Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202113Thursday

സവാരി പോയി അടുപ്പമായപ്പോൾ യുഎഇ കോൺസുലേറ്റിലെ ഖാലിദ് പറഞ്ഞു: ഒരുഹോണ്ടാ സിറ്റി കാർ വാങ്ങൂ..പിന്നെ കണ്ണും പൂട്ടി ഇരുന്നാൽ മതി; മാസം 35000 രൂപ വാടക തരുമെന്ന്‌ പ്രലോഭിപ്പിച്ചപ്പോൾ ലോൺ എടുത്ത് 15 ലക്ഷത്തിന്റെ കാർ വാങ്ങി; നാല് മാസം തുക അക്കൗണ്ടിൽ വീണപ്പോഴേക്കും കോൺസുലേറ്റിലേക്ക് സ്വപ്‌ന സുരേഷിന്റെ വരവായി; കണ്ണീരൊഴുക്കി തലസ്ഥാനത്തെ ടാക്‌സി ഡ്രൈവർ മറുനാടനോട് പറയുന്നു ആ കഥ; പൊലീസുകാർ പൊലും സല്യൂട്ടടിച്ചിരുന്ന സ്വപ്‌നയുടെ കൊടുംചതിയുടെ കഥ

സവാരി പോയി അടുപ്പമായപ്പോൾ യുഎഇ കോൺസുലേറ്റിലെ ഖാലിദ് പറഞ്ഞു: ഒരുഹോണ്ടാ സിറ്റി കാർ വാങ്ങൂ..പിന്നെ കണ്ണും പൂട്ടി ഇരുന്നാൽ മതി; മാസം 35000 രൂപ വാടക തരുമെന്ന്‌ പ്രലോഭിപ്പിച്ചപ്പോൾ ലോൺ എടുത്ത് 15 ലക്ഷത്തിന്റെ കാർ വാങ്ങി; നാല് മാസം തുക അക്കൗണ്ടിൽ വീണപ്പോഴേക്കും കോൺസുലേറ്റിലേക്ക് സ്വപ്‌ന സുരേഷിന്റെ വരവായി; കണ്ണീരൊഴുക്കി തലസ്ഥാനത്തെ ടാക്‌സി ഡ്രൈവർ മറുനാടനോട് പറയുന്നു ആ കഥ; പൊലീസുകാർ പൊലും സല്യൂട്ടടിച്ചിരുന്ന സ്വപ്‌നയുടെ കൊടുംചതിയുടെ കഥ

എം മനോജ് കുമാർ

തിരുവനന്തപുരം: അബുദാബിയിൽ നിന്ന് കേരളത്തിലെത്തി യുഎഇ കോൺസുലേറ്റ് വഴി ഇടത് സർക്കാരിലെ അധികാര കേന്ദ്രങ്ങളിൽ ഒരാളായി മാറിയ സ്വപ്നാ സുരേഷ് പണി കൊടുത്തവർ ചെറുതല്ല. ഒട്ടനവധി പേർ സ്വപ്നയുടെ ചെറുതും വലുതുമായ ക്രൂരതകൾക്ക് ഇരയായി കണ്ണീരു കുടിച്ചിട്ടുണ്ട്. ജീവിതത്തെ മത്സര ബുദ്ധിയോടെ കണ്ടപ്പോൾ മാനുഷികതയ്ക്ക് സ്വപ്ന തെല്ലും വില കൽപ്പിച്ചില്ല. സ്വർണ്ണക്കടത്തിലൂടെ പണം ഉണ്ടാക്കുകയും അധികാര കേന്ദ്രങ്ങളിൽ സ്വാധീന ശക്തിയാവുകയും ചെയ്തപ്പോൾ തന്റെ നീക്കങ്ങൾക്ക് വിലങ്ങു തടിയായ ആളുകളെ മുഴുവൻ ഒരു മടിയും കൂടാതെ സ്വപ്ന വെട്ടിവീഴ്‌ത്തുക തന്നെ ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ കൂടി സഹായത്തിനു എത്തിയപ്പോൾ ഒരിക്കലും സല്യൂട്ട് അടിക്കേണ്ടാത്ത പൊലീസുകാർ വരെ തൊപ്പി വെച്ച് യുഎഇ കോൺസുലെറ്റിലെ താത്കാലിക ജീവനക്കാരിക്ക് സല്യൂട്ട് അടിച്ചു. ചെറിയ കാര്യങ്ങളിൽ വരെ സ്വപ്നയ്ക്ക് സഹായമായി വന്നത് ഉന്നത തലത്തിൽ നിന്നുള്ള വിളികളാണ്. അതുകൊണ്ട് തന്നെ എല്ലാം സ്വപ്നയ്ക്ക് കയ്യെത്തും ദൂരത്ത് തന്നെ ലഭിച്ചു.

പ്രതികാരത്തിന്റെയും സ്വാർത്ഥബുദ്ധിയുടെയും ഒരു പ്രതീകം കൂടിയായിരുന്നു ഇപ്പോൾ യുഎപിഎ കേസിൽപ്പെട്ടു കൊച്ചിയിലെ ജയിലഴികൾക്കുള്ളിൽ കിടക്കുന്ന സ്വപ്ന എന്നാണ് കഥകളിലൂടെ തെളിയുന്നത്. എയർ ഇന്ത്യാ സാറ്റ്‌സ് ജീവനക്കാരിയായിരിക്കെ സ്വപ്നയുടെ പ്രതികാര ബുദ്ധിയിൽ കുടുങ്ങി ജീവിതം തുലഞ്ഞ എൽഎസ് സിബു ഇതേ കഥ തന്നെയാണ് കേരളത്തോട് പറഞ്ഞത്. യുഎഇ കോൺസുലെറ്റിൽ ഓട്ടം പോകാനെത്തിയപ്പോൾ കോൺസുലെറ്റിലെ അക്കൗണ്ടന്റ് ഖാലിദുമായി സൗഹൃദത്തിലായ തിരുവല്ലം സ്വദേശിയായ യുവാവും പറയുന്നത് എൽഎസ് സിബു പറഞ്ഞ കഥയിൽ നിന്നും വിഭിന്നമായ സ്വപ്നയുടെ മറ്റൊരു വഞ്ചനയുടെ കഥയാണ്.

എൽഎസ് സിബുവുമായി എയർ ഇന്ത്യാ സാറ്റ്‌സിൽ വെച്ച് സ്വപ്ന ഉരസിയപ്പോൾ സിബുവിന്റെ പേരിൽ വ്യാജ ലൈംഗിക പീഡന പരാതിയാണ് സ്വപ്ന മുകളിൽ നൽകിയത്. സാറ്റ്സിലെ ക്രമക്കേടിനെതിരെ സിബിഐക്ക് ഉൾപ്പെടെ ഷിബു പരാതി നൽകിയതിലുള്ള വൈരാഗ്യമായിരുന്നു ഈ വ്യാജ പരാതി നൽകാൻ കാരണമായത്. പരാതിയെക്കുറിച്ച് അറിയുകപോലും ചെയ്യാത്ത എയർ ഇന്ത്യാ സാറ്റ്‌സിലെ 16 ഓളം യുവതികളുടെ പേര് ഒപ്പും വെച്ചും വ്യാജ പരാതി നൽകുകയാണ് സ്വപ്ന ചെയ്തത്. സ്ത്രീ പീഡന പരാതി വ്യാജമാണ് എന്ന് മനസിലായപ്പോൾ ഹൈക്കോടതിയാണ് സിബുവിന്റെ തുണയ്ക്ക് എത്തിയത്. ഇതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണവും കേസിൽ സ്വപ്നയും എയർ ഇന്ത്യാ സാറ്റ്‌സ് മുൻ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബുമൊക്കെ പ്രതികളുമായി മാറുന്നത്. ബിനോയ് ജേക്കബ് കേസിൽ ഒന്നാം പ്രതിയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. നയതന്ത്ര വഴിയിൽ സ്വർണ്ണക്കടത്ത് നടത്തിയ സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ എല്ലാ സഹായവും ന്‌ലകിയപ്പോൾ എയർ ഇന്ത്യാ സാറ്റ്‌സിൽ ജോലിയിരിക്കെ സ്വപ്നയ്ക്ക് സഹായമായി നിലകൊണ്ടത് എയർ ഇന്ത്യാ സാറ്റ്‌സ് വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബാണ്.

ശിവശങ്കറും ബിനോയ് ജേക്കബിനെ പോലുള്ളവരുമൊക്കെ സഹായമയി നിൽക്കുമ്പോൾ സ്വപ്നയ്ക്ക് കൈവരുന്ന സ്വാധീനത്തെക്കുറിച്ച് ഊഹിച്ചാൽ മതി. ഇതുകൊണ്ട് തന്നെയാണ് കേരളാ പൊലീസിനെ മാനം കെടുത്തി വെറും താത്കാലിക ജീവനക്കാരിക്ക് മുന്നിൽ കേരള പൊലീസ് തൊപ്പി ധരിച്ച് സല്യുട്ട് ചെയ്യാൻ ഇടയാക്കിയത്. വ്യാജ സ്ത്രീ പീഡനം വഴി എയർ ഇന്ത്യാ സാറ്റ്‌സിലെ സിബുവിന്റെ ജീവിതം സ്വപ്ന തുലച്ചപ്പോൾ യുഎഇ കോൺസുലെറ്റിലെ ഓട്ടം എടുത്തിരുന്ന ടാക്‌സി ഡ്രൈവറുടെ ജീവിതം കുളം തോണ്ടുകയാണ് സ്വപ്ന ചെയ്തത്.

ടാക്‌സി ഡ്രൈവറുടെ ജീവിതം തുലച്ചത് ഇങ്ങനെ

സ്വപ്നയും യുഎഇ കോൺസുലെറ്റിലെ അക്കൗണ്ടന്റായ വിവാദ കഥാപാത്രം ഖാലിദും കൂടി ഈ ടാക്‌സി ഡ്രൈവറുടെ ജീവിതം തുലയ്ക്കുകയാണ് ചെയ്തത്. ഓട്ടം പോയപ്പോൾ അടുപ്പമായ ടാക്‌സി ഡ്രൈവറോട് ഹോണ്ട സിറ്റി വണ്ടി വാങ്ങി തനിക്ക് നൽകാനാണ് ഖാലിദ് ആവശ്യപ്പെട്ടത്. ഡ്രൈവർ ആകേണ്ടതില്ല. വണ്ടി വാങ്ങി നൽകിയാൽ മാസം മുപ്പത്തി അഞ്ചായിരം വെച്ച് വാടക തരാം. മൂന്നു വർഷ കോൺട്രാക്റ്റ് സൈൻ ചെയ്യുകയും ചെയ്യാം എന്ന് പ്രലോഭിപ്പിച്ചാണ് ഖാലിദ് വണ്ടി വാങ്ങി നൽകാൻ ടാക്‌സി ഡ്രൈവറോട് അവശ്യപ്പെട്ടത്. ലോൺ എടുത്ത് പതിനഞ്ചു ലക്ഷം രൂപയുടെ ഹോണ്ട് സിറ്റി കാർ വാങ്ങി നൽകിയപ്പോൾ വാടക നൽകിയത് വെറും നാല് മാസം മാത്രം. സ്വപ്നയുടെ വരവോടെ പ്രശ്‌നം തുടങ്ങി. ഇനി യുവാവിന്റെ വാഹനം കോൺസുലെറ്റിനു വേണ്ടി ഓടേണ്ട ആവശ്യമില്ലെന്നാണ് സ്വപ്ന നിർദ്ദേശിച്ചത്. പതിനഞ്ചു ലക്ഷം രൂപയുടെ ലോൺ അടവ് നടന്നുകൊണ്ടിരിക്കെ ഡ്രൈവറെ നിഷ്‌ക്കരുണം കോൺസുലെറ്റിൽ നിന്ന് പുറന്തള്ളാൻ ഖാലിദ് യുഎഇ യിലേക്ക് പോവുകയാണ് എന്ന് കള്ളകഥയുണ്ടാക്കുകയാണ് സ്വപ്ന ചെയ്തത്.

തനിക്ക് താത്പര്യമുള്ള വ്യക്തിക്ക് ഓട്ടം നൽകാൻ വേണ്ടിയാണ് ഡ്രൈവറെ സ്വപ്ന വഞ്ചിച്ചത്. കോൺസുലെറ്റിലെ സ്വാധീന ശക്തിയായിരുന്ന സ്വപ്ന പറയുന്നതായിരുന്നു അപ്പോൾ കോൺസുലെറ്റിലെ വേദവാക്യം. ഇനി തന്റെ വണ്ടി ആവശ്യമില്ല എന്ന് പറഞ്ഞു നിഷ്‌ക്കരുണം പിന്തള്ളിയപ്പോൾ കണ്ണീരോടു കൂടി മടങ്ങുകയാണ് ഡ്രൈവർ ചെയ്തത്. മാനുഷികത തെല്ലും പരിഗണിക്കാതെ നെറികെട്ട വഞ്ചനകൾ മാത്രം നടത്തിയ സ്വപ്നയ്ക്ക് ദൈവം നൽകിയ ശിക്ഷയാണെന്നാണ് ഇപ്പോഴത്തെ തടവറ എന്നാണ് മറുനാടനോട് ഡ്രൈവർ പറഞ്ഞത്

ഹോണ്ടാ സിറ്റി കാർ വാങ്ങൂ; 35,000 രൂപ വാടക നൽകാം എന്ന് പറഞ്ഞത് ഖാലിദ്

ഒരു ഓട്ടം പോയപ്പോഴാണ് അക്കൗണ്ടന്റ് ഖാലിദ് മുഹമ്മദുമായി പരിചയത്തിലാകുന്നത്. അന്ന് സ്വപ്ന അവിടെ എത്തിയിരുന്നില്ല. ഒരു ഹോണ്ടാ സിറ്റി കാർ വാങ്ങിനൽകാനാണ് ഖാലിദ് പറഞ്ഞത്. അത് ഖാലിദ് ഓടിക്കും. മാസം 35000 രൂപ നൽകാം എന്നാണ് പറഞ്ഞത്. യുഎഇ കോൺസുലേറ്റ് തുടങ്ങിയ സമയത്താണ് ഈ ആവശ്യം ഉന്നയിക്കുന്നത്. അവിടുത്തെ ഒരു ഓട്ടം പോയപ്പോഴാണ് ഖാലിദ് ഇങ്ങനെ ഒരു ആവശ്യം ഉന്നയിക്കുന്നത്. അങ്ങനെയാണ് 15 ലക്ഷം രൂപയുടെ ഹോണ്ട സിറ്റി വാങ്ങിക്കുന്നത്. മൂന്നു വർഷം ഓടാനുള്ള കരാറും ഉണ്ടാക്കി. ഓട്ടോമാറ്റിക് ഗിയർ ഉള്ള വണ്ടിയാണ് വേണ്ടത് എന്നാണ് ഖാലിദ് പറഞ്ഞത്. ആഡംബര സൗകര്യങ്ങൾ എല്ലാം കാറിൽ ഏർപ്പെടുത്തുകയും ചെയ്തു. നാലും മാസം പണം നൽകി. അപ്പോഴാണ് സ്വപ്നയുടെ വരവ് ഉണ്ടാകുന്നത്. ഇതോടെ സ്വപ്ന കളി തുടങ്ങി. ഈ കളിയിൽ ആദ്യം പുറത്തായത് എന്റെ വണ്ടിയാണ്. ഒരു സുപ്രഭാതത്തിൽ സ്വപ്ന വിളിപ്പിച്ച് ഇനി ഓടേണ്ടതില്ല എന്നാണ് പറഞ്ഞത്. വെള്ളത്തിലായത് ഞാനും എന്റെ സ്വപ്നങ്ങളും.

കാർ വാങ്ങിച്ചതിനെ തുടർന്നുള്ള എന്റെ കടം ഇതുവരെ തീർന്നിട്ടില്ല. ലോണിലാണ് കാർ വാങ്ങിച്ചത്. കാർ വാങ്ങേണ്ട ആവശ്യം വന്നിരുന്നില്ല. ഖാലിദിന്റെ പ്രലോഭനത്തിൽ കുടുങ്ങിയാണ് കാർ വാങ്ങിയത്. മാസം മുപ്പത്തി അയ്യായിരം എന്ന് പറഞ്ഞപ്പോൾ നല്ല ഇടപാടുമായിരുന്നു അത്. അതേ കാർ, 15 ലക്ഷം രൂപയുടെ കാർ ഞാൻ വിറ്റത് രണ്ടു മാസം മുൻപ് വെറും അഞ്ചു ലക്ഷത്തിന്. ലോൺ ഞാൻ തന്നെയാണ് അടച്ചത് എന്ന് കൂടി ഓർക്കുമ്പോൾ ഡ്രൈവർ ആയിരുന്ന എനിക്കുള്ള നഷ്ടത്തിന്റെ കണക്ക് നിങ്ങൾക്ക് മനസിലാകും. കേരളത്തിൽ സ്വപ്ന വിതച്ച ദുരന്തങ്ങളിൽ ഞാനും ഒരു ഇര കൂടിയാണ്. ഒരു കാർ ഡ്രൈവറായിരുന്ന എന്റെ ജീവിതം തുലയ്ക്കുകയാണ് സ്വപ്ന ചെയ്തത്. സ്വപ്ന കാരണം വന്ന ബാധ്യതയും നഷ്ടങ്ങളും കാരണം കാർ ഡ്രൈവർ ആയാണ് ഇപ്പോൾ ജീവിതം മുന്നോട്ടു നീങ്ങുന്നത്. യുഎഇ കോൺസുലെറ്റിലെ മുഴുവൻ ഓട്ടവും കിട്ടും. വണ്ടി എടുത്ത് നൽകണം എന്നാണ് ഖാലിദ് എന്നോടു പറഞ്ഞത്. ഖാലിദ് യുഎഇ കോൺസുലെറ്റിൽ ഏറ്റവും സ്വാധീനമുള്ളയാൾ ആയിരുന്നു. അക്കൗണ്ട്‌സ് മുഴുവൻ ഖാലിദ് ആണ് ചെയ്തത്.

സ്വപ്ന വന്നതോടെ കോൺസുലെറ്റിന്റെ ചിത്രം മാറി

കോൺസുലെറ്റിൽ സ്വപ്ന വന്നപ്പോൾ എല്ലാം സ്വപ്നയായി മാറി. ഖാലിദ് വരെ സ്വപ്നയ്ക്ക് അപ്പുറം പോയില്ല. അല്ലെങ്കിൽ ഖാലിദ് അത് തടയുമായിരുന്നു. കാരണം ഞാനും ഖാലിദും തമ്മിൽ ഉടമ്പടിയുണ്ട്. എനിക്ക് ഓടാൻ വേണ്ടിയല്ല ഖാലിദിനു വേണ്ടിയാണ് ഞാൻ വണ്ടി വാങ്ങിയത്. വണ്ടി ഓടിച്ചതും ഞാനല്ല ഖാലിദ് ആയിരുന്നു. അതിനുള്ള തുകയാണ് ഖാലിദ് മുടങ്ങാതെ നാല് മാസം അക്കൗണ്ടിൽ ഇട്ടത്. സ്വപ്ന വന്നതോടെ കളി മാറി. സ്വപ്ന ഒരു ദിവസം വിളിച്ച് വരുത്തി പറയുന്നത് ഇനി കാർ ഓടേണ്ടതില്ലെന്ന്. ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് എന്നെ പുറത്താക്കിയത്. കാർ ഇനി ഓടേണ്ടതില്ല. ഖാലിദ് പോവുകയാണ് എന്നാണ് സ്വപ്ന പറഞ്ഞത്. ഖാലിദ് പോയിട്ടൊന്നും ഉണ്ടായിരുന്നില്ല. ഖാലിദ് അവിടെ തന്നെയുണ്ടായിരുന്നു. സ്വപ്ന വേറെ ഒരാളുടെ വണ്ടി അവിടെയ്ക്ക് സ്വപ്ന തിരഞ്ഞെടുത്തിരുന്നു. അതിനാലാണ് എന്റെ വണ്ടി ഒഴിവാക്കിയത്. ഖാലിദ് പറഞ്ഞിട്ടാണ് ഞാൻ ഹോണ്ട സിറ്റി കാർ വാങ്ങിയതെന്നും എനിക്ക് ലോൺ ഉണ്ടെന്നും സ്വപ്നയ്ക്ക് അറിയാമായിരുന്നു.

സ്വന്തം താത്പര്യങ്ങൾക്ക് വേണ്ടി സ്വപ്ന ഒന്നും പരിഗണിച്ചില്ല. ഖാലിദ് പോവുകയാണ്. വണ്ടി വേണ്ട എന്നാണ് സ്വപ്ന പറഞ്ഞത്. രണ്ടു വർഷത്തെ കോൺട്രാക്റ്റ് കൂടി ബാക്കിയുണ്ട്. അങ്ങനെ എന്റെ വണ്ടി ഒഴിവാക്കാൻ പറ്റില്ല എന്നാണ് സ്വപ്നയോട് ഞാൻ പറഞ്ഞത്. പിന്നെ വന്നത് പൊലീസാണ്. എന്നെ പുല്ലുപോലെ തൂക്കിയെടുത്താണ് നമ്മുടെ പൊലീസ് വെളിയിൽ കളയുന്നത്. പിന്നെ അവിടെ വേറെ ഒരു പാർട്ടിക്ക് സ്വപ്ന വേറെ ക്വട്ടേഷൻ കൊടുത്തു. അതാർക്കാണ് എന്ന് എനിക്കറിയാം. പിന്നീട് പുതിയ ക്വട്ടേഷനിലെ വണ്ടികളാണ് അവിടെ ഓടി തുടങ്ങിയത്. എന്റെ ജീവിതം പാപ്പരായി പോയി. കടക്കെണിയിൽ ഞാൻ വലഞ്ഞു. പിന്നീട് സ്വപ്നയെയും ഖാലിദിനെയും ചുറ്റിപ്പറ്റി വാർത്ത വന്നപ്പോഴാണ് ഖാലിദ് പോയില്ലെന്നും എല്ലാം സ്വപ്നയുടെ കളികൾ ആണെന്നും ഞാൻ മനസിലാക്കിയത്.

യുഎഇ കോൺസുലെറ്റിന്റെ വിശ്വസ്തനായിരുന്നു ഖാലിദ്. ഖാലിദ് അവിടെ കാര്യങ്ങൾ നിയന്ത്രിച്ചുകൊണ്ടിരിക്കുമ്പോഴാണ് സ്വപ്നയുടെ വരവ് ഉണ്ടാകുന്നത്. പിന്നെ സംയുക്ത നീക്കങ്ങൾ ആയിരുന്നു. ഈ നീക്കങ്ങളിൽ കുടുങ്ങിയാണ് കാർ ഓടാനുള്ള എന്റെ കോൺട്രാക്റ്റ് റദ്ദാകുന്നത്. ഒരു ദിവസം എനിക്ക് കോൾ വരുന്നു. വിളിച്ചത് സ്വപ്നയും.

മൂന്നു വർഷ കരാർ ഉണ്ടായിരിക്കെ പറയുന്നത് ഇനി കാർ ആവശ്യമില്ലെന്ന്

ഞങ്ങൾ യുഎഇ കോൺസുലെറ്റിൽ നിന്നാണ് വിളിക്കുന്നത്. നിങ്ങളുടെ കോൺട്രാക്റ്റ് ഇന്നത്തോടെ കഴിഞ്ഞു എന്നാണ് പറഞ്ഞത്. മൂന്നു വർഷ കോൺട്രാക്റ്റ് ഇങ്ങനെ കഴിയും. ഖാലിദ് നാട്ടിൽ പോവുകയാണ്. അതിനാൽ കോൺട്രാക്റ്റ് കഴിയുന്നു. ഇവിടുത്തെ നിയമം ഉണ്ടല്ലോ.. കോൺട്രാക്റ്റ് ഉണ്ട്. പിന്നെ എങ്ങനെ കോൺട്രാക്റ്റ് കഴിയും എന്നാണ് ഞാൻ തിരിച്ചു ചോദിച്ചത്. യുഎഇ കോൺസുലേറ്റ് ആണെങ്കിലും നിയമം കേരളത്തിലെത് അല്ലെ എന്നും ചോദിച്ചു. ഇതൊന്നും ഞങ്ങൾ അറിയേണ്ട കോൺട്രാക്റ്റ് അവസാനിച്ചിരിക്കുന്നു എന്നാണ് സ്വപ്ന പറഞ്ഞത്. ഞാൻ യുഎഇ കോൺസുലെറ്റിൽ പോയി. എന്നെ ചെക്ക് ചെയ്ത് മൊബൈൽ ഫോൺ പോലും വാങ്ങിവച്ചാണ് അകത്ത് കടത്തിയത്. ഖാലിദ് പോകുന്നു. ഇനി വണ്ടി വേണ്ട. എന്നാണ് സ്വപ്ന പറഞ്ഞത്. ഖാലിദ് ഒപ്പമുണ്ടായിരുന്നു. ഖാലിദ് പറഞ്ഞു. എന്നെ യുഎഇയിലേക്ക് തിരികെ വിളിച്ചിരിക്കുന്നു. അതിനാൽ ഞാൻ പോകുന്നു എന്നാണ് ഖാലിദ് പറഞ്ഞത്. ഖാലിദിന്റെ മക്കൾ ട്രിവാൻഡ്രം ഇന്റർനാഷണൽ സ്‌കൂളിലാണ് പഠിക്കുന്നത് എന്ന് എനിക്ക് അറിമായിരുന്നു. ഞാൻ വിളിച്ച് അന്വേഷിച്ചു ഖാലിദിന്റെ മക്കൾ ടിസി വാങ്ങിയോ എന്നാണ് ഞാൻ അന്വേഷിച്ചത്. ഇല്ല ഇവിടെ തന്നെ പഠിക്കുന്നു എന്നാണ് സ്‌കൂൾ അധികൃതർ പറഞ്ഞത്. ഇതോടെയാണ് എനിക്ക് ചതി മണത്തത്.

കോൺസുലെറ്റിൽ എത്തിയപ്പോൾ എന്നെ ഒഴിവാക്കാൻ വേണ്ടിയല്ലേ ഈ പറയുന്നത് എന്ന് ഞാൻ ഖാലിദിന്റെ മുഖത്ത് നോക്കി ചോദിച്ചിരുന്നു. അല്ല ഞാൻ യുഎഇയ്ക്ക് പോകുകയാണ് വണ്ടി വേണ്ട എന്നാണ് ഖാലിദ് പറഞ്ഞത്. വണ്ടിയുടെ താക്കോൽ തന്നു എന്നെ ഒഴിവാക്കി. ഇത്രയും നാൾ ഞാൻ ഫിനാൻസ് കയ്യിൽ നിന്നും അടച്ചു. പതിനഞ്ചു ലക്ഷത്തിന്റെ വണ്ടി രണ്ടു മാസം മുൻപ് വണ്ടി അഞ്ച് ലക്ഷം രൂപയ്ക്ക് വിറ്റഴിക്കുകയും ചെയ്തു. വൻ കടബാധ്യതയിൽ ഞാൻ അകപ്പെടുകയും ചെയ്തു. ദൈവം തന്ന പണിയാണ് സ്വപ്നയ്ക്ക് ലഭിച്ചത്. എന്നെ ഒഴിവാക്കി എന്ന് പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. മുന്നിൽ വന്നു നിറഞ്ഞ സാമ്പത്തിക ബാധ്യതയും എന്നെ വിഴുങ്ങിയ വഞ്ചനയുടെ ആഴവും തിരിച്ചറിഞ്ഞാണ് എന്റെ കണ്ണ് നനച്ചത്. കടുത്ത സാമ്പത്തിക ബാധ്യതയിലേക്ക് ആണ് ഞാൻ നീങ്ങുന്നത് എന്ന് മനസിലായിരുന്നു. സ്വപ്ന അപ്പോൾ എനിക്ക് ഒരു നമ്പർ തന്നു. ഓട്ടം വല്ലതും ഉണ്ടെങ്കിൽ നൽകാം എന്ന് പറഞ്ഞാണ് നമ്പർ തന്നത്. ഒരു തവണയോ മറ്റോ ആ നമ്പറിൽ ആളെ കിട്ടി. പിന്നെ ഒരിക്കലും കിട്ടിയതേയില്ല. നിലവിൽ ഇല്ലാത്ത നമ്പർ ആയിരുന്നു അത്-തിരുവല്ലം സ്വദേശി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP