Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

സർവേ ഡയറക്ടർ സ്ഥാനത്തു നിന്നും വി ആർ പ്രേംകുമാറിനെ തെറിപ്പിച്ചു പിണറായി സർക്കാർ; സത്യസന്ധനായ ഉദ്യോഗസ്ഥനെ മാറ്റിയത് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി അറിയാതെ; കടുത്ത അമർഷം മുഖ്യമന്ത്രിയെ അറിയിച്ചു ഡോ. വി വേണു; തീരുമാനം തിരുത്തിയില്ലെങ്കിൽ രാജിവെക്കുമെന്ന് വരെ ഭീഷണി; പ്രേംകുമാറിനെ നീക്കിയത് സർവേ ഉപകരണങ്ങൾ വാങ്ങാൻ കമ്മീഷൻ ലൈൻ ഒഴിവാക്കി നേർവഴി സ്വീകരിച്ചതിന്; ഉദ്യോഗസ്ഥ സ്ഥലംമാറ്റത്തിന് കൈക്കൂലി വാങ്ങാൻ അവസരം ഒരുക്കാത്ത ഭരണകക്ഷി യൂണിയനും ചരടുവലിച്ചു

സർവേ ഡയറക്ടർ സ്ഥാനത്തു നിന്നും വി ആർ പ്രേംകുമാറിനെ തെറിപ്പിച്ചു പിണറായി സർക്കാർ; സത്യസന്ധനായ ഉദ്യോഗസ്ഥനെ മാറ്റിയത് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി അറിയാതെ; കടുത്ത അമർഷം മുഖ്യമന്ത്രിയെ അറിയിച്ചു ഡോ. വി വേണു; തീരുമാനം തിരുത്തിയില്ലെങ്കിൽ രാജിവെക്കുമെന്ന് വരെ ഭീഷണി; പ്രേംകുമാറിനെ നീക്കിയത് സർവേ ഉപകരണങ്ങൾ വാങ്ങാൻ കമ്മീഷൻ ലൈൻ ഒഴിവാക്കി നേർവഴി സ്വീകരിച്ചതിന്; ഉദ്യോഗസ്ഥ സ്ഥലംമാറ്റത്തിന് കൈക്കൂലി വാങ്ങാൻ അവസരം ഒരുക്കാത്ത ഭരണകക്ഷി യൂണിയനും ചരടുവലിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർവേ ഡയരക്ടർ ആൻഡ് ലാൻഡ് റെക്കോർഡ്‌സ് സ്ഥാനത്തു നിന്നും വിആർ പ്രേംകുമാർ ഐഎഎസിനെ തെറിപ്പിച്ചു പിണറായി സർക്കാർ. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടതോടെ റവന്യൂ വകുപ്പിനുള്ള പൊട്ടിത്തെറി. റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി വേണു അറിയാതെയാണ് കഴിഞ്ഞ ദിവസം മന്ത്രിതലത്തിൽ സർവേ ഡയറക്ടറെ മാറ്റാൻ തീരുമാനം കൈക്കൊണ്ടത്. ഇതിനെതിരെ കടുത്ത അമർഷവുമായി വേണു രംഗത്തെത്തി. അദ്ദേഹം ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രി പിണറായി വിജയനും റവന്യു മന്ത്രിക്കും തന്റെ അമർഷം എഴുതി അറിയിച്ചു. തീരുമാനം തിരുത്തണം എന്നാണ് റവവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ആവശ്യം.

ജോലിക്കാര്യത്തിലെ സത്യസന്ധതയ്ക്ക് പേരുകേട്ട ഉദ്യോഗസ്ഥനാണ് വി ആർ പ്രേംകുമാർ. ദേവികുളം സബ് കലക്ടർ ആയിരിക്കവേ മുന്നാറിൽ കൈയേറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിരുന്നു അദ്ദേഹം. പ്രേംകുമാറിനെതിരെ ഇപ്പോൾ നടപടി കൈക്കൊണ്ടത് റവന്യൂ വകുപ്പിലെ തൊഴിലാളി യൂണിയനുകളുടെ താൽപ്പര്യത്തിനും ഭരണക്കാരുടെ അഴിമതിക്ക് അവസരം ഒരുക്കാനും വേണ്ടിയാണ് എന്ന ആക്ഷേപം ശക്തമാണ്. സമ്പൂർണ്ണ റീസർവേയിലേക്ക് സർവേ വിഭാഗം കടക്കുകയാണ്. ഭൂരേഖകളെ സർവേ ഭൂപടവുമായി ബന്ധിപ്പിക്കുന്ന പ്രവർത്തിയും നടക്കാനിരിക്കുന്നു. ഇതിന് വേണ്ടിയുള്ള ഉപകരണങ്ങളുടെ പർച്ചേസിങ് അടക്കം നടത്തുമ്പോൾ അഴിമതിക്കും കമ്മീഷനും ഇടനൽകാത്ത വിധത്തിൽ പ്രേകുമാർ കാര്യങ്ങൾ സുതാര്യമായി മുന്നോട്ടു നീക്കാൻ ശ്രമം തുടങ്ങിയിരുന്നു. ഇത് ചക്കരക്കുടം കണ്ടു മോഹിച്ച രാഷ്ട്രീയക്കാരെ ചൊടിപ്പിച്ചു. അതുകൊണ്ടു കൂടിയാണ് സ്ഥലം മാറ്റമെന്നാണ് പുറത്തുവരുന്ന വിവരം.

ഇങ്ങനെ ജോലിയിൽ മിടുക്കനായ ഉദ്യോഗസ്ഥനെ രാഷ്ട്രീയ പ്രേരിതമായി മാറ്റിയ നടപടിയാണ് വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി വേണുവിനെ ചൊടിപ്പിച്ചത്. വകുപ്പിലെ മോഡേണൈസേഷൻ അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോകുകയായിരുന്നു പ്രേംകുമാർ. വകുപ്പു സെക്രട്ടറി എന്ന നിലയിൽ മിടുക്കനായ ഉദ്യോഗസ്ഥനാണ് പ്രേംകുമാറെന്ന തനിക്ക് ബോധ്യമുള്ള കാര്യമാണെന്നും വേണു എതിർപ്പ് അറിയിച്ചു കൊണ്ടുള്ള നോട്ടിൽ കുറിച്ചു. ഒരു പ്രകോപനവുമില്ലാതെ എന്തിനാണ് സർവേ ഡയറക്ടർ സ്ഥാനത്തു നിന്നും പ്രേംകുമാറിനെ മാറ്റിയതെന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു. ഇത് ഞെട്ടിക്കുന്ന കാര്യമാണ്. അഥവാ എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അത് വകുപ്പു മേധാവി എന്ന വിധത്തിൽ തന്റെ മുന്നിലാണ് വരേണ്ടതെന്ന കാര്യവും വേണു ചൂണ്ടിക്കാട്ടി.

ഒരു കാര്യവുമില്ലാത്ത സ്ഥലം മാറ്റം ഒരു യുവ ഐഎഎസുകാരന്റെ മനോവീര്യം തകർക്കുന്ന നടപടിയാണ്. മാത്രമല്ല, ഇത് സിവിൽ സർവീസുകാരുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറയുന്നു. റവന്യു വകുപ്പു തലവനെന്ന നിലയിൽ ഒരു കീഴുദ്യോഗസ്ഥന്റെ ആത്മവീര്യം സംരക്ഷിക്കേണ്ടത് തന്റെ കടമാണെന്ന് വിശ്വസിക്കുന്നതായും വേണു മുഖ്യമന്ത്രിക്ക് എഴുതിയ കത്തിൽ വ്യക്തമാക്കുന്നുണ്ട്. അതിശക്തമായ ഭാഷയിൽ തന്റെ വിയോജിപ്പ് അറിയിച്ച റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉദ്യോഗസ്ഥനെ സർവേ ഡയറക്ടർ തസ്തികയിൽ തുടരാൻ അനുവദിക്കാത്ത പക്ഷം രാജിവെക്കുമെന്ന് ഭീഷണി മുഴക്കിയെന്നും സൂചനയുണ്ട്.

ഭരണപക്ഷ യൂണിയനുകളുടെ സമ്മർദ്ദവും പ്രേംകുമാറിനെ മാറ്റിയതിന് പിന്നിലുണ്ടെന്ന് സൂചനയുണ്ട്. സ്ഥലം മാറ്റം മുൻഗണനാക്രമം അനുസരിച്ച് സ്പാർക്ക് വഴിയാക്കി ഏകീകരിച്ചതോടെ ഇതുമായി ബന്ധപ്പെട്ട കമ്മീഷൻ അടിച്ചിരുന്ന യൂണിയൻ നേതാക്കൾക്കാണ് പണി കിട്ടിയത്. സ്ഥലം മാറ്റത്തിന്റെ പേരിൽ പണം വാങ്ങിയിരുന്നവർ ശക്തമായി വീണ്ടും രംഗത്തെത്തിയതോടെയാണ് വി ആർ പ്രേംകുമാറിനെ തെറിപ്പിച്ചതെന്നും സൂചനയുണ്ട്. അടുത്തിടെ ആരാധനാലയങ്ങളുടെ അധികഭൂമി തിരിച്ചു പിടിക്കാൻ റവന്യു വകുപ്പു ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെ തിരുവനന്തപുരത്ത് വിദ്യാധിരാജ ട്രസ്റ്റ് കൈവശം വെച്ച ഭൂമിയും തിരിച്ചു പിടിച്ചിരുന്നു.

ഭൂമിയിടെ റജിസ്‌ട്രേഷൻ, റവന്യു രേഖകളിൽ സർവേ ഭൂപടവും യോജിപ്പിക്കുന്ന വിധത്തിൽ റവന്യു വകുപ്പിന്റെ ഡിജിറ്റൽ രേഖകൾ പരിഷ്‌കരിക്കുന്ന ചുമതല അടക്കം വി ആർ പ്രേംകുമാറിന് ഉണ്ടായിരുന്നു. സർവേ ഭൂപടവും ഉൾപ്പെടുന്നതോടെ ഭൂരേഖകളിലെ അളവുകളും ഉടമസ്ഥതയും സംബന്ധിച്ച പരാതികൾ വലിയ തോതിൽ പരിഹരിക്കാനാകും. നിലവിൽ റജിസ്‌ട്രേഷൻ വകുപ്പിന്റെ പേൾ സോഫ്റ്റ്‌വെയറും റവന്യു വകുപ്പിന്റെ റെലിസ് (റവന്യു ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം) സംവിധാനവും യോജിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം സർവേ വിഭാഗത്തിന്റെ വിവരങ്ങളും കൂടി ചേർക്കുന്ന നപടിയാണു നടക്കാൻ പോകുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂർ, കോട്ടയം ജില്ലയിലെ കടുത്തുരുത്തി വില്ലേജുകളിലെ ഭൂരേഖകളിൽ ഇതു നടപ്പാക്കും. ഇതിനായി 2 വില്ലേജുകളിലും ഡിജിറ്റൽ സർവേയിലൂടെ ശേഖരിച്ച വിവരങ്ങൾ ഭൂനക്ഷ എന്ന സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിക്കുന്ന നടപടികൾ താമസിയാതെ ആരംഭിക്കും. ഇതിന് 6 മുതൽ 8 മാസം വരെ വേണ്ടി വരും. 14.6 കോടി രൂപയാണു ചെലവ്.

വർഷങ്ങളായി ഇഴഞ്ഞുനീങ്ങുന്ന റീസർവേ നടപടികൾ വേഗത്തിലാക്കാൻ ആന്ധ്രപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ ആരംഭിച്ച പുതിയ സാങ്കേതികവിദ്യ കേരളത്തിലും വന്നേക്കും. സർവേ ഓഫ് ഇന്ത്യ ഉപയോഗിക്കുന്നതും രാജ്യാന്തര ശ്രദ്ധ നേടിയതുമായ കോർസ് എന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ജിപിഎസ് സർവേ ആണ് ഉദ്ദേശിക്കുന്നത്. 20 കിലോമീറ്റർ വരെ അകലത്തിലുള്ള 2 സ്ഥലങ്ങൾക്കിടയിലെ കനാലുകളും കെട്ടിടങ്ങളും വഴികളും ഉൾപ്പെടെ സൂക്ഷ്മതയോടെ ഡിജിറ്റൽ മാപ്പിങ് ചെയ്യുന്ന സാങ്കേതികവിദ്യയാണ് ഇത്. ഇതിനുള്ള ഉപകരണങ്ങൾ വാങ്ങുന്നത് അടക്കം കോടികൾ മറിയുന്ന ഇടപാടാണ്. ഇതിലെ കമ്മീഷൻ മോഹികൾ കൂടിയാണ് ഇപ്പോൾ പ്രേംകുമാറിനെ മാറ്റി പകരം ഇഷ്ടക്കാരെ പ്രതിഷ്ടിക്കാൻ ഒരുങ്ങുന്നത്.

തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകനെ കാറിടിച്ചുകൊന്ന കേസിൽ സസ്പെൻഷനിലായ ശ്രീറാം വെങ്കിട്ടരാമന് പകരം സർവേ ഡയറക്ടറായി വി ആർ പ്രേംകുമാറിനെ നിയമിച്ചത്. അതിന് ശേഷം അധികകാലം കഴിയും മുമ്പാണ് ഈ സ്ഥാനത്തു നിന്നും പ്രേംകുമാറിനെ മാറ്റുന്നത്. തമിഴ്‌നാട് സ്വദേശിയായ പ്രേംകുമാർ സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന് പേരെടുത്ത വ്യക്തമയാണ്. മുൻ എംപി ജോയ്സ് ജോർജിന്റെ അനധികൃത കയ്യേറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ചതു മുതൽ പ്രേംകുമാർ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി കൈയറ്റങ്ങൾ ഒഴിപ്പിക്കുന്നതിലും അദ്ദേഹം നടപടികൾ കൈക്കൊണ്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP