Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202121Tuesday

മാർത്തോമ്മാ സഭയിൽ കോടികളുടെ വെട്ടിപ്പ്; 51 കുട്ടികളെ പഠിപ്പിക്കാൻ മാത്രം പ്രത്യേക ബിഎഡ് കോളേജ്; കാലികൾ ഇല്ലാതെ കാലിത്തൊഴുത്ത് നിർമ്മാണം; മാർത്തോമാ സുവിശേഷസംഘത്തിന്റെ സ്‌കൂളിന്റെ മറവിൽ നടന്നത് 85 കോടിയുടെ അഴിമതി; ക്രിസ്തുകുല സ്‌കൂളിൽ നിന്ന് കോടികൾ പ്രിൻസിപ്പൽ റവ. സി എ വർഗീസ് അടിച്ചുമാറ്റി; കാട്ടിലെ തടി തേവരുടെ ആന എന്ന് വിമർശിച്ച് സഭ നിയമിച്ച കമ്മീഷൻ

മാർത്തോമ്മാ സഭയിൽ കോടികളുടെ വെട്ടിപ്പ്; 51 കുട്ടികളെ  പഠിപ്പിക്കാൻ മാത്രം പ്രത്യേക ബിഎഡ് കോളേജ്; കാലികൾ ഇല്ലാതെ കാലിത്തൊഴുത്ത് നിർമ്മാണം; മാർത്തോമാ സുവിശേഷസംഘത്തിന്റെ സ്‌കൂളിന്റെ മറവിൽ നടന്നത് 85 കോടിയുടെ അഴിമതി; ക്രിസ്തുകുല സ്‌കൂളിൽ നിന്ന് കോടികൾ പ്രിൻസിപ്പൽ റവ. സി എ വർഗീസ് അടിച്ചുമാറ്റി; കാട്ടിലെ തടി തേവരുടെ ആന എന്ന് വിമർശിച്ച് സഭ നിയമിച്ച കമ്മീഷൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മധ്യപ്രദേശിലെ സത്നാ ജില്ലയിൽ പ്രവർത്തിക്കുന്ന മാർത്തോമാ സുവിശേഷ സംഘത്തിന്റെ നേതൃത്വത്തിലുള്ള ക്രിസ്തുകുല സ്‌കൂളിന്റെയും കോളേജിന്റെയും മറവിൽ നടന്നത് കോടികളുടെ തട്ടിപ്പുകൾ. പരാതിയെതുടർന്ന് സുവിശേഷ സംഘം നിയമിച്ച കമ്മീഷന്റെ പ്രാഥമിക നിഗമനങ്ങൾ ഉൾപ്പെടുന്ന റിപ്പോർട്ടിൽ 85 കോടിയുടെ അഴിമതി നടന്നതായി കണ്ടെത്തിയതായാണ് സൂചനകൾ. ഏകദേശം 75 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന സ്ഥാപനങ്ങളാണ് സഭയ്ക്ക് സത്നായിലുള്ളത്.  ഈ സ്‌കൂളിന്റെ നടത്തിപ്പ്, ഇതിന്റെ ഭൂമി ഉടമസ്ഥാവകാശങ്ങൾ, നിയന്ത്രണം എന്നിവ വളരെ നിഗൂഢമാണെന്നാണ് വിശ്വാസികൾ ആരോപിക്കുന്നത്.

മാർത്തോമാ സുവിശേഷ സംഘം എന്ന മലബാർ മാർത്തോമാ സിറിയൻ ക്രിസ്ത്യൻ എവെർജിലിസ്റ്റിക് അസോസിയേഷൻ, കമ്പനി ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്തിരിക്കുന്ന ഒരു സംഘടനയാണ്. മാർത്തോമാ സഭയുടെ ട്രസ്റ്റിയായി പ്രവർത്തിക്കുന്ന പിപി അച്ചൻകുഞ്ഞ് അടക്കം എട്ടോളം ഡയറക്ടർമാർ ഈ സ്ഥാപനത്തിന്റെ ചുമതല വഹിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളെ പറ്റി മുമ്പും ഗുരുതരമായ സാമ്പത്തിക ആരോപണങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. ഇവിടെ പ്രിൻസിപ്പലായി പ്രവർത്തിച്ചു വന്ന വെരി റവ. സി എ വർഗീസാണ് ശതകോടികളുടെ തട്ടിപ്പുകേസിൽ പ്രതിസ്ഥാനത്ത്.

കള്ളക്കണക്കിന്റെ ആശാന്മാർ

64 പേജുള്ള പ്രാഥമിക റിപ്പോർട്ടിൽ അഴിമതിയുടെ വിശദമായ വിവരങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വാർത്തകൾ. വെറും 51 കുട്ടികളെ മാത്രം പഠിപ്പിക്കാനായി ബിഎഡ് കോളേജ് നിർമ്മാണം, സ്‌കൂളിൽ നിന്നും സൊസൈറ്റിയിലേക്ക് കോടിക്കണക്കിനു രൂപാ വകമാറ്റം, കോടികൾ ലോൺ എടുത്ത് പണം വകമാറ്റൽ, കാലികൾ ഇല്ലാതെ കാലിത്തൊഴുത്ത് നിർമ്മാണം എന്നിങ്ങനെ വിവിധ ഇനങ്ങളിലായി ഏകദേശം 85 കോടിയോളം രൂപയുടെ അഴിമതി നടന്നതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

മധ്യപ്രദേശിൽ പ്രവർത്തിക്കുന്ന സ്‌കൂളിന്റെ പേരിൽ ഡൽഹിയിലെ ഫെഡറൽ ബാങ്കിൽ സി.എ വർഗീസ് മാത്രം ഒപ്പിട്ട് ഓപ്പറേറ്റ് ചെയ്യുന്ന അക്കൗണ്ടിലേയ്ക്കും കമ്മീഷൻ റിപ്പോർട്ട് വിരൽചൂണ്ടുന്നതായാണ് വിവരം. അവിടെ ഒരു പ്രവർത്തനങ്ങൾക്കും കൃത്യമായ കണക്കുകളോ തീരുമാനങ്ങളെടുത്ത മിനിട്സുകളോ ഇല്ലെന്നും കമ്മീഷന്റെ കണ്ടെത്തലിലുണ്ട്.

സത്നായിൽ നടന്നിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ എല്ലാം തന്നെ ദിവ്യ ഹൈടെക് ബിൾഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് നൽകിയിരിക്കുന്നതെന്ന ആരോപണം സഭയ്ക്കുള്ളിൽ നിന്ന് തന്നെ ഉയർന്നിരുന്നു. ഈ പരാതിയെ പറ്റിയും റിപ്പോർട്ടിൽ പരാമർശമുണ്ടെന്നാണ് സൂചന. എല്ലാ നിർമ്മാണങ്ങൾക്കും ഈ കമ്പനി അവരുടെ കൊട്ടേഷനുകൾക്ക് ഒപ്പം തങ്ങളുടെ പാർട്ണർ മാരുടെ പേരിൽ ക്വട്ടേഷൻ നൽകുകയും ഏറ്റവും കുറഞ്ഞ ക്വട്ടേഷൻ നൽകിയ ദിവ്യ ഹൈടെക്കിന് കരാർ നല്കുകയുമാണ് പതിവ്.

കോടികൾ കീശയിലാക്കി

ഈ കമ്പനിയുടെ ഡയറക്ടറായ പി.ടി മത്തായി ഡൽഹി മാർത്തോമാ ഭദ്രസനത്തിന്റെയും അതിന്റെ സൊസൈറ്റി ആയ നോർത്തേൺ ഇന്ത്യ സോണൽ അസംബ്ലി ഓഫ് മാർത്തോമ ചർച്ചിന്റെയും ട്രസ്റ്റിയാണ്. ഇദ്ദേഹം 2014 ൽ ആണ് സ്ഥാനമേൽക്കുന്നത്. ആ വർഷം തന്നെ ആണ് ദിവ്യ ഹൈടെക്ക് എന്ന കമ്പനിയുടെ രൂപീകരണവും. വെറും ഒരു പ്ലംബർ ആയിരുന്ന പി.ടി മത്തായിയുടെ കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിലെ വരുമാനം ശത കോടികളാണെന്ന് കമ്മീഷന് മുന്നിൽ തെളിവ് സഹിതം പരാതി എത്തിയിട്ടുണ്ട്.

ഭദ്രാസനത്തിലെ മിക്ക നിർമ്മാണപ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്തുന്നത് മത്തായിയും മത്തായിയുടെ സഹോദരൻ പി.ടി സ്‌കറിയയുമാണ്.

പവർ ഓഫ് അറ്റോർണി വച്ച് കളികൾ

ഭദ്രാസനത്തിലെ ഏതൊരു സ്ഥാപനവും വിൽക്കാനും വാങ്ങാനുമുള്ള അധികാരം സി ഐ വർഗീസിന് നൽകിയിരുന്നു എന്നതിനുള്ള തെളിവുകളായി പവർ ഓഫ് അറ്റോർണി അടക്കമുള്ള തെളിവുകൾ കൈവശം ഉണ്ട്. മാർത്തോമാ സഭയുടെ ഡൽഹി ഭദ്രാസനത്തിൽപെടുന്ന ഫരീദാബാദിലെ ധർമജ്യോതി വിദ്യാപീഠിന്റെ പ്രിൻസിപ്പൽ കോർട്ടർ പണിയാൻ ടെൻഡർ വിളിച്ചപ്പോൾ പി.ടി ത്തായി സ്വന്തം അനിയന്റെ കമ്പനിയായ എസ് എസ് ബിൽഡേഴ്സിന്റെ പേരിലും ക്വൊട്ടേഷൻ നൽകി. ക്വൊട്ടേഷൻ അനിയന്റെ കമ്പനിയുടെ ലെറ്റർ ഹെഡിലാണെങ്കിലും അതിൽ പതിച്ചിരിക്കുന്ന സ്റ്റാമ്പും ഒപ്പും പി.ടി മത്തായിയുടെതാണ്.

ഏറ്റവും കുറഞ്ഞ ക്വൊട്ടേഷൻ നൽകിയ പി.ടി മത്തായിയുടെ അനിയന്റെ കമ്പനിക്ക് കോടികളുടെ നിർമ്മാണ കരാർ. പോരെ? ഇതെവിടെ നടക്കും?

അന്വേഷണ കമ്മീഷനെ നിയമിച്ചത് കാലംചെയ്ത ജോസഫ് മാർത്തോമാ മെത്രാപ്പൊലിത്തയാണ്. സാമ്പത്തിക തട്ടിപ്പുകൾ നടത്തിയ വെരി റെവ. സി ഐ വർഗീസും അസിസ്റ്റന്റ് ആയി പ്രവർത്തിച്ച റെവ. കോശി കുര്യനും നാട്ടിൽ എത്തി കഴിഞ്ഞു. അവർക്ക് പകരം നിയമിച്ച പട്ടക്കാരനെയും അവിടെ നിന്നും അടിയന്തിരമായി മാറ്റി. കുവൈറ്റിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ റെവ. ബൈജു സാമുവേൽ എന്ന പട്ടക്കാരനെതിരെ അന്വേഷണ കമ്മീഷനെ നിയമിച്ചു അതിന്റെ അടിസ്ഥാനത്തിൽ മോഷ്ടിച്ച ലക്ഷകണക്കിന് രൂപ തിരിച്ചടപ്പിച്ച തിയോഡോഷ്യസ് ഇവിടെ സുവിശേഷക സംഘത്തിന്റെ കീഴിലുള്ള ഒരു സ്‌കൂളിൽ നടന്നിരിക്കുന്ന 85 കോടിയോളം രൂപ തിരിച്ചടപ്പിക്കുകയും തിരിമറിക്കാരെ നിയമത്തിനു വിട്ടുകൊടുക്കുകയും വേണമെന്നാണ് വിശ്വാസികൾ ആവശ്യപ്പെടുന്നത്.

മധ്യപ്രദേശിലെ ലോറൽസ് ഇന്റർനാഷണൽ സ്‌കൂളിന്റെ മുഖ്യ രക്ഷാധികാരിയായ ഡോ ജോൺ എം ചാക്കോ, സുപ്രീം കോടതിയിലും മദ്രാസ് ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്യുന്ന അഡ്വ. എ.സി ഫിലിപ്പ്, ബാങ്കിങ് വിദഗ്ധൻ ഫിലിപ് ജോർജ് എന്നിവരായിരുന്നു ഈ കമ്മീഷന്റെ അംഗങ്ങൾ. തുടക്കം മുതൽ തന്നെ കമ്മീഷൻ റിപ്പോർട്ടിന്റെ ഉള്ളടക്കം മയപ്പെടുത്തണം എന്ന ആവശ്യം ശക്തമായി ഉയർത്തി കമ്മീഷൻ അംഗങ്ങളെ സ്വാധീനിക്കാൻ ശക്തമായ ശ്രമങ്ങൾ നടന്നിരുന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ കഴിഞ്ഞ മാർച്ചിൽ കമ്മീഷൻ റിപ്പോർട്ട് സുവിശേഷ സംഘം പ്രസിഡന്റ് ആയ ബിഷപ്പ് യുവാക്കീം മാർ കുറിലോസിനും ഒപ്പം സുവിശേഷ സംഘം ഭാരവാഹികൾക്കും സമർപ്പിച്ചു.

കോവിഡ് കാലമായതിനാൽ വിശദമായ അന്വേഷണം പൂർത്തിയാക്കാൻ സമയമെടുക്കും എന്നതിനാലാണ് ആദ്യഘട്ട കണ്ടെത്തലുകൾ ഉൾപ്പെടുത്തി പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ മാസങ്ങളായി ഇത് ഫ്രീസറിലാണ്. റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്ന് മാർത്തോമ സഭാ അധിപനും സ്ഥിരീകരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP