Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

പൈലറ്റ് യൂണിഫോം നൽകിയത് ജോ തോമസ്; ബന്ധു വിളിച്ചപ്പോൾ തട്ടിപ്പുകാരൻ പൈലറ്റാണെന്ന കള്ളം പറഞ്ഞതും വിമാനത്തിലെ ഒർജിനൽ ക്യാപ്റ്റൻ; മലേഷ്യയിലെ വിവാഹ തട്ടിപ്പും പണാപഹരണവും കണ്ടെത്തിയത് സുഹൃത്തിന്റെ അന്വേഷണം; വിവാഹ തട്ടിപ്പിന് കൂട്ടു നിന്ന കൂട്ടുകാരനും പ്രതിയാകും; ടിജു ജോർജിന്റേത് ആസൂത്രിത പീഡന തട്ടിപ്പ്

പൈലറ്റ് യൂണിഫോം നൽകിയത് ജോ തോമസ്; ബന്ധു വിളിച്ചപ്പോൾ തട്ടിപ്പുകാരൻ പൈലറ്റാണെന്ന കള്ളം പറഞ്ഞതും വിമാനത്തിലെ ഒർജിനൽ ക്യാപ്റ്റൻ; മലേഷ്യയിലെ വിവാഹ തട്ടിപ്പും പണാപഹരണവും കണ്ടെത്തിയത് സുഹൃത്തിന്റെ അന്വേഷണം; വിവാഹ തട്ടിപ്പിന് കൂട്ടു നിന്ന കൂട്ടുകാരനും പ്രതിയാകും; ടിജു ജോർജിന്റേത് ആസൂത്രിത പീഡന തട്ടിപ്പ്

ആർ പീയൂഷ്

കൊച്ചി: പൈലറ്റാണെന്ന് തെറ്റിദ്ദരിപ്പിച്ച് വിവാഹമാലോചിക്കുകയും പിന്നീട് യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത പത്തനംതിട്ട കോഴഞ്ചേരി മേലൂക്കര സ്വദേശിയും വിവാഹിതനുമായ ചെറുതോട്ടത്തിൽ ടിജു ജോർജ് തോമസി(33)ന് പൈലറ്റിന്റെ യൂണിഫോം നൽകിയ ക്യാപ്റ്റനെതിരെ പൊലീസ് വിമാന കമ്പനികൾക്ക് നോട്ടീസ് നൽകി. ഇൻഡിഗോ, എയർ ഏഷ്യാ എന്നീ എയൽലൈനുകളിൽ ക്യാപ്റ്റനായ ജോ തോമസിനെതിരെയാണ് പനങ്ങാട് പൊലീസ് നോട്ടീസ് നൽകിയിരിക്കുന്നത്. ജോ തോമസ് നൽകിയ പൈലറ്റ് യൂണിഫോം ധരിച്ചാണ് ടിജു ചിത്രങ്ങളെടുത്ത് യുവതിയെയും കുടുംബാംഗങ്ങളെയും പൈലറ്റാണെന്ന് വിശ്വസിപ്പിച്ചത്. നിലവിൽ ബംഗളൂരുവിലാണ് ജോ തോമസ് ഉള്ളത്.

ജോ തോമസിനെ കേസിൽ കൂട്ടു പ്രതിയാക്കുമെന്ന് സൂചനയുണ്ട്. യുവതിയെ വിവാഹമാലോചിച്ചെത്തിയപ്പോൾ ബന്ധുവായ യുവാവ് ജോ തോമസിനെയാണ് ഫോണിൽ വിളിച്ച് അന്വേഷിച്ചത്. ടിജു തന്നെയാണ് നമ്പർ യുവതിക്ക് കൈമാറി ഇയാളെ വിളിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ടത്. ബന്ധുവായ യുവാവിന് ജോ തോമസിനെ അറിയാമായിരുന്നതിനാൽ പൈലറ്റാണെന്ന് സാക്ഷ്യപ്പെടുത്തിയപ്പോൾ വിശ്വസിച്ചു പോയി. ഇതാണ് വീട്ടുകാർ ടിജുവുമായുള്ള വിവാഹത്തിന് സമ്മതം അറിയിച്ചത്. വിവാഹത്തിന് സമ്മതമാണെന്ന് അറിയിച്ചതിന് ശേഷം പലപ്പോഴും കൊച്ചിയിലെ ഫ്ളാറ്റിലെത്തി ഇയാൾ യുവതിയുമായി പുറത്തു പോകുന്നത് പതിവായിരുന്നു. ആദ്യമൊന്നും അപമര്യാദയായി പെരുമാറിയിരുന്നില്ല. ജനുവരി 29 നാണ് കുമ്പളത്തുള്ള റമദാ റിസോർട്ടിൽ ജന്മദിനാഘോഷത്തിന് വിളിച്ചു വരുത്തുകയും പീഡനം നടത്തുകയും ചെയ്തത്.

പീഡനത്തിന് ശേഷം മാനസികമായി തളർന്നു പോയ യുവതിയെ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാനുള്ളതല്ലേ എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുകയായിരുന്നു. പിന്നീട് വെല്ലിങ്ടൺ ഐലന്റിലുള്ള വാക്ക് വേയിൽ കാറിനുള്ളിൽ വച്ചും പീഡിപ്പിച്ചു. അന്ന് പൊലീസിൽ പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. യുവതിയുടെ മൊബൈലിലേക്ക് കയ്യിൽ മുറിവുണ്ടാക്കിയ ദൃശ്യങ്ങളും അയച്ചു കൊടുത്തു. അതിനാൽ യുവതി അന്ന് പരാതി നൽകിയില്ല. ടിജുവിന്റെ പ്രവർത്തികളെപറ്റി അടുത്ത പെൺസുഹൃത്തിനോട് യുവതി പറയുമായിരുന്നു. ഇതിനെ തുടർന്ന് സുഹൃത്ത് നടത്തിയ അന്വേഷണത്തിലാണ് ടിജു മലേഷ്യയിൽ 17 യുവതികളെയും 5 പുരുഷന്മാരെയും കബളിപ്പിച്ച് 2 മില്യൺ ഡോളർ തട്ടിയെടുത്തതിന് അറസ്റ്റിലായ വാർത്ത കണ്ടെത്തുന്നത്. യുവതികളെ വൈവാഹിക വെബ്സൈറ്റായ ഷാദി ഡോട്ട് കോം വഴിയാണ് പരിചയപ്പെട്ടത് എന്നും വാർത്തയിൽ ഉണ്ടായിരുന്നു. ഇക്കാര്യം യുവതിയെ അറിയിച്ചപ്പോഴാണ് ടിജു തട്ടിപ്പുകാരനാണെന്ന് മനസ്സിലായത്.

യുവതിയെയും പരിചപ്പെട്ടത് ഷാദി ഡോട്ട് കോം എന്ന വെബ്സൈറ്റ് വഴിയായിരുന്നു. യുവതിയുടെ വിവാഹത്തിനായി വിവിധ മാട്രിമോണിയൽ സൈറ്റുകളിൽ മാതാപിതാക്കൾ രജിസ്റ്റർ ചെയ്തിരുന്നു. എഎന്നാൽ രജിസ്റ്റർ ചെയ്യാത്ത മറ്റൊരു വെബ്‌സൈറ്റിൽ നിന്നാണ് ടിജു യുവതിയുടെ നമ്പർ സംഘടിപ്പിച്ചതും ബന്ധപ്പെട്ടതും. എന്നാൽ യുവതി ഇയാളുടെ ആലോചന തള്ളിക്കളഞ്ഞു. പൈലറ്റാണ് എന്നൊക്കെ പറഞ്ഞ് വീണ്ടും ബന്ധപ്പെട്ടെങ്കിലും യുവതി താൽപര്യം കാട്ടിയില്ല. സെപ്റ്റംബറിലായിരുന്നു ഈ സംഭവം. ഒരുമാസത്തിന് ശേഷം ഇയാൾ വീണ്ടും യുവതിയെ ബന്ധപ്പെടുകയും യുവതിയെ തന്നെ വിവാഹം കഴിക്കണമെന്നും നിർബന്ധം പിടിക്കുകയും ചെയ്തു. ഇതോടെ യുവതി വീട്ടുകാരുമായി ബന്ധപ്പെടാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഏതാനും സുഹൃത്തുക്കളുമൊത്തുകൊച്ചിയിൽ താമസിക്കുന്ന ഫ്‌ളാറ്റിൽ അമ്മയും മുത്തശ്ശിയുമുള്ളപ്പോൾ എത്തി പെണ്ണു കാണുകയായിരുന്നു.

താൻ വിദേശത്ത് പൈലറ്റാണെന്നും ആദ്യഭാര്യ മരിച്ചു പോയെന്നുമാണ് പെൺകുട്ടിയോടും വീട്ടുകാരോടും പറഞ്ഞിരുന്നത്. വിവാഹം കഴിഞ്ഞ് ഭാര്യ ന്യൂയോർക്കിൽ വച്ച് കാർ അപകടത്തിൽ മരണപ്പെടുകയായിരുന്നു. ഭാര്യയുമൊത്ത് ഒരുമാസം മാത്രമാണ് ജീവിക്കാൻ കഴിഞ്ഞിതെന്നും അവരുമായി യാതൊരുവിധ ശാരീരിക ബന്ധത്തിലും ഏർപ്പെട്ടിരുന്നില്ല എന്നും യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. പൈലറ്റാണ് എന്ന് വിശ്വസിപ്പിക്കുവാനായി പൈലറ്റിന്റേതെന്നു തോന്നുന്ന യൂണിഫോം ധരിച്ച ഫോട്ടോ കാണിക്കുകയും ചെയ്തു. ഇതു വിശ്വസിച്ചാണ് വിവാഹത്തിനു സമ്മതിച്ചതെന്നു യുവതി പറയുന്നു. ഒരു മാസത്തിനകം വിവാഹം നടത്തണമെന്നും തനിക്ക് ബന്ധുക്കളുമായി കാര്യമായ അടുപ്പമില്ലാത്തതിനാൽ വിവാഹ സമയത്ത് മാത്രം അടുത്ത ബന്ധുക്കളെ അറിയിക്കാമെന്നാണ് യുവതിയുടെ വീട്ടുകാരോട് പറഞ്ഞിരുന്നത്. വിവാഹത്തിന് ശേഷം എയർ ക്യാനഡയിൽ ജോലി പ്രവേശിക്കുമെന്നും യുവതിയെയും ഒപ്പം കൊണ്ടു പോകുമെന്നും അറിയിച്ചിരുന്നു.

ടിജു തട്ടിപ്പുകാരനാണെന്ന് മനസ്സിലായതോടെ യുവതിയുടെ കൂട്ടുകാരിയും ചേർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾക്ക് ഒരു ഭാര്യയുണ്ടെന്ന് കണ്ടെത്തി. അവരെ ഫെയ്‌സ് ബുക്ക് വഴി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഇവരുടെ സഹോദരനെ ഫേസ്‌ബുക്ക് വഴി ബന്ധപ്പെട്ടപ്പോഴാണ് ടിജു പൈലറ്റല്ലെന്നും ഇരിങ്ങാലക്കുടയിൽ മൗണ്ട് വെൻ എന്ന പേരിൽ ഒരു വസ്ത്ര ശാല നടത്തുകയാണ് എന്നും അറിഞ്ഞത്. ഇതിനിടെ ബാങ്കിൽ ലോണടയ്ക്കാനുണ്ടെന്നു പറഞ്ഞ് യുവതിയുടെ പക്കൽ നിന്നും 25 പവൻ സ്വർണം ഇയാൾ വാങ്ങിയെടുത്തു. പിന്നീട് പത്തു പവൻ സ്വർണം മടക്കി നൽകുകയും ചെയ്തു. രണ്ടു ലക്ഷത്തോളം രൂപയും വാങ്ങിയിരുന്നു. ഒടുവിൽ ഇക്കാര്യങ്ങൾ വീട്ടിൽ അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

ബംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ പനങ്ങാട് പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ടിജുവിന്റെ മഹീന്ദ്രാ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ബംഗളൂരുവിലെ ഐടി കമ്പനിയിൽ ജോലി ചെയ്യുകയാണ് ഇയാളുടെ ഭാര്യ. ഇവിടെ വച്ചാണ് ജോ തോമസിനെ പരിചപ്പെട്ടതെന്നാണ് പൊലീസിന് ലഭിച്ച വിവരം. കൂടുതൽ പേരെ ടിജു വഞ്ചിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. അതിനായി അടുത്ത ദിവസം ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP