Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭൂപരിഷ്‌ക്കരണ നിയമം വന്നപ്പോൾ ഫാക്ടറി എന്ന് ചൂണ്ടിക്കാട്ടി ഇളവ് നേടി ഭൂമി കൈവശം വെച്ചത് തിരുവിതാംകൂർ രാജകുടുംബം; ആർക്കും കൈമാറാൻ അവകാശമില്ലാത്ത ഭൂമി പാട്ടത്തിനു സ്വന്തമാക്കിയത് നടി രാധയും ഭർത്താവ് എസ് രാജശേഖരൻ നായരും; ഉദയ സമുദ്ര ഗ്രൂപ്പിന്റെ ഒന്നരയേക്കറിലുള്ള ഭൂമിയുടെ മതിപ്പ് വില തന്നെ 75 കോടിക്കും മുകളിൽ; കവടിയാറിനും ഗോൾഫ് ക്ലബിനും ഇടയിലെ സംസ്ഥാനത്തെ ഏറ്റവും വിപണന മൂല്യമുള്ള സ്ഥലം കൈമാറ്റ കേസ് വിജിലൻസ് കോടതിയിൽ എത്തുമ്പോൾ

ഭൂപരിഷ്‌ക്കരണ നിയമം വന്നപ്പോൾ ഫാക്ടറി എന്ന് ചൂണ്ടിക്കാട്ടി ഇളവ് നേടി ഭൂമി കൈവശം വെച്ചത് തിരുവിതാംകൂർ രാജകുടുംബം; ആർക്കും കൈമാറാൻ അവകാശമില്ലാത്ത ഭൂമി പാട്ടത്തിനു സ്വന്തമാക്കിയത് നടി രാധയും ഭർത്താവ് എസ് രാജശേഖരൻ നായരും; ഉദയ സമുദ്ര ഗ്രൂപ്പിന്റെ ഒന്നരയേക്കറിലുള്ള ഭൂമിയുടെ മതിപ്പ് വില തന്നെ 75 കോടിക്കും മുകളിൽ; കവടിയാറിനും ഗോൾഫ് ക്ലബിനും ഇടയിലെ സംസ്ഥാനത്തെ ഏറ്റവും വിപണന മൂല്യമുള്ള സ്ഥലം കൈമാറ്റ കേസ് വിജിലൻസ് കോടതിയിൽ എത്തുമ്പോൾ

എം മനോജ് കുമാർ

തിരുവനന്തപുരം: എഴുപത്തിയഞ്ചു കോടിയോളം മതിപ്പുവിലയുള്ള ഒന്നരയേക്കർ സർക്കാർ ഭൂമി തിരുവിതാംകൂർ രാജകുടുംബം സ്വകാര്യ വ്യക്തിക്ക് കൈമാറിയ സംഭവം വിജിലൻസ് കോടതിയിലേക്ക്. സർക്കാർ ഭൂമി കൈയേറി സ്വകാര്യ വ്യക്തി കൺവൻഷൻ സെന്റർ പണിയുന്ന സംഭവം വിവാദമായതോടെയാണ് ഇത് സംബന്ധമായ ഹർജി വിജിലൻസ് കോടതിയിലേക്ക് വന്നത്.

അഡ്വ.അജിത വി.കെ.നായർ മുഖാന്തിരം മോഹനകുമാർ നൽകിയ ഹർജി വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. കവടിയാർ കൊട്ടാരത്തിന്റെ കൈവശമിരുന്ന കവടിയാറിനും ഗോൾഫ് ക്ലബിനും ഇടയിലുള്ള തലസ്ഥാനത്തെ ഏറ്റവും വിപണനമൂല്യമുള്ള സ്ഥലത്തെക്കുറിച്ചുള്ള പരാതിയാണ് ഇപ്പോൾ കോടതി കയറിയിരിക്കുന്നത്. സർക്കാരും രാജകുടുംബവും കോർപ്പറേഷനുമെല്ലാം ഒത്തുകളിച്ച ഭൂമിപ്രശ്‌നമാണ് ഇപ്പോൾ കോടതിയുടെ മുൻപാകെ എത്തിയിരിക്കുന്നത്. ഭൂമി കൈമാറ്റത്തിന് പിന്നിൽ നടന്നത് മുഴുവൻ നിയമവിരുദ്ധ നടപടികളാണ് എന്ന ആരോപണമാണ് ഉന്നയിക്കുന്നത്. കവടിയാർ കൊട്ടാരത്തോട് ചേർന്ന് ശാസ്തമംഗലം വില്ലേജിൽ ഉൾപ്പെട്ട 1.57 ഏക്കർ ഭൂമിയെ ചൊല്ലിയാണ് വിവാദം ഉയർന്നിരിക്കുന്നത്.

സിനിമാ നടിയായിരുന്ന രാധയുടെ ഭർത്താവ് എസ് രാജശേഖരൻ നായരാണ് വസ്തു നിലവിൽ കൈവശം വച്ചിരിക്കുന്നത്. നടി അംബികയുടെ സഹോദരിയായ രാധ തമിഴിലേയും മലയാളത്തിലേയും പ്രധാന നടിയായിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളുമായും രാജശേഖരന് ബന്ധമുണ്ടെങ്കിലും അറിയപ്പെടുന്ന ബിജെപി അനുയായിയാണ് രാജശേഖരൻ. രാധയുടെ കുടുംബത്തിന് മുമ്പ് കോൺഗ്രസുമായായിരുന്നു ബന്ധം. രാധയുടെ അമ്മ കല്ലറ സരസമ്മ തലസ്ഥാനത്തെ പ്രധാന കോൺഗ്രസ് നേതാവായിരുന്നു. രാധയുടെ ഔദ്യോഗിക പേരാണ് ഉദയ ചന്ദ്രിക.

ഹർജിയിലെ ആരോപണങ്ങൾ ഇങ്ങനെ

കവടിയാർ കൊട്ടാരത്തിലെ രാജകുടുംബാംഗങ്ങളുടെ പേരിലുള്ള ഭൂമിയാണിത്. ഭൂപരിഷ്‌ക്കരണ നിയമം വന്നപ്പോൾ രാജകുടുംബം ഇളവ് വാങ്ങി കൈവശം വെച്ചിരുന്ന ഭൂമിയാണിത്. ഒരു കമ്പനി അവിടെ പ്രവർത്തിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അന്ന് സർക്കാർ രാജകുടുംബത്തിന് ഇളവ് നൽകിയത്. ഒരു ഫാക്ടറി അവിടെ ഉണ്ടായിരുന്നു. ആ ഫാക്ടറി പ്രവർത്തിച്ചിരുന്നതിനാലാണ് രാജകുടുംബത്തിനു ഇളവ് കിട്ടിയത്. ഇപ്പോൾ ഫാക്ടറി അവിടെയില്ല. ഫാക്ടറി പ്രവർത്തനം നിർത്തുമ്പോൾ ആ സ്ഥലം രാജകുടുംബത്തിന്റെ കയ്യിൽ നിന്ന് സർക്കാരിന്റെ കയ്യിലേക്ക് വന്നുചേരേണ്ടിയിരുന്നു.

രാജകുടുംബം വ്യാജ രേഖകൾ ചമച്ച് നിലവിലില്ലാത്ത ഫാക്ടറിയുടെ നിഴലിൽ കോടികൾ വിലമതിക്കുന്ന സർക്കാർ ഭൂമി സ്വകാര്യ വ്യക്തിക്ക് നൽകി. 99 വർഷത്തേക്കാണ് ഈ ഭൂമി രാജകുടുംബം പാട്ടത്തിനു നൽകിയിരിക്കുന്നത്. ഈ ഭൂമിയിലാണ് ഇപ്പോൾ കൺവെൻഷൻ സെന്റർ ഉയരുന്നത്. ഇതാണ് ഹർജിയിൽ ചൂണ്ടിക്കാട്ടപ്പെടുന്നത്. പഴയ ഫാക്ടറി അവിടെ തുടർന്നിരുന്നുവെങ്കിൽ അതെ ഫാക്ടറിയുടെ തുടർ നടത്തിപ്പിന് വേണ്ടിയാണ് എസ്.രാജശേഖരൻ നായർക്കും ഉദയചന്ദ്രികയ്ക്കും കൈമാറിയിരുന്നുവെങ്കിൽ ഈ കൈമാറ്റം സാധുവായിരുന്നു. എന്നാൽ കോടികൾ ചിലവഴിച്ചുള്ള കൺവെൻഷൻ സെന്റർ ആണ് അവിടെ ഉയരുന്നത്. ഇതോടെയാണ് ഭൂമികൈമാറ്റ വിവാദത്തിനു ചൂടുപിടിച്ചത്.

അവിടെ നിലവിലുണ്ടായിരുന്ന ഫാക്ടറി പ്രവർത്തനത്തിന് മാത്രമേ ഈ ഭൂമി ഉപയോഗിക്കാവൂ എന്നാണ് ഇളവ് നൽകിയപ്പോൾ സർക്കാർ നിബന്ധന വെച്ചത്. ഈ നിബന്ധന പാലിക്കാൻ വേണ്ടിയാണ് ആർജിഎസി എന്ന കമ്പനി അവിടെ പ്രവർത്തിക്കുന്നു എന്ന് രാജകുടുംബം ചൂണ്ടിക്കാട്ടുന്നത്. ഇപ്പോൾ കൺവെൻഷൻ സെന്റർ ഇപ്പോൾ ഈ ഭൂമിയിൽ കെട്ടി ഉയർത്തുന്ന ആർജിഎസി കമ്പനിയുടെ മാനേജിങ് ഡയറക്ടർമാരായ എസ്.രാജശേഖരൻ നായർക്കും ഉദയചന്ദ്രികയ്ക്കുമാണ് പഴയ കമ്പനിയുടെ പേരിൽ തിരുവിതാംകൂർ രാജകുടുംബം കൈമാറി നൽകിയത്. ഈ കൈമാറ്റമാണ് ഇപ്പോൾ വിവാദമായത്.

ഒരു കമ്പനിയും പ്രവർത്തിക്കാത്ത സ്ഥലത്താണ് വ്യാജ കമ്പനിയുടെ പേരിൽ സ്ഥലം കൈമാറ്റം നടന്നിരിക്കുന്നത്. ഫാക്ടറി പ്രവർത്തിക്കായതോടെ തന്നെ നിബന്ധനകൾ പ്രകാരം ഈ സ്ഥലം സർക്കാരിന്റെ കൈവശത്തിലേക്ക് വന്നിരുന്നു. ജില്ലാ ഭരണകൂടവും ലാന്റ് ബോർഡുമാണ് ഈ ഘട്ടത്തിൽ സ്ഥലം തിരികെ സർക്കാരിലേക്ക് തിരികെ മുതൽ കൂട്ടേണ്ടിയിരുന്നത്. പക്ഷെ ബോധപൂർവമായി തന്നെ ഏറ്റെടുക്കൽ നടത്താതെയിരുന്നു. ഹർജിയിൽ പറഞ്ഞ ഈ കാര്യങ്ങൾ ശരിയാണെന്നു മുൻപ് മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിലും തെളിഞ്ഞിരുന്നു.

ഈ ഭൂമി സർക്കാർ ഭൂമിയാണെന്ന് തെളിയിക്കാനുള്ള ഒരു രേഖയും സർക്കാരിന്റെ കയ്യിലില്ല എന്നാണ് ശാസ്തമംഗലം വില്ലേജ് ഓഫീസർ മറുനാടനോട് വ്യക്തമാക്കിയത്. ഈ അന്വേഷണം ഡെപ്യൂട്ടി കളക്ടർ തലത്തിലേക്ക് അന്വേഷണം നീക്കിയപ്പോൾ തഹസിൽദാരും അന്ന് മറുനാടൻ മലയാളിയോട് പറഞ്ഞത് 75 കോടിയോളം മതിപ്പ് വരുന്ന ഈ ഭൂമി സർക്കാരിന്റെ കൈവശമാണെന്നു ഒരു തെളിവും ശേഷിക്കില്ലെന്നാണ്. ലാന്റ് ബോർഡ് തലത്തിലെ അന്വേഷണം നടക്കുന്നുണ്ടെന്നും തഹസിൽദാർ മറുനാടൻ മലയാളിയോട് പ്രതികരിച്ചിരുന്നു. ഭൂമി സർക്കാരിന്റെത് എന്ന് ഹർജിക്കാർ ഉറപ്പാക്കിയതോടെയാണ് ഇത് സംബന്ധമായ ഹർജി ഇപ്പോൾ വിജിലൻസ് കോടതിയിൽ നല്കപ്പെട്ടിരിക്കുന്നതും.

പൂയം തിരുനാളിനു വേണ്ടിയാണ് ഈ ഫാക്ടറി രാജാവ് അവിടെ ആരംഭിച്ചിരുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഫാക്ടറി അവിടെ നിലനിൽക്കുന്നതിനാൽ ഭൂപരിഷ്‌ക്കരണ നിയമം വന്നപ്പോൾ ഈ സ്ഥലത്തിന്റെ കാര്യത്തിൽ രാജകുടുംബം സർക്കാരിൽ നിന്നും ഇളവ് തേടി. ഈ കാര്യത്തിൽ രാജകുടുംബത്തിന് ഇളവ് നിൽക്കുകയും ചെയ്തു. 1972ൽ ഇതുസംബന്ധമായി കേസ് വന്നിരുന്നു. രാജാവിന്റെ കൈവശമുള്ള വസ്തുക്കളെ ചൊല്ലിയായിരുന്നു കേസ് വന്നത്. രാജാവിന് ഏതൊക്കെ വസ്തുക്കൾ കൈവശം വയ്ക്കാം, ഏതൊക്കെ വസ്തുക്കൾ കൈവശമുണ്ട് എന്ന പ്രശ്‌നത്തെകുറിച്ചായിരുന്നു അന്നത്തെ കേസ്.

രാജാവ് അന്ന് ഒരു വിശദ സ്റ്റേറ്റ്‌മെന്റ് ഫയൽ ചെയ്യുകയും ചെയ്തിരുന്നു. അന്ന് തിരുവിതാംകൂർ രാജകുടുംബത്തിന്റെ ഭൂമികളുമായി കൊട്ടാരങ്ങളുമായി ബന്ധപ്പെട്ട് ലാൻഡ് ബോർഡ് ഒരു ഓർഡർ കൊണ്ടുവരുകയും ചെയ്തിരുന്നു. എന്നാൽ അന്ന് രാജാവ് ഫയൽ ചെയ്ത സ്റ്റേറ്റ്മെന്റിലും അധികം ഭൂമി കൈവശമുണ്ട് എന്നതാണ് പിന്നീട് ആരോപണം ഉയർന്നത്. ഈ ആരോപണത്തിന്റെ തുടർച്ച തന്നെയാണ് ഇപ്പോഴും ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP