Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സൗജന്യമായി സർക്കാരിൽ നിന്ന് സ്റ്റാളുകൾ വാങ്ങും; നിർമ്മിതിക്കായി പ്രവാസിയിൽ നിന്ന് കൈപ്പറ്റിയത് പത്ത് ലക്ഷം രൂപ; പ്രാഞ്ചിയേട്ടന്റെ പോക്കറ്റിൽ നിന്ന് ലക്ഷങ്ങൾ വേറെയും ചോർത്തി; കാഴ്ചക്കാരെ തടസ്സപ്പെടുത്തി ക്യാമറകളും; തൃശൂരിൽ കൊടിയിറങ്ങുന്നത് രണ്ടര കോടി രൂപയുടെ സൗജന്യത്തിൽ ആറാടിയ മാധ്യമോത്സവം; ലാഭ-നഷ്ട കച്ചവടത്തിൽ ഇരകളാകുന്നത് കലയുടെ ഭാവി വാഗ്ദാനങ്ങളായ പാവം വിദ്യാർത്ഥികളും; ഏഷ്യയിലെ വമ്പൻ കലാമാമാങ്കത്തിന്റെ കണാക്കളികൾ ഇങ്ങനെ

സൗജന്യമായി സർക്കാരിൽ നിന്ന് സ്റ്റാളുകൾ വാങ്ങും; നിർമ്മിതിക്കായി പ്രവാസിയിൽ നിന്ന് കൈപ്പറ്റിയത് പത്ത് ലക്ഷം രൂപ; പ്രാഞ്ചിയേട്ടന്റെ പോക്കറ്റിൽ നിന്ന് ലക്ഷങ്ങൾ വേറെയും ചോർത്തി; കാഴ്ചക്കാരെ തടസ്സപ്പെടുത്തി ക്യാമറകളും; തൃശൂരിൽ കൊടിയിറങ്ങുന്നത് രണ്ടര കോടി രൂപയുടെ സൗജന്യത്തിൽ ആറാടിയ മാധ്യമോത്സവം; ലാഭ-നഷ്ട കച്ചവടത്തിൽ ഇരകളാകുന്നത് കലയുടെ ഭാവി വാഗ്ദാനങ്ങളായ പാവം വിദ്യാർത്ഥികളും; ഏഷ്യയിലെ വമ്പൻ കലാമാമാങ്കത്തിന്റെ കണാക്കളികൾ ഇങ്ങനെ

തൃശൂർ: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാ മാമാങ്കം എന്ന് സംഘാടകർ സ്വയം വിശേഷിപ്പിച്ചും പ്രചരിപ്പിച്ചും കൊണ്ടിരുന്ന അമ്പെത്തട്ടാമത് കേരള സ്‌കൂൾ കലോത്സവത്തിന്റെ കൊടിയിറങ്ങുമ്പോൾ സ്വാഭാവികമായി ഉയരുന്ന ഒരു ചോദ്യമുണ്ട്; ആർക്കുവേണ്ടിയായിരുന്നു ഈ കലോത്സവം അരങ്ങേറ്റിയത് ? വിദ്യാർത്ഥികൾക്ക് വേണ്ടിയോ ? മാധ്യമങ്ങൾക്ക് വേണ്ടിയോ ? തൃശൂർ തേക്കിൻകാട് മൈതാനത്തിൽ സജ്ജമാക്കിയിട്ടുള്ള കലോത്സവം സമ്പൂർണ്ണമായും മാധ്യമങ്ങളുടെ അവകാശത്തിലും അധികാരത്തിലും നിയന്ത്രണത്തിലുമായിരുന്നു. കലോത്സവ സംഘാടകർ കേവലം ഈ മാധ്യമ പ്രമാണികൾക്ക് മുമ്പിൽ കുനിഞ്ഞും കുടപിടിച്ചും കഴിഞ്ഞുകൂടുകയായിരുന്നുവെന്നാണ് ആരോപണം.

പാവം വിദ്യാർത്ഥികൾ തൃശൂരിന്റെ ഉത്സവപ്പറമ്പിൽ ആടിയും പാടിയും കലയുടെ വിസ്മയ ഗോപുരങ്ങൾ തീർത്തപ്പോൾ, കലയുടെ പൂരവും കുടമാറ്റവും നടത്തിയപ്പോൾ, പതിനായിരങ്ങൾകലോത്സവം നെഞ്ചേറ്റിയപ്പോൾ കലയുടെ ശരിക്കുമുള്ള അംഗീകാരത്തിന്റെ ന്യായമായ വിഹിതം ഈ പാവം കലാകാരികൾക്കും കലാകാരന്മാർക്കും കിട്ടിയില്ലെന്നാണ് വ്യക്തമാകുന്നത്. മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞതും ഈ വസ്തുതയാണ്. 24 വേദികളിലായി അഞ്ചുനാൾ ഉറങ്ങിയും ഉറങ്ങാതെയും കലോത്സവം ആസ്വദിച്ച പതിനായിരക്കണക്കിന് ജനങ്ങളും കലോത്സവത്തിൽ പങ്കെടുത്ത ആയിരക്കണക്കിന്നു വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും അദ്ധ്യാപകരും അൽപ്പം ഭയാശങ്കയോടെയാണെങ്കിലും മറുനാടനോട് നിസ്സംശയം പറയുന്നു; ഈ കലോത്സവം കലോത്സവത്തെക്കാൾ കൂടുതൽ മാധ്യമോത്സവമായിരുന്നെന്ന്. ഞങ്ങളുടെ വസ്തുനിഷ്ടമായ അന്വേഷണവും ജനങ്ങളുടെ ഈ അഭിപ്രായ പ്രകടനത്തോടൊപ്പം തന്നെ നിൽക്കുന്നു. തീർച്ചയായും ഇതൊരു മാധ്യമോൽസവം തന്നെയായിരുന്നു.

ഏകദേശം ഒരു കോടി രൂപയുടെ ബജറ്റ് മുന്നിൽ കണ്ടുകൊണ്ട് സമാരംഭിച്ച അമ്പെത്തെട്ടാമത് കേരള സ്‌കൂൾകലോത്സവം എന്തായാലും അവസാന കണക്കുകൾ വെളിപ്പെടുത്തുമ്പോൾ ഒരു കോടിയിൽ നിൽക്കില്ല. മുൻവർഷത്തെക്കാൾ സാമാന്യേന ചെലവുകുറഞ്ഞ കലോത്സവമായിരിക്കും ജനപങ്കാളിത്തത്തോടെ നടത്തുന്ന ഈ കലോത്സവമെന്നു ചെയർമാൻ കൂടിയായ ബഹുമാനപ്പെട്ട കൃഷിമന്ത്രി ആദ്യത്തെ പത്രസമ്മേളനത്തിൽ അവകാശപ്പെട്ടിരുന്നു. ഉപ്പു തൊട്ട് ട്രോഫികൾ വരെ ജനകീയ പങ്കാളിത്തത്തിന്റെ ഭാഗമായി സമാഹരിച്ചതാണ്. വിദ്യാർത്ഥികളും കർഷകരും സംഭരിച്ചുകൊണ്ടുവന്ന പച്ചക്കറികളും പലവ്യഞ്ഞനങ്ങളും കലോത്സവത്തിന്റെ അഞ്ചുനാൾ ഉണ്ണാനുള്ള വിഭവങ്ങളായി. പായസവും പപ്പടവും പൂമുഖ ദീപാലങ്കാരങ്ങളും ഉദാര മനസ്‌കനായ പ്രവാസി മലയാളി പത്മശ്രി സി.കെ. മേനോൻ നൽകി. ട്രോഫികളും സർട്ടിഫിക്കറ്റുകളും സ്‌പോൻസർ മുഖാന്തിരം ലഭ്യമായി.

കുടിവെള്ളം സൗജന്യമായി എത്തിച്ച പൊലീസ് അക്കാദമിയും മറക്കാനാവില്ല. എന്നിട്ടും ഇപ്പോൾ കലോത്സവത്തിന്റെ തന്നെ ധനകാര്യ വാക്ത്താക്കളിൽ നിന്ന് മറുനാടൻ മനസ്സിലാക്കിയത് കലോത്സവത്തിന്റെ ബജറ്റ് ഒന്നര കോടി കവിയുമെന്നാണ്. ചുരുക്കി പറഞ്ഞാൽ സർക്കാർ ഖജനാവിന് നഷ്ടം. എന്നാൽ യഥാർത്ഥത്തിൽ എന്താണ് കലോത്സവത്തിന്റെ സാമ്പത്തിക നില എന്നത് വെളിപ്പെടുത്താൻ കലോത്സവത്തിന്റെ സംഘാടകർക്ക് ബുദ്ധിമുട്ടുണ്ട്. പ്രധാന കമ്മറ്റിയും ഉപ കമ്മറ്റികളും പിരിച്ചെടുത്തതിന്റെ കണക്ക് എവിടെ കിട്ടും. ആ തുക ഏതു കണക്കിൽ കൂട്ടും. കലോത്സവത്തിന്റെ സാമ്പത്തിക കാര്യങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്ന് സംഘാടകരെ വിലക്കിനിർത്തുന്നത് കേരളത്തിലെ മാധ്യമങ്ങൾ തന്നെയാണ്. അതിന് തക്കതായ കാരണങ്ങളുമുണ്ട്.

വേദികൾ കൈയിലെടുത്ത് മാധ്യമങ്ങൾ

തൃശൂർ തേക്കിൻകാട് മൈതാനത്തിലെ കലോത്സവ വേദികളിൽ മൂന്നും മൂന്നു മുഖ്യധാരാ മാധ്യമങ്ങൾ തികച്ചും സൗജന്യമായി സ്വന്തമാക്കിയിരുന്നു. ഈ പ്രധാന വേദികൾക്ക് നാമ മാത്രമായി പത്തും അഞ്ചും ലക്ഷങ്ങൾ വീതം വകയിരുത്തിയിട്ടുണ്ടെന്നും അവസാനം അതൊക്കെ അഡ്ജസ്റ്റ് ചെയ്യുന്ന രീതിയിൽ കാര്യങ്ങൾ അവസാനിപ്പിക്കുമെന്നാണ് ഒരു സീനിയർ മാധ്യമ പ്രവർത്തകൻ മറുനാടനോട് പറഞ്ഞത്. ഇത് കൂടാതെ ഈ വേദികൾക്ക് ചുറ്റും ഏകദേശം അമ്പതോളം സ്റ്റാളുകൾ പൂർണ്ണമായും കേരളത്തിലെ വിവിധ പത്ര-ദൃശ്യ മാധ്യമങ്ങൾ കൈവശപ്പെടുത്തിയിരുന്നു. അതും പൂർണ്ണമായും സൗജന്യമായിത്തന്നെ.

അതേസമയം സൗജന്യമായി അനുവദിച്ചുകിട്ടിയ പ്രധാന വേദികളുടെ നിർമ്മിതിക്കായി ഈ മാധ്യമങ്ങൾ ഒരു പ്രവാസിയിൽ നിന്ന് കൈപ്പറ്റിയത് ഏകദേശം പത്തുലക്ഷത്തോളം രൂപയാണെന്നും പറയപ്പെടുന്നു. സന്മനസ്സുള്ള ഈ പ്രവാസി തന്നെയാണ് കലോത്സവത്തിന്റെ മറ്റു പല ആവശ്യങ്ങൾ കണക്കിലെടുത്ത് ലക്ഷങ്ങൾ വേറെയും ചെലവഴിച്ചിരിക്കുന്നത് എന്ന സത്യവും പകൽപോലെ നിലനിൽക്കുന്നുണ്ട്. എന്നാൽ ഈ വക കണക്കൊന്നും തന്നെ കലോത്സവത്തിന്റെ നല്ല കണക്കിൽ വരില്ല.

തേക്കിൻകാട് മൈതാനത്തിൽ കലോത്സവവുമായി മാധ്യമങ്ങൾ കയ്യടക്കിവച്ചിരിക്കുന്ന അമ്പതോളം സ്റ്റാളുകളുടെ ഇന്നത്തെ മതിപ്പുവാടക കണക്കാക്കപ്പെടുമ്പോൾ ഏകദേശം രണ്ടര കോടി രൂപയോളം വരും. എന്നുപറഞ്ഞാൽ കലോത്സവത്തിന്റെ ബജറ്റിന്റെ ഏകദേശം ഇരട്ടി. മാത്രമല്ല, ഈ മാധ്യമങ്ങൾക്കുള്ള വൈദ്യുതി, വെള്ളം, ഇന്റർനെറ്റ് തുടങ്ങി മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇവർക്ക് പൂർണ്ണ സൗജന്യയി ലഭിക്കുന്നു. അഞ്ചു നാളിന്റെ ഈ കണക്കുകൂടി എടുക്കുമ്പോൾ മാധ്യമങ്ങൾ അടിച്ചുമാറ്റിയത് ഏകദേശം മൂന്നു കോടിയുടെ സൗജന്യമായിരിക്കും.

കലോത്സവമെന്ന ഒമാനപ്പേരിടുന്നതിനു മുമ്പ് ഇത്തരം മേളകളിൽ മാധ്യമങ്ങൾക്ക് കൊടുത്തിരുന്ന സ്റ്റാളുകൾക്ക് പണം ഈടാക്കിയിരുന്നു. അന്ന് പബ്ലിസിറ്റി കമ്മറ്റി മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ഇപ്പോഴാണ് സൗജന്യങ്ങൾ അടിച്ചുമാറ്റാൻ മുഖ്യധാരാ മാധ്യമങ്ങൾക്ക് കയ്യും കയ്യൂക്കുമുള്ള മീഡിയ കമ്മറ്റി നിലവിൽവന്നത്. കമ്മറ്റിയുടെ പേരും പെരുമയും ഗരിമയും ചോർന്നുപോകാതിരിക്കാൻ പേര് നിർദ്ദേശിച്ചതും അവർതന്നെ; അരയാൽ മീഡിയ ഹബ്ബ്.

കാണികൾക്ക് അരോജകമായി ക്യാമറകൾ

തേക്കിൻകാട് മൈതാനത്തിലെ നീലക്കുറിഞ്ഞി വേദിയിൽ പ്രേക്ഷകർക്ക് ദൃശ്യമാധ്യമങ്ങളുടെ ക്യാമറാമാന്മാരുടെ ആസനങ്ങൾ കാണേണ്ടിവന്നതും വേദിയിലെ പരിപാടികൾ കാണാതെ പോകേണ്ടി വന്നതും സർക്കാരിന്റെയും മാധ്യമങ്ങളുടെയും സൗജന്യങ്ങളുടെ അജണ്ട നിലനിന്നതുകൊണ്ടാണ്. മറുനാടൻ മലയാളിക്ക് അത് റിപ്പോർട്ട് ചെയ്യാനുള്ള നട്ടെല്ല് തന്നതും ഞങ്ങൾ സർക്കാരിന്റെ സൗജന്യങ്ങൾക്ക് നിന്നുകൊടുത്തില്ല എന്നതുകൊണ്ടുതന്നെയാണ്. മറുനാടൻ മലയാളി പ്രതിനിധിക്ക് കലോത്സവം റിപ്പോർട്ട് ചെയ്യാനുള്ള പ്രസ് പാസ് നിഷേധിച്ചിട്ടും ഞങ്ങൾ ഞങ്ങളുടെ കഴിവും വൈദഗ്ദ്യവും പ്രയോഗിച്ചുകൊണ്ട് കലോത്സവത്തിന്റെ മുഴുവൻ വാർത്തകളും ദൃശ്യങ്ങളും വീഡിയോകളും ഞങ്ങളുടെ വായനക്കാരിൽ എത്തിക്കാൻ കഴിഞ്ഞു എന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു.

സർക്കാരും മാധ്യമങ്ങളും കൂടി നടപ്പാക്കിയ ഈ പരസ്പര സഹായ സഹകരണ ഏർപ്പാടിൽ ആർക്കൊക്കെ നേട്ടമുണ്ടായി എന്ന് പരിശോധിക്കുന്നതും നന്നായിരിക്കും. തൃശൂരിലെ സിപിഐ.ക്ക് മേൽക്കൈ ഉണ്ടായിരുന്ന കലോത്സവമായിരുന്നു അമ്പെത്തെട്ടാമത് കേരള സ്‌കൂൾ കലോത്സവം എന്നുതന്നെ പറയേണ്ടിവരും. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനത്തിൽ നിന്ന് വിട്ടുനിന്നപ്പോൾ മാധ്യമങ്ങൾ അത് കാര്യമായ വാർത്തയാക്കാതിരുന്നത് സർക്കാരും മാധ്യമങ്ങളും കൂടി ഒപ്പിടെണ്ടിവന്ന മേൽപ്പറഞ്ഞ പരസ്പര സഹായ സഹകരണ ഏർപ്പാട് നിലനിന്നതുകൊണ്ടാണ്.

അങ്ങനെവരുമ്പോൾ കലോത്സവ വാർത്തകൾ പെയിഡ് ന്യുസ് എന്ന കാറ്റഗറിയിൽ വരില്ലേ എന്നുകൂടി സംശയിക്കേണ്ടിയിരിക്കുന്നു. കുറേക്കൂടി വ്യക്തമായി പറഞ്ഞാൽ, മാധ്യമങ്ങൾ തൃശൂരിലെ സിപിഐ. മന്ത്രിക്കും എംഎ‍ൽഎ.ക്കുമായി കലോത്സവ വാർത്തകളും ചിത്രങ്ങളുമെ ഴുതി എന്നും പറയാം. ജില്ലയിലെ വിദ്യാഭ്യാസ മന്ത്രിയും വ്യവസായ കായിക വകുപ്പ് മന്ത്രിയും ഒരുവിധത്തിൽപറഞ്ഞാൽ നിഷ്പ്രഭരായി.

സാമ്പത്തിക നേട്ടവും ചാനലുകൾക്കും പത്രങ്ങൾക്കും തന്നെ

ഇനി മാധ്യമങ്ങളുടെ ലാഭ കണക്ക് പരിശോധിക്കാം. കലോത്സവത്തിന്റെ ഈ അഞ്ചുനാൾ മാധ്യമങ്ങൾ ലക്ഷക്കണക്കിന് രൂപയുടെ പരസ്യക്കാശിനു അച്ചടിച്ചുകൂട്ടിയത് നൂറുകണക്കിനു സചിത്ര സപ്പ്‌ളിമെന്റുകൾ. മഷിയുണങ്ങും മുമ്പ് കലോത്സവ വേദികളിൽ മത്സരിച്ചുകൊണ്ടുവന്ന ഈ പത്രക്കെട്ടുകളെല്ലാം കലോത്സവ വേദികളിലെ ചവറ്റുകുട്ടയിൽ മാലിന്യമായി കെട്ടിക്കിടന്നു. കലയെ കമ്പോളവൽക്കരിക്കരുതെന്നു കലോത്സവത്തിന്റെ ഉദ്ഘാടനവേളയിൽ സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞതിനു പിന്നാലെയാണ് യാതൊരുവിധ ഉൽപ്പാദന ചെലവുമില്ലാതെ കലോത്സവത്തിന്റെ അഞ്ചുനാൾ ദൃശ്യമാധ്യമങ്ങൾ കോടിക്കണക്കിന്നു രൂപയുടെ ലാഭം കൊയ്‌തെടുത്തത്.

പ്രൈം ടൈമിൽ പല രസക്കൂട്ടുകളിൽ വാർത്തകൾ തത്സമയം കലോത്സവമുറ്റത്തു നിന്ന് സംപ്രേഷണം ചെയ്തത് പത്തുപൈസ പോലും ചെലവില്ലാതെ. വേദികളിൽ ആടിയും പാടിയും തളർന്ന പാവം വിദ്യാർത്ഥികളെ വീണ്ടും വീണ്ടും കമ്പോള ചരക്കാക്കി ക്യാമറക്കുമുന്നിൽ നിർത്തിപ്പൊരിച്ചതും അഞ്ചുപൈസ ചെലവില്ലാതെ. മികവാർന്ന പരിപാടികൾപത്തു കാശ് ചെലവില്ലാതെ സംപ്രേഷണം ചെയ്തുകൊണ്ട് കോടിക്കണക്കിന്നു രൂപയുടെ ലാഭം സ്‌പോൻസർഷിപ്പ് ഇനത്തിൽ കൊയ്‌തെടുത്തപ്പോൾ അതിന്റെ ഒരു നേരിയ ശതമാനമെങ്കിലും ആ പാവം കുട്ടികൾക്ക് കൊടുത്തിരുന്നെങ്കിൽ ആരെയും കൂവിത്തോൽപ്പിക്കുന്ന മാധ്യമ പ്രവർത്തനത്തിന്റെ ധാർമ്മികത നമുക്ക് മനസ്സിലാക്കാമായിരുന്നു.

ഓരോ മാധ്യമത്തിൽനിന്നും ഏറ്റവും കുറഞ്ഞത് 15 പേരെങ്കിലും കലോത്സവ വേദികളിൽ റിപ്പോർട്ട് ചെയ്യാനും തത്സമയ സംപ്രേഷണം നടത്താനുമായി എത്തിയിരുന്നു. ഈ മാധ്യമ പ്രവർത്തകരുടെ ഉറ്റവരും ഉടയവരുമായി ഏതാണ്ട് അഞ്ഞൂറ് പേരെങ്കിലും കലോത്സവവേദികളിൽ ഭക്ഷണം അടക്കമുള്ള സൗജന്യങ്ങൾ ആസ്വദിച്ചിരുന്നു. ഈ അധിക ചെലവുകൂടി കണക്കിലെടുക്കുമ്പോൾ സ്‌കൂൾ കലോത്സവത്തിന്റെ ദീപപ്രഭയിൽ മാധ്യമങ്ങൾ അടിച്ചുമാറ്റിയ സൗജന്യം എത്രയെന്ന് നമുക്ക് കണക്കാക്കാവുന്നതെയുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP