Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിന്റെ ചതിയിൽപെട്ട് ദുബായിലെ ബിസിനസുകളടക്കം സർവതും നഷ്ടമായി; ചെക്ക് മടങ്ങിയതിന്റെ പേരിൽ ഗൾഫിൽ ജയിലിലും കിടന്നു; നാട്ടിൽ എത്തിയപ്പോൾ ആശ്രമത്തിൽ നിന്ന് നേരിട്ടത് തുടർച്ചയായി തിക്താനുഭവങ്ങളും വധഭീഷണിയും; സർവവും നഷ്ടപ്പെട്ട് ആത്മഹത്യയുടെ വക്കിൽ മലയാളിയായ പ്രവാസി വ്യവസായി തുളസിദാസ്; തങ്ങളുടെ ഭാഗത്തുനിന്ന് പിഴവില്ലെന്നും എല്ലാം വ്യവസായിയുടെ കുഴപ്പമെന്നും ശാന്തിഗിരി ആശ്രമം

പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിന്റെ ചതിയിൽപെട്ട് ദുബായിലെ ബിസിനസുകളടക്കം സർവതും നഷ്ടമായി; ചെക്ക് മടങ്ങിയതിന്റെ പേരിൽ ഗൾഫിൽ ജയിലിലും കിടന്നു; നാട്ടിൽ എത്തിയപ്പോൾ ആശ്രമത്തിൽ നിന്ന് നേരിട്ടത് തുടർച്ചയായി തിക്താനുഭവങ്ങളും വധഭീഷണിയും; സർവവും നഷ്ടപ്പെട്ട് ആത്മഹത്യയുടെ വക്കിൽ മലയാളിയായ പ്രവാസി വ്യവസായി തുളസിദാസ്; തങ്ങളുടെ ഭാഗത്തുനിന്ന് പിഴവില്ലെന്നും എല്ലാം വ്യവസായിയുടെ കുഴപ്പമെന്നും ശാന്തിഗിരി ആശ്രമം

എം മനോജ് കുമാർ

തിരുവനന്തപുരം: പോത്തൻകോട് ശാന്തിഗിരി ആശ്രമം അധികൃതർ ലക്ഷങ്ങൾ തട്ടിയെടുത്ത് വഴിയാധാരമാക്കിയെന്നും കരാർ വഞ്ചനയിലൂടെ ഗൾഫിൽ ജയിലാക്കിലെന്നും ആരോപിച്ച് മലയാളിയായ പ്രവാസി വ്യവസായി തുളസിദാസ് രംഗത്ത്. ആശ്രമത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് തുളസീദാസ് ഉന്നയിക്കുന്നത്.പത്ത് വർഷം മുൻപ് ഏർപ്പെട്ട കരാറിനെ തുടർന്ന് ആശ്രമം ചതിക്കുകയും ദുബായിലെ ബിസിനസുകൾ അന്യാധീനപ്പെടുകയും അവിടെ ഒന്നര വർഷം ജയിൽ വാസം അനുഭവിക്കേണ്ടി വന്നുമെന്നുമാണ് തുളസിദാസ് പറയുന്നത്.

ആശ്രമത്തിന്റെ ഉത്പ്പന്നങ്ങൾ മിഡിൽ ഈസ്റ്റിൽ വിറ്റഴിക്കാനാണ് 2007-ൽ തുളസിദാസ് കരാറിൽ ഒപ്പുവെച്ചത്. ഒരു ലക്ഷത്തി എഴുപതിനായിരം ദിർഹമിന്റെ ഉത്പ്പന്നങ്ങൾ കപ്പൽ വഴി അയച്ചപ്പോൾ അത് നേരാംവണ്ണം തന്നെ അറിയിക്കുകയോ പോർട്ടിൽ നിന്ന് ഏറ്റെടുക്കാൻ ആശ്രമം പ്രതിനിധികൾ എത്തുകയോ ചെയ്തില്ലെന്നാണ് തുളസിദാസ് പറയുന്നത്. ഒന്നേമുക്കാൽ ലക്ഷം ദിർഹം അയച്ചപ്പോൾ അതിന്റെ മൂല്യം ആശ്രമത്തിന്റെതായി വന്ന സ്പൈസസ് ഉത്പ്പനങ്ങൾക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അത് ഏറ്റെടുക്കാൻ തനിക്ക് സാധിച്ചില്ല. ഉത്പ്പന്നങ്ങൾ തിരിച്ചയക്കേണ്ടി വന്നു. പക്ഷെ മിഡിൽ ഈസ്റ്റിൽ ആശ്രമ ഉത്പ്പന്നങ്ങൾ വിതരണം ചെയ്യാനായി വെയർഹൗസ്, വാഹനങ്ങൾ, ഓഫീസ്, എസി, തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്ക് കോടികൾ ചിലവഴിക്കേണ്ടി വന്നു. ഇത്തരം വൻ തുക ഈ സംരംഭത്തിനു വേണ്ടി നീക്കി വയ്ക്കേണ്ടി വന്നപ്പോൾ തന്റെ മറ്റു ബിസിനസുകൾ തകർച്ചയെ നേരിട്ടു. സ്ഥാപനങ്ങൾ തന്നെ മറ്റുള്ളവർക്ക് കൈമാറേണ്ടി വന്നു. ചെക്കുകൾ മടങ്ങിയതിന്റെ പേരിൽ യാത്രാ നിരോധനവും ഒടുവിൽ ജയിൽ വാസവും അനുഭവിക്കേണ്ടി വന്നു. തന്റെ സ്വത്തുക്കൾ മുഴുവൻ നഷ്ടമായി. തനിക്ക് വന്ന നഷ്ടം നികത്താൻ ആശ്രമത്തിനോട് പലകുറി ആവശ്യപ്പെട്ടിട്ടും കാര്യമുണ്ടായില്ല. തന്റെ ജീവനു നേരെ ഭീഷണി തന്നെ ആശ്രമം മുഴക്കി. ആശ്രമംകാരണം താൻ വഴിയാധാരമായി. ബന്ധുക്കൾ അകന്നു. വീട്ടിലും പ്രശ്നങ്ങൾ രൂക്ഷമായി. അതിഭീകരമായ പ്രതിസന്ധിയാണ് നേരിടേണ്ടി വന്നത്- മറുനാടൻ മലയാളിയോട് തുളസിദാസ് തന്റെ അനുഭവങ്ങൾ പറഞ്ഞു.

വഞ്ചനയുടെ കഥ തുളസിദാസ് പറയുന്നത് ഇങ്ങിനെ

1990 മുതൽ ദുബായിൽ ബിസിനസ് നടത്തുകയാണ്. അത് നല്ലനിലയിൽ പോകുമ്പോഴാണ് എന്റെ ഭാര്യയുടെ അടുത്ത ബന്ധു രാഘവൻ നായർ എന്നെ വിളിക്കുന്നത്. അദ്ദേഹം ശാന്തിഗിരി ആശ്രമവുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ്. എന്റെ ഭാര്യയുടെ അച്ഛന്റെ മൂത്ത സഹോദരിയുടെ മകനാണ്. അദ്ദേഹം സ്വത്തുക്കൾ പലതും ആശ്രമത്തിനു എഴുതി നൽകിയ ആളാണ്. അദ്ദേഹം പറഞ്ഞത് ശാന്തിഗിരി ആശ്രമത്തിനു ഒരു പാട് ബിസിനസുകൾ ഉണ്ട്. അത് ദുബായിലേക്ക് വ്യാപിപ്പിക്കാൻ താത്പര്യമുണ്ട്. അത് സാമ്പത്തികമായി നല്ല നിലയിൽ ആണെങ്കിൽ തുളസിദാസിനോട് ഏറ്റെടുത്തുകൂടെ എന്നാണ് രാഘവൻ നായർ ആ ഫോൺ സംഭാഷണത്തിൽ എന്നോടു ചോദിച്ചത്. ആലോചിക്കാം എന്ന് പറഞ്ഞപ്പോൾ രാഘവൻ നായർ ആശ്രമത്തിൽ ബന്ധപ്പെട്ട ശേഷം വീണ്ടും എന്നെ വിളിച്ചു പറഞ്ഞു. അങ്ങിനെയെങ്കിൽ ആശ്രമത്തിലെ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിക്ക് ഒന്ന് കാണണം. അതിനായി ഒന്ന് വരണം. രണ്ടു മൂന്നു ദിവസം കൊണ്ട് ഞാൻ വന്നു .ശാന്തിഗിരി ഉത്പ്പന്നങ്ങളുടെ ദുബായി ഡീലർ എന്ന നിലയിലാണ് തീരുമാനം വന്നത്. ശാന്തിഗിരി ഉത്പ്പന്നങ്ങൾക്കായി മിഡിൽ ഈസ്റ്റിൽ മാർക്കറ്റ് സൃഷ്ടിക്കുക. അതിനായി ഒരു ഡീലർഷിപ്പ് എഗ്രീമെന്റ് ഉണ്ടാക്കുക. ഇതാണ് ആശ്രമം പറഞ്ഞത്.

തുളസിദാസിനു ആശ്രമത്തെക്കുറിച്ച് അറിയില്ല; രാഘവൻ നായർ പറഞ്ഞുതരും

കരാറിന്റെ ഭാഗമായി അഞ്ചുലക്ഷം രൂപ സെക്യൂരിറ്റിയായി ആശ്രമത്തിനു നൽകുകയും ചെയ്തു. ആശ്രമവും എന്റെ സ്ഥാപനമായ ഗോൾഡൻ കോർണർ കാറ്ററിങ് സർവീസുമായാണ് ഉടമ്പടി ഉണ്ടാക്കിയത്. എന്റെ കമ്പനിക്ക് വേണ്ടി ഞാനും ശാന്തിഗിരിക്ക് സ്വാമി ഗുരുമിത്രനുമാണ് ഉടമ്പടി ഒപ്പ് വച്ചത്. സംസാരങ്ങൾ മുഴുവൻ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയുമായിട്ടും ഉടമ്പടി ഗുരുമിത്രനുമായാണ് ഒപ്പ് വെച്ചത്. 2007 ജനുവരി 22 നാണ് കരാർ ഒപ്പ് വെച്ചത്. അപ്പോൾ ഞാൻ പറഞ്ഞു. ഇവിടുത്തെ രീതിയും ഇവിടുത്തെ നിയമവും അല്ല അവിടെ. ഭക്ഷ്യ നിയമം വേറെയാണ്.സ്റ്റോറെജ് അവർ പറയുന്ന രീതിയിൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. എസി വാഹനങ്ങൾ, വെയർഹൗസ്, ഓഫീസ് അങ്ങിനെ വിപുലമായ സൗകര്യങ്ങൾ വേണം. വലിയ നിക്ഷേപം വേണം. അപ്പോൾ ആശ്രമം പറഞ്ഞു തുളസിദാസിന് ആശ്രമത്തെക്കുറിച്ച് അറിയില്ല. അതുകൊണ്ടാണ് ഇങ്ങിനെ പറയുന്നത്. രാഘവൻ നായരോട് ചോദിച്ചു നോക്കൂ. അദ്ദേഹം കൃത്യമായി പറയും. ഞാൻ തിരിച്ചു ഗൾഫിലേക്ക് പോയി.രണ്ടാഴ്ചയായപ്പോൾ രാഘവൻ നായർ വിളിച്ചു. ഒന്ന് വീണ്ടും വരാമോ? ജനനിക്ക് ഒന്ന് കാണണം. ഗുരുവിന്റെ സ്ഥാനമുള്ള സ്ത്രീയാണ് അവർ. അവർക്ക് ആണ് എന്നെ കാണണമെന്ന് പറഞ്ഞത്

എനിക്ക് വലിയ സൗകര്യങ്ങൾ ആണ് ആശ്രമം നൽകിയത്. ഞാൻ ആശ്രമത്തിൽ തങ്ങുമ്പോൾ അടുത്ത റൂമിൽ അപ്പോൾ ഉണ്ടായിരുന്നത് കേന്ദ്രമന്ത്രി അൻപുമണി രാംദാസ് ആയിരുന്നു. പത്ത് ദിവസം നിന്നിട്ടാണ് എനിക്ക് ജനനിയെ കാണാൻ കഴിഞ്ഞത്. ജനനി പറഞ്ഞു. മോനെ നിന്റെ സമയം മോശമാണ്. എന്റെ അമ്മാവൻ ജോത്സ്യൻ ആണ്. 1996-ൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്. നിന്റെ സമയം മോശമാണ് എന്ന്. അതുതന്നെ ജനനിയും പറഞ്ഞപ്പോൾ എനിക്ക് കൂടുതൽ വിശ്വാസമായി. രാവിലെ ഞാൻ ഉറക്കമുണർന്നു നോക്കുമ്പോൾ സംവിധായകൻ മധുപാൽ അടക്കമുള്ള ആളുകൾ ആശ്രമത്തിനും മുന്നിൽ രാവിലെ വലം വയ്ക്കുന്ന കാഴ്ചയാണ്. ഇതോടെ എനിക്ക് കൂടുതൽ വിശ്വാസമായി. ജോയിന്റ് വെഞ്ച്വർ ബിസിനസ് ആകാം എന്നാണ് ആശ്രമം പറയുന്നത്. അതോടെ നാല് ദിവസം കൂടി അവിടെ തങ്ങി. പുതിയ ബിസിനസ് കരാർ വന്നു. അതിന്റെ പ്രധാന ഭാഗം ദുബായിലെ അടിസ്ഥാന സൗകര്യം ഞാൻ ഒരുക്കണം. ലൈസൻസ്, സ്പോൺസർ, വെയർഹൗസ്, ഓഫീസ്, വാഹനങ്ങൾ അങ്ങിനെ പലതും. ഇത് എന്റെ നിക്ഷേപം ആയിരിക്കും. എല്ലാം റെഡി ആയാൽ ആശ്രമത്തിന്റെ ആളുകൾ വന്നു അത് വെരിഫൈ ചെയ്യണം, അതിനുശേഷം മാത്രം ബിസിനസ് സ്റ്റാർട്ട് ചെയ്യാം. അവരുടെ നിക്ഷേപം എന്ന് പറഞ്ഞാൽ അവരുടെ ഉത്പ്പന്നങ്ങൾ ആണ്. നാല് പേരുടെ വിസ ആണ് ആശ്രമം ആവശ്യപ്പെട്ടത്. പക്ഷെ വിസ കിട്ടുന്ന സ്റ്റേജിൽ ആശ്രമം അത് രണ്ടു പേർ ആയി ചുരുക്കി. വിശ്വനാഥൻ, പുഷ്പരാജൻ എന്നിവരാണ് വരുന്നത് എന്നാണ് പറഞ്ഞത്, എയർപോർട്ടിൽ ഇവരെ സ്വീകരിക്കാൻ പോയപ്പോൾ പുഷ്പരാജൻ വന്നിട്ടില്ല. വിശ്വനാഥൻ മാത്രമാണ് വന്നത്. ആശ്രമത്തിന്റെ കത്ത് വിശ്വനാഥൻ എന്റെ കയ്യിൽ തന്നു. അത് മുതൽ വിശ്വനാഥൻ എന്റെയൊപ്പമായി

എല്ലാ സൗകര്യങ്ങളും വിശ്വനാഥൻ ഓടി നടന്നു കണ്ടു. കടലാസുകൾ എല്ലാം കണ്ടു. ഒക്കെ ഉറപ്പ് വരുത്തി. അതിനു ശേഷം പറഞ്ഞു. സൂപ്പർ മാർക്കറ്റുകൾ സന്ദർശിക്കണം. അവർ അവിടെ ശ്രദ്ധിച്ചത് ഈസ്റ്റേൺ ഉത്പ്പന്നങ്ങൾ ഗൾഫിൽ എങ്ങിനെ പോകുന്നു. അതിന്റെ വിലനിലവാരം എന്ത് എന്നതൊക്കെയാണ്. ആശ്രമം പറഞ്ഞത് ഇവിടുത്തെ ലോക്കൽ മാർക്കറ്റിന്റെ ഉത്പ്പന്നത്തിന്റെ മുപ്പത് ശതമാനം കുറച്ച് തരും എന്നാണ്. ഇരുന്നൂറു ഗ്രാം സാമ്പാർ പൊടിയുടെ അവിടുത്തെ വില ഒരു പാക്കറ്റിന് ഒരു ദിർഹവും കുറച്ചുമേ വരുകയുള്ളൂ. റേറ്റ് വ്യത്യാസമുണ്ട്. അന്ന് പ്രൊഡക്റ്റിനു നാലേമുക്കാൽ ദിർഹമുണ്ട്. അത് ഇവിടുത്തെ തുക നോക്കി അദ്ദേഹം വിലവ്യത്യാസം താരതമ്യം ചെയ്തു. 60-65 ന്നടുത്ത് തുക പാക്കറ്റിനു വില വരും. എല്ലാം ഓക്കെയെന്നു അവർക്ക് തോന്നിയതോടെ ഉത്പന്നങ്ങൾ അവർ നിർമ്മിക്കാൻ ആരംഭിച്ചു. തട്ടിക്കൂട്ട് പാക്കിങ് പോരാ എന്ന് ഞാൻ നിർദ്ദേശം വെച്ചു. പാക്കിങ് വരെ ഞാൻ ഡിസൈൻ ചെയ്ത് അയച്ചു. എന്റെ സ്ഥാപനമായ ഗോൾഡൻ കോർണർ കാറ്ററിങ് സർവീസ് എന്ന് ഉത്പ്പന്നങ്ങളുടെ പാക്കറ്റിൽ രേഖപ്പെടുത്തപ്പെട്ടിരുന്നു. അപ്പോൾ എന്നോടു സാമ്പിൾ നോക്കാൻ വേണ്ടി വരാൻ പറഞ്ഞു. അപ്പോഴേക്കും കരാർ ആയി ഒമ്പത് മാസം കഴിഞ്ഞിരുന്നു. പക്ഷെ എന്ന് സാധനം കയറ്റിവിടുന്നു എന്നൊന്നും ഞാൻ അറിയുന്നില്ല. ഇവിടുത്തെ 5000 രൂപയ്ക്ക് മുകളിൽ അവിടെ വാടക എനിക്ക് നൽകേണ്ടി വന്നു. വെയർഹൗസ് അടക്കമുള്ള കാര്യങ്ങൾക്ക് വേണ്ടി. അപ്പോഴേക്കും 2008 ഉം കഴിയാൻ പോവുകയാണ്.

ദുബായ് ഇസ്ലാമിക് ബാങ്കിൽ നിന്ന് എന്നെ വിളിച്ചു; ഒരു ലക്ഷത്തി എഴുപത്തിനാലായിരം ദിർഹം അടയ്ക്കണം

ദുബായിൽ ക്രൈസിസ് തുടങ്ങിയിട്ടുണ്ട്. എന്റെ സ്ഥാപന ഫണ്ടുകൾ ഇവിടെ വെറുതെ ചെലവിടുകയാണ്. ചുരുക്കം ചില സുഹൃത്തുക്കളിൽ നിന്നും ഫണ്ട് ഞാൻ സമാഹരിച്ചിട്ടുമുണ്ട്. ഒരു ദിവസം ദുബായ് ഇസ്ലാമിക് ബാങ്കിൽ നിന്ന് എന്നെ വിളിക്കുകയാണ്. അപ്പോൾ കടലാസ് വന്നത് തിരുവനന്തപുരത്ത് നിന്നുമാണ്. കോപ്പി തരാൻ നിയമം ഇല്ല എന്ന് പറഞ്ഞു. ഞാൻ എന്റെ സ്പോൺസറെ വിളിച്ചു. ഒരു ലക്ഷത്തി എഴുപത്തിനാലായിരം ദിർഹമിന്റെതാണ് ഡോക്യുമെന്റ്. ശാന്തിഗിരി അയച്ച സാധനങ്ങളുടെ ഡോക്യുമെന്റ് ആണിത്. പോർട്ടിൽ സാധനം വന്നത് ക്ലിയർ ചെയ്യാൻ ബിൽ തുക അടയ്ക്കണം. അവിടെ പ്രശ്നം തുടങ്ങി. കരാർ പ്രകാരം എന്റെ റോൾ കഴിഞ്ഞു. ഇനി അവരുടെ നോമിനി കൂടി വേണം. ഈ തുക അടയ്ക്കാൻ അവർ കൂടി വേണം. വലിയ തുകയാണ്. കടലാസുകളിൽ ഒപ്പ് വയ്ക്കാൻ അവരുടെ പ്രതിനിധി കൂടി വേണം. ഈ സാധനങ്ങൾ അവർ കയറ്റിവിടുമ്പോൾ രേഖകളുമായി അവരുടെ പ്രതിനിധി വരണം. അതവർ അയച്ചില്ല. 90 ദിവസ കാലാവധിയായാണ് ഇവർ സാധനം കയറ്റി അയച്ചത്. ഞാൻ ശാന്തിഗിരിയോട് പറഞ്ഞു. ഇത് രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ബിസിനസ് ആണ്. കയറ്റുമതിക്ക് ചില നടപടി ക്രമങ്ങളുണ്ട്. പെർഫോമ ഇൻവോയിസ് അയക്കണം. കയറ്റി അയക്കുന്ന ഉത്പ്പന്നങ്ങളുടെ സാമ്പിൾ ഡോക്യുമെന്റ് ആണിത്. ഇത് ആദ്യം അയക്കണം. ഇത് ഞങ്ങൾ വെരിഫൈ ചെയ്യണം.അതിനു ശേഷം ഞങ്ങളുടെ ലെറ്റർഹെഡിൽ നിന്ന് ലെറ്റർ പോകണം. അതിനുശേഷം മാത്രമേ ഉത്പന്നങ്ങൾ കയറ്റി വിടാൻ കഴിയൂ.ഞാൻ പറഞ്ഞു. എനിക്ക് ഇൻവോയ്സ് കോപ്പി അയക്കൂ. ഞാൻ അത് പഠിക്കട്ടെ. അത് അവർ അയച്ചില്ല. 15-20 ദിവസത്തിനു ശേഷം രക്ഷയില്ലാ എന്ന് കണ്ടപ്പോൾ അവർ അയച്ചു.

ഇൻവോയ്സ് എന്നെ ഞെട്ടിച്ചു; പണി തന്നത് വിശ്വനാഥൻ

ഇൻവോയ്സ് നോക്കിയപ്പോൾ ആണത് എനിക്ക് മനസിലായത്. ഒരു ദിർഹത്തിനും കുറച്ച് മുകളിൽ എനിക്ക് ലഭിക്കേണ്ട 200 ഗ്രാമിന്റെ സാധനം മൂന്നു ദിർഹം വ്യത്യാസത്തിലാണ് അയച്ചിരിക്കുന്നത്. വിശ്വനാഥൻ സൂപ്പർമാർക്കറ്റിൽ പോയി കാര്യങ്ങൾ കണ്ടു മനസിലാക്കി എനിക്ക് പണി തന്നതായി എനിക്ക് മനസിലായി. വെയർഹൗസിനു മാത്രമുണ്ട് ഒരു ലക്ഷം ദിർഹം വാടക. അത് ഇൻസുലേറ്റ് ചെയ്തതിന് വേറെ. ടാക്സ്, ഓഫീസ് വാടക, എന്നിവ വേറെയും. ഇതൊന്നും കണക്കിലെടുക്കാതെയാണ് അവർ വില നിശ്ചയിച്ചിരുന്നത്. അപ്പോൾ തന്നെ എനിക്ക് രണ്ടു കോടി രൂപയ്ക്ക് അടുത്ത് മുതൽ മുടക്കായിട്ടുണ്ട്. പിന്നെ അവർ വിലയുടെ കാര്യത്തിൽ വിലപേശൽ തുടങ്ങി. ഒരു ലക്ഷത്തി എഴുപത്തിനാലായിരം ദിർഹത്തിൽ നിന്ന് ഒരു അയ്യായിരം കുറച്ചു. ഒരു നാലായിരം കുറച്ചു. അങ്ങിനെ ഇൻവോയിസ് വന്നു തുടങ്ങി. ഒടുവിൽ ഞാൻ ഗുരുരത്നത്തോട് പറഞ്ഞു. കരാർ എന്താണ്. കരാർ പ്രകാരം നിങ്ങൾ കാര്യങ്ങൾ ചെയ്യൂ. അതവർ ചെയ്തില്ല.അപ്പോൾ തന്നെ എനിക്ക് പ്രശ്നങ്ങൾ തുടങ്ങി. ജീവനക്കാർക്ക് ശമ്പളം മുടങ്ങുന്ന അവസ്ഥയായി. എനിക്ക് വരാനുള്ള കാഷുകൾ ബ്ലോക്ക് ആയി. ദുബായിൽ സാമ്പത്തിക പ്രശ്നങ്ങൾ തുടങ്ങിയിരുന്നു.

ഗുരുരത്നം എന്നെ വിളിച്ച് പറയാൻ തുടങ്ങി. സാധനം നിങ്ങൾ എങ്ങിനെയെങ്കിലും എടുക്കണം. ഞങ്ങൾ വേണ്ടത് ചെയ്തുകൊള്ളാം. നടക്കില്ലാ എന്ന് മനസിലായപ്പോൾ രാഘവൻ നായർ വിളിച്ചു.. നീ ആ സാധനങ്ങൾ എങ്ങിനെയെങ്കിലും എടുക്ക്. ആശ്രമം ആരെയും ബുദ്ധിമുട്ടിക്കില്ലാ എന്ന്. ഒടുവിൽ അവർ ജനനിയെക്കൊണ്ട് വിളിപ്പിച്ചു. ജനനി പറഞ്ഞു. മോനേ നീ ആ ഉത്പ്പന്നങ്ങൾ എങ്ങിനെയെങ്കിലും എടുക്ക്. ഞാനല്ലേ പറയുന്നത്. മോന് നഷ്ടം വരില്ല. ഞങ്ങൾ എങ്ങിനെയെങ്കിലും ആ പൈസ തിരിച്ച് തന്നുകൊള്ളാം. ഞാൻ ജനനിയോട് പറഞ്ഞു. വിശ്വാസവും ബിസിനസും കൂട്ടിക്കുഴയ്ക്കേണ്ട. എന്നോടുള്ള വിശ്വാസത്തിന്റെ പുറത്ത് എനിക്ക് ആളുകൾ പണം തന്നിട്ടുണ്ട്. അത് തിരിച്ചു നൽകണം. അവർ പിന്നീടും എന്നോടു ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു. എന്തായാലും സാധനം അയച്ചു പോയി. അപ്പോൾ ലെറ്റർ ഹെഡിൽ ഒരു കത്ത് എനിക്ക് സ്റ്റാമ്പ് ചെയ്ത് അയക്കണം. എനിക്ക് നഷ്ടമായ പണം തിരികെ തന്നുകൊള്ളാം എന്ന്. ആ ലെറ്റർ അയച്ചാൽ ഞാൻ സാധനം കൈപ്പറ്റിക്കൊള്ളാം. പക്ഷെ ആ ലെറ്റർ അയച്ചില്ല. യാഥാർത്ഥത്തിൽ ഒരു മറുപടിയും അവർ അയച്ചില്ല. ഒടുവിൽ ഞാൻ പറഞ്ഞു. കരാർ പിന്തുടരാം എന്നു എപ്പോൾ സമ്മതിക്കുന്നുവോ എപ്പോൾ ഞാൻ ഉത്പ്പന്നങ്ങൾ സ്വീകരിക്കാം. അല്ലെങ്കിൽ നിങ്ങളുടെ നോമിനി വരട്ടെ. അപ്പോൾ ക്ലിയർ ചെയ്യാം. പോർട്ടിൽ സാധനങ്ങൾ അങ്ങിനെ തന്നെ കിടന്നു.

ചെക്ക് മടങ്ങി; യാത്രാ നിരോധനവും ഒടുവിൽ അറസ്റ്റും

ചെക്ക് മടങ്ങിയതോടെ എനിക്ക് യാത്രാ നിരോധനവും വന്നു. പക്ഷെ സാധനങ്ങൾ ഞാൻ കൈപ്പറ്റിയില്ല. കാരണം ഒരു ലക്ഷത്തി എഴുപത്തിനാലായിരം ദിർഹത്തിന്റെ മൂന്നിലൊന്നു പോലും മൂല്യമുള്ള ഉത്പ്പന്നങ്ങൾ അല്ല വന്നിരിക്കുന്നത്. മൂന്നു മാസങ്ങൾ കഴിഞ്ഞപ്പോൾ സാധനം മടങ്ങി. അത് പിന്നെ ഞാൻ ശ്രദ്ധിച്ചില്ല. 2010-ൽ എനിക്ക് പ്രശ്നങ്ങൾ വന്നു. പണം നൽകാനുള്ള ഒരാൾക്ക് എന്റെ സ്ഥാപനം തന്നെ നൽകേണ്ടി വന്നു. പൊലീസ് വിളിച്ചു. കേസ് ആയപ്പോൾ ഞാൻ ജാമ്യത്തിൽ ഇറങ്ങി. അതിനു ശേഷം ആശ്രമംകാരെ നേരിട്ട് കണ്ടു. ഗുരുരത്നം സ്വാമിയും മധുപാലുമൊക്കെ അപ്പോൾ ദുബായിൽ ഉണ്ടായിരുന്നു.അവരെ കണ്ടു. അവർ പറഞ്ഞു. സംഭവിക്കാനുള്ളതൊക്കെ സംഭവിച്ചു തുളസിദാസെ. നാട്ടിലേക്ക് വരുമ്പോൾ ആശ്രമം വേണ്ടത് ചെയ്യും. അത് പറഞ്ഞത് ഗുരുമിത്രൻ ആണ്. കരാറിൽ ഒപ്പുവെച്ചത് ഗുരുമിത്രൻ ആണ്. അദ്ദേഹം പറഞ്ഞു. വേണമെങ്കിൽ രണ്ടാമതും ബിസിനസ് തുടങ്ങാം. അപ്പോൾ ഞാൻ പറഞ്ഞു.അത് പ്രയാസമാണ്. അതുകഴിഞ്ഞയുടൻ തന്നെ ഒരോണത്തിനു പൊലീസ് വാഹനം വഴിയിൽ തടഞ്ഞു എന്നെ അറസ്റ്റ് ചെയ്തു. ഒന്നര വർഷം ഞാൻ ജയിലിൽ കഴിഞ്ഞു. അതോടെ എന്റെ സ്ഥാപനങ്ങൾ എനിക്ക് നഷ്ടമായി. ലഭിക്കാനുണ്ടായിരുന്ന ലക്ഷക്കണക്കിന് ദിർഹം നഷ്ടമായി. ഫർണിച്ചർ ഷോപ്പിൽ ലക്ഷക്കണക്കിന് രൂപയുടെ മെഷീനറി ഉണ്ടായിരുന്നു. എല്ലാം ലോക്ക് ആയി. ഞാൻ ജയിലിൽ നിന്ന് ഇറങ്ങിയപ്പോൾ വിസ ഓവർ ആയി. പാസ്പോർട്ട് ഓവർ ആയി. ലൈസൻസ് ഓവർ ആയി. എന്നിട്ടും ഒന്ന് രണ്ടു വർഷം ഞാൻ പിടിച്ചു നില്ക്കാൻ നോക്കി.

എന്റെ കുടുംബം സാധാരണ കുടുംബം ആണ്. ഞങ്ങൾക്ക് അങ്ങിനെ വീട്ടിലേക്ക് പൈസ അയക്കേണ്ടതില്ല. പക്ഷെ കൂടുതൽ വീട്ടിൽ നിന്നും എടുക്കാനും കാണില്ല. കുറച്ച് കൃഷിയൊക്കെ ഉള്ളതിനാലാണിത്. പക്ഷെ കൂടുതൽ പൈസ വീട്ടിൽ കാണുകയും ഇല്ല. ഗൾഫിൽ നിന്ന് സമ്പാദിച്ചത് അവിടെത്തന്നെ നഷ്ടമാക്കിയതിനാൽ വീട്ടുകാർ എന്നെ തള്ളിയ അവസ്ഥയിലായി. സഹോദരിമാരുടെയും അനിയന്റെയും കാര്യങ്ങൾ നോക്കി. എന്തിനു വീട് വരെ പണി കഴിപ്പിച്ചു. അഞ്ചാറു മുറികൾ ഉള്ള വലിയ വീട്. പക്ഷെ ഞാൻ അറിയാതെ ആ വീട് അമ്മയും എന്റെ സഹോദരങ്ങളും ചേർന്ന് എന്റെ അനിയന്റെ പേരിലേക്ക് മാറ്റി. ഞാൻ വീട് പണി കഴിപ്പിക്കുമ്പോൾ പണി കഴിക്കുന്ന ആൾക്ക് ഉള്ളതാണ് വീട് എന്നാണ് പറഞ്ഞത്. പക്ഷെ വീട് എന്റെ പേരിൽ നിന്നും പോയി. പിന്നീട് ദുബായിൽ നിന്നും മടങ്ങിയപ്പോൾ ഒരു കാർ വാങ്ങാൻ ആധാരം അടച്ച രസീത് നൽകിയില്ല. ശാന്തിഗിരി ചതിച്ച പോലെ എന്റെ വീട്ടുകാരും എന്നെ ചതിച്ചു.. എട്ടുകോടിയോളം രൂപയുടെ നഷ്ടമാണ് എനിക്ക് സംഭവിച്ചിരിക്കുന്നത്. ഇപ്പോൾ എന്റെ ഭാര്യയുടെ സഹായത്താലാണ് ഞാൻ കഴിഞ്ഞു പോരുന്നത്. അവരുടെ കുടുംബവീട്ടിലാണ് ഭാര്യ ഉള്ളത്. മാതാപിതാക്കളെ പരിപാലിക്കുന്നതിനാൽ ആ വീട് അവൾക്കാണ്. പത്തറുപത് പവൻ എന്റെ ഭാര്യയുടെ വകയായി ഉണ്ടായിരുന്നു. എന്റെ സഹോദരങ്ങളുടെ വിവാഹത്തിനായി ഈ സ്വർണ്ണത്തിന്റെ പകുതി അവൾ നൽകിയിട്ടുണ്ട്. ഇതിന്റെയൊക്കെ പേരിൽ പല ദിവസങ്ങളിലും എനിക്ക് ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയുണ്ട്.

നാട്ടിൽ എത്തിയപ്പോൾ ആശ്രമത്തിൽ നിന്നും നേരിട്ടത് തുടർച്ചയായി തിക്താനുഭവങ്ങൾ; ഒപ്പം വധഭീഷണിയും

നാട്ടിൽ വന്നപ്പോൾ തന്നെ ഞാൻ ആശ്രമത്തിൽ വിളിച്ചു. ഗുരുരത്നത്തിനെ വിളിച്ചു. രാഘവൻ ചേട്ടനെ വിളിച്ചു. ഗുരുരത്നവും ഗുരുമിത്രനും ഫോൺ കൂടി എടുക്കാത്ത അവസ്ഥയായി. രാഘവൻ ചേട്ടൻ മാത്രം ഫോൺ എടുക്കും. ഒടുവിൽ ഞാനും ഭാര്യയും ആശ്രമത്തിൽ പോയി. അവർ സ്വാമി ഇല്ലാ എന്ന് പറഞ്ഞു ഞങ്ങളെ ഒഴിവാക്കി വിട്ടു. മൂന്നു നാല് മാസം വിളിച്ചു കഴിഞ്ഞപ്പോഴാണ് ഒരിക്കൽ അവരെ ഫോണിൽ കിട്ടുന്നത്. ഒടുവിൽ ആശ്രമത്തിൽ പോയി രാത്രി ഒൻപത് മണിക്കാണ് സ്വാമി ഗുരുരത്നത്തെ കാണുന്നത്. നാളെ നമുക്ക് രാവിലെ 10 മണിക്ക് എല്ലാം ശരിയാക്കാം-ഗുരുരത്നം ജ്ഞാന തപസ്വി പറഞ്ഞു. 10 മണിക്ക് ഞാൻ റെഡിയായി.ഹാളിലെത്തി.ഒരാൾ വാതിൽ തുറന്നു തന്നു. അതിനു ശേഷം പറഞ്ഞു- സ്വാമി ഇപ്പോൾ വരും. എന്ന് പറഞ്ഞു ടിവി ഓൺ ചെയ്തു. അവൻ കളിയാക്കി പറഞ്ഞതാണ് എന്ന് ഞാൻ അറിഞ്ഞില്ല. ടിവിയിൽ തെളിയുന്നത് ശ്രീലങ്കൻ പ്രസിഡനറും ഗുരുരത്നം ജ്ഞാനതപസ്വിയും ഒന്നിച്ചുള്ള ദൃശ്യങ്ങളാണ്. പത്തു മണിക്ക് വന്നു. ചാനലിൽ ആണ് വന്നത് എന്ന് മാത്രം. അതിനു ശേഷം പിന്നീട് ഞാൻ സ്വാമി ആശ്രമത്തിൽ ഉണ്ടെന്നു അറിഞ്ഞു. പോയി. എല്ലാ സമയവും ഞാൻ ആശ്രമത്തിൽ ആണ് നിൽക്കാറുള്ളത്. പക്ഷെ അത്തവണ ആശ്രമം റൂം നൽകിയെങ്കിലും പുറത്താണ് ഞാൻ തങ്ങിയത്. രാഘവൻ നായർ എന്നോടു പറഞ്ഞു-നീ ആശ്രമത്തിനോടാണ് കളിക്കുന്നത്. നീ സൂക്ഷിച്ച് കളിച്ചാൽ മതി. ആശ്രമത്തിനോടു കളിച്ചവർ ആരും നിന്നിട്ടില്ല. അത് പ്രത്യേകം ശ്രദ്ധിച്ചോ? എനിക്ക് നിന്നോടു കൂടുതൽ ഒന്നും പറയാനില്ല. രാഘവൻ നായരുടെ അവസ്ഥയും മോശമാണ്. മൂന്നു കുട്ടികളും ആശ്രമത്തിലാണ്. സ്വത്തുക്കൾ ആശ്രമത്തിൽ എഴുതി കൊടുത്തും കഴിഞ്ഞു. ഇന്നു രാഘവൻ നായർക്കുവരെ ലൈനിൽ നിന്നാലേ ഭക്ഷണം കിട്ടൂ. അല്ലെങ്കിൽ വീട്ടിൽ പോയി കഴിക്കണം.

ആ സമയത്ത് എനിക്ക് ആശ്രമത്തിൽ റൂം കിട്ടി. കിട്ടിയത് ആശ്രമത്തിലെ പാറക്കുളത്തിനോട് ചേർന്നുള്ള ഒറ്റപ്പെട്ട സ്ഥലത്തുള്ള റൂം. അത് അപകടമാണെന്ന് മനസിലായി. താമസിക്കുന്നു എന്ന രീതിയിൽ ഞാൻ പുറത്തു റൂം എടുത്തു. തലേന്ന് എന്നോടു പറഞ്ഞു. നാളെത്തെക്കൊണ്ട് എല്ലാം ശരിയാക്കാം.. എല്ലാവരും വരട്ടെ. നമുക്ക് നാളെ ശരിയാക്കാം എന്ന് പറഞ്ഞു. പിറ്റേന്നു ഗുരുരത്നം പറഞ്ഞു-തുളസീദാസെ ഇത് കാലം കുറെയായില്ലേ.തുളസിദാസ് ജോലി എടുത്ത് ജീവിക്ക്. ഇനിയും ഇത് നിർത്താതെ ഇത് തന്നെയാണ് തുളസീദാസിന്റെ പരിപാടിയെങ്കിൽ തുളസീദാസ് ബൈക്കിലല്ലേ വന്നത്. മുൻപ് ഒരുത്തൻ ബൈക്കിൽ വന്നു ഇവിടെ ഷോ നടത്തി പോയി. അവൻ പിന്നെ വഴിയിൽ കിടക്കുകയാണ് ചെയ്തത്. ആ ഗതി തുളസീദാസിനു ഉണ്ടാകേണ്ട എന്ന് വിചാരിച്ചാണ് പറയുന്നത്. രാഘവൻ നായരുടെ ബന്ധുവായതിലാണ് എല്ലാം തുറന്നു നിങ്ങളോട് പറഞ്ഞത്.അതിനുള്ള അവസരം വയ്ക്കരുത്. ഞാൻ പറഞ്ഞു. നിയമം വഴി എന്നെങ്കിലും ഞാൻ നീതി തേടും. ഡോക്യുമെന്റ് എല്ലാം എന്റ കയ്യിലുണ്ട്. ഇത് ഒരുപാട് കാലം നീണ്ടു പോകില്ല. രാഘവൻ നായരോടും ഞാൻ പറഞ്ഞു-ചേട്ടാ ഞാൻ നിങ്ങൾക്കും വെച്ചിട്ടുണ്ട്. എന്റെ ഭാര്യയുടെ അടുത്ത ബന്ധുവാണ്. എന്റെ കുഴപ്പം കൊണ്ടല്ല ആശ്രമത്തിന്റെ കുഴപ്പം കൊണ്ടാണ് എന്ന് രാഘവൻ നായർക്ക് ഭാര്യയുടെ അച്ഛനോട് പറയാമായിരുന്നു.അത് അയാൾ പറഞ്ഞില്ല. കരാർ പ്രകാരം കാര്യങ്ങൾ നീക്കാൻ ആശ്രമത്തിലെ ആളുകളോട് രാഘവൻ നായർക്ക് പറയാമായിരുന്നു. അതും പറഞ്ഞില്ല. ഞാൻ അന്നത്തെ മുഖ്യമന്ത്രിക്ക് ഉമ്മൻ ചാണ്ടിക്ക് പരാതി നൽകി. അതൊന്നും ആയില്ല. പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ പരാതി നല്കി. നടപടി വന്നില്ല. തിരുവനന്തപുരം റൂറൽ എസ്‌പിക്ക് പരാതി നൽകി. എന്നിട്ടും നടപടിവന്നില്ല, വിവരാവകാശ പ്രകാരം അന്വേഷിച്ചപ്പോൾ എനിക്ക് ലഭിച്ച മറുപടി പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ ചെന്നാൽ വിവരങ്ങൾ ലഭിക്കും എന്നായിരുന്നു. പക്ഷെ ഒരു നടപടിയും ഇതുവരെ വന്നില്ല-തുളസീദാസ് പറയുന്നു.

ആശ്രമം പറയുന്നത് ഇങ്ങിനെ: തുളസിദാസ് കൊത്തിയതുകൊക്കിൽ ഒതുങ്ങാത്തത്

തുളസീദാസിന്റെ കുടുംബത്തിന്റെ ഭാഗമായുള്ള രാഘവൻ നായർ ആശ്രമത്തിൽ ഉണ്ടായിരുന്നു. അദ്ദേഹമാണ് തുളസീദാസിന് എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹം ഉണ്ടെന്നു ഞങ്ങളോട് പറയുന്നത്. അതുപ്രകാരം തുളസിദാസിനെ ആശ്രമത്തിന്റെ ഉത്പ്പന്നങ്ങളുടെ ദുബായി വിതരണക്കാരനാക്കി. 20 ലക്ഷം രൂപയുടെ ശാന്തിഗിരിയുടെ സ്പൈസസ് ഉത്പ്പന്നങ്ങൾ ആണ് ആണ് ഞങ്ങൾ അയച്ചു കൊടുത്തത്. അയക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമായിരുന്നു. ഉത്പ്പന്നങ്ങൾ ക്ലിയർ ചെയ്യേണ്ടത് തുളസിദാസ് ആയിരുന്നു. അത് സ്‌പൈസസ് ആയിരുന്നെന്നു ഓർക്കണം. അത് തുളസിദാസ് എടുക്കാതെ വലിയ താമസം വന്നു. സാധനങ്ങൾ മാസങ്ങൾ പോർട്ടിൽ തന്നെ കഴിഞ്ഞു. അത് ദുബായിൽ കരയ്ക്ക് ഇറങ്ങിയില്ല. സാധനങ്ങൾ കയറ്റി അയക്കുമ്പോൾ അത് പോർട്ടിൽ നിന്നും ഏറ്റെടുക്കുക ആ ഉത്തരവാദിത്തം അദ്ദേഹം നിറവേറ്റിയില്ല. ദുബായിൽ സാധനങ്ങൾ ഏറ്റെടുക്കാനോ അത് വിപണിയിൽ എത്തിക്കാനോ കഴിയുന്ന ഒരു നെറ്റ് വർക്ക് തുളസിദാസിനു ഉണ്ടായിരുന്നില്ല. സാധനങ്ങൾ വന്നപ്പോൾ അത് ഏറ്റെടുക്കുക വിതരണക്കാരന്റെ ഉത്തരവാദിത്തമാണ്. കയറ്റി അയക്കുന്ന ആളുടെ ഉത്തരവാദിത്തം എന്ന് പറഞ്ഞാൽ കയറ്റി അയക്കലോടെ കഴിയുകയാണ്. അവിടുന്ന് സാധനം ഇറക്കുമതി ചെയ്യുന്ന ആൾ ഇവിടുന്നു കയറ്റി അയച്ച സാധനം സ്വീകരിക്കണം. അത് അവിടുത്തെ ആളുടെ ഉത്തരവാദിത്തമാണ്.

തുളസിദാസിനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ ഉത്തരവാദിത്തത്തിൽ അദ്ദേഹം ഏറ്റെടുത്തില്ല. ആ ഉത്തരവാദിത്തം ഞങ്ങൾക്ക് എങ്ങിനെ ഏറ്റെടുക്കാൻ കഴിയും. തുളസിദാസിന് ഞങ്ങൾ അയച്ച ഉത്പ്പന്നങ്ങൾ ദുബായ് പോർട്ടിൽ നിന്ന് ക്ലിയർ ചെയ്യാൻ കഴിഞ്ഞില്ല. പോർട്ടിൽ നിന്ന് സാധനങ്ങൾ ക്ലിയർ ചെയ്യേണ്ട ഉത്തരവാദിത്തം ഇറക്കുമതി ചെയ്യുന്ന ആൾക്ക് ഉള്ളതാണ്. 20 ലക്ഷത്തോളം രൂപയുടെ ആ ഉത്പ്പന്നങ്ങൾ കളയേണ്ട അവസ്ഥ വന്നു. ആശ്രമത്തിന്റെ ഭാഗത്ത് നിന്ന് ഒരാളെയും വഞ്ചിച്ചിട്ടില്ല. ആശ്രമത്തിന്റെ വേറെ ഒരു സ്ഥാപനത്തിൽ നിന്നാണ് അയച്ച്ത്. ശാന്തിഗിരിയുടെ ചെറിയ യൂണിറ്റ് ആയിരുന്നു അത്. ഉത്പ്പന്ന കയറ്റുമതിക്ക് ആശ്രമത്തിന്റെ ഒരാള് വന്നിട്ടുണ്ട് എന്ന് പറഞ്ഞു ഇവരെ ഞങ്ങൾ സ്‌പൈസസ് കയറ്റുമതിക്ക് സന്നദ്ധരാക്കുകയായിരുന്നു. ഞങ്ങൾക്ക് വലിയ നഷ്ടം വന്നു. തുളസിദാസ് വന്നപ്പോൾ ആ കയറ്റുമതി സാധ്യത ആശ്രമം ആലോചിച്ചു എന്ന് മാത്രമേയുള്ളൂ. തുളസീദാസിന് വന്ന പാളിച്ചകളിൽ അങ്ങിനെ തുളസിദാസിനെ കുറ്റപ്പെടുത്താൻ ഞങ്ങൾ തയ്യാറല്ല. മനഃപൂർവം ചെയ്തതല്ല അത്. ദുബായിലെ സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തി അത് വേണ്ടും വിധത്തിൽ ഉപയോഗിക്കാൻ തുളസീദാസിന് കഴിഞ്ഞില്ല.

സാധനങ്ങൾ അയച്ചപ്പോൾ വിലക്കൂടുതൽ എന്ന് തുളസിദാസ് പറഞ്ഞു. അത് കേടാക്കരുത്. ഉത്പ്പന്നങ്ങൾ കൈപ്പറ്റണം. അത് വിതരണം ചെയ്യണം.അതാണ് അതാണ് ഞങ്ങൾ നിരന്തരം ആവശ്യപ്പെട്ടത്. പല തവണ ഈ കാര്യവുമായി ബന്ധപ്പെട്ടു തുളസിദാസിനെ വിളിച്ചു. പക്ഷെ ഉത്പ്പന്നങ്ങൾ പോർട്ടിൽ നിന്ന് അദ്ദേഹം സ്വീകരിച്ചില്ല. മാസങ്ങൾ തന്നെ ഉത്പ്പന്നങ്ങൾ പോർട്ടിൽ കിടന്നു. സ്പൈസസ് ഉത്പ്പന്നങ്ങൾ ആണ്. അത് എല്ലാം ഒടുവിൽ കളയേണ്ടിയും വന്നു. സാമ്പത്തിക പ്രതിസന്ധിയിൽ കുരുങ്ങിയ ആശ്രമത്തിനു ആ കാലത്ത് അത് വലിയ ബാധ്യതയായി.

രാഘവൻ നായർ ഞങ്ങൾക്ക് വേണ്ടപ്പെട്ട ആളാണ്. അതുകൊണ്ടാണ് രാഘവൻ നായർ തുളസിദാസിന്റെ കാര്യം പറഞ്ഞപ്പോൾ ഞങ്ങൾക്ക് അന്ന് നോ പറയാൻ കഴിയാതിരുന്നത്. ആശ്രമത്തിനു ഒട്ടനവധി കെട്ടുപാടുകൾ ഉണ്ട്. അതുകൊണ്ടാണ് പൈസയ്ക്ക് വലിയ ബുദ്ധിമുട്ട് വന്ന ആ ഘട്ടങ്ങളിൽ ഞങ്ങൾ നിശബ്ദരായി ഇരുന്നത്. ആശ്രമത്തിനു നഷ്ടം വന്നു എന്നൊക്കെ പറഞ്ഞു ആശ്രമവുമായി ബന്ധപ്പെട്ടവർക്ക് നേരെ നീങ്ങാൻ ആശ്രമത്തിനു കഴിയില്ല. തുളസിദാസിന്റെ കാര്യത്തിൽ ഞങ്ങൾക്ക് ആദ്യമേ സംശയമുണ്ടായിരുന്നു. ഗൾഫിൽ ഇട്ടുകളിക്കാൻ മാത്രം പൈസ ഇദ്ദേഹത്തിന്റെ കയ്യിൽ ഉണ്ടോ എന്നാണ് ഞങ്ങൾക്ക് സംശയം വന്നത്. ഉത്പന്ന വിതരണം എന്ന് പറഞ്ഞാൽ അത് നിസാര പരിപാടിയില്ല.അതും ഗൾഫ് നാട്ടിൽ. അതുകൊണ്ടാണ് തുളസിദാസിന്റെ കാര്യത്തിൽ ഞങ്ങൾക്ക് സംശയം വന്നത്. ആ സംശയം ശരിയെന്നു പിന്നീട് തെളിഞ്ഞു. കൊക്കിലൊതുങ്ങാത്ത കാര്യമാണ് തുളസിദാസ് ഏറ്റെടുത്ത് നടത്തിയത്. അത് പരാജയവുമായി. ഈ കാര്യത്തിൽ ഞങ്ങൾ പിന്നീട് നിശബ്ധത പാലിക്കുകയായിരുന്നു-മഠം വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP