Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിരവധി വാഹനങ്ങൾ വയോധികന് സമീപമെത്തി സഡൻ ബ്രേക്ക് ചെയ്യുന്നതും നിരന്തരമായി ഹോൺ മുഴക്കുന്നതും കണ്ടു; ഞാൻ താഴേക്ക് ചെല്ലാൻ ഒരുങ്ങിയപ്പോൾ ഒരു യുവതിയെത്തി വയോധികനെ കൈപിടിച്ച് അരികിലേക്ക് മാറ്റുന്നത് കണ്ടു; വീഡിയോ ഫേസ്‌ബുക്കിൽ ഇട്ടതിന് പിന്നാലെ വൈറലായി; സുപ്രിയയെ പരിചയപ്പെട്ടത് ഇന്ന് രാവിലെ ഷോപ്പിലെത്തി; അന്ധനായ വയോധികനെ ബസ് കയറ്റി വിടുന്ന ആ സെയിൽസ് ഗേളിനെ വൈറലാക്കിയ യുവാവ് ഇവിടെയുണ്ട്; ജോഷ്വാ മനസ് തുറക്കുന്നു

എസ്. രാജീവ്

തിരുവല്ല : തിരക്കേറിയ റോഡിൽ ദിക്കറിയാതെ അലഞ്ഞ അന്ധ വയോധികനെ ബസ് കയറ്റി വിടാൻ സഹായിക്കുന്ന യുവതിയുടെ ദൃശ്യങ്ങൾ നാലാം നിലയുടെ മുകളിൽ നിന്നും ഒരു കൗതുകമെന്നോണം മൊബൈലിൽ പകർത്തിയപ്പോഴും പകർത്തിയ ദൃശ്യങ്ങൾ സ്വന്തം ഫേസ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുമ്പോഴും ജോഷ്വയെന്ന ചെറുപ്പക്കാരൻ അറിഞ്ഞിരുന്നില്ല താൻ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇത്ര മാത്രം തരംഗമായി മാറുമെന്ന്. മറ്റൊന്നും തന്നെ ചിന്തിക്കാതെ നടുറോഡിൽ വാഹനങ്ങൾക്ക് മുമ്പിലകപ്പെട്ട് പകച്ചു നിൽക്കുന്ന വയോധികനെ സുരക്ഷിതനായി ബസിൽ കയറ്റി യാത്രയാക്കുമ്പോൾ സുപ്രിയയും അറിഞ്ഞിരുന്നില്ല താൻ ചെയ്ത പ്രവർത്തി സോഷ്യൽ മീഡിയയിൽ ഇത്രയധികം വൈറലാകുമെന്ന്.

നഗരത്തിലെ വാഹനക്കുരുക്കിൽ അകപ്പെട്ടലഞ്ഞ അന്ധവയോധികനെ ബസ് കയറ്റി വിടുന്ന യുവതിയുടേതായി ചൊവ്വാഴ്ച രാത്രി മുതൽ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെട്ട വീഡിയോ പകർത്തിയ ജോഷ്വായെന്ന ചെറുപ്പക്കാരന്റേതും വയോധികന് തുണയായ യുവതിയുടേതുമാണ് ഈ വാക്കുകൾ.

ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ തിരുവല്ല കുരിശു കവല ജംഗ്ഷന് സമീപമായിരുന്നു ഏറെ വൈറലായി മാറിയ വീഡിയോ ചിത്രീകരണത്തിനിയാക്കിയ സംഭവം നടന്നത്. കുരിശു കവലയിൽ പ്രവർത്തിക്കുന്ന ആറ്റിൻകര ഇലക്ട്രോണിക്‌സിലെ സെയിൽസ് മാനായ ജോഷ്വ തികച്ചും യാദൃശ്ചികമായാണ് സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നു കൊണ്ട് വാഹനങ്ങളുടെ തിക്കിത്തിരക്കിനിടയിൽ വയോധികൻ ദിക്കറിയാതെ അലയുന്ന വയോധികനെ കാണുന്നത്.

നിരവധി വാഹനങ്ങൾ വയോധികന് സമീപമെത്തി സഡൻ ബ്രേക്ക് ചെയ്യുന്നതും നിരന്തരമായി ഹോൺ മുഴക്കുന്നതും കണ്ട ജോഷ്വാ താഴെയെത്തി വയോധികനെ സുരക്ഷിതമായി റോഡരികിലേക്ക് മാറ്റാനായി താഴേക്കിറങ്ങാനൊരുങ്ങി. അപ്പോഴാണ് ഒരു യുവതി റോഡിന്റെ മധ്യഭാഗത്ത് നിന്നിരുന്ന വയോധികനെ കൈയ്ക്ക് പിടിച്ച് പാതയോരത്തേക്ക് മാറ്റുന്നതും കാര്യങ്ങൾ ചോദിച്ചറിയുന്നതുമായ കാഴ്ച കണ്ടത്.

തുടർന്ന് യുവതി കെ എസ് ആർ ടി സി ബസിന് കൈകാട്ടുന്നതും അൽപ്പം മാറ്റി നിർത്തിയ ബസിന് പിന്നാലെയോടി വിവരം പറഞ്ഞ് തിരികെയോടി വയോധികന്റെ കൈ പിടിച്ച് ഇയാളെ ബസിനരികിൽ എത്തിച്ച് യാത്രയാക്കുന്നതുമായ യുവതിയുടെ ദൃശ്യങ്ങൾ ജോഷ്വാ പകർത്തുകയുമായിരുന്നു.

പിന്നീട് താഴത്തെ നിലയിലെത്തി ജോഷ്വാ സഹപ്രവർത്തകരോട് സംഭവം വിവരിച്ചു. ഇതോടെ വയോധികനെ സഹായിച്ച യുവതി ആരെന്ന് തിരിച്ചറിയാനുള്ള അന്വേഷണത്തിലായി ജോഷ്വയും സുഹൃത്തുക്കും. യുവതിയെ സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ ലഭിക്കാതിരുന്നതിനെ തുടർന്നാണ് രാത്രി ഒമ്പതരയോടെ ജോഷ്വാ തന്റെ ഫേസ്‌ബുക്ക് പേജിൽ പകർത്തിയ ദൃശ്യങ്ങൾ അപ് ലോഡ് ചെയ്തത്. സുഹൃത്തുക്കളും സഹപ്രവർത്തകരുമായ നാല് പേർക്ക് ടാഗ് ചെയ്യുകയും ചെയ്തു.

അപ് ലോഡ് ചെയ്ത് ഒരു മണിക്കൂർ കൊണ്ടു തന്നെ ആയിരത്തിലധികം പേർ ഈ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തു. തുടർന്ന് ഇന്ന് രാവിലെ 10 മണിയോടെയാണ് വീഡിയോയിൽ താൻ പകർത്തിയ യുവതി തിരുവല്ല തുകലശ്ശേരി കല്ലംപറമ്പിൽ അനൂപിന്റെ ഭാര്യയും തിരുവല്ല ജോളി സിൽക്ക്‌സിലെ സെയിൽസ് ഗേളുമായ സുപ്രിയ സുരേഷ് എന്ന മുപ്പത്തിമൂന്ന് കാരിയാണ് ആ യുവതിയെന്ന് ജോഷ്വാ അറിയുന്നത്.

നടുറോഡിൽ ദിക്കറിയാതെ കുഴങ്ങുന്ന വയോധികനെ കണ്ടതോടെ മറ്റൊന്നും ആലോചിക്കാതെയാണ് താനാ പ്രവർത്തി ചെയ്തതെന്നാണ് സുപ്രിയ പറയുന്നത്. ഭർത്താവ് അനൂപ് എന്നും വൈകിട്ട് ആറേകാലോടെ സ്ഥാപനത്തിന് മുമ്പിൽ നിന്നും ജോലി കഴിഞ്ഞിറങ്ങുന്ന സുപ്രിയയെ കൂട്ടിക്കൊണ്ട് പോവുകയാണ് പതിവ്. എന്നാൽ ഇന്നലെ താൻ എത്താൻ ഇത്തിരി വൈകുമെന്നും കുരിശ് കവലയിലേക്ക് നടന്നുകൊള്ളാനും ഭർത്താവ് സുപ്രിയയോട് ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് സുപ്രിയ കുരിശ് കവലയിലേക്ക് നടന്നെത്തിയതും അന്ധ വയോധികനെ കാണാനിടയായതും. നടുറോഡിൽ നിന്നും വയോധികനെ റോഡരികിലേക്ക് നീക്കി നിർത്തിയ ശേഷം എവിടേക്കാണ് പോകേണ്ടതെന്നും സുപ്രിയ വയോധികനിൽ നിന്നും ചോദിച്ചറിഞ്ഞു.

തുടർന്നാണ തിരുവല്ല ഡിപ്പോയിലേക്കുള്ള കെ എസ് ആർ ടി സി ബസിന് കൈ കാട്ടിയതും വയോധികനെ യാത്രയാക്കിയതും. രാത്രി പത്തരയോടെ അർച്ചനയെന്ന സഹപ്രവർത്തകയാണ് തന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വിവരം സുപ്രിയയെ അറിയിച്ചത്. തുടർന്ന് ഭർത്താവ് അനൂപിന്റെ ഫോണിലൂടെയാണ് ഈ ദൃശ്യങ്ങൾ സുപ്രിയ കണ്ടത്. ഇന്ന് രാവിലെ ജോലിക്ക് വരും വഴിയാണ് ആറ്റിൻകര ഇലട്രോണിക്‌സിന് മുമ്പിൽ വെച്ച് ജോഷ്വ സുപ്രിയയെ പരിചയപ്പെട്ടത്. തുടർന്ന് ജോളി സിൽക്ക്‌സിൽ എത്തിയ സുപ്രിയയെ കാത്തിരുന്നത് സഹപ്രവർത്തകരുടെ അഭിനന്ദന പ്രവാഹമായിരുന്നു. വിദേശ രാജ്യങ്ങളിലുള്ള മലയാളികളായ നിരവധിപ്പേരടക്കം അഭിനന്ദനം അറിയിച്ചതായും സുപ്രിയ പറഞ്ഞു. ടൈൽ ഡിസൈനിങ് ജോലിക്കൊപ്പം മിമിക്രി കലാകാരൻ കൂടിയാണ് സുപ്രിയയുടെ ഭർത്താവ് അനൂപ്. അശ്വിൻ, വൈക ലക്ഷ്മി എന്നിവരാണ് മക്കൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP