Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓഫീസ് സെക്രട്ടറിയായി വളഞ്ഞ വഴിയിൽ ജില്ലാ കമ്മറ്റി അംഗായ ആൽ ആനന്ദ്; നസീമിന് ചെല്ലും ചെലവും കൊടുത്ത് വളർത്തുന്നത് ജില്ലാ സെക്രട്ടറിയുടെ സഹോദരന്റെ മകൻ; ലോ കോളേജിലെ പഴയ വിദ്യാർത്ഥി ക്യാമ്പസിലെത്തിയത് സംഘർഷം ആളിക്കത്തിക്കാൻ; ആനാവൂർ നാഗപ്പന്റെ ബന്ധുവിനെതിരെ ഉയരുന്നത് ഗുരുതര ആരോപണം; കഞ്ചാവും ആയുധവും ക്വട്ടേഷനുമായി യൂണിവേഴ്‌സിറ്റി ഹോസ്റ്റലും സ്റ്റുഡൻസ് സെന്ററും; അഖിലിനെ കുത്തി വീഴ്‌ത്തുമ്പോൾ പ്രതിസ്ഥാനത്ത് എസ് എഫ് ഐയും സിപിഎമ്മും തന്നെ

ഓഫീസ് സെക്രട്ടറിയായി വളഞ്ഞ വഴിയിൽ ജില്ലാ കമ്മറ്റി അംഗായ ആൽ ആനന്ദ്; നസീമിന് ചെല്ലും ചെലവും കൊടുത്ത് വളർത്തുന്നത് ജില്ലാ സെക്രട്ടറിയുടെ സഹോദരന്റെ മകൻ; ലോ കോളേജിലെ പഴയ വിദ്യാർത്ഥി ക്യാമ്പസിലെത്തിയത് സംഘർഷം ആളിക്കത്തിക്കാൻ; ആനാവൂർ നാഗപ്പന്റെ ബന്ധുവിനെതിരെ ഉയരുന്നത് ഗുരുതര ആരോപണം; കഞ്ചാവും ആയുധവും ക്വട്ടേഷനുമായി യൂണിവേഴ്‌സിറ്റി ഹോസ്റ്റലും സ്റ്റുഡൻസ് സെന്ററും; അഖിലിനെ കുത്തി വീഴ്‌ത്തുമ്പോൾ പ്രതിസ്ഥാനത്ത് എസ് എഫ് ഐയും സിപിഎമ്മും തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വളഞ്ഞ വഴയിലൂടെ ജില്ലാ കമ്മറ്റി അംഗമായ എസ് എഫ് ഐ നേതാവിന്റെ ഇടപെടലാണ് വിദ്യാർത്ഥി സംഘടനയിൽ ക്രിമിനിലിസം വളർത്തുന്നതെന്ന ആരോപണം ശക്തം. തിരുവനന്തപുരത്തെ എസ് എഫ് ഐയെ ഇപ്പോൾ നയിക്കുന്നത് പ്രസിഡന്റോ സെക്രട്ടറിയോ അല്ല. മറിച്ച് ആനാവൂരുകാരനായ ജില്ലാ കമ്മറ്റി അംഗമാണ്. ഇന്നലെ യൂണിവേഴ്‌സിറ്റി കോളേജിൽ സംഘർഷം നടക്കുമ്പോഴും ഈ എസ് എഫ് ഐക്കാരൻ അവിടെയുണ്ടായിരുന്നു. യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥി അല്ല ഇയാൾ. പ്രകോപനങ്ങൾ ഉണ്ടാക്കിയതും വലിയ സംഘർഷത്തിലേക്ക് കാര്യങ്ങളെത്തിച്ചതും അൽ ആനന്ദ് ആണെന്നാണ് ആരോപണം. സിപിഎം ജില്ലാ സെക്രട്ടറിയായ ആനാവൂർ നാഗപ്പന്റെ സഹോദരന്റെ മകനാണ് ആനന്ദ്.

ജില്ലാ സമ്മേളനത്തിലൂടെയാണ് ജില്ല കമ്മറ്റി അംഗങ്ങളുണ്ടാകുന്നത്. എന്നാൽ അൽ ആനന്ദ് ജില്ലാ കമ്മറ്റിയിലെത്തിയത് വളഞ്ഞ വഴിയിലൂടെയാണ്. ജില്ലാ സമ്മേളനത്തിന് ശേഷം ഓഫീസ് സെക്രട്ടറിയായി ഒരാളെ സെക്രട്ടറി നിയമിക്കും. ഈ പദവിയിലെത്തുനനവർ ജില്ലാ കമ്മറ്റി അംഗങ്ങളായി മാറുകയും ചെയ്യും. ചിറ്റപ്പന്റെ സ്വാധീനത്താൽ അൽ ആനന്ദ് ജില്ലാ ഓഫീസിൽ സെക്രട്ടറിയായി. ഈ പദവിയിൽ നിന്ന് ജില്ലാ കമ്മറ്റിയിലും എത്തി. ഭാവിയിൽ മുൻ ജില്ലാ കമ്മറ്റി അംഗമായി പറയുകയും ചെയ്യാം. ഇതിന്റെ രാഷ്ട്രീയ ഗുണങ്ങളും അംഗീകരാങ്ങളും കിട്ടുകയും ചെയ്യും. ലോ കോളേജിലെ വിദ്യാർത്ഥിയായിരുന്നു ഒരു വർഷം മുമ്പ് അൽ ആനന്ദ്. നിലവിൽ പഠിക്കുന്നില്ല. എന്നാലും യൂണിവേഴ്‌സിറ്റി കോളേജിലെ പ്രശ്‌നത്തിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു. ഇതിനിടെയാണ് കേസ് ഒതുക്കാൻ സിപിഎം ജില്ലാ നേതൃത്വം ശ്രമിച്ചുവെന്ന വാദവും എത്തുന്നത്.

ആനന്ദിന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് സിപിഎം പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് കുത്തേറ്റ നിഖിലിനെ കൊണ്ട് കേസ് പിൻവലിപ്പിക്കാൻ ശ്രമം നടക്കുന്നത്. കേസിൽ പ്രതിസ്ഥാനത്തുള്ള നസീമുമായി ഹൃദയ ബന്ധമാണ് അൽ ആനന്ദിനുള്ളത്. യൂണിവേഴ്‌സിറ്റി കോളേജിൽ അനധികൃതമായി കടന്നു കയറിയ അൽ ആനന്ദിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്നാണ് ആവശ്യം. അതിനിടെ യൂണിവേഴ്‌സിറ്റി കോളേജിലെ കലാപത്തിന് കോപ്പു കോട്ടുന്നത് യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലും സ്റ്റുഡൻസ് സെന്ററിലുമാണെന്നതാണ് യാഥാർത്ഥ്യം. യൂണിവേഴ്‌സിറ്റി ഹോസ്റ്റലിനെ മയക്കുമരുന്ന് മാഫിയയുടെ ഹബ്ബാക്കി മാറ്റുന്നതും ജില്ലയിലെ പ്രമുഖ എസ് എഫ് ഐ നേതാക്കളാണ്. യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലാണ് ഗൂഢാലോചനയും മറ്റും നടക്കുക. പ്രതികളെ ഒളിച്ചിരിക്കുന്നത് സ്റ്റുഡൻസ് സെന്ററിലും. ഇതിന് സമാനമാണ് എംജി കോളേജിൽ എബിവിപിക്കാർ നടത്തിയിരുന്നത്. ഇതിനെ ചെറുത്ത് തോൽപ്പിച്ചതും നിയമ പോരാട്ടത്തിലൂടെ തകർത്തതും എസ് എഫ് ഐയാണ്. എന്നാൽ അവരുടെ കോളേജിലും അതിലും ഗുരുതരാവസ്ഥയാണ്.

യൂണിവേഴ്‌സിറ്റി കോളേജിനേക്കാൾ കഷ്ടമാണ് യൂണിവേഴ്‌സിറ്റി ഹോസ്റ്റൽ. ഇവിടെ എസ് എഫ് ഐയ്ക്ക് കമ്മറ്റിയുണ്ട്. ഇവർ അനുവദിച്ചാൽ മാത്രമേ താമസാനുമതി കിട്ടൂ. 30 ശതമാനം മുറികൾ മാത്രമാണ് അർഹതയുള്ള കുട്ടികൾ ഉള്ളത്. ബാക്കിയുള്ളിടത്തെല്ലാം താമസിക്കുന്നത് ക്രിമിനലുകൾ. ഒളിവിൽ കഴിയുന്നവർ തുടങ്ങി പിടികിട്ടാപുള്ളികളുടെ ഒളിത്താവളമാണ് ഇവിടെ. പല കൊലക്കേസിലേയും പ്രതികൾ ഇവിടെ സുഖമായി കഴിയുന്നു. ഈച്ച പോലും കയറിയാൽ ഇവർ അറിയും. ഇതിനുള്ള സംവിധാനം ഇവിടെയുണ്ട്. കൊച്ചിയിൽ പഞ്ച നക്ഷത്ര ഹോട്ടലുകൾ കേന്ദ്രീകരിച്ച് പിടിമുറുക്കുന്ന ലഹരി മാഫിയ യൂണിവേഴ്‌സിറ്റി ഹോസ്റ്റിലിലാണ് തിരുവനന്തപുരത്ത് തമ്പടിച്ചിരിക്കുന്നത്. യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ ക്രൂരതകളും പീഡനങ്ങളും കോളേജിനെ വെല്ലുവിധമാണ്. ഇവിടെ എസ് എഫ് ഐ നേതാക്കളെ ചോദ്യം ചെയ്താലും കൈകാര്യം ചെയ്യാൻ ഇടിമുറികളുണ്ട്. ഇവിടെ റെയ്ഡ് ചെയ്യാനോ പ്രതികളെ പിടിക്കാനോ ഒന്നും പൊലീസിന് കഴിയുകയില്ല. സർക്കാർ അനുമതി കിട്ടാത്തതാണ് ഇതിന് കാരണം.

സ്റ്റുഡൻസ് സെന്ററിന്റെ നിയന്ത്രണവും എസ് എഫ് ഐയ്ക്കാണ്. യൂണിവേഴ്‌സിറ്റി യൂണിനിലുള്ള സ്വാധീനമാണ് ഇതിന് കാരണം. ഇവിടെയും പൊലീസ് കയറാറില്ല. നിരവധി മുറികളുമുണ്ട്. അതുകൊണ്ട് കുട്ടി നേതാക്കളുടേയും പ്രതികളുടേയും പ്രധാന ഒളിത്താവളമാണ് ഇവിടം. യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ മുറികൾ ദുരൂഹവും. അഖിൽ ചന്ദ്രനെ എസ്.എഫ്.ഐ പ്രവർത്തകർ ഒരുവർഷം മുൻപ് ആക്രമിച്ചിരുന്നതായി പിതാവ് ചന്ദ്രൻ പറയുന്നു. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ഇടപെട്ട് അന്ന് ഒത്തുതീർക്കുകയായിരുന്നു. വീണ്ടും ആക്രമണത്തിന് സാധ്യത ഉള്ളതായി അഖിൽ പറഞ്ഞെന്നും പിതാവ് വെളിപ്പെടുത്തി. യൂണിവേഴ്‌സിറ്റി കോളജിലെ സംഘർഷത്തിൽ എസ്എഫ്‌ഐയെ കുരുക്കിലാക്കി തെളിവുകളും പുറത്തു വന്നിട്ടുണ്ട്. വിദ്യാർത്ഥിയെ ആക്രമിച്ചത് എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് നസീമിന്റെ നേതൃത്വത്തിലെന്ന് പൊലീസ് വ്യക്തമാക്കി. നസീമടക്കം അഞ്ചുപേർ സ്ഥലത്തുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പൊലീസുകാരെ റോഡിലിട്ട് മർദിച്ച കേസിലെ പ്രതിയാണ് നസീം. സംഭവവുമായി ബന്ധപ്പെട്ട് ആറു പേർക്കെതിരെ വധശ്രമത്തിനു കേസെടുത്തു.

തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി കോളജിൽ ഇന്നലെ രാവിലെയാണ് വൻസംഘർഷം പൊട്ടിപ്പുറപ്പെട്ടത്. രാവിലെ എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികൾ സഹപാഠിയെ മർദിച്ചത് ചോദ്യം ചെയ്ത വിദ്യാർത്ഥിയെ നെഞ്ചിൽ കുത്തിപ്പരുക്കേൽപ്പിച്ചു. അവസാനവർഷ ഡിഗ്രി വിദ്യാർത്ഥിയായ അഖിൽ മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. തൊട്ടുപിന്നാലെ വിദ്യാർത്ഥികൾ സംഘടിച്ച് എസ്എഫ്‌ഐയ്‌ക്കെതിരെ പ്രതിഷേധപ്രകടനം നടത്തി. എസ്എഫ്‌ഐ യൂണിറ്റ് ഓഫിസ് പിടിച്ചെടുക്കാനും ശ്രമിച്ചു. എസ്എഫ്‌ഐ ആറ്റുകാൽ ലോക്കൽ കമ്മിറ്റി അംഗവും മൂന്നാം വർഷ പൊളിറ്റിക്‌സ് വിദ്യാർത്ഥിയുമായ അഖിൽ ചന്ദ്രനാണു നെഞ്ചിൽ കുത്തേറ്റത്. എസ്എഫ്‌ഐ പ്രവർത്തകരുൾപ്പെടെ 40 വിദ്യാർത്ഥികൾക്കു മർദനവുമേറ്റു. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി എ.എൻ.നസീം, പ്രസിഡന്റ് ശിവരഞ്ജിത്, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അമർ, അദ്വൈത്, ആദിൻ, ആരോമൽ, ഇബ്രാഹിം തുടങ്ങി 30 പേർക്കെതിരെ കേസെടുത്തു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മുൻപ് പാളയം ജംക്ഷനിൽ പൊലീസുകാരെ തല്ലിയ കേസിൽ പ്രതിയാണു നസീം. അന്നും നസീം കീഴടങ്ങുന്നതിന് മുമ്പ് ഒളിവിൽ താമസിച്ചിരുന്നു. ഇതും യൂണിവേഴ്‌സിറ്റി കോളേജിലും ഹോസ്റ്റലിലും സ്റ്റുഡന്റ് സെന്ററിലുമായിരുന്നു.

വ്യാഴാഴ്ച കന്റീനിൽ അഖിൽ കൂട്ടുകാർക്കൊപ്പം പാട്ടു പാടിയതിനെ എസ്എഫ്‌ഐ വനിതാ നേതാവ് ചോദ്യം ചെയ്തതിൽ നിന്നാണു പ്രശ്‌നങ്ങളുടെ തുടക്കം. പാട്ടൊക്കെ വീട്ടിൽ മതിയെന്നു പറഞ്ഞപ്പോൾ അഖിലും കൂട്ടുകാരും എതിർത്തു. ഇതിനെതിരെ യൂണിറ്റ് ഭാരവാഹികൾ ഇടപെട്ടതോടെ തർക്കം മൂത്തു. പരാതി നൽകുമെന്ന നിലപാടിലായി അഖിൽ. തുടർന്നുണ്ടായ സംഘർഷമാണു കത്തിക്കുത്തിൽ കലാശിച്ചത്. നവോത്ഥാനത്തിന് വേണ്ടി വാദിക്കുന്നവരാണ് എസ് എഫ് ഐ. എന്നിട്ടും അവർക്ക് സ്വാധീനമുള്ളിടത്ത് ഒന്നും നടക്കുന്നില്ല. അഖിലിന് കുത്തേറ്റത് അറിഞ്ഞ് പെൺകുട്ടികൾ ഉൾപ്പെടെ ക്ലാസ് ബഹിഷ്‌കരിച്ച് പ്രകടനത്തിനിറങ്ങിയതോടെ നേതൃത്വം ഒറ്റപ്പെട്ടു. കോളജ് കവാടം പൂട്ടിയ നേതാക്കൾ പ്രതിഷേധക്കാരെ ഒത്തുതീർപ്പിനെന്ന വ്യാജേന യൂണിറ്റ് കമ്മിറ്റി ഓഫിസിലേക്കു വരുത്തി മർദിച്ചു. മുൻ യൂണിറ്റ് ഭാരവാഹികളും എതിർവശത്തു സംസ്‌കൃത കോളജിൽ നിന്നുള്ള എസ്എഫ്‌ഐക്കാരും വിദ്യാർത്ഥികളെ വളഞ്ഞിട്ടു തല്ലി. പ്രതിഷേധസംഘത്തിലെ എസ്എഫ്‌ഐ ക്ലാസ് കൺവീനർമാർ, ഏരിയ/ ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ഡിവൈഎഫ്‌ഐ യൂണിറ്റ് ഭാരവാഹികൾ എന്നിവർക്കുൾപ്പെടെ മർദനമേറ്റു.

ഇതോടെ പ്രതിഷേധം ആളിക്കത്തി. യൂണിറ്റ് സെക്രട്ടറി നസീമിന്റെ നേതൃത്വത്തിൽ മാരകായുധങ്ങളുമായെത്തിയ സംഘമാണ് അക്രമം നടത്തിയതെന്നു വിദ്യാർത്ഥികൾ ആരോപിച്ചു. സംഭവമറിഞ്ഞെത്തിയ മാധ്യമപ്രവർത്തകരെ എസ്എഫ്‌ഐ നേതാക്കൾ ക്യാംപസിൽ നിന്നു പുറത്താക്കി. ഇവരുടെ കൈയിലെല്ലാം ആയുധമുണ്ടായിരുന്നു. ഇതെല്ലാം യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ നിന്ന് എത്തിച്ചവയാണെന്നാണ് വാദം. യൂണിവേഴ്‌സിറ്റി കോളെജിൽ ബിരുദ വിദ്യാർത്ഥി അഖിൽ കുത്തേറ്റ സംഭവത്തിൽ എസ്എഫ്‌ഐയെ രൂക്ഷമായി വിമർശിച്ച് നിയമസഭാ സ്പീക്കറും സിപിഎം സംസ്ഥാന സമിതിയംഗവും യൂണിവേഴ്‌സിറ്റി കോളെജ് മുൻ വിദ്യാർത്ഥിയുമായ പി. ശ്രീരാമകൃഷ്ണൻ രംഗത്ത് വന്നിട്ടുണ്ട്.

അഖിൽ എന്ന തലക്കെട്ടിലെഴുതിയ കവിതയിലൂടെയാണ് സ്പീക്കറുടെ പ്രതികരണം. എന്റെ ഹൃദയം നുറുങ്ങുന്നു, കരൾ പിടയുന്ന വേദനകൊണ്ട് തേങ്ങുന്നു എന്ന് തുടങ്ങുന്ന കവിതയിൽ ലജ്ജാഭാരം കൊണ്ട് ശിരസ് പാതാളത്തോളം താഴുന്നുവെന്നാണ് മുൻ എസ്എഫ്‌ഐ നേതാവ് കൂടിയായ ശ്രീരാമകൃഷ്ണൻ. നിങ്ങൾ ഏതു തരക്കാരാണ്? എന്താണ് നിങ്ങളെ നയിക്കുന്ന തീജ്വാല? ഏതു പ്രത്യശാസ്ത്രമാണ് നിങ്ങൾക്ക് തണൽ? നിങ്ങളുടെ ഈ ദുർഗന്ധം ചരിത്രത്തിലെ അക്ഷരത്തെറ്റ് തന്നെയാണ്. തെറ്റുകൾക്ക് മുമ്പിൽ ശിരസുകുനിച്ചു മാപ്പപേക്ഷിക്കുക. നാറ്റം പേറി സ്വയം നാറാതെ സ്വബുദ്ധി കാണിക്കണം. കാലം കാത്തു വച്ച രക്തനക്ഷത്രങ്ങളുടെ ഓർമ്മകൾ മറക്കാതിരിക്കണമെന്നും ശ്രീരാമകൃഷ്ണൻ ഫേസ്‌ബുക്കിൽ കുറിച്ചു. യൂണിവേഴ്‌സിറ്റി കോളേജിലെ ക്രൂരതയുടെ നേർ ചിത്രമാണ് ഈ പോസ്റ്റ് ചർച്ചയാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP