Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശബരിമലയിൽ അയ്യപ്പനെ കാണണമെങ്കിൽ കാശ് കൊടുക്കേണ്ടി വരും; നിലയ്ക്കലിലെ ടോൾ പിരവ് പൊടി തട്ടിയെടുത്ത് ഭക്തരുടെ കീശ കൊള്ളയടിക്കാൻ വീണ്ടും നീക്കം; കോൺഗ്രസ് അനുകൂല ദേവസം ബോർഡിന്റെ നീക്കം ഇടത് സർക്കാരിനെ പ്രതിസന്ധിയിലാക്കാനോ?

ശബരിമലയിൽ അയ്യപ്പനെ കാണണമെങ്കിൽ കാശ് കൊടുക്കേണ്ടി വരും; നിലയ്ക്കലിലെ ടോൾ പിരവ് പൊടി തട്ടിയെടുത്ത് ഭക്തരുടെ കീശ കൊള്ളയടിക്കാൻ വീണ്ടും നീക്കം; കോൺഗ്രസ് അനുകൂല ദേവസം ബോർഡിന്റെ നീക്കം ഇടത് സർക്കാരിനെ പ്രതിസന്ധിയിലാക്കാനോ?

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: നിലയ്ക്കലിൽ ടോൾ പിരിക്കാനുള്ള ശ്രമത്തിന്റെ പേരിൽ ഒരിക്കൽ ഹിന്ദുസംഘടനകൾ സമരമുഖം തീർത്തതാണ്. ചോരപ്പുഴ ഒഴുക്കിയാണെങ്കിലും ബോർഡിന്റെ തീരുമാനം തടയുമെന്ന് വെല്ലുവിളിച്ച് സംഘപരിവാർ സംഘടനകളും ഭക്തരുടെ കൂട്ടായ്മയും ശക്തമായ സമരം നടത്തുകയും ചെയ്താണ്. എന്നിട്ടും, ഉണ്ടാകാൻ പോകുന്ന പ്രത്യാഘാതം മുൻകൂട്ടി കാണാൻ കഴിയാതെ നിലയ്ക്കലിൽ ദേവസ്വം ബോർഡ് വീണ്ടും ടോൾ ഗേറ്റ് സ്ഥാപിക്കാൻ നീക്കം തുടങ്ങി. സ്വകാര്യ മേഖലയെ വാർത്താവിനിമയ മേഖലയിലേക്ക് ചുവപ്പ് പരവതാനി വിരിച്ച് എതിരേൽക്കാനും നീക്കമുണ്ട്.

ശബരിമല തീർത്ഥാടകരിൽനിന്നു ടോൾ പിരിക്കാൻ നിലയ്ക്കലിൽ ഗേറ്റ് സ്ഥാപിക്കുന്നതിനക്കുറിച്ച് പഠനം നടത്താൻ ദേവസ്വം ബോർഡ് കമ്മറ്റി രൂപീകരിച്ചുകഴിഞ്ഞു. സർക്കാരിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് (പി.ആർ.ഡി) ഒഴിവാക്കി വാർത്താവിതരണം സ്വകാര്യ ഏജൻസിക്ക് നൽകാനും ആലോചന നടക്കുന്നു. ഭക്തരുടെ സൗകര്യം വർധിപ്പിക്കാനെന്ന പേരിലാകും നിലയ്ക്കലിൽ ടോൾ ബൂത്ത് സ്ഥാപിക്കുക. വരുന്ന മണ്ഡല മകരവിളക്ക് കാലത്തെ ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ മാർച്ച് രണ്ടിന് ദേവസ്വം ബോർഡ് ആസ്ഥാനത്തു ചേർന്ന യോഗമാണ് വിവാദമായേക്കുന്ന ഒരു പിടി തീരുമാനം എടുത്തത്. ശബരിമലയിൽ വീണ്ടും ടോൾ ഏർപ്പെടുത്താൻ യോഗത്തിൽ തത്വത്തിൽ ധാരണയായി.

കോൺഗ്രസ് നിയോഗിച്ച ദേവസം ബോർഡാണ് നിലവിൽ തിരുവിതാംകൂർ ബോർഡിനെ നയിക്കുന്നത്. ഇത്തരമൊരു നീക്കം സർക്കാരിനെതിരേയും ആരോപണമായെത്തും. അതിനാൽ ഈ വിഷയത്തിൽ സർക്കാർ ഇടപെടൽ നിർണ്ണായകമാകും. തിരുവിതാംകൂർ ദേവസം ബോർഡിൽ മൂന്ന് അംഗങ്ങളാണുള്ളത്. പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനും മെമ്പർ അജയ് തറയിലും കോൺഗ്രസുകാരാണ്. എംഎൽഎ മാരുടെ പ്രതിനിധിയായി ജയിച്ചെത്തിയ സിപിഐ(എം) നേതാവ് ഭാസ്‌കരന്റെ കാലാവധി കഴിഞ്ഞ ദിവസം അവസാനിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ടോൾ പിരിവ് നീക്കത്തിൽ ഇടത് പക്ഷം ചില സംശയങ്ങൾ കാണുന്നുണ്ട്. അതുകൊണ്ട് തന്നെ ദേവസം മന്ത്രി കടകംപള്ളിയുടെ തീരുമാനം ഇക്കാര്യത്തിൽ നിർണ്ണായകമാകും.

വർങ്ങൾക്ക് മുമ്പ് നിലയ്ക്കലിൽ നിന്ന് പമ്പവരെയുള്ള റോഡ് നിർമ്മാണം തിരുവിതാംകൂർ ദേവസം ബോർഡാണ് നടത്തിയത്. ഇതിന്റെ പേരിൽ വർഷങ്ങളോളം ടോൾ പിരിവ് നടത്തി. ചെലവാക്കിയതിന്റെ നൂറു മടങ്ങി ഇങ്ങനെ പിരിച്ചെടുത്തു. ഇതിനെതിരെ അഞ്ച് കൊല്ലം മുമ്പ് യുവമോർച്ച പ്രതിഷേധവുമായെത്തി. അന്ന് യുവമോർച്ചയുടെ സംസ്ഥാന അധ്യക്ഷനായിരുന്ന വിവി രാജേഷിന്റെ നേതൃത്വത്തിലെ സമരം ഹൈക്കോടതി ഇടപെടലിലേക്ക് നീണ്ടു. ഇതോടെ റോഡിന്റെ ടോൾ അല്ല നടത്തുന്നതെന്ന വിശദീകരണവുമായി ദേവസം ബോർഡ് എത്തി. വാഹനപാർക്കിംഗിനാണ് ഫീസ് നിലയ്ക്കലിൽ പിരിക്കുന്നതെന്നായിരുന്നു നിലപാട്. ഇതോടെ വാഹന പാർക്കിംഗിന് അതാതിടത്ത് ഫീസ് പിരിക്കാൻ നിർദ്ദേശം വരികയും ചെയ്തു. ഇതോടെ നിലയ്ക്കലിലെ ടോൾ ഗേറ്റ് അപ്രത്യക്ഷമായി.

മുമ്പ് നിലയ്ക്കലിലൂടെ കടന്നു പോകുന്ന എല്ലാ വാഹനങ്ങൾക്കും പിരിവ് നൽകണമായിരുന്നു. അതായത് പാർക്ക് ചെയ്യാതെ ആളുകളെ ഇറക്കി പോകുന്ന വാഹനങ്ങളിൽ നിന്നും തുക ഈടാക്കിയിരുന്നു. ഇതാണ് ഹൈന്ദവസംഘടനകളുടെയും ബിജെപിയുടെയും യുവമോർച്ചയുടേയും എതിർപ്പിനെ തുടർന്ന് പിൻവലിച്ചത്. ഭക്തർ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ വിവിധ സ്ഥലങ്ങളിലെ പേമെന്റ് ഒഴിവാക്കുന്നതിനാണ് നിലയ്ക്കലിൽ ടോൾഗേറ്റ് സ്ഥാപിക്കുന്നത് എന്നാണ് ബോർഡിന്റെ ഇപ്പോഴത്തെ നിലപാട്. അയ്യപ്പന്മാർക്ക് വെള്ളവും ടോയ്‌ലറ്റും സൗജന്യമാക്കുകയാണ് ബോർഡിന്റെ ലക്ഷ്യം. എന്നാൽ, ഇതിന്റെ പരിപാലനത്തിന് വൻതുക ബോർഡ് ചെലവഴിക്കേണ്ടി വരും.

ഇതിനൊരു പരിഹാരമെന്ന നിലയിൽ നിലയ്ക്കലിൽ റോഡിന് വീതികൂട്ടി വിവിധ ട്രാക്കുകൾ സ്ഥാപിച്ച്, എല്ലാ വാഹനങ്ങൾക്കും പാർക്കിങ്ങിന് ഉൾപ്പെടെ വൺടൈം ടോൾ ഏർപ്പെടുത്തി, എല്ലായിടങ്ങളിലും കുടിവെള്ളവും ടോയ്‌ലറ്റും സൗജന്യമാക്കുന്നതാണ് ഉചിതമെന്നാണ് ബോർഡ് കരുതുന്നത്. ഇതേപ്പറ്റി സാധ്യതാ പഠനം നടത്തി രണ്ടുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിന് ചീഫ് എൻജിനീയർ വി. ശങ്കരൻപോറ്റി ചെയർമാനും എക്‌സിക്യൂട്ടീവ് ഓഫീസർ, എക്‌സിക്യൂട്ടീവ് എൻജിനീയർ പമ്പ എന്നിവർ അംഗങ്ങളായി കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്.

മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് ശബരിമലയിൽനിന്ന് പി.ആർ.ഡിയെ ഒഴിവാക്കുന്ന കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ദേവസ്വം ബോർഡ് കമ്മിഷണറോട് ആവശ്യപ്പെട്ടു. പി.ആർ.ഡിക്ക് പകരം സ്വകാര്യ ഏജൻസിയെ കൊണ്ടുവരാനാണ് ആലോചനയെന്നാണ് ആരോപണം. എല്ലാ പത്രദൃശ്യമാദ്ധ്യമങ്ങളും സന്നിധാനത്ത് ഉള്ളതിനാലും അവർക്ക് ആവശ്യമായ സൗകര്യം ബോർഡ് ഒരുക്കുന്നതിനാലുമാണ് പി.ആർ.ഡിയുടെ സേവനം അവസാനിപ്പിക്കാൻ ലക്ഷ്യമിടുന്നത്. അമിത ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കമെന്നാണ് വിശദീകരണം.

ഈ രണ്ടു തീരുമാനങ്ങളും ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും. പ്രതിപക്ഷത്തെ പ്രധാന ശക്തിയാകാൻ ഒരുങ്ങുന്ന ബിജെപി ഇതിന്റെ പേരിൽ സമരം ശക്തമാക്കുമെന്ന് ഉറപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP