Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202306Tuesday

ഇന്ത്യയിൽ നിന്ന് ദത്തെടുത്ത അന്നയ്ക്ക് വേണ്ടി വർക്കലയിൽ അനാഥാലയം തുടങ്ങാൻ വന്ന സ്വീഡിഷ് ദമ്പതികളെ ഓട്ടോറിക്ഷാ ഡ്രൈവർ പറ്റിച്ചു; കിണറു പണിയും ഓട്ടോറിക്ഷയുമായി നടന്ന തിലകൻ ഒരു സുപ്രഭാതത്തിൽ കോടീശ്വരൻ; വിദേശികൾ തട്ടിപ്പ് മനസിലാക്കിയപ്പോൾ നാട്ടിൽ വന്നാൽ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണി; തിലകന് വേണ്ടി വഴിവിട്ട് പൊലീസും; എഡിജിപിയെ നേരിൽ കണ്ട് വിദേശവനിതയുടെ പരാതി

ഇന്ത്യയിൽ നിന്ന് ദത്തെടുത്ത അന്നയ്ക്ക് വേണ്ടി വർക്കലയിൽ അനാഥാലയം തുടങ്ങാൻ വന്ന സ്വീഡിഷ് ദമ്പതികളെ ഓട്ടോറിക്ഷാ ഡ്രൈവർ പറ്റിച്ചു; കിണറു പണിയും ഓട്ടോറിക്ഷയുമായി നടന്ന തിലകൻ ഒരു സുപ്രഭാതത്തിൽ കോടീശ്വരൻ; വിദേശികൾ തട്ടിപ്പ് മനസിലാക്കിയപ്പോൾ നാട്ടിൽ വന്നാൽ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണി; തിലകന് വേണ്ടി വഴിവിട്ട് പൊലീസും; എഡിജിപിയെ നേരിൽ കണ്ട് വിദേശവനിതയുടെ പരാതി

ശ്രീലാൽ വാസുദേവൻ

വർക്കല: ഇന്ത്യയിൽ നിന്ന് ദത്തെടുത്ത് മകളാക്കിയ അന്നയ്ക്ക് വേണ്ടി കേരളത്തിൽ അനാഥാലയം തുടങ്ങാൻ വന്ന സ്വീഡിഷ് ദമ്പതികളെ സമർഥമായി പറ്റിച്ച് ഓട്ടോഡ്രൈവറും കൂട്ടരും. അനാഥാലയം നടത്തിപ്പിനെന്ന പേരിൽ കോടികൾ കൈപ്പറ്റുകയും അത് ഉപയോഗിച്ച് റിസോർട്ട് വ്യവസായം തുടങ്ങി വിദേശികളെ പറ്റിക്കുകയും ചെയ്ത മുൻപ് കിണറു പണിക്കാരനും പിന്നീട് ഓട്ടോഡ്രൈവറും ആയിരുന്ന തിലകൻ എന്നയാൾ ഒരു സുപ്രഭാതത്തിൽ കോടീശ്വരനായി. തങ്ങൾ പറ്റിക്കപ്പെട്ടുവെന്ന് മനസിലാക്കിയ സ്വീഡിഷ് കുടുംബം ഡിജിപിക്കും മുഖ്യമന്ത്രിക്കുമൊക്കെ പരാതി നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. നാട്ടിൽ വന്നാൽ നാർക്കോട്ടിക് കേസിൽ അടക്കം കുടുക്കുമെന്ന് വിദേശികളെ ഭീഷണിപ്പെടുത്തിയ തിലകന് കേരളാ പൊലീസ പിന്തുണയും നൽകി. ഒടുവിൽ രണ്ടും കൽപ്പിച്ച് നാട്ടിലെത്തിയ അന്ന എന്ന യുവതി എഡിജിപിയെ നേരിൽ കണ്ട് വിവരങ്ങൾ ധരിപ്പിച്ചു. ഇവരുടെ പരാതിയിൽ തിലകനും കൂട്ടർക്കുമെതിരേ കേസ് എടുക്കാൻ എഡിജിപി നിർദേശിച്ചിട്ടും പൊലീസിന് മടി. ഒടുക്കം അയിരൂർ പൊലീസ് തിലകനും മറ്റ് നാലു പേർക്കുമെതിരേ വിദേശവനിതയെ ഭീഷണിപ്പെടുത്തിയതിനും അവരുടെ വസ്തുവകകളിൽ കടന്ന് നാശനഷ്ടമുണ്ടാക്കിയതിനും നാലു കോടിയോളം രൂപ തട്ടിയെടുത്തതിനും അടക്കം കേസ് രജിസ്റ്റർ ചെയ്തു.

സ്വീഡനിൽ റോണിങ് ടണൽസ്റ്റൈൻ താമസക്കാരിയായ അന്ന എൽസ മരിയ അനു ബ്രാൻഡ്റ്റ് എന്ന യുവതിയാണ് പരാതിക്കാരി. സ്വീഡിഷ് ദമ്പതികൾ ആന്ധ്രയിൽ നിന്നും 2008 ൽ ദത്തെടുത്ത് മകളാക്കി വളർത്തുകയാണ് അന്നയെ. ഈ പെൺകുട്ടിയെ തങ്ങൾക്ക് സമ്മാനിച്ച ഇന്ത്യയോടുള്ള സ്നേഹം കൊണ്ട് ഇവിടെ ഒരു അനാഥാലയം തുടങ്ങാൻ തീരുമാനിക്കുന്നു. വർക്കലയിൽ ഒരു വിനോദസഞ്ചാരകേന്ദ്രം തുടങ്ങി ഇതിൽ നിന്നുള്ള വരുമാനം കൊണ്ട് അനാഥക്കുഞ്ഞുങ്ങൾക്ക് സംരക്ഷണം ഒരുക്കുക എന്നതായിരുന്നു ലക്ഷ്യം. 2009 ൽ വർക്കലയിൽ എത്തിയ അന്നയെ അന്ന് അവിടെ ഓട്ടോറിക്ഷ ഡ്രൈവർ ആയിരുന്ന തിലകൻ സമീപിച്ച് എല്ലാ വിധ സഹായവും വാഗദ്ാനം ചെയ്തു. അങ്ങനെ അന്നയുടെ വിശ്വാസം ഇയാൾ നേടിയെടുത്തു. നാട്ടുകാരൻ കൂടി ആയതിനാൽ അനാഥാലയം തുടങ്ങാൻ ഇയാളുടെ സഹായം തുണയാകുമെന്ന് അന്നയും കരുതി. അങ്ങനെ തിലകനുമായി ചേർന്ന് പാർട്ണർഷിപ്പ് ബിസിനസ് തുടങ്ങാൻ അന്ന തീരുമാനിക്കുന്നു. ഇതിനായി 39.5 സെന്റ് ഭൂമിയും കെട്ടിടവും പാർട്ണർഷിപ്പ് വ്യവസ്ഥയിൽ വാങ്ങി.

നാലു കോടി രൂപയാണ് ഇതിനായി അന്ന തിലകന് കൈമാറിത്. ഇത് ഉപയോഗിച്ച് റിസോർട്ട് വ്യവസായം തുടങ്ങിയെന്നും അതിൽ നിന്നുള്ള വരുമാനം കൊണ്ട് 50 അനാഥക്കുട്ടികൾക്ക് സുരക്ഷയൊരുക്കുന്നുണ്ടെന്നും തിലകൻ അന്നയെ വിശ്വസിപ്പിച്ചു. ഇവർ തിലകനെ കണ്ണുമടച്ച് വിശ്വസിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ജനുവരിയിൽ ബിസിനസിന്റെയും അനാഥാലയം നടത്തിപ്പിന്റെയും മുഴുവൻ കണക്കുകളും അന്ന ആവശ്യപ്പെട്ടു. എന്നാൽ, ഒന്നും നൽകാൻ തിലകൻ തയാറായില്ല.അപ്പോഴാണ് താൻ ചതിക്കപ്പെട്ടുവെന്ന വിവരം അന്നയ്ക്ക് മനസിലായത്. അതോടെ താൻ പാർട്ണർഷിപ്പിൽ നിന്ന് പിന്മാറുന്നുവെന്ന് കാണിച്ച് അന്ന തിലകന് നോട്ടീസ് അയച്ചു. കണക്കുകൾ ഒത്തുതീർപ്പാക്കാനും നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു.

തന്നെ ചതിച്ച്, താൻ അയച്ചു കൊടുത്ത പണം കൊണ്ട് ഒടയം ബീച്ച് റിസോർട്ട് എന്ന പേരിൽ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി തിലകൻ തുടങ്ങിയിരുന്നു. താൻ ആണ് അതിന്റെ എം.ഡി എന്നാണ് പറഞ്ഞിരുന്നത്. കള്ളക്കളികൾ അന്ന മനസിലാക്കിയെന്ന് മനസിലാക്കിയതോടെ തിലകനും കൂട്ടരും ഉപദ്രവം ആരംഭിച്ചു. അന്നയുടെ കെട്ടിടത്തിൽ അതിക്രമിച്ച് കയറിയ സംഘം മാനേജർ മുബാറക്കിനെ മർദിച്ചു. പിന്നീടും ഉപദ്രവം തുടർന്നു. അന്നയുടെ ഭൂമിയിലേക്ക് മാലിന്യം നിക്ഷേപിക്കുന്നത് പതിവായി. അവിടെയുള്ള കെട്ടിടം തീ വച്ച് നശിപ്പിക്കാൻ നോക്കി. വസ്തുവകകളിൽ അതിക്രമിച്ച് കയറിയ സംഘം ഇവിടെ മയക്കുമരുന്ന് അനധികൃത മദ്യവും വിപണനം ചെയ്യാൻ തുടങ്ങി. നിന്റെ ഭൂമിയിൽ ഞാൻ എനിക്ക് ഇഷ്ടമുള്ളത് ചെയ്യും. മദ്യവും മയക്കുമരുന്നും വിൽക്കും. എതിർത്താൽ ലഹരി മരുന്ന് കേസിൽ കുടുക്കും എന്നൊക്കെ പരസ്യമായി ഭീഷണി മുഴക്കിയെന്ന് അന്ന മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയിൽ പറയുന്നു. പൊലീസും ഇടവ പഞ്ചായത്ത് അധികൃതരും തിലകന്റെ സ്വാധീനത്തിന് വഴങ്ങി അയാൾക്കൊപ്പം നിന്നു. ഇയാളുടെ ദ്രോഹം സംബന്ധിച്ച് സ്വീഡനിൽ നിന്ന് ആറു മാസം മുൻപ് അന്ന ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. യാതൊരു നടപടിയും ഉണ്ടായില്ല.

ഡിസംബർ 16 ന് അന്ന നാട്ടിലെത്തി. അതോടെ ഭീഷണി നേരിട്ടായി. അന്നയുടെ വസ്തുക്കളിൽ ലഹരി മരുന്ന് വച്ച് പിടിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഇതിനിടെ ഒടയത്തുള്ള അന്നയുടെ വീട്ടിൽ നിന്ന് വീടിന്റെയും വസ്തുവിന്റെയും ആധാരം തിലകനും കൂട്ടരും മോഷ്ടിച്ചിരുന്നു. ഇതുപയോഗിച്ച് വ്യാജരേഖ ചമച്ച് വസ്തു അറ്റാച്ച് ചെയ്യാനും ശ്രമം. ഇക്കാര്യം ചൂണ്ടിക്കാട്ടി എഡിജിപിക്ക് നേരിട്ട് പരാതി നൽകിയതിന്റെ പേരിലാണ് കഴിഞ്ഞ ദിവസം അയിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തിലകൻ, സജീവ്, സിനിമോൻ, നജീബ്, മറ്റുള്ളവർ എന്നിങ്ങനെയാണ് പ്രതികളുടെ പേര് എഫ്ഐആറിലുള്ളത്. എഡിജിപി നിർദേശിച്ചിട്ടു പോലും കേസ് രജിസ്റ്റർ ചെയ്യാൻ അയിരൂർ പൊലീസ് മടിച്ചു കാണിച്ചുവെന്നാണ് ആരോപണം.

തിലകന്റെ തട്ടിപ്പുകൾ മറുനാടൻ മുൻപ് പുറത്തു വിട്ട വാർത്ത ഇങ്ങനെ...

ലഹരി മരുന്ന് കച്ചവടത്തിന് പ്രശസ്തമായ അനധികൃത റിസോർട്ടുടമ തിലകന്റെ നേതൃത്വത്തിൽ വർക്കലയിൽ ഭൂമി തട്ടിപ്പ് കൊഴുക്കുകയാണ്. ഇയാൾക്ക് പിന്നിൽ അണിനിരന്നിരിക്കുന്നത് രണ്ട് അഭിഭാഷകരും റിട്ടയർ ആയ മൂന്ന് എസ്‌പിമാരും. ഈ മാഫിയ സംഘം നോട്ടമിടുന്ന ഭൂമി വ്യാജരേഖ ചമച്ച് തട്ടിയെടുക്കുകയാണ് ചെയ്യുന്നത്. ലണ്ടനിൽ സ്ഥിര താമസമായ യുവതിയുടെ പേരിലുള്ള ഭൂമി തട്ടിയെടുക്കാൻ വേണ്ടി കോടതിയിൽ സംഘം വ്യാജരേഖ ചമച്ചതോടെയാണ് തട്ടിപ്പ് വെളിയിൽ വന്നിരിക്കുന്നത്. കെഎസ്ഇബിക്കെതിരേ കേസ് നടത്താൻ വ്യാജരേഖ ചമച്ച് ഹൈക്കോടതിയെയും ഇക്കൂട്ടർ കബളിപ്പിച്ചു.

തികച്ചും ആസൂത്രിതമായിട്ടാണ് ഇവരുടെ നീക്കം. ഇഷ്ടപ്പെട്ട ഭൂമിയോ കെട്ടിടമോ കണ്ടാൽ അത് സ്വന്തമാക്കണമെന്ന് ഉറപ്പിക്കും. പിന്നീട് ഭൂമി തങ്ങൾക്ക് വിറ്റതായോ പാട്ടത്തിന് നൽകിയതായോ പണയപ്പെടുത്തിയതായോ വ്യാജരേഖ ഉണ്ടാക്കും. ഇതിൽ എതിർ കക്ഷിയുടെ ഒപ്പ് ഇവർ തന്നെ അനുകരിക്കും. അതിന് ശേഷം ഭൂമി അറ്റാച്ച് ചെയ്യാൻ കോടതിയെ സമീപിക്കും. സിവിൽ കേസ് നടത്തുന്നതിൽ വിദഗ്ധനായ അഭിഭാഷകനാണ് ഇവർക്ക് തുണ. എന്തെങ്കിലും കുഴപ്പം പറ്റിയാൽ നേരെ ഹൈക്കോടതിയിലെ യുവ അഭിഭാഷകനെ സമീപിക്കും. ഇത്തരത്തിൽ ഇവർ വ്യാജരേഖ തയാറാക്കിയ രണ്ടു പരാതികൾ നിലവിൽ പൊങ്ങി വന്നിരിക്കുന്നത്. ഒന്നിൽ തിലകനെതിരേ അയിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മറ്റൊന്ന് ഹൈക്കോടതിയുടെ പരിഗണനയിലുമാണ്.

നിലവിൽ ഇരുപതിൽപ്പരം കേസുകൾ തിലകനെതിരേയുണ്ട്. അതിൽ രണ്ടെണ്ണം ഇയാൾ അനധികൃതമായി നടത്തുന്ന റിസോർട്ടിൽ ലഹരി മരുന്നു വിറ്റതിനാണ്. ലണ്ടനിൽ സ്ഥിരതാമസമാക്കിയ ഒറ്റൂർ പേരേറ്റ് കല്ലുവെട്ടാംവിള വീട്ടിൽ വിജയന്റെ മകൾ ലിൻസിന്റെ പേരിൽ ഇടവ വില്ലേജിൽ റീസർവേ നമ്പർ 597/231, 597/241, 597/21 എന്നിവയിലായുള്ള 9.50 സെന്റ് (4 ആർ) സ്ഥലമാണ് ആറ്റിങ്ങൽ സബ്കോടതിയിൽ ഹർജി ഫയൽ ചെയ്ത് തട്ടിയെടുക്കാൻ ശ്രമം നടത്തിയത്. ലിൻസിന്റെ പവർ ഓഫ് അറ്റോർണി പ്രകാരം ബന്ധുവായ ബോബി സുഗുണൻ ആണ് വസ്തുവകകൾ നോക്കി നടത്തിയിരുന്നത്. ഇക്കാരണത്താൽ കോടതിയിൽ നിന്നുള്ള അറിയിപ്പ് ബോബിക്കാണ് ലഭിച്ചത്. രേഖകൾ പരിശോധിച്ചപ്പോൾ ലിൻസിന്റെ ഉടമസ്ഥതയിലുള്ള പാം ട്രീ റെസ്റ്റോറന്റും അത് നിൽക്കുന്ന സ്ഥലവും തന്റെയാണെന്ന് അവകാശപ്പെട്ട് തിലകൻ ഫയൽ ചെയ്ത ഹർജിയാണെന്ന് വ്യക്തമായി. രേഖകൾ ബോബി ലിൻസിന് അയച്ചു കൊടുത്തപ്പോഴാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ലിൻസിന്റെ പേരിലുള്ള കരാർ വ്യാജമാണെന്ന് മനസിലായത്. അതിലെ ഒപ്പ് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ലിൻസ് ഡിജിപിക്കും ലണ്ടനിലെ ഇന്ത്യൻ എംബസിയിലും പരാതി നൽകി. പവർ അറ്റോർണിയുള്ള ബോബി ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിലകനെതിരേ അയിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എഫ്ഐആർ ഇടുന്നത് തടയാൻ മുൻ എസ്‌പിമാരായ പികെ മധു, അശോകൻ, അശോക് കുമാർ എന്നിവർ ഉന്നത തല ഇടപെടൽ നടത്തിയതായി ബോബി ആരോപിക്കുന്നു. റൂറൽ എസ്‌പിയായിരുന്ന പികെ മധുവിന്റെ പിന്തുണയോടെ പല ഭൂമി തട്ടിപ്പും തിലകൻ നടത്തിയെന്ന് ആരോപിച്ച് ബോബി നേരത്തേ ഡിജിപിക്ക് പരാതി നൽകിയിരുന്നു.

ലിൻസിന്റെ പേരിലുള്ള പാം ട്രീ റെസ്റ്റോറന്റ് കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ നീക്കത്തിന് ഇട നില നിന്നത് മധുവായിരുന്നുവെന്ന് ബോബിയുടെ പരാതിയിൽ ആരോപിച്ചിരുന്നു. ഭൂമി പറയുന്ന വിലയ്ക്ക് തിലകന് വിട്ടു കൊടുത്തില്ലെങ്കിൽ ബോബിയെ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. മധുവിന്റെ ഇടനിലക്കാരനായ എംപി മുഹമ്മദ് ഇതിനെല്ലാം ഒത്താശ ചെയ്തിരുന്നുവെന്നും പരാതിയിൽ പറയുന്നു. ഇയാൾ മധുവിന്റെ കീഴുദ്യോഗസ്ഥൻ ചമഞ്ഞാണ് ഇടനിലയ്ക്ക് വന്നത്. പക്ഷേ, ഇയാൾ പൊലീസ് അല്ലെന്നും തിലകന്റെ പരിചയക്കാരിയായ അഭിഭാഷകയുടെ ഭർത്താവ് ആണെന്നും പിന്നീട് വ്യക്തമായി. ബോബിയുടെ പരാതിയിൽ ഡിജിപി നടപടി എടുത്തില്ലെന്ന് മാത്രമല്ല, ബോബിക്കെതിരേ തിലകനെ ചീത്ത വിളിച്ചുവെന്ന പേരിൽ കേസ് എടുപ്പിക്കുകയും ചെയ്തു.

സമാനമായ രീതിയിൽ സ്വീഡൻ പൗരനായ അന്നയെന്ന യുവതിയെയും തിലകൻ കബളിപ്പിച്ചിട്ടുണ്ട്. അന്ന നൽകിയ ഹർജി പ്രകാരം രണ്ടു കേസുകൾ ആറ്റിങ്ങൽ, വർക്കല കോടതികളിലായി തിലകനെതിരേ നടന്നു വരികയാണ്.
കിണർ പണിക്കാരനായി തുടങ്ങി റിസോർട്ട് മുതലാളിയായി മാറിയ കഥയാണ് തിലകന്റേത്. കിണർ തൊഴിലാളി പിന്നീട് വർക്കല ബീച്ച് കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങി.ബീച്ചിലെ റിസോർട്ടുകളിൽ ദിവസ പിരിവിനു പൈസ കൊടുത്തു തുടങ്ങി. വർക്കലയിൽ എത്തുന്ന വിദേശ വനിതകളുമായി സൗഹൃദം കൂടി. അവർക്ക് വസ്തുക്കൾ വാങ്ങി കൊടുക്കുന്ന ഇടനിലക്കാരനായി, വിശ്വസ്തനായി കൂടെ കൂടി വിദേശിയരുടെ പേരിൽ വാങ്ങി കൊടുത്ത വസ്തുക്കളുടെയും ഹോട്ടലുകളുടെയും മേൽനോട്ടം ഏറ്റെടുത്തു റിസോർട്ട് മുതലാളിയായി.

റിസോർട്ടിൽ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മയക്കു മരുന്നുകച്ചവടവും, അനധികൃത മദ്യ വിൽപനയും നടക്കുന്നു. ഇതിനിടയിൽ വിദേശിയരുടെ പേരിൽ വാങ്ങിയ വസ്തുക്കൾ പലതും ഒരു അഭിഭാഷകന്റെ സഹായത്തോടെ കൈക്കലാക്കി. വർക്കല കോടതിയിലും ആറ്റിങ്ങൽ കോടതിയിലും നിലവിൽ 20ഓളം കേസുകൾ തിലകൻ കക്ഷിയായിട്ടുണ്ട്. അതിൽ 18 കേസും വസ്തുവിന്റെ ഉടമസ്ഥവകാശവുമായി ബന്ധപ്പെട്ടതാണ്.
രണ്ടെന്നം റിസോർട്ടിൽ ലഹരി മരുന്ന് വിറ്റതിന് എക്സൈസ് ചാർജ് ചെയ്തതാണ്. വിദേശത്തുള്ളവരുടെയും സ്വദേശികളുടെയും വ്യാജഒപ്പിട്ടും, കൃത്രിമമായി കരാറുകൾ ഉണ്ടാക്കിയും കോടതികളിൽ കേസുകൾ ഫയൽ ചെയ്തു തിലകനുമായി ചേർന്നു നടത്തുകയാണ് അഭിഭാഷകൻ. തിരുവനന്തപുരം റൂറൽ പൊലീസ് ജില്ലയിൽ ഇരുന്നിട്ടുള്ള ഭൂരിഭാഗം എസ്‌പി മാരും തിലകന്റെ അനധികൃത റിസോർട്ടിലെ സ്ഥിരം സന്ദർശകരും സൽക്കാരങ്ങൾ ഏറ്റുവാങ്ങുന്നവരുമാണ്. ഇതു കാരണം ലഹരി മരുന്ന് കച്ചവടം അടക്കം പിടിക്കപ്പെടാറില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP