Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെറുമീനെ ചൂണ്ടയിൽ കൊരുത്ത് ചെന്നിത്തല പിടിക്കുന്നത് ലീഗ് എന്ന വലിയ മീനിനെ; മുഖ്യമന്ത്രിക്കസേര ഉറപ്പിക്കാൻ ലീഗിന് കടിഞ്ഞാണിട്ട് ഐ ഗ്രൂപ്പ് നേതാവ്; മറ്റൊരാളുടെ പരാജയം കൂടി ഉറപ്പിക്കാൻ ചാണക്യ തന്ത്രം ആസൂത്രണം ചെയ്ത് ഉമ്മൻ ചാണ്ടി; തലസ്ഥാനത്ത് ഇപ്പോൾ കരുണാകരനെ തോൽപ്പിക്കുന്ന കരുനീക്കങ്ങൾ

ചെറുമീനെ ചൂണ്ടയിൽ കൊരുത്ത് ചെന്നിത്തല പിടിക്കുന്നത് ലീഗ് എന്ന വലിയ മീനിനെ; മുഖ്യമന്ത്രിക്കസേര ഉറപ്പിക്കാൻ ലീഗിന് കടിഞ്ഞാണിട്ട് ഐ ഗ്രൂപ്പ് നേതാവ്; മറ്റൊരാളുടെ പരാജയം കൂടി ഉറപ്പിക്കാൻ ചാണക്യ തന്ത്രം ആസൂത്രണം ചെയ്ത് ഉമ്മൻ ചാണ്ടി; തലസ്ഥാനത്ത് ഇപ്പോൾ കരുണാകരനെ തോൽപ്പിക്കുന്ന കരുനീക്കങ്ങൾ

ബി രഘുരാജ്‌

തിരുവനന്തപുരം: കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ചാണക്യൻ ആരെന്നു ചോദിച്ചാൽ കക്ഷി രാഷ്ട്രീയ ഭേദെമന്യേ എല്ലാവരും പറയും അതു കരുണാകരൻ തന്നെയെന്ന്. എന്നാൽ കരുണാകരനേയും തോൽപ്പിക്കുന്ന കരുനീക്കങ്ങൾ ആണ് ഇപ്പോൾ തലസ്ഥാനത്ത് അരങ്ങേറുന്നത്. മുഖ്യമന്ത്രിക്കസേര ലക്ഷ്യമിട്ടു മൂന്നോ നാലോ തവണ നടത്തിയ നീക്കങ്ങൾ പരാജയപ്പെട്ടിട്ടും ഏതാണ്ടു വിജയത്തോടു അടുത്ത പുതിയ കരുനീക്കങ്ങളുമായി ഇപ്പോൾ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുന്നേറുന്നത്. അപ്രഖ്യാപിതമായി എതിരാളികളുടെ വലയിൽ കടന്ന് കയറി ഗോൾ അടിച്ചു വിജയം ഉറപ്പിക്കുന്നതു പതിവാക്കിയ ഉമ്മൻ ചാണ്ടി ഇത്തവണയും അന്തിമ വിജയം നേടുമെന്ന് കരുതുന്നവർ ഏറെയുണ്ട്.

മുഖ്യമന്ത്രിയാകാൻ ഏറ്റവും കൂടുതൽ തടസമായി നിൽക്കുന്ന ലീഗിനെ ഒറ്റയടിക്ക് കടിഞ്ഞാണിട്ടു എന്ന നേട്ടമാണ് ഇപ്പോഴത്തെ പ്രതിസന്ധിയിൽ ആഭ്യന്തരമന്ത്രിയുടെ വീതം. ലീഗിന്റെ എതിർപ്പ് മറികടക്കാതെ ഉമ്മൻ ചാണ്ടിക്കെതിരെയുള്ള യുദ്ധം വിജയിക്കില്ലെന്നു ഉറപ്പിച്ച ചെന്നിത്തല ഒരേ സമയം പ്രഗൽഭ മന്ത്രിയെന്ന പേരെടുത്തു കൊണ്ട് തന്നെയാണ് ഇപ്പോൾ നീക്കങ്ങൾ നടത്തുന്നത്. ആഭ്യന്തര മന്ത്രി എന്ന നിലയിൽ കുറഞ്ഞ കാലയളവ് കൊണ്ട് വൻ കൈയടി നേടിയ രമേശ് ചെന്നിത്തല ഒരേ സമയം ജനകീയ വിഷയങ്ങൾ ഏറ്റെടുക്കുകയും അതേ സമയം എതിരാളികളെ തന്ത്രപൂർവ്വം എതിർക്കുകയും ചെയ്യുന്നു.

മന്ത്രിസഭയിലേക്കുള്ള രമേശിന്റെ കടന്നുവരവിലെ വൈകിപ്പിച്ചത് മുസ്ലിം ലീഗാണ്. കെപിസിസി പ്രസിഡന്റായിരിക്കെ ഉപ മുഖ്യമന്ത്രി പദവുമായി മന്ത്രിസഭയിലെത്താനായിരുന്നു മോഹം. താക്കോൽ സ്ഥാനത്ത് നായർ വേണമെന്ന എൻഎസ്എസിന്റെ പ്രതികരണം പോലും രമേശിന്റെ ഉപമുഖ്യമന്ത്രി പദത്തിനായിട്ടായിരുന്നു. ഇതിനെ ഉമ്മൻ ചാണ്ടി സമർത്ഥമായി വെട്ടി. തിരുവഞ്ചൂർ രാധാകൃഷ്ണനെ ആഭ്യന്തരം ഏൽപ്പിച്ചു. ഉപമുഖ്യമന്ത്രി സ്ഥാനമെന്ന ആവശ്യത്തെ ലീഗെന്ന രാഷ്ട്രീയ സുഹൃത്തിനേയും കൂട്ടുപിടിച്ച് ഉമ്മൻ ചാണ്ടി തകർത്തു. ഉപമുഖ്യമന്ത്രി സ്ഥാനം ആർക്കെങ്കിലും നൽകിയാൽ അത് മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ ലീഗിന് വേണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി തറപ്പിച്ചു പറഞ്ഞു. ഇതോടെ മന്ത്രിസഭയിലേക്ക് എത്താൻ രമേശിന് പിന്നേയും കാത്തിരിക്കേണ്ടി വന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് ആഭ്യന്തരം ഉറപ്പിച്ച് മന്ത്രിസഭയിലേക്ക് എത്തിയത്. കോൺഗ്രസ് മന്ത്രിമാരിൽ രണ്ടാമനുമായി. പക്ഷേ ആഭ്യന്തരം തന്നെ ഏൽപ്പിച്ചാൽ പൊളിയുമെന്ന വാദത്തെ ചെന്നിത്തല തകർത്തിരിക്കുന്നു. ഓപ്പറേഷൻ കുബേരയിൽ തുടങ്ങിയ നീക്കങ്ങൾ ടി ഒ സൂരജിന്റെ വിജിലൻസ് റെയ്ഡിൽ എത്തി നിൽക്കുന്നു. ഇന്ന് മന്ത്രിസഭയിലെ തിളങ്ങുന്ന നക്ഷത്രമാണ് ചെന്നിത്തല. ഇതിനെല്ലാം മുമ്പ് തന്നെ ഐ ഗ്രൂപ്പിന്റെ നേതാവായി രമേശ് മാറിയിരുന്നു. വയലാർ രവിയും പി സി ചാക്കോയും മുരളീധരനും അടക്കമുള്ളവർ ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തെ അംഗീകരിച്ചു. കരുണാകരന് ശേഷം ഐ ഗ്രൂപ്പിന്റെ പ്രഖ്യാപിത ലീഡർ പദവി രമേശ് സ്വന്തമാക്കി.

കെപിസിസി പ്രസിഡന്റ് പദത്തിലേക്ക് ഐ ഗ്രൂപ്പിനെ എത്തിക്കാൻ കൂട്ടായ്മ അനിവാര്യമാണെന്നാണ് ചെന്നിത്തല ഉയർത്തിയ വാദം. അതിലേക്ക് നേതാക്കൾ ഒഴുകി. വി എം സുധീരനെന്ന കെപിസിസി പ്രസിഡന്റിനോട് അടുപ്പമില്ലാത്ത നേതാക്കളെല്ലാം ഐ ഗ്രൂപ്പിന്റെ ഭാഗവുമായി. ഗ്രൂപ്പിന്റെ കരുത്തിൽ സംഘടന പടിക്കുക എന്നതിലപ്പുറമുള്ള നീക്കമായിരുന്നു കരുണാകരന്റെ വികാരമുയർത്തിയുള്ള രമേശിന്റെ നീക്കമെന്ന് ഇപ്പോഴാണ് വ്യക്തമാകുന്നത്. സംഘടനയ്‌ക്കൊപ്പം ഭരണ നേതൃത്വം തന്റെ കൈയിലേക്ക് എത്തണമെന്നാണ് ചെന്നിത്തലയുടെ ആഗ്രഹം. ഇതിനുള്ള കരുനീക്കമാണ് ടിഒ സൂരജിന്റെ വിജിലൻസ് റെയ്ഡിലെത്തിച്ചത്.

സോളാർക്കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയും ജ്യൂഡീഷ്യൽ അന്വേഷണമുണ്ട്. മുഖ്യമന്ത്രിക്കെതിരെ ശക്തമായ മൊഴികളും കമ്മീഷന് കിട്ടി. അതുകൊണ്ട് തന്നെ സോളാറിൽ മുഖ്യമന്ത്രിക്കെതിരെ കമ്മീഷൻ പരാമർശം നടത്തും. അങ്ങനെ വന്നാൽ മുഖ്യമന്ത്രി സ്ഥാനം ഉമ്മൻ ചാണ്ടിക്ക് ഒഴിയേണ്ടി വരും. ഇതിനൊപ്പം സോളാറിലെ വിവാദ നായിക സരിതാ എസ് നായരുടെ വാട്‌സ് ആപ്പ് ദൃശ്യം പ്രചരിച്ചതും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ലക്ഷ്യമിട്ടാണെന്നും ചർച്ചയുണ്ട്. ഏപ്രിൽ മാസത്തോടെ ഇതും വിവാദമായി ഉയരുമെന്ന് ചെന്നിത്തല കണക്ക് കൂട്ടുന്നു. ഈ ആരോപണങ്ങളെ അതിജീവിക്കാൻ ഉമ്മൻ ചാണ്ടിക്കോ എ ഗ്രൂപ്പിനോ കഴിയില്ലെന്നാണ് ഐ വിഭാഗം വിലയിരുത്തുന്നത്. അത്തരമൊരു സാഹചര്യത്തിൽ മുഖ്യമന്ത്രിയായി രമേശ് ചെന്നിത്തല തന്നെ എത്തണമെന്നാണ് നിർബന്ധം.

ഇതിന് പ്രധാനമായും വേണ്ടത് ലീഗിന്റെ പിന്തുണയാണ്. ലീഗ് നേതാക്കളുടെ ഇഷ്ടക്കാരനായ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെ ലക്ഷ്യമിട്ടത് ഇതുകൊണ്ടാണ്. റെയ്ഡിൽ പിടിച്ചെടുത്ത പല രേഖകളും വിജിലൻസിൽ നിന്ന് രമേശ് ചെന്നിത്തലയ്ക്ക് കിട്ടുമെന്ന് ഉറപ്പാണ്. ഇതിൽ പലതും ലീഗ് നേതൃത്വത്തിന്റെ ഇടപാടുകളെ കുറിച്ചുള്ള വിശദാംശങ്ങളാണ്. ഈ രേഖ കൈയിലുള്ളതിനാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ ഉയർത്തിക്കാട്ടിയാൽ അതിന് ലീഗിന് എതിർക്കാനാകില്ല. മുസ്ലിം ലീഗ് നേതൃത്വത്തെ വെട്ടിലാക്കുന്ന പല രേഖകളും സൂരജിൽ നിന്ന് ആഭ്യന്തര മന്ത്രിക്ക് കിട്ടിക്കഴിഞ്ഞു. ഈ ലക്ഷ്യം പാളാതിരിക്കാനാണ് സൂരജിനെതിരായ റെയ്ഡ് വിവരം അതീവ രഹസ്യമായി സൂക്ഷിച്ചത്. സെക്രട്ടറിയേറ്റിലെ ഓഫീസും വിജിലൻസ് പരിശോധിച്ചത് ഇതിനാണെന്നും വ്യക്തമാണ്. അങ്ങനെ ലഭിച്ച തെളിവുകളിലൂടെ ലീഗിനെ തളയ്ക്കാമെന്ന് ചെന്നിത്തല കണക്ക് കൂട്ടുന്നുണ്ട്.

അതിനിടെ ലീഗിലെ ചില മന്ത്രിമാരെ സൂരജ് ഭീഷണിപ്പെടുത്തിയെന്നും അണിയറ സംസാരമുണ്ട്. അതിൽ നിന്ന് ലീഗ് നേതാക്കളെ രക്ഷിക്കാനായിരുന്നു റെയ്ഡ് എന്നായിരുന്നു വാദം. റെയ്ഡിലൂടെ സൂജര് ബ്ലാക്ക് മെയിലിന് ഉപയോഗിച്ച രേഖകൾ എല്ലാം കണ്ടത്തിയത്രേ. ഇവ ചെന്നിത്തലയുടെ കൈയിലുമെത്തിക്കാണും. ഇപ്പോൾ സൂരജിൽ നിന്ന് ലീഗിലെ ചില നേതാക്കൾ രക്ഷപ്പെട്ടു. അതിന് ഭാവിയിൽ സഹായം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഐ ഗ്രൂപ്പ്. ഉമ്മൻ ചാണ്ടിയെ കൈവിട്ട് രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കാൻ ലീഗ് നേതാക്കൾ തയ്യാറാകണമെന്നതാണ് മനസ്സിലിരിപ്പ്. സൂരജിന്റെ വീട്ടിലെ റെയ്ഡിലൂടെ ഇത് സാധിച്ചുവെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്. അങ്ങനെ രാഷ്ട്രീയ കരുനീക്കങ്ങളിൽ ഇമേജ് വർദ്ധനയ്‌ക്കൊപ്പം എതിരാളികളെ വെട്ടിവീഴ്‌ത്താനും ചെന്നിത്തലയ്ക്ക് കഴിഞ്ഞെന്നാണ് നിരീക്ഷണം.

പക്ഷേ ഉമ്മൻ ചാണ്ടി തന്ത്രശാലിയാണ്. സാക്ഷാൽ കരുണാകരനെ വെട്ടി ആന്റണിയെ മുഖ്യമന്ത്രി പദത്തിലെത്തിച്ച് കേരളത്തിലെ കോൺഗ്രസിൽ ഒന്നാമനായി. പിന്നീട് ആന്റണിയേയും വെട്ടി അധികാരം സ്വന്തം കൈയിലെത്തിച്ചു. രമേശ് ചെന്നിത്തലയുടേയും കെഎം മാണിയുടേയും അതിസമർത്ഥ നീക്കങ്ങളെ പോലും വെട്ടി മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നു. അതുകൊണ്ട് തന്നെ രമേശ് ചെന്നിത്തലയുടെ മുഖ്യമന്ത്രി പദമോഹത്തെ മലർത്തിയടിക്കാനുള്ള അമ്പുകൾ ഉമ്മൻ ചാണ്ടിയുടെ ആവനാഴിയിൽ ഇനിയും ഉണ്ടെന്നാണ് എ ഗ്രൂപ്പ് പറയുന്നത്. അത്തരം നീക്കങ്ങളിലൂടെ കേരള രാഷ്ട്രീയത്തിന്റെ അമരത്ത് ഉമ്മൻ ചാണ്ടി ഇനിയും തുടരുമെന്നാണ് അവരുടെ പക്ഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP