Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാർ ആലഞ്ചേരിയെ പുറത്താക്കാൻ സഹായം തേടി വിമത വൈദികർ പിണറായി വിജയനെ കാണാൻ ശ്രമിക്കുന്നു; മുഖ്യമന്ത്രിയുമായി സംസാരിച്ച് പൊലീസ് അന്വേഷണത്തിന് ഉത്തരവിടാൻ ശ്രമം; അനുമതി നിഷേധിച്ച മുഖ്യമന്ത്രി കാര്യങ്ങൾ പഠിക്കാൻ വിശ്വസ്തനെ ചുമതലപ്പെടുത്തി; ഭൂമി പ്രശ്‌നം രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമത്തിനെതിരെ വൈദികർക്കിടയിൽ അഭിപ്രായ ഭിന്നത ശക്തം

മാർ ആലഞ്ചേരിയെ പുറത്താക്കാൻ സഹായം തേടി വിമത വൈദികർ പിണറായി വിജയനെ കാണാൻ ശ്രമിക്കുന്നു; മുഖ്യമന്ത്രിയുമായി സംസാരിച്ച് പൊലീസ് അന്വേഷണത്തിന് ഉത്തരവിടാൻ ശ്രമം; അനുമതി നിഷേധിച്ച മുഖ്യമന്ത്രി കാര്യങ്ങൾ പഠിക്കാൻ വിശ്വസ്തനെ ചുമതലപ്പെടുത്തി; ഭൂമി പ്രശ്‌നം രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമത്തിനെതിരെ വൈദികർക്കിടയിൽ അഭിപ്രായ ഭിന്നത ശക്തം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സീറോ മലബാർ സഭ ഭൂമിയിടപാട് വിവാദത്തിൽ കർദിനാൾ ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ളവർക്ക് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കാണാനുള്ള വൈദകരുടെ ശ്രമം പൊളിഞ്ഞു. വൈദികരുമായി ചർച്ചയ്ക്ക് മുഖ്യമന്ത്രി വിസമതം അറിയിച്ചതായാണ് സൂചന. വിഷയം പഠിക്കാൻ വിശ്വസ്തനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തുകയും ചെയ്തു. ആലഞ്ചേരിക്കെതിരെ കരുക്കൾ നീക്കുന്ന സീറോ മലബാർ സഭയിലെ വിമതരാണ് പ്രശ്‌നത്തിൽ മുഖ്യമന്ത്രിയെ ഇടപെടുവിക്കുവാൻ നീക്കം നടത്തിയത്. ആലഞ്ചേരിയെ സമ്മർദ്ദം ചെലുത്തി പുറത്താക്കാൻ കഴിയില്ലെന്ന തിരിച്ചറിവിലാണ് ഇത്.

ഭൂമി ഉടപാടിൽ കേരള കാത്തലിക് അസോസിയേഷൻ ഫോർ ജസ്റ്റീസ് എന്ന സംഘടനയുടെ പ്രതിനിധിയായി അഡ്വ. പോളച്ചൻ പുതുപ്പാറ എന്നയാളാണ് എറണാകുളം റെയ്ഞ്ച് ഐജിക്ക് പരാതി നൽകിയിരിക്കുന്നത്. കർദിനാൾ ജോർജ് ആലഞ്ചേരി, പൊക്യുറേറ്റർ ഫാദർ ജോഷി പുതുവ, വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വടക്കുംപാടൻ എന്നിവരെ പ്രതികളാക്കിയാണ് പരാതി. ഈ പരാതിയിൽ ഉചിതമായ നടപടിയെടുക്കണമെന്നും ആലഞ്ചേരിക്കെതിരെ നടപടി വേണമെന്നുമാണ് വിമതരുടെ ആവശ്യം. വിഷയം സഭയ്ക്കകത്ത് ഒതുക്കിത്തീർക്കാവുന്നതല്ലെന്നും നടന്നിരിക്കുന്നത് ക്രിമിനൽ കുറ്റമാണെന്നും അവർ പറയുന്നു. എന്നാൽ ഈ വിഷയത്തിൽ ഇടപെടണമോ എന്ന കാര്യത്തിൽ രാഷ്ട്രീയ തീരുമാനം വേണമെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം. വിഷയത്തിൽ വൈദികരുടെ പൊതു നിലപാട് മനസ്സിലാക്കാനാണ് പിണറായിയുടെ നീക്കം.

വസ്തു ഇടപടാടിൽ ഇടപെട്ട് ക്രിമിനൽ കേസെടുക്കാൻ പരിമതിമായ നിയമങ്ങളേ ഉള്ളൂവെന്നാണ് പൊലീസിന്റെ പക്ഷം. അതുകൊണ്ട് തന്നെ ആലഞ്ചേരിക്കെതിരായ പരാതിയിൽ പൊലീസ് തൽകാലം നടപടി എടുക്കില്ല. വിശ്വാസികൾക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കോടതിയിൽ പോകട്ടേ എന്നാണ് അവരുടെ പക്ഷം. വിശ്വാസികളുടെ പണമാണ് സഭയ്ക്കുള്ളത്. അതിനാൽ ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട് നഷ്ടമുണ്ടായിരിക്കുന്നത് വിശ്വാസികൾക്കാണ്. സഭയ്ക്കകത്ത് ഒതുക്കിത്തീർക്കാവുന്ന ഒരു വിഷമല്ല ഇത്. പൊലീസ് നടപടി ആവശ്യപ്പെടുന്ന ഒരു നീക്കവും ഇതുവരെ ഉണ്ടായിട്ടില്ല. അതിനാലാണ് നടപടി ആവശ്യപ്പെട്ട് ഐജിക്ക് പരാതി നൽകിയത്. എന്നിട്ടും ആരും അനങ്ങുന്നില്ല. ഈ സാഹചര്യത്തിലാണ് ആലഞ്ചേരിയെ കുടുക്കാൻ പിണറായിയുടെ സഹായം തേടി ചില വൈദികർ നീക്കം തുടങ്ങിയത്.

ആലഞ്ചേരിയെ പുറത്താക്കാൻ സഹായിച്ചാൽ അടുത്ത തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് പരസ്യപിന്തുണ പ്രഖ്യാപിക്കാമെന്നാണ് ഇവരുടെ വാഗ്ദാനം. എന്നാൽ സഭയിലെ ഗ്രൂപ്പ് പോരിന് അപ്പുറം ഒന്നും ഇല്ലെന്നാണ് മുഖ്യമന്ത്രിയുടെ പ്രാഥമിക വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് വൈദികരെ മുഖ്യമന്ത്രി മനപ്പൂർവ്വം ഒഴിവാക്കുന്നത്. വിഷയത്തിൽ ശക്തമായ ഇടപെടലുകൾ സർക്കാർ ആലോചിക്കുന്നുണ്ട്. അത് ഒരു വിഭാഗത്തേയും അനുകൂലിക്കാതെ എടുക്കാനാണ് നീക്കം. ആലഞ്ചേരിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന സൂചനയും മുഖ്യമന്ത്രിക്ക് കിട്ടിയിട്ടുണ്ട്. സഭയുടെയും പള്ളികളുടെയും സാമ്പത്തിക പ്രവർത്തനങ്ങൾ സുതാര്യമാക്കാൻ ദേവസ്വം, വഖഫ് മാതൃകയിൽ ചർച്ച് ആക്ട് കൊണ്ടുവരുന്നത് സർക്കാരിന്റെ പരിഗണനയിലാണ്.

അതിനിടെ ആലഞ്ചേരിയെ പിന്തുണച്ച് എകെസിസി രംഗത്തുവന്നു. സാങ്കേതിക പിഴവുകളല്ലാതെ സാമ്പത്തിക ദുരുദ്ദേശ്യങ്ങൾ ഇല്ല. ദേവികുളത്തും കോതമംഗലത്തും ഭൂമി വാങ്ങിയത് വികാരി ജനറാളിനെയും പ്രൊക്യുറേറ്ററെയും വിശ്വാസത്തിലെടുത്തെന്നും കത്തോലിക്ക കോൺഗ്രസ് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. രണ്ട് സ്ഥലങ്ങളും വിറ്റ് പണം ലഭിച്ചില്ലെങ്കിൽ മാത്രമേ വിവാദങ്ങൾക്ക് പ്രസക്തിയുള്ളു. മാധ്യമവിചാരണയ്ക്കു പിന്നിൽ ഗൂഢാലോചനയെന്നും കത്തോലിക്ക കോൺഗ്രസ് ആരോപിച്ചു. രാഷ്ട്രീയ ഇടപെടലുകളിലൂടെ ആലഞ്ചേരിയെ മോശക്കാരനാക്കാനുള്ള ശ്രമത്തിന് കത്തോലിക്കാ കോൺഗ്രസിന്റെ എതിർപ്പുണ്ട്. വെറുതെ രാഷ്ട്രീയക്കാരെ സഭാ വിഷയത്തിൽ ഇടപെടുവിക്കാനുള്ള നീക്കം നല്ല കീഴ് വഴക്കമല്ലെന്നാണ് ഇവരുടെ നിലപാട്.

എറണാകുളം അങ്കമാലി രൂപത സ്ഥലക്കച്ചവടം നടത്തി എന്നതും അതിൽ ചില അബദ്ധങ്ങൾ സംഭവിച്ചു എന്നതും സത്യമാണ്. എന്നാൽ ഒരിക്കലും അത് കോടികളുടെ നഷ്ടത്തിലൊന്നും കലാശിച്ചിട്ടില്ല. സ്ഥലംവില്പന നടത്തിയത് ശരിയായ നടപടിക്രമങ്ങൾ പാലിച്ചുതന്നെയാണ്. എന്നാൽ ഇടനിലക്കാരനായി നിന്നയാൾ നടത്തിയ ചില ക്രമക്കേടുകൾ കാരണം പണം മുഴുവനായി കൈപ്പറ്റാൻ സാധിക്കാതെ വന്നു. അതിനു പകരം മറ്റ് രണ്ട് ഭൂമികൾ പക്ഷേ ഈടായി വാങ്ങിയിട്ടുമുണ്ട്. ഒരു രീതിയിലുമുള്ള സാന്പത്തികനഷ്ടം രൂപതയ്ക്കുണ്ടായിട്ടില്ല. പക്ഷേ ഇത്തരം ചില ഒത്തുതീർപ്പുകൾ (സിവിൽ നിയമത്തിന് വിരുദ്ധമായവയല്ല എന്ന് പ്രത്യേകം ഓർക്കണം) രൂപതയിൽ എല്ലാവരുടെയും ശ്രദ്ധയിലേക്ക് കൊണ്ടുവന്നിരുന്നില്ല. ഇടപാടുകൾ തീരുന്പോൾ എല്ലാവരെയും അറിയിക്കാം എന്ന സദുദ്ദേശം മാത്രമായിരുന്നു അതിനു പിന്നിലുണ്ടായിരുന്നതെന്നാണ് ആലഞ്ചേരി പക്ഷം വിവാദങ്ങളോട് പ്രതികരിക്കുന്നത്.

ഈ ഭൂമിയിടപാടിൽ കള്ളപ്പണം കൈപ്പറ്റിയെന്ന ആക്ഷേപം വസ്തുതാവിരുദ്ധമാണ്. അതേസമയം ഇടപാടിൽ കോടികൾ നഷ്ടം വന്നുവെന്ന ആരോപണത്തിൽ അല്പം കഴന്പുമുണ്ട്. നാട്ടിൽ നടക്കുന്ന എല്ലാ സ്ഥലമിടപാടുകളിലും വലിയ തുകകൾ കള്ളപ്പണമായിട്ടാണ് കൈമാറുന്നതും സ്വീകരിക്കുന്നതും. വലിയപിതാവിന്റെ അറിവോടു കൂടി നടന്ന ഈ ഇടപാടുകളിൽ കള്ളപ്പണം സ്വീകരിക്കാൻ അതിരൂപത തയ്യാറാകാതിരുന്നതിനാൽ വൈറ്റ്മണി മാത്രം സ്വീകരിച്ച് കച്ചവടം നടത്തേണ്ടതായി വരികയും ബ്ലാക്ക് മണി ഉൾപ്പെടുന്ന കച്ചവടത്തിൽ ലഭിക്കേണ്ടിയിരുന്നത്ര തുക ലഭിക്കാതെ പോവുകയും ചെയ്തു. ഇത്തരത്തിൽ കോടികളുടെ നഷ്ടം സംഭവിച്ചു എന്ന് ആക്ഷേപിക്കുന്നതിൽ ചില കാര്യങ്ങളുണ്ടെന്നും അവർ പറയുന്നു. എന്തുവന്നാലും മേജർ ആർച്ച് ബിഷപ്പ് പദവി ആലഞ്ചേരി ഒഴിയില്ലെന്നും വ്യക്തമായി കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP