Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

തിരുകേശത്തിലെ വിവാദ പ്രസ്താവനയിൽ പിണറായി മാപ്പു പറയണമെന്നു കാന്തപുരം; ബോഡി വേസ്റ്റ് പ്രസ്താവന തിരുത്തില്ലെന്നു പിണറായി; രാഷ്ട്രീയ പിന്തുണ ചോദിച്ചവർക്കു മുമ്പിൽ ആദ്യ വ്യവസ്ഥ കല്ലുകടിയായി; ചർച്ചകൾ തുടരും

തിരുകേശത്തിലെ വിവാദ പ്രസ്താവനയിൽ പിണറായി മാപ്പു പറയണമെന്നു കാന്തപുരം; ബോഡി വേസ്റ്റ് പ്രസ്താവന തിരുത്തില്ലെന്നു പിണറായി; രാഷ്ട്രീയ പിന്തുണ ചോദിച്ചവർക്കു മുമ്പിൽ ആദ്യ വ്യവസ്ഥ കല്ലുകടിയായി; ചർച്ചകൾ തുടരും

കെ സി റിയാസ്

കോഴിക്കോട്: തിരുകേശ വിഷയത്തിൽ സി പി എം നേതാവ് പിണറായി വിജയൻ മാപ്പു പറയണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽസെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ആസന്നമായ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞദിവസം കാന്തപുരം മുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തിയ സി പി എം സ്വതന്ത്ര എംഎൽഎമാരായ ഡോ. കെ ടി ജലീൽ, അഡ്വ. പി ടി എ റഹീം എന്നിവർ മുഖേനയാണ് കാന്തപുരം ഇത്തരമൊരു ആവശ്യം മുന്നോട്ടുവച്ചത്.

പ്രവാചകന്റെ തിരുശേഷിപ്പുകൾ സൂക്ഷിക്കാനെന്നോണം കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ 'ശഅ്‌റെ മുബാറക്' എന്ന പേരിൽ പള്ളി നിർമ്മാണത്തിന് വ്യാപകമായ പണപ്പിരിവ് നടത്തിയപ്പോൾ, വിവിധ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തിൽ അതിനെതിരെ ഒറ്റയ്ക്കും കൂട്ടാമായും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. പ്രവാചകന്റെ പേരിൽ ഇല്ലാത്ത മുടിയുടെ പേര് പറഞ്ഞ് ആത്മീയ തട്ടിപ്പിനാണ് കളമൊരുങ്ങുന്നതെന്നായിരുന്നു സമസ്തയും സംഘടനക്കാർ അടക്കമുള്ളവർ വാദിച്ചിരുന്നത്. തിരുകേശ വിവാദത്തിൽ ഇടപെട്ട് അന്നത്തെ സി പി എം സംസ്ഥാന സെക്രട്ടറി കൂടിയായ പിണറായി വിജയൻ രൂക്ഷമായി പ്രതികരിച്ചത് കാന്തപുരം വിഭാഗത്തെ വല്ലാതെ ചൊടിപ്പിച്ചിരുന്നു.

Stories you may Like

'പ്രവാചകന്റെ മുടിയായാലും നഖമായാലും മറ്റെന്തായാലും, ബോഡി വേസ്റ്റ് ബോഡി വേസ്റ്റ് തന്നെയാണെന്നായിരുന്നു പിണറായിയുടെ പ്രതികരണം. പ്രവാചകനെ സ്‌നേഹിക്കുന്ന വിശ്വാസികൾ, ബോഡി വേസ്റ്റല്ല, അദ്ദേഹത്തിന്റെ ചര്യയാണ് ജീവിതത്തിൽ മാതൃകയാക്കേണ്ടതെന്നും പിണറായി ഓർമിപ്പിക്കുകയുണ്ടായി. മതത്തിന്റെ മറവിലുള്ള ആത്മീയ ചൂഷണങ്ങൾക്കെതിരെയുള്ള പിണറായിയുടെ പ്രസ്താവനയ്ക്കു കേരളത്തിലെയും ഗൾഫ് നാടുകളിലെയും മുസ്‌ലിം സംഘടനകളിൽനിന്നടക്കം, പൊതുസമൂഹത്തിൽ ഏറെ സ്വീകാര്യതയും ലഭിക്കുകയുണ്ടായി. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി പല നേതാക്കളും മൗനം പാലിക്കവെയാണ്, കേരളത്തിലെ ഇടത്-വലത് രാഷ്ട്രീയ പാർട്ടികളിലെ ഒരു നേതാവും തയ്യാറാകാത്ത പ്രസ്താവന നടത്താൻ അന്ന് പിണറായി തയ്യാറായതെന്നതും ശ്രദ്ധേയമായിരുന്നു. കാന്തപുരം മുസ്‌ലിയാരുമായി ഏറെ അടുപ്പമുള്ള മുൻ എം പിയും സി പി എം നേതാവുമായ ടി കെ ഹംസയും പിണറായിയുടെ പ്രസ്താവനയ്ക്കു കയ്യൊപ്പ് ചാർത്തിയിരുന്നു.

പിന്നീട് കാന്തപുരത്തിന്റെ മോദി സർക്കാറിനു സഹായകരമായ ഒരു പ്രസ്താവനയെക്കുറിച്ചും പിണറായി പ്രതികരിക്കുകയുണ്ടായി. 'മതന്യൂനപക്ഷ സംരക്ഷണം ആവശ്യമുള്ളവരാണ് ഗുജറാത്ത് കലാപത്തെക്കുറിച്ച് അറിയില്ലെന്നു' പറഞ്ഞതെന്നായിരുന്നു പിണറായിയുടെ വിമർശം. എന്നാൽ ബഹ്‌റൈനിൽ വച്ച് മാദ്ധ്യമപ്രവർത്തകരുമായുള്ള തന്റെ കൂടിക്കാഴ്ചയിൽ ഉന്നയിച്ച വാക്കുകൾ ചിലർ വളച്ചൊടിച്ചാണ് വിവാദ പ്രസ്താവന ഉണ്ടായതെന്ന് കാന്തപുരം വിശദീകരിച്ചിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിലും ശേഷം നടക്കാനുള്ള നിയമസഭാ തെരഞ്ഞെടുപ്പിലും കാന്തപുരം വിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കുന്നതിന്റെ ആദ്യ പടിയെന്നോണമാണ് ഇടത് എം എൽ എമാരുടെ നേതൃത്വത്തിൽ കാന്തപുരവുമായി കഴിഞ്ഞദിവസം മർകസിൽ വച്ച് ചർച്ച നടന്നത്. ആദ്യഘട്ടമെന്ന നിലയിൽ ചർച്ചയെ ഇരുകൂട്ടരും വളരെ പോസിറ്റീവായാണ് കാണുന്നതെങ്കിലും തിരുകേശ വിവാദത്തിലെ പിണറായിയുടെ പ്രസ്താവന മറക്കാനാവില്ലെന്നും അത് തങ്ങളെ ഏറെ വേദനിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞ കാന്തപുരം മുസ്‌ലിയാർ, ഇക്കാര്യത്തിൽ പിണറായി മാപ്പുപറയണമെന്ന കടുത്ത നിലപാടാണ് മുന്നോട്ടു വച്ചത്.

എന്നാൽ അത്തരമൊരു സാധ്യതയിൽ ഇടത് എംഎൽഎമാർ നിസ്സഹായത പ്രകടിപ്പിച്ചപ്പോൾ മുമ്പ് ഇസ്‌ലാമിക ശരീഅത്ത് വിവാദ കാലത്ത് സിപിഐ(എം) നേതാവും മുൻ മുഖ്യമന്ത്രിയുമായ ഇ എം എസ് നമ്പൂതിരിപ്പാട് വിവാദമായ തന്റെ പ്രസ്താവന തിരുത്തിയ കാര്യം ഓർമിപ്പിക്കുകയായിരുന്നു കാന്തപുരം. തിരുകേശ വിവാദത്തിലും അത്തരമൊരു തിരുത്തലുണ്ടാവണമെന്നാണ് കാന്തപുരത്തിന്റെ വാദം. എന്നാൽ ഇതിന് ഒരുക്കമല്ലെന്നാണ് പിണറായി ക്യാംപിൽനിന്ന് ലഭിക്കുന്ന സൂചനകൾ.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവമ്പാടി ഉൾപ്പെടെയുള്ള ചില മണ്ഡലങ്ങളിൽ സി പി എം സ്ഥാനാർത്ഥികൾക്കെതിരെ കാന്തപുരം വിഭാഗം തങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തിയിരുന്നു. 'തങ്ങളെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുമെന്ന' കാന്തപുരത്തിന്റെ പ്രസ്താവനയുടെ വെളിച്ചത്തിലായിരുന്നു ഇത്. എന്നാൽ ലീഗിനോട് ഒട്ടിനിൽക്കുന്ന സമസ്ത ഇ കെ വിഭാഗത്തിനെതിരെയുള്ള സംഘടനാപ്രശ്‌നങ്ങളിൽ അടക്കം, വളരെ നിർണായക ഘട്ടങ്ങളിൽ കാന്തപുരം വിഭാഗത്തെ സഹായിച്ച സി പി എം, ഇത്തരമൊരു പാരപ്പണി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

വഖഫ് ബോർഡ്, ഹജ്ജ് കമ്മിറ്റി തുടങ്ങിയ സർക്കാർ പദവികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകുന്നതിലും വിവിധ കോഴ്‌സുകൾ അനുവദിക്കുന്നതിലും പ്രാദേശികമായ പള്ളി-മദ്‌റസ സംഘടനാ പ്രശ്‌നങ്ങളിലുമെല്ലാം കാന്തപുരം ഗ്രൂപ്പിനെ കൈമെയ് സഹായിച്ച, സി പി എം പ്രത്യുപകാരത്തിനു പകരം വഞ്ചനയുണ്ടായതിൽ കടുത്ത അസംതൃപ്തിയിലായിരുന്നു. ഈ അസംതൃപ്തിയുടെ പുകപടലങ്ങൾ നീക്കാനും അകൽച്ചയുടെ ആഴം കുറയ്ക്കാനുമായി അടുത്ത ഘട്ട ചർച്ച ഈ മാസം 21ന് നടക്കുമെന്നാണ് അറിയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP