Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലേഷ്യ, സിങ്കപ്പൂർ സന്ദർശിക്കുന്നവർക്ക് ഓയോ മോഡൽ ടൂറിസ്റ്റ് ഡിസ്‌ക്കൗണ്ട് സൗകര്യം നൽകും എന്ന് പറയും; വിശ്വാസ്യത വരുത്താൻ ചലച്ചിത്രതാരങ്ങളെ ഒപ്പം നിർത്തിയുള്ള വീഡിയോകൾ കാണിക്കും; സ്ത്രീകളെ മുൻ നിർത്തിയും ഇടപാടുകൾ; ദുബായിലിരുന്നു മണിചെയിൻ തട്ടിപ്പ് നടത്തുന്ന ടീം ഓഷ്യന് കേരളത്തിലെ ക്യൂലയൺ തട്ടിപ്പുമായി നേരിട്ട് ബന്ധമെന്ന് സൂചന; പൊലീസ് തിരയുന്ന വേണുഗോപാൽ നായർ ടീം ഓഷ്യനെ നയിക്കുന്ന ആബിദ് ഷായുടെ വിശ്വസ്തൻ; മറുനാടൻ പുറത്തുവിട്ട ടീം ഓഷ്യൻ തട്ടിപ്പിൽ വിശദ അന്വേഷണം

മലേഷ്യ, സിങ്കപ്പൂർ സന്ദർശിക്കുന്നവർക്ക് ഓയോ മോഡൽ ടൂറിസ്റ്റ് ഡിസ്‌ക്കൗണ്ട് സൗകര്യം നൽകും എന്ന് പറയും; വിശ്വാസ്യത വരുത്താൻ  ചലച്ചിത്രതാരങ്ങളെ ഒപ്പം നിർത്തിയുള്ള വീഡിയോകൾ കാണിക്കും; സ്ത്രീകളെ മുൻ നിർത്തിയും ഇടപാടുകൾ; ദുബായിലിരുന്നു മണിചെയിൻ തട്ടിപ്പ് നടത്തുന്ന ടീം ഓഷ്യന് കേരളത്തിലെ ക്യൂലയൺ തട്ടിപ്പുമായി നേരിട്ട് ബന്ധമെന്ന് സൂചന; പൊലീസ് തിരയുന്ന വേണുഗോപാൽ നായർ ടീം ഓഷ്യനെ നയിക്കുന്ന ആബിദ് ഷായുടെ വിശ്വസ്തൻ; മറുനാടൻ പുറത്തുവിട്ട ടീം ഓഷ്യൻ തട്ടിപ്പിൽ വിശദ അന്വേഷണം

എം മനോജ് കുമാർ

കണ്ണൂർ: ദുബായിൽ കോടികൾ വെട്ടിച്ച് മണി ചെയിൻ തട്ടിപ്പ് നടത്തിക്കൊണ്ടിരിക്കുന്ന ടീം ഓഷ്യന് പയ്യന്നൂരിലെ മണി ചെയിൻ തട്ടിപ്പുമായി നേരിട്ട് ബന്ധം. ക്യൂ നെറ്റ് എന്ന വേൾഡ് വൈഡ് കമ്പനിയുടെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി ഇപ്പോഴും ദുബായിൽ സുരക്ഷിതരായിരിക്കുന്ന ആബിദ് ഷായും, നസീബും തന്നെയാണ് പയ്യന്നൂരെ തട്ടിപ്പിനും പിന്നിൽ. ദുബായിലെ ടീം ഓഷ്യന്റെ തട്ടിപ്പുകൾ ആദ്യമായി മറുനാടൻ വെളിയിൽ കൊണ്ട് വന്നതോടെയാണ് ദുബായിലെ മലയാളികളും ഇതിൽ കുരുങ്ങിയ ഇന്ത്യക്കാരും മറ്റുള്ളവരുമെല്ലാം ടീം ഓഷ്യന്റെ തട്ടിപ്പുകളെക്കുറിച്ച് ബോധവാന്മാകുന്നത്. ദുബായിൽ നിന്ന് കേരളത്തിലെ തട്ടിപ്പുകൾക്കും നേതൃത്വം നൽകുന്നത് ടീം ഓഷ്യൻ തന്നെയാണ്. ഇന്ത്യയിലെ ക്യൂ നെറ്റ് തട്ടിപ്പുകൾക്കു പിന്നിലെ വലിയ കണ്ണിയും ഇവർ തന്നെയാണ് എന്നാണ് ലഭിക്കുന്ന സൂചനകൾ.

ഇന്ത്യയിൽ ക്യൂ നെറ്റ് 5000 കോടി രൂപയുടെ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നാണ് ഹൈദരാബാദ് പൊലീസ് പുറത്തുവിട്ട വിവരം. ക്യു നെറ്റ് എന്ന മണി ചെയിൻ കമ്പനിക്ക് വേണ്ടിയാണ് ടീം ഓഷ്യൻ ദുബായിൽ പ്രവർത്തിക്കുന്നത് എന്നാണ് തട്ടിപ്പിന്റെ ഉസ്താദുകളായ നസിബ് ബി.ആർ, ആബിദ് ഷാ, ശ്രുതി തമ്പി, വരുൺ തുടങ്ങിയവർ തട്ടിപ്പിന്നിരയായവരെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്. ക്യു നെറ്റ് ഏറ്റവും വലിയ തട്ടിപ്പ് കമ്പനിയാണ് എന്ന് അറിയാത്തവരാണ് ദുബായിൽ ഇവരുടെ വലയിൽ കുരുങ്ങിയ മലയാളികൾ അടക്കമുള്ള പ്രവാസികളിൽ പലരും. മുൻ ലോക ബില്യാഡ്സ് ചാമ്പ്യൻ മൈക്കൽ ഫെരേര ഉൾപ്പെടെയുള്ളവർ ക്യു നെറ്റിന്റെ പേരിൽ ഇന്ത്യയിൽ അറസ്റ്റിലായി എന്ന് മനസിലാക്കുമ്പോഴാണ് ഈ തട്ടിപ്പിന്റെ ആഴവും പരപ്പും വ്യക്തമാകുന്നത്. ക്യൂ നെറ്റ് തട്ടിപ്പിന്റെ പേരിൽ ബോളിവുഡ് താരങ്ങളായ അനിൽ കപൂറിന്റെയും ഷാരൂഖ് ഖാന്റെയും പേരിൽ പൊലീസ് നോട്ടീസ് നൽകിയിട്ടുമുണ്ട്.

പൊലീസ് തിരയുന്ന വേണുഗോപാൽ നായർ ടീം ഓഷ്യനിലെ ആബിദ് ഷായുടെ വിശ്വസ്തൻ

ഇപ്പോൾ പയ്യന്നൂരിലെ ക്യൂ നെറ്റ് തട്ടിപ്പുമായി ബന്ധപ്പട്ടു പൊലീസ് തിരയുന്ന വേണുഗോപാൽ നായർ ആബിദ് ഷായുടെ വിശ്വസ്തനാണെന്നാണ് മറുനാടന് ലഭിക്കുന്ന വിവരം. കേരളത്തിൽ ക്യൂ നെറ്റിന്റെ പേരിലുള്ള മുഴുവൻ തട്ടിപ്പുകൾക്കും നേതൃത്വം നൽകുന്നത് ദുബായിലെ ടീം ഓഷ്യൻ കമ്പനി തന്നെയാണ്. ഇതിന്റെ തലപ്പത്തുള്ള നസിബ് ബി.ആർ, ആബിദ് ഷാ, ശ്രുതി തമ്പി എന്നിവർ തന്നെയാണ് കേരളത്തിലെ തട്ടിപ്പുകൾക്കും നേതൃത്വം നൽകുന്നത് എന്നാണ് സൂചനകൾ. മൂന്നു കോടിയോളം രൂപ പയ്യന്നൂരിലെ ഈ ശ്രുംഖല തട്ടിയെടുത്തതായാണ് ലഭിക്കുന്ന വിവരം. ദുബായിൽ നിന്ന് മറുനാടനാണ് ടീം ഓഷ്യന്റെ തട്ടിപ്പുകൾ ആദ്യമായി പുറത്തു കൊണ്ട് വന്നത്. ഇതോടെയാണ് ഡയറക്ട് മാർക്കറ്റിന്റെ പേരിൽ ക്യൂ നെറ്റ് നടത്തുന്ന തട്ടിപ്പിലേക്കും ഇടപാടുകാരുടെ ശ്രദ്ധ വന്നത്. ക്യൂ നെറ്റിന്റെ പേരിൽ കോടികൾ വെട്ടിച്ച ആബിദ് ഷായും ടീമും ഇപ്പോഴും സുരക്ഷിതരായി ദുബായിൽ തങ്ങുകയാണ്. ഇവർ തന്നെയാണ് കേരളത്തിലെ മണി ചെയിൻ തട്ടിപ്പുകൾക്കും നേതൃത്വം നൽകുന്നത്.

ഒരു തെളിവും അവശേഷിക്കാതെ തട്ടിപ്പ്; എന്നിട്ടും കുരുക്കിലാക്കി

ക്യൂ നെറ്റിന്റെ പേരിൽ കോടിക്കണക്കിന് രൂപ മണിചെയിൻ തട്ടിപ്പ് നടത്തിയ' ക്യൂ ലയൺസ് ' സംഘത്തിലെ മൂന്ന് പേരെയാണ് പയ്യന്നൂർ സിഐ സജ്ജയ് ബാബുവിന്റെ നേതൃത്വത്തിൽ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. കേരളത്തിൽ നിന്നുമാത്രം മൂന്ന് കോടിയിൽപരം രൂപ തട്ടിച്ചെടുത്ത കാഞ്ഞങ്ങാട് സ്വദേശികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരിയ സ്വദേശികളായ പത്തായപുര ഹൗസിൽ കെ. പ്രജീഷ് (30), പൂണൂർ ഹൗസിൽ ബാലദാസ് (31), രാവണേശ്വരത്തെ നാട്ടങ്കൽ ഹൗസിൽ കെ. സുധീഷ് (27) എന്നിവരാണ് പിടിയിലായത്. ഇതിൽ രണ്ടു പേരെ പൊലീസ് തിരയുന്നുണ്ട്. കൂയിക്കാട് ഹൗസിൽ കെ.വേണുഗോപാലൻ നായർ(36), അരിയളം ഹൗസിൽ ഇ.വിനോദ്കുമാർ(33) എന്നിവർക്കായി പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇവർ ഒളിവിലാണ്. ഇവർക്കാണ് ദുബായിലെ ടീം ഓഷ്യൻ തട്ടിപ്പിനു നേതൃത്വം നൽകുന്ന ആബിദ് ഷായുമായും നസീബുമായും നേരിട്ട് ബന്ധമുള്ളത്. വേണുഗോപാൽ നായരെ കിട്ടാതെ ഈ തട്ടിപ്പിന്റെ വിവരങ്ങൾ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്.

ക്യൂ നെറ്റിന്റെ പേരിൽ ക്യൂ ലയൺ കുരുക്കിയത് ഇങ്ങനെ:

മലേഷ്യ കേന്ദ്രമായുള്ള ഓൺലൈൻ ഡയറക്ട് മാർക്കറ്റിങ് കമ്പനിയായ 'ക്യുനെറ്റി'ന്റെ ഭാഗമായ 'ക്യൂലയൺ എഡ്യുക്കേഷണൽ ട്രസ്റ്റി'ന്റെ പാർട്ട്ണറാക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പയ്യന്നൂരിലെ ആളുകളിൽനിന്ന് പണം വാങ്ങിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരെ ഇവർ ഇതിൽ കണ്ണികളാക്കിയിട്ടുണ്ട്. മൂന്നുകോടിരൂപയാണ് എഴുപതോളം പേരിൽനിന്നായി ഇവർ തട്ടിയെടുത്തത്. ഇതിൽ കൂടുതലും പ്രവാസികളും സ്ത്രീകളുമാണ്. മലേഷ്യ, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുന്നവർക്ക് ഓയോ മോഡൽ ടൂറിസ്റ്റ് ഡിസ്‌ക്കൗണ്ട് സൗകര്യം നൽകും എന്ന് പറയും. ചലച്ചിത്രതാരങ്ങളും മറ്റ് പ്രശസ്തരേയും ഒപ്പം നിർത്തി വീഡിയോ ദൃശ്യങ്ങൾ കാണിച്ച് വിശ്വാസ്യത വരുത്തും. കൂടുതൽ പേരെ ഇടപാടിൽ പങ്കുകാരാക്കണമെന്നു പറയും. രസീതോ മറ്റു രേഖകളോ നൽകില്ല. നൽകിയ പണം തിരികെ ലഭിക്കില്ല എന്നും പറയും. ഇത് തട്ടിപ്പുകാർക്ക് രക്ഷപെടാനുള്ള എളുപ്പ വഴികൾ ആകുന്നു. ഇടപാടുകാർ കൂടുതൽ ഇടപാടുകാരെ വലയിലേക്ക് ആകര്ഷിക്കുമ്പോൾ എല്ലാവരും ഒരേ പോലെ ചതിയിൽപ്പെടും. സ്ത്രീകളെ മുൻനിർത്തിയുള്ള ഇടപാടിൽ 20 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടതായി ചിലർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. സുന്ദരിമാക്കൊപ്പം കൂട്ടായ്മകൾ, വിദേശ യാത്രകൾ എന്നിവയും സംഘം വാഗ്ദാനം ചെയ്തിരുന്നു. തട്ടിപ്പിൽ പങ്കാളികളായവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസുള്ളത്.
.
ചാരിറ്റബിൾ ട്രസ്റ്റായി രജിസ്ട്രർ ചെയ്ത തട്ടിപ്പ് സ്ഥാപനം രാജ്യത്ത് പലയിടങ്ങളിലും ഫ്രാഞ്ചൈസികൾ നൽകി പ്രവർത്തിക്കുന്നുണ്ട്. വിവിധ സ്ഥലങ്ങളിൽ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ കേസുകൾ നിലവിലുണ്ട്. ഇത്തരത്തിൽ 14 കേസുകൾ ഈ തട്ടിപ്പു സംഘത്തിനെതിരെ രജിസ്ട്രർ ചെയ്തിട്ടുണ്ട്. മുംബൈ ഓഷിവാരാ പൊലീസും ഇൻകംടാക്‌സ് മുംബൈ ഓഫീസിന് കീഴിലെ ഇക്കണോമിക് ഒഫൻസ് വിഭാഗവും ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ ഇതൊന്നും വകവെക്കാതെ കേരളത്തിൽ നിന്നും എളുപ്പം പണം വാരാൻ വെമ്പുന്ന ആയിരങ്ങളെ വഞ്ചിച്ചുകൊണ്ട് ഇവർ കഴിഞ്ഞ മൂന്നര കൊല്ലത്തിനിടയിൽ 3 കോടിയിൽപരം രൂപ തട്ടിയെടുത്തിരുന്നു

രജിലിന്റെ പരാതിയിൽ പൊലീസ് ശക്തമായി നീങ്ങിയത് വിനയായി

പയ്യന്നൂർ അന്നൂർ കിഴക്കേ കൊവ്വലിലെ എം.കെ. രജിലിന്റെ പരാതിയിന്മേലാണ് കേസ് രജിസ്ട്രർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തത്. ദുബായിൽ ജോലി ചെയ്തു വരുന്ന രജിലിനെ ബിസിനസ്സ് പാർട്‌നറാക്കാമെന്ന് പറഞ്ഞ് ഒന്നേകാൽ ലക്ഷം രൂപ ഇവർ തട്ടിയെടുക്കുകയായിരുന്നു, രജിലിന്റെ ഒരു ബന്ധുവാണ് പ്രതികൾക്ക് പണം നൽകിയത്. മാസം പ്രതി നല്ലൊരു തുക വരുമാനമായി ലഭിക്കുമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. പിന്നീട് മണിചെയിൽ മോഡൽ തട്ടിപ്പ് സംഘമാണെന്ന് മനസ്സിലായി. ഓൺലൈനായി സാധനങ്ങൾ നെറ്റ്‌വർക്ക് മാർക്കറ്റിങ് മുഖേന വിറ്റഴിക്കുന്നുവെന്ന് ധരിപ്പിച്ചാണ് ഇത്രയും കാലം ആളുകളെ കബളിപ്പിച്ചത്.

വിതരണാവകാശം നൽകുമെന്ന് മോഹിപ്പിച്ചാണ് ആളുകളിൽ നിന്നും 1.25 ലക്ഷം രൂപ വീതം ഇവർ വാങ്ങുന്നത്. മാസങ്ങൾ കൊണ്ട് കോടീശ്വരനാകാമെന്നും ഇവർ ധരിപ്പിക്കും.2000 രൂപക്ക് വിപണിയിൽ ലഭിക്കുന്ന വാച്ച് 10,000 രൂപയുടേതാണെന്ന് പറഞ്ഞ് ഒപ്പം ട്രാവൽ പോർട്ടൽ എന്ന കാർഡും പണം നൽകുന്നവർക്ക് കൊടുക്കും. വിദേശങ്ങളിൽ വൻകിട സ്ഥാപനങ്ങളിൽ ഈ കാർഡ് കാട്ടിയാൽ ഡിസ്‌ക്കൗണ്ട് ലഭ്യമാകുമെന്നും ധരിപ്പിക്കും. തുടർന്ന് ഇവർക്ക് പണമുണ്ടാക്കാൻ ഇതേ വാച്ചും കാർഡും അടുത്തയാൾക്ക് 1.25 ലക്ഷത്തിന് വിൽക്കണം. അപ്പോൾ റഫറൽ കമ്മീഷൻ ലഭിക്കുമെന്നാണ് വാഗ്ദാനം. 'ക്യൂ ലയൺസ് ' സംഘത്തിന്റെ മോഹവലയത്തിൽ കുടങ്ങിയ നിരവധി പേർ പൊലീസിനെ സമീപിച്ചതോടെയാണ് മാവുങ്കാലിലെ ഇവരുടെ ഓഫീസിൽ റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തത്. തുടർന്നാണ് മൂന്ന് പ്രതികളേയും പിടികൂടിയത്.

ടീം ഓഷ്യൻ വലകൾ വിരിച്ച് പ്രവർത്തനം തുടരുന്നത് ദുബായിൽ

ദുബായിലെ ബുർജ്മാൾ , ഗ്രാന്റ് ഹയാത്ത് റീജൻസി, ഹയാത്ത് റീജൻസി എന്നീ ഹോട്ടലുകൾ കേന്ദ്രീകരിച്ചാണ് ടീം ഓഷ്യന്റെ തട്ടിപ്പ് അരങ്ങേറുന്നത്. പ്രവാസികൾ ആണ് ഇവരുടെ വലിയ ഇരകൾ. ജോലി, സമ്പത്ത്, കാറുകൾ, ലക്ഷ്വറി ജീവിതം. മനം മയക്കുന്ന മോഹനവാഗ്ദാനങ്ങൾ വിളമ്പുമ്പോൾ ഇരകൾ അറിയാതെ തട്ടിപ്പിലേക്ക് ആകർഷിക്കപ്പെടുന്നു. സ്വന്തം കയ്യിലെ കാശ് മുഴുവൻ ഇവർക്ക് നൽകും. അറിയാവുന്ന ആളുകളെ മുഴുവൻ ചേർക്കുകയും ചെയ്യും. അവർ പണം തിരികെ ചോദിക്കുമ്പോൾ ഇവർ കൈ മലർത്തും. ടീം ഓഷ്യൻ നയിക്കുന്ന ആബിദ് ഷായെയും നസീബിനെയും കാണും. പണം ചോദിച്ചാൽ ക്രൂരമർദ്ദനമാണ് കാത്തിരിക്കുന്നത്. ഇങ്ങിനെ കുരുക്കിലും മർദ്ദനത്തിലും പെട്ട മലപ്പുറം സ്വദേശി സഫ് വാന്റെ ജീവിതകഥ മറുനാടൻ ആദ്യമായി കഴിഞ്ഞവാരം പുറത്തവിട്ടതോടെയാണ് ടീം ഓഷ്യന്റെ തട്ടിപ്പുകളെക്കുറിച്ച് ദുബായിലും ഗൾഫ് നാടുകളിലും ഉള്ളവർ ബോധവാന്മാരാകുന്നത്. എല്ലാം നഷ്ടമായി മർദ്ദനവുമേറ്റ് സഫ് വാൻ കരഞ്ഞു പറയുന്ന വീഡിയോയും സഫ് വാന്റെ ജീവിത കഥയാണ് മറുനാടൻ പുറത്തു വിട്ടത്. ഇതോടെ ടീം ഓഷ്യന്റെ പേരിൽ ദുബായിൽ സംശയക്കണ്ണുകൾ ഉയരുകയും ഇവരുടെ തട്ടിപ്പ് വെളിയിൽ വരുകയും ചെയ്തു. തുടരൻ റിപ്പോർട്ടുകളാണ് ടീം ഓഷ്യന്റെ തട്ടിപ്പുമായി ബന്ധപ്പെട്ടു മറുനാടൻ പ്രസിദ്ധീകരിച്ചത്. ഇത് ദുബായിൽ വൻ കോളിളക്കം ഉണ്ടാക്കുകയും ചെയ്തു.

സഫ് വാന്റെ വിലാപം ടീം ഓഷ്യനെ കുരുക്കി

ദുബായ് ബുർജ് മാൾ കേന്ദ്രീകരിച്ച് മലയാളികൾ അടങ്ങുന്ന ടീം ഓഷ്യൻ സംഘമാണ് വൻ മണി ചെയിൻ തട്ടിപ്പ് ക്യൂ നെറ്റിന്റെ പേരിൽ നടത്തിയത്. ഈ വാർത്തയാണ് സഫ് വാന്റെ അവസ്ഥ വിവരിച്ച് മറുനാടൻ പുറത്തു കൊണ്ടുവന്നത്. ഒട്ടേറെ മലയാളികൾ ആണ് ഇവരുടെ കുരുക്കിൽ കുരുങ്ങിയത്. നസിബ് ബി.ആർ, ആബിദ് ഷാ, ശ്രുതി തമ്പി എന്നിവരടങ്ങുന്ന മലയാളികൾ അടങ്ങിയ സംഘം ടീം ഓഷൻ ഇവന്റ് മാനെജ്മെന്റ് കമ്പനി എന്ന പേരിൽ നടത്തിയ മണി ചെയ്ൻ തട്ടിപ്പിൽ കുരുങ്ങിയ മലപ്പുറം സ്വദേശി സഫ് വാന്റെ കരുണയഭ്യർഥിക്കുന്ന വീഡിയോ വൈറലായ ശേഷമാണ് ഈ മണി ചെയ്ൻ തട്ടിപ്പിനെക്കുറിച്ച് ദുബായിലുള്ള മലയാളികൾ ബോധവാന്മാരാകുന്നത്.

മലയാളികൾ ഉൾപ്പെടെ നൂറു കണക്കിന് പേർ ഓഷൻ ഇവന്റ് മാനെജ്മെന്റ് കമ്പനി നടത്തിയ മണി ചെയിൻ തട്ടിപ്പിൽ കുരുങ്ങിയിട്ടുണ്ട്. നാണക്കേട് ഓർത്ത് പലരും തട്ടിപ്പിന്റെ കഥ പുറത്തു പറയാൻ മടിച്ചിരുന്നു. എന്നാൽ സഫ് വാന്റെ ജീവിതം പ്രതിസന്ധിയിലായിരുന്നു. സഫ് വാന്റെ കരുണയഭ്യർഥിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ് . ദുബായിലെ ഒരു പ്ലാസ്റ്റിക് കമ്പനിയിൽ സെയിൽസ് റപ്രസന്റീവ് ആയി ജോലി ചെയ്ത സഫ് വാൻ മണി ചെയിൻ തട്ടിപ്പിൽ കുരുങ്ങിയ ശേഷം ആകെ തകർന്നു. . സ്വന്തം കയ്യിലെ ഒന്നര ലക്ഷം രൂപയോളം പോയി. മണി ചെയിൻ തട്ടിപ്പ് നടത്തിയ ഓഷൻ ഇവന്റ് മാനെജ്മെന്റ് കമ്പനി സഫ് വാന്റെ പേരിൽ മൊബൈൽ സിമ്മുകൾ എടുത്തതിനാൽ ആ രീതിയിലും ഒന്നര ലക്ഷത്തോളം രൂപ കുടിശികയാണ്. ഇതിന്റെ പേരിൽ ഗൾഫിൽ ട്രാവൽ ബാനും സഫ് വാൻ നേരിടുകയാണ്.

ഒന്നര ലക്ഷത്തോളം രൂപ ഇവർ ആദ്യമേ സഫ് വാന്റെ കയ്യിൽ നിന്നും ഈടാക്കി. അതിനു ശേഷം മണി ചെയിൻ തട്ടിപ്പ് നടത്തുന്ന ഇവർ സഫ് വാന്റെ പേരിൽ മൊബൈൽ സിം പോസ്റ്റ് പെയിഡ് കണക്ഷൻ എടുത്തിരുന്നു. ഈ ബില്ലിൽ ഒന്നര ലക്ഷത്തോളം രൂപ അടയ്ക്കാനുള്ളതിനാൽ സഫ് വാൻ ഇപ്പോൾ ദുബായിൽ ട്രാവൽ ബാനും നേരിടുകയാണ്. മൂന്നു പെൺകുട്ടികൾ സഹോദരിമാരായുള്ള എന്റെ കുടുംബത്തിൽ ഏക ആൺ തരി ഞാനാണ്. കുടുംബത്തെ കര പറ്റിക്കാനാണ് ഞാൻ ദുബായിൽ എത്തിയത്. പക്ഷെ ഞാൻ ഇപ്പോൾ പെട്ടിരിക്കുന്നു. ഏതെങ്കിലും വിധത്തിൽ എന്നെ സഹായിച്ച് ഈ കുരുക്കിൽ നിന്നും എന്നെ രക്ഷിക്കണം-വീഡിയോയിൽ സഫ് വാൻ അഭ്യർത്ഥിക്കുന്നു.

വീഡിയോ കണ്ട ശേഷമാണ് മറുനാടൻ ഗൾഫിലുള്ള സഫ് വാന്റെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടത്. തട്ടിപ്പിനെക്കുറിച്ച് എട്ടും പൊട്ടും തിരിയാതെയാണ് മലയാളികൾ നടത്തുന്ന ഓഷൻ ഇവന്റ് മാനെജ്മെന്റ് കമ്പനി എന്ന മണി ചെയിൻ തട്ടിപ്പിൽ സഫ് വാൻ ചെന്നു ചാടിക്കൊടുത്ത്ത്. വളരെ വേഗം സഫ് വാനെ വിശ്വസിപ്പിക്കാൻ ഇവർക്ക് കഴിഞ്ഞു. 8000 റിയാൽ ആദ്യം ഇവർ സഫ് വാന്റെ കയ്യിൽ നിന്നും അടിച്ചു മാറ്റി. ആ തുക പോയി. ഇനി ഒന്നര ലക്ഷത്തോളം രൂപ സഫ് വാൻ മൊബൈൽ ബിൽ അടക്കണം. സഫ് വാന്റെ പേരിലുള്ള മൊബൈൽ ഉപയോഗിച്ച് അവർ വൻ തുക കുടിശിക വരുത്തിയിട്ടുണ്ട്. ഈ തുക അടയ്ക്കേണ്ടതും സഫ് വാൻ ആണ്. അതിനാണ് സഫ് വാന് ട്രാവൽ ബാൻ വന്നത്-സുഹൃത്തുക്കൾ പറയുന്നു.

സഫ് വാൻ അകപ്പെട്ട തട്ടിപ്പിനെക്കുറിച്ച് സഫ് വാന്റെ സുഹൃത്തുക്കൾ വ്യക്തമാക്കിയത് ഇങ്ങിനെ::

സഫ് വാൻ മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ്. രണ്ടു വർഷം മുൻപാണ് സഫ് വാൻ ദുബായിൽ എത്തുന്നത്. ഒരു പ്ലാസ്റ്റിക് കമ്പനിയിൽ സെയിൽസ്മാൻ തസ്തികയിലാണ് സഫ് വാൻ ജോലി ചെയ്യുന്നത്. നാട്ടിൽ നിന്നും കടം കയറി മുടിഞ്ഞാണ് സഫ് വാൻ ദുബായിൽ എത്തുന്നത്. സഫ് വാന്റെ കടങ്ങളെക്കുറിച്ച് അറിയാവുന്ന ഒരു പെൺകുട്ടി വഴിയാണ് ഓഷൻ ഇവന്റ് മാനെജ്മെന്റ് കമ്പനിയുടെ മലയാളി ഉടമകൾ സഫ് വാനെ സമീപിക്കുന്നത്. ഓഷൻ ഇവന്റ് മാനെജ്മെന്റ് കമ്പനിയുടെ നസിബ് ബി.ആർ, ശ്രുതി തമ്പി, ആബിദ് ഷാ എന്നിവരാണ് ഇവർ എത്തിയതും സഫ് വാനെ പോലെ തന്നെയാണ് എന്നാണു ഇവർ സഫ് വാനോടു പറഞ്ഞത്.

ഇവരുടെ ആഡംബര കാറും ആഡംബര ജീവിതവും ഇവർ സഫ് വാന് മുന്നിൽ ഉദാഹരിക്കുകയും ചെയ്തു. ഇതോടെയാണ് സഫ് വാൻ ഇവരുടെ കെണിയിൽപ്പെട്ടത്. ഒരു പാട് ഫോട്ടോകൾ ആണ് ഇവർ സഫ് വാന് മുന്നിൽ നിരത്തിയത്. ഇതോടെ സഫ് വാൻ ഇവർക്ക് മുന്നിൽ കുരുങ്ങി. എണ്ണായിരം ദിർഹമാണ് ഇവർ സഫ് വാന്റെ കയ്യിൽ നിന്നും ഈടാക്കിയത്. അത് തന്നെ ഇന്ത്യൻ മണി ഒന്നരലക്ഷം രൂപയോളം കാണും. എണ്ണായിരം ദിർഹം നൽകിയപ്പോൾ സഫ് വാനോടു ഇവർ പറഞ്ഞത് എല്ലാ മാസവും നാലായിരം ദിർഹം തനിക്ക് ലഭിക്കുമെന്നാണ്. രജിസ്ട്രേഷൻ ചാർജ് വേറെയും ഈടാക്കി. കടം വീടാൻ തങ്ങൾ സഹായിക്കും എന്നാണ് ഇവർ ഇവനോട് പറഞ്ഞത്. പണം കയ്യിൽ ഇല്ലാതിരുന്നിട്ടും കഷ്ടപ്പെട്ടാണ് എണ്ണായിരം ദിർഹം സഫ് വാൻ നൽകിയത്.

ഏഴു മാസം മുൻപാണ് സഫ് വാൻ തട്ടിപ്പിൽ കുരുങ്ങുന്നത്. സഫ് വാനെ അറിയാവുന്ന ഒരാളാണ് പെൺകുട്ടിയെയും കൂട്ടി സഫ് വാനെ ആകർഷമായ കാര്യങ്ങൾ പറഞ്ഞു തട്ടിപ്പിൽ കുരുക്കുന്നത്. കടം വീടാൻ സഹായിക്കാം എന്ന് പറഞ്ഞപ്പോൾ സഫ് വാൻ വീണു പോവുകയായിരുന്നു. സഫ് വാന്റെ പേരിൽ അവർ പോസ്റ്റ് പെയിഡ് കണക്ഷൻ കൂടി എടുത്തിട്ടുണ്ട്. ഈ കണക്ഷന്റെ പേരിൽ ബിൽ കുടിശിക വന്നു. പതിനായിരം ദിർഹമാണ് ഇവർ മൊബൈൽ ബിൽ ഇനത്തിൽ സഫ് വാന്റെ പെടലിക്ക് തട്ടിയത്. ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ ഈ ഇനത്തിൽ മൊബൈൽ കമ്പനിക്ക് നൽകണം. മൊബൈൽ കമ്പനി കേസ് നൽകിയിട്ടുണ്ട്. ഈ കേസ് ആണ് കുരുക്കായത്. ട്രാവൽ ബാൻ ഇതിന്റെ ഭാഗമാണ്. നാലുമാസം റൂമിൽ തന്നെ ഇരിക്കേണ്ടി വന്നു. അയ്യായിരം ദിർഹം ഫൈനും വന്നു. പതിനഞ്ചായിരം ദിർഹം ഇനി ഈ കേസിൽ ആവശ്യമാണ്.

മണി ചെയ്ൻ തട്ടിപ്പ് നടത്തുന്നവർ ഓഷൻ ഇവന്റ് മാനെജ്മെന്റ് അടക്കമുള്ളവർ വളരെ സേഫ് ആയി നീങ്ങുന്നവരാണ്. ഇവർ ആരും നേരിട്ട് കയ്യിൽ കാശ് വാങ്ങില്ല. അതുകൊണ്ട് തന്നെ പരാതിയിൽ ഇവർ നേരിട്ട് കുരുങ്ങാൻ സാധ്യത കുറവാണ്. ഒട്ടുവളരെ പേർ ഓഷൻ ഇവന്റ് മാനെജ്മെന്റ് നടത്തിയ തട്ടിപ്പിൽപ്പെട്ടിട്ടുണ്ട്. ഗൾഫിലെ പലർക്കും വൻ തുകകൾ നഷ്ടമായിട്ടുണ്ട്. പക്ഷെ സഫ് വാന്റെ കയ്യിൽ കാശില്ല. അതിനാൽ സഫ് വാന് വേറെ വഴിയില്ല. കയ്യിലെ പണം മുഴുവൻ പോകുകയും ചെയ്തു-ഇതായിരുന്നു സഫ് വാന്റെ കഥ.

അതിനു ശേഷം ടീം ഓഷ്യന്റെ ഭീഷണി കഥ മറുനാടൻ വീണ്ടും പുറത്തു കൊണ്ടുവന്നു ടീം ഓഷ്യൻ സംഘം നടത്തിയ കോടികളുടെ മണി ചെയ്ൻ തട്ടിപ്പിന്റെ കഥ മറുനാടൻ പുറത്തു കൊണ്ടുവന്നതോടെ ഭീഷണിയുമായി ദുബായിലെ ടീം ഓഷ്യൻ മണി ചെയിൻ മാഫിയ രംഗത്തു വന്നതാണ് മറുനാടൻ വാർത്തയാക്കിയത്. ടീം ഓഷ്യൻ മണി ചെയിൻ മാഫിയയെ നയിക്കുന്ന എടപ്പാൾക്കാരനായ ആബിദ് ഷാ നടത്തുന്ന ഓഡിയോ ഭീഷണി സന്ദേശമാണ് മറുനാടന് ലഭിച്ചത്. ടീം ഓഷ്യൻ മണി ചെയിൻ തട്ടിപ്പ് മനസിലാക്കി ഇവരുടെ ടീമിൽ നിന്ന് ഒഴിഞ്ഞുപോയ മിഥിലാജിനെയും സത്താറിനെയും വിളിച്ച് ആബിദ് ഷാ നടത്തുന്ന ഭീഷണി സന്ദേശമാണ് പുറത്തായത്.

സഫ് വാന്റെ വാർത്ത ദുബായി അടക്കമുള്ള ഗൾഫ് നാടുകളിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. മറുനാടൻ വാർത്ത വന്നതോടെ ദുബായിലെ നിരവധി പേർ ഇവരുടെ തട്ടിപ്പിൽ കുരുങ്ങിയ കഥകൾ പുറത്തു വിട്ടിരുന്നു. തട്ടിപ്പിന്റെ വൈപുല്യം ബോധ്യമായതോടെ കടുത്ത എതിർപ്പാണ് ദുബായിൽ നിന്നും ആബിദ് ഷായ്ക്കും കൂട്ടർക്കും എതിരെ ഉയർന്നത്. അതുകൊണ്ട് തന്നെ മലപ്പുറംകാരനായ ആബിദ് ഷാ തനി ഗുണ്ടാ രീതിയിൽ മിഥിലാജിനെയും സത്താറിനെയും വിളിച്ച് ഭീഷണി മുഴക്കുകയാണ്. തനിക്കെതിരെ ഇവർ എന്തെങ്കിലും പരാതി നൽകുകയോ കേസ് ആവുകയോ ചെയ്താൽ 550 വർഷം ജയിലിൽ കിടക്കേണ്ടി വരുമെന്നാണ് ആബിദ് ഷായുടെ ഇവർക്ക് നേരെയുള്ള ഭീഷണി. സിനിമാ സ്റ്റൈലിൽ ഉള്ള മലപ്പുറം ഭീഷണിയാണ് ആബിദ് പുറത്തെടുക്കുന്നത്. ഭീഷണിയാണെങ്കിലും അതിൽ ആബിദിനുള്ള പരിഭ്രാന്തി കൂടി ഭീഷണിയിൽ ആബിദ് അറിയാതെ പുറത്ത് വരുകയും ചെയ്യുന്നുണ്ട്. ഭീഷണിയിൽ നടുങ്ങിയ മിഥിലാജും സത്താറും ദുബായി ഉപേക്ഷിച്ചു കേരളത്തിലേക്ക് എത്തി. ഈ ചെറുപ്പക്കാരുടെ ഗൾഫ് ജീവിത സ്വപ്നങ്ങൾ ആണ് ആബിദ് ഷാ യുടെ മണി ചെയിൻ മാഫിയ തകർത്തു കളഞ്ഞത്. കള്ള കേസിൽ കുടുക്കും എന്ന ഭയം കൊണ്ട് ഇവർക്ക് ദുബായിലേക്ക് തിരികെ പോകാൻ പറ്റാത്ത അവസ്ഥ ആണെന്ന് ആണ് സഫ്വാൻ, മിഥിലാജ്ജ്, സത്താർ എന്നിവർ മറുനാടനോട് വ്യക്തമാക്കിയത്.

അതിനുശേഷമാണ് പയ്യന്നൂരിൽ ദുബായിലെ ടീം ഓഷ്യൻ സംഘത്തിൽപെട്ടവർ നടത്തിയ മൂന്നു കോടിയോളം രൂപയുടെ മണി ചെയിൻ തട്ടിപ്പ് പയ്യന്നൂർ പൊലീസ് പുറത്തു കൊണ്ടുവന്നത്. ഇപ്പോൾ ദുബായിലെ ആബിദ് ഷായുമായും നസീബമായും അടുപ്പമുള്ള വേണുഗോപാൽ നായർക്കാണ് പയ്യന്നൂർ പൊലീസ് വലവിരിച്ചിരിക്കുന്നത്. ഇയാൾ കുടുങ്ങിയാൽ മാത്രമേ തട്ടിപ്പിന്റെ കൂടുതൽ കാര്യങ്ങൾ വെളിയിൽ വരുകയുള്ളൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP