Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

സ്വപ്‌നയുടെ നിർണായക വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിയുടെ വീട്ടുപടിക്കൽ ഇ ഡി എത്തിയപ്പോൾ ആന്റി ക്ലൈമാക്‌സ്; ഇ ഡി ഓഫീസർ രാധാകൃഷ്ണന്റെ കസേര തെറിപ്പിച്ചത് മുകളിൽ നിന്നുള്ള അതിവേഗ ഇടപെടലിൽ; മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയുള്ള നടപടി ദുരൂഹം

സ്വപ്‌നയുടെ നിർണായക വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിയുടെ വീട്ടുപടിക്കൽ ഇ ഡി എത്തിയപ്പോൾ ആന്റി ക്ലൈമാക്‌സ്; ഇ ഡി ഓഫീസർ രാധാകൃഷ്ണന്റെ കസേര തെറിപ്പിച്ചത് മുകളിൽ നിന്നുള്ള അതിവേഗ ഇടപെടലിൽ; മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയുള്ള നടപടി ദുരൂഹം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിൽ സ്വപ്‌ന സുരേഷ് നടത്തുന്ന വെളിപ്പെടുത്തലുകളെ മുഖ്യമന്ത്രി പിണറായി വിജയൻ ശരിക്കും ഭയപ്പെടുന്നുണ്ടെന്നത് അദ്ദേഹത്തിന്റെ പ്രവർത്തികളിൽ നിന്നും തന്നെ തെളിഞ്ഞതാണ്. സ്വപ്‌ന മാധ്യമങ്ങളെ കണ്ടതിന് പിന്നാലെ സരിത്തിനെ വിജലൻസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തതും അടക്കം ഈ ഭയത്തിന് തെളിവായി മാറുകയും ചെയ്തു. സ്വർണ്ണക്കടത്തു കേസിലെ എൻഐഎ, കസ്റ്റംസ് തുടങ്ങിയ ഏജൻസികളെ അന്വേഷണത്തിനായി ക്ഷണിച്ചത് മുഖ്യമന്ത്രി തന്നെയായിരുന്നു. ഈ രണ്ട് ഏജൻസികളും അന്വേഷണം ഏതാണ്ട് അവസാനിപ്പിച്ചു. എന്നാൽ, ഇഡി മാത്രമായിരുന്നു തുടരന്വേഷണവുമായി മുന്നോട്ടു പോയത്. സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളിലെ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീണ്ടു.

മുഖ്യമന്ത്രിയുടെ മൊഴിയെടുക്കേണ്ടി വരുമെന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തിയതോടെയാണ് നിർണായക അന്വേഷണ ചുമതലയുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥനെ തെറിപ്പിച്ചിരിക്കുന്നത്. കൊച്ചിയിലെ ജോയിന്റ് ഡയറക്ടർ രാധാകൃഷ്ണനെയാണ് ചെന്നൈയിലേക്ക് മാറ്റിയത്. കേസിൽ പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുമില്ലെന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ ദിവസങ്ങൾ സ്വർണ്ണക്കടത്തിലെ കള്ളപ്പണ കേസ് അന്വേഷിക്കുന്ന വിഭാഗം മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുമെന്ന വിധത്തിൽ വാർത്തകൾ വന്നിരുന്നു. ഈ വാർത്തകൾ വന്നതിന് പിന്നാലെയാണ് ഇഡി ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവും പുറത്തുവന്നത്.

പത്ത് ദിവസത്തിനുള്ളിൽ ചെന്നൈയിൽ ജോയിൻ ചെയ്യണം എന്നാണ് രാധാകൃഷ്ണന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. സ്വപ്‌നയുടെ ആരോപണങ്ങൾ കാര്യമായി അന്വേഷണം മുന്നോട്ടു കൊണ്ടുപോയ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ സ്ഥലം മാറ്റം കേസിന്റെ ഭാവിയെ തന്നെ ഇല്ലാതാക്കിയേക്കും. കേരളത്തിൽ സിപിഎം തുറന്ന യുദ്ധത്തിലുള്ള അന്വേഷണ ഏജൻസി ഇഡിയാണ്. ഇതിൽ നിന്നും തന്നെ കേസിലെ അന്വേഷണം എത്രത്തോളം മുന്നോട്ടു കൊണ്ടുപോകാൻ രാധാകൃഷ്ണന് സാധിച്ചു എന്നതും വ്യക്തമാകും.

ഒരു വർഷം മുമ്പ് അദ്ദേഹത്തെ സ്ഥലം മാറ്റിയിരുന്നു എങ്കിലും സ്വർണക്കടത്തിൽ അന്വേഷണം തുടരുന്നതിനാൽ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമാെഴിയുടെയും വെളിപ്പെടുത്തലിന്റെയും അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ അന്വേഷണം നടക്കുകയാണ്. ഇവരുടെ മാെഴി എടുക്കുന്ന നടപടികളിലേക്ക് കടക്കാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നാണ് ശ്രദ്ധേയം.

കൂടാതെ കേരളത്തിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടാകുന്നതിനാൽ കേസിന്റെ വിചാരണ ബംഗലൂരുവിലേക്ക് മാറ്റണമെന്നു ഇ ഡി യുടെ കേന്ദ്ര ഓഫീസിൽ അറിയിച്ചതും രാധാകൃഷ്ണനാണ്. മുഖ്യമന്ത്രിക്ക് എതിരെ രഹസ്യമൊഴി നൽകിയിട്ടും കസ്റ്റംസ് വേണ്ട രീതിയിൽ കേസ് അന്വേഷിച്ചില്ലെന്ന് സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ചിരുന്നു. ഇതിനിടയിലാണ് എൻഫോഴ്‌സ് മെന്റ് ഡയറക്ട്രേറ്റും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്.

ഇതിന് പിന്നിൽ ഇടപെട്ടത് ഒരു അദൃശ്യ ശക്തിയാണെന്ന ആരോപണവും ഉയരുന്നുണ്ട്. കേന്ദ്രത്തിൽ സ്വാധീനമുള്ളവരുടെ ഇടപെടലാണ് രാധാകൃഷ്ണന്റെ സ്ഥലം മാറ്റത്തിലേക്ക് എത്തിച്ചത്. ഇതിനായി ആസൂത്രണമെന്ന വിധത്തിൽ രാധാകൃഷ്ണനെ സിപിഎം അനുഭാവിയാക്കുന്ന വിധത്തിൽ നടന്ന പ്രചരണമായിരുന്നു ആദ്യം. ഒരേ കേന്ദ്രങ്ങളിൽ നിന്നും ഇത്തരം പ്രചരണങ്ങൾ ഉണ്ടാക്കിയ ശേഷം കേന്ദ്രസർക്കാറിൽ സമ്മർദ്ദം ചെലുത്തിയാണ് സ്ഥാനചലനം ഉണ്ടാക്കിയതെന്നാണ് സൂചനകൾ. അടുത്തിടെ തിരുവനന്തപുരം സിഎസ്ഐ ദക്ഷിണ കേരള മഹാ ഇടവക ആസ്ഥാനത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) റെയ്ഡ് നടത്തിയതിലും ഈ ഇഡി ഉദ്യോഗസ്ഥന്റെ ഇടപെടൽ ഉണ്ടായിരുന്നു.

കാരക്കോണം മെഡിക്കൽ കോളേജ് അഴിമതിയുമായി ബന്ധപ്പെട്ട പരിശോധനയിൽ ബിഷപ്പ് ധർമരാജ് റസാലം ഉൾപ്പെടെയുള്ളവർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. കൂടാതെ ബിഷപ്പിനെ വിമാനത്താവളത്തിൽ വെച്ചു തടയുന്ന സ്ഥിതി വിശേഷവും ഉണ്ടായിരുന്നു. ഈ വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ബിജെപി തയ്യാറെടുത്തിരുന്നതിന്റെ ഭാഗം കൂടിയാണ് ഇപ്പോഴത്തെ സ്ഥാനചലനമെന്നും വിലയിരുത്തലുണ്ട്. ബിലിവേഴ്‌സ് ചർച്ചിലെ അനുരഞ്ജന ഇടപെടലും ഇതിന് പിന്നിലുണ്ടെന്നാണ് സൂചനകൾ.

സ്വർണ്ണക്കടത്തു കേസിൽ തുടക്കം മുതൽ സിപിഎം-ബിജെപി കൂട്ടുകെട്ടാണെന്ന ആരോപണം തുടക്കം മുതൽ കോൺഗ്രസ് ഉയർത്തിയിരുന്നു. ഈ ബന്ധം ദൃഢമാക്കുന്നത് അദൃശ്യശക്തിയുടെ ഇടപെടലാണ്. ഉദ്യോഗസ്ഥ തലത്തിലെ ഇടപെടലും അദാനിയുടെ ഇടപെടലും അടക്കം സംശയത്തിലാണ്. എന്തായാലും സ്വർണ്ണക്കടത്തു കേസിലെ മുന്നോട്ടുള്ള ഭാവിതന്നെ ഇപ്പോഴത്തെ നീക്കത്തിൽ അനിശ്ചിതാവസ്ഥയിലാണ്. രാധാകൃഷ്ണനെ സ്ഥലം മാറ്റിയതിന് പിന്നാലെ മുഖ്യമന്ത്രി ഇഡിക്കെതിരെ രംഗത്തുവന്നു എന്നതും ശ്രദ്ധേയമാണ്. കിഫ്ബിക്കെതിരായ നീക്കത്തിൽ പ്രതികരിച്ചു കൊണ്ടാണ് മുഖ്യമന്ത്രി ഇന്ന് രംഗത്തുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP