Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇടുക്കിയിലെ പിച്ചിലും ടിസിയെ ക്ലീൻ ബൗൾഡാക്കി ശിഷ്യന്റെ യോർക്കർ! ഇരുചെവിയറിയാതെ ഇലക്ഷൻ നടത്തി ഇടുക്കി ക്രിക്കറ്റിലും ഔദ്യോഗിക പക്ഷത്തിന്റെ സർവ്വാധിപത്യം; സ്വന്തം തട്ടകത്തിൽ അടിതെറ്റിയത് ഒപ്പം നിന്നവരെല്ലാം മലക്കം മറിഞ്ഞപ്പോൾ; എസ് കെ നായരെ എറിഞ്ഞിടാൻ ഉപയോഗിച്ച അതേ തന്ത്രത്തിലൂടെ മാത്യുവിന്റെ വിക്കറ്റും വീഴ്‌ത്തി; ഗുരുവിനെ ഔട്ടാക്കി കേരളാ ക്രിക്കറ്റിന്റെ സർവ്വ സൈന്യാധിപനായി ജയേഷ് ജോർജ്; ഗ്രീൻഫീൽഡിലെ ഏകദിന പിച്ചൊരുക്കലിനിടെ നടന്ന അട്ടിമറിക്കഥ

ഇടുക്കിയിലെ പിച്ചിലും ടിസിയെ ക്ലീൻ ബൗൾഡാക്കി ശിഷ്യന്റെ യോർക്കർ! ഇരുചെവിയറിയാതെ ഇലക്ഷൻ നടത്തി ഇടുക്കി ക്രിക്കറ്റിലും ഔദ്യോഗിക പക്ഷത്തിന്റെ സർവ്വാധിപത്യം; സ്വന്തം തട്ടകത്തിൽ അടിതെറ്റിയത് ഒപ്പം നിന്നവരെല്ലാം മലക്കം മറിഞ്ഞപ്പോൾ; എസ് കെ നായരെ എറിഞ്ഞിടാൻ ഉപയോഗിച്ച അതേ തന്ത്രത്തിലൂടെ മാത്യുവിന്റെ വിക്കറ്റും വീഴ്‌ത്തി; ഗുരുവിനെ ഔട്ടാക്കി കേരളാ ക്രിക്കറ്റിന്റെ സർവ്വ സൈന്യാധിപനായി ജയേഷ് ജോർജ്; ഗ്രീൻഫീൽഡിലെ ഏകദിന പിച്ചൊരുക്കലിനിടെ നടന്ന അട്ടിമറിക്കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗ്രീൻഫീൽഡിൽ ഏകദിനത്തിന്റെ ഒരുക്കത്തിലായിരുന്നു കേരളാ ക്രിക്കറ്റ് അസോസിയേഷൻ. എങ്ങനേയും മത്സരം ഗംഭീരമാക്കാനുള്ള അക്ഷീണ പ്രയത്‌നം. അസോസിയേഷൻ പ്രസിഡന്റും സെക്രട്ടറിയുമെല്ലാം ഉണ്ടെങ്കിലും ബിസിസിഐ അംഗമായിരുന്ന ജയേഷ് ജോർജായിരുന്നു ഒരുക്കങ്ങളുടെ അമരത്ത്. ഓടി നടന്ന് എല്ലാം ഉജ്ജ്വലമാക്കി ഈ എറണാകുളത്തുകാരൻ. ഈ പരക്കം പാച്ചിലിനിടയിലും കേരളാ ക്രിക്കറ്റിൽ അപ്രതീക്ഷിതമെന്ന് കരുതിയത് ജയേഷ് ജോർജ് സ്വന്തമാക്കി. എല്ലാ അർത്ഥത്തിലും ടിസി മാത്യുവെന്ന മുൻ ബിസിസിഐ ഭാരവാഹിയെ കേരളാ ക്രിക്കറ്റിൽ നിന്നും പുറത്താക്കി. ഏറെ നാളായി കേരളാ ക്രിക്കറ്റിൽ നടന്നു കൊണ്ടിരുന്ന ബലാബലത്തിലാണ് ടിസിയുടെ സ്വന്തം തട്ടകമായ ഇടുക്കിയിലും ജയേഷ് ജോർജ് കരുത്തുകാട്ടിയത്. ഇടുക്കി അസോസിയേഷനിൽ ജയിച്ചു കയറി കേരളാ ക്രിക്കറ്റ് തിരിച്ചു പിടിക്കാനുള്ള ടിസി മാത്യുവിന്റെ മോഹങ്ങളെയാണ് അതിസമർത്ഥ നീക്കങ്ങളിലൂടെ ജയേഷ് ജോർജ് വെട്ടിക്കളഞ്ഞത്.

ഇന്ത്യൻ ക്രിക്കറ്റിന്റെ ഭരണ നേതൃത്വത്തിലേക്ക് കേണൽ ഗോദവർമ്മ രാജയ്ക്കും എസ് കെ നായർക്കും ശേഷം എത്തിയ മലയാളിയാണ് ടിസി മാത്യു. ബിസിസിഐയുടെ പ്രസിഡന്റായി മാറുമെന്ന് പോലും കരുതുന്ന സമയത്താണ് ടിസിയെ ജയേഷ് ജോർജ് വെട്ടിയൊതുക്കിയത്. ബിസിസിഐയുടെ വൈസ് പ്രസിഡന്റ് കൂടിയായ ടിസിയെ സമർത്ഥമായ കരുനീക്കത്തിലൂടെയാണ് പുകച്ച് പുറത്ത് ചാടിച്ചത്. എസ് കെ നായരുടെ പിന്തുണയോടെ കേരളാ ക്രിക്കറ്റിൽ സജീവമായ വ്യക്തിയാണ് ടിസി മാത്യു. എന്നാൽ പിന്നീട് തന്ത്രങ്ങളിലൂടെ എസ് കെയെ വെട്ടി. കേരളാ ക്രിക്കറ്റിലെ എല്ലാമെല്ലാമായി ടിസി മാറി. ഇങ്ങനെ അധികാരം പിടിച്ചെടുത്ത ടിസിയെ അതേ രീതിയിൽ പുറത്തേക്ക് ഒതുക്കുകയാണ് പ്രിയ ശിഷ്യനായ ജയേഷ് ജോർജ്ജും ചെയ്തത്. ടിസിയുടെ വലംകൈയായാണ് കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ സെക്രട്ടറിയായി ജയേഷ് എത്തിയത്. അധികാരം കിട്ടിയതോടെ ടിസിയെ വെട്ടിയൊതുക്കി ജയേഷ് മുൻതൂക്കം തേടി. ഇതേ സമയം ഇടുക്കിയിൽ കരുത്ത് കാട്ടി തിരിച്ചടിക്കുമെന്ന് ടിസി പ്രഖ്യാപിക്കുകയും ചെയ്തു. ഇടുക്കി അസോസിയേഷനിൽ ഉള്ള മുൻതൂക്കം ഗുണകരമാകുമെന്നായിരുന്നു ടി സി വിലയിരുത്തിയത്. എന്നാൽ ഇത് വെറും പ്രതീക്ഷയാക്കി.

അഴിമതി ആരോപണങ്ങളുമായാണ് കെസിഎയിൽ നിന്ന് ടിസിയെ മാറ്റി നിർത്തിയത്. സസ്‌പെന്റ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെ ഇടുക്കി അസോസിയേഷനും പിരിച്ചു വിട്ടും. കെസിഎയുടെ പ്രസിഡന്റ് വിനോദ് അടക്കമുള്ളവർക്ക് സ്ഥാനം ഒഴിയേണ്ടി വന്നു. ഇങ്ങനെ പിരിച്ചുവിട്ട ഇടുക്കി അസോസിയേഷനിൽ രണ്ട് ദിവസം മുമ്പ് ജയേഷ് ജോർജ് തെരഞ്ഞെടുപ്പ് നടത്തി. ഇത് ഇരുചെവിയറിയാത്ത നീക്കമായിരുന്നു. ഇടുക്കിയിലെ കളിക്കാർ പോലും അസോസിയേഷനിലെ തെരഞ്ഞെടുപ്പിനെ കുറിച്ച് അറിയുക പോലും ചെയ്തില്ല. ഇങ്ങനെ വോട്ടെടുപ്പ് നടത്തി ഇടുക്കിയിൽ അധികാരം പിടിച്ചെടുത്തു. ടിസി മാത്യുവിന്റെ അതിവിശ്വസ്തനായി ഏവരും അറിയപ്പെട്ടിരുന്ന വിനോദിന്റെ മലക്കം മറിച്ചിലായിരുന്നു ഇതിന് കാരണം. രഞ്ജി ട്രോഫി ക്യാപ്ടൻ സച്ചിൻ ബേബിയുടെ അച്ഛൻ അടക്കമുള്ളവരുടെ പിന്തുണ ഉറപ്പാക്കിയാണ് ടിസി പക്ഷത്തെ ഇടുക്കിയിൽ വെട്ടി നിരത്തുന്നത്. ഇതോടെ അഴിമതിയിൽ നിന്ന് കുറ്റവിമുക്തനായാലും കേരളാ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുക ടിസിക്ക് അസാധ്യമായി.

ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ പേരിലുള്ള ആരോപണങ്ങൾ ശരിവെച്ച് ഇടക്കാല റിപ്പോർട്ട് വന്നതിനെ തുടർന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ പസിഡന്റായിരുന്ന ബി.വിനോദ് രാജിവെച്ചിരുന്നു. ഇടുക്കിയിലെ കെസിഎയുടെ സ്ഥലത്തുനിന്ന് അനധികൃതമായി പാറ പൊട്ടിക്കാൻ അനുമതി നൽകിയ സംഭത്തിലാണ് ബി.വിനോദിന്റെ പേര് പരാമർശിക്കപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച കരാറിൽ ഒപ്പിട്ടിരിക്കുന്നത് അന്ന് ഇടുക്കി ജില്ലാ അസോസിയേഷൻ സെക്രട്ടറിയായിരുന്ന വിനോദാണ്. സംഭവത്തിൽ ഇടുക്കി ജില്ലാ അസോസിയേഷനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. ഈ സാഹചര്യം മുതലെടുത്താണ് ജയേഷ് ജോർജ് ഇടുക്കിയിൽ തെരഞ്ഞെടുപ്പ് നടത്തിയത്. എല്ലാ കുറ്റവും ടിസി മാത്യുവിന്റെ തലയിൽ വച്ച് കൈകഴുകിയ വിനോദ് മറുകണ്ടം ചാടിയതോടെ ജയേഷിന് കാര്യങ്ങൾ അനുകൂലമായി.

കഴിഞ്ഞ വർഷ നവംബർ 26ന് തിരുവനന്തപുരത്ത് നടന്ന കെസിഎ യോഗത്തിൽ ഇതുൾപ്പെടെ ഇടുക്കി ജില്ലാ അസോസിയേഷന് എതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കാനായി ഒരു സമിതിയെ നിയോഗിച്ചിരുന്നു. കമ്മിറ്റി ഇന്ന് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചിരുന്നു. രാവിലെ പ്രസിഡന്റിനൊപ്പം റിപ്പോർട്ട് വായിച്ചിരുന്നെന്നും റിപ്പോർട്ടിൽ അദ്ദേഹത്തിന്റെ പേര് പരാമർശിക്കപ്പെട്ട സാഹചര്യത്തിൽ ധാർമികതയുടെ പേരിൽ പ്രസിഡന്റ് സ്ഥാനത്തു നിന്ന് രാജിവെക്കുകയായിരുന്നെന്നും കെസിഎ സെക്രട്ടറി ജയേഷ് ജോർജ് പറഞ്ഞിരുന്നു. 2016ലാണ് റിപ്പോർട്ടിൽ പരാമർശിക്കുന്ന കരാറൊപ്പിട്ടത്. അന്ന് ടി.സി.മാത്യുവായിരുന്നു കെസിഎ പ്രസിഡന്റ്. ടി.സി.മാത്യുവിനെതിരെ ആരോപണങ്ങളുയർന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ കാര്യങ്ങൾ വെളിപ്പെട്ടതെന്നും ജയേഷ് കൂട്ടിച്ചേർത്തിരുന്നു. ഇടുക്കി ജില്ലാ അസോസിയേഷനുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ഒക്ടോബറിൽ ടി.സി.മാത്യു അസോസിയേഷൻ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു.

മറ്റുള്ളവർക്ക് വഴിയൊരുക്കാനെന്ന് വിശദീകരിച്ചായിരുന്നു ബിസിസിഐ വൈസ് പ്രസിഡന്റ് കൂടിയായ ടി.സി.മാത്യുവിന്റെ രാജി. ഇടുക്കിയിൽ ടി.സി.മാത്യുവിന്റെ അറിവോടെയാണ് ക്രമക്കേടുകൾ ഉണ്ടായിട്ടുള്ളതന്നാണ് മിനിറ്റ്‌സിൽ നിന്ന് മനസിലാകുന്നതെന്നും ജയേഷ് ജോർജ് വിശദീകരിച്ചിരുന്നു. ഇതിന് ശേഷം ലോധാ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട മാറ്റങ്ങൾ കേരളാ ക്രിക്കറ്റിലുമുണ്ടായി. ജയേഷ് ജോർജ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. ആലപ്പുഴയിൽ നിന്നുള്ള ശ്രീജിത്ത് വി നായർ സെക്രട്ടറിയായി. പത്തനംതിട്ടയിൽ നിന്നുള്ള സാജൻ വർഗ്ഗീസ് പ്രസിഡന്റും. അപ്പോഴും ബിസിസിഐ മെമ്പറായ ജയേഷ് ജോർജിന് തന്നെയായിരുന്നു കെസിഎയിൽ മുൻതൂക്കം. ഇതിനിടെയിലും തിരിച്ചടിക്കാൻ ടിസി തയ്യാറെടുക്കുന്നുണ്ടായിരുന്നു. ഇതാണ് ജയേഷ് വെട്ടിയൊതുക്കിയത്. ഇടുക്കിയിൽ ആരുമറിയാതെ തെരഞ്ഞെടുപ്പ് നടത്തി. മധുവാണ് പ്രസിഡന്റായത്. സെക്രട്ടറിയായി വിനോദുമെത്തി. ഫലത്തിൽ വിനോദിനെതിരായ ആരോപണങ്ങൾ കെസിഎ തള്ളിക്കളയുകായണ്. ഇടുക്കിയിലെ പ്രശ്‌നങ്ങൾക്ക് ഉത്തരവാദി ടിസിയാണെന്ന് വരുത്തി തീർക്കും വിധമാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്.

അഴിമതി ആരോപണങ്ങളെ തുടർന്ന് സ്ഥാനമൊഴിഞ്ഞെന്ന് വിലയിരുത്തപ്പെട്ട ടിസി മാത്യുവിന് തിരുവനന്തപുരത്തെ ട്വന്റി ട്വന്റി മത്സരത്തിന് പോലും ക്ഷണമില്ലായിരുന്നു. ക്രിക്കറ്റിൽ നിന്ന് ടിസി മാറിയെന്ന് പോലും വിലയിരുത്തലെത്തി. ഇതിനിടെയാണ് മാസങ്ങൾക്ക് മുമ്പ് ടിസി മാത്യു കെസിഎ ആസ്ഥാനത്ത് എത്തിയത്. ഇടുക്കി ജില്ലാ സെക്രട്ടറി എന്ന സ്ഥാനം തനിക്കുണ്ടെന്ന വാദിച്ചാണ് രംഗത്തെത്തിയത്. ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനം മാത്യു രാജിവച്ചെങ്കിലും അത് ഇടുക്കി അസോസിയേഷൻ അംഗീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് യോഗത്തിന് ടിസി എത്തിയത്. നേരത്തെ ടിസിക്കെതിരായ അഴിമതി ആരോപണങ്ങളിൽ തീർപ്പുണ്ടാകുന്നതു വരെ കെസിഎ ആസ്ഥാനത്ത് എത്തരുതെന്ന് കെസിഎ ഓബുഡ്‌സ്മാൻ ഉത്തവിട്ടിരുന്നു. കെസിഎയുടെ ഒരു ഓഫീസിലും കയറരുതെന്നായിരുന്നു നിർദ്ദേശം. ഇത് ലംഘിച്ചാണ് ടിസി എത്തിയത്. ടി സി മാത്യു എത്തിയതോടെ കെസിഎയിലെ മുതിർന്ന പ്രതിനിധികൾ പ്രത്യേകം യോഗം ചേർന്നു. അതുനു ശേഷം മലപ്പുറം പ്രതിനിധി ഹരിദാസ് മാത്യു യോഗത്തിന് ഇരിക്കരുതെന്ന നിർദ്ദേശിച്ചു. ഓംബുഡ്സ്മാന്റ് ഉത്തരവുണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ഹരിദാസ് കെസിഎയുടെ നിലപാട് അറിയിച്ചത്.

ഒരു കാലത്ത് താൻ നിയന്ത്രിച്ചിരുന്ന ഓഫീസിൽ പ്രവേശിക്കാൻ പോലും കഴിയില്ലെന്ന് ബോധ്യമായതോടെ ടി സി മാത്യു വികാരവിക്ഷുബ്ധനായി. തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ കെസിഎ സെക്രട്ടറിയായ ജയേഷ് ജോർജ്ജ്, കെസിഎ അഭിഭാഷകനായ അഭിലാഷ് എന്നിവരാണ് തനിക്കെതിരെ പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഇപ്പോഴത്തെ ആരോപണങ്ങളിലൊന്നും പങ്കില്ല. ചെയ്യാത്ത കുറ്റത്തിന് തന്നെ ക്രൂശിക്കരുതെന്നും പറഞ്ഞ ശേഷം അദ്ദേഹം യോഗത്തിൽ നിന്നും നാടകീയമായി ഇറങ്ങിപ്പോകുകയായിരുന്നു. ടി സി മാത്യു പുറത്തുപോയതോടെ യോഗം ചേർന്ന കെസിഎ അദ്ദേഹത്തിന് എതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ നാലംഗ സമിതിയെ രൂപീകരിച്ചു. മാത്യുവിനെ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും സസ്പെന്റ് ചെയ്യുന്നതായി കാണിച്ച് പ്രമേയവും അവതരിപ്പിച്ചു. യോഗത്തിനെത്തിയ എല്ലാ അംഗങ്ങളും ഇതിനെ പിന്താങ്ങി. ഇടുക്കിയിൽ നിന്നുള്ള പ്രതിനിധികളും പിന്തുണച്ചു. അന്ന് തന്നെ ഇടുക്കിയിലും ടിസിക്ക് ആൾബലം നഷ്ടമാകുമെന്ന് വിലയിരുത്തലെത്തി. തിരുവനന്തപുരത്ത് മറ്റൊരു ഏകദിനത്തിന്റെ ഒരുക്കങ്ങൾ നടക്കുമ്പോൾ ആരുമറിയാതെ തെരഞ്ഞെടുപ്പ് നടത്തി ഇടുക്കിയിലെ ടിസിയുടെ പ്രതാപവും തകർക്കുകയാണ് ജയേഷ് ജോർജ്.

ഇതോടെ കേരളാ ക്രിക്കറ്റിലെ സർവ്വ സൈന്യാധിപനായി ജയേഷ് മാറുകയാണ്. ഒരു ജില്ലകളിൽ നിന്നും കാര്യമായ എതിർപ്പുകൾ ജയേഷിനെതിരെ ഇനി ഉയരില്ല. മലബാറിലെ ചില ജില്ലകളുടെ എതിർപ്പൊഴിച്ച് ബഹുഭൂരിപക്ഷം ജില്ലാ അസോസിയേഷനും ജയേഷിനൊപ്പമാണുള്ളത്. എകെ നായരെ തിരുവനന്തപുരത്ത് വെട്ടിയൊതുക്കിയാണ് ടിസി കേരളത്തിലെ ക്രിക്കറ്റിൽ സിംഹാസനം പിടിച്ചെടുത്തത്. ഇതിന് ശേഷം പത്തുകൊല്ലത്തോളം ടിസിയായിരുന്നു സർവ്വകാര്യക്കാരൻ. ക്രിക്കറ്റിനെ ജനകീയമാക്കാൻ നിരവധി നടപടികളും എടുത്തു. ഇതിനെല്ലാം ടിസി കൂടെ നിർത്തിയത് ജയേഷ് ജോർജിനെയായിരുന്നു. എന്നാൽ ലോധാ റിപ്പോർട്ടിൽ ടിസിക്ക് സ്ഥാനം ഒഴിയേണ്ടി വന്നപ്പോൾ സെക്രട്ടറിയായ ജയേഷ് അവസരം മുതലാക്കി കേരളാ ക്രിക്കറ്റ് സ്വന്തം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP