Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202220Friday

ബന്ധുക്കൾ കുറുപ്പിനെ രക്ഷിക്കാൻ സമീപിച്ചത് പ്രശസ്ത വക്കീൽ മഹേശ്വരൻ പിള്ളയെ: രക്ഷിച്ചെടുക്കാമെന്ന് പിള്ള ഉറപ്പു നൽകിയിട്ടും കുറുപ്പ് ഒളിച്ചോടിയത് വധശിക്ഷ കിട്ടുമെന്ന് ഭയന്ന്: നാൽവർ സംഘം കുറുപ്പിനെ ഭോപ്പാലിലേക്ക് അയച്ചതുകൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ എത്തിച്ച്: കുറുപ്പ് പോയ വഴിയിലൂടെ മറുനാടൻ സഞ്ചരിക്കുമ്പോൾ

ബന്ധുക്കൾ കുറുപ്പിനെ രക്ഷിക്കാൻ സമീപിച്ചത് പ്രശസ്ത വക്കീൽ മഹേശ്വരൻ പിള്ളയെ: രക്ഷിച്ചെടുക്കാമെന്ന് പിള്ള ഉറപ്പു നൽകിയിട്ടും കുറുപ്പ് ഒളിച്ചോടിയത് വധശിക്ഷ കിട്ടുമെന്ന് ഭയന്ന്: നാൽവർ സംഘം കുറുപ്പിനെ ഭോപ്പാലിലേക്ക് അയച്ചതുകൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ എത്തിച്ച്: കുറുപ്പ് പോയ വഴിയിലൂടെ മറുനാടൻ സഞ്ചരിക്കുമ്പോൾ

ശ്രീലാൽ വാസുദേവൻ

ചെറിയനാട്(ആലപ്പുഴ): ലോകം അത്ഭുതത്തോടെ വീക്ഷിക്കുന്ന കുറ്റവാളിയാണ് സുകുമാരക്കുറുപ്പ്. ഏറിയാൽ ഒരു ജീവപര്യന്തമോ അതിലും കുറഞ്ഞ ശിക്ഷയോ (ഓർക്കണം. കേസിലെ മറ്റു പ്രതികൾ എട്ടു വർഷമാണ് ജയിൽ ശിക്ഷ അനുഭവിച്ചത്. ഒരു പ്രതി മാപ്പുസാക്ഷിയുമായി) അനുഭവിക്കേണ്ടി വരുമായിരുന്ന കുറുപ്പ് എന്തിനാണ് ഒളിച്ചോടിയത്? പലരും പല കാരണങ്ങളും നിരത്തുന്നു. കുറുപ്പിന്റെ സ്വർണക്കടത്തും കള്ളക്കടത്തുമൊക്കെ പലരുടെയും ഭാവനാ സൃഷ്ടിയിൽ വിരിഞ്ഞു. എന്നാൽ, കുറുപ്പ് നാടുവിട്ടതിന്റെ യഥാർഥ കാരണം ഇതൊന്നുമായിരുന്നില്ല. കുറുപ്പിന്റെ നാട്ടിൽ അടുത്ത ബന്ധക്കളോട് സംസാരിച്ചും കേസിനെ കുറിച്ച് വിശദമായി പഠിച്ചും മറുനാടൻ കണ്ടെത്തിയ വസ്തുതകളാണ് ഇനി പറയുന്നത്. ഒപ്പം കുറുപ്പ് രക്ഷപ്പെട്ട വഴികളും.

ചാക്കോയുടെ കൊലപാതകത്തിൽ കുറുപ്പിന് ഒരു പങ്കുമില്ല

ഫിലിം റെപ്രസെന്റേറ്റീവ് ചാക്കോയുടെ കൊലപാതകത്തിൽ സുകുമാരക്കുറുപ്പിന് ഒരു പങ്കും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ഗൾഫിൽ നിന്ന് കിട്ടുമായിരുന്ന ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടി ഒരു മരണ നാടകം നടത്താനാണ് കുറുപ്പും ഭാര്യയുടെ അനിയനായ ഭാസ്‌കരപിള്ളയും ഡ്രൈവറായ പൊന്നപ്പനും ഗൾഫിൽ വച്ചുള്ള അടുത്ത സുഹൃത്തായ ചാവക്കാടുകാരൻ ഷാഹുലും പദ്ധതിയിട്ടത്. ഇതിനായി ആലപ്പുഴ മെഡിക്കൽ കോളജ് മോർച്ചറിയിൽ നിന്ന് കുറുപ്പിനോട് സാമ്യം തോന്നുന്ന മൃതദേഹം സംഘടിപ്പിക്കാനായി നീക്കം. മോർച്ചറി കാവൽക്കാരൻ മധു കുറുപ്പിന്റെ സഹോദരീ ഭർത്താവായിരുന്നു.

മൃതദേഹം സംഘടിപ്പിച്ചു കൊടുക്കാമെന്ന് മധു ഏറ്റ് രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് കുറുപ്പിന്റെ കാറിൽ പൊന്നപ്പനും ഭാസ്‌കരപിള്ളയും ഷാഹുവും മെഡിക്കൽ കോളജിൽ എത്തിയത്. അപ്പോഴേക്കും മൃതദേഹ മോഷണത്തിന്റെ വരും വരായ്കകൾ ചിന്തിച്ച മധു പിന്നാക്കം പോയി. കാവൽ ശക്തമാണെന്നും മൃതദേഹം എടുക്കാൻ കഴിയില്ലെന്നും മധു വന്നവരെ അറിയിച്ചു. കുറുപ്പ് ഇവരുടെ ഒപ്പമില്ലാതിരുന്നതും മധുവിനെ പിന്നാക്കം പോകുവാൻ പ്രേരിപ്പിച്ചു. മൂവർ സംഘം മടങ്ങാൻ തീരുമാനിച്ചു. വന്ന സ്ഥിതിക്ക് കുറച്ചു ക്ലോറോഫോമും പഞ്ഞിയും ഇവർ മധുവിനോട് ആവശ്യപ്പെട്ടു. മധു എടുത്തു നൽകി. അതു വാങ്ങി ഇവർ തിരികെ ഹൈവേ വഴി ചെറിയനാടിന് പുറപ്പെട്ടു.

ചാക്കോയും പൊന്നപ്പനും അയൽവാസികൾ

സുകുമാരക്കുറുപ്പ് കൊണ്ടു വന്ന സ്‌കോച്ചും കാറിൽ കരുതിയാണ് മൂവർ സംഘം മെഡിക്കൽ കോളജിന് പോയത്. മൃതദേഹം കിട്ടാതെ വന്നപ്പോൾ തിരികെ വരുന്ന വഴി കാറിലിരുന്ന അത് അടിച്ചു തീർത്തു. ലഹരി പോരാന്ന് തോന്നിയപ്പോൾ കൽപ്പകവാടി ഹോട്ടലിൽ കയറി വീണ്ടും മദ്യപിച്ചു. യാത്ര തുടരുന്നതിനിടെയാണ് വഴിയരികിൽ വാഹനം കാത്തു നിൽക്കുന്ന ചാക്കോയെ മൂവർ സംഘം കാണുന്നത്. ഡ്രൈവർ പൊന്നപ്പന് ഒറ്റ നോട്ടത്തിൽ ചാക്കോയെ മനസിലായി. സനാതനം വാർഡിൽ പൊന്നപ്പന്റെ വിടിന് തൊട്ടടുത്താണ് ചാക്കോ താമസിക്കുന്നത്. എന്നാൽ, തന്റെ അയൽവാസിയാണ് ചാക്കോ എന്ന വിവരം പിന്നിൽ ഇരിക്കുന്നവരോട് പൊന്നപ്പൻ പറഞ്ഞില്ല.

പറഞ്ഞിരുന്നെങ്കിൽ ഒരു പക്ഷേ ചാക്കോ കൊല്ലപ്പെടുമായിരുന്നില്ല. കുറുപ്പിനൊപ്പം ഉയരവും വണ്ണവുമുള്ള ചാക്കോയെ കൊല്ലട്ടെയെന്ന് പൊന്നപ്പനും കരുതിക്കാണണം. ഇതാണ് തങ്ങളുടെ ഇരയെന്ന് പിൻസീറ്റിൽ ഇരുന്ന ഭാസ്‌കരപിള്ളയും ഷാഹുവും തീരുമാനിച്ചു. അവർ ചാക്കോയ്ക്ക് മദ്യം ഓഫർ ചെയ്തു. താൻ കുടിക്കാറില്ലെന്ന് ചാക്കോ പറഞ്ഞു. സ്നേഹപൂർവം നിരസിക്കുകയും ചെയ്തു. കുറച്ചു കഴിഞ്ഞപ്പോൾ ഭീഷണിയുടെ സ്വരത്തിൽ നിർബന്ധമുണ്ടായി. ഇതോടെ ഭയന്നു പോയ ചാക്കോ തന്റെ മോതിരം ഊരി ഇവർക്ക് കൊടുത്തിട്ട് തന്നെ ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചു. പിന്നിലിരുന്ന നരാധമന്മാർ തോർത്ത് കഴുത്തിൽ മുറുക്കി ചാക്കോയെ കൊന്നു.

മൃതദേഹവുമായി വരുന്ന മൂവർ സംഘത്തെ കാത്ത് മാവേലിക്കരയ്ക്ക് സമീപം കൊച്ചാലുംമൂട്ടിൽ നിൽക്കുകയായിരുന്നു കുറുപ്പ്. മധുവിൽ നിന്ന് മൃതദേഹം കിട്ടിയില്ലെന്നും പകരം തങ്ങൾ ഒരുത്തനെ തട്ടിയെന്നും ഭാസ്‌കരപിള്ള കുറുപ്പിനോട് പറഞ്ഞു. 'തന്തയ്ക്ക് പിറക്കാഴികയാണല്ലോടാ കാണിച്ചത്' എന്നായിരുന്നു കുറുപ്പിന്റെ ആദ്യ പ്രതികരണം. നീയൊക്കെ എന്തെങ്കിലും ചെയ്യ് ഞാൻ പോകുന്നുവെന്നും പറഞ്ഞു. മൃതദേഹം കത്തിക്കാനായി വാങ്ങിയ കാറിലാണ് കുറുപ്പുണ്ടായിരുന്നത്. അപകടം മണത്ത കുറുപ്പ് സ്ഥലം കാലിയാക്കാൻ തീരുമാനിച്ചു. സ്വന്തം കാർ ഏറ്റു വാങ്ങിയ ശേഷം കുറുപ്പും ഡ്രൈവർ പൊന്നപ്പനും അവിടെ നിന്ന് കടന്നു. പിന്നെ നടന്നതൊക്കെ എല്ലാവർക്കും അറിവുള്ളതാണ്.

പാലക്കാട് നിന്ന് ചെറിയനാട് വഴി കൊട്ടാരക്കരയിലേക്ക്..

ചാക്കോയുടെ കൊലപാതകത്തിന് ശേഷം പാലക്കാട് ഒരു ലോഡ്ജിലാണ് കുറുപ്പും ഡ്രൈവർ പൊന്നപ്പനും മുറിയെടുത്തിരുന്നത്. പത്രങ്ങളിൽ അതാത് ദിവസം വരുന്ന വാർത്തകൾ നിരീക്ഷിച്ചിരുന്ന കുറുപ്പിന് സംഗതി പന്തികേടാണെന്ന് മനസിലായി. പൊന്നപ്പനൊപ്പം നടന്നാൽ പിടി വീഴും. കാറുമായി നടക്കുന്നതും അപകടമാണ്. നാട്ടിലെ സ്ഥിതിഗതികൾ നേരിട്ട് മനസിലാക്കാൻ ഡ്രൈവർ പൊന്നപ്പനെ കുറുപ്പ് പറഞ്ഞ് അയച്ചത് അങ്ങനെയാണ്. കാർ വീട്ടിൽ കൊണ്ടിട്ട ശേഷം കുറച്ച് ഡ്രസും എടുത്ത് വരണമെന്ന് പറഞ്ഞാണ് പൊന്നപ്പനെ വിട്ടത്.

കുറുപ്പിന്റേതെന്ന് കരുതുന്ന മൃതദേഹം സംസ്‌കരിക്കാൻ ഒരുങ്ങുമ്പോഴാണ് കാറുമായി പൊന്നപ്പൻ പ്രത്യക്ഷപ്പെടുന്നത്. പൊന്നപ്പനെ കണ്ട കുറുപ്പിന്റെ ബന്ധുക്കളിൽ ഒരാൾ ഇയാളെ കടന്നു പിടിച്ചു. നീ കുറുപ്പിനെ കൊന്നില്ലേടാ എന്നായിരുന്നു ചോദ്യം. ഇതോടെ പൊന്നപ്പൻ സത്യം പറഞ്ഞു. കുറുപ്പ് പാലക്കാട്ടുണ്ട്. ഈ കാർ പൊലീസ് സ്റ്റേഷനിൽ എത്തിക്കണം. അപകടം മണത്ത ബന്ധുക്കൾ പൊന്നപ്പനെ പിന്തിരിപ്പിച്ചു. കുറുപ്പിന്റെ സംസ്‌കാര ചടങ്ങിലും പങ്കെടുത്താണ് പൊന്നപ്പൻ തിരികെ പോയത്. കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞ പ്രമാണികളായ ബന്ധുക്കൾ അദ്ദേഹത്തെ രക്ഷിക്കാൻ നീക്കം നടത്തി.

ഇതിന്റെ ഭാഗമായി ചെറിയനാട്ട് അമ്പലത്തിൽ ഉത്സവം നടക്കുന്ന സമയം കുറുപ്പ് നാട്ടിലെത്തി. മാവേലിക്കരയിൽ ട്രെയിൻ ഇറങ്ങി റെയിൽവേ പാളത്തിലൂടെ നടന്നാണ് കുറുപ്പ് നാട്ടിലെത്തിയത്. മൂന്നു ദിവസം അമ്മാവനായ വാസുദേവക്കുറുപ്പിന്റെ വീട്ടിൽ താമസിച്ചു. അടുത്ത ബന്ധുക്കളായ ഗോപാലകൃഷ്ണ കാരണവർ,  അപ്പുക്കുട്ടൻ പിള്ള എന്നിവരും പുലിയൂർ സ്വദേശിയായ ഡ്രൈവർ മുരളി എന്നിവർ ചേർന്നാണ് കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ കുറുപ്പിനെ കൊണ്ടു വിട്ടത്. ഭോപ്പാലിൽ അമ്മാവന്റെ ഭാര്യയുടെ അനിയത്തിയും മറ്റു ബന്ധുക്കളുമുണ്ടായിരുന്നു. അവിടേക്കായിരുന്നു കുറുപ്പിന്റെ പോക്ക്.

കുറുപ്പ് ഭയന്നത് വധശിക്ഷ...

അക്കാലത്ത് കേരളത്തിലെ ഏറ്റവും പ്രഗത്ഭനായ ക്രിമിനൽ വക്കീലായിരുന്നു ആലപ്പുഴയിൽ പ്രാക്ടീസ് ചെയ്തിരുന്ന മഹേശ്വരൻ പിള്ള. ചെങ്ങന്നൂർ ഡിവൈ.എസ്‌പിയായിരുന്ന ഹരിദാസ് ബന്ധുക്കളോട് പറഞ്ഞത് കുറുപ്പിനെ ഹാജരാക്കണമെന്നായിരുന്നു. പൊലീസിൽ കീഴടങ്ങിയാൽ മഹേശ്വരൻ പിള്ള വക്കീൽ കുറുപ്പിനെ രക്ഷിച്ചു കൊടുക്കുമെന്നും ബന്ധുക്കൾ ഉറച്ചു വിശ്വസിച്ചു. ഇക്കാര്യം കുറുപ്പിനെ മനസിലാക്കാൻ ബന്ധുക്കൾ കഴിവതും ശ്രമിച്ചു. എന്നാൽ, കുറുപ്പിന് ഭയമായിരുന്നു.

പട്ടാളത്തിൽ നിന്ന് ഒളിച്ചോടി വന്നതായിരുന്നു കുറുപ്പ്. അവിടെ എന്തോ ഗൗരവമേറിയ കുഴപ്പം കുറുപ്പ് ഒപ്പിച്ചു വച്ചിരുന്നു. ഇവിടെ കൊലക്കേസിൽ കൂടി പെട്ടാൽ തനിക്ക് വധശിക്ഷ ഉറപ്പാണെന്നായിരുന്നു കുറുപ്പിന്റെ പക്ഷം. പേരു കേട്ട അഭിഭാഷകനെയും പൊലീസിനെയും വിശ്വാസത്തിൽ എടുക്കാൻ തയാറാകാതെയായിരുന്നു കുറുപ്പിന്റെ പലായനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP