Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊല്ലം സ്വദേശിയായ യുവാവിനെ സ്‌നേഹിച്ചു അടുത്തുകൂടി ആദ്യ വിവാഹം; യുവാവിനെ കബളിപ്പിച്ച് മുങ്ങിയ ശേഷം പൊങ്ങിയത് മസ്‌ക്കറ്റിൽ ജോലിയുള്ള ഡോക്ടറെ ഭർത്താവാക്കി; ഹണിട്രാപ്പിന്റെ മാതൃകയിൽ മൂന്ന് പേരെ കൂടി കല്യാണക്കെണിയിൽ കുടുക്കി പണവും സ്വർണവും കൈക്കലാക്കി; സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി നോക്കുന്നതിനിടെ മോഷണത്തിൽ ആദ്യമായി പിടിക്കപ്പെട്ടു; അനീഷിന്റെ വീട്ടിൽ വീട്ടുവേലക്കാരിയായ ജോലിക്കിറങ്ങിയതും തട്ടിപ്പുലക്ഷ്യമിട്ട്; ഫ്ളാറ്റിൽ നിന്നും സ്വർണം മോഷ്ടിച്ചു മുങ്ങിയ ബിജി ഒരു പഠിച്ചകള്ളി!

കൊല്ലം സ്വദേശിയായ യുവാവിനെ സ്‌നേഹിച്ചു അടുത്തുകൂടി ആദ്യ വിവാഹം; യുവാവിനെ കബളിപ്പിച്ച് മുങ്ങിയ ശേഷം പൊങ്ങിയത് മസ്‌ക്കറ്റിൽ ജോലിയുള്ള ഡോക്ടറെ ഭർത്താവാക്കി; ഹണിട്രാപ്പിന്റെ മാതൃകയിൽ മൂന്ന് പേരെ കൂടി കല്യാണക്കെണിയിൽ കുടുക്കി പണവും സ്വർണവും കൈക്കലാക്കി; സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി നോക്കുന്നതിനിടെ മോഷണത്തിൽ ആദ്യമായി പിടിക്കപ്പെട്ടു; അനീഷിന്റെ വീട്ടിൽ വീട്ടുവേലക്കാരിയായ ജോലിക്കിറങ്ങിയതും തട്ടിപ്പുലക്ഷ്യമിട്ട്; ഫ്ളാറ്റിൽ നിന്നും സ്വർണം മോഷ്ടിച്ചു മുങ്ങിയ ബിജി ഒരു പഠിച്ചകള്ളി!

ആർ പീയൂഷ്

കൊച്ചി: വീട്ടു വേലയ്ക്ക് നിന്ന ഫ്ളാറ്റിൽ നിന്നും പണവും സ്വർണ്ണാഭരണങ്ങളുമായി കടന്നു കളഞ്ഞ കായംകുളം സ്വദേശിനി ബിജി വലിയ തട്ടിപ്പ് കാരിയാണെന്ന് പൊലീസ്. ഇവർ പല സ്ഥലങ്ങളിലായി അഞ്ചോളം പേരെ വിവാഹം കഴിച്ചതായും അവരുടെ പക്കൽ നിന്നും പണവും മറ്റും കവർന്നതായും വിവരം ലഭിച്ചതായാണ് പൊലീസ് പറയുന്നത്. വിവിധ രീതിയിലാണ് ഇവരുടെ തട്ടിപ്പുകൾ. കായംകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി നോക്കുന്നതിനിടയിൽ നടത്തിയ മോഷണമാണ് ബിജി ആദ്യമായി പിടിക്കപ്പെടുന്ന സംഭവം. എന്നാൽ ആശുപത്രി മാനേജ്മെന്റിനോട് മാപ്പ് പറഞ്ഞ് അവിടെ നിന്നും കേസിൽപ്പെടാതെ രക്ഷപെടുകയായിരുന്നു. പിന്നീടാണ് തട്ടിപ്പിന്റെ ഒരു പരമ്പര തന്നെ ഇവർ നടത്തിയത്.

ആദ്യം വിവാഹം കഴിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു. കൊല്ലം സ്വദേശിയായ ഒരു യുവാവിനെയാണ് ആദ്യം കബളിപ്പിച്ചത്. ഇയാളുമായി സ്നേഹ ബന്ധത്തിലാവുകയും ഒരു ക്ഷേത്രത്തിൽ വച്ച് താലികെട്ടി ജീവിതം ആരംഭിക്കുകയുമായിരുന്നു. അധിക നാൾ ഈ ബന്ധം തുടർന്നില്ല. ഇയാളെ കബളിപ്പിച്ച് ഇവിടെ നിന്നും മുങ്ങുകയായിരുന്നു. പിന്നീട് മസ്‌ക്കറ്റിൽ ജോലി ചെയ്യുന്ന ഒരു ഡോക്ടറുമായി ചങ്ങാത്തത്തിലാവുകയും അയാളെ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹത്തിന് ശേഷം മസ്‌ക്കറ്റിലേക്ക് ഡോക്ടർ പോയ ശേഷം നാട്ടിൽ വീണ്ടും വിവാഹ തട്ടിപ്പുമായി ഇറങ്ങി. അങ്ങനെയാണ് മറ്റൊരു യുവാവുമായി പത്തിയൂരിലെ വീട്ടിലെത്തി താമസം ആരംഭിച്ചത്. പിന്നീട് ഈ ബന്ധത്തിൽ നിന്നും ഒഴിവാകുകയും ചെയ്തു.

ഹണി ട്രാപ്പിന്റെ മറ്റൊരു പതിപ്പാണ് തട്ടിപ്പിനായി ഇവർ ഉപയോഗിക്കുന്നത്. യുവാക്കളുമായും മധ്യവയസ്‌ക്കരുമായും അടുപ്പത്തിലാവുകയും പിന്നീട് ഇവരെ തട്ടിപ്പ് നടത്തി കടന്നു കളയുകയുമാണ് പതിവ്. ഇത്തരത്തിൽ അഞ്ചോളം പേരുണ്ടെന്നാണ് വിവരം. ആദ്യമായാണ് വീട്ടു വേലയ്ക്ക് നിന്ന് തട്ടിപ്പ് നടത്താൻ ബിജി രംഗത്തിറങ്ങിയത് എന്നാണ് പൊലീസ് നൽകുന്ന വിവരം. കാരണം, തട്ടിപ്പ് നടത്തുന്നവർ ഒരിക്കലും തങ്ങളുടെ യഥാർത്ഥ വിവരങ്ങൾ കൈമാറുകയില്ല. എന്നാൽ തൃശൂരിലെ അനീഷിന്റെ ഫ്ളാറ്റിൽ ജോലിക്കെത്തിയപ്പോൾ യഥാർത്ഥ ഐഡന്റിറ്റി കാർഡാണ് കൊടുത്തത്. ഇവിടെ നിന്നു കൊണ്ട് എന്തോ തട്ടിപ്പിന് പ്ലാൻ ചെയ്യുന്നതിനിടയിലാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവുമായി ഇവർ കടന്നു കളഞ്ഞത്.

പൊലീസ് ചോദ്യം ചെയ്യലിൽ സഹോദരനാണ് എന്ന് പറഞ്ഞ് വിളിച്ചത് ഒരു സുഹൃത്താണെന്ന് സമ്മതിച്ചു. ിവരുടെ പക്കൽ ഉണ്ടായിരുന്ന രണ്ടു മൊബൈൽ ഫോണുകളിൽ ഒന്നിലെ മൊബൈൽ നമ്പർ സഹോദരന്റെതാണ് എന്ന് പറഞ്ഞ് ഫാളാറ്റ് ഉടമയ്ക്ക് കൈമാറിയിരുന്ന നമ്പരായിരുന്നു. ഈ നമ്പരിൽ നിന്നുമാണ് സഹോദരനും അമ്മയും എന്ന് പരിചയപ്പെടുത്തിയവർ വിളിച്ചിരുന്നത്. കോൾ കോൺഫറൻസിൽ ഇട്ടാണ് ഉടമയോട് സംസാരിച്ചതെന്നും ബിജി സമ്മതിച്ചു. സഹോദരവും അമ്മയുമാണെന്ന് പരിചയപ്പെടുത്തി ഫോണിൽ സംസാരിച്ചവർ ബിജി ഉന്നത കുടുംബത്തിലെ അംഗമാണെന്നായിരുന്നു പറഞ്ഞത്. സ്വന്തമായി പെട്രോൾ പമ്പും സ്വകാര്യ പണമിടപാടി സ്ഥാപനവും ഉള്ള കുടുംബത്തിലെ അംഗമാണെന്നും പറഞ്ഞിരുന്നു. കേരള വർമ്മാ കോളേജിൽ എൽ.എൽ.ബിക്ക് പഠിക്കാൻ വേണ്ടിയാമ് ഇത്തരം ഒരു ജോലിക്ക് വന്നിരിക്കുന്നതെന്നും പറഞ്ഞിരുന്നു. ഇതൊക്കെ കൂട്ടി വായിക്കുമ്പോൾ ബിജിക്ക് പിന്നിൽ തട്ടിപ്പ് നടത്താൻ കൂടുതൽ പേർ ഉള്ളതായാണ് പൊലീസിന്റെ സംശയം.

വീട്ടുവേലയ്ക്ക് നിന്ന ഫ്‌ളാറ്റിൽ നിന്നും പണവും സ്വർണ്ണാഭരണങ്ങളും കവർന്ന് കടന്നു കളഞ്ഞ കായംകുളം സ്വദേശിനിയെ രണ്ട് ദിവസം മുൻപാണ് പൊലീസ് എറണാകുളത്ത് നിന്നും പിടികൂടിയത്. കായംകുളം, കരിയിലക്കുളങ്ങര, പത്തിയൂർ പടിഞ്ഞാറ്, പനക്കൽ പുത്തൻ വീട്ടിൽ, ബേബിയുടെ മകൾ ബിജിയാണ് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിൽ നിന്നും വിയ്യൂർ പൊലീസിന്റെ പിടിയിലായത്. ബിജിയുടെ ചിത്രങ്ങളടക്കം തട്ടിപ്പ് വാർത്ത മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്ത ശ്രദ്ധയിൽപെട്ട ലോഡ്ജ് നടത്തിപ്പുകാർ വിയ്യൂർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് പുലർച്ചെ ലോഡ്ജിലെത്തി ബിജിയെ കസ്റ്റഡിയിലെടുത്തു. ഇവരുടെ മുറിയിൽ പരിശോദന നടത്തിയെങ്കിലും മോഷണമുതൽ കണ്ടു കിട്ടിയില്ല. ചോദ്യം ചെയ്യലിൽ മോഷണം നടത്തിയിട്ടില്ല എന്നാണ് ബിജി പൊലീസിനോട് പറഞ്ഞത്.

കഴിഞ്ഞ 24 നാണ് സംഭവം നടന്നത്. തൃശൂർ സ്വദേശി അനീഷ് മുരളിയുടെ ഫ്ളാറ്റിൽ നിന്നാണ് മോഷണം നടത്തി ബിജി കടന്ന് കളഞ്ഞത്. ഒന്നര ലക്ഷത്തോളം രൂപയും മൂന്ന് പവനടുത്തുള്ള സ്വർണ്ണാഭരണങ്ങളുമാണ് മോഷണം പോയത്. രാവിലെ അനീഷിന്റെ ഭാര്യ കുട്ടികളെ സ്‌ക്കൂളിലാക്കാൻ പോയ സമയത്താണ് ബിജി മോഷണം നടത്തിയത്. കുട്ടികളെ സ്‌ക്കൂളിൽ ബസിൽ കുട്ടികളെ കയറ്റിയ ശേഷം തിരികെ ഫ്ളാറ്റിലെത്തിയപ്പോൾ ബിജി കാണാതായി. ഏറെ നേരം ബിജിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. മൊബൈൽ നമ്പർ സ്വിച്ച് ഓഫുമായിരുന്നു. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് അനീഷ് വേഗം ഫ്ളാറ്റിലെത്തുകയും സംശയം തോന്നി അലമാര പരിശോധിച്ചപ്പോഴാണ് സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടത് അറിയുന്നത്. തുടർന്ന് വിയ്യൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഫെബ്രുവരി 5 നാണ് ബിജി ജോലിക്കായി എത്തിയത്. വീട്ടുജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് സമൂഹ മാധ്യമങ്ങൾ വഴി പരസ്യം നൽകിയത് കണ്ടെത്തിയതായിരുന്നു ബിജി. ആധാറും സർട്ടിഫിക്കറ്റുകളുമെല്ലാം പരിശോധിച്ചതിന് ശേഷമാണ് ഇവരെ ജോലിക്ക് പ്രവേശിപ്പിച്ചത്. ജനറൽ നഴ്സായിരുന്ന ബിജി താൻ വലിയ സാമ്പത്തികമുള്ള വീട്ടിലെ അംഗമാണെന്നും തൃശൂർ കേരള വർമ്മ കോളേജിൽ എൽ.എൽ.ബി കോഴ്സ് ചെയ്യാനായിട്ടാണ് ഇങ്ങനെയൊരു ജോലിക്ക് വന്നതെന്നും പറഞ്ഞിരുന്നു. പതിനായിരം രൂപയായിരുന്നു ശമ്പളം പറഞ്ഞിരുന്നത്. യൂറോപ്യൻ രാജ്യത്തേക്ക് പോകാനുള്ള ഐ.ഇ.എൽ.ടി.എസ് പാസായതായും ബിജിയുടെ ബയോ ഡേറ്റയിൽ കണ്ടിരുന്നു. അതിനാൽ കുട്ടികളെ പഠിപ്പിക്കാനും മറ്റും വലിയ സഹായമാകും എന്ന് കരുതിയാണ് ജോലിക്ക് പ്രവേശിപ്പിച്ചത്. ജോലിക്ക് പ്രവേശിപ്പിക്കുന്നതിന് മുൻപ് മാതാപിതാക്കളോട് സംസാരിക്കണം എന്ന് പറഞ്ഞപ്പോൾ ബിജി സഹോദരനെയും മാതാവിനെയും ഫോണിൽ വിളിച്ചു സംസാരിപ്പിക്കുകയും ചെയ്തു.

മോഷണം നടന്ന ശേഷം അനീഷ് കായംകുളത്ത് നടത്തിയ അന്വേഷണത്തിൽ ബിജിയെപറ്റി ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. ബിജി കായംകുളം എബനേസർ ആശുപത്രിയിൽ നിൽക്കുമ്പോൾ മോഷണം നടത്തിയതിനെ തുടർന്ന് മാനേജ്മെന്റ് പുറത്താക്കിയിരുന്നു. പിന്നീട് ഏറെ നാളായി നാട്ടിൽ നിന്നും മാറി നിൽപ്പായിരുന്നു. ഇതിനിടയിൽ ചില തട്ടിപ്പ് കഥകളൊക്കെ നാട്ടിൽ അറിഞ്ഞു. ഇതറിഞ്ഞ് പിതാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. പിതാവിന്റെ മരണ ശേഷം ഒരു യുവാവിനൊപ്പം കുറച്ചു നാൾ കായംകുളത്തെ വീട്ടിൽ താമസിച്ചിരുന്നു. പിന്നീട് യുവാവുമായി വലിയ പ്രശ്നങ്ങൾ ഉണ്ടാകുകയും നാട്ടുകാർ ഇടപെട്ട് യുവാവിനെ പറഞ്ഞു വിടുകയും ചെയ്തു. പിന്നീട് എന്താണ് ബിജി ചെയ്തിരുന്നതെന്ന് നാട്ടുകാർക്കറിയില്ലായിരുന്നു. എന്നാൽ ബിജിയെ തിരക്കി നിരവധിപേർ പത്തിയൂർ എത്തുന്നുണ്ടായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP