Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീടിനുള്ളിൽ അകപ്പെട്ടുപോയ രോഗിയായ യുവാവിനെ രക്ഷിക്കാൻ വള്ളത്തിൽ നിന്നിറങ്ങി; രോഗിയെ ഇരുകൈകളിലുമെടുത്ത് തലയ്ക്കു മുകളിൽ പൊക്കിപ്പിടിച്ചു; ഒഴുകിവന്ന കവുങ്ങുതടി വയറിൽ ശക്തിയായിടിച്ചുണ്ടായത് വലിയ മുറിവ്; എന്നിട്ടും രോഗിയെ കൈവിടാതെ വള്ളത്തിലെത്തിച്ച മനോധൈര്യം; ഉദരഭാഗത്തെ 42 സ്റ്റിച്ചുകളും പഴുത്തപ്പോൾ എത്തിയത് അണുബാധ; താങ്ങും തണലുമാകുമെന്ന് പിണറായി ഫോണിൽ പറഞ്ഞതും വിശ്വസിച്ചു; രണ്ടാം പ്രളയ കാലത്ത് ജീവിക്കുന്ന രക്തസാക്ഷിയായി രത്നകുമാർ: 'ഇത് ഒപ്പമില്ലാത്ത സർക്കാർ'

വീടിനുള്ളിൽ അകപ്പെട്ടുപോയ രോഗിയായ യുവാവിനെ രക്ഷിക്കാൻ വള്ളത്തിൽ നിന്നിറങ്ങി; രോഗിയെ ഇരുകൈകളിലുമെടുത്ത് തലയ്ക്കു മുകളിൽ പൊക്കിപ്പിടിച്ചു; ഒഴുകിവന്ന കവുങ്ങുതടി വയറിൽ ശക്തിയായിടിച്ചുണ്ടായത് വലിയ മുറിവ്; എന്നിട്ടും രോഗിയെ കൈവിടാതെ വള്ളത്തിലെത്തിച്ച മനോധൈര്യം; ഉദരഭാഗത്തെ 42 സ്റ്റിച്ചുകളും പഴുത്തപ്പോൾ എത്തിയത് അണുബാധ; താങ്ങും തണലുമാകുമെന്ന് പിണറായി ഫോണിൽ പറഞ്ഞതും വിശ്വസിച്ചു; രണ്ടാം പ്രളയ കാലത്ത് ജീവിക്കുന്ന രക്തസാക്ഷിയായി രത്നകുമാർ: 'ഇത് ഒപ്പമില്ലാത്ത സർക്കാർ'

എം മനോജ് കുമാർ

തിരുവനന്തപുരം: കഴിഞ്ഞ മഹാപ്രളയത്തിന് ശേഷം സർക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് ഒഴുകി വന്നത് കോടികളാണ്. കേരളത്തെ പുനർനിർമ്മിക്കാനും പ്രളയം കാരണം ജീവിതം നഷ്ടമായവർക്ക് പുനർജീവിതം നൽകാനും ഈ തുക വിനിയോഗിക്കും എന്നാണ് സർക്കാർ പ്രഖ്യാപിച്ചത്. ഇങ്ങിനെ ഒഴുകി വന്ന തുകകൾ ഒന്നും പ്രളയബാധിതർക്ക് ആശ്വാസമായില്ല. ഒന്നുകിൽ തുകകൾ അനർഹർക്ക് ലഭിക്കുകയോ അല്ലെങ്കിൽ സർക്കാർ ഖജനാവിൽ തന്നെ കെട്ടിക്കിടക്കുകയോ ചെയ്യുന്നു. ഇതിനെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾ കേരളത്തിൽ ശക്തിയാർജ്ജിക്കുമ്പോഴാണ് പ്രളയബാധിതർക്ക് സർക്കാർ സഹായം ലഭ്യമായില്ലെന്നും പലരെയും സർക്കാർ തിരിഞ്ഞു നോക്കിയില്ലെന്നും വ്യക്തമാകുന്നത്.

ആറാട്ടുപുഴയിലെ സ്വന്തം വീട്ടിൽ നിന്ന് ചെങ്ങന്നൂരിലെ പ്രളയബാധിത പ്രദേശത്തേക്ക് കുതിച്ച മത്സ്യബന്ധനത്തൊഴിലാളിയായ രത്‌നകുമാറിന്റെ ജീവിതം ഇതിനൊരു ജീവിക്കുന്ന ഉദാഹരണമാണ്. രക്ഷാപ്രവർത്തനത്തിന്നിടയിൽ തോണി കവുങ്ങിൽ ഇടിച്ച് കവുങ്ങ് മുറിഞ്ഞു തായ്ത്തടി വയറിൽ കുത്തിക്കയറി ഗുരുതര പരുക്കേറ്റ രത്‌നകുമാർ ഇന്നും ശയ്യാവലംബിയാണ്. സർക്കാർ ധനസഹായം ലഭ്യമായില്ല എന്ന് മാത്രമല്ല ഭാര്യയ്ക്ക് ഒരു ജോലി നൽകുന്ന കാര്യം പരിഗണിക്കും എന്ന സർക്കാർ വാഗ്ദാനവും നടപ്പിലായതുമില്ല..

പരുക്കിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് 42 സ്റ്റിച്ചുകളാണ് ഈ അപകടത്തിൽ രത്‌നകുമാറിന്റെ ഉദരഭാഗത്ത് മാത്രമായി വേണ്ടി വന്നത്. കാലിനു പറ്റിയ പരുക്കുകൾ വേറെയും. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നാണ് രത്‌നകുമാറിന്റെ വയറിൽ സ്റ്റിച്ചുകൾ ഇട്ടത്. 42 സ്റ്റിച്ചുകളും പഴുത്തു. സ്റ്റിച്ചുകൾ പഴുത്തത് കൂടാതെ രക്തത്തിൽ തന്നെ അണുബാധയും വന്നു. അതിനുശേഷം വിദഗ്ദ ചികിത്സയ്ക്ക് കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 56 ദിവസമാണ് അമൃതാ ആശുപത്രിയിൽ കിടന്നത്. ഇതിനിടയിൽ മൂന്നു സർജറിയും കഴിഞ്ഞു.

അമൃതാ ആശുപത്രി അധികൃതർ ഈ ബില്ല് എഴുതി തള്ളിയതുകൊണ്ടുമാത്രമാണ് രത്‌നകുമാറിന് ആശുപത്രിയിൽ നിന്നും പുറത്തിറങ്ങാൻ കഴിഞ്ഞത്. പ്രളയബാധിതർക്കും അതുമായി ബന്ധപ്പെട്ടവർക്കുമുള്ള സർക്കാർ സഹായം കടലാസിലോ എന്ന ചോദ്യം മുഴങ്ങുമ്പോൾ അതിനുള്ള ഉത്തരമാവുകയാണ് രത്‌നകുമാറിന്റെ ഇപ്പോഴത്തെ ജീവിതം. ആറുമാസം തുടർച്ചയായി രത്‌നകുമാർ കിടക്കയിൽ തന്നെ കഴിഞ്ഞു. പക്ഷെ ഇപ്പോഴും മത്സ്യബന്ധനത്തിനു പോകാനുള്ള ആരോഗ്യസ്ഥിതി രത്‌നകുമാറിനില്ല. അതുകൊണ്ട് തന്നെ ജീവിതം പട്ടിണിയിലേക്കും പരിവട്ടത്തിലേക്കും നീങ്ങുകയാണ്.

അമൃത ആശുപത്രിയിൽ ചികിത്സയിൽ തുടരുമ്പോൾ മുഖ്യമന്ത്രി നേരിട്ട് ഫോണിൽ വിളിച്ച് അടിയന്തിര സഹായവും തുടർ സഹായവും ഉറപ്പ് നൽകിയെങ്കിലും രത്‌നകുമാറിന് ഒന്നും ലഭിച്ചില്ല. പ്രളയം കേരളത്തെ നക്കിത്തുടയ്ക്കുമ്പോൾ മാധ്യമവാർത്തകളിൽ രത്‌നകുമാറും പരുക്കും നിറഞ്ഞു നിൽക്കുകയായിരുന്നു. ഈ വാർത്ത ശ്രദ്ധിച്ചും കാര്യങ്ങൾ അറിഞ്ഞുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോൺ സന്ദേശം രത്‌നകുമാറിന്റെ അടുത്തെത്തിയത്. മുഖ്യമന്ത്രി നേരിട്ടാണ് ഫോണിൽ സംസാരിച്ചത്. രത്‌നകുമാർ തന്റെ സഹോദരൻ ആണെന്നാണു മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ആറാട്ടുപുഴയിൽ നിന്നും ചെങ്ങന്നൂരിൽ തോണി എത്തിച്ച് നടത്തിയ രക്ഷാ പ്രവർത്തനത്തെ വാഴ്‌ത്തി സംസാരിച്ച മുഖ്യമന്ത്രി രത്‌നകുമാറിന്റെ ചികിത്സ ഏറ്റെടുക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്നാണ് രത്‌നകുമാറിനോട് പറഞ്ഞത്.

മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ച് രണ്ടു അപേക്ഷകൾ രത്‌നകുമാർ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയിരുന്നു. ഭാര്യയ്ക്ക് എന്തെങ്കിലും ജോലി ആവശ്യം ഉന്നയിച്ചാണ് ഈ രണ്ടു അപേക്ഷകളും നൽകിയത്. ഒന്ന് ജില്ലാ കലക്ടർ വഴി കൈമാറിയപ്പോൾ മറ്റൊന്ന് മുഖ്യമന്ത്രി പിണറായി വിജയന് രജിസ്‌ട്രേഡ് പോസ്റ്റിലും അയച്ചു. എന്നാൽ രണ്ടു അപേക്ഷയിലും ഒരു തീരുമാനവും വന്നില്ല. ഇതോടെയാണ് എല്ലാം വെറുതെയാണ് എന്ന ബോധ്യം രത്‌നകുമാറിനും വരുന്നത്. 

പ്രളയസമയത്തെ രക്ഷാപ്രവർത്തനത്തിന്നിടയിൽ ഏറ്റ പരുക്ക് സർക്കാർ ഗൗരവമായി കാണുന്നു. എല്ലാ സഹായവും സർക്കാരിൽ നിന്നും ലഭിക്കും. ഒരു പേടിയും ആവശ്യമില്ല. സർക്കാർ ഒപ്പമുണ്ട്. സർക്കാരിന്റെ വാക്കുകൾ മാത്രമാണ് സഹായം ഒപ്പമില്ലാ എന്നാണ് പിന്നീട് രത്‌നകുമാറിനും ബന്ധുക്കൾക്കും മനസിലാക്കാൻ കഴിഞ്ഞത്. മുഖ്യമന്ത്രിയുടെ ഈ വാക്കുകൾ എല്ലാം വീൺവാക്കുകൾ ആക്കി ഒരു സഹായവും തേടിയെത്തുകയും ചെയ്തില്ല. മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് മുൻപും ശേഷവും 12500 രൂപ മാത്രമാണ് സർക്കാരിൽ നിന്നും ലഭിച്ചത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പക്ഷെ 50000 രൂപ ലഭിച്ചു. സഹായിക്കും എന്ന വാഗ്ദാനമില്ലാതെയാണ് കേന്ദ്ര സർക്കാരിൽ നിന്നും തുക ലഭിച്ചത്.

പക്ഷെ എല്ലാ സഹായവും സർക്കാർ ചെയ്യും, സഹോദരനാണ്, ചികിത്സാ ചെലവ് ഏറ്റെടുക്കും എന്നൊക്കെ പറഞ്ഞ മുഖ്യമന്ത്രിയിൽ നിന്നും ലഭിച്ചത് 12500 രൂപയും. പ്രളയബാധിതർക്കും രക്ഷാപ്രവർത്തനത്തിന്നിടയിൽ പരുക്കേറ്റവർക്കും സഹായം ലഭ്യമാക്കും എന്ന് പറഞ്ഞ കേരള സർക്കാർ എന്ത് ചെയ്യുന്നു എന്ന് ചോദിച്ചാൽ ഇതൊക്കെ തന്നെയാണ് അതിനുള്ള ഉത്തരമാകുന്നത്.

പ്രളയം വന്നപ്പോൾ വീട്ടിൽ ഇരുപ്പുറച്ചില്ല; പക്ഷെ പിന്നീട് ജീവിതം ദുരന്തമായി

കഴിഞ്ഞ മഹാപ്രളയം കേരളത്തെ നക്കിത്തുടയ്ക്കുമ്പോൾ ആറാട്ടുപുഴയിലെ വീട്ടിൽ നിന്ന് ഇരിപ്പുറപ്പിക്കാൻ കഴിയാതെയാണ് രത്‌നകുമാർ ചെങ്ങന്നൂരിലെ പ്രളയബാധിത പ്രദേശത്തേക്ക് കുതിച്ചത്. അതിന്നിടയിൽ ഏറ്റ പരുക്കാണ് മത്സ്യബന്ധനത്തൊഴിലാളിയായ രത്‌നകുമാറിന്റെ ജീവിതം ഇപ്പോഴും ഇരുട്ടിലാക്കുന്നത്. ആറാട്ടുപുഴയിൽ നിന്ന് എത്തിച്ച തോണിയിൽ സുഹൃത്തുക്കൾക്കൊപ്പം രക്ഷാപ്രവർത്തനത്തിനു ഇറങ്ങവേ തോണിയിടിച്ച് മറിഞ്ഞ കവുങ്ങിന്റെ മുറിഞ്ഞ ഭാഗം വയറിൽ തുളച്ചു കയറിയതിനെ തുടർന്ന് അന്ന് മുതൽ ശയ്യാവലംബിയാണ് രത്‌നകുമാർ. വളരെ ഗുരുതരമായ പരുക്കാണ് രത്‌നകുമാറിന് ഏറ്റത്.

അതിനു ശേഷം ഇന്നു വരെ ജോലിക്ക് പോകാൻ രത്‌നകുമാറിന് കഴിഞ്ഞിട്ടില്ല. മാതാപിതാക്കളെയും സ്വന്തം കുടുംബത്തെയും ജോലിക്ക് പോയി പരിരക്ഷിക്കാൻ കഴിയാതെ രത്‌നകുമാറിന്റെ ജീവിതം ഇപ്പോഴും പ്രതിസന്ധിയിലാണ്. പ്രളയസഹായം എല്ലാവർക്കും എത്തിച്ചു, എത്തിക്കുന്നു എന്നൊക്കെ സർക്കാർ അവകാശവാദം പുറപ്പെടുവിക്കുന്നുണ്ടെങ്കിലും അതൊക്കെ കടലാസിൽ മാത്രമാണെന്നു രത്‌നകുമാറിന്റെ അനുഭവം തെളിയിക്കുന്നു. രത്‌നകുമാറിന് കേരള സർക്കാരിൽ നിന്നും ലഭിച്ചത് വളരെ തുച്ഛമായ സഹായം മാത്രം.

ചെങ്ങന്നൂരിലെ പാണ്ടനാട് മേഖലയിലായിരുന്നു ആറാട്ടുപുഴ കള്ളിക്കാട് മുണ്ടുചിറ വീട്ടിൽ രത്‌നകുമാറിന്റെ രക്ഷാപ്രവർത്തനം. പ്രളയം ചെങ്ങന്നൂരിനെ ഒന്നായി വിഴുങ്ങിയ ഓഗസ്റ്റ് 16ന് വള്ളത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. വീടിനുള്ളിൽ അകപ്പെട്ടുപോയ രോഗിയായ യുവാവിനെ രക്ഷിക്കാനുള്ള പ്രയത്‌നത്തിലായിരുന്നു രത്‌നകുമാർ. വള്ളത്തിൽ നിന്നിറങ്ങി രോഗിയെ ഇരുകൈകളിലുമെടുത്ത് തലയ്ക്കു മുകളിൽ പൊക്കിപ്പിടിച്ചു. ഇതിനിടെ വെള്ളത്തിലൂടെ ഒഴുകിവന്ന കവുങ്ങുതടി വയറിൽ ശക്തിയായിടിച്ചു. വലിയ മുറിവുണ്ടാവുകയായിരുന്നു.

എങ്കിലും രോഗിയെ കൈവിടാതെ രത്‌നകുമാർ വള്ളത്തിലെത്തിച്ചു. വയറിലും കാലിലും ആഴത്തിൽ മുറിവേറ്റ രത്‌നകുമാറിനെ ആദ്യം തിരുവല്ലയിലെ ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിലുമെത്തിച്ചു. വീട്ടിൽ പോയി വിശ്രമിച്ചാൽ മതിയെന്നായിരുന്നു ഡോക്ടർമാരുടെ നിർദ്ദേശം. മുറിവിൽ പഴുപ്പ് ബാധിച്ചതിനെ തുടർന്ന് കെ.സി. വേണുഗോപാൽ എംപിയും മറ്റും ഇടപെട്ടാണ് രത്‌നകുമാറിനെ അമൃതയിലേക്കു മാറ്റിയത്. രത്‌നകുമാർ കിടപ്പിലായതോടെ ഭാര്യയും രണ്ടു പെൺമക്കളും അടങ്ങുന്ന കുടുംബത്തിന്റെ വരുമാനവും നിലച്ചു.

അമൃതാനന്ദമയിയുടെ കത്തിന്റെ ബലത്തിൽ ബിൽ എഴുതി തള്ളിയത് അമൃതാ ആശുപത്രി

അമൃതാ ആശുപത്രിയിൽ ചികിത്സാ ചെലവിനു പോലും കാശില്ലാത്ത അവസ്ഥ. ഈ ഘട്ടത്തിൽ രത്‌നകുമാറിന്റെ സ്ഥിതി അപകടാവസ്ഥയിലേക്ക് മാറുകയും ചെയ്തു. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നും വയറിൽ ഇട്ട സ്റ്റിച്ചുകൾ പഴുത്തു. അതേ സമയം രക്തത്തിൽ അണുബാധയും വന്നു. രത്‌നകുമാറിന് വിദഗ്ദ ചികിത്സ ആവശ്യമാണെന്ന് മനസിലാക്കിയ അമൃത ആശുപത്രി അധികൃതർ വിദഗ്ദ ചികിത്സ തന്നെ രത്‌നകുമാറിന് ലഭ്യമാക്കി. രക്ഷാ പ്രവർത്തനത്തിനു കുതിച്ചെത്തുകയും ഇതിന്നിടയിൽ സംഭവിച്ച ഗുരുതര അപകടമാണിതെന്നും ആശുപത്രി അധികൃതർക്കറിയാമായിരുന്നു. അതുകൊണ്ട് തന്നെ രത്‌നകുമാറിന്റെ കാര്യത്തിൽ അവർ അലംഭാവം കാട്ടിയില്ല. സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും വാക്കുകളിൽ സഹായം നീട്ടിയപ്പോൾ അമൃത ആശുപത്രി അധികൃതർ അത് പ്രവർത്തിപഥത്തിൽ തന്നെ കൊണ്ടുവരുകയായിരുന്നു.

സ്റ്റിച്ചുകൾ പഴുത്തതിനെ തുടർന്ന് അമൃത ആശുപത്രി അധികൃതർ രത്‌നാകരന് വിദഗ്ദ തുടർ ചികിത്സ ലഭ്യമാക്കി. പഴുത്ത ഭാഗം മുഴുവൻ അടർത്തി മാറ്റി അവർ കാലിന്റെ തുടയിൽ നിന്നും മറ്റുമായി മാംസം കട്ട് ചെയ്‌തെടുത്ത് പുതിയ ആവരണമുണ്ടാക്കി. തുടർച്ചയായുള്ള മരുന്നും ഇഞ്ചക്ഷനും വഴി രക്തത്തിലെ ഇൻഫക്ഷൻ മുഴുവൻ ഭേദമാക്കി. ബിൽ അടയ്ക്കാൻ തുകയില്ലാതെ ആശുപത്രിയിൽ തങ്ങുമ്പോൾ രത്‌നകുമാറിന് പരുക്ക് പറ്റിയത് എങ്ങിനെ എന്നറിയാവുന്ന ആശുപത്രി അധികൃതരിൽ ചിലർ തന്നെ രത്‌നകുമാറിനെ ഉപദേശിച്ചു. മാതാ അമൃതാനന്ദമയി ദേവിയുടെ ഒരു കത്ത് വാങ്ങി ആശുപത്രിയിൽ നൽകാൻ. അങ്ങിനെ കത്ത് വാങ്ങി നൽകിയപ്പോൾ ആശുപത്രി അധികൃതർ മുഴുവൻ ബിൽ തുകയും എഴുതി തള്ളി. എന്നിട്ടും സർക്കാർ രത്‌നകുമാറിനെ തിരിഞ്ഞു നോക്കിയില്ല.

എല്ലാം വീൺവാക്കുകൾ, ജീവിതം പ്രതിസന്ധിയിലെന്ന് രത്‌നകുമാർ

ഞാൻ ആറാട്ടുപുഴ സ്വദേശിയാണ്. മത്സ്യബന്ധനമാണ് തൊഴിൽ. പ്രളയം വന്നപ്പോൾ വീട്ടിൽ ഇരിക്കാൻ മനസ് വന്നില്ല. ഞാനും സുഹൃത്തുക്കളും പാണ്ടിനാടെയ്ക്ക് കുതിച്ചു. തോണിയുമുണ്ടായിരുന്നു. പാണ്ടിനാട് കുത്തൊഴുക്കായിരുന്നു. ഒഴുക്കിൽ വള്ളം കവുങ്ങിൽ ഇടിച്ചു. ഇടിയുടെ ശക്തിയിൽ കവുങ്ങ് മറിഞ്ഞു. മറിഞ്ഞ കവുങ്ങിന്റെ തായ്ത്തടി പിളർന്നു. അതിന്റെ മൂർച്ചയേറിയ ഭാഗം എന്റെ വയറിലേക്ക് കുത്തിക്കയറി. ഒഴുക്ക് എത്രമാത്രം ശക്തിയിലാണ്. അത്രമാത്രം ശക്തിയിലാണ് തോണി ഇടിച്ചത്. ഇതിലും ശക്തിയിലാണ് മുറിഞ്ഞ ഭാഗം എന്റെ വയറിലേക്ക് കുത്തിയത്. 42 സ്റ്റിച്ചുകൾ വയറിനു മാത്രം എന്ന് പറയുമ്പോൾ നിങ്ങൾക്ക് അത് ഊഹിക്കാൻ കഴിയും. രക്തത്തിന്റെ പ്രളയമായിരുന്നു തോണിയിൽ. ഒരാളെ രക്ഷിക്കേണ്ട ആവശ്യമുണ്ട്. എന്ത് ചെയ്യും എന്ന് തോണിയിൽ നിന്ന് തന്നെ ചോദ്യം മുഴങ്ങി. ഞാൻ പറഞ്ഞു. നമ്മൾ രക്ഷിക്കാൻ വന്നതല്ലേ... നമ്മുടെ മുന്നിലുള്ള ആളുകളെ രക്ഷിക്കണം. അത് കഴിഞ്ഞു മാത്രം മതി എന്റെ ചികിത്സ. അതുകൊണ്ട് തന്നെ രക്ഷാപ്രവർത്തനം തുടർന്നു. എന്റെ രക്തവും കുത്തിയൊഴുകി പോയിക്കൊണ്ടുമിരുന്നു. തോണിയിൽ യമഹ ഘടിപ്പിച്ചതാണ്. കുത്തോഴുക്കിൽ തോണി നിയന്ത്രിച്ച ആൾക്ക് തോണി മുന്നോട്ടു കൊണ്ട് പോകാൻ കഴിഞ്ഞില്ല. അതുകൊണ്ട് ഈ പരുക്കിലും തോണി ഓടിക്കേണ്ട ദൗത്യവും കൂടി എനിക്ക് ഏറ്റെടുക്കേണ്ടി വന്നു. പരുമല പാലത്തിനടുത്താണ് പിന്നീട് ഈ തോണി ഞാൻ അടുപ്പിച്ചത്.

ആളുകളെ രക്ഷിച്ച ശേഷമാണ് എന്നെ ആശുപത്രിയിൽ കൊണ്ടുപോയത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നുമാണ് സ്റ്റിച്ചുകൾ ഇട്ടത്. പക്ഷെ വിദഗ്ദ ചികിത്സ ലഭ്യമാകേണ്ടതിനാൽ പിന്നെ അമൃതാ ആശുപത്രിയിലേക്ക് മാറ്റി. സ്റ്റിച്ചുകൾ പഴുത്തു. എനിക്ക് ഇൻഫക്ഷൻ വന്നു. രക്തത്തിൽ അണുബാധയായിരുന്നു. സ്റ്റിച്ചുകൾ ഇട്ട ഭാഗം മുഴുവൻ അമൃത ആശുപത്രിയിൽ അടർത്തിമാറ്റി. കാലിന്റെ തുടയിൽ നിന്നും അവർ മാംസം കട്ട് ചെയ്ത് അവിടെ സ്ഥാപിച്ചു. വേദനകളുടെ ദിവസമായിരുന്നു. കാശുമില്ല. ബന്ധുക്കളും സുഹൃത്തുകളുമാണ് സഹായിച്ചത്. അപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോൺ സന്ദേശം എനിക്ക് കിട്ടുന്നത്. ഫോണിൽ മുഖ്യമന്ത്രിയാണ് സംസാരിച്ചത്. എല്ലാ ചികിത്സാ സഹായവും സർക്കാർ ലഭ്യമാക്കും. ഒന്നും കൊണ്ടും പേടിക്കേണ്ട. എന്റെ സഹോദരനാണ്. സർക്കാർ ഒപ്പമുണ്ട്. ഇതാണ് മുഖ്യമന്ത്രി പറഞ്ഞത്. പക്ഷെ ഇതെല്ലാം വെറും വാക്കുകൾ മാത്രമാണ്. എനിക്ക് ഒരു സഹായവും ലഭിച്ചില്ല.

അമൃത ആശുപത്രി അധികൃതർ ബിൽ എഴുതി തള്ളാൻ ആവശ്യപ്പെട്ടത് അമ്മയുടെ കത്ത് മാത്രമാണ്. അങ്ങിനെയാണ് മാതാ അമൃതാനന്ദമയി ദേവിയുടെ കത്ത്ആശുപത്രി അധികൃതർക്ക് ഞങ്ങൾ നൽകുന്നത്. അതുകൊണ്ട് ബിൽ അവർ എഴുതി തള്ളി. സർക്കാർ നൽകേണ്ട സഹായമാണ് അമൃതാ ആശുപത്രി അധികൃതർ നൽകിയത്. സർക്കാർ തിരിഞ്ഞു നോക്കിയില്ല എന്നത് ഇപ്പോഴും എന്നെ ഞെട്ടിക്കുന്നു. എനിക്ക് ഇപ്പോഴും ജോലിക്ക് പോകാൻ കഴിയില്ല. വീട് പട്ടിണിയായ അവസ്ഥയാണ്. കടലിൽ പോകേണ്ട ഞാൻ ഒന്നും ചെയ്യാൻ കഴിയാതെ വീട്ടിൽ നിൽക്കുന്നു. എന്റെ ഭാര്യയ്ക്ക് ജോലി നൽകാം എന്ന് അന്ന് സർക്കാർ തലത്തിൽ തന്നെ വാഗ്ദാനം വന്നിരുന്നു. പക്ഷെ ഒന്നും നടപ്പിലായില്ല. രത്‌നകുമാറിന്റെ ജീവിതം ഇരുളിൽ തുടരുകയും ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP