Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്വയംഭൂവായ മാസാനിയമ്മ; പിന്നെ കടമറ്റത്ത് കത്തനാരും മറുതയും പേച്ചിയമ്മയും ലാഡക്കെട്ടയും കരിങ്കുറ്റിയാനും കാലഭൈരവനും; എണ്ണപ്പന്തം ഉപയോഗിച്ചു സ്ത്രീകളുടെ സ്വകാര്യഭാഗങ്ങൾ പൊള്ളിച്ച് ആഭിചാരക്രിയ; കാന്താരി മുളക് അഭിഷേകവും മദ്യവും ചൂരൽ പ്രയോഗവും ബാധ നീക്കലിന്; കിടങ്ങൂരിലെ തോമസ് ദിവ്യന്റെ തട്ടിപ്പുകൾ ഇങ്ങനെ; മറുനാടൻ ലേഖകൻ കണ്ടതും കേട്ടതും

സ്വയംഭൂവായ മാസാനിയമ്മ; പിന്നെ കടമറ്റത്ത് കത്തനാരും മറുതയും പേച്ചിയമ്മയും ലാഡക്കെട്ടയും കരിങ്കുറ്റിയാനും കാലഭൈരവനും; എണ്ണപ്പന്തം ഉപയോഗിച്ചു സ്ത്രീകളുടെ സ്വകാര്യഭാഗങ്ങൾ പൊള്ളിച്ച് ആഭിചാരക്രിയ; കാന്താരി മുളക് അഭിഷേകവും മദ്യവും ചൂരൽ പ്രയോഗവും ബാധ നീക്കലിന്; കിടങ്ങൂരിലെ തോമസ് ദിവ്യന്റെ തട്ടിപ്പുകൾ ഇങ്ങനെ; മറുനാടൻ ലേഖകൻ കണ്ടതും കേട്ടതും

അർജുൻ സി വനജ്

ഏറ്റുമാനൂർ: ജ്യോതിഷാലയത്തിന്റെ മറവിൽ വീടിനോടു ചേർന്ന് അമ്പലം നിർമ്മിച്ച് വിശ്വാസികളെ പിഴിയുന്ന തോമസിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. തോമസിന്റെ വീടിന്റെ അടുക്കളയോടു ചേർന്ന് തമിഴ്‌നാട്ടിലെ ദേവിയായ മാസാനിയമ്മ സ്വയംഭൂവായെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. കടമറ്റത്ത് കത്തനാരെയും, തങ്ങളെയും രണ്ട് ഡസനിലധികം ഹിന്ദു ഉപദേവതകളേയും ഇയാളുടെ വീടിനോട് ചേർന്ന അമ്പലത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. എന്നാൽ, തോമസിന്റെ വീട്ടിൽ രാത്രി സമയങ്ങളിൽ ആഭിചാരകർമ്മങ്ങൾ നടത്താറുണ്ടെന്നും, കഴിഞ്ഞ ആഴ്ച നഗ്‌നനാരീശ്വര പൂജ ഇവിടെ നടത്തിയതായും അയൽവീട്ടുകാർ മറുനാടൻ മലയാളിയോട് വെളിപ്പെടുത്തി.

മറുനാടൻ മലയാളി ലേഖകന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഏറ്റുമാനൂരിൽ നിന്ന് ഏഴ് കിലോമീറ്റർ മാറി കിടങ്ങൂരിലുള്ള തോമസ് എന്ന ജ്യോത്സ്യനെക്കുറിച്ച് അന്വേഷിക്കാൻ എത്തുന്നത്. കിടങ്ങൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് അടുത്ത് കുമ്മട്ടിക്കട നടത്തുന്ന പ്രായം ചെന്ന മനുഷ്യനെ തന്ത്രപൂർവ്വം പരിചയപ്പെട്ടു. മാസാനിയമ്മൻ കോവിലിന്റെ ബോർഡിനെക്കുറിച്ച് പറഞ്ഞായിരുന്നു തുടക്കം. പിന്നീടാണ് അറിഞ്ഞത് തോമസിന്റെ അയൽവാസിയും ബന്ധുവുംകൂടിയാണിയാൾ എന്ന്. വെറും തട്ടിപ്പും ആഭിചാരവും മാത്രമാണ് അവിടെ നടക്കുന്നതെന്ന് അയാൾ ഒരു മടിയും കൂടാതെ തുറന്നു പറഞ്ഞു.

കഴിഞ്ഞ ആഴ്ച രാമപുരത്ത് നിന്ന് ഒരു സ്ത്രീയും പുരുഷനും സ്ത്രീയുടെ മാതാവും കൂടി സ്ഥലം വിൽപ്പനയ്ക്കുള്ള തടസ്സം നീങ്ങാനുള്ള പരിഹാരം തേടി തോമസിന്റെ അടുത്തെത്തി. സ്ത്രീയ്ക്ക് ബാധ കയറിയതിനാൽ ആണ് സ്ഥലവിൽപ്പന നടക്കാത്തതെന്നും, ബാധ ഒഴിപ്പിക്കാൻ അവരെ ഒറ്റയ്ക്ക് ചില കർമ്മങ്ങൾ ചെയ്യണമെന്നും തോമസ് ആവശ്യപ്പെട്ടു. തുടർന്ന് സ്ത്രീയെ പൂജാമുറിയിലേക്ക് കയറ്റുന്നതിന് മുമ്പ് ഇളനീർ നൽകി. വൈകുന്നേരം ആറരയോടെ പൂജ മുറിക്കുള്ളിൽ പ്രവേശിപ്പിച്ച സ്ത്രീയെ രാത്രി പത്തരയോടെ ഭർത്താവ് പുറത്ത് ബഹളം വെച്ചതോടെയാണ് ഇറക്കിവിടുന്നത്. പുറത്തിറങ്ങിയ സ്ത്രി, കരഞ്ഞ് നിലവിളിച്ച നിലയിലായിരുന്നു. ബാധ ഒഴിപ്പിക്കലിന്റെ ഭാഗമായി സ്ത്രീയുടെ സ്വകാര്യഭാഗത്ത് എണ്ണപ്പന്തം ഉപയോഗിച്ച് പൊള്ളിച്ചതായും പുറത്തിറങ്ങിയ സ്ത്രീ ഭർത്താവിനേട് പരാതിപ്പെട്ടു.

തോമസിന്റെ വീട്ടിൽ നിന്ന് സുബ്രഹ്മണ്യംസ്വാമി ക്ഷേത്രത്തിന്റെ തെക്കേ നടക്കൽ എത്തിയ ഇവർ അവിടെയുണ്ടായിരുന്ന രണ്ടുയുവാക്കളോട് കാര്യം തുറന്നുപറഞ്ഞു. പൊലീസ് സ്റ്റേഷനിലേക്ക് പരാതി കൊടുക്കാൻ കൊണ്ടുപോകാം എന്ന് യുവാക്കൾ നിർബന്ധിച്ചതിനെത്തുടർന്ന്, ഞങ്ങൾ തനിയെ പൊലീസ് സ്റ്റേഷനിലേക്ക് പോയിക്കൊള്ളാം എന്ന ഉറപ്പിന്മേൽ അവർ പോയി. എന്നാൽ രാവിലെയാണ് അറിയുന്നത്, ഇവർ സ്റ്റേഷനിൽ എത്തിയില്ലെന്ന്; കുമ്മട്ടിക്കട നടത്തുന്ന ബന്ധു പറഞ്ഞു.

ഇയാളിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രദേശത്തെ ഒരു പ്രവർത്തകന്റെ സഹായത്തോടെ, തോമസിന്റെ അയൽക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ പോയി. തോമസിനെക്കുറിച്ച് കാര്യങ്ങൾ തിരക്കിയപ്പോൾ തുറന്നുപറയാൻ വീടുകളിലെ സ്ത്രീകൾക്ക് പേടി. ഏറെ നേരത്തെ സമ്മർദ്ദത്തിന് ഒടുവിൽ ആ വീട്ടമ്മ കാര്യങ്ങൾ തുറന്നു പറഞ്ഞു തുടങ്ങി. പുലർച്ചെ അഞ്ചരയോടെ വലിയ സൗണ്ട് ബോക്സിൽ, തോമസ് അയാളുടെ വീടിന്റെ അടുക്കളയോട് ചേർന്ന് നിർമ്മിച്ച അമ്പലത്തിൽ നിന്ന് ഭക്തിഗാനം വെയ്ക്കും. തമിഴിലുള്ള മാസാനിയമ്മയുടെ സ്തുതിഗീതങ്ങളാണ് അധികവും വെക്കാറ്. ഇത് ഏഴുമണിവരെ തുടരും. പിന്നെ സന്ധ്യാസമയവും ഇത് ആവർത്തിക്കും.

തോമസ് എട്ടുവർഷങ്ങൾക്ക് മുമ്പാണ് കൊട്ടാരം ക്ഷേത്രത്തിന് സമീപം 28.5 സെന്റ് സ്ഥലം വാങ്ങുന്നത്. പിന്നാലെ ജ്യോതിഷാലയവും തുടങ്ങി. എന്നാൽ മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് വീടിനോട് ചേർന്ന് അമ്പലം നിർമ്മാണം ആരംഭിച്ചത്. എന്നാൽ മൂന്നോ നാലോ വീട്ടുകാരുടെ സഹകരണം മാത്രമേ, അന്നും ഇന്നും ഇയാൾക്ക് ലഭിക്കുന്നുള്ളൂവെന്നാണ് അയൽവാസികൾ പറയുന്നത്. അവരിലൊരാൾ ക്ഷേത്രത്തിലേക്ക് എത്തിയവരെ ടൗണിൽ മടക്കികൊണ്ടുവിടുന്ന ഓട്ടോറിക്ഷ ഡ്രൈവറാണ്. ഇയാളെപ്പോലെ മൂന്ന് ഓട്ടോറിക്ഷ ഡ്രൈവർമാർ തോമസിന്റെ കസ്റ്റഡിയിലുണ്ട്. ഓട്ടോ കൂലിക്ക് പുറമേ, 1500 രൂപ ഇവർക്ക് ശമ്പളമായും തോമസ് നൽകുന്നുണ്ടെന്നാണ് അയൽവാസികളുടെ ഭാഷ്യം.

അയാൾ കൂടോത്രവും ആഭിചാര കർമ്മങ്ങളും അവിടെ ചെയ്യുന്നുണ്ടെന്നും, രാത്രി കുറേ ആളുകൾ സ്ത്രീകളുമായി അവിടെ വന്ന് പോകാറുണ്ടെന്നും അയൽവാസികൾ വെളിപ്പെടുത്തി. രാത്രി രണ്ടരയ്ക്കും മൂന്ന് മണിക്കും വരെ ചില ദിവസങ്ങളിൽ അവിടെ നിന്ന് കുരുതി നടത്തുന്നതിന്റെ ശബ്ദം കേൾക്കാം. കാന്താരി മുളക് അഭിഷേകവും മദ്യ അഭിഷേകവും അവിടെ നടക്കാറുണ്ട്. ബാധ ഒഴിപ്പിക്കലിന്റെ പേര് പറഞ്ഞ് ചൂരൽ പ്രയോഗം വിശ്വാസികൾക്ക് മേൽ നടത്താറുണ്ട്. മുമ്പ് തോമസിന്റെ അടുത്ത് ജോലിക്ക് നിന്ന സ്ത്രീയിൽ നിന്നറിഞ്ഞ വിവരങ്ങൾ മറ്റൊരു വീട്ടമ്മ പങ്കുവെച്ചു.

മറുത, പേച്ചിയമ്മ, ലാഡക്കെട്ട, കരിങ്കുറ്റിയാൻ, കാലഭൈരവൻ തുടങ്ങിയ ആഭിചാരത്തിന് ഉപയോഗിക്കുന്ന ദുർമൂർത്തികളേയും ഇയാൾ ഉപദേവതകളായി പ്രതിഷ്ഠിച്ചിട്ടുണ്ട്. മറുതയ്ക്കും ദുർഗാദേവിക്കും ഇടയിലാണ് ഇയാൾ കടമറ്റത്ത് കത്തനാർക്കും തങ്ങൾമാർക്കും സ്ഥാനം നൽകിയിരിക്കുന്നത്. എന്നാൽ ഇതിനോട് ചേർന്ന് തന്നെ ചോറ്റാനിക്കര ദേവിയുടേയും അയ്യപ്പന്റേയും പ്രതിഷ്ഠ നടത്തിയിട്ടുണ്ട്. പറയങ്കാവ് അമ്മ, കൊടുങ്ങല്ലൂരമ്മ, കാളിയാർ അമ്മ എന്നിങ്ങനെ ഒരു ഡസനിലധികം ദേവി ദേവന്മാരുടെ പ്രതിഷ്ഠകളും ഇവിടെയുണ്ട്.

ആഭിചാരത്തിന് ഉപയോഗിക്കുന്ന ദുർമൂർത്തികളുടെ സമീപം എങ്ങനെയാണ് ദേവീദേവന്മാരുടെ പ്രതിഷ്ഠകൾ സ്ഥാപിക്കുക എന്നാണ് ജ്യോതിഷികൾ വിഷയത്തെക്കുറിച്ച് ആരാഞ്ഞപ്പോൾ ചോദിച്ചത്. ഭദ്രകാളി സങ്കൽപ്പത്തിൽ തമിഴ്‌നാടിൽ പൂജിക്കുന്ന ദേവിയാണ് മാസാനിയമ്മൻ. ശുഭകാര്യങ്ങൾക്കും വേണമെങ്കിൽ ഉപസനാ മൂർത്തിയാക്കി,അശുഭ കാര്യങ്ങൾക്കും ഈ മൂർ്ത്തിയെ ഉപയോഗിക്കാം എന്നാണ് ഈ രംഗത്തെ പ്രഗൽഭരിൽ നിന്ന് അറിയാൻ കഴിയുന്നത്.

ഏപ്രിൽ 14 മുതൽ 23 വരെ ഇയാൾ അമ്പലത്തിൽ ഉൽസവം നടത്തി. തിരിച്ചന്നൂർ വള്ളിയാനി ദേവയാനി സുബ്രഹ്മണ്യൻ മാസാനിയമ്മന് കോവിൽ എന്നാണ് അമ്പലത്തിന് ഇയാൾ നൽകിയിരിക്കുന്ന പേര്. സിനിമ ബാലതാരം മീനാക്ഷി, സിനിമാതാരം മമിത ബൈജു, സംവിധായകയും നിർമ്മാതാവുമായ പ്രിയ ഷൈൻ എന്നിവാരാണ് ഉത്സവത്തിന്റെ ഭാഗമായുള്ള പൊതുപരിപാടിയിൽ വിശിഷ്ടാതിഥികളായെത്തിയത്. എന്നാൽ കൊട്ടാരം ക്ഷേത്രത്തിലെ പരിപാടിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തോമസിന്റെ കോവിലിൽ എത്തിച്ചതെന്ന് ബാലതാരം മീനാക്ഷിയുടെ പിതാവ് പറഞ്ഞു. ഉത്സവദിവസങ്ങളിൽ എല്ലാ ദിവസവും രാത്രി കുരുതി നടന്നുവെന്നാണ് നാട്ടുകാരിൽ നിന്ന് ലഭിക്കുന്ന വിവരം.

ഉത്സവത്തോട് അനുബന്ധിച്ച് നടന്ന പൊങ്കാല സമർപ്പണത്തിൽ അറുപത് ആളുകൾ പങ്കെടുത്തുവെങ്കിലും നാല് പേർ മാത്രമാണ് കിടങ്ങൂർ ദേശത്ത് നിന്ന് പങ്കെടുത്തത്. പങ്കെടുത്തവർക്ക് 1500 രൂപ നൽകിയെന്നും അയൽവാസികൾ പറയുന്നു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി പൊലീസുകാർ വന്നു പോയതോടെ പുറത്തുനിന്നുള്ള ആളുകളുടെ വരവ് കുറഞ്ഞിട്ടുണ്ടെന്നും പരിസരവാസികൾ പറയുന്നു.

തുടരും...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP