Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പൊറോട്ടയും ചപ്പാത്തിയും വിതരണം ചെയ്ത അറബിയുടെ കാറ്ററിങ് സ്ഥാപനത്തിന് കൊടുക്കാനുള്ളത് 42,000 ദിർഹം; 18,000 ദിർഹത്തിന് നൽകിയ ചെക്ക് മടങ്ങി; പുലി മുരുകൻ നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം അബുദാബിയിൽ വണ്ടിച്ചെക്ക് കേസിൽ പ്രതി; യുഎഇയിലെ ഏത് എയർപോർട്ടിൽ ഇറങ്ങിയാലും ഉടൻ അറസ്റ്റ്; കാസിൽ റോക്ക്‌ടൈംഫുഡ് റസ്റ്റോറന്റുകളുടെ നടത്തിപ്പ് മകനെ ഏൽപ്പിച്ച് മലയാളത്തിലെ സൂപ്പർഹിറ്റ് നിർമ്മാതാവ് ടോമിച്ചൻ നാട്ടിൽ

പൊറോട്ടയും ചപ്പാത്തിയും വിതരണം ചെയ്ത അറബിയുടെ കാറ്ററിങ് സ്ഥാപനത്തിന് കൊടുക്കാനുള്ളത് 42,000 ദിർഹം; 18,000 ദിർഹത്തിന് നൽകിയ ചെക്ക് മടങ്ങി; പുലി മുരുകൻ നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം അബുദാബിയിൽ വണ്ടിച്ചെക്ക് കേസിൽ പ്രതി; യുഎഇയിലെ ഏത് എയർപോർട്ടിൽ ഇറങ്ങിയാലും ഉടൻ അറസ്റ്റ്; കാസിൽ റോക്ക്‌ടൈംഫുഡ് റസ്റ്റോറന്റുകളുടെ നടത്തിപ്പ് മകനെ ഏൽപ്പിച്ച് മലയാളത്തിലെ സൂപ്പർഹിറ്റ് നിർമ്മാതാവ് ടോമിച്ചൻ നാട്ടിൽ

ആർ കനകൻ

കോട്ടയം: സിനിമാ നിർമ്മാണത്തിലൂടെ കോടികൾ കൊയ്യുന്ന ടോമിച്ചൻ മുളകുപാടം അബുദബിയിൽ വണ്ടിച്ചെക്ക് കേസിൽ പ്രതി. 100 കോടി ക്ലബിൽ കടന്ന ആദ്യ മലയാള ചിത്രമായ പുലി മുരുകൻ അടക്കം നിർമ്മിച്ചിട്ടുള്ള ടോമിച്ചൻ വെറും എട്ടു ലക്ഷത്തോളം രൂപ നൽകാനുള്ളതിന്റെ പേരിലാണ് വണ്ടിച്ചെക്ക് കേസിൽ പ്രതിയായിരിക്കുന്നത്. യുഎഇയിലെ ഏത് എയർപോർട്ടിൽ വന്നിറങ്ങിയാലും ആ നിമിഷം ടോമിച്ചൻ അറസ്റ്റിലാകും.

അബുദബിയിൽ ടോമിച്ചൻ നടത്തുന്ന കാസിൽ റോക്ക്, ടൈം ഫുഡ് എന്നീ റസ്റ്റോറന്റുകളിലേക്ക് പൊറോട്ടയും ചപ്പാത്തിയും സപ്ലൈ ചെയ്ത തദ്ദേശീയനായ അറബിയുടെ ഉടമസ്ഥതയിലുള്ള അൽ ന ബാ കാറ്ററിങ് കമ്പനിയെയാണ് ടോമിച്ചൻ വണ്ടിച്ചെക്ക് നൽകി കബളിപ്പിച്ചത്. രണ്ടുവർഷം മുൻപ് നടന്ന സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് കാറ്ററിങ് സ്ഥാപന ഉടമ കോടതിയിൽ വണ്ടിച്ചെക്ക് കേസ് ഫയൽ ചെയ്തിരിക്കുന്നത്. 42,000 ദിർഹമാണ് ടോമിച്ചന്റെ ഹോട്ടൽ ഗ്രൂപ്പ് അൽ മനാ കാറ്ററിങ് കമ്പനിക്ക് നൽകാനുള്ളത്. ഇത് ഏകദേശം എട്ടു ലക്ഷത്തോളം ഇന്ത്യൻ രൂപയ്ക്ക് സമാനമാണ്.

കമ്പനി നിരന്തരം ബന്ധപ്പെട്ടതിനെ തുടർന്ന് രണ്ടു വർഷം മുൻപ് ടോമിച്ചൻ 18,000 ദിർഹ(ഏകദേശം മൂന്നുലക്ഷം രൂപ)ത്തിന്റെ ചെക്ക് നൽകി. കമ്പനി അധികൃതർ ഇത് മൂന്നു തവണ ബാങ്കിൽ നൽകി. മൂന്നു തവണയും ചെക്ക് മടങ്ങിയതിനെ തുടർന്നാണ് നിയമനടപടി സ്വീകരിക്കാൻ കമ്പനി തീരുമാനിച്ചത്. യുഎഇ രാജ്യങ്ങളിൽ ചെക്ക് മടങ്ങിയാൽ ആദ്യം പരാതി നൽകേണ്ടത് പൊലീസിലാണ്. പൊലീസ് കേസെടുത്ത ശേഷം അതിന്റെ രേഖകൾ നൽകും. ഇതുമായി കോടതിയെ സമീപിച്ച് സിവിൽ കേസ് ഫയൽ ചെയ്യാം. ഇതിന്ശേഷം കാര്യങ്ങൾ കോടതി തീരുമാനിക്കും. എയർപോർട്ടിൽ വന്നിറങ്ങിയാലുടൻ പ്രതി അറസ്റ്റിലാകും.

ഒന്നുകിൽ പണം മുഴുവൻ നൽകേണ്ടി വരും. അല്ലെങ്കിൽ കേസ് കൊടുത്തവർ പിൻവലിക്കണം. ടോമിച്ചന്റെ ഹോട്ടൽ ഗ്രൂപ്പ് ആദ്യം നോക്കി നടത്തിയിരുന്നത് ഭാര്യാ സഹോദരനായിരുന്നു. നെടുങ്കുന്നത്തുകാരനായ ഇദ്ദേഹം രണ്ടു വർഷം മുൻപ് ടോമിച്ചനുമായി തെറ്റിപ്പിരിഞ്ഞ് നാട്ടിലേക്ക് പോയി. ഇപ്പോൾ സ്ഥാപനങ്ങളുടെ നടത്തിന്റെ ടോമിച്ചന്റെ മകൻ റോബിനാണ്. പുലി മുരുകൻ സിനിമയിൽ ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് റോബിനാണ്. നൽകാനുള്ള പണത്തെ കുറിച്ച് ചോദിച്ചാൽ റോബിൻ പിതാവിന്റെ പേര് പറഞ്ഞ് കൈയൊഴിയും.

കേസും വഴക്കുമായതോടെ ടോമിച്ചന്റെ സ്പോൺസറും കൈയൊഴിയാനാണ് സാധ്യത. അങ്ങനെ വന്നാൽ റസ്റ്റോറന്റുകൾ അടച്ചു പൂട്ടേണ്ടി വരും. മലയാളത്തിൽ പുലിമുരുകൻ നിർമ്മിച്ചതിന് പുറമേ അന്യഭാഷയിൽ നിന്നുള്ള ബിഗ്ബജറ്റ് ചിത്രങ്ങളുടെ കേരളത്തിലെ വിതരണാവകാശവും ടോമിച്ചൻ നേടി എടുക്കുന്നുണ്ട്. ഇത്രയുമൊക്കെ വരുമാനം ഉള്ളയാളാണ് ടോമിച്ചൻ എന്ന് അറിഞ്ഞു കൊണ്ടാണ് കാറ്ററിങ് സ്ഥാപനം ഉടമ കേസു കൊടുത്തിരിക്കുന്നത്.

മുളകുപാടം ഫിലിംസുമായാണ് ടോമിച്ചൻ മുളകുപാടം മലയാള സിനിമയിൽ സജീവമായത്. പുലിമുരുകന് വേണ്ടി ടോമിച്ചൻ മുടക്കിയത് 30 കോടിയായിരുന്നു. മലയാളത്തിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായി അന്ന് അത് മാറി. 100 കോടി ക്ലബ്ബിൽ പുലിമുരുകൻ കയറി. അതിന് ശേഷം രാമലീലയിലൂടെ 80 കോടിയുടെ കളക്ഷനും കിട്ടി.

മോഹൻലാലിന്റെ മകൻ പ്രണവിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടായിരുന്നു അവസാനം നിർമ്മിച്ച ചിത്രം. ഇത് വലിയ പരാജയമായി. ഇതിനിടെയാണ് ടോമിച്ചന്റെ ബിസിനസ് പൊളിയുന്നുവെന്ന സൂചനയും എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP