Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലണ്ടനിലെ ചില മുൻ സിപിഎമ്മുകാർ ഉണ്ടാക്കിയ കടലാസു സംഘടനയ്ക്ക് ഫിഷറീസ് വകുപ്പിന്റെ ശുചിത്വസാഗരം പദ്ധതിയുടെ ചുമതല നൽകാൻ നീക്കം; ജർമ്മൻ സാങ്കേതിക വിദ്യയിൽ പ്ളാസ്റ്റിക് പൊടിക്കൽ യന്ത്രം വാങ്ങുമെന്നും തൊഴിലാളികൾക്ക് വേതനം നൽകുമെന്നും പ്രഖ്യാപിച്ച സംഘടനയുടെ പക്കൽ നയാപൈസ ഫണ്ടില്ല; ലണ്ടൻ സഹായമെന്ന് കൊട്ടിഘോഷിച്ച് സർക്കാറിന്റെ കൺകെട്ടു വിദ്യയും; ശുചിത്വസാഗരം പദ്ധതി രാജേഷ് കൃഷ്ണയുടെയും സംഘത്തിനേയും കൈയിലുള്ള പ്ലാസ്റ്റ് സേവിനെ ഏൽപ്പിക്കുന്നത് വിവാദമാകുമ്പോൾ

ലണ്ടനിലെ ചില മുൻ സിപിഎമ്മുകാർ ഉണ്ടാക്കിയ കടലാസു സംഘടനയ്ക്ക് ഫിഷറീസ് വകുപ്പിന്റെ ശുചിത്വസാഗരം പദ്ധതിയുടെ ചുമതല നൽകാൻ നീക്കം; ജർമ്മൻ സാങ്കേതിക വിദ്യയിൽ പ്ളാസ്റ്റിക് പൊടിക്കൽ യന്ത്രം വാങ്ങുമെന്നും തൊഴിലാളികൾക്ക് വേതനം നൽകുമെന്നും പ്രഖ്യാപിച്ച സംഘടനയുടെ പക്കൽ നയാപൈസ ഫണ്ടില്ല; ലണ്ടൻ സഹായമെന്ന് കൊട്ടിഘോഷിച്ച് സർക്കാറിന്റെ കൺകെട്ടു വിദ്യയും;  ശുചിത്വസാഗരം പദ്ധതി രാജേഷ് കൃഷ്ണയുടെയും സംഘത്തിനേയും കൈയിലുള്ള പ്ലാസ്റ്റ് സേവിനെ ഏൽപ്പിക്കുന്നത് വിവാദമാകുമ്പോൾ

എം മനോജ് കുമാർ

തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന്റെ പ്രസ്റ്റീജ് പദ്ധതിയായ ശുചിത്വസാഗരം പദ്ധതി നടത്തിപ്പ് ലണ്ടനിലെ ചില മുൻ സിപിഎമ്മുകാർ ചേർന്നുണ്ടാക്കിയ ഒരു കടലാസ് സംഘടനയ്ക്ക് നൽകാനുള്ള മന്ത്രിതല നീക്കം വിവാദമാകുന്നു. കഴിഞ്ഞ ഒരു വർഷം മുൻപ് ശക്തികുളങ്ങര, നീണ്ടകര ഹാർബറുകളെ കേന്ദ്രീകരിച്ച് ഫിഷറീസ് വകുപ്പ് തുടക്കമിട്ട ശുചിത്വസാഗരം പദ്ധതിയെ ലണ്ടനിലെ കടലാസ് സംഘടനയ്ക്ക് തീറെഴുതാനുള്ള വകുപ്പ് മന്ത്രിയുടെ നീക്കം തന്നെയാണ് പദ്ധതിയുടെ ഭാവിയെ കരിനിഴലിലാക്കുന്നത്. ഒരു വർഷം മുമ്പ് മാത്രം രൂപീകരിച്ച പ്ലാസ്റ്റ് സേവ് എന്ന സംഘടനയെയാണ് പദ്ധതി ഏൽപ്പിക്കുന്നത്. ലണ്ടനിലെത്തുന്ന സിപിഎം നേതാക്കൾക്കും കടകംപള്ളിയും തോമസ് ഐസക്കും പോലുള്ള മന്ത്രിമാർക്കും ആതിഥ്യം അരുളുന്ന രാജേഷ് കൃഷ്ണയുടെയും സംഘത്തിന്റെ സംഘടനയാണ് ഇത്. ഈ സംഘടനയ്ക്കാണ് ഐക്യരാഷ്ട്രസസഭ പ്രശംസിച്ച പദ്ധതിയുടെ നടത്തിപ്പു ചുമതല നൽകുന്നത്. പദ്ധതിക്ക് ലണ്ടൻ സഹായം എന്നു പറഞ്ഞ് കൺകെട്ട് വിദ്യയിലൂടെയാണ് ഈ പദ്ധതിയെ സർക്കാർ കേരളത്തിലേക്ക് എത്തിക്കുന്നത്.

ഫിഷറീസ് വകുപ്പ് നീണ്ടകരയിൽ നടപ്പാക്കിയ പദ്ധതിക്ക് ലണ്ടനിൽനിന്ന് സഹകരണ വാഗ്ദാനമെന്നു മന്ത്രി തന്നെ വ്യക്തമാക്കിയെങ്കിലും അത് കടലാസിൽ മാത്രമുള്ള സഹായ വാഗ്ദാനമെന്നാണ് ലഭിക്കുന്ന സൂചനകൾ. ജർമ്മൻ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന പ്‌ളാസ്റ്റിക് പൊടിക്കൽ യന്ത്രം വാങ്ങുന്നതിനും തൊഴിലാളികൾക്ക് വേതനം നൽകുന്നതിനുമുള്ള സഹായമാണ് ഇവർ നൽകുക എന്നാണ് മന്ത്രി വ്യക്തമാക്കിയത്. തങ്ങളുടെ കയ്യിൽ ഫണ്ടുകളുമില്ല, പദ്ധതികളുമില്ല മുന്നിലുള്ളത് ശുചിത്വ സാഗരം പദ്ധതി മാത്രമെന്ന് ലണ്ടനിലെ പ്ലാസ്റ്റ് സേവ് മറുനാടനോട് വ്യക്തമാക്കിയത്. ഇതോടെയാണ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മയുടെ വാഗ്ദാനത്തിലെ പൊള്ളത്തരം വെളിയിൽ വന്നത്. വകുപ്പിന്റെ പ്രസ്റ്റീജ് പദ്ധതിക്ക് സഹായ വാഗ്ദാനവുമായി മുന്നോട്ടു വന്നതായി ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ തന്നെ അവകാശപ്പെടുന്ന ലണ്ടനിലെ പ്ലാസ്റ്റ് സേവും കേരളത്തിലെ വൊളന്റിയർ കേരളയും കടലാസിൽ മാത്രമൊതുങ്ങുന്ന സംഘടനകളായതിനാലാണ് മന്ത്രിയുടെ അവകാശ വാദത്തിൽ സംശയങ്ങൾ ഉയരുന്നത്.

ഐക്യരാഷ്ട്രസഭയും ലോകസാമ്പത്തിക ഫോറവും പ്രശംസിച്ച ശുചിത്വസാഗരം പദ്ധതിയാണ് ഇപ്പോൾ രണ്ടു കടലാസ് സംഘടനകളുടെ കൈപ്പിടിയിൽ ഒതുങ്ങാൻ പോകുന്നത്. സിപിഎമ്മിൽ നിന്നും വന്ന ശക്തമായ സമ്മർദ്ദമാണ് പദ്ധതി പ്ലാസ്റ്റ് സേവിനു കൈമാറാനുള്ള നീക്കത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന സൂചനകൾ. പ്ലാസ്റ്റ് സേവ് ഫൗണ്ടർമാരിൽ ഒരാളായ രാജേഷ് കൃഷ്ണ ശക്തമായ സിപിഎം ബന്ധങ്ങൾ ഉള്ള വ്യക്തിയാണ്. ധനമന്ത്രി തോമസ് ഐസക്കിലേക്ക് നീങ്ങുന്ന ശക്തമായ ബന്ധങ്ങളാണ് രാജേഷ് കൃഷ്ണയ്ക്ക് തുണയാകുന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ. ഏഴു ലക്ഷം രൂപ വില വരുന്ന മെഷീനാണ് നീണ്ടകരയിൽ ഉപയോഗിക്കുന്നത്. ഈ മെഷീന് ഒട്ടനവധി പരിമിതികളുമുണ്ട്. ഈ മെഷീൻ മാറ്റി ജർമ്മൻ മെഷീൻ കൊണ്ടുവരാം. യൂണിറ്റിലെ തൊഴിലാളികൾക്ക് ഇപ്പോൾ ലഭിക്കുന്ന തുക വർദ്ധിപ്പിച്ച് നൽകുകയും ചെയ്യാം. ഒപ്പം പദ്ധതി കേരളത്തിലെ എല്ലാ ഹാർബറുകളിലേക്കും വ്യാപിപ്പിക്കുകയും ചെയ്യാം.

ഇത്തരം വാഗ്ദാനങ്ങളാണ് പ്ലാസ്റ്റ് സേവ് മന്ത്രിക്ക് മുന്നിൽ നിരത്തിയത്. ഈ വാഗ്ദാനങ്ങളുടെ വെളിച്ചത്തിലാണ് പദ്ധതിക്ക് ലണ്ടൻ സഹായമെന്ന പ്രസ്താവനയും വന്നത്. പക്ഷെ ഫണ്ടില്ലാത്ത ഒരു കമ്പനിയിൽ നിന്നാണ് ഫണ്ട് നൽകാം എന്ന വാഗ്ദാനം വന്നത് വകുപ്പ് ഗൗരവത്തിൽ എടുത്തതായി സൂചനകളില്ല. പദ്ധതിക്ക് ഫണ്ട് വേണം. ഈ ഫണ്ട് പ്ലാസ്റ്റ് സേവ് ലഭ്യമാക്കും. പക്ഷെ കമ്പനിക്ക് ഫണ്ടില്ല. ഫണ്ടില്ലാത്ത കമ്പനിയാണ് പദ്ധതിക്ക് ഫണ്ട് നൽകാം എന്ന് ഫിഷറീസ് മന്ത്രി മുൻപാകെ ചർച്ചയിൽ അറിയിച്ചത്. സഹായവാഗ്ദാനവുമായി പ്ലാസ്റ്റ് സേവ് ആണ് വകുപ്പ് മന്ത്രിയെ സമീപിച്ചത്. ഫണ്ടില്ലാത്ത കമ്പനി എന്ന് തുറന്നു സമ്മതിക്കുന്ന കമ്പനി ഫണ്ട് നൽകാം എന്ന് സർക്കാരിനു മുന്നിൽ വാഗ്ദാനം നടത്തുമ്പോൾ ഇതിൽ തന്നെ ഒട്ടനവധി സംശയങ്ങൾ ഒളിഞ്ഞിരിക്കുന്നു.

വെറും രണ്ടു വർഷം മുൻപ് ലണ്ടനിൽ മലയാളികൾ തുടങ്ങിയ കടലാസ് കമ്പനി കം എൻജിഒയാണ് മന്ത്രി പറയുന്ന പ്ലാസ്റ്റ് സേവ്. വൊളണ്ടിയർ കേരള കഴിഞ്ഞ മഹാപ്രളയത്തിനു ശേഷം തിരി നീട്ടിയ സംഘടനയും. കടലിൽ നിന്ന് മത്സ്യത്തൊഴിലാളികൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് കരയിലെത്തിച്ച് െഷ്രഡിങ് യൂണിറ്റിനു കൈമാറി ഇവ പൊടിച്ച് ഉത്പ്പന്നങ്ങൾ ആക്കി മാറ്റുന്ന പദ്ധതിയാണ് നീണ്ടകര തുറമുഖത്തിൽ നടപ്പാക്കിയ ശുചിത്വസാഗരം പദ്ധതി. ഇന്ത്യയിൽ തന്നെ ആദ്യമായി, ഒരു പക്ഷെ ലോകത്ത് തന്നെ ആദ്യമായി നടപ്പിലാക്കപ്പെട്ട ഭാവനാപൂർണമായ പദ്ധതിയുടെ ഭാവിയാണ് കടലാസ് കമ്പനിയെ ഏൽപ്പിക്കുന്നതിലൂടെ അവതാളത്തിലാകുന്നത്. രണ്ടു മലയാളികൾ രണ്ടു വർഷം മുൻപ് ലണ്ടനിൽ തുടങ്ങിയ കമ്പനി കം എൻജിഒയാണ് പ്ലാസ്റ്റ് സേവ്. ഫണ്ടുമില്ല, പദ്ധതികളുമില്ലാത്ത കമ്പനിയാണ് പ്ലാസ്റ്റ് സേവ്. പദ്ധതികൾ കണ്ടെത്തി ഫണ്ടുകൾ സ്വരൂപിക്കുകയാണ് ഇവരുടെ പദ്ധതി. ഈ പ്ലാസ്റ്റ് സേവ് ആണ് ശുചിത്വ സാഗരം പദ്ധതിയുമായി ഇപ്പോൾ കൈകോർക്കുന്നത്. കഴിഞ്ഞ പ്രളയകാലത്ത് കേരളത്തിൽ തിരി നീട്ടിയ സംഘടനയാണ് വൊളന്റിയർ കേരള. പ്ലാസ്റ്റ് സേവിന്റെ തലപ്പത്ത് ഫൗണ്ടർമാരായി രാജേഷ് കൃഷ്ണയും മാത്യുവുമുണ്ടെങ്കിലും വൊളന്റിയർ കേരളയുടെ തലപ്പത്ത് ഇങ്ങിനെ പറയാൻ പോലും ആരുമില്ല. കൈ നനയാതെ കാശുണ്ടാക്കാനുള്ള പ്ലാസ്റ്റ് സേവ് പദ്ധതിക്ക് ഇടത് സർക്കാർ കുട പിടിക്കാൻ തയ്യാറായതോടെയാണ് ശുചിത്വ സാഗരം പദ്ധതി അവതാളത്തിലാക്കാൻ വഴിയൊരുങ്ങുന്നത്.

ഫിഷറീസ് വകുപ്പ് തുടക്കമിട്ട പദ്ധതി ഇതേ ട്രാക്കിൽ കേരളമാകെ സർക്കാരിന് തന്നെ വ്യാപിപ്പിക്കാൻ കഴിയുമായിരിക്കെയാണ് കടലാസ് കമ്പനിക്ക് കൈമാറി പദ്ധതി അനിശ്ചിതത്വത്തിലാക്കുന്നത്. ഐക്യരാഷ്ട്രസഭയുടെയും ലോകസാമ്പത്തിക ഫോറത്തിന്റെയും പ്രശംസ പിടിച്ചുപറ്റിയ ശുചിത്വസാഗരം പദ്ധതി ഒരു കടലാസ് കമ്പനിക്ക് കൈമാറുന്നതിൽ എതിർപ്പ് നിലവിൽ ശക്തമാണ്. ആകർഷകമായ വാഗ്ദാനങ്ങൾ നിരത്തിയാണ് ശുചിത്വസാഗരം പദ്ധതിയെ പ്ലാസ്റ്റ് സേവ് ഹൈജാക്ക് ചെയ്തിരിക്കുന്നത്. 'ജർമ്മൻ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന പ്‌ളാസ്റ്റിക് പൊടിക്കൽ യന്ത്രം വാങ്ങുന്നതിനും തൊഴിലാളികൾക്ക് വേതനം നൽകുന്നതിനുമുള്ള സഹായമാണ് പ്ലാസ്റ്റ് സേവ് ആദ്യഘട്ടത്തിൽ നൽകുക. 'പ്ലാസ്റ്റ് സേവ് സംഘടനയുടെ സന്മനസ് ചൂണ്ടിക്കാട്ടി മന്ത്രി തന്നെ വ്യക്തമാക്കിയ കാര്യമാണ്. എന്നാൽ മന്ത്രി മുന്നോട്ടു വയ്ക്കുന്ന ഈ രണ്ടു കാര്യങ്ങളും ഒന്നുമായിട്ടില്ലെന്നാണ് പ്ലാസ്റ്റ് സേവ് ഫൗണ്ടർമാരിൽ ഒരാളായ. രാജേഷ് കൃഷ്ണൻ മറുനാടൻ മലയാളിയോട് പറഞ്ഞത്.

പ്ലാസ്റ്റ് സേവ് കമ്പനി കം എൻജിഒയാണ്. തങ്ങളുടെ കയ്യിൽ കാശില്ല. ഫണ്ടുമില്ല. സിഎസ്ആർ ഫണ്ടുകളുണ്ട്. പ്ലാസ്റ്റിക് ഉത്പാദിപ്പിക്കുന്ന കമ്പനിയുടെ ഫണ്ടുകളുമുണ്ട്. ഈ ഫണ്ടുകൾ ശുചിത്വസാഗരം പദ്ധതിക്ക് വേണ്ടി ഞങ്ങൾ സംഘടിപ്പിച്ചു കൊടുക്കാൻ പദ്ധതിയിടുന്നത്. പദ്ധതിയില്ലാത്ത പ്ലാസ്റ്റ് സേവിന് മുന്നോട്ടു പോകാനുള്ള ഒരു പദ്ധതിയായി ശുചിത്വ സാഗരം പദ്ധതിയെ ഇവർ വീക്ഷിക്കുന്നതിനാലാണ് ഫിഷറീസ് മന്ത്രിയെ സ്വാധീനിച്ച് പദ്ധതി തങ്ങളുടെ വരുതിയിലാക്കാൻ ഇവർ പദ്ധതിയിടുന്നത്. പ്ലാസ്റ്റ് സേവിന് ഒപ്പം സഹകരിക്കുന്ന വൊളന്റിയർ കേരളയെക്കുറിച്ച് ചോദിച്ചപ്പോൾ വ്യക്തമായ ഒരുത്തരവും രാജേഷ് കൃഷ്ണനു നൽകാൻ കഴിഞ്ഞതുമില്ല. വൊളന്റിയർ കേരള വൊളന്റിയർമാരെ സംഭാവന ചെയ്യുന്ന സംഘടന മാത്രമാണ്. കഴിഞ്ഞ പ്രളയം മുതൽ മാത്രമാണ് ഇവർ സജീവമായത്. വൊളന്റിയർ കേരളയുടെ തലപ്പത്ത് ആരാണ് എന്ന് ചോദിച്ചപ്പോൾ അങ്ങിനെ എടുത്ത് പറയാൻ മാത്രം ആരുമില്ലെന്നാണ് രാജേഷ് കൃഷ്ണൻ പ്രതികരിച്ചത്. ഈ രീതിയിലുള്ള പ്ലാസ്റ്റ് സേവും വൊളന്റിയർ കേരളയുമാണ് ഐക്യരാഷ്ട്രസഭയും ലോകസാമ്പത്തിക ഫോറവും പ്രശംസിച്ച ശുചിത്വസാഗരം പദ്ധതിയുടെ നടത്തിപ്പ് ചുമതല ഏൽക്കാൻ പോകുന്നത്.

പ്രശംസ ലഭിച്ചത് ഐക്യരാഷ്ട്രസഭയുടെയും ലോകസാമ്പത്തിക ഫോറത്തിന്റെയും

ലോകം പ്രശംസിച്ച പദ്ധതിയാണ് നീണ്ടകര തുറമുഖത്തിൽ ഫിഷറീസ് വകുപ്പ് നടപ്പാക്കിയ ശുചിത്വസാഗരം പദ്ധതി. കടലിൽനിന്ന് ശേഖരിക്കുന്ന പ്‌ളാസ്റ്റിക് മാലിന്യങ്ങൾ മത്സ്യത്തൊഴിലാളികൾ കരയിലെത്തിക്കുന്നു. മുൻപ് മീനുകൾക്ക് ഒപ്പം വലയിൽ കുരുങ്ങുന്ന പ്ലാസ്റ്റിക് ഇവർ കടലിലേക്ക് തന്നെ വലിച്ചെറിയുകയാണ് പതിവ്. ഇപ്പോൾ ബോട്ടുകാർ ഇത്തരം പ്ലാസ്റ്റിക് മാലിന്യങ്ങൾ കരയിൽ എത്തിക്കുകയാണ് ചെയ്യുന്നത്. സാമൂഹിക പ്രതിബദ്ധത മുൻ നിർത്തി പ്ലാസ്റ്റിക്കുകൾ കടലിൽ കളയരുത് എന്നാണ് മത്സ്യബന്ധന തൊഴിലാളികളോട് ഫിഷറീസ് വകുപ്പ് ആവശ്യപ്പെട്ടത്. ഇതിനായി വലിയ ബാഗുകൾ ഇവർ മത്സ്യത്തൊഴിലാളികൾക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ഈ പ്ലാസ്റ്റിക്കുകൾ മത്സ്യത്തൊഴിലാളികൾ കരയിലെത്തിക്കുന്നു.

മത്സ്യത്തൊഴിലാളികൾകൾക്കിടയിൽ പ്രവർത്തിക്കുന്ന സാസ് എന്ന വനിതാ സംഘടന ഈ പ്ലാസ്റ്റിക്കുകൾ അത് ശുദ്ധീകരിച്ച ശേഷം നീണ്ടകരയിലെ െഷ്രഡിങ് യൂണിറ്റിലെത്തിക്കുന്നു. ഇവിടെ നിന്നാണ് പ്ലാസ്റ്റിക്കുകൾ പൊടിച്ച് ഉത്പ്പന്നങ്ങൾ ആക്കി മാറ്റുന്നത്. റോഡ് ടാറിംഗിൽ വരെ ഈ പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കുന്നുണ്ട്. മത്സ്യത്തൊഴികൾ വലവീശുമ്പോൾ പ്ലാസ്റ്റിക്കുകൾ വലയിൽ കുരുങ്ങുന്നു എന്ന പരാതി വ്യാപകമായപ്പോഴാണ് ഫിഷറീസ് വകുപ്പ് ശുചിത്വസാഗരം പദ്ധതിയുമായി മുന്നിട്ടിറങ്ങിയത്. മത്സ്യങ്ങളുടെ പ്രജനനത്തിനു തന്നെ ഈ പ്ലാസ്റ്റിക് വലിയ ഭീഷണിയായി മാറുന്ന പശ്ചാത്തലത്തിലാണ് ശുചിത്വസാഗരം പദ്ധതിയിലേക്ക് യുഎൻ ശ്രദ്ധ വരെ പദ്ധതിയിൽ പതിഞ്ഞത്. ലോകത്ത് നടാടെ നടപ്പിലാക്കപ്പെടുന്ന പദ്ധതികൂടിയാണ് ശുചിത്വസാഗരം എന്ന തിരിച്ചറിവിലാണ് അന്താരാഷ്ട്ര പ്രശംസ കേരളത്തെ തേടി വന്നത്.

കൊല്ലത്തെ 2000 ബോട്ടുകാർക്ക് 7000 ത്തോളം ബാഗുകളാണ് ഫിഷറീസ് വകുപ്പ് കൈമാറിയിരിക്കുന്നത്. 185 കിലോ പ്ലാസ്റ്റിക് മാലിന്യങ്ങൾ വരെ മത്സ്യത്തൊഴിലാളികൾ ഇങ്ങനെ കരയ്‌ക്കെത്തിച്ച ദിവസങ്ങളുണ്ട്. പ്രവർത്തനം തുടങ്ങിയശേഷം 60000 കിലോ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇങ്ങനെ മത്സ്യത്തൊഴിലാളികൾ ഇതുവരെ കരയിലെത്തിച്ചിട്ടുണ്ട്. ഇതുകൊണ്ടാണ് യുഎൻ അടക്കമുള്ള ഏജൻസികൾ സംരംഭത്തെ പ്രശംസിക്കാൻ മുന്നോട്ടു വന്നത്. പൊടിച്ചതിന് ശേഷം 27000 കിലോഗ്രാം പ്ലാസ്റ്റിക് ഇവരുടെ കയ്യിൽ വന്നിട്ടുണ്ട്. ഈ രീതിയിൽ പ്രശംസനീയമാംവിധം ശുചിത്വസാഗരം മുന്നോട്ട് പോകുമ്പോഴാണ് പദ്ധതി കടലാസ് കമ്പനിക്ക് കൈമാറാൻ വകുപ്പ് തലത്തിൽ തന്നെ നീക്കം നടക്കുന്നത്.

ലണ്ടനിലെ പ്ലാസ്റ്റ് സേവ് കമ്പനിയുടെ ഫൗണ്ടർമാരിലൊരാളായ രാജേഷ് കൃഷ്ണയുടെ പ്രതികരണം ഇങ്ങനെ:

കേരളത്തിലെ ശുചിത്വസാഗരം പദ്ധതി നല്ലതാണെന്ന് ഞങ്ങൾക്ക് തോന്നി. അതിനാലാണ് ഈ പദ്ധതിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഞാനും മാത്യുവും ആണ് പ്ലാസ്റ്റ് സേവിനു പിന്നിലുള്ളത്. ലോക കേരള സഭ മെമ്പർ ആണ് ഞാൻ. അതിനാലാണ് ഇതിൽ താത്പര്യം എടുത്തത്. ലണ്ടൻ ബെയ്‌സ്ഡ് ഓപ്പറേഷൻസ് ആണ് ഞങ്ങൾ ചെയ്യുന്നത്. രണ്ടു വർഷമായിട്ടുള്ള സംഘടനയാണ് പ്ലാസ്റ്റ് സേവ്. വലിയൊരു വർക്കിലേക്ക് വന്നത് ഈ ഒരു വർഷം കൊണ്ടാണ്. പ്ലാസ്റ്റിക് ഉത്പാദകർ ഒരു തുക പ്ലാസ്റ്റിക് നിർമ്മാർജന പ്രവർത്തനങ്ങൾക്ക് മാറ്റിവയ്ക്കുന്നുണ്ട്. സിഎസ്ആർ ഫണ്ടുണ്ട്. അഡിഡാസ്‌പോലുള്ളവരും വൻ കമ്പനികളും ഇത്തരം കാര്യങ്ങൾക്ക് ഫണ്ട് നൽകുന്നുണ്ട്. ഈ ഫണ്ടാണ് ഞങ്ങൾ ഇത്തരം പ്രോജക്റ്റുകൾക്ക് നൽകുന്നത്. പക്ഷെ ഞങ്ങൾ ഡയറക്റ്റ് ആയി ഇൻവോൾവ് ചെയ്യില്ല. പണത്തിൽ ഞങ്ങൾ തൊടില്ല. ഈ ഫണ്ടുകൾ സർക്കാർ പദ്ധതിക്ക് ലഭ്യമാക്കും. എല്ലാ രീതിയിലും പുരോഗതിയുള്ള സംസ്ഥാനമാണ് കേരളം. കോസ്റ്റ് റീജിയൻ കൂടുതലാണ്. പ്ലാസ്റ്റിക് സംസ്‌ക്കരണ സംരഭങ്ങൾ കേരളത്തിൽ പലതും നിന്നുപോയിട്ടുണ്ട്. ഇപ്പോൾ കടലിൽ നിന്നുമുള്ള പ്ലാസ്റ്റിക് ആണ് പദ്ധതി പ്രകാരം സംസ്‌ക്കരിക്കുന്നത്.

അടുത്തത് കായലുകളാണ്. കടൽ, കായൽ, പുഴ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായി ഈ പദ്ധതി മുന്നോട്ടു കൊണ്ടുപോകും. കമ്പനി കം എൻജിഒ ആണ് പ്ലാസ്റ്റ് സേവ്. എന്റെയും മാത്യുവിന്റെയും നേതൃത്വത്തിലുള്ളതാണ് പ്ലാസ്റ്റിക് സേവ്. വൊളന്റിയർ കേരള ഒരു ചെറിയ ഗ്രൂപ്പ് ആണ്. തലപ്പത്ത് വലിയ ആളുകൾ ഒന്നുമില്ല. കഴിഞ്ഞ മഹാപ്രളയ കാലത്താണ് ഇവർ കേരളത്തിൽ വന്നത്. ബോധവത്കരണത്തിനു ഇവരെ ഉപയോഗിക്കാം എന്നാണ് കരുതുന്നത്. ഷ്രെഡഡ് പ്ലാസ്റ്റിക് ശേഖരിക്കുമ്പോൾ ഒരു കോസ്റ്റ് ലഭിക്കും. അതും ഇവരുടെ ലേബർ കോസ്റ്റും തമ്മിൽ ചെറിയ വ്യത്യാസമുണ്ട്. ആ ഗ്യാപ്പ് പരിഹരിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഈ തുകയാണ് ആദ്യം ഫണ്ട് ചെയ്യാൻ പദ്ധതിയിടുന്നത്. അതുപോലെ ജർമ്മൻ മെഷീൻ ലഭിക്കുമോ എന്ന് ഞങ്ങൾ ശ്രമിക്കുന്നുണ്ട്. അഡ്വാൻസ്ഡ് മെഷീൻ ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. 13 ഹാർബറുകളിലും പദ്ധതി വ്യാപിപ്പിക്കും. അത് ഇങ്ങിനെ കളക്ഷൻ പോയിന്റുകൾ ആക്കി മാറ്റും. ഞങ്ങളുടെ ടെക്‌നിക്കൽ ടീം അത് അനലൈസ് ചെയ്യും. വീഡിയോ ഞങ്ങളുടെ കയ്യിലുണ്ട്. തുറമുഖ വകുപ്പും ഫിഷറീസ് വകുപ്പും ചേർന്നാണ് പദ്ധതി തയ്യാറാക്കുന്നത്-രാജേഷ് കൃഷ്ണ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP