Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഖിലയെ ആദ്യം മതംമാറ്റി ആസിയയെന്ന പേരിട്ടത് ഫസൽ മുസ്തഫയെന്ന ദമ്മാജ് സലഫിസ്റ്റും ഭാര്യയും ചേർന്ന്: ധനാഢ്യനും നിരവധി ഫ്‌ളാറ്റുകളുടെ ഉടമയുമായ ഫസൽ ആടുമേക്കാനും നാടുവിടാനും അഖിലയിൽ പ്രേരണ ചെലുത്തിയെന്ന് കണ്ടെത്തൽ; പൊലീസിന് വിമർശനം നേരിട്ടത് ഇവരുടെ പങ്ക് അന്വേഷണത്തിൽ ഒഴിവാക്കിയതോടെ; ഐഎസിൽ ചേർന്നവർക്കൊപ്പം ശ്രീലങ്കയിൽ ചെന്ന് താമസിച്ച ഫസലിന്റെ പിന്നാമ്പുറം ഇങ്ങനെ

അഖിലയെ ആദ്യം മതംമാറ്റി ആസിയയെന്ന പേരിട്ടത് ഫസൽ മുസ്തഫയെന്ന ദമ്മാജ് സലഫിസ്റ്റും ഭാര്യയും ചേർന്ന്: ധനാഢ്യനും നിരവധി ഫ്‌ളാറ്റുകളുടെ ഉടമയുമായ ഫസൽ ആടുമേക്കാനും നാടുവിടാനും അഖിലയിൽ പ്രേരണ ചെലുത്തിയെന്ന് കണ്ടെത്തൽ; പൊലീസിന് വിമർശനം നേരിട്ടത് ഇവരുടെ പങ്ക് അന്വേഷണത്തിൽ ഒഴിവാക്കിയതോടെ; ഐഎസിൽ ചേർന്നവർക്കൊപ്പം ശ്രീലങ്കയിൽ ചെന്ന് താമസിച്ച ഫസലിന്റെ പിന്നാമ്പുറം ഇങ്ങനെ

എം പി റാഫി

മലപ്പുറം: 2015, സെപ്റ്റംബറിൽ എറണാകുളത്ത് വെച്ച് അഖിലയെ 'കലിമ' ചൊല്ലിക്കൊടുത്ത് മതം മാറ്റിയ, കോടതി വിധിയിൽ പല തവണ പരാമർശിച്ച ഫസൽ മുസ്തഫ കേരളത്തിലെ ദമ്മാജ് സലഫിസ്റ്റുകളിൽ പ്രധാനി. വിദേശത്തേക്ക് കടന്ന് ആടിനെ മെയ്‌ച്ച് ജീവിക്കുകയെന്ന ആശയം മതംമാറി ഹാദിയ എന്ന പേര് സ്വീകരിച്ച അഖിലയ്ക്ക് കിട്ടിയതും ഫസൽ മുസ്തഫയിൽ നിന്നായിരുന്നു.

എന്നാൽ, ഹാദിയ കേസിൽ ഫസൽ മുസ്തഫയ്ക്കും ഭാര്യ ഷെറിൻ ഷഹാനക്കുമുള്ള പങ്ക് വ്യക്തമാക്കുകയോ അന്വേഷിക്കുകയോ ചെയ്തില്ലെന്നത് ഏറെ ദുരൂഹത വർധിപ്പിക്കുന്നു.

ഇവരെ കുറിച്ച് പൊലീസിന്റെ കേസ് ഡയറിയിൽ പറയുന്നുണ്ടെങ്കിലും വ്യക്തമായി അന്വേഷിക്കുകയോ ഫോൺ ഡീറ്റൈൽസ് പരിശോധിക്കുകയോ ചെയ്തില്ലെന്ന് കോടതി തന്നെ നിരീക്ഷിക്കുന്നു. മാത്രമല്ല, ഫസൽ മുസ്തഫയെ കുറിച്ച് ഹാദിയയും കേസിൽ ഇടപെട്ട സൈനബ ടീച്ചറും അടക്കമുള്ളവർ വിവരങ്ങൾ മറച്ചുവെച്ചുവെന്നും കോടതി വിധിയിൽ വ്യക്തമാക്കുന്നുണ്ട്.

അഖില ഹാദിയ കേസിൽ ഏറെ നിർണായകവും ദുരൂഹത നിറഞ്ഞതുമായ പേരാണ് ഫസൽ മുസ്തഫ. അഖിലയെ ആദ്യമായി മതം മാറ്റുന്നത് ഫസൽ മുസ്തഫയും ഭാര്യയും ചേർന്നായിരുന്നു. 2015 സെപ്റ്റംബറിൽ നടന്ന ഈ മതം മാറ്റത്തിനു ശേഷമാണ് അഖില ആസിയ എന്ന പേര് സ്വീകരിച്ചതെന്ന് ഹൈക്കോടതി വിധിയുടെ 56ാം പേജിൽ പറയുന്നുണ്ട്.

എന്നാൽ 2016ൽ സത്യസരണിയിൽ എത്തിയത് മുതലുള്ള കാര്യങ്ങൾ മാത്രമാണ് ഇതുവരെ ചർച്ച ചെയ്യപ്പെട്ടത്. സത്യസരണിയിൽ വച്ച് മതപരിവർത്തനം നടത്തിയാണ് അഖില ഹാദിയ എന്ന പേര് സ്വീകരിച്ചത്.

2016 ജനുവരി ആറിനായിരുന്നു ഹാദിയയുടെ പിതാവ് അശോകൻ മകളെ കാണാനില്ലെന്ന് കാണിച്ച് ആദ്യം പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകിയത്. ആഗസ്റ്റിൽ അശോകൻ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാൻ ഇതിന്റെയെല്ലാം മുമ്പ് 2015ൽ തന്നെ അഖില ഇസ്ലാം മതത്തിലേക്ക് മാറി ആസിയ എന്ന പേര് സ്വീകരിച്ചതായി കോടതി വിധിയിൽ പറയുന്ന കാര്യം കേസിന്റെ പ്രധാന ഭാഗമാണ്.

കണ്ണൂർ തലശ്ശേരി സ്വദേശിയാണ് കോടതി വിധിയിൽ പറയുന്ന 24 കാരനായ ഫസൽ മുസ്തഫ. ദമ്മാജ് സലഫിസ്റ്റായി ജീവിതം നയിക്കുന്ന ഫസൽ മുസ്തഫ ചെറുപ്രായത്തിൽ തന്നെ നിരവധി വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. സമ്പന്നനായ ഫസലിന് എറണാകുളം അടക്കമുള്ള നഗരത്തിൽ ഫ്‌ളാറ്റുകളുണ്ട്.

 

കേരളത്തിൽ നിന്ന് ഐ എസിൽ ചേർന്നവരിൽ ചിലരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. കാസർകോട് നിന്നും ഐഎസിൽ ചേർന്ന അബ്ദുൽ റാഷിദ് അബ്ദുള്ളയോടൊപ്പം ശ്രീലങ്കയിലെ ദാറുൽ ഹദീസിൽ ഫസലും ഉണ്ടായിരുന്നു. മാത്രമല്ല, ഇസ്ലാമിക്ക് സ്റ്റേറ്റിലേക്ക് പലായനം ചെയ്ത മലയാളികളെ നേരിട്ട് അറിയാവുന്ന ആളുകൂടിയാണ് ഫസൽ മുസ്തഫ.

ഫസലിന്റെ വീട്ടുകാരും രക്ഷിതാക്കളും മലേഷ്യയിൽ താമസക്കാരാണ്. വിദേശ യാത്രകളും ദുരൂഹത നിറഞ്ഞ ജീവിതവും കാരണം കണ്ണൂരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഫസൽ മുസ്തഫയെ പല തവണ ചോദ്യം ചെയ്തിട്ടുണ്ട്. തലശേരി അറബി കോളേജിൽ പഠിച്ച ഷെറിൻ ഷഹാനയാണ് ഫസലിന്റെ ഭാര്യ. ഇരുവർക്കും ഹാദിയ കേസിലുള്ള ബന്ധമാണ് കോടതി വിധിയിൽ രണ്ട് പേരെ കുറിച്ചും പറയാൻ ഇടയാക്കിയിട്ടുള്ളത്.

ഫസൽ മുസ്തഫ, ഷെറിൻ ഷഹാന ദമ്പതികൾക്ക് അഖിലയുടെ മതം മാറ്റത്തിൽ പങ്കുണ്ട് എന്നതിനാൽ അന്വേഷണ ഉദ്യോഗസ്ഥൻ ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. സാമ്യങ്ങളുള്ള മൊഴിയാണ് ഇരുവരും നൽകിയത്. പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത് ഇങ്ങനെയാണ്: ഭാര്യ ഷെറിൻ ഷഹാനയുടെ കസിൻ ഷാനിബും അഖിലയും ചാറ്റിലൂടെ പരിചയപ്പെട്ടു. പിന്നീട് ഷാനിബ് മുഖേന ഇരുവരും അഖിലയുമായി അടുത്തു. ഇസ്ലാമിനെ കുറിച്ചും മതം മാറുന്നതിനെ കുറിച്ചും ഇവർ നിരന്തരം സംസാരിച്ചു. എറണാകുളത്ത് വച്ച് ഇതിന് മുമ്പ് രണ്ട് തവണ കാണുകയും ചെയ്തു. പിന്നീടാണ് എറണാകുളം കലൂരിൽ വച്ച് ചില ഖുർആൻ വചനങ്ങൾ (ശഹാദത്ത് കലിമ) ചൊല്ലി ഇസ്ലാം സ്വീകരിച്ചത്.

ഷെറിൻ ഷഹാന പല പേരുകളും നിർദ്ദേശിച്ചെങ്കിലും ആസിയയെന്ന് തെരഞ്ഞെടുക്കുകയായിരുന്നു. ഈ ദിവസം ദമ്പതികളുടെ കാറിലായിരുന്നു കോട്ടയം വൈക്കത്തെ അഖിലയുടെ വീട്ടിനു മുന്നിൽ തിരിച്ചെത്തിച്ചത്. പിന്നീട് നിരന്തരം ഫോണിലൂടെ അഖിലയുമായി ബന്ധപ്പെട്ടിരുന്നു. ഇതിനിടക്ക് അഖിലയുടെ സഹപാഠികളായ ജസീന, ഫസീന എന്നിവരുമായി ഫസൽ മുസ്തഫയും ഭാര്യയും ബന്ധപ്പെടുകയും സംസാരിക്കുകയും ചെയ്തു.

2016ൽ ഷെറിൻ ഷഹാന അഖിലയെ ബന്ധപ്പെട്ടപ്പോൾ പറഞ്ഞത് മതം പഠിക്കാൻ ഒരു സ്ഥാപനത്തിലേക്ക് പോകുന്നുവെന്ന്. മതം പഠിക്കാൻ മംഗലാപുരത്തേക്ക് വരാൻ ഷെറിൻ ആവശ്യപ്പെട്ടപ്പോൾ ആലോചിച്ച് പറയാമെന്ന് അഖില പറഞ്ഞു. ഇതിനു ശേഷം വിളിച്ചപ്പോൾ അഖിലയെ ഫോണിൽ കിട്ടിയില്ലെന്നും പിന്നീട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നുമാണ് ദമ്പതികൾ നൽകിയ മൊഴിയിൽ പറയുന്നത്.

പൊലീസ് കോടതിയിൽ നൽകിയ കേസ് ഡയറിയിൽ ഇക്കാര്യം പറയുന്നുണ്ട്. മൊഴി കേൾക്കുകയല്ലാതെ അത് ശരിയാണോയെന്ന് അന്വേഷിക്കാത്തത് എന്തുകൊണ്ടെന്നായിരുന്നു കോടതിയുടെ ചോദ്യം. ദമ്പതികൾ നിരന്തരം അഖിലയുമായി സംസാരിച്ച ഫോൺ സംഭാഷണങ്ങൾ, ചാറ്റ് ഡീറ്റൈൽസ്, ഇവരുടെ ജീവിത പശ്ചാത്തലം, അഖിലക്ക് വിദേശത്ത് പോകാനുള്ള പ്രേരണ, ഷാനിബുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളെ പറ്റിയൊന്നും പൊലീസ് അന്വേഷിച്ചിരുന്നില്ല. ഇത് കോടതി പ്രത്യേകം പറയുന്നുമുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത് സീനിയർ ഗവൺമെന്റ് പ്ലീഡർ ആണെന്നും വിധിയിൽ പറയുന്നുണ്ട്.

ദമ്മാജ് സലഫിസ്റ്റായ ഫസൽ മുസ്തഫയിൽ നിന്നുമാണ് രാജ്യം വിടാനും ആട് ജീവിതം നയിക്കാനുമുള്ള താൽപര്യം അഖിലയിൽ ഉണ്ടാകുന്നത്. യഥാർത്ഥ ഇസ്ലാമിക ജീവിതം നയിക്കുന്നതിനായി ദാറുൽ കുഫ് റായ ഇന്ത്യയിൽ നിന്നും പലായനം ചെയ്യൽ അനിവാര്യമാണെന്ന് നിരന്തരം അഖിലയോട് പറഞ്ഞു. പുതു ഇസ്ലാമെന്ന നിലയിൽ അഖില ഇതെല്ലാം കണ്ണടച്ച് വിശ്വസിക്കുകയും ചെയ്തു. ആട് ജീവിതത്തെ പറ്റി അഛൻ അശോകനോടും മകൾ പറയുകയും ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഇത് മനസിലാക്കിയാണ് അശോകൻ കോടതിയിൽ സമീപിച്ചതും ആടിനെ മെയ്‌ച്ച് ജീവിക്കാൻ മകളെ സിറിയയിലേക്ക് കടത്തുന്നു എന്നും പരാതി ഫയൽ ചെയ്തത്.

പിതാവിന്റെ പരാതി ശരിവയ്ക്കുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസം മറുനാടൻ മലയാളി പുറത്തുവിട്ടിരുന്നു. മുകളിൽ പറഞ്ഞ കാര്യങ്ങൾ സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ പെരിന്തൽമണ്ണ ഡിവൈഎസ്‌പി അന്വേഷിക്കാതിരുന്നത് ഗുരുതത വീഴ്ചയാണെന്ന് കോടതി നിരീക്ഷിക്കുന്നു. ഈ സാഹചര്യത്തിലാണ് ഇത് പരിശോധിക്കാനും കേസ് വിശദമായി അന്വേഷിക്കുന്നതിനും ഡിജിപിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഹാദിയ കേസിൽ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയും അതിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും സജീവമായി തന്നെ ഇപ്പോഴും തുടരുകയാണ്. വിവാഹം റദ്ദ് ചെയ്ത് വീട്ടുകാർക്കൊപ്പം അഖില എന്ന ഹാദിയയെ പറഞ്ഞു വിട്ടുകൊണ്ടുള്ള കോടതിവിധി ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ കേസിന്റെ വിധി സംബന്ധിച്ച വിശദാംശം പുറത്തുവന്നതോടെ കോടതി നിരീക്ഷണങ്ങൾക്ക് പിന്തുണ ഏറുകയും കൂടുതൽ തലങ്ങളിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്തു. അഖില ഹാദിയ കേസ് 2016 ആഗസ്റ്റിൽ മറുനാടൻ മലയാളിയാണ് ആദ്യമായി പുറത്തുവിട്ടത്.

കോടതി വിധിയുണ്ടായതിന് ശേഷവും കേസുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ മറുനാടൻ പുറത്തുവിട്ടു. അഖില ഹാദിയ കേസിൽ ചോദ്യചിഹ്നമായി വ്യക്തമാകാതെ ബാക്കി നിൽക്കുന്ന ഒന്നായിരുന്നു ഫസൽ മുസ്തഫയുടെയും ഭാര്യയുടെയും ഇടപെടൽ. ഈ അവ്യക്തതയായിരിക്കാം അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതി ആഞ്ഞടിക്കാൻ ഇടയാക്കിയത്. അഖിലയെ സത്യസരണിയിൽ കൊണ്ടുവന്നതിനു ശേഷമാണ് പോപ്പുലർ ഫ്രണ്ടും എസ്.ഡി.പി.ഐ സംഘടനകളും സംഘടിതമായി ഇടപെട്ടത്.

എന്നാൽ മുമ്പ് മതം മാറി ആസിയ എന്ന പേര് സ്വീകരിച്ച കാര്യവും ഫസൽ മുസ്തഫ, ഷെറിൻ ദമ്പതികളുടെ ഇടപെടലുകളുടെ വിവരങ്ങളും അഖിലയും സൈനബ ടീച്ചർ അടക്കമുള്ളവരും മറച്ചുവച്ചത് എന്തിനാണെന്നത് ഇപ്പോഴും ദുരൂഹമായി തുടരുന്നു. ഫസൽ മുസ്തഫയെ ഇവർക്ക് മുമ്പ് അറിയുമോ ഇല്ലയോ എന്നതിനെകുറിച്ചും വ്യക്തമാക്കിയിട്ടില്ല. കോടതി ഗൗരവത്തോടെ പരാമർശിക്കുന്ന ഫസൽ മുസ്തഫയാണ് ഈ കേസിന്റെ മർമ്മ ഭാഗം. ദമ്മാജ് ആശയക്കാരനായ ഫസലിലൂടെയാണ് ആടിനെ മെയ്‌ക്കൽ, പലായനം തുടങ്ങിയ ചിന്തകൾ ഹാദിയയിലേക്ക് എത്തുന്നതെന്ന് വ്യക്തമാണ്.

ദമ്മാജ് സലഫിസവും ആട് ജീവിതവും

2016 ന്റെ പകുതിയോടെ മലയാളി സംഘം ഐഎ സിൽ ചേർന്നതോടെയാണ് ദമ്മാജ് സലഫിസവും ഏറെ ചർച്ചചെയ്യപ്പെട്ടത്. ഇന്ത്യ പോലുള്ള രാജ്യത്ത് ഒരു മുസ്ലിമിന് ഇസ്ലാമിക ജീവിതം നയിക്കാൻ പറ്റില്ലെന്നും, യഥാർത്ഥ ഇസ്ലാമിക ജീവിതം നയിക്കാൻ ഹിജ്‌റ (പലായനം) ചെയ്യൽ അനിവാര്യമാണെന്നുമായിരുന്നു ദമ്മാജ് സലഫികളുടെ വാദം. ഇതേ വാദമാണ് ഫസൽ മുസ്തഫ അഖില ഹാദിയയോട് പറഞ്ഞതും. ഇതനുസരിച്ചായിരുന്നു പിതാവിനോടടക്കം ആടിനെ മെയ്‌ക്കാൻ പോകുന്ന കാര്യം ഹാദിയ സൂചിപ്പിച്ചത്.

പശ്ചിമേഷ്യൻ രാജ്യമായ യമനിലെ ഒരു ചെറുപട്ടണമാണ് ദമ്മാജ്. ശീഇകളും സലഫികളും തിങ്ങിപ്പാർക്കുന്ന ഇടം. ഹൂഥികൾ എന്നാണ് ശീഇകൾ അറിയപ്പെട്ടിരുന്നത്. ശൈഖ് മുഖ്ബിലു ബ്നു ഹാദി അൽ വാദിഈ എന്ന പണ്ഡിതന്റെ കീഴിൽ 1980 കളിലാണ് ദമ്മാജിലെ സലഫികൾ സംഘടിക്കുകയും മത സ്ഥാപനങ്ങളും മത പ്രചരണവുമായി ശക്തിപ്പെടുകയും ചെയ്തത്. മുഖ്ബിലിന്റെ ശിഷ്യനായ യഹിയാ അ ജൂരിയുടെ നേതൃത്വത്തിലാണ് യമനിലെ ദമ്മാജിൽ ദാറുൽ ഹദീസ് എന്ന സ്ഥാപനം തുടങ്ങുന്നത്. ഇവിടെ കേന്ദ്രീകരിച്ചാണ് ഇസ്ലാമിക ഗ്രാമമുള്ളത്.

സലഫിസത്തിൽ ഊന്നിനിന്നു കൊണ്ടുതന്നെ അതിന്റെ തീവ്രമായൊരു രീതിയാണ് അവരവിടെ അനുശീലിച്ചിരുന്നത്. ഇസ്്ലാമിന്റെ ആദ്യ കാലത്തെ അതേപടി പുനരവതരിപ്പിക്കാൻ ശ്രമിക്കുകയാണ് ദമ്മാജിൽ. പ്രവാചകൻ ആടുമേച്ചിരുന്നതിനാൽ അവരവിടെ ആടുമേച്ചും കൃഷി ചെയ്തുമാണ് ജീവിക്കുന്നത്. ഇതാണ് യഥാർഥ മുസ്്ലിമിന്റെ ജീവിതമെന്ന് അവർ വാദിക്കുന്നു. പൊതുജനങ്ങൾക്കിടയിൽനിന്നും സാമൂഹിക ഉത്തരവാദിത്തങ്ങളിൽനിന്നും പറിച്ചുനടുന്നതാണ് ഈയൊരു തീവ്രസലഫി ജീവിതരീതി.

യഹിയാ അജൂരിയുടെ ശിഷ്യൻ നവാസ് അൽഹിന്ദിയാണ് ശ്രീലങ്കയിലും ദാറുൽ ഹദീസ് സ്ഥാപിക്കുന്നത്. കേരളത്തിൽ നിന്ന് ഐ എസിലേക്ക് പോയവർ ആദ്യം ശ്രീലങ്കയിൽ എത്തി ആട് മെയ്‌ക്കൽ ജീവിതം നയിച്ചവരായിരുന്നു. ഇവരോടൊപ്പം ഫസൽ മുസ്തഫ ശ്രീലങ്കയിലെ ദാറുൽ ഹദീസിൽ ഉണ്ടായിരുന്നു.

ദമ്മാജിലെ ഹൂത്വി ആക്രമണത്തിൽ ദാറൂർ ഹദീസ് തകർന്നതോടെയാണ് ശ്രീലങ്കയിലേക്കുള്ള ചേക്കേറൽ തുടങ്ങിയത്. ഈ അടുത്ത കാലത്തായി യമനിലെ ഹളർ മൗത്തിൽ ദാറുൽ ഹദീസ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയിട്ടുണ്ട്. ദമ്മാജിൽ നിരവധി ഇന്ത്യക്കാർ പോകാറുണ്ടായിരുന്നു. പലരും തിരിച്ചെത്തിയെങ്കിലും പിന്നീട് ഇവരിൽ ചിലർ ഐഎസിലേക്ക് ചേക്കേറുകയും കൂടുതൽ തീവ്രമായ ജീവിതം തേടി പോകുകയും ചെയ്തു. കേരളത്തിലെ സലഫികളും ദമ്മാജുമായി ഏറെ അടുപ്പമുള്ളവരാണ്. 2008ൽ നിലമ്പൂർ അത്തിക്കാട് കേന്ദ്രീകരിച്ച് മുജാഹിദ് നേതാവ് സുബൈർ മങ്കടയുടെ നേതൃത്വത്തിലാണ് ആട് ജീവിതം നയിക്കുന്നതിന് കേരളത്തിൽ തുടക്കം കുറിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP