Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202208Thursday

തിരുവല്ലം ഉണ്ണിയുടെ പൂഴനാട്ടെ വീട് കണ്ടെത്തിയത് നിർണ്ണായകമായി; ലുങ്കി ഉടുത്ത് സിഗരറ്റ് വലിച്ച് വേഷപ്രച്ഛന്നനായി എത്തിയപ്പോൾ കണ്ടത് നിരീക്ഷണ ക്യാമറകൾ; കൊടുംകള്ളനെ ഒടുവിൽ വളഞ്ഞിട്ട് പോക്കി; മുണ്ടക്കയം പൊലീസിന്റെ 'തിരുവല്ലം' ഓപ്പറേഷൻ സക്സസ്

തിരുവല്ലം ഉണ്ണിയുടെ പൂഴനാട്ടെ വീട് കണ്ടെത്തിയത് നിർണ്ണായകമായി; ലുങ്കി ഉടുത്ത് സിഗരറ്റ് വലിച്ച് വേഷപ്രച്ഛന്നനായി എത്തിയപ്പോൾ കണ്ടത് നിരീക്ഷണ ക്യാമറകൾ; കൊടുംകള്ളനെ ഒടുവിൽ വളഞ്ഞിട്ട് പോക്കി; മുണ്ടക്കയം പൊലീസിന്റെ 'തിരുവല്ലം' ഓപ്പറേഷൻ സക്സസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വേണമെങ്കിൽ ആരേയും പൊലീസ് കണ്ടെത്തും. ഇതിന് തെളിവായി തിരുവല്ലം ഉണ്ണിയുടെ അറസ്റ്റ്. സിസിടിവി ക്യാമറകൾ കൃത്യമായി പിന്തുടർന്നാണ് കേരളത്തിലെ കൊടുംക്രിമനലായ തിരുവല്ലം ഉണ്ണിയെ മുണ്ടക്കയം പൊലീസ് പിടികൂടുന്നത്. കേരളാ പൊലീസിന്റെ അന്വേഷണ മികവിന്റെ തൊപ്പിയിൽ മറ്റൊരു പൊൻതൂവൽ. എകെജി സെന്ററിൽ പടക്കം എറിഞ്ഞവരെ കണ്ടെത്താൻ കഴിയാത്തതിന് പഴി കേൾക്കുന്ന അതേ പൊലീസാണ് സൂപ്പർ ഇടപെടലിലൂടെ കള്ളനെ പൊക്കുന്നത്. പത്തനംതിട്ട പൊലീസ് സ്‌റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥയെ വരെ പ്രതിക്കൂട്ടിൽ നിർത്തുന്ന തരത്തിലായിരുന്നു തിരുവല്ലം ഉണ്ണി മുണ്ടക്കയം പൊലീസിനെ കബളിപ്പിച്ച് കടന്നത്. ഈ ഉണ്ണിയെയാണ് ഉണ്ണിയുടെ തട്ടകത്തിൽ പോയി മുണ്ടക്കയത്തെ പൊലീസ് പൊക്കുന്നത്.

തിരുവനന്തപുരത്തെ കുപ്രസിദ്ധ മോഷ്ടാവാണ് തിരുവല്ലം ഉണ്ണി. കോടി മുണ്ടു മുതൽ ലാപ്‌ടോപ്പ് വരെ കൈയിൽ കിട്ടുന്നതെന്തും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന കവർച്ചക്കാരൻ. ഈ മോഷ്ടാവ് മുണ്ടക്കയത്ത് മോഷണം നടത്തുന്നു. വിരലടയാളത്തിലൂടെ കള്ളനെ പൊലീസ് തിരിച്ചറിയുന്നു. അന്ന് തുടങ്ങിയ അന്വേഷണമാണ് ഇന്ന് പുലർച്ചെ അറസ്റ്റിൽ എത്തിയത്. നിരവധി കേസുകളിൽ പ്രതിയായ കൊടുംക്രിമിനലിനെ പിന്തുടർന്ന പൊലീസിനു മുന്നിൽപ്പെട്ടത് വനിതാ പൊലീസായിരുന്നു സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി പൊലീസ് തിരഞ്ഞുകൊണ്ടിരിക്കുന്ന തിരുവല്ലം ഉണ്ണിയുടെ ആഡംബര വാഹനത്തെ സാഹസികമായി പൊലീസ് പിന്തുടരുകയായിരുന്നു. തുടർന്ന് ഇയാൾ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. അതിന് ശേഷം ഉണ്ണിയുടെ വണ്ടിയിൽ നിന്ന് ഇറങ്ങിയതാവട്ടെ പത്തനംതിട്ട വനിതാ സ്റ്റേഷനിലെ ഉദ്യോഗസ്ഥയും. ഇതു കണ്ട് പൊലീസുകാർ അമ്പരന്നു. അപ്പോഴേക്കും ഉണ്ണി ഓട്ടം തുടർന്നു. ഓടി രക്ഷപ്പെടുന്ന ഉണ്ണിയെ അന്ന് പൊലീസിന് പിടിക്കാനായില്ല.

എന്നാൽ ഉണ്ണിയുടെ സുമോ വന്ന വഴിയേ പൊലീസ് പോയി. അത് നിർണ്ണായകവുമായി. അതിന് മുമ്പ് തന്നെ ചില സൂചനകൾ പൊലീസിന് കിട്ടിയിരുന്നു. കാട്ടക്കടയ്ക്ക് അടുത്തായിരുന്നു ഉണ്ണിയുടെ താമസം. ഇവിടെ ഭാര്യയും മക്കളുമുണ്ട്. ഉണ്ണിയിലേക്ക് എത്താൻ ഒരു തുമ്പും പൊലീസിനുണ്ടായിരുന്നില്ല. പൂഴനാട്ടെ വീട് കണ്ടെത്തിയ പൊലീസ് മക്കളുടെ സ്‌കൂൾ കണ്ടെത്തി. കാട്ടക്കടയ്ക്ക് അടുത്തായിരുന്നു അവരുടെ പഠനം. ആ സ്‌കൂളിൽ നിന്ന് ആ കുട്ടികളുടെ മൊബൈൽ നമ്പർ ശേഖരിച്ചതാണ് നിർണ്ണായകമായത്. നൂറോളം മൊബൈൽ നമ്പരുകളുടെ പരിശോധനയിൽ നിന്ന് ഏഴു നമ്പരിലേക്ക് അന്വേഷണമെത്തി. അതിന് ശേഷം ഒരു ദിവസം രാത്രി പൊലീസുകാർ ഉണ്ണിയുടെ പൂഴനാട്ടെ വീട്ടിലെത്തി. കുറ്റവാളിയുടെ രീതികൾ അറിയാവുന്നതു കൊണ്ട് കൈലിയുടുത്ത് തലയിൽ മുണ്ടും കെട്ടി സിഗറ്റും വലിച്ചവർ വീട്ടിലെത്തി. രണ്ടു മുറി വീട്ടിൽ നാലു സിസിടിവി ക്യാമറകൾ. ആരു വന്നാലും അത് ഉണ്ണിക്ക് മനസ്സിലാകുന്ന തരത്തിലെ ഇടപെടൽ. അന്ന് ഉണ്ണിയെ കിട്ടിയില്ല.

അതിന് ശേഷം കൊട്ടാരക്കര വഴി ഉണ്ണി പോകുന്നുവെന്ന് പൊലീസ് മനസ്സിലാക്കി. വണ്ടിയുടെ നമ്പർ അടക്കം തിരിച്ചറിഞ്ഞ് വാഹനം പിന്തുടർന്നു. ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയ ഉണ്ണിയെ പിടിക്കാൻ പൊലീസ് മെല്ലെ ഇറങ്ങി. എന്നാൽ പൊലീസിനെ വെട്ടിച്ച് വണ്ടി മുമ്പോട്ടു പോയി. ആളൊഴിഞ്ഞ സ്ഥലത്തു നിന്നും സുമോ കിട്ടി. ഈ വാഹനത്തിൽ നിന്ന് ഇറങ്ങി വന്നത് ഒരു സ്ത്രീയായിരുന്നു. അത് സത്യുത്യർഹ സേവനത്തിനുള്ള മെഡൽ കിട്ടിയ പൊലീസുകാരിയാണെന്ന് പിന്നീട് തെളിയുകയും ചെയ്തു. അവിടേയും പൊലീസ് പിന്തരിഞ്ഞില്ല. മുണ്ടക്കയം പൊലീസ് വീണ്ടും ഇയാൾക്ക് പിന്നാലെ അന്വേഷണം തുടർന്നു. അന്ന് സുമോ വന്ന വഴിയുള്ള സിസിടിവി പരിശോധന എത്തിയത് തിരുവല്ലത്തായിരുന്നു. കോവളത്തിന് അടുത്തുള്ള തിരുവല്ലം ടോൾ പ്ലാസയിൽ വണ്ടി കയറിയതായും തെളിഞ്ഞു. എന്നാൽ അതിന് അപ്പുറത്തേക്ക് തെളിവൊന്നും കിട്ടിയില്ല. പക്ഷേ സംഘം നിരാശരായില്ല. പുഴനാട്ടും തിരുവല്ലത്തും അന്വേഷണം തുടർന്നു.

ഇതിനിടെ തിരുവല്ലത്ത് ഇയാൾക്ക് വാടക വീടുണ്ടെന്ന് മനസ്സിലായി. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ സംഘം ഇവിടെ എത്തി. എന്നാൽ രാത്രി പത്ത് മണിക്ക് തന്നെ രണ്ടു വാഹനം ഈ വീട്ടിൽ നിന്ന് പുറത്തു പോയി. എപ്പോഴെങ്കിലും വില്ലൻ എത്തുമെന്ന പ്രതീക്ഷയിൽ പൊലീസ് കാത്തിരുന്നു. അതു വെറുതെയായില്ല. പുലർച്ചെ നാലു മണിയോടെ ഇൻഡിഗോ കാർ എത്തി. ഉണ്ണി അതിലുണ്ടെന്ന വിശ്വാസത്തിൽ ഓപ്പറേഷൻ നടത്തി മുണ്ടക്കയം പൊലീസ്. അപ്രതീക്ഷിത നീക്കത്തിൽ തിരുവല്ലയിലെ ക്രിമിനൽ പകച്ചു. ഉണ്ണിയെ കൈയാമം വച്ച് ആ സംഘം മുണ്ടക്കയത്തേക്ക് മടങ്ങി. തിരുവല്ലത്തെ ഓപ്പറേഷൻ സക്‌സസ്. വേണമെങ്കിൽ ഏത് പ്രതിയേയും കേരളാ പൊലീസിന് പിടിക്കാനാകുമെന്നതിന് തെളിവാണ് ഈ തിരുവല്ലം ഓപ്പറേഷൻ.

മുണ്ടക്കയം സിഐ കെ.ഷൈൻ കുമാറിന്റെ ഏകോപനമാണ് തിരുവല്ലം ഉണ്ണിയെ അഴിക്കുള്ളിലാക്കുന്നത്. എസ് ഐ അനീഷും സിപിഒമാരായ ജോഷി  എം തോമസും,
രഞ്ജിത്തും, രഞ്ജിത്ത് നായരും, ശരത് ചന്ദ്രനും, ജോഷിയും, ജോൺസണും, റോബിനും ചേർന്ന് നടത്തിയ അന്വേഷണം. അഡീഷണൽ എസ്‌ഐ മനോജ് കെജി യാണ് കേസിൽ നിർണായക ഇടപെടൽ നടത്തിയതെന്ന കാര്യവും എടുത്തുപറയേണ്ടതുണ്ട്. ചെറുവിവരം പോലും ചോരാതെ നോക്കിയാണ് പൊലീസിനുള്ളിലെ ചതിക്കൂട്ടങ്ങളെ മുണ്ടക്കയത്തെ മിടുക്കർ തോൽപ്പിച്ചത്. തിരുവല്ലയിൽ നിന്ന് പ്രതിയുമായി അവർ മുണ്ടക്കയത്ത് എത്തിക്കഴിഞ്ഞു. ഇതോടെ നിരവധി കേസുകളിലെ കള്ളനാണ് കുടുങ്ങുന്നത്. കഴിഞ്ഞ മാസം 15നാണ് 42 ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുവല്ലം ഉണ്ണി ആഡംബരജീപ്പിൽ അടൂർഭാഗം കടന്ന് പത്തനംതിട്ടയിലേക്ക് വന്നത് മുണ്ടക്കയം പൊലീസ് മനസിലാക്കി നീങ്ങിയത്.

ഇയാളെ നിരന്തരം പിന്തുടർന്നിരുന്ന മുണ്ടക്കയം സിഐയും സംഘവും പൊലീസ് വാഹനത്തിൽ പിന്നാലെ എത്തി. ഇത് മനസ്സിലാക്കിയ ഉണ്ണി കൈപ്പട്ടൂരിൽനിന്ന് ജീപ്പ് അതിവേഗതയിൽ വിട്ടു. കോളജ് ജങ്ഷനിൽവെച്ച് നാല് വാഹനങ്ങളിൽ തട്ടി. എന്നിട്ടും നിർത്താതെ മുന്നോട്ടുപോയ ഇയാൾ വാളുവെട്ടുംപാറയിലേക്ക് ഓടിച്ചുകയറ്റി. പൊലീസും പിന്നാലെ കൂടി. എന്നാൽ റോഡ് തീർന്നഭാഗത്തുവെച്ച് വാഹനം ഉപേക്ഷിച്ച് ഇയാൾ അപ്രത്യക്ഷമാവുകയായിരുന്നു. ഓട്ടത്തിൽ ഉണ്ണിയെ തോൽപ്പിക്കുക അസാധ്യമെന്ന് പൊലീസ് നേരത്തെ തന്നെ മനസ്സിലാക്കിയിട്ടുണ്ട്. ഈ ഓട്ടമാണ് മുണ്ടക്കയം പൊലീസിനെ അന്ന് വെട്ടിലാക്കിയത്. അതുകൊണ്ട് തന്നെ തിരുവല്ലത്തെ ഓപ്പറേഷനിലും പ്രതി ഓടുന്നില്ലെന്ന് ഉറപ്പാക്കി വളഞ്ഞിട്ടായിരുന്നു ഓപ്പറേഷൻ.

തിരുവല്ലം ഉണ്ണിയെന്ന തിരുവല്ലം മേനിലം കീഴേ പാലറക്കുന്ന് വീട്ടിൽ ഉണ്ണിക്കൃഷ്ണൻ വാഹന മോഷണത്തിലൂടെയാണ് മോഷണത്തിൽ ഹരിശ്രീ കുറിക്കുന്നത്. പിന്നീട് സ്‌പെയർപാർട്‌സുകൾ, കടകൾ, വീടുകൾ എന്നിവിടങ്ങളിലേക്ക് മോഷണം വ്യാപിപ്പിച്ചു. മോഷണ വസ്തുക്കൾ ആക്രികടകളിൽ വിൽക്കുന്ന പ്രതി ആഡംബര ജീവിതമാണ് നയിച്ചത്. പൊലീസിനെ കണ്ടാൽ പരമാവധി ഓടി രക്ഷപ്പെടാൻ നോക്കുന്നതാണ് പതിവ്. ഏറെ നേരത്തെ ഓട്ടത്തിനൊടുവിൽ പൊലീസ് പിടിച്ച ചരിത്രവുമുണ്ട്. 2019ൽ ഉണ്ണി പൊലീസ് പിടിയിലായിരുന്നു. അന്ന് ഉണ്ണി ഒളിവിൽ കഴിഞ്ഞിരുന്ന കോവളം കെഎസ് റോഡിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും മോഷണം നടത്തി കിട്ടിയ മോഷണ വസ്തുക്കളും പണവും കണ്ടെടുത്തിരുന്നു.

വ്യാപാര സ്ഥാപനങ്ങളിൽ നിന്നു മോഷ്ടിച്ച സിസിടിവി ഹാർഡ് ഡിസ്‌ക്കുകളും ഇവയിൽ ഉൾപ്പെടുന്നു. ക്യാമറയിൽ ആളെ തിരിച്ചറിയാതിരിക്കാനാണ് ഹാർഡ് ഡിസ്‌ക്കുകളും മോഷ്ടിച്ചിരുന്നത്. ഒതുങ്ങിയ സ്ഥലത്ത് അയൽവീടുകൾ അധികമില്ലാത്ത ഇടം നോക്കിയാണ് ഇയാൾ താമസത്തിനായി വീട് വാടകയ്ക്ക് എടുത്തിരുന്നത്. ആദ്യം വാടകക്കെടുത്തത് കോവളം കെഎസ് റോഡ് ചുനക്കരയിലെ വീടായിരുന്നു. ഭാര്യയേയും മക്കളേയും പൂഴനാട്ടേക്ക് മാറ്റി തിരുവല്ലത്തെ വാടക വീട്ടിൽ ഒളിത്താമസത്തിന് തെരഞ്ഞെടുത്തത്. അതും മുണ്ടക്കയത്തെ മികവ് പിടികൂടുകയായിരുന്നു.

തുടർന്ന് വണ്ടിത്തടത്തേക്ക് മാറി. ഇവിടെ വച്ച് പൊലീസ് പിടിക്കുമെന്നായപ്പോൾ കാറുപേക്ഷിച്ചു ഓടി. അന്നു കൂട്ടു പ്രതിയായ ഭാര്യ പിടിയിലായിരുന്നു. തുടർന്നാണ് കെഎസ് റോഡിലെ വീട്ടിൽ വാടകക്കെത്തുന്നത്. ഒരു പ്രദേശത്ത് ഒരു ദിവസം നിരവധി മോഷണം നടത്തുന്നതാണ് ഉണ്ണിയുടെ രീതി. അർധരാത്രിക്കു ശേഷം തന്റെ ഓട്ടോറിക്ഷയിൽ കവർച്ച ചെയ്യാനുദ്ദേശിക്കുന്ന പ്രദേശത്ത് എത്തി ഓട്ടോ സുരക്ഷിതമായി പാർക്കു ചെയ്യും. ശേഷം കമ്പി പാരയുമായാണു മോഷണത്തിനിറങ്ങുന്നത്. സിസിടിവിയിൽ നിന്ന് രക്ഷപ്പെടുന്നതിന് ഹെൽമറ്റ് ധരിച്ചാണ് ഇയാൾ മിക്ക മോഷണങ്ങളും നടത്തുന്നത്. മോഷണം നടത്തി കിട്ടുന്ന പണം ഉപയോഗിച്ച് വൻ കവർച്ചകൾക്കു തയ്യാറെടുക്കുന്നതിന് ഉപയോഗിക്കും.

ജയിൽ കിടക്കുന്നതും ഉണ്ണിക്ക് പുത്തരിയല്ല. ജാമ്യം കിട്ടി പുറത്തിറങ്ങിയാൽ പിന്നീടങ്ങോട്ട് പൊലീസിനും നാട്ടുകാർക്കും ഉറക്കമില്ലാത്ത നാളുകളായിരിക്കും.തിരുവനന്തപുരത്ത് കാട്ടാക്കട, മലയിൻകീഴ്, ഉരൂട്ടമ്പലം, വീരണകാവ്, പൂങ്കുളം തുടങ്ങിയ പ്രദേശങ്ങളിൽ വൻ മോഷണ പരമ്പര നടത്തിയ ചരിത്രം ഇയാൾക്കുണ്ട്. പൂഴനാട് ചാനൽ പാലത്തിന് സമീപം വിഷ്ണുഭവനിൽ താമസിക്കെയും ഇയാൾ അറസ്റ്റിലായിട്ടുണ്ട്.

 പൊലീസിന് തന്റെ വിവരങ്ങൾ കൈമാറുന്നുവെന്ന് വിശ്വസിച്ചിരുന്ന ഇയാൾ വിരോധം നിമിത്തം ഇയാൾ താമസിച്ചിരുന്ന വീടിന് സമീപത്തെ അയൽവാസികളുടെ കിണറുകളിൽ വിഷം കലക്കിയതിനെ തുടർന്ന് ആര്യങ്കോട് പൊലീസ് എടുത്ത കേസും ഇയാളുടെ ക്രൂരതയ്ക്ക് തെളിവാണ്.

ഹോട്ടലുകളും പെട്ടിക്കടകളുമായിരുന്നു ഇയാൾ ഏറ്റവും കൂടുതൽ മോഷണം നടത്തിയിട്ടുള്ളത്. മഹാദേവ ലോട്ടറിക്കട പൊളിച്ചതും ഉൾപ്പെടെയുള്ള കേസുകളും മലയിൻകീഴ് കുളക്കോട് കല്യാണി റസ്റ്റോറന്റിന് മുൻവശം പൂട്ട് പൊളിച്ച് ഇരുപത്തി അയ്യായിരം രൂപയും സി.സി.ടി.വി ഹാർഡ് ഡിസ്‌ക്കും മോഷ്ടിച്ചത്, മലയിൻകീഴ് ആൽത്തറ സുമാ ദേവി ഓട്ടോമൊബൈൽസ് ഉപകരണങ്ങളും പണവും കവർന്നത്, തൊട്ടടുത്തുള്ള വീടിന്റെ ഓട് പൊളിച്ചിറങ്ങി ഒരു ലക്ഷം വിലയുള്ള ക്യാമറ മോഷണം നടത്തിയതുൾപ്പെടെ കാട്ടാക്കട മുതിയാവിള ജംഗ്ഷന് സമീപം ശീകുമാറിന്റെ മസ്‌ക്കറ്റ് ബേക്കറി പൊളിച്ച് ഇരുപത്തിനാലായിരം രൂപയും ഹാർഡ് ഡിസ്‌കും മറ്റും മോഷണം നടത്തിയതും, മുതിയാവിള അൽഫോസാമ്മ ഹോട്ടൽ പൊളിച്ചതും, മുതിയാവിള അച്ചൂസ് ചിക്കൻ സെന്റർ പൊളിച്ച് കോഴികളും ക്യാഷും കവർന്ന കേസ്സ് എന്നിങ്ങനെ നിരവധി കേസുകളിൽ പ്രതിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP