Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെക്ക് ചതിയിൽ നാസിൽ അകത്ത് കിടന്നത് ആറു മാസം; മോചനം സാധ്യമാക്കിയത് അറബിയുടെ മകളുടെ കാരുണ്യം; വലിയ മീനെ വലയിൽ കുടുക്കിയത് അജ്മാൻ പൊലീസിന്റെ സഹായത്തോടെ; രണ്ട് ദിവസം അഴിക്കുള്ളിൽ കിടന്നിട്ടും നേതാവ് നടത്തുന്നത് കുതന്ത്രങ്ങൾ; പതിനെട്ട് കോടി കൊടുക്കാനുള്ളിടത്ത് വാഗ്ദാനം ചെയ്യുന്നത് അഞ്ച് കോടി മാത്രം: മധ്യസ്ഥതയിൽ നിന്ന് പ്രവാസി വ്യവസായിയും പിന്മാറി; തുഷാർ വെള്ളാപ്പള്ളിക്ക് അജ്മാനിൽ തുടരേണ്ടി വരും: നാസിൽ അബ്ദുല്ല ഉറച്ച നിലപാടിൽ

ചെക്ക് ചതിയിൽ നാസിൽ അകത്ത് കിടന്നത് ആറു മാസം; മോചനം സാധ്യമാക്കിയത് അറബിയുടെ മകളുടെ കാരുണ്യം; വലിയ മീനെ വലയിൽ കുടുക്കിയത് അജ്മാൻ പൊലീസിന്റെ സഹായത്തോടെ; രണ്ട് ദിവസം അഴിക്കുള്ളിൽ കിടന്നിട്ടും നേതാവ് നടത്തുന്നത് കുതന്ത്രങ്ങൾ; പതിനെട്ട് കോടി കൊടുക്കാനുള്ളിടത്ത് വാഗ്ദാനം ചെയ്യുന്നത് അഞ്ച് കോടി മാത്രം: മധ്യസ്ഥതയിൽ നിന്ന് പ്രവാസി വ്യവസായിയും പിന്മാറി; തുഷാർ വെള്ളാപ്പള്ളിക്ക് അജ്മാനിൽ തുടരേണ്ടി വരും: നാസിൽ അബ്ദുല്ല ഉറച്ച നിലപാടിൽ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ചെക്ക് കേസ് ഒത്തു തീർപ്പാക്കാൻ തുഷാർ വെള്ളാപ്പള്ളി കൊടുക്കാമെന്ന് പറയുന്നത് അഞ്ച് കോടിയെന്ന് സൂചന. എന്നാൽ കിട്ടാനുള്ള 18 കോടിയും വേണമെന്നാണ് നാസിൽ അബ്ദുല്ലയുടെ നിലപാട്. പത്തുകൊല്ലം മുമ്പത്തെ ഇടപാടായതു കൊണ്ട് തന്നെ പലിശയ്ക്കും നാസിൽ അബ്ദുല്ലയ്ക്ക് അവകാശമുണ്ട്. എന്നാൽ അത് വേണ്ടെന്ന് വയ്ക്കാൻ നാസിൽ തയ്യാറാണ്. പക്ഷേ ദുബായിലെ ബന്ധങ്ങളുപയോഗിച്ച് നാസിലിനെ സമ്മർദ്ദത്തിലാക്കി രക്ഷപ്പെടാനാണ് തുഷാർ വെള്ളാപ്പള്ളിയുടെ ശ്രമം. നേരത്തെ പണമൊന്നും നൽകില്ലെന്നും നാസിലിനെ സഹായിക്കുമെന്നുമായിരുന്നു തുഷാർ എടുത്ത പരസ്യ നിലപാട്. എന്നാൽ സഹായം വേണ്ടെന്നും തരാനുള്ള പണം മതിയെന്നും നാസിൽ നിലപാട് എടുത്തതായാണ് സൂചന. ഇതോടെയാണ് തുഷാർ ഊരാക്കുടുക്കിലേക്ക് നീങ്ങുന്നത്.

തുഷാറിന്റെ വഞ്ചനയെ തുടർന്ന് നാസിൽ വലിയ പ്രതിസന്ധിയിൽ അകപ്പെട്ടിരുന്നു. ആറുമാസം ജയിലിലും കിടന്നു. ഇതുകൊണ്ട് തന്നെ എന്തെങ്കിലും വാങ്ങി കേസ് ഒത്തുതീർപ്പിലെത്തിക്കാൻ നാസിൽ തയ്യാറല്ല. ഇക്കാര്യം ഇടനിലക്കാരോടെല്ലാം നാസിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെയാണ് തുകയിലെ ഓഫർ തുഷാർ മുന്നോട്ട് വച്ചത്. എന്നാൽ കിട്ടാനുള്ളതിന്റെ നാലിലൊന്ന് പോലുമില്ലാത്ത തുകയ്ക്ക് ഒത്തുതീർപ്പിന് നാസിൽ തയ്യാറല്ല. ജയിൽ വാസവും മറ്റും തനിക്കുണ്ടാക്കിയ മാനസിക പ്രയാസങ്ങൾ തുഷാറിനെ നാസിൽ എണ്ണി എണ്ണി അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മുഴുവൻ തുകയും വേണമെന്നാണ് നാസിലിന്റെ നിലപാട്. ഇതിൽ ശരിയുണ്ടെന്ന് വെള്ളാപ്പള്ളിയുടെ നിർദ്ദേശം അനുസരിച്ച് ചർച്ചകൾക്ക് നേതൃത്വം നൽകിയ പ്രവാസികളും തിരിച്ചറിയുന്നു. എന്നാൽ മറ്റ് വഴികളിലൂടെ നാസിലിനെ സമ്മർദ്ദത്തിലാക്കാൻ തുഷാർ ശ്രമം തുടരുകയാണ്.

തുഷാറിനെ അജ്മാൻ പൊലീസ് പിടികൂടിയത് തന്ത്രപരമായ നീക്കത്തിലൂടെ ആയിരുന്നു. തനിക്ക് കിട്ടാനുള്ള പണത്തിന്റെ ചെക്ക് മടങ്ങിയതിനെ തുടർന്ന് നാസിൽ അബ്ദുല്ല നൽകിയ പരാതിയയെ തുടർന്ന് അജ്മാൻ പൊലീസ് നാട്ടിലുള്ള പ്രതിയെ പിടികൂടാനായി പ്രത്യേകം പദ്ധതി തയ്യാറാക്കുകയായിരുന്നു. പരാതിയിലെ സത്യസന്ധത ബോധ്യപ്പെട്ടായിരുന്ന നീക്കം. തുഷാറിന്റെ പേരിൽ ഉമ്മുൽ ഖുവൈനിലുള്ള സ്ഥലം വാങ്ങാനെന്ന പേരിൽ അജ്മാൻ പൊലീസ് മലയാളി വ്യാപാരിയെ വേഷം കെട്ടിക്കുകയായിരുന്നു. ഉമ്മുൽ ഖുവൈനിലുള്ള ഈ സ്ഥലത്തിന് മാർക്കറ്റ് വിലയേക്കാൾ കൂടുതൽ വില നൽകാമെന്നേറ്റപ്പോൾ തുഷാർ പൊലീസ് ഒരുക്കിയ കെണിയിൽ വീഴുകയായിരുന്നു. ഇടനിലക്കാരിയായി യുവതിയേയും ഏർപ്പെടുത്തി. ഈ സ്ത്രീ വിളിച്ചതു കൊണ്ടാണ് തുഷാർ എത്തിയതും.

ദുബയിലെത്തുമ്പോൾ സംസാരിക്കാം എന്ന പറയുകയും അത് പ്രകാരം ദുബയിലെ ഒരു ഹോട്ടലിൽ കച്ചവടം ഉറപ്പിക്കാനെത്തിയപ്പോൾ തന്നെ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് അജ്മാൻ നുഐമിയ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോവുകയായിരുന്നു. അജ്മാൻ പൊലീസിന് കാര്യങ്ങൾ ബോധ്യപ്പെട്ടുവെന്ന് തുഷാറിനും അറിയാം. അതുകൊണ്ടാണ് കോടതിക്ക് പുറത്ത് ഒത്തു തീർപ്പിന് ശ്രമിക്കുന്നത്. കേസിന് സിവിലായും ക്രിമിനലായും നിലനിൽപ്പുണ്ട്. അതുകൊണ്ടാണ് കേസ് എങ്ങനേയും പറഞ്ഞു തീർക്കാൻ ശ്രമിക്കുന്നത്. തുഷാർ വെള്ളാപ്പള്ളിയുടെ പേരിലുള്ള ബോയിങ്് കൺസൾട്ടൻസി എന്ന സ്ഥാപനത്തിന് വേണ്ടി ഉപകരാർ നടത്തുന്ന സ്ഥാപനമായിരുന്നു എൻജിനീയറായ നാസിൽ അബ്ദുല്ലയുടെ ഹാർമണി ഇലക്ടോണിക്‌സ് ആൻഡ് മെക്കാനിക്കൽ എന്ന കോൺട്രാക്ടിങ് കമ്പനി ചെയ്തിരുന്നത്.

ഈ സ്ഥാപനത്തിന് നൽകാനുണ്ടായിരുന്ന പണം നൽകാത്തതിനെ തുടർന്ന് ജീവനക്കാർക്ക് വേതനം പോലും നൽകാതെ കഷ്ടപ്പെടുകയും ആറുമാസം നാസിൽ അബ്ദുല്ല തടവ് അനുഭവിക്കുകയും ചെയ്തു. ഇതിനിടെ പരാതി നൽകിയ അറബി മരിച്ചു. ഇതോടെ മകൾ മാപ്പ് നൽകി. ഇതോടെയാണ് നാസിൽ പുറത്തിറങ്ങിയത്. അതിന് ശേഷം പണം തിരികെ കിട്ടാൻ പല വഴയിലൂടെ തുഷാറിനെ ബന്ധപ്പെട്ടു. എന്നാൽ തുഷാർ അടുത്തില്ല. ഇതോടെയാണ് പരാതിയിലേക്ക് കാര്യങ്ങളെത്തിയത്.

ദുബായിൽ സമാന ആരോപണത്തിൽ കുടുങ്ങിയ ഉന്നതനുമായി തുഷാറിന് അടുത്ത ബന്ധമുണ്ട്. ഈ ബന്ധങ്ങൾ നേരത്തേയും കേരളത്തിൽ ചർച്ചയായിട്ടുണ്ട്. ഇരുവരും ചേർന്ന് സ്ഥാപനം തുടങ്ങിയും മറ്റും വിവാദവുമായി. ദുബായിൽ ഈ സഹപങ്കാളിക്ക് ഇപ്പോഴും ആഴത്തിലുള്ള ബന്ധമുണ്ട്. ഇതെല്ലാം ഉപയോഗിച്ച് കേസിൽ നിന്ന് നാസിലിനെ പിന്തിരിപ്പിക്കാനാണ് ശ്രമം. ഇതിന്റെ വിശ്വാസത്തിലാണ് പണം കൊടുക്കാതെ കേസിൽ നിന്ന് ഊരുമെന്ന് തുഷാർ പറഞ്ഞത്. അതിനിടെ പണം കൊടുക്കാതെ കേസിൽ നിന്ന് രക്ഷപ്പെടാനാകില്ലെന്ന സൂചന പ്രവാസി വ്യവസായികളിൽ പ്രമുഖൻ വെള്ളാപ്പള്ളിക്ക് നൽകിയിട്ടുണ്ട്. പണം കൊടുത്ത് ഒത്തുതീർപ്പ് നടന്നില്ലെങ്കിൽ ജയിൽ വാസം ഉറപ്പാണെന്നും അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനേയും പ്രവാസി വ്യവസായി കാര്യങ്ങൾ അപ്പോൾ അപ്പോൾ ബോധിപ്പിക്കുന്നുണ്ട്. മാഫിയാ സംഘങ്ങൾ കേസിൽ ഇടപെടുന്നത് ഗുണം ചെയ്യില്ലെന്നാണ് പ്രവാസി വ്യവസായികളുടെ പക്ഷം.

എസ് എൻ ഡി പി യൂണിയൻ ജനറൽ സെക്രട്ടറിയുടെ മകനായതു കൊണ്ടാണ് തുഷാറിന് വേണ്ടി പ്രവാസി വ്യവസായികൾ സജീവമായി രംഗത്തിറങ്ങിയത്. എന്നാൽ മറ്റ് ഘടകങ്ങൾ ചർച്ചകളിലും മറ്റും ഇടപെടുന്നതിനാൽ അവരെല്ലാം നിരാശരാണ്. ഇന്ന് കോടതിയിലുണ്ടായ സംഭവ വികാസങ്ങളും ഗുണകരമല്ല. ചെക്ക് കേസ് ഒത്തു തീർപ്പാക്കാനുള്ള അജ്മാൻ പ്രോസിക്യൂട്ടറുടെ ശ്രമം പരാജയപ്പെട്ടത് അതീവ ഗുരുതരമാണെന്നാണ് അവരുടെ നിലപാട്. തുഷാർ വാഗ്ദാനം ചെയ്ത തുക തീരെ കുറവാണെന്ന് പരാതിക്കാരനായ നാസിൽ പറഞ്ഞതോടെയാണ് പ്രോസിക്യൂട്ടറുടെ മധ്യസ്ഥതയിലുള്ള ചർച്ചകൾ പരാജയപ്പെട്ടത്. കോടതിക്ക് പുറത്ത് സമാന്തരമായി ഒത്തുതീർപ്പ് ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതിൽ നിന്ന് പല പ്രമുഖരും ഇപ്പോൾ പിന്മാറിയിട്ടുണ്ട്. ഇതോടെ തുഷാർ കൂടുതൽ പ്രതിസന്ധിയിലാകാൻ സാധ്യതയുണ്ട്. എങ്ങനേയും നാട്ടിൽ നിന്ന് പണമെത്തിച്ച് കേസൊഴിവാക്കാനുള്ള ബുദ്ധിയാണ് പ്രവാസികൾ തുഷാറിനോട് ഉപദേശിക്കുന്നത്.

അജ്മാൻ കോടതിയിൽ കേസിന്റെ വിചാരണ നടപടികൾ ഇന്ന് ആരംഭിച്ചിരുന്നു. നാസിലിൽനിന്നുള്ള വിവര-തെളിവ് ശേഖരണമാണ് ഇന്ന് കോടതിയിൽ നടന്നത്. ചെക്ക് മോഷ്ടിച്ചതാണെന്ന് തുഷാർ കോടതിയിൽ പറഞ്ഞു. അങ്ങനെയെങ്കിൽ എന്തുകൊണ്ട് മോഷണസമയത്ത് പരാതിപ്പെട്ടില്ലായെന്ന് കോടതി ചോദിച്ചു. അതിനു പ്രത്യേക പരാതി നൽകാത്തതിനാൽ ആ വാദം ഇപ്പോൾ സ്വീകരിക്കാൻ കഴിയില്ലെന്നും പ്രോസിക്യൂട്ടർ നിലപാടെടുത്തു. ഒത്തുതീർപ്പിന് തയ്യാറുണ്ടോ എന്ന പ്രോസിക്യൂഷന്റെ ചോദ്യത്തിന് തയ്യാറെന്നായിരുന്നു ഇരുവരുടെയും മറുപടി. തുടർന്ന് തുഷാറിനെതിരായ കേസ് പിൻവലിക്കാൻ നാസിൽ ഒരു തുക ആവശ്യപ്പെട്ടു. ആ തുക സ്വീകാര്യമല്ലെന്ന് തുഷാർ പറഞ്ഞു. അതോടെ പ്രോസിക്യൂട്ടറുടെ സാന്നിധ്യത്തിൽ ഇന്നു നടന്ന ഒത്തുതീർപ്പ് ചർച്ചകൾ വഴിമുട്ടി .രണ്ടുദിവസം കഴിഞ്ഞ് രണ്ടുപേരെയും വീണ്ടും വിളിക്കാമെന്ന് പ്രോസിക്യൂഷൻ അറിയിച്ചിട്ടുണ്ട്. ഇതോടെ ഇന്നത്തെ കോടതി നടപടികൾ അവസാനിച്ചു.

കോടതിക്ക് പുറത്തെ ഒത്തുതീർപ്പ് ചർച്ചകൾ പുരോഗമിക്കുകയാണ്. നാസിലും തുഷാറും നേരിട്ടുള്ള ചർച്ചയല്ല നടക്കുന്നത്. പകരം ഇരുവരുടെയും ബിസിനസ് സുഹൃത്തുക്കൾ തമ്മിലാണ് ചർച്ച. ചെക്കിലെ മുഴുവൻ പണവും കിട്ടിയാലേ പരാതി പിൻവലിക്കൂ എന്ന നിലപാടിലാണ് നാസിൽ. കേസ് നടപടികൾ നീണ്ടാൽ തുഷാറിന് അനിശ്ചിതമായി യു എ ഇ യിൽ തങ്ങേണ്ടിവരും. ഈ സാഹചര്യത്തിൽ തുഷാർ കോടതിക്ക് പുറത്തെ ഒത്തുതീർപ്പിന് വഴങ്ങുമെന്നാണ് നാസിലിന്റെ പ്രതീക്ഷ. നാസിലിന്റെ സുഹൃത്തുക്കൾ തുഷാറുമായി ചർച്ചകൾ നടത്തുന്നുണ്ട്. ചെക്കിൽ പറഞ്ഞ തുക എന്തായാലും നൽകാൻ തയ്യാറല്ലായെന്ന് തുഷാർ നാസിലിന്റെ സുഹൃത്തുക്കളെ അറിയിച്ചു. തനിക്ക് നൽകാൻ കഴിയുന്ന തുകയുടെ വിവരവും തുഷാർ നാസിലിന്റെ സുഹൃത്തുക്കളെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ഇത് അംഗീകരിക്കാൻ നാസിൽ തയ്യാറല്ല. എല്ലാ അർത്ഥത്തിലും നാസിൽ പ്രതിസന്ധിയിലാണ്. ഇത് മനസ്സിലാക്കിയാണ് എന്തെങ്കിലും കൊടുത്ത് കേസ് ഒതുക്കാൻ ശ്രമിക്കുന്നതിന് കാരണം.

നേരത്തെ ഈ കേസിൽ തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. പ്രവാസി വ്യവസായിയുടെ ഇടപെടലാണ് ജാമ്യ നടപടികൾ വേഗത്തിലാക്കിയത്. 10 ലക്ഷം ദിർഹമാണു (ഏകദേശം 1.9 കോടി രൂപ) ജാമ്യത്തുക. എന്നാൽ പാസ്‌പോർട്ട് പിടിച്ചുവച്ചിരിക്കുന്നതിനാൽ തുഷാറിനു യുഎഇ വിടാനാകില്ല. തൃശൂർ സ്വദേശി നാസിൽ അബ്ദുല്ല നൽകിയ കേസിലായിരുന്നു അറസ്റ്റ്. തുഷാർ വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയിൽ 12 വർഷം മുൻപു ദുബായിൽ പ്രവർത്തിച്ച ബോയിങ് കൺസ്ട്രക്ഷൻ കമ്പനിയുടെ ഉപകരാറുകാരനാണ് നാസിൽ അബ്ദുല്ല. കരാർ ജോലി ചെയ്ത വകയിൽ 90 ലക്ഷം ദിർഹം (ഏകദേശം 17.1 കോടി രൂപ) കിട്ടാനുണ്ടെന്നാണ് പരാതി. എന്നാൽ പരമാവധി 6 ലക്ഷം ദിർഹത്തിന്റെ കരാറുകൾ മാത്രം നൽകിയിരുന്ന ഒരാൾക്ക് ഇത്രയും തുക ഇനി നൽകാനില്ലെന്നും പണമിടപാടുകൾ നേരത്തെ തീർത്തതാണെന്നും തുഷാർ പറയുന്നു.

ചെക്ക് കേസ് നടപടികൾ കൂടുതൽ കർശനമായതിനാലാണ് നാസിൽ അജ്മാനിൽ കേസ് നൽകിയതെന്നാണു സൂചന. ദുബായിൽ ചെക്ക് കേസ് നടപടികൾ ഈയിടെ ലളിതമാക്കിയിരുന്നു. ചെക്ക് കേസുകളിൽ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയാണ് യുഎഇയിലെ രീതി. എന്നാൽ, ഇന്ത്യയിൽ കോടതിയാണ് അറസ്റ്റിന് നിർദ്ദേശം നൽകേണ്ടത്. തുഷാറിന്റെ പക്ഷത്ത് മധ്യസ്ഥരുണ്ടെങ്കിൽ തന്റെ പക്ഷത്തും മധ്യസ്ഥരുണ്ടാകുമെന്ന് നാസിൽ പറഞ്ഞു. താൻ മുന്നോട്ടുവെച്ച തുക തരാൻ തയ്യാറായാൽ മാത്രമേ ഇനി ചർച്ചയ്ക്കുള്ളൂ. പണം തരാതെ എങ്ങനെയാണ് തുഷാർ ഒത്തുതീർപ്പ് ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും നാസിൽ പറഞ്ഞിരുന്നു. വ്യാഴാഴ്ച വൈകീട്ടോടെ ജാമ്യം നേടി പുറത്തിറങ്ങിയ തുഷാർ വെള്ളിയാഴ്ച ഉച്ചയോടെയാണ് പരാതിക്കാരനുമായ നാസിലുമായി ആദ്യം കൂടിക്കാഴ്ച നടത്തിയത്.

താൻ ആവശ്യപ്പെട്ട തുക അംഗീകരിക്കാൻ തുഷാർ തയ്യാറായില്ലെന്നാണ് നാസിലിന്റെ ഇപ്പോഴത്തെ പ്രതികരണം വ്യക്തമാക്കുന്നത്. ഒത്തുതീർപ്പ് ഉണ്ടായി കേസ് പിൻവലിച്ചാൽ മാത്രമേ ജാമ്യം നൽകി പാസ്പോർട്ട് കൈപ്പറ്റി തുഷാർ വെള്ളാപ്പള്ളിക്ക് യു.എ.ഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനാവൂ. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയോടെയാണ് അജ്മാനിൽ വെച്ച് തുഷാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുഷാർ വെള്ളാപ്പള്ളി തനിക്ക് മാത്രമല്ല, പലർക്കും പണം കൊടുക്കാനുണ്ടെന്ന് നാസിൽ അബ്ദുള്ള പ്രതികരിച്ചിരുന്നു. ഭയം മൂലമാണ് പലരും പരാതി കൊടുക്കാത്തതെന്നും തന്റെ സുരക്ഷയ്ക്ക് വരെ ഭീഷണിയുണ്ടെന്നും മുഖം വെളിപ്പെടുത്താൻ പേടിയുണ്ടെന്നും നാസിൽ പറഞ്ഞിരുന്നു. ഒത്തുതീർപ്പ് ചർച്ചയ്ക്ക് താൻ തയ്യാറാണെന്നും പക്ഷേ, മുഴുവൻ പണം കിട്ടാതെ കേസിൽ നിന്ന് പിന്മാറില്ലെന്നും നാസിൽ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP