Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

താടി വടിക്കാത്തവരെ ഷേവ് ചെയ്യിക്കാൻ മിനി ബാർബർ ഷോപ്പ്! ഇന്റർവെൽ സമയത്തല്ലാതെ ടോയ്‌ലറ്റ് ഉപയോഗത്തിനു വിലക്ക്; മുസ്ലിം വിദ്യാർത്ഥികൾക്ക് ജുമാ നമസ്‌കാരത്തിന് അനുമതിയില്ല; ആണും പെണ്ണും ഒന്നിച്ചു കാന്റീനിൽ പോയാൽ നോട്ടപ്പുള്ളികൾ: തിരുവനന്തപുരം ക്രൈസ്റ്റ് നഗർ കോളേജിലെ പീഡനങ്ങൾ തുറന്നു പറഞ്ഞു വിദ്യാർത്ഥികൾ

താടി വടിക്കാത്തവരെ ഷേവ് ചെയ്യിക്കാൻ മിനി ബാർബർ ഷോപ്പ്! ഇന്റർവെൽ സമയത്തല്ലാതെ ടോയ്‌ലറ്റ് ഉപയോഗത്തിനു വിലക്ക്; മുസ്ലിം വിദ്യാർത്ഥികൾക്ക് ജുമാ നമസ്‌കാരത്തിന് അനുമതിയില്ല; ആണും പെണ്ണും ഒന്നിച്ചു കാന്റീനിൽ പോയാൽ നോട്ടപ്പുള്ളികൾ: തിരുവനന്തപുരം ക്രൈസ്റ്റ് നഗർ കോളേജിലെ പീഡനങ്ങൾ തുറന്നു പറഞ്ഞു വിദ്യാർത്ഥികൾ

അരുൺ ജയകുമാർ

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളേജിൽ ജിഷ്ണു പ്രണോയ് എന്ന കോഴിക്കോട് സ്വദേശി ആത്മഹത്യ ചെയ്തത് കോളേജ് മാനേജ്‌മെന്റിൽ നിന്നും ഏൽക്കേണ്ടിവന്ന പീഡനത്തെതുടർന്നായിരുന്നു. കലാലയങ്ങളിൽ മാനേജ്‌മെന്റ് വക ഇടിമുറിവരെയുണ്ടെന്ന വാർത്ത വലിയ ഞെട്ടലോടെയാണ് കേരള സമൂഹം കേട്ടത്. നെഹ്‌റു കോളേജും അവിടെ നടന്ന സംഭവങ്ങളും ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നതിന്റെ തെളിവാണ് പിന്നീട് മറുനാടൻ മലയാളി തന്നെ പുറത്ത്‌കൊണ്ട് വന്ന മറ്റക്കര ടോംസ് കോളേജിലും മൂന്നാർ കാറ്ററിങ്ങ് കോളേജ് വിഷയത്തിലുമെല്ലാം തന്നെ അരങ്ങേറിയത്. ഇപ്പോഴിതാ തിരുവനന്തപുരം സിഎംഐ മാനേജ്‌മെന്റിന്റെ ക്രൈസ്റ്റ് നഗർ കോളേജിലും സമാനമായ സാഹചര്യം അരങ്ങേറുന്നു. വിദ്യാർത്ഥികളെ അടിമകളെപ്പോലെയാണ് കൈകാര്യം ചെയ്യുന്നതെന്ന് മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. പട്ടാള ക്യാമ്പെന്നോ അല്ലെങ്കിൽ ഒരു ജയിലെന്നോ ഉള്ള വിശേഷണമാണ് കോളേജിന് കൂടുതൽ ചേരുന്നതെന്ന് കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികൾ തന്നെ മറുനാടനോട് സാക്ഷ്യപ്പെടുത്തി.

ഓരോ ക്ലാസ്‌റൂമിലും ഓഡിയോ റെക്കോർഡിങ്ങ് സംവിധാനം വരെയുള്ള മൂന്ന് ക്യാമറകളുണ്ട്. മാത്രമല്ല, ബൈക്കിൽ കോളേജിൽ വരാൻ പാടില്ല, താടിയും മുടിയും വളർത്താൻ പാടില്ല തുടങ്ങിയവയാണ് കോളേജിലെ അടിസ്ഥാന നിയമങ്ങൾ. കൂടാതെ, താടി ഷേവ് ചെയ്യാതെ വരുന്നവരെ കോളേജിൽ വച്ച് തന്നെ ഷേവ് ചെയ്യിക്കാനായി ഒരു മിനി ബാർബർ ഷോപ്പ് തന്നെ ഇവിടെ ഉണ്ടായിരുന്നുവെന്നും വിദ്യാർത്ഥികൾ പറയുന്നു. ഇന്റർവെൽ സമയത്തല്ലാതെ ടോയിലറ്റ് ഉപയോഗിക്കാൻ പാടില്ല, മുസ്ലിം വിശ്വാസികളായ വിദ്യാർത്ഥികൾക്ക് വെള്ളിയാഴ്ച ദിവസങ്ങളിൽ ജുമാ നമസ്‌കാരത്തിന് പോകാനുള്ള അവകാശ നിഷേധം, ഒരു മിനിറ്റ് വൈകിയാൽ പോലും ഹാഫ് ഡേ ലീവ്, ക്ലാസിൽ ഇഷ്ടമുള്ള സ്ഥലത്ത് ഇരിക്കാനോ സഹപാഠികളോട് സംസാരിക്കാനോ അവകാശമില്ല. ക്ലാസിൽ പഠിക്കുന്ന കുട്ടികൾ ഒരുമിച്ച് ക്യാന്റീനിൽ പോയാൽ അത് ആൺകുട്ടിയും പെൺകുട്ടിയും ആണെങ്കിൽ അപ്പോൾ തന്നെ അവർ നോട്ടപുള്ളികളായി മാറും. സുഖമില്ലെങ്കിൽ ഡെസ്‌കിൽ ഒന്ന് ചാരി ഇരിക്കാൻ പോലും പറ്റില്ലെന്നും അനുഭവത്തിന്റെ വെളിച്ചത്തിലൂടെ ഈ വിദ്യാർത്ഥികൾ വ്യക്തമാക്കുന്നു.

പാമ്പാടി നെഹ്‌റു കോളേജിലെ സംഭവങ്ങൾ പുറത്ത് വന്നതോടെയും അത് പൊതു സമൂഹത്തിൽ ചർച്ചയാവുകയും ചെയ്തതോടെയാണ് കുട്ടികൾക്ക് അൽപ്പമെങ്കിലും ധൈര്യം കൈവന്നത്. പ്രതികരിക്കാതിരുന്നിട്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് കാര്യങ്ങൾ തുറന്ന് പറയാൻ അവർ ധൈര്യം കാണിച്ചത്. കോളേജിൽ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങൾ വിദ്യാർത്ഥികൾ ആദ്യം പറഞ്ഞത് പ്രാദേശിക എസ്എഫ്‌ഐ നേതൃത്വത്തോടാണ്. മാറനെല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിൽ അരങ്ങേറുന്ന വ്യവസ്ഥിതികളെക്കുറിച്ച് വിദ്യാർത്ഥികൾ ഞങ്ങളോട് പറഞ്ഞ കാര്യങ്ങൾ.

കോളേജിൽ ബൈക്കിൽ വരാൻ പാടില്ല, പുറത്തുവച്ചാലും ക്ലാസിൽ വച്ച് താക്കോൽ കണ്ടെത്താൻ പരിശോധന

കോളേജിൽ ബൈക്ക് കൊണ്ട് വരാൻ പാടില്ല,കാരണം മുമ്പെങ്ങോ ഒരു വിദ്യാർത്ഥി ആക്‌സിഡന്റിൽ മരിച്ചു എന്നുള്ളതാണ്,ഈ ആക്‌സിഡന്റ് കോളേജിനകത്തു വച്ചാണോ നടന്നതെന്ന് ചോദിച്ചാൽ അല്ല,കോളേജ് സ്ഥിതിചെയ്യുന്ന പ്രദേശത്ത് വച്ചാണോ അതുമല്ല,അങ്ങനൊരു വിദ്യാർത്ഥി മരിച്ചിട്ടുണ്ടോ എന്ന് തന്നെ അറിയില്ല,അങ്ങനൊരു മരണം സംഭവിച്ചിട്ടുണ്ടെൽ തികച്ചും ഖേദകരമായ ഒരു കാര്യം തന്നെയാണ്,എന്നാൽ മുൻപ് നടന്ന ഈ കാര്യത്തിന്റെ പേരിൽ വിദ്യാർത്ഥികൾ ബൈക്ക് കൊണ്ട് വരുന്നത് കർശനമായി നിരോധിച്ചിരിക്കുകയാണ്,കിലോമീറ്ററുകൾ അപ്പുറം ബൈക്ക് വച്ചിട്ട് ബസ്സിൽ കയറി കോളേജിൽ വരുന്നവരും ഏറെ. കോളേജിനകത്തുകൊണ്ട് പോകാതെ രണ്ട് കിലോമീറ്റർ ഇപ്പുറത്തുള്ള വീടുകളിലോ മറ്റ് പാർക്കിങ് ഏരിയകളിലോ ബൈക്ക് വച്ചിട്ട് കോളേജിൽ എത്തിയാലും അധികൃതർ ഇതറിഞ്ഞാൽ അന്ന് കോളേജിലെ എല്ലാ വിദ്യാർത്ഥികളുടേയും ബാഗ് പരിശോധിക്കുന്ന നടപടിയുണ്ടാകും.

ആരെങ്കിലും ബൈക്ക് സമീപത്ത് എവിടെയെങ്കിലും പാർക്ക് ചെയ്ത് എത്തി എന്നറിഞ്ഞാൽ ആൺകുട്ടികളെയും പെൺകുട്ടികളേയും ബൈക്കിന്റെ താക്കോൽ കണ്ടെത്താനായി ദേഹ പരിശോധന നടത്തും. കോളേജിലെ വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്തല്ലെന്നും മറിച്ച് 10ൽ കൂടുതൽ കോളേജ് ബസുകൾ സ്വന്തമായുള്ള കോളേജിൽ കുട്ടികൾ ബൈക്കുകളിൽ വരാൻ തുടങ്ങിയാൽ ബസ് ഫീസ് വരുമാനം കുറയും എന്നതാണ് മാനേജ്‌മെന്റിനെക്കൊണ്ട് ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളിക്കുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു. ആദ്യം തന്നെ ബസ് ഫീസ് മുഴുവനും നൽകണം അപ്പോൾ പാതി വഴിയിൽ സ്വമേധയാ വരാൻ തുടങ്ങില്ലെന്ന കണക്കുകൂട്ടലുമുണ്ട് മാനേജ്‌മെന്റിന്. 18 വയസ്സ് പൂർത്തിയായി സ്വന്തമായി സർക്കാർ അംഗീകരിച്ച ലൈസൻസ് ഉള്ള ഞങ്ങൾക്ക് കോളേജിൽൽ വണ്ടി കൊണ്ട് പോകാൻ അനുവാദമില്ല.. ഇനി അഥവാ കൊണ്ട് പോയാൽ സസ്‌പെൻഷൻ മുതൽ ഫൈൻ വരെയും ഈടാക്കും . കോളേജിന് പുറത്ത് വണ്ടി ഓടിച്ചിലും ഇത് തന്നെ കഥ 3 വർഷം കഴിഞ്ഞിട്ടേ വണ്ടി കൈ കൊണ്ട് തൊടാവൂ എന്നാണ് അവർ പറയുന്നത്

വിദ്യാർത്ഥികൾ ടോയ്‌ലറ്റ് എപ്പോൾ ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്ന മാനേജ്‌മെന്റ്

കോളേജിന്റെ പ്രധാന കെട്ടിടത്തിൽ തന്നെ മൂന്ന് ടോയ്‌ലെറ്റുകളുണ്ട് പക്ഷേ അത് എപ്പോൾ ഉപയോഗിക്കണമെന്ന് മാനേജ്‌മെന്റ് തീരുമാനിക്കും. മനുഷ്യന് പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിക്കാനാകാത്ത സ്ഥി മറ്റെവിടെയെങ്കിലും കേട്ടിട്ടുണ്ടോ എന്നാണ് വിദ്യാർത്ഥികൾ ചോദിക്കുന്നത്.ഇന്റർവെൽ കഴിയുന്നതും കാത്തിരിക്കുന്നുണ്ടാവും ടോയ്‌ലറ്റ് അടച്ചു പൂട്ടാൻ.അതെന്തിനാണുള്ളതിനു അധികൃതരുടെ മറുപടി ഇങ്ങനെ 'ഇന്റർവെൽ കഴിഞ്ഞാലും പിള്ളാരെല്ലാം കൂടി 2 മണിക്കൂറോളം ടോയ്‌ലറ്റിനു അകത്ത് കയറിയങ്ങിരുന്നു കളയും എന്നതാണ്, വിനോദ സഞ്ചാര കേന്ദ്രമോ മറ്റോ അല്ല അവിടെ പ്രവർത്തിക്കുന്നത്, 2, 3 മണിക്കൂർ നാറ്റം സഹിച്ച് അവിടെ നിൽക്കും എന്ന് എങ്ങനെയാണ് കരുതുന്നത്. വിദ്യാർത്ഥികളുടെ ബാക്കിയെല്ലാ കാര്യവും നോക്കുന്ന അധികൃതർക്ക് ടോയ്‌ലറ്റിൽ '2 മണിക്കൂർ' ഇരിക്കുന്നവരെ ക്ലാസ്സിൽ പറഞ്ഞു വിടാൻ അറിയില്ലേ എന്നാണ് വിദ്യാർത്ഥികളുടെ ചോദ്യം. അത്യാവശ്യക്കാർക്ക് ഉപയോഗിക്കാൻ ഓഫീസിലെ ടോയ്‌ലറ്റ് നൽകാമെന്നാണ് മാനേജ്‌മെന്റ് നൽകുന്ന മറ്റൊരു വിശദീകരണം.

ക്ലീൻഷേവ് നിർബന്ധം, ഷേവ് ചെയ്യാതെ കോളേജിൽ എത്തിയാൽ ഓഫീസിൽ പറഞ്ഞുവിട്ട് ഷേവ് ചെയ്യിക്കും

കുറച്ചൊക്കെ സ്‌റ്റൈലിൽ നടക്കാൻ ഞങ്ങളുടെ പ്രായക്കാർക്ക് ആഗ്രഹം കാണില്ലേ ചേട്ടാ പക്ഷേ ഈ കോളേജിൽ അത് പറ്റില്ല. താടിയും മുടിയും വളർത്തുന്നു എന്ന് പറഞ്ഞാൽ കോമാളി വേഷം കെട്ടി വരുന്നതല്ല, ക്ലീൻ ഷേവ് മാത്രമെ അനുവദിക്കുകയുള്ളു. ഷേവ് ചെയ്യാതെ കോളേജിൽ എത്തിയാൽ അവരെ ഓഫീസിൽ പറഞ്ഞ് വിടും അവിടെ വച്ച് തന്നെ ഷേവ് ചെയ്യിപ്പിക്കും. ഇനി ഷേവ് ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞാൽ അപ്പോൾ തന്നെ ഗെറ്റ് ഔട്ട് അടിക്കും. പിന്നെ ഷേവ് ചെയ്തിട്ട് കോളേജിൽ വന്നാൽ മതി എന്നതാണ് നിയമം. തനിക്ക് ബ്ലൈഡ് അലർജിയാണെന്നും ഷേവ് ചെയ്യാനാകില്ലെന്നും പറഞ്ഞ വിദ്യാർത്ഥിക്കും രക്ഷയില്ല പോയി ട്രിം ചെയ്തിട്ട് വന്നാൽ മതി എന്നായിരുന്നു ഉത്തരവ്.

മുഖത്തെ ത്വക്കിലുണ്ടാകുന്ന വെള്ള പാടായ തേമലിന് മരുന്ന് ഉപയോഗിക്കുകയാണ് ഷേവ് ചെയ്യാൻ പാടില്ലെന്ന് പറഞ്ഞപ്പോളും ഇത് തന്നെയായിരുന്നു അവസ്ഥ. അപ്പോൾ തന്നെ കോളേജിൽ നിന്നും ഇറക്കി വിടുകയും ചെയ്തു. പിന്നീട് ഇക്കാര്യം സൂചിപ്പിക്കുന്ന മെഡിക്കൽ സർട്ടിഫിക്കേറ്റ് ഹാജരാക്കിയിട്ട് അത് ഒന്ന് വായിച്ച് നോക്കാൻ പോലും പ്രിൻസിപ്പാൾ തയ്യാറായില്ലെന്ന് മറ്റൊരു വിദ്യാർത്ഥി പറഞ്ഞു. താടിയോ മുടിയോ അൽപ്പം വളർന്നാൽ അതിനുമുണ്ട് പ്രത്യേകമായ ഒരു ഫൈൻ. സന്ന്യാസിമാരെപ്പോലെ താടി വളർത്തണമെന്നൊന്നും ആരും ആവശ്യപ്പെടുന്നില്ല, താടി വച്ചാൽ വിദ്യാർത്ഥിയല്ലാതാകുമോ?

വെള്ളിയാഴ്ചയിലെ ജുമാ നമസ്‌കാരത്തിന് അനുമതി മാനേജ്‌മെന്റിന് തോന്നും പോലെ

വെള്ളിയാഴ്ച ദിവസം ജുമാ കൂടാനായി മുസ്ലിം വിദ്യാർത്ഥികൾ പള്ളിയിൽ പോകാറില്ലെ എന്ന് ചോദിച്ചാൽ അതിന് അനുമതിയൊക്കെയുണ്ട് പക്ഷേ ഒരു മണിക്ക് ജുമാ നിസ്‌കാരം തുടങ്ങുന്ന സ്ഥലത്തേക്ക് കുട്ടികൾക്ക് പോകാൻ കോളേജ് മാനേജ്‌മെന്റ് അനുമതി നൽകിയിരിക്കുന്നത് 1.30ന് ശേഷം. ഇതിലും നല്ലത് പോകാണ്ടിരിക്കുന്നതാണ് നല്ലതെന്നു വിദ്യാർത്ഥികൾ,കാരണം കോളേജിന്റെ തൊട്ടടുത്തല്ല മുസ്ലിം പള്ളി,മാറനല്ലൂരിൽ നിന്നും അടുത്ത ജംഗ്ഷനായ അരുമാളൂർ എന്ന പ്രദേശത്താണ് ഈ മുസ്ലിം പള്ളി സ്ഥിതി ചെയ്യുന്നത്, കോളേജിൽ നിന്നും അവിടേയ്ക്ക് നടന്നു എത്തുമ്പോഴേയ്ക്കും നമസ്‌കാരമെല്ലാം കഴിഞ്ഞിരിക്കും,അത് കഴിഞ്ഞ് അവിടുന്ന് നടന്ന് കോളേജിൽ എത്തുമ്പോഴേയ്ക്കും ക്ലാസും കഴിയും, ഒരു ബൈക്ക് ഉപയോഗിക്കാൻ അനുമതിയുണ്ടായിരുന്നെങ്കിൽ ഈ പ്രശ്‌നം ഉണ്ടാകില്ലായിരുന്നുവെന്നും വിദ്യാർത്ഥികൾ പറയുന്നു.അല്ലേൽ കോളേജ് ബസ്സിൽ പള്ളിയിൽ കൊണ്ട് ആക്കാനുള്ള നടപടി പോലും ഇവരുടെ ഭാഗത്ത് നിന്നില്ല.

വീട്ടിൽ പറഞ്ഞാൽ പഠനത്തിൽ താൽപ്പര്യമില്ലെന്ന് പറഞ്ഞ് രക്ഷിതാക്കളെ ശാസിക്കും

സംഭവങ്ങളിൽ ഏതെങ്കിലും വിദ്യാർത്ഥികളുടെ രക്ഷകർത്താക്കൾ പരാതിയുമായി വന്നാൽ മകൻ പഠനത്തിൽ ശ്രദ്ധിക്കുന്നില്ലെന്നും വളരെ മോശമാണെന്നും പറയും മക്കൾ പഠിക്കാൻ പിന്നിലാണെന്നറിഞ്ഞാൽ പിന്നെ രക്ഷിതാക്കൾക്ക് വേറൊന്നും പറയാനാകില്ല എന്ന അവസ്ഥയെ ആണ് ഇവർ മുതലെടുക്കുന്നത്. അദ്ധ്യാപകരോട് പരാതി പറയാം എന്നു കരുതിയാലും രക്ഷയില്ല. അദ്ധ്യാപകർ പ്രിൻസിപ്പാളിന്റേയും മാനേജ്‌മെന്റിന്റേയും കളിപ്പാവകൾ മാത്രമാണ്.കുട്ടികൾക്ക് ഇഷ്ടമുള്ള സ്ഥലത്ത് ഇരിക്കാൻ പോലും അനുവാദമില്ല, അദ്ധ്യാപകർ ഓരോ വിദ്യാർത്ഥിക്കും സീറ്റുകൾ നിർദ്ദേശിക്കും അവിടെയിരുന്ന് പഠിച്ചാൽ മതി എന്നതാണ് നിലപാട്.

ക്ലാസിൽ ഇഷ്ടമുള്ളിടത്ത് ഇരിക്കാൻ അവകാശമില്ല അവർ പറയുന്ന സ്ഥലത്ത് മാത്രമേ ഇരിക്കാൻ പാടുള്ളു.വിദ്യാർത്ഥികൾക്ക് വേണ്ടി അവർ തിരഞ്ഞെടുക്കുന്ന ഒരു പ്രതിനിധി ഇവിടെ ഇല്ല യൂണിവേഴ്സ്റ്റി നിഷ്‌കർഷിക്കുന്ന രീതിയിൽ തെരഞ്ഞെടുപ്പ് നടത്തിയല്ല ഇവിടെ വിദ്യാർത്ഥി പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്. ആരെയാണ് പ്രതിനിധിയാക്കുന്നതെന്ന് പോലും വിദ്യാർത്ഥികൾ അറിയാറില്ല. എന്തെങ്കിലുമൊക്കെ പൊതു പരിപാടികളിൽ ഇന്നയാളാണ് ചെയർമാൻ, കൺവീനർ എന്നോ കോളേജിൽ നിന്ന് അനൗൺസ് ചെയ്യുമ്പോഴാണ് ഇവർ കാര്യം അറിയുന്നത്. സ്വന്തമായി ഒരു ഗ്രൗണ്ട് പോലും ഇല്ലാത്ത കോളേജിൽ അടുത്തിടെയാണ് വിദ്യാർത്ഥികൾക്കായി ഒരു മൈതാനത്തിന്റെ പണി ആരംഭിച്ചത് പോലും തങ്ങളുടെ പ്രശ്‌നങ്ങൾ ഇവർ ആദ്യം പറഞ്ഞത് പ്രാദേശിക എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ പ്രവർത്തകരോടാണ്.

ഇവരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കിയ എസ്എഫ്‌ഐ പ്രവർത്തകർ കോളേജിലെത്തി പ്രിൻസിപ്പാളിനെ നേരിൽ കണ്ട് കാര്യങ്ങൾ തിരക്കിയപ്പോൾ ഒരു പ്രശ്‌നങ്ങളും ഇല്ലെന്ന മറുപടിയാണ് പ്രിൻസിപ്പാൾ നൽകിയത്. ഏതെങ്കിലും ഒന്നോ രണ്ടോ വിദ്യാർത്ഥികൾ പറയുന്നത് കേട്ട് നിങ്ങൾ ഇങ്ങോട്ട് വരികയായിരുന്നോ വേണ്ടത് എന്നാണ് എസ്എഫ്‌ഐ നേതാക്കളോട് പ്രിൻസിപ്പാൾ ചോദിച്ചത്. കോളേജിൽ ബൈക്ക് അനുവദിക്കാത്ത കാര്യം ചോദിച്ചപ്പോൾ അത് വീട്ടുകാരുടെ അനുവാദം ഉണ്ടെന്ന് കോളേജിന് ബോധ്യപ്പെട്ടാൽ പരിഗണിക്കാം എന്നായിരുന്നു മറുപടി. പിന്നീട് വിദ്യാർത്ഥികൾ ബൈക്കിന്റെയും എസ്എഫ്‌ഐ പ്രവർത്തകർ കാര്യങ്ങൾ തിരക്കാനെത്തിയ കാര്യവും തിരക്കിയപ്പോൾ ഇവിടെ ആരും വന്നിട്ടില്ലെന്നും നിങ്ങൾ പ്രാദേശിക നേതാക്കളെ കാണിച്ച് വിരട്ടണ്ടെന്നും എനിക്ക് വലിയ നേതാക്കളെ അറിയാം എന്നുമായിരുന്നു മറുപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP