Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു ദിവസം അവധിയെടുത്താൽ ഫൈനായി 150 രൂപ അടയ്ക്കണം; ഐഡിന്റിന്റി കാർഡ് മറന്നാൽ ഫൈൻ 100 രൂപ; ഹോസ്റ്റലിലെ ക്രിസ്തീയ ധ്യാനത്തിൽ പങ്കെടുത്തില്ലെങ്കിലും പിഴ 500 ഒടുക്കണം; നവമാദ്ധ്യമങ്ങളിലൂടെ പ്രതികരിച്ചാൽ പുറത്താക്കി പ്രതികാരം തീർക്കും; കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജിലെ 'ഫൈൻ കൊള്ള'ക്കും പീഡനങ്ങൾക്കുമെതിരെ വിദ്യാർത്ഥികൾ സമരത്തിൽ

ഒരു ദിവസം അവധിയെടുത്താൽ ഫൈനായി 150 രൂപ അടയ്ക്കണം; ഐഡിന്റിന്റി കാർഡ് മറന്നാൽ ഫൈൻ 100 രൂപ; ഹോസ്റ്റലിലെ ക്രിസ്തീയ ധ്യാനത്തിൽ പങ്കെടുത്തില്ലെങ്കിലും പിഴ 500 ഒടുക്കണം; നവമാദ്ധ്യമങ്ങളിലൂടെ പ്രതികരിച്ചാൽ പുറത്താക്കി പ്രതികാരം തീർക്കും; കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജിലെ 'ഫൈൻ കൊള്ള'ക്കും പീഡനങ്ങൾക്കുമെതിരെ വിദ്യാർത്ഥികൾ സമരത്തിൽ

അരുൺ ജയകുമാർ

തിരുവനന്തപുരം: സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള സ്വാശ്രയ കോളേജുകളിൽ നടക്കുന്ന കൊള്ളരുതായ്മ്മകൾ ഒന്നൊന്നായി പുറത്തുവരുന്ന സമയമാണിപ്പോൾ. പാമ്പാടി നെഹ്രു കോളേജിലെ വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തോടെയാണ് കോളേജ് കാമ്പസുകളിൽ പ്രതിഷേധം കത്തിപ്പിടർന്നത്. കണ്ണൂർ വിമൽ ജ്യോതി കോളേജിലും ടോംസ് കോളേജിനെതിരെയും പ്രതിഷേധം ഉയർന്നു. കോളേജുകളെ ലാഭത്തിന്റെ മാത്രം ഉപാധിയാക്കുന്ന സംഭവങ്ങളുടെ തെളിവായിരുന്നു ഇവിടങ്ങളിൽ നിന്നെല്ലാം പുറത്തുവന്നത്. ലോ അക്കാദമിയിലെ വിദ്യാർത്ഥികളെ പലവിധത്തിൽ ദ്രോഹിക്കുന്ന പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരായ പ്രതിഷേധം ഒടുവിൽ അവരെ അഞ്ച് വർഷത്തേക്ക് മാറ്റി നിർത്തുന്ന അവസ്ഥയിൽ എത്തിച്ചു. ഇത്രയൊക്കെ ആയിട്ടും നമ്മുടെ സ്വാശ്രയ കോളേജ് മാനേജ്‌മെന്റുകൾ പാഠം പഠിക്കുന്നില്ലെന്നതിന്റെ തെളിവാണ് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിൽ നിന്ന് പുറത്തുവരുന്നത്.

കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലുള്ള അമൽജ്യോതി കോളേജിലെ വിദ്യാർത്ഥികൾ സമരവുമായി രംഗത്തെത്തിയത് മുമ്പ് സ്വാശ്രയ കോളേജിൽ ഉയർന്ന സമാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ്. വിദ്യാർത്ഥി പീഡനങ്ങൾക്കെതിരെ ഇവിടെ സമര രംഗത്തുള്ളത് എസ്എഫ്‌ഐയാണ്. എങ്ങോട്ട് തിരിഞ്ഞാലും വിദ്യാർത്ഥികൾക്ക് മേൽ ഫൈൻ ചുമത്തുന്ന മാനേജ്‌മെന്റിനെതിരെയാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം. കോളേജിലെ ഒരു പള്ളിവികാരി വിദ്യാർത്ഥികളെ ശാരീരികമായും മാനസികമായി ഉപദ്രവിക്കുകയും ചെയ്യുന്നു എന്ന പരാതിയും വിദ്യാർത്ഥികൾ ഉന്നയിക്കുന്നു.

കത്തോലിക്കാ മാനേജ്‌മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന സ്വാശ്രയ എൻജിനീയറിങ് കോളേജിലെ ഹോസ്റ്റലുകളിലും ക്ലാസ് റൂമുകളിലും വിദ്യാർത്ഥികളുടെ അവകാശങ്ങളെ അടിച്ചമർത്തുന്നുവെന്ന ആക്ഷേപം ഇതാദ്യമായല്ല. അന്നൊക്കെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ മാനേജ്‌മെന്റ് അടിച്ചമർത്തി. വിദ്യാർത്ഥികൾക്ക് പിന്തുണ നൽകാൻ മാദ്ധ്യമങ്ങൾ പോലുമുണ്ടായിരുന്നില്ല. കോളേജ് ഹോസ്റ്റലിലും കാമ്പസിലും വിദ്യാർത്ഥി അവകാശങ്ങളെ അച്ചടക്കത്തിന്റെ പേര് പറഞ്ഞ് അടിച്ചമർത്തുന്നതിന് എതിരെയാണ് വിദ്യാർത്ഥികൾ പ്രക്ഷോഭ രംഗത്തുള്ളത്. എസ്എഫ്‌ഐ നേതൃത്വം നൽകുന്ന സമരം ഇപ്പോഴത്തെ സാഹചര്യത്തിൽ തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് കണ്ട് അനുനയ ശ്രമങ്ങളുമായി മാനേജ്‌മെന്റുകൾ രംഗത്തുണ്ട്.

അസുഖം വന്ന അവധിയെടുത്താലും 150 രൂപ ഫൈൻ..! ധ്യാനത്തിൽ പങ്കെടുത്തില്ലെങ്കിൽ ഒടുക്കേണ്ടത് 500 രൂപ

അടുത്തിടെ കത്തോലിക്കാ മാനേജ്‌മെന്റുകൾ പോലും സേവന പാതയിൽ നിന്നും മാറി കച്ചവട പാതയിലേക്ക് മാറി പ്രവർത്തിക്കുന്നു എന്ന വിമർശനം ഉന്നയിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. എന്നാൽ, ഈ വിമർശനങ്ങൾ തെറ്റാണെന്നാണ് കത്തോലിക്കാ മാനേജ്‌മെന്റുകൾ പറഞ്ഞത്. എന്നാൽ, മുഖ്യമന്ത്രി പറഞ്ഞത് ശരിവെക്കുന്ന വിധത്തിലാണ് ഈ അമൽജ്യോതി കോളേജിൽ വിദ്യാർത്ഥികളിൽ നിന്നും പിഴയെന്ന പേര് പറഞ്ഞ് പണം ഈടാക്കുന്നത്. ചെറിയ കാരണങ്ങൾക്ക് പോലും ഫൈൻ നൽകേണ്ട അവസ്ഥയാണ് കോളേജിലുള്ളതെന്ന് വിദ്യാർത്ഥികൾ മറുനാടൻ മലയാളിയോട് പരഞ്ഞു.

പെട്ടന്ന് അവസുഖം വന്ന ഒരു ദിവസം ക്ലാസിൽ പോകാതിരുന്നാൽ അതിന് 150 രൂപ ഫൈനായി ഈടാക്കുകയാണ് മാനേജ്‌മെന്റ് ചെയ്യുന്നതെന്നാണ് സമരക്കാർ പറയുന്നത്. ഐഡന്റീറ്റി കാർഡ് മറന്നാൽ അതിനും പിഴ നൽകേണ്ട അവസ്ഥയാണ് ഇവിടെയുള്ളത്. ഇതിന് 100 രൂപയാണ് ഒരു വിദ്യാർത്ഥിയിൽ നിന്നും ഈടാക്കുന്നത്. കേളേജിലെ പിഴശിക്ഷാ രീതി ഇങ്ങനെയാണെങ്കിൽ ഹോസ്റ്റലിലെ കാര്യങ്ങൾ അതിലും കഷ്്ടമാണ്. ഹോസ്റ്റലിൽ താമസിക്കുന്നവർ നിർബന്ധമായും ക്രിസ്തീയ ധ്യാനത്തിൽ പങ്കെടുക്കണമെന്നതാണ് കോളേജ് മാനേജ്‌മെന്റിന്റെ നിബന്ധന. ഇക്കാര്യത്തിന് മതം നോക്കാറില്ല. ഹിന്ദുവായാലും മുസ്ലീമായാലും വിദ്യാർത്ഥികൾ നിർബന്ധമായും പങ്കെടുക്കണം. ഇനി പങ്കെടുക്കാതെ വിട്ടു നിന്നാൽ 500 രൂപ ഫൈനായി വാങ്ങുന്ന അവസ്ഥയുമുണ്ട്. ഇത് വിശ്വാസത്തെ അടിച്ചേൽപ്പിക്കലാണെന്നും വിദ്യാർത്ഥികൾ പറയുന്നു.

പട്ടാളച്ചിട്ട നടപ്പാക്കുന്ന പള്ളി വികാരി; സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചാൽ പുറത്താക്കുന്ന മാനേജ്‌മെന്റ്

കോളേജിലെ ഹോസ്റ്റലിന്റെ ചുമതലയുള്ള പള്ളിവികാരിക്കെതിരെയും വിദ്യാർത്ഥികൾ ആരോപണം ഉന്നയിക്കുന്നുണ്ട്. കോളേജിലെ റൂബൻ എന്ന പള്ളി വികാരി വിദ്യാർത്ഥികളെ അകാരണമായി മാനസികമായും ശാരീരികമായും കുട്ടികളെ ഉപദ്രവിക്കുന്നുവെന്നുമാണ് വിദ്യാർത്ഥികളുടെ ആരോപണം. ഇയാളെ അടിയന്തിരമായി കോളേജിൽ നിന്നും പുറത്താക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു. ഒരു പള്ളി വികാരിക്ക് ചേർന്ന രീതിയിലല്ല ഇയാൾ പലപ്പോഴും സംസാരിക്കുന്നതെന്നും വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ പറയുന്നു. അകാരണമായി വിദ്യാർത്ഥികളെ അധിക്ഷേപിക്കലും ഭീഷണിപ്പെടുത്തലുമാണ് റൂബന്റെ സ്ഥിരം പരിപാടിയെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.

ഹോസ്റ്റലിൽ നിന്നും നൽകുന്നത് ഗുണനിലവാരമില്ലാത്ത ഭക്ഷണമാണെന്ന ആരോപണവുമുണ്ട്. എന്നാൽ ഇതിനെതിരെ പ്രതിഷേധിക്കാൻ പോലും തങ്ങൾക്ക് അവകാശമില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു. മാനേജ്‌മെന്റിന്റെ കാടൻ നയങ്ങൾ വിദ്യാർത്ഥികളിൽ അടിച്ചേൽപ്പിക്കുവാനും ക്ലാസ് മുറികളിൽ വിദ്യാർത്ഥികളെ തളച്ചിടുവാനുമാണ് മാനേജ്‌മെന്റുകൾ ശ്രമിക്കുന്നതെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. അമിത ഫീസ് നൽകി പഠിക്കുന്ന തങ്ങൾക്ക് മാനുഷിക പരിഗണന പോലും നൽകാത്ത പെരുമാറ്റമാണ് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്.

അതേസമയം കോളേജ് മാനേജമെന്റിനെ വിമർശിച്ച് ഏതെങ്കിലും വിദ്യാർത്ഥി രംഗത്തുവന്നാൽ അവരെ അടിച്ചമർത്തുന്ന സമീപനമാണ് പൊതുവേ ഇവർ സ്വീകരിക്കുന്നത്. അടുത്തിടെ പരീക്ഷ വൈകിയതിനെതിരെ നവമാദ്ധ്യമങ്ങളിലുടെ പ്രതികരിച്ച വിദ്യാർത്ഥിയെ അമൽ ജ്യോതി മാനേജ്‌മെന്റു പുറത്താക്കിയാണ് പ്രതികാരം തീർത്തത്. മാത്യു ഏലിയാസിനെയാണ് അകാരണമായി മനേജ്‌മെന്റ് പിരിച്ചുവിട്ടത്. ഇതോടെ അച്ഛൻ നഷ്ടപ്പെട്ട കുടുംബത്തിന്റെ പ്രതീക്ഷയായ മാത്യുവിന്റെ തുടർപഠനം ഇരുളടഞ്ഞു.

2015ലാണ് മെറിറ്റ് സീറ്റിൽ യോഗ്യത നേടീയ മാത്യു ഏലിയാസ് കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജീനീയറിങ് കോളേജിൽ സിവിൽ എൻജീനീറിങ് കോഴ്‌സിൽ പ്രവേശനം നേടീയത്. ആദ്യരണ്ട് സെമസ്റ്റർ പരീക്ഷയിൽ 70 ശതമാനം മാർക്കോടെ മാത്യു മുഴുവൻ വിഷയങ്ങൾക്കും പാസായി. മൂന്നാം സെമസ്റ്റർ പരീക്ഷ വൈകിയതോടെ ശാസ്ത്ര സർവകലശാല വി സിക്ക് എതിരായി വിദ്യാർത്ഥികൾ നവമാദ്ധ്യമങ്ങളിലുടെ പ്രതീകരിച്ചു. ഇതിനെ പിന്തുണച്ച് മാത്യുവും ചില പോസ്റ്റുകൾ ഇട്ടിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട കോളേജ് അധികാരികൾ മാത്യുവിനെ വിളിച്ചു വരുത്തി മദ്യപാനിയായി ചീത്രീകരിച്ച ശേഷം യാതൊരു കാരണവും കാണിക്കാതെ തന്നെ കോളേജിൽ നിന്നും പുറത്താക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥി പറയുന്നു.

ഇത്തരത്തിൽ നിസാര പ്രശ്‌നങ്ങളുടെ പേരിൽ നിരവധി വിദ്യാർത്ഥികളെ അമൽജ്യോതി മാനേജ്‌മെന്റ് പുറത്താക്കിയിട്ടുള്ളതായും ആരോപണമുയരുന്നുണ്ട്. രാഷ്ടീയ നേത്യത്വങ്ങളിൽ ശക്തമായ സ്വാധീനമുള്ള മാനേജ്‌മെന്റിനെ ആരും ചോദ്യം ചെയ്യാറുമില്ല. അകാരണമായി പുറത്താക്കിയതോടെ മാത്യുവിന്റെ തുടർ പഠനം പാതിവഴിയിൽ നിലച്ചിരിക്കുകയാണ്.

അതേസമയം കോളേജിലെ ലാഭക്കൊതിയാണെന്നുമാണ് സമരം ചെയ്യുന്ന വിദ്യാർത്ഥികൾ ഉന്നയിക്കുന്നത്. ഇതിന് ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടുന്നത് കോളേജ് കന്റിനിലെ മെസിലെ ജീവനക്കാരുടെ കാര്യമാണ്. മെസ്, ക്യാന്റ്‌റീൻ എന്നിവിടങ്ങളിലെ ജീവനക്കാരുടെ മാസ ശമ്പളം ഇപ്പോൾ ദിവസ കൂലിയാക്കി മാറ്റിയിരിക്കുകയാണ്. ഇത് അവർക്ക് വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കിയിരിക്കുന്നത്.ഒരു ലീവെടുത്താൽ ശമ്പളം ഇല്ലെന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.

തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം രംഗത്ത് തുടരാനാണ് എസ്എഫ്‌ഐയുടെ തീരുമാനം. വിദ്യാത്ഥി സംഘടനകൾക്ക് കാമ്പസിനകത്ത് പ്രവർത്തന അനുമതി പോലും കോളേജ് മാനേജ്‌മെന്‌റ് നൽകിയിട്ടില്ല. വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് കോളേജ് മാനേജർക്ക് എസ്എഫ്‌ഐ കത്തു നൽകിയിട്ടുണ്ട്. പ്രശ്‌നങ്ങൾ പരിഹരിക്കാത്ത പക്ഷം വിദ്യാർത്ഥി സമരം ഊർജ്ജിതമാക്കാനാണ് എസ്എഫ്‌ഐുടെ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP