Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിക്ഷേപ പദ്ധതിയുടെ പേരിൽ അമ്പത് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയ തുഞ്ചത്ത് ജൂവലേഴ്‌സ് ഉടമ ജയചന്ദ്രൻ അറസ്റ്റിലായി; സ്വർണ പണയ പദ്ധതിയുടെ പേരിൽ ആയിരങ്ങളിൽ നിന്നും കോടികൾ തട്ടിച്ച് മുങ്ങിയ ജയചന്ദ്രൻ പിടിയിലായത് രഹസ്യ കൂടിക്കാഴ്‌ച്ചയ്ക്കായി നാട്ടിൽ എത്തിയപ്പോൾ

നിക്ഷേപ പദ്ധതിയുടെ പേരിൽ അമ്പത് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയ തുഞ്ചത്ത് ജൂവലേഴ്‌സ് ഉടമ ജയചന്ദ്രൻ അറസ്റ്റിലായി; സ്വർണ പണയ പദ്ധതിയുടെ പേരിൽ ആയിരങ്ങളിൽ നിന്നും കോടികൾ തട്ടിച്ച് മുങ്ങിയ ജയചന്ദ്രൻ പിടിയിലായത് രഹസ്യ കൂടിക്കാഴ്‌ച്ചയ്ക്കായി നാട്ടിൽ എത്തിയപ്പോൾ

എം പി റാഫി

മലപ്പുറം: ജൂവലറിയിലെ നിക്ഷേപ പദ്ധതിയുടെ പേരിൽ അമ്പത് കോടിയിലധികം രൂപ തട്ടിപ്പ് നടത്തി ഒളിവിൽ കഴിയുകയായിരുന്ന തിരൂർ തുഞ്ചത്ത് ജൂവലേഴ്‌സ് ഉടമ അറസ്റ്റിൽ. കമ്പനിയുടെ മാനേജിങ് ഡയറക്ടർ മലപ്പുറം ഒഴൂർ സ്വദേശി മുതിയേരി ജയചന്ദ്രൻ (38) ആണ് ഒരു വർഷത്തിന് ശേഷം തിരൂർ പൊലീസിന്റെ വലയിലായത്. വിവിധ നിക്ഷേപ പദ്ധതികളുടെ പേരിലും സ്വർണ പണയ പദ്ധതികളിൽ നിന്നുമായി കോടികൾ തട്ടിച്ച ശേഷം ഉടമ മുങ്ങുകയായിരുന്നു.

ശേഷം ബാംഗ്ലൂർ, തമിഴ്‌നാട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു. ഇടയ്ക്ക് നാട്ടിൽ രഹസ്യമായി എത്താറുണ്ടായിരുന്നു. ഇത്തരത്തിൽ സ്വകാര്യ കൂടിക്കാഴ്ച നടത്തുന്നതിനായി ജയചന്ദ്രൻ കഴിഞ്ഞ ദിവസം നാട്ടിലെത്തിയതായിരുന്നു. ഇത് പൊലീസിന് രഹസ്യ വിവരം ലഭിച്ചു. തുടർന്ന് തിരൂർ സി.ഐ എം.കെ ഷാജി, എസ്.ഐമാരായ സുമേഷ് സുധാകരൻ, പുഷ്പപകരൻ, എഎസ്ഐമാരായ പ്രമോദ്, സി.പി ഇഖ്ബാൽ, എസ്.സി.പി.ഒ ജയകൃഷ്ണൻ, സി.പി.ഒ രാജേഷ് എന്നിവരടങ്ങുന്ന സംഘം പ്രതിയെ കുറ്റിപ്പുറം റയിൽവേ സ്റ്റേഷനിൽ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

സാധാരണക്കാരായ പതിനായിരക്കണക്കിന് ആളുകളുടെ പണവും സ്വത്തും തട്ടിയാണ് ഇയാൾ മുങ്ങിയത്. ജയചന്ദ്രനെതിരെ 8000 ത്തോളം പരാതികൾ നിലവിലുണ്ട്. എന്നാൽ ഉന്നത പൊലീസ്, രാഷ്ട്രീയ ബന്ധമുണ്ടായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യുന്നത് നീളുകയായിരുന്നു. ജൂവലറി ഉടമയുടെ പേരിലുണ്ടായിരുന്ന കോടികളുടെ സ്വത്തുക്കൾ ഇതിനിടെ ബന്ധുക്കളുടെയും ബിനാമികളുടെയും പേരിലേക്ക് മാറ്റി. ഉടമയ്ക്കു കീഴിലെ 14 ഡയറക്ടർമാരും ഇവരുടെ കീഴിൽ നൂറുകണക്കിന് ഏജന്റുമാരും മുഖേന ആയിരുന്നു വിവിധ ശാഖകളുള്ള തുഞ്ചത്ത് ജൂവലേഴ്‌സ് പ്രവർത്തിച്ചിരുന്നത്.

നിക്ഷേപ പദ്ധതികളുടെ മറവിൽ തുഞ്ചത്ത് ജൂവലറി നടത്തിയ കോടികളുടെ തട്ടിപ്പ് 2016 ജൂലൈ മാസത്തിലാണ് പുറത്തു വന്നത്. പണം ആവശ്യപ്പെട്ട് നിക്ഷേപകർ എത്തിയതിനിടെ കഴിഞ്ഞ ജൂലൈ 15ന് തിരൂർ പാൻബസാറിലെ ജൂവലറിയും സമീപത്തുണ്ടായിരുന്ന ടെക്സ്റ്റയിൽസും അടച്ചു പൂട്ടുകയായിരുന്നു. അന്നു തന്നെ നൂറിലേറെ പരാതികൾ പൊലീസിൽ ലഭിച്ചു. എന്നാൽ പൊലീസ് കേസെടുത്തില്ല. പിന്നീട് എല്ലാ നിക്ഷേപകർക്കും പണം തിരിച്ചു നൽകുമെന്ന് കാണിച്ച് ഉടമ പത്രപരസ്യം നൽകി. പണം ലഭിക്കാനുള്ളവർ ബന്ധപ്പെട്ട രേഖകൾ 15ദിവസത്തിനകം തിരൂർ പൊലീസ് സ്റ്റേഷനിൽ സമർപ്പിക്കണമെന്നായിരുന്നു പത്രപരസ്യത്തിലെ ആവശ്യം. അതോടെ നിക്ഷേപകർ കൂട്ടത്തോടെ തിരൂർ പൊലീസ് സ്റ്റേഷനിലെത്തി. മലപ്പുറം ജില്ലക്കു പുറമെ കോഴിക്കോട്, പാലക്കാട്, തൃശൂർ ജില്ലകളിലെ നിക്ഷേപകർ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. തീരദേശ നിവാസികളടക്കമുള്ള സ്ത്രീകളായിരുന്നു ഏറ്റവും കൂടുതൽ തട്ടിപ്പിന് ഇരയായത്.

പരാതി കൂടി വന്നു എന്നല്ലാതെ പൊലീസ് യാതൊരു നടപടിയും ജൂവലറിക്കെതിരെ സ്വീകരിച്ചില്ല. മാത്രമല്ല ഉടമയുമായി ബന്ധപ്പെട്ടവർ ഡി.വൈ.എസ്‌പി അടക്കമുള്ള ഉദ്യോഗസ്ഥരുമായി നിരന്തരം ചർച്ചകൾ നടത്തുകയും നടപടി നീട്ടികൊണ്ടു പോകുകയും ചെയ്തു. ഉടമകളുടെ പേരിൽ ഭൂമിയുണ്ടെന്നും അവ വിറ്റ് പണം തങ്ങൾ മുഖേന നൽകുമെന്നാണ് പൊലീസ് ഇടപാടുകാരെ അറിയിച്ചിരുന്നത്. ഇതിനായി ഇടനിലക്കാരെന്ന പേരിൽ എത്തിയ ചിലരെ പൊലീസ് വിശ്വാസത്തിൽ എടുക്കുകയുമായിരുന്നു. കേസാക്കിയാൽ പണം ലഭിക്കില്ലെന്നു ചൂണ്ടിക്കാട്ടി നിക്ഷേപകരെ പൊലീസ് പിന്തിരിപ്പിക്കുകയും ചെയ്തു.

ഇതിനിടെ ചിലർ സിവിൽ കേസുമായി മുന്നോട്ട് പോയിരുന്നു. നിക്ഷേപകർ സംഘടിതമായി ജൂവലറിക്കെതിരെ രംഗത്തു വരാൻ നീക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ ജൂവലറിയുമായി ബന്ധപ്പെട്ട ചിലർ ഇടപെട്ട് തടയിടുകയായിരുന്നു. നേരത്തെ പണം നൽകാമെന്ന് അറിയിച്ച് രംഗത്ത് വന്ന ഡയറക്ടർമാരെ അടക്കം ഉടമ ജയചന്ദ്രൻ കബളിപ്പിച്ചതായി ചൂണ്ടിക്കാണിച്ച് മറ്റു ഡയറക്ടർമാരും രംഗത്ത് വന്നു. ഇതോടെ നിക്ഷേപം തിരികെ ലഭിക്കില്ലെന്ന ആശങ്ക സാധാരണക്കാരിൽ ശക്തമായി. എന്നാൽ ഏതാനും ഡയറക്ടർമാരും ഇടപാട് തീർക്കാൻ ഏൽപ്പിച്ച ഇടനിലക്കാരൻ ഷൗക്കത്ത് അലിയും കമ്പനി ഉടമയുടെ താൽപര്യ പ്രകാരം നീട്ടികൊണ്ടു പോകുകയായിരുന്നെന്ന ആരോപണവും ഉയർന്നു. നിക്ഷേപകർ സംഘടിച്ച് പ്രക്ഷോപവുമായി രംഗത്തു വരാൻ ഒരുങ്ങുന്ന സാഹചര്യത്തിലാണ് ജൂവലറി ഉടമ ജയചന്ദ്രന്റെ അറസ്റ്റ്.

വിവിധ നിക്ഷേപ പദ്ധതികളിലായി ഒന്നര ലക്ഷം ഉപഭോക്താക്കളിൽ നിന്നായി ഏകദേശം 50 കോടി രൂപയിൽ അധികം കമ്പനി ഉടമ തട്ടിയെടുത്തതായാണ് കണക്ക്. നിരവധി പേർ ഇനിയും പരാതി നൽകാനുണ്ട്. പലരുടെയും പദ്ധതി കാലാവധി തീർന്നിട്ടില്ല. കോടികളുടെ ഏതാനും ഇടപാടുകൾ നിക്ഷേപിച്ച ഉപഭോക്താക്കളുമുണ്ട്. മത്സ്യത്തൊഴിലാളി കുടുംബങ്ങളും പ്രവാസികളുടെ ഭാര്യമാർ അടക്കമുള്ള വീട്ടമ്മമാരാണ് പദ്ധതിയിൽ ഏറെയും വഞ്ചിക്കപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുക്കുന്ന സ്‌കീമിന് അനുസൃതമായ തുക മാസ തവണകളായി അടയ്ക്കുന്നതാണ് പദ്ധതി. ഒരു പവൻ ലഭിക്കണമെങ്കിൽ ഏകദേശം 18,000 രൂപ അടച്ചാൽ മതിയാകുമെന്നാണ് കരാർ. അടവ് പൂർത്തിയായാൽ പണിക്കൂലിയില്ലാതെ മാർക്കറ്റ് നിരക്കിൽ സ്വർണം ലഭിക്കുമെന്നുമുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് അധികം പേരും തുക നിക്ഷേപിച്ചത്. നിക്ഷേപ തുക വീണ്ടും ഇൻവെസ്റ്റ് ചെയ്യുകയാണെങ്കിൽ അതിന്റെ ബോണലസ് ലഭിക്കുമെന്നും കരാറുണ്ട്.

അടക്കേണ്ട തവണകൾ പൂർത്തിയാക്കിയ നിക്ഷേപകർ സ്വർണാഭരണം ആവശ്യപ്പെട്ട് ജൂവലറിയെ സമീപിച്ചെങ്കിലും സ്വർണം ലഭിച്ചിരുന്നില്ല. പലർക്കും പല തിയ്യതികൾ നൽകി വരാൻ പറയുകയായിരുന്നു. അഞ്ചും ആറും തവണ ജൂവലറിയെ സമീപിച്ചെങ്കിലും അടച്ച തുക തിരികെ ലഭിക്കുകയോ നിക്ഷേപകർക്കു ലഭിക്കേണ്ട സ്വർണാഭരണങ്ങൾ നൽകാനോ ജൂവലറി ഉടമ തയ്യാറായിരുന്നതുമില്ല. 2016 ജൂലൈ 15ന് ഇടപാട് തീർക്കുന്നതിനായി തിരൂർ പാൻബസാറിലെ തുഞ്ചത്ത് ജൂവലറിയിൽ നിക്ഷേപകരോട് വരാൻ പറഞ്ഞിരുന്നു. എന്നാൽ കമ്പനി അധികൃതർ ഒളിവിൽ പോയതോടെയാണ് വഞ്ചിക്കപ്പെട്ട വിവരം ഇടപാടുകാർ അറിയുന്നത്. വിവാഹ ആവശ്യങ്ങൾക്ക് ചെറിയ തുകകൾ നിക്ഷേപിച്ചിരുന്ന സാധാരണക്കാരാണ് തട്ടിപ്പിനിരയായത്.

ജയചന്ദ്രന്റെ പേരിൽ എത്ര സ്വത്തുക്കളുണ്ടെ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. നിലവിൽ മൂന്ന് കേസുകൾ തുഞ്ചത്ത് ജൂവലേഴ്‌സിനെതിരെ തിരൂർ സ്‌റേഷനിൽ രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ സി.ഐ അന്വേഷിക്കുന്ന കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ അറസ്റ്റ്. ഉടമയെ കസ്റ്റഡിയിലെടുത്ത ശേഷം ആറ് കേസുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. എട്ടാം ക്ലാസ് മാത്രമാണ് ഇയാളുടെ വിദ്യാഭ്യാസ യോഗ്യത. ഭാര്യയുടെ സ്വർണാഭരണങ്ങളും ഭാര്യയുടെ അമ്മയുടെ പേരിലുള്ള ഭൂമിയും വിറ്റാണ് 2012 ഫെബ്രുവരി 24 ന് തുഞ്ചത്ത് ജൂവലേഴ്‌സ് ആരംഭിച്ചതെന്ന് ജയചന്ദ്രൻ പൊലീസിൽ പറഞ്ഞു.

തിരൂരിന് പുറമെ എടപ്പാൾ, കണ്ണൂർ എന്നിവിടങ്ങളിലും ജൂവലറിക്ക് ശാഖകളുണ്ട്. ബംഗ്ലൂർ, ദുബായ് എന്നിവിടങ്ങളിൽ ശാഖ ആരംഭിക്കുന്നതിന് നടപടിയും തുടങ്ങിയിരുന്നു. ജൂവലറിയിൽ നിന്ന് വിവിധ നിക്ഷേപ പദ്ധതികളിലൂടെ ലഭിച്ചിരുന്ന പണം ഉപയോഗിച്ച് വിവിധ സ്ഥലങ്ങളിൽ ഭൂമി വാങ്ങിക്കുകയായിരുന്നു. ഇത് വിൽപ്പന നടത്തി ഇടപാട് തീർക്കാൻ ചുമതലപ്പെടുത്തിയ ഇടപാടുകാരൻ തന്നെ വഞ്ചിച്ചതായി ജയചന്ദ്രൻ പൊലീസിൽ പറഞ്ഞു. ഇത് പരിശോധിക്കുമെന്ന് സി.ഐ ഷാജി അറിയിച്ചു. അറസ്റ്റ് ചെയ്ത ജയചന്ദ്രനെ ഇന്ന് ഉച്ചയോടെ തിരൂർ കോടതിയിൽ ഹാജരാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP