മറുനാടനോട് പറഞ്ഞു.

വിദേശകാര്യാ മന്ത്രാലയത്തിനു മാത്രമാണ് ഈ രീതിയിൽ ഒരാളെ ഇന്ത്യയിൽ തിരികെ എത്തിക്കാൻ കഴിയുന്നത്. വ്യക്തിപരമായ താത്പര്യത്തിന്റെ പേരിൽ മന്ത്രിക്ക് നേരിട്ട് ഒന്നും ചെയ്യാൻ കഴിയില്ല. കോൺസുലെറ്റിൽ നേരിട്ട് പോകാനും ഈ രീതിയിൽ ഇടപെടൽ നടത്താനും കഴിയില്ല. ആരെയെങ്കിലും ഭയപ്പെടുത്താൻ പറഞ്ഞതാകും. സീരിയസായി അങ്ങിനെ ചെയ്യാൻ, ചിന്തിക്കാൻ പോലുമാകാത്ത കാര്യമാണ്. കുറ്റവാളികളെ കൈമാറാൻ ഇന്ത്യയ്ക്കും യുഎഇയും തമ്മിൽ ധാരണയുണ്ട്. ഒരാൾക്ക് എതിരെ കേസ് ഉണ്ടെങ്കിൽ സർക്കാരിനു വിദേശകാര്യാ മന്ത്രാലയത്തിനെ സമീപിക്കണം. തുടർ നടപടികളുടെ ഭാഗമായി വിദേശകാര്യാ മന്ത്രാലയത്തിനു അവിടത്തെ കോടതിയിൽ പോകുകയുമൊക്കെ വേണം. വിജയ് മല്യയുടെ കേസൊക്കെ ഉദാഹരണം. യുഎഇ കോടതി ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് നടപടികൾ സ്വീകരിക്കണം. ഒരു ലോങ്ങ് നടപടിക്രമം ആണിത്. ഇതൊന്നും അൺതിങ്കബിൾ ആണ്. അങ്ങനെ ചെയ്യാന്മന്ത്രി എന്ന നിലയിൽ ജലീലിനു കഴിയില്ല. ഇങ്ങനെയെല്ലാം നടന്നിട്ടുണ്ടെങ്കിൽ ഗുരുതരമായ ചട്ടലംഘനമാണ്-ശ്രീനിവാസൻ വിശദീകരിക്കുന്നു.

ഇത് സ്വപ്നയുടെ മൊഴിയിൽ പറയുന്ന കാര്യം മാത്രമാണ്. അതിനു എന്ത് തെളിവാണ് ഉള്ളത്. മന്ത്രി രേഖാമൂലം ഇത്തരം ഒരു നിർദ്ദേശം കോൺസുലെറ്റിനു കൈമാറിയിരിക്കണം. അങ്ങനെ ചെയ്യാത്തിടത്തോളം ഇത് സ്വപ്നയുടെ ഒരു മൊഴിയായും ആരോപണമായും മാത്രം നിലനിൽക്കും. അല്ലെങ്കിൽ മന്ത്രി ഈ രീതിയിലുള്ള കാര്യങ്ങൾ ചെയ്തതിന് എന്തെങ്കിലും തെളിവ് വേണം. ഈ രീതിയിൽ ഒരു ലെറ്റർ കോൺസുലെറ്റിനു മന്ത്രി കൈമാറിയിട്ടുണ്ടെങ്കിൽ അത് പൊറുക്കാൻ കഴിയാത്ത കുറ്റം തന്നെയാണ്. ഇല്ലെങ്കിൽ അത് ഒരാരോപണം മാത്രമായി നിൽക്കും. രണ്ടാമത് സ്വപ്ന മൊഴിയിൽ പറഞ്ഞു എന്ന് നിങ്ങൾ പറയുന്ന ഒരു കാര്യം അലാവുദീൻ എന്ന ആൾക്ക് ജോലി നൽകാൻ മന്ത്രി ഇടപെട്ടു എന്ന കാര്യമാണ്. യുഎഇ കോൺസുലേറ്റ് തിരുവനന്തപുരത്ത് വന്നപ്പോൾ അവിടെ ഒരു ജോലി നേടിയെടുക്കുക എന്നത് പ്രസ്റ്റീജിന്റെ ഭാഗമായി മിക്കവരും കരുതിയിരുന്നു.

എനിക്കും അവിടെ ഒരു ജോലി നൽകാൻ സഹായിക്കുമോ എന്ന് ചോദിച്ച് പലരുടെയും കോൾ വന്നിരുന്നു. പല രാഷ്ട്രീയക്കാർക്കും ഇതുപോലെ കോളുകൾ വന്നതായി എനിക്ക് അറിയാം. പക്ഷെ മന്ത്രി എന്ന നിലയിൽ ജലീലിനു കോൺസുലെറ്റിനെ സമീപിക്കാൻ കഴിയില്ല. മന്ത്രി ഇത് ചെയ്തിട്ടുണ്ടെങ്കിൽ അത് ഗുരുതരമായ ചട്ടലംഘനം തന്നെയാണ്. നിലവിലെ വ്യവസ്ഥകൾ കാറ്റിൽപ്പറത്തിയുള്ള നടപടികൾ എന്ന് മാത്രമേ ഈ നടപടികളെ വിശേഷിപ്പിക്കാൻ കഴിയൂ. മന്ത്രിമാർക്ക് കോൺസുലെറ്റുമായി ഇടപഴകുന്നതിനു ചട്ടങ്ങൾ ഉണ്ട്. അത് വ്യക്തമായി എഴുതി വെച്ചിട്ടുമുണ്ട്. ഈ വ്യവസ്ഥകൾ ആരും ലംഘിക്കാറില്ല.

രണ്ടു ഘട്ടങ്ങളിൽ മാത്രമാണ് കോൺസുലെറ്റുമായി സർക്കാരിനു നേരിട്ട് ബന്ധപ്പെടാൻ കഴിയുന്നത്. അവരുടെ രാജ്യത്തിന്റെ ദേശീയ ദിനം വരുമ്പോൾ ബന്ധപ്പെട്ട ചടങ്ങുകൾക്ക് സർക്കാരുമായി ബന്ധമുള്ളവർക്ക് പോകാം. കോൺസുലെറ്റിൽ പുതിയ കോൺസൽ ജനറൽ വരുമ്പോൾ കാണാം. ഇതിനു മുൻപോട്ടുള്ള കാര്യങ്ങൾക്ക് ബന്ധപ്പെടാൻ കഴിയില്ല. അതിനു വിദേശകാര്യാ മന്ത്രാലയത്തിന്റെ അനുമതി വാങ്ങണം. ഇതിനു ചട്ടങ്ങൾ ഉണ്ട്. ഇത് ലംഘിക്കാൻ ആർക്കും അവകാശമില്ല. ഇവിടെ മന്ത്രിമാർ അടക്കമുള്ളവർ പ്രോട്ടോക്കോൾ പാലിച്ചില്ല. പ്രോട്ടോക്കോൾ എന്താണ് എന്ന് ആരും ശ്രദ്ധിച്ചില്ല. ഇതാണ് കുഴപ്പങ്ങൾ വരാൻ കാരണം-ശ്രീനിവാസൻ പറയുന്നു.

സ്വപ്നയുടെ മൊഴികൾ പിന്തുടർന്ന് കേന്ദ്ര ഏജൻസികൾ ഈ കാര്യങ്ങളിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കേന്ദ്രസർക്കാരിനെ അറിയിക്കാതെ ഇന്ത്യക്കാരനെ നാടുകടത്തിപ്പിക്കാൻ ആർക്കും അധികാരമോ അവകാശമോ ഇല്ല. ഇതിനാണ് ജലീൽശ്രമിച്ചത്. അതുകൊണ്ട് തന്നെ ഗൗരവത്തോടെ അന്വേഷിക്കാനാണ് തീരുമാനം. വ്യക്തിപരമായി തനിക്ക് അപകീർത്തി ഉണ്ടാക്കിയ പ്രവാസിയെ ഇന്ത്യയിലേക്കു നാടുകടത്തിയോ എന്നതും പരിശോധിക്കുന്നുണ്ട്. കോടതി ഉത്തരവും കേന്ദ്ര ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുടെ അറിവും ഇല്ലാതെ ഇത്തരമൊരു ഇടപെടൽ മന്ത്രി നടത്തിയിട്ടുണ്ടെങ്കിൽ അതിനെതിരെ കർശന നടപടി ഉണ്ടാകും. അലാവുദീൻ എന്നയാൾക്കു കോൺസുലേറ്റിൽ ജോലി ലഭിക്കാൻ ജലീൽ ഇടപെട്ടു എന്നതാണ് അന്വേഷണത്തിലുള്ള രണ്ടാമത്തെ കാര്യം.

ഇതും മന്ത്രിയെന്ന നിലയിൽ ചെയ്യാൻ പാടില്ലാത്തതാണ്. ഇതും പരിശോധിക്കും. കാന്തപുരത്തിനെതിരേയും മറ്റൊരു മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേയും പരാമർശമുണ്ട്. എന്നാൽ ഇതൊന്നും തെളിയിക്കാൻ കേന്ദ്ര ഏജൻസികൾക്ക് കഴിയില്ല. കോൺസുലേറ്റിൽ അടച്ചിട്ട മുറിയിൽ കോൺസുലുമായി കാന്തപുരം സംസാരിച്ച സാഹചര്യത്തെ കുറിച്ചും വിവരങ്ങൾ കണ്ടെത്താൻ ശ്രമിക്കും. മകന്റെ ജോലികാര്യത്തിനായിരുന്നു കടകംപള്ളിയുടെ വരവ്. മുഖ്യമന്ത്രിക്ക് സ്വപ്നയെ അടുത്തറിയാമായിരുന്നുവെന്നാണ് സ്വപ്നയുടെ മൊഴി വ്യക്തമാക്കുന്നത്. സ്പനയുടെ അച്ഛൻ മരിച്ചപ്പോൾ നേരിട്ടു വിളിച്ചാണ് മുഖ്യമന്ത്രി അനുശേചനം അറിയിച്ചത്. മുഖ്യമന്ത്രിയുമായുള്ളത് ഔദ്യോഗികബന്ധം മാത്രമെന്ന് അവകാശപ്പെടുന്ന സ്വപ്ന സുരേഷിന്റെ മൊഴിയിൽ, ഷാർജ ഭരണാധികാരി കേരളത്തിലെത്തിയപ്പോൾ സ്വീകരിക്കേണ്ടവിധം ഭാര്യയ്ക്ക് പറഞ്ഞുകൊടുക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നതായും പറയുന്നുണ്ട്. ഖുർ ആനും ഈന്തപ്പഴവും വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾക്ക് വേണ്ടിയാണ് ജലീൽ കോൺസുലേറ്റിലെത്തിയത്. സംഭാവന വാങ്ങുന്നതിന് കാന്തപുരം അബൂബക്കർ മുസലിയാരും മകനും നിരവധി തവണ കോൺസുലേറ്റിലെത്തിയിട്ടുണ്ട്.

ശിവശങ്കറിന്റെ ശുപാർശയിലാണ് സ്‌പേസ് പാർക്കിൽ ജോലി കിട്ടിയത്. കള്ളക്കടത്തിനെപ്പറ്റി കോൺസൽ ജനറലിനോട് ഒരിക്കലും പറഞ്ഞിട്ടില്ല. എന്നാൽ കോൺസൽ ജനറലിന്റെ പേരിലും തങ്ങൾ കള്ളക്കടത്തിന് കമ്മീഷൻ കൈപ്പറ്റിയിരുന്നു. രണ്ടുതവണ സ്വർണം വന്നപ്പോൾ അറ്റാഷേയെക്ക് 1500 ഡോളർ വീതം കമ്മീഷൻ നൽകിയെന്നും സരിത് മൊഴി നൽകി. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും കെ.ടി.ജലീലും നിരവധി തവണ കോൺസുലേറ്റിലെത്തിയെന്ന് സ്വർണക്കടത്ത് കേസ് പ്രതിയായ കോൺസുലേറ്റ് മുൻ ജീവനക്കാരൻ സരിത്തും മൊഴി നൽകി. കടകംപള്ളി സുരേന്ദ്രൻ മകന് യുഎഇയിൽ ജോലി തരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് എത്തിയത്. കാന്തപുരം എ.പി.അബൂബക്കർ മുസലിയാരും കോൺസുലേറ്റിൽ നിരവധി തവണ വന്നിരുന്നു. സംഭാവനയും വൻ തോതിൽ ഖുർ ആൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് എത്തിയതെന്നും സരിത്ത് എൻഫോഴ്‌സ്‌മെന്റിന് നൽകിയ മൊഴിയിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP