Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഞ്ച് ആവശ്യങ്ങൾ ഉന്നയിച്ച് മാർ ആലഞ്ചേരിക്കെതിരെ സമരത്തിനിറങ്ങിയ വിമതർ നാലും പിൻവലിച്ച് ഒരെണ്ണത്തിൽ മാത്രം ഉറച്ചു നിൽക്കുന്നു; വ്യാജരേഖ കേസിൽ പേരു ചേർത്ത വൈദികരെ ഒഴിവാക്കുമെന്നു സമ്മതിച്ചാൽ സമരം പിൻവലിക്കുമെന്ന് വിമത സംഘം; മാർ ആലഞ്ചേരി വിട്ടു വീഴ്ചക്ക് സമ്മതിച്ചപ്പോഴും ആവശ്യം എഴുതി തന്നാൽ ആലോചിക്കുമെന്ന് പറഞ്ഞ് ആലഞ്ചേരിക്കൊപ്പം നിന്നവർ; എറണാകുളം അരമനയിലെ സമരം പിൻവലിക്കാനാവാതെ വൈദികർ; സീറോ മലബാർ സഭയിൽ വിമതർ ഒറ്റപ്പെടുമ്പോൾ

അഞ്ച് ആവശ്യങ്ങൾ ഉന്നയിച്ച് മാർ ആലഞ്ചേരിക്കെതിരെ സമരത്തിനിറങ്ങിയ വിമതർ നാലും പിൻവലിച്ച് ഒരെണ്ണത്തിൽ മാത്രം ഉറച്ചു നിൽക്കുന്നു; വ്യാജരേഖ കേസിൽ പേരു ചേർത്ത വൈദികരെ ഒഴിവാക്കുമെന്നു സമ്മതിച്ചാൽ സമരം പിൻവലിക്കുമെന്ന് വിമത സംഘം; മാർ ആലഞ്ചേരി വിട്ടു വീഴ്ചക്ക് സമ്മതിച്ചപ്പോഴും ആവശ്യം എഴുതി തന്നാൽ ആലോചിക്കുമെന്ന് പറഞ്ഞ് ആലഞ്ചേരിക്കൊപ്പം നിന്നവർ; എറണാകുളം അരമനയിലെ സമരം പിൻവലിക്കാനാവാതെ വൈദികർ; സീറോ മലബാർ സഭയിൽ വിമതർ ഒറ്റപ്പെടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സീറോ മലബാർ സഭയിലെ പ്രശ്‌നങ്ങൾ ഉടൻ തീർന്നേക്കും. സമരം നടത്തുന്ന വൈദികർ അവർ ഉന്നയിച്ച അഞ്ച് ആവശ്യങ്ങളിൽ നാലും പിൻവലിക്കാൻ തയ്യാറാണ്. ഇനി ഉള്ളത് ഒരു ആവശ്യം മാത്രം. ഇത് അംഗീകരിക്കാൻ കർദിനാൾ മാർ ആലഞ്ചേരിയും തയ്യാറാണ്. വ്യാജ രേഖാ കേസിലെ അന്വേഷണം അവസാനിപ്പിക്കുന്ന തരത്തിൽ ഇടപെടൽ നടത്തണമെന്നാണ് ആവശ്യം. അതായത് വ്യാജരേഖാ കേസ് പിൻവലിക്കണമെന്നാണ് അവരുടെ നിലപാട്. ഇത് ആലഞ്ചേരി അംഗീകരിക്കുന്നുണ്ട്. വൈദികരെ കേസിൽ പ്രതിയാക്കാൻ ആലഞ്ചേരിക്കും താൽപ്പര്യമില്ല. എന്നാൽ കൂടെയുള്ളവർ ഇക്കാര്യം എഴുതി നൽകിയാൽ മാത്രം പരിഗണിച്ചാൽ മതിയെന്ന നിലപാടിലാണ്. ഇതാണ് ഇപ്പോഴും സമരം തുടരാൻ കാരണം. വിശ്വാസികൾ എതിരാകുമെന്ന് ആയതോടെയാണ് വൈദികർ സമരം പിൻവലിക്കാൻ തയ്യാറായി മുന്നോട്ട് വരുന്നത്. ഇനിയും അധിക നാൾ നിരാഹാരവുമായി മുമ്പോട്ട് പോകാൻ കഴിയില്ലെന്ന് അവർ തിരിച്ചറിയുന്നു.

കർദിനാൾ മാർ ജോർജ് ആലഞ്ചേരി അതിരൂപതാ അധ്യക്ഷസ്ഥാനം ഒഴിയുക, ഓഗസ്റ്റിൽ നടക്കുന്ന സിറോ മലബാർ സിനഡ് മേജർ ആർച്ച് ബിഷപ് മാർ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിൽ ചേരുന്നതിനു പകരം വത്തിക്കാൻ പ്രതിനിധിയുടെ നേതൃത്വത്തിൽ ചേരുക, അതിരൂപതയ്ക്കു സ്വീകാര്യനായ അഡ്‌മിനിസ്ട്രേറ്റീവ് ആർച്ച് ബിഷപ്പിനെ പൂർണ ചുമതലയോടെ നിയമിക്കുക, സസ്പെൻഡ് ചെയ്യപ്പെട്ട അതിരൂപതാ സഹായ മെത്രാന്മാരെ പൂർണ ചുമതലകളോടെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ പരസ്യമായി ഉന്നയിക്കുന്നത്. ഇതാണ് സമരത്തിന് കാരണമായി വൈദികർ മാധ്യമങ്ങളോടും പുറത്തും പറയുന്നത്. എന്നാൽ ഇന്നലെ നടന്ന ചർച്ചകളിൽ ഇതെല്ലാം ഉപേക്ഷിക്കാൻ വൈദികർ തീരുമാനിച്ചിട്ടുണ്ട്. ആലഞ്ചേരിയെ അതിരൂപതാ അധ്യക്ഷനാക്കിയത് പോപ്പാണ്. സിനഡിൽ ആരു പങ്കെടുക്കണമെന്നതിന് വ്യക്തമായ മാർഗ്ഗരേഖയുണ്ടെന്നതാണ് വസ്തുത. ഇതും രണ്ട് വിമതരും അംഗീകരിക്കുന്നു. സിനഡിന്റെ തീരുമാനങ്ങൾ ഇപ്പോഴേ പ്രവചിക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ അഡ്‌മിനിസ്ട്രേറ്റീവ് ആർച്ച് ബിഷപ്പിനെ കുറിച്ച് സിനഡ് തീരുമാനം വരെ കാത്തിരിക്കാനും തയ്യാറാണ്. എന്നാൽ അവരുടെ മനസ്സിലുള്ള അഞ്ചാമത്ത ആഗ്രഹം അത് ഏറെ പ്രധാനപ്പെട്ടതാണ്.

വ്യാജരേഖ ചമച്ചെന്ന കേസിൽ എറണാകുളം അങ്കമാലി അതിരൂപതയുടെ വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടനെ അറസ്റ്റ് ചെയ്തേയ്ക്കുമെന്ന സൂചനയുണ്ട്. മുണ്ടാടനെ പൊലീസ് രണ്ടുതവണ ചോദ്യം ചെയ്തു. ബുധനാഴ്ച പകൽ ചോദ്യം ചെയ്ത് മടങ്ങിയ പൊലീസ് രണ്ടാമത് വീണ്ടുമെത്തിയത് ആശങ്കയുണ്ടാക്കി. ഇതറിഞ്ഞ വൈദികരും എ.എം ടി. പ്രവർത്തകരും ഇവിടെ തടിച്ചുകൂടി. എന്നാൽ രാവിലെ ചോദിച്ച ചില കാര്യങ്ങളിൽ വിശദീകരണത്തിനു വേണ്ടിയാണ് വീണ്ടുമെത്തിയതെന്ന് പൊലീസ് അറിയിച്ചു. ഫാ മുണ്ടാടനെ അറസ്റ്റ് ചെയ്യാനുള്ള തെളിവുകളെല്ലാം പൊലീസ് സംഘടിപ്പിച്ചിട്ടുണ്ട്. എന്നാൽ വിശ്വാസികളുടെ എതിർപ്പ് അതിശക്തമാണെന്ന് പൊലീസിന് അറിയാം. അതുകൊണ്ടാണ് അറസ്റ്റ് വൈകുന്നത്. മുണ്ടാടൻ കുടുങ്ങുമെന്ന് ഉറപ്പായതിന് പിന്നാലെയാണ് വൈദികർ സമരം തുടങ്ങിയത്. ഇതിൽ നിന്നു തന്നെ വ്യാജ രേഖയിലെ അറസ്റ്റ് ഭീതിയാണ് ഇതിന് കാരണമെന്ന് വിലയിരുത്തൽ എത്തിയിരുന്നു. ഇത് ശരിവയ്ക്കും വിധമാണ് ഇപ്പോൾ കാര്യങ്ങൾ പോകുന്നത്. വ്യാജരേഖയിലെ തലവേദന ഒഴിവായാൽ അലഞ്ചേരിയെ എല്ലാ അർത്ഥത്തിലും അംഗീകരിക്കാമെന്നാണ് വിമതരുടെ പുതിയ നിലപാട്.

മുണ്ടാടനെ രണ്ടാമത് പൊലീസ് ചോദ്യം ചെയ്തപ്പോൾ വൈദിക സമിതിയുടെ മിനിറ്റ്‌സിന്റെ കോപ്പിയാണ് പൊലീസ് ആവശ്യപ്പെട്ടത്. കോപ്പി നൽകാൻ കഴിയില്ലെന്ന് ഫാ. കുര്യാക്കോസ് മുണ്ടാടൻ പൊലീസിനെ അറിയിച്ചിരുന്നതാണ്. തുടർന്ന് വികാരി ജനറാളിന്റെ അനുമതി തേടിയിരുന്നു. ഇതിനുശേഷം വൈകീട്ട് പൊലീസെത്തി മിനിറ്റ്‌സ് പകർത്തിയെഴുതുകയായിരുന്നുവെന്ന് റിജു പറഞ്ഞു. വൈകീട്ട് 6.30-ന് എത്തിയ പൊലീസ് സംഘം രാത്രി 8.30-ഓടെയാണ് തിരികെ പോയത്. സീറോ മലബാർ സഭയിലെ വിമത വൈദികരുടെ നേതാവാണ് ഫാ. കുര്യാക്കോസ് മുണ്ടാടൻ. ബിഷപ്പ് മാർ എടയന്ത്രത്തിനെതിരെയുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ഫാ കുര്യാക്കോസ് മുണ്ടാടനെ പൊലീസ് ചോദ്യം ചെയ്യുന്ന നീക്കമെന്നാണ് വിമതരുടെ നിലപാട്. മുണ്ടാടനെ ആദ്യത്തെ ചോദ്യം ചെയ്യൽ ഉച്ചയോടെ കാക്കനാട് നൈപുണ്യ സ്‌കൂളിലെത്തിയാണ് നടത്തിയത്. ചോദ്യം ചെയ്യൽ ഒരു മണിക്കൂറോളം നീണ്ടു. വൈദിക സെക്രട്ടറി എന്ന നിലയിലാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. അതിരൂപതയുടെ ഭൂമിയിടപാടിന്റെ തുടക്കം, കമ്മിഷനെ െവച്ചത്, അന്വേഷണ കമ്മിഷൻ റിപ്പോർട്ട്, വൈദിക സമിതിയിൽ നടന്ന ചർച്ചകൾ എന്നിവയെക്കുറിച്ചാണ് ആദ്യം ചോദിച്ചത്.

വ്യാജരേഖ കേസിനെ കുറിച്ച് ഏത് ഘട്ടത്തിലാണ് അറിഞ്ഞത്, ഫാ. പോൾ തേലക്കാട്ടുമായുള്ള ബന്ധം എങ്ങനെയാണ്, അതിരൂപതയുടെ വ്യാജരേഖ കേസിൽ പോൾ തേലക്കാട്ട് വൈദിക സമിതിയിൽ പറഞ്ഞ കാര്യങ്ങൾ, അഡ്‌മിനിസ്‌ട്രേറ്ററായിരുന്ന മാർ ജേക്കബ് മനത്തോടത്ത് വിളിച്ച പത്രസമ്മേളനം തുടങ്ങിയ ചോദ്യങ്ങളാണ് വ്യാജരേഖ വിവാദത്തെക്കുറിച്ച് ചോദിച്ചത്. അതിരൂപതയുടെ ഭൂമിയിടപാട് ചർച്ചയാക്കുന്നതിൽ പങ്ക് വഹിച്ചവരിൽ ഒരാളാണ് ഫാ. കുര്യക്കോസ് മുണ്ടാടൻ. പക്ഷേ വ്യാജരേഖ കേസും ഭൂമിയിടപാടുമായി നേരിട്ട് ബന്ധമില്ലാത്തതിനാൽ അങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് വ്യക്തമായ ഉദ്ദേശ്യത്തോടെയാണെന്നാണ് വിമത വൈദികരുടെ വികാരം. വ്യാജരേഖ കേസിൽ എടയന്ത്രത്തിന് എന്തെങ്കിലും ബന്ധമുണ്ടെന്ന് വരുത്തിത്തീർത്ത് അദ്ദേഹത്തെ ആ സ്ഥാനത്തുനിന്ന് നീക്കാനും അടുത്ത സിനഡിലും പുതിയ ചുമതലയൊന്നും നൽകാതെയിരിക്കാനും നീക്കമുണ്ടെന്നാണ് വൈദികർ സംശയിക്കുന്നത്. ആവശ്യമുണ്ടെങ്കിൽ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്ന് ഫാ. കുര്യാക്കോസ് മുണ്ടാടനോട് പൊലീസ് പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യം തന്നെയാണ് നിരാഹാരത്തിന് കാരണമെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നതും.

ആലഞ്ചേരിക്ക് അധികാരം നൽകാനുള്ള തീരുമാനം എടുത്തത് മാർപാപ്പയാണ്. റോമിൽ നിന്നുള്ള വിശുദ്ധ തീരുമാനത്തിനെതിരെ വൈദികർ സമരം ചെയ്യുന്നതാണ് വിശ്വാസികളെ പ്രകോപിപ്പിക്കുന്നത്. എറണാകുളത്ത് നിന്ന് തന്നെയുള്ള വിശ്വാസികളാണ് പ്രതിഷേധവുമായെത്തുന്നത്. മാർപ്പാപ്പയെ അനുസരിക്കാനാവില്ലെന്ന വൈദികരുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നാണ് വിശ്വാസികളുടെ പക്ഷം. അരമനയ്ക്കുള്ളിലെ വൈദികരുടെ പ്രതിഷേധത്തിൽ ചിലരുടെ സഹായവും ഉണ്ടായിരുന്നു. സമരത്തിനെതിരെ പ്രതിഷേധിക്കുന്ന വിശ്വാസികൾ ഇവർക്കെതിരേയും പ്രതിഷേധിച്ചു. ഇതോടെ ഇവരെ സമര സ്ഥലത്ത് നിന്ന് പൊലീസ് ഇടപെട്ട് ഒഴിവാക്കി. വൈദികർക്ക് മാത്രമാണ് ഇപ്പോൾ അരമനയ്ക്കുള്ള നിൽക്കാൻ അവസരമുള്ളത്. അങ്ങനെ അരമനയിൽ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് വിമത വൈദികർ.

അതിനിടെ പ്രതിഷേധിക്കുന്ന വൈദികരിൽ ചിലർ മദ്യപിക്കുന്നതായുള്ള പരാതി നിരാഹരത്തിനെതിരെ പ്രതിഷേധിക്കുന്നവർക്കുണ്ട്. അരമനയ്ക്കുള്ളിലുള്ള ഒരു വൈദികൻ കാല് നിലത്തുറയ്ക്കാതെ പുറത്തിറങ്ങിയത് വിവാദമായി. ഇതിനെതിരെ വിശ്വാസികൾ പ്രതിഷേധിക്കുകയും ചെയ്തു. ഇതൊന്നും അനുവദിക്കാനാകില്ലെന്നാണ് വിശ്വാസികളുട പെക്ഷം. സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ നടന്ന സമവായ ചർച്ചയിൽ സ്ഥിരം സിനഡ് അംഗങ്ങളും ആർച്ച് ബിഷപ്പുമാരായ മാർ ആൻഡ്രൂസ് താഴത്ത്, മാർ മാത്യു മൂലക്കാട്ട്, മാർ ജോർജ് ഞരളക്കാട്ട് എന്നിവരും ബിഷപ്പുമാരായ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവരും പങ്കെടുത്തു. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ചർച്ചയിൽനിന്നു വിട്ടുനിന്നു. അദ്ദേഹം പങ്കെടുക്കുന്ന ഒരു സമിതിയുമായി ചർച്ചയ്ക്കു തയാറല്ലെന്നു വൈദികർ ആദ്യമേ വ്യക്തമാക്കിയിരുന്നു. ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ചർച്ചയ്ക്കുള്ള സന്നദ്ധത വൈദികരെ അറിയിക്കുകയായിരുന്നു.

ഫാ. ബെന്നി മാരാംപറമ്പിൽ, ഫാ. കുര്യാക്കോസ് മുണ്ടാടൻ, ഫാ. ഫോർമിസ് മൈനാട്ടി, ഫാ. ജോയ്സ് കൈതക്കോട്ടിൽ, ഫാ. ജോസ് ഒഴലക്കാട്ട്, ഫാ. ജോസ് ഇടശേരി, ഫാ. ആന്റണി നരികുളം, ഫാ. പോൾ ചിറ്റിനപ്പിള്ളി, ഫാ. സെബാസ്റ്റ്യൻ തളിയൻ എന്നിവർ ചർച്ചയിൽ വൈദികരെ പ്രതിനിധീകരിച്ചു. സിറോ മലബാർ സഭാതലവനോട് മാറി നിൽക്കണമെന്ന് ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നു പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വിശദീകരിച്ചു. ഇതോടെ തന്നെ വിമത വൈദികർക്ക് അടിതെറ്റി. സിനഡിനെയോ സിനഡിന്റെ തലവനെയോ എതിർക്കാൻ പാടില്ല. ആത്മാർഥയോടെ, നിഷ്ങ്കളങ്കതയോടെ ശുശ്രൂഷ ചെയ്യുന്ന സഭാതലവനെ ചോദ്യം ചെയ്യുന്നത് ശരിയല്ല. ആരെങ്കിലും പറയുന്നതു കേട്ട് മാറി നിൽക്കേണ്ടി വന്നാൽ പിന്നെ ശുശ്രൂഷകൾക്ക് തുടർച്ചയും പ്രസക്തിയുമില്ലാതാകുമെന്നാണ് പാലാ ബിഷപ്പിന്റെ നിലപാട്. ഇതാണ് അതിരൂപതയിലെ വിശ്വാസികളും പറയുന്നത്.

സഭ ഐക്യത്തോടെ പ്രവർത്തിക്കേണ്ടത് ആവശ്യമാണ്. സഭയുടെ ഒരുമയ്ക്കു വേണ്ടി ശക്തമായ പ്രാർത്ഥന ആവശ്യമായ സമയമാണിത്. ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത പല കാര്യങ്ങളും ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി. സഭയിൽ അച്ചടക്കം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. എറണാകുളം അതിരൂപതയിൽ കർദിനാളിനെതിരെ വൈദികർ നടത്തുന്ന സമരം സഭയുടെ പാരമ്പര്യങ്ങൾക്കെതിരാണെന്നും ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് തുറന്നടിച്ചു. ദൈവ വിശ്വാസത്തിന്റെ അടിസ്ഥാനത്തിന് എതിരാണ് സഭാ തലവനെതിരെ നടത്തുന്ന സമരം. സഭാ സിനഡിലെ ഭൂരിപക്ഷത്തിന്റെ തലവൻ എന്ന നിലയിൽ ആത്മാർഥമായാണ് പ്രവർത്തിക്കുന്നത്. വൈദികരും വിശ്വാസികളും മെത്രാന്മാരും സഭാ നേതൃത്വത്തെ അനുസരിക്കണമെന്നും ബിഷപ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP