Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജൂവലറി രംഗത്തെ ചൂഷണങ്ങൾക്കെതിരെ ജനകീയ കൂട്ടായ്മയായി തുടങ്ങി; ഹോൾമാർക്ക്ഡ് ഗോൾഡിലും തട്ടിപ്പെന്ന് പറഞ്ഞതിന് മറ്റ് ജൂവലറിക്കാർ കേസുകൊടുത്തപ്പോഴും പതറാതെ ശുദ്ധസ്വർണം നൽകി; കോടികളുടെ വരുമാനവുമായി കമ്പനി പടർന്നു പന്തലിച്ചപ്പോൾ ചതിയിലൂടെ വിശ്വസ്തർ എല്ലാം അടിച്ചുമാറ്റി; മധ്യസ്ഥനും സ്വത്തുക്കൾ തട്ടിയെടുത്തു; പത്തരമാറ്റുള്ള സ്വർണം നൽകിയിട്ടും കേസും കൂട്ടവും മാത്രമായി; കോഴിക്കോട് കണ്ണായ സ്ഥലത്ത് ഭൂമിയും നൂറുകിലോ സ്വർണം സ്റ്റോക്കും ഉണ്ടായിട്ടും മീസാൻ ജൂവലറി പാപ്പരായ കഥ

ജൂവലറി രംഗത്തെ ചൂഷണങ്ങൾക്കെതിരെ ജനകീയ കൂട്ടായ്മയായി തുടങ്ങി; ഹോൾമാർക്ക്ഡ് ഗോൾഡിലും തട്ടിപ്പെന്ന് പറഞ്ഞതിന് മറ്റ് ജൂവലറിക്കാർ കേസുകൊടുത്തപ്പോഴും പതറാതെ ശുദ്ധസ്വർണം നൽകി; കോടികളുടെ വരുമാനവുമായി കമ്പനി പടർന്നു പന്തലിച്ചപ്പോൾ ചതിയിലൂടെ വിശ്വസ്തർ എല്ലാം അടിച്ചുമാറ്റി; മധ്യസ്ഥനും സ്വത്തുക്കൾ തട്ടിയെടുത്തു; പത്തരമാറ്റുള്ള സ്വർണം നൽകിയിട്ടും കേസും കൂട്ടവും മാത്രമായി; കോഴിക്കോട് കണ്ണായ സ്ഥലത്ത് ഭൂമിയും നൂറുകിലോ സ്വർണം സ്റ്റോക്കും ഉണ്ടായിട്ടും മീസാൻ ജൂവലറി പാപ്പരായ കഥ

എം മനോജ് കുമാർ

കോഴിക്കോട്: ജൂവലറി രംഗത്തെ ചൂഷണങ്ങൾക്കെതിരെ ജനങ്ങളെ ബോധവാന്മാക്കി രംഗത്ത് വരുകയും ഒടുവിൽ തട്ടിപ്പിന് ഇരയായി രംഗം വിടേണ്ടി വരുകയും ചെയ്യേണ്ടിവന്ന വിചിത്രമായ കഥയാണ് മീസാൻ ജൂവലറി ഉടമ ആയോളി അബ്ദുള്ളയുടേത്. രണ്ടു പതിറ്റാണ്ട് മുമ്പ് വിശ്വാസ്യതയുടെ പര്യായമായി നിലകൊള്ളൂകയും കോഴിക്കോടെ സ്വർണ്ണ വിപണിയിൽ ചലനങ്ങൾ സൃഷ്ടിക്കുകയും ചെയ്തശേഷം ഒരു സുപ്രഭാതത്തിൽ രംഗത്ത് നിന്നും അപ്രത്യക്ഷമാവുകയായിരുന്നു മീസാൻ ജൂവലറി. വേറൊരു ജൂവലറി അല്ല വേറിട്ട ജൂവലറിയായിരുന്നു കോഴിക്കോട്ടുകാർക്ക് മീസാൻ. ഹോൾമാർക്ക്ഡ് ഗോൾഡിനെക്കാളും വിശ്വാസ്യത മീസാന്റെ ഗോൾഡിനു ഇവർ കൽപ്പിച്ചും നൽകിയിരുന്നു. പരസ്യങ്ങളുടെ അകമ്പടിയോടെ സ്വർണ വിപണി നിയന്ത്രിച്ച വമ്പന്മാരെ പിന്തള്ളിയാണ് മീസാനിൽ ഇടപാടുകാർ വിശ്വാസമർപ്പിച്ചത്. തങ്ങളുടെ സ്വന്തം ജൂവലറി എന്ന് കരുതുകയും ചെയ്തവരാണ് ഇടപാടുകാരും. പത്തരമാറ്റുള്ള സ്വർണം തന്നെയാണ് മീസാനിൽ നിന്നും ഇടപാടുകാരിലേക്ക് എത്തിയതും. ജൂവലറി രംഗത്തെ ജനകീയ സ്ഥാപനം എന്നപേരിൽ നടൻ ശ്രീനിവാസനെവെച്ച് പരസ്യം ചെയ്തതും നന്നായി ശ്രദ്ധിക്കപ്പെട്ടു.

മാസാമാസം ലാഭവിഹിതവും നിക്ഷേപകർക്ക് കൃത്യമായി ലഭിച്ചിരുന്നു. എന്നിട്ടും മീസാൻ അടച്ചു പൂട്ടേണ്ടിവന്നു. അവിശ്വസനീയമായ തട്ടിപ്പിന്റെ കഥയാണ് മീസാന്റെത്. ആരെയും വഞ്ചിക്കാൻ മനസാ വാചാ ശ്രമിച്ചിട്ടില്ലാത്ത മീസാന്റെ ഉടമ അബ്ദുള്ളയ്ക്ക് തട്ടിപ്പുകാരൻ എന്ന പഴി കേൾക്കേണ്ടിയും രംഗം വിടേണ്ടിയും വന്നു. താൻ തുടങ്ങിയ സ്ഥാപനം തന്റെ വിശ്വസ്തനായി ഒരു കാലത്ത് വന്നവർ അടച്ചു പൂട്ടുന്നത് ഒരു പതിറ്റാണ്ടിനു മുൻപ് നോക്കി നിൽക്കേണ്ട ഗതികേടും ഈ ജൂവലറി ഉടമക്ക് വന്നു. നിക്ഷേപകരിൽ നിന്ന് സ്വരൂപിച്ച ഇരുപത് കോടിയോളം രൂപ വെട്ടിച്ചെടുത്ത് ജൂവലറി അടച്ചുപൂട്ടി എന്ന ദുഷ്‌പ്പേരും ബാക്കിയാക്കിയാണ് കോഴിക്കോട്ടുകാരുടെ മീസാൻ ഇല്ലാതെയായതും. കഠിന പ്രയത്‌നം കൊണ്ട് താൻ പടുത്തുയർത്തിയ സ്ഥാപനം ചിലരുടെ ചതിയാൽ തുലയ്ക്കപ്പെടുന്നത് ഇടനെഞ്ചു പൊട്ടുന്ന വേദനയോടെ കണ്ടു നിൽക്കേണ്ടി വന്ന ഗതികേടാണ് മീസാൻ അബ്ദുള്ളയ്ക്ക് വന്നു ഭവിച്ചത്.

ജൂവലറി അടച്ചു പൂട്ടിയിട്ടു ഒരു പതിറ്റാണ്ടായെങ്കിലും നിക്ഷേപകർക്ക് നൽകാനുള്ള പണം നൽകാൻ കഴിയാത്തതിന്റെ വേദനയാണ് ഈ വ്യവസായി ഇപ്പോഴും പങ്ക് വയ്ക്കുന്നത്. ഈ പണം എങ്ങിനെയെങ്കിലും തിരികെ നൽകാൻ സാധ്യമായ രീതിയിൽ എല്ലാം ശ്രമിച്ചിട്ടും മീസാന്റെ തലപ്പത്തിരുന്ന തന്റെ പഴയകാല വിശ്വസ്തർ എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്തുന്നത് വേദനയോടെ നോക്കിക്കാണുന്ന ഈ ജൂവലറി ഉടമ, യഥാർഥത്തിൽ സംഭവിച്ചത് എന്തെന്ന് ഇടപാടുകാർക്ക് മുന്നിൽ വിശദീകരിക്കാനുള്ള നിരന്തര ശ്രമങ്ങളാണ് ഇപ്പോഴും നടത്തുന്നത്. കോഴിക്കോട് ടൗണിലെ കണ്ണായ സ്ഥലത്തുള്ള ഒന്നരയേക്കർ സ്ഥലം വിറ്റാൽ ഇപ്പോഴും നിക്ഷേപകരുടെ കണ്ണീരൊപ്പാൻ കഴിയും. അടച്ചു പൂട്ടുന്ന സമയത്ത് മീസാനിൽ നീക്കിയിരിപ്പായി ഉണ്ടായിരുന്ന നൂറു കിലോയ്ക്ക് അടുത്ത് സ്വർണത്തിന് എന്ത് സംഭവിച്ചു എന്നറിയുകയും വേണം.

ഈ ലക്ഷ്യം വെച്ച് ഒരു പതിറ്റാണ്ട് കാലത്തോളം കേസും കോടതികളുമായി മുന്നോട്ടു പോയിട്ടും ഒരു നേട്ടവും ഉണ്ടാക്കാൻ മീസാന്റെ ഉടമയ്ക്ക് കഴിഞ്ഞില്ല. നീക്കിയിരിപ്പ് ആയ സ്വർണം കണ്ടെടുക്കുക, ഒപ്പം സ്ഥലം വിൽക്കലും. ഈ രണ്ടു കാര്യങ്ങൾ നടന്നാൽ ആർക്കും മീസാന്റെ പേരിൽ കരയേണ്ടി വരില്ലെന്ന് അബ്ദുള്ളയ്ക്ക് അറിയാം. . മീസാൻ ആരെയും ചതിച്ചിട്ടില്ലാ എന്ന് തെളിയിക്കാൻ കഴിയും എന്ന വിശ്വാസമാണ് വ്യവസായിക്കുള്ളത്. ഇതേ വിശ്വാസം തന്നെയാണ് ഇദ്ദേഹം പങ്കു വയ്ക്കുന്നതും. ഇപ്പോൾ നിക്ഷേപകർ നിയമനടപടികൾക്ക് ഒരുങ്ങുമ്പോൾ മലപ്പുറത്തെ വീട്ടിൽ നിസ്സഹായമായ അവസ്ഥയിൽ ഒന്നും ചെയ്യാനില്ലാതെ തനിച്ചിരിക്കേണ്ട ഗതികേടിലാണ് കോഴിക്കോടെ മീസാന്റെ ഉടമയുള്ളത്. മീസാന്റെ പേരിൽ നടന്ന വഞ്ചനയുടെയും വേദനയുടെയും കഥയാണ് മറുനാടൻ മലയാളിയോട് അബ്ദുള്ള പങ്കു വെച്ചത്

നടത്തിയത് പത്തരമാറ്റുള്ള സ്വർണം നൽകാൻ നടത്തിയ ശ്രമം

മീസാൻ അബ്ദുല്ല തന്റെ ജീവിത കഥ പറയുന്നു. -'ജൂവലറി രംഗത്തെ പരിചയ സമ്പന്നതയാണ് ജൂവലറി തുടങ്ങുക എന്ന ലക്ഷ്യത്തിലേക്ക് എന്നെ നയിച്ചത്. അങ്ങിനെയാണ് മീസാൻ എന്ന ജൂവലറിയിലേക്ക് ഞാൻ എത്തിപ്പെട്ടത്. 1999 ലാണ് തുടക്കം കുറിക്കുന്നത് എങ്കിലും ഔപചാരിക ഉദ്ഘാടനമായി കോഴിക്കോട് മീസാൻ ആരംഭിക്കുന്നത് 2003ലായിരുന്നു. ആ കാലത്ത് ഇരുപത്തിയഞ്ച് കോടിയോളം രൂപ സമാഹരിച്ചാണ് മീസാന് കോഴിക്കോട് തുടക്കമിട്ടത്. ജൂവലറി രംഗത്തെ ചൂഷണങ്ങൾക്കെതിരെ ജനങ്ങളെ ബോധാവാന്മാക്കിയാണ് മീസാനുമായി ഞാൻ നിലയുറപ്പിച്ചത്. വേറൊരു ജൂവലറി അല്ല വേറിട്ട ജൂവലറിയായിരുന്നു മീസാൻ. പണം സമാഹരിക്കാൻ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്തിരുന്നു.അതിനായി ഒരു പരസ്യവാചകം തന്നെ സൃഷ്ടിച്ചു. കേരളത്തിലെ കോർപ്പറേറ്റ് ജൂവലറിയിൽ സഹകരിക്കാൻ ഒരു സുവർണാവസരം. ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസം 1500 രൂപയും വാർഷിക ലാഭവീതവും എന്നായിരുന്നു പരസ്യ വാചകം. ഇത് ജനങ്ങൾക്ക് ബോധിച്ചു. ഒട്ടനവധി ആളുകൾ നിക്ഷേപം നടത്തി. ഇങ്ങിനെ നിക്ഷേപം നടത്തിയവർക്ക് ഗോൾഡ് ആയും കാശ് ആയും ലാഭവിഹിതം തിരികെ നൽകി.

ഇത് മീസാന്റെ വിശ്വാസ്യത വർധിപ്പിച്ചു. പലിശ നൽകാതെ ലാഭവീതം എന്ന് പറഞ്ഞപ്പോൾ മുസ്ലിംങ്ങൾ അടക്കമുള്ള സമുദായങ്ങൾക്ക് അതിൽ താൽപ്പര്യവും വന്നു. അങ്ങിനെ ഒട്ടനവധി ആളുകൾ നിക്ഷേപകരായി വന്നു. മിക്കവരും ലാഭവീതമായി കൈപ്പറ്റിയത് സ്വർണം തന്നെയായിരുന്നു. പത്തര മാറ്റ് ഗോൾഡ് എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ നൽകിയതും പത്തരമാറ്റ് ഗോൾഡ് തന്നെയായിരുന്നു. 22 കാരറ്റ് എന്ന് പറഞ്ഞാൽ 22 കാരറ്റ് തന്നെ നൽകും. കേരളത്തിൽ സ്വർണത്തിന്റെ ക്വാളിറ്റി ഉണ്ടാക്കിയത് തന്നെ മീസാൻ പരസ്യങ്ങളായിരുന്നു. ഹാൾ മാർക്ക്ഡ് ശരിയല്ല എന്ന് പറഞ്ഞാണ് നല്ല ഗോൾഡ് നൽകിയത്. കലർപ്പില്ലാത്ത സ്വർണം നൽകുക. ഇടപാടുകാരിൽ നിന്ന് പണം മുൻകൂർ വാങ്ങി അതിനു തുല്യമായ പണം അവർക്ക് നൽകുക. ഗോൾഡിന്റെ പേരിലുള്ള തട്ടിപ്പുകളിൽ നിന്ന് ഇടപാടുകാർക്ക് മോചനം നൽകുക. ഇതായിരുന്നു മീസാൻ. ഹോൾമാർക്ക്ഡ് ഗോൾഡിലും തട്ടിപ്പുണ്ട് എന്ന് ഞങ്ങൾ പറഞ്ഞപ്പോൾ ജൂവലറി ഉടമകൾ എനിക്കെതിരെ കേസ് നൽകി. ഇടപാടുകാർക്ക് ശുദ്ധ സ്വർണം നൽകി ഇതിനു മറുപടിയും നൽകി. സ്വർണ്ണത്തിലുള്ള ചെമ്പു ചേർക്കലിന് എതിരെയും നിലപാട് എടുത്തു. ഇടപാടുകാർ വിശ്വാസത്തിൽ എടുത്തതിനാൽ പുറത്തുള്ള എതിർപ്പുകൾ പ്രശ്‌നമായില്ല.' - അദ്ദേഹം വ്യക്തമാക്കി.

മീസാന് ഒപ്പം മീസാൻ റിയൽറ്റേഴ്‌സും; ജോഗർ ചെരിപ്പ് കമ്പനിയും

സ്ഥാപനം വളരുകയായിരുന്നു. മീസാന് ആ ഘട്ടത്തിൽ വലുതായി ഫണ്ട് വന്നു. ഈ ഫണ്ട് ഞങ്ങൾക്ക് വഴിതിരിച്ചു വിടേണ്ടിയിരുന്നു. അതിനാണ് ഞാൻ മീസാൻ റിയൽറ്റേഴ്‌സ് തുടങ്ങിയത്. ധാരാളം റിയൽ എസ്റ്റേറ്റ് ബിസിനസ് മീസാൻ നടത്തി. അതിൽ നിന്നുള്ള ലാഭം നൽകിയത് മീസാൻ ജൂവലറിയിൽ തന്നെയായിരുന്നു. അതുകൊണ്ട് മീസാൻ ജൂവലറി നഷ്ടത്തിന്റെ കണക്ക് പറഞ്ഞില്ല. നിക്ഷേപകർക്ക് ഗോൾഡ് ആയി ലാഭവീതം കൃത്യമായി തിരികെ നൽകിക്കൊണ്ടുമിരുന്നു. ലാഭവും നഷ്ടവും ഒക്കെ മാനേജ് ചെയ്യാൻ എന്നെ സഹായിച്ചത് മീസാൻ റിയൽറ്റേഴ്‌സ് വരുമാനമായിരുന്നു. ഈ വരുമാനത്തിൽ നിന്നുമാണ് കോഴിക്കോട് ഭീമാ ജൂവലറിയുടെ സമീപമുള്ള ഭൂമിക്കും ഉപയോഗിച്ചതും. ഒന്നരയേക്കർ ഭൂമിയാണത്. കോഴിക്കോടിന്റെ നഗരമധ്യത്തിൽ കണ്ണായ സ്ഥലത്തെ ഭൂമി. ഈ ഭൂമിയാണ് മീസാന്റെ ഇടപാടുകാരുടെ നഷ്ടം ഇനി നികത്താൻ പോകുന്നതും. പക്ഷെ നിലവിലെ കുരുക്കുകൾ അഴിയേണ്ടതുണ്ട് എന്ന് മാത്രം. ഫണ്ട് പിന്നെയും പ്രവഹിച്ചപ്പോൾ മീസാൻ റിയൽറ്റേഴ്‌സ് മാത്രം പോരാ എന്നായി. അതിനായാണ് ചെരിപ്പ് കമ്പനി തുടങ്ങിയത്. ജോഗർ എന്നായിരുന്നു എന്നായിരുന്നു കമ്പനിയുടെ പേര്. അത് നല്ല നിലയിൽ പോയിരുന്നു.

കോഴിക്കോട് വളർന്നപ്പോൾ പിന്നെ നീങ്ങിയത് ഗൾഫിലേക്ക്

മീസാന് ഒപ്പം മീസാൻ റിയൽറ്റേഴ്‌സും, ഒപ്പം ജോഗർ ചെരിപ്പ് കമ്പനിയുമൊക്കെയായുള്ള മീസാന്റെ വളർച്ച അത്ഭുതകരമായിരുന്നു. ഇടപാടുകാർ വിശ്വാസമർപ്പിച്ചപ്പോൾ ഉയർച്ച പ്രശ്‌നമായില്ല. കോഴിക്കോട് കൂടാതെ രണ്ടു ബ്രാഞ്ചുകൾ ആണ് മീസാൻ താമസംവിനാ തുറന്നത്. മൂന്നു മാസം കൊണ്ട് തന്നെ അരീക്കോട് എടപ്പാൾ ബ്രാഞ്ചുകൾ ആരംഭിക്കാൻ കഴിഞ്ഞു. ഇതോടെ ഞങ്ങൾ ഗൾഫിൽ ലക്ഷ്യം വെച്ചു. കോഴിക്കോട് മീസാനെ വളർത്താൻ ഞങ്ങൾ നൽകിയ പരസ്യവാചകങ്ങൾ ഗൾഫിലും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസം 1500 രൂപയും വാർഷിക ലാഭവീതവും എന്നായിരുന്നു പരസ്യ വാചകം. ഇത് ഗൾഫ് മലയാളികൾക്ക് ബോധിച്ചിരുന്നു. അവർ മീസാനിൽ വിശ്വാസം അർപ്പിച്ചു. മീസാനിൽ നിക്ഷേപം തുടങ്ങി. പ്രവാസികൾക്ക് താങ്ങും തണലുമായി ജൂവലറിയെ മാറ്റുക എന്നത് ഞങ്ങളും മുന്നിൽ കണ്ടു. ഗൾഫിൽ നിന്നും പണം സമാഹരിക്കുക പ്രയാസമല്ലെന്ന് അനുഭവം പഠിപ്പിച്ചു. ഗൾഫിൽ നിന്നും പ്രവാസികളിൽ നിന്ന് പണം സമാഹരിക്കുക.

അത് നാട്ടിൽ ഗോൾഡ് ആക്കി കുടുംബാംഗങ്ങൾക്ക് നൽകുക. ഇതാണ് മീസാൻ ആവിഷ്‌ക്കരിച്ചത്. അഞ്ച് ലക്ഷം രൂപ വരെയുള്ള തുകകൾ മാത്രം സമാഹരിച്ചു. കാരണം കൂടുതൽ തുകകൾ സമാഹരിച്ചാൽ അത് പ്രയാസം സൃഷ്ടിക്കും എന്ന് അറിയാമായിരുന്നു. അതിനാൽ ഒരു നിക്ഷേപകനിൽ നിന്ന് പരമാവധി അഞ്ചു ലക്ഷം മാത്രം സമാഹരിച്ചു. ഇതോടെയാണ് ഗൾഫിൽ നിന്നും പണം പിരിക്കാൻ ഒരാളെ വേണം എന്ന് തോന്നിയത്. അങ്ങിനെയാണ് മീസാന്റെ തകർച്ചയ്ക്ക് കാരണക്കാരനായി മാറിയ സലാഹുദ്ദീന്റെ വരവ്. എത്തിസലാത് എന്ന ടെലികൊം കമ്പനിയിലെ ജീവനക്കാരൻ ആയിരുന്നു സലാഹുദ്ദീൻ. ഇയാൾ കുഴപ്പമില്ലാ അന്ന് തോന്നി. അങ്ങിനെ മീസാന്റെ ഗൾഫ് ഓപ്പറേഷന്റെ ചുമതലക്കാരൻ ആയി സലാഹുദ്ദീൻ മാറി. ഞങ്ങൾ പരസ്യം ചെയ്തപ്പോൾ നമ്പർ സലാഹുദ്ദീന്റെത് നൽകി. അങ്ങിനെ സലാഹുദ്ദീൻ മീസാന്റെ ഗൾഫിലെ എല്ലാമെല്ലാമായി മാറി. സലാഹുദ്ദീന്റെ ലക്ഷ്യം മീസാൻ ആണെന്ന് അന്ന് എനിക്കറിയുകയും ചെയ്യുമായിരുന്നില്ല. പിന്നീടാണ് സലാഹുദ്ദീൻ കോഴിക്കോട് എത്തുന്നത്.- അബ്ദുല്ല വ്യക്തമാക്കി.

തകർച്ച തുടങ്ങുന്നു

ഗൾഫ് വിട്ടു സലാഹുദ്ദീൻ എത്തിയതോടെ മീസാൻ നീങ്ങാൻ തുടങ്ങിയത് തകർച്ചയിലേക്കായിരുന്നു. നല്ല കഥകൾ അല്ല എപ്പോഴും സലാഹുദ്ദീൻ പറഞ്ഞത്. ഗൾഫിലെ പണപ്പിരിവിൽ തന്നെ ഇയാൾ കൃത്രിമം കാണിച്ചു. നാലഞ്ചു കോടി പിരിച്ചു എന്നാണ് സലാഹുദ്ദീൻ പറഞ്ഞത്. മൂന്നു കോടി കണക്ക് അംഗീകരിച്ചു. ഓരോ ലക്ഷത്തിനും സലാഹുദ്ദീന് നൽകിയ കമ്മിഷൻ കൂടാതെ ഒരു കോടി രൂപയോളം സലാഹുദ്ദീൻ പറ്റിയിട്ടുണ്ട്. പറ്റിയ പണം തിരികെ നൽകിയില്ല. കള്ളകണക്കുകൾ ഉണ്ടാക്കുകയും ചെയ്തു. 40000രൂപയോളം ശമ്പളവും നൽകിയിരുന്നു. പക്ഷെ തട്ടിപ്പാണ് സലാഹുദ്ദീൻ മുഖമുദ്രയാക്കിയത്. ഒരു ലക്ഷത്തിനു ചില വ്യക്തിപരമായ പ്രശ്‌നങ്ങൾ എനിക്കും സലാഹുദ്ദീനും ഇടയിൽ നിലനിന്നിരുന്നു. ഇതോടെ ആയിരത്തഞ്ഞൂറു രൂപ ലാഭവീതം എന്നത് എന്നെ എതിർക്കാൻ സലാഹുദ്ദീൻ ആയുധമാക്കി. മൂവായിരം വരെ എനിക്ക് തരാൻ കഴിയും എന്നയാൾ പറഞ്ഞു. എല്ലാം അബ്ദുക്ക അടിച്ചു മാറ്റുകയാണ് എന്ന് പറഞ്ഞു.

ഇതിന്നിടയിൽ സലാഹുദ്ദീൻ മീസാന്റെ ഡയറക്ടറും ആയി മാറിയിരുന്നു. ദുബായിൽ ഷെയർ കളക്റ്റ് ചെയ്തത് സലാഹുദ്ദീനാണ്. അതുകൊണ്ട് തന്നെ സലാഹുദീൻ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ കഴിഞ്ഞു. ഓഹരി ഉടമകൾക്കിടയിൽ സ്വാധീനവും ഉണ്ടായിരുന്നു. 150 പേർക്ക് വോട്ടവകാശം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ എന്നെ ഒഴിവാക്കി അയാൾ മീസാൻ ജൂവലറിയുടെ ചാർജ് ഏറ്റെടുത്തു. മാനേജിങ് ഡയരക്ടർ ആയിരുന്ന എന്നെയാണ് സലാഹുദ്ദീൻ ഒഴിവാക്കിയത്. അങ്ങിനെ മീസാൻ എനിക്ക് നഷ്ടമാവുകയും സലാഹുദ്ദീൻ ഭരണം തുടരുകയും ചെയ്തു.. 2009 ലായിരുന്നു ഈ സംഭവങ്ങൾ. സലാഹുദ്ദീൻ അഞ്ചു ഡയരക്ടർമാരെ പുതുതായി കൊണ്ടുവന്നു. ഇതോടെ സ്വാഭാവികമായും ഞാൻ ഒഴിവായി. ഞാൻ പത്തു കൊല്ലം നടത്തിയ സ്ഥാപനം സലാഹുദ്ദീന് രണ്ടു വർഷം പോലും നടത്താൻ കഴിഞ്ഞില്ല. വരുന്ന പണം നിയന്ത്രണത്തിലാക്കി ബിസിനസ് മുന്നോട്ടു കൊണ്ടുപോകാൻ സലാഹുദ്ദീന് കഴിഞ്ഞില്ല. ഷെയർ ഹോൾഡെഴ്‌സിനോട് നീതി പുലർത്താൻ കഴിഞ്ഞില്ല. ആളുകൾ ഷെയർ തിരികെ ചോദിക്കാൻ തുടങ്ങി. സലാഹുദ്ദീൻ ഓഫീസിൽ തന്നെ വരാതായി. അതോടെ ഡയരക്ടർമാരും മറ്റുള്ളവരും എന്റെ മുന്നിലേക്ക് തന്നെ വന്നു.

മധ്യസ്ഥൻ പോക്കറും സലാഹുദ്ദീനും ഒരുമിക്കുന്നു

ഡയരക്ടർമാരും ഓഹരി ഉടമകളും എന്നെ തെറ്റിദ്ധരിച്ചു പോയി എന്ന് എന്നോടു അവർ പറഞ്ഞു. അന്ന് സാമ്പത്തിക മാന്ദ്യം കൂടിയുള്ള സമയമാണ് .ഞാൻ പരിശോധിച്ചപ്പോൾ ജൂവലറിയുടെ ഗോൾഡ് എല്ലാം നഷ്ടമായി. ഏറ്റെടുക്കാൻ കഴിയുന്ന പശ്ചാത്തലമല്ല. കാട്ടിലെ തടി തേവരുടെ ആന എന്ന രീതിയിൽ വലിയെടാ വലിയാണ് സലാഹുദ്ദീൻ ചെയ്തത്. എല്ലാം അന്യാധീനമായിരുന്നു. അപ്പോഴാണ് എസ് ടി യു വിന്റെ അന്നത്തെ സംസ്ഥാന ജനറൽ സെക്രട്ടറിയായ ഉള്ളാട്ടിൽ പോക്കർ മധ്യസ്ഥനാവുന്നത്. അയാൾക്ക് കാര്യങ്ങൾ ചെയ്യാൻ കഴിയും എന്നാണ് ഞാൻ ധരിച്ചത്. അയാളെ എംഡിയാക്കി വെച്ചപ്പോൾ പോക്കർ സലാഹുദ്ദീനുമായി യോജിച്ചു. രണ്ടു പേരും തട്ടിപ്പിനുള്ള അരങ്ങൊരുക്കമാണ് നടത്തിയത്. മീസാന്റെ സമ്പാദ്യം ബാക്കിയായത് പോക്കറും സലാഹുദ്ദീനും ഒരുമിച്ച് അടിച്ചു മാറ്റി.

മൂന്നു ബ്രാഞ്ചുകൾ ഉണ്ടായിരുന്നത് ഓരോന്നായി പൂട്ടി. ചെരിപ്പ് കമ്പനിയും പൂട്ടിച്ചു. ഇപ്പോൾ പത്ത് വർഷം കഴിഞ്ഞിട്ടും മധ്യസ്ഥത നിലനിൽക്കുകയാണ്. മീസാൻ റിയൽറ്റേഴ്‌സ് എന്ന സഹോദര സ്ഥാപനത്തിന്റെ സ്വത്തുക്കൾ എന്നിൽ നിന്നും ബലപ്രയോഗത്തിലൂടെ പോക്കർ സ്വന്തം പേരിലാക്കി. ഇതിന്റെ എംഡി ഞാനായിരുന്നു. അതിനാൽ സ്ഥലത്തിന്റെ ഉടമവസ്ഥാവകാശം എനിക്കായിരുന്നു. കോഴിക്കോട് നഗരഹൃദയത്തിൽ കണ്ണായ മാവൂർ റോഡിലുള്ള സ്ഥലം അടിച്ചു മാറ്റാൻ വേണ്ടിയായിരുന്നു ഇത്. ഒരു മീറ്റിംഗിൽ എന്നെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി എന്നെക്കൊണ്ട് ബലമായി പേപ്പറുകളിൽ ഒപ്പിടുവിച്ചു. മീസാൻ റിയൽറ്റേഴ്‌സിന്റെ ഷെയറുകൾ പോക്കർക്ക് നൽകുന്നു എന്നാണ് എന്നെക്കൊണ്ട് ഒപ്പിടുവിച്ചത്. ഈ സ്ഥലം കൈവശപ്പെടുത്തിയാൽ മാത്രമേ കടങ്ങൾ വീട്ടാൻ കഴിയൂ എന്ന് മറ്റുള്ളവരെ പറഞ്ഞു വിശ്വസിപ്പിച്ചാണ് എന്നെക്കൊണ്ട് ഒപ്പിടിവിക്കാൻ മറ്റുള്ളവരും കൂടിച്ചേർന്നത്.

എന്നെക്കൊണ്ട് ഒപ്പിടുവിച്ച് അവർ തൃപ്തിയടഞ്ഞു എന്ന് മാത്രം. കമ്പനി ആകുമ്പോൾ ഷെയർ സർട്ടിഫിക്കറ്റ് വേണം. അതവർ ഓർത്തില്ല. പക്ഷെ എന്നിൽ നിന്ന് മീസാൻ റിയൽറ്റേഴ്‌സിന്റെ ഷെയറുകൾ കൈമാറി എന്ന് ഒപ്പിടുവിക്കുന്നത് 2011 ലാണ്. എന്റെ മീസാൻ ഗോൾഡ് കൈവശപ്പെടുത്തിയ ശേഷമാണ് എന്നിൽ നിന്നും മീസാൻ റിയൽറ്റേഴ്‌സ് കൂടി ഇവർ എഴുതി വാങ്ങിയത്. അങ്ങിനെ 2011 മുതൽ 2018 വരെ പോക്കർ മീസാൻ മീസാൻ റിയൽറ്റേഴ്‌സ് എംഡിയായി. പക്ഷെ കമ്പനി ലോ ബോർഡ് മുതൽ സുപ്രീംകോടതി വരെ ഞാൻ പൊരുതി. പോക്കറിനും സലാഹുദീനും വമ്പൻ പരാജയമാണ് ഈ കാര്യത്തിൽ വന്നത്. 2018-ൽ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ വിധിയോടെ ഞാൻ വീണ്ടും മീസാൻ റിയൽറ്റേഴ്‌സ് എംഡിയായി മാറി. ആദ്യം ഞാൻ ഇതിന്റെ പേരിൽ ഞാൻ കമ്പനി ലോ ബോർഡിൽ ചെന്നൈയിൽ കേസ് നൽകിയിരുന്നു. വിധി എനിക്ക് പ്രതികൂലമായിരുന്നു. ഈ കേസ് തന്നെ നാലഞ്ച് വർഷം നീണ്ട കേസ് ആയിരുന്നു. കേസ് പ്രതികൂലമായപ്പോൾ അങ്ങിനെ ഞാൻ ഹൈക്കോടതിയിൽ കേസ് നൽകി. എന്റെ ഷെയർ ബലപ്രയോഗത്തിലൂടെയും തെറ്റിദ്ധരിപ്പിച്ചും കൈകളിലാക്കി എന്നാണ് ഹൈക്കോടതിയിൽ പറഞ്ഞത്. ഹൈക്കോടതിക്ക് അത് ബോധ്യപ്പെട്ടു. കേസ് വീണ്ടും കമ്പനി ലോ ബോർഡിലേക്ക് പോയി. അപ്പോഴേക്കും ലോ ബോർഡ് മാറി നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ ആയിരുന്നു.

കേസുകളുടെ കാലം; ഒടുവിൽ വിധിയും അനുകൂലമായി

കമ്പനി ലോ ബോർഡിന് മുന്നിലുള്ള ഈ കേസ് ട്രിബ്യൂണൽ രണ്ടാമതും പഠിച്ചു. അവിടെ പോക്കറും സലാഹുദ്ദീനും തോറ്റു. അവർ കമ്പനി ലോ അപ്പലൈറ്റ് ട്രിബ്യൂണലിൽ അപ്പീൽ നൽകി. അവിടെയും എനിക്ക് അനുകൂലമായി വിധി വന്നു. പോക്കർ, സലാഹുദ്ദീൻ അടങ്ങിയ മൂന്നു പേർക്ക് 50000 രൂപ വീതം ഫൈനും വന്നു. ഈ വിധിയോടെ മീസാൻ വീണ്ടും എന്റെ കയ്യിലേക്ക് വന്നു. ഞാൻ മാറിയശേഷം എംഡിമാർ മാറി വന്നു. പക്ഷെ എന്നെ വിശ്വസിച്ച് തുടങ്ങിയ സ്ഥാപനമാണിത്. എന്നിലുള്ള വിശ്വാസം കൊണ്ടാണ് ഇടപാടുകാർ തുകകൾ നിക്ഷേപിച്ചത്. അത് തിരികെ നൽകണം. സ്വത്തുക്കൾ എല്ലാം പക്ഷെ അന്യാധീനമായിരിക്കുകയും അടിച്ചു മാറ്റപ്പെടുകയും ചെയ്തു. ഇൻകം ടാക്‌സ് പ്രശ്‌നം വരുമ്പോൾ വാദിക്കാൻ കഴിയാത്ത അവസ്ഥയാണ്. കടലാസുകൾ കൈവശമില്ല. ഞാൻ 2009-ൽ പോയ ആളാണ്.ബാധ്യത വരുത്തിവെച്ചത് മുഴുവൻ സലാഹുദ്ദീനാണ്. ഇനി ഉള്ള സ്വത്തുക്കൾ അന്യാധീനമാകാതിരിക്കാനാണ് എന്റെ ശ്രമം. ഇത് വിറ്റിട്ട് വേണം ആളുകൾക്ക് പണം നൽകാൻ. പക്ഷെ ഇത് വിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. കോഴിക്കോട് ഭീമാ ജൂവലറിയുടെ തൊട്ടു ഒന്നരയേക്കറോളം സ്ഥലമുണ്ട്. ഇതിന്റെ രജിസ്‌ട്രേഷൻ സംബന്ധമായ പ്രശ്‌നങ്ങൾ അവശേഷിക്കുന്നുണ്ട്. ഈ സ്ഥലം വേറെയാൾക്ക് വിൽക്കാൻ ഉടമ ശ്രമിച്ചെങ്കിലും ഞങ്ങൾക്ക് മാത്രമേ നല്കാവു എന്നുള്ള ഇൻജക്ഷൻ ഓർഡറുണ്ട്. പക്ഷെ ഇപ്പോൾ സ്ഥലം എങ്ങിനെയെങ്കിലും അടിച്ചു മാറ്റി വിൽക്കാൻ കഴിയുമോ എന്നാണ് പോക്കറും സലാഹുദ്ദീനും ശ്രമിക്കുന്നത്. ഇതിനായി ഷെയർ ഹോൾഡെഴ്‌സിനെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ ആണ് സലാഹുദ്ദീനും ടീമും നടത്തുന്നത്.

കുഴഞ്ഞു മറിഞ്ഞു തുടരുന്ന ഭൂമി പ്രശ്‌നം

ഭീമാ ജൂവലറിക്ക് സമീപമുള്ള സ്ഥലം ഞാൻ മീസാൻ റിയൽറ്റേഴ്‌സ് എന്ന കമ്പനിക്ക് വേണ്ടി 2003ലും 2011ലുമായി വാങ്ങിയിട്ടുള്ളതാണ് .മീസാൻ ജൂവലറി 1999ൽ രജിസ്റ്റർ ചെയ്ത ഒരു പബ്ലിക്ക് ലിമിറ്റഡ് കമ്പനിയും ,മീസാൻ മീസാൻ റിയൽറ്റേഴ്‌സ് 2003 ൽ രജിസ്റ്റർ ചെയ്ത ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുമാണ്. രണ്ട് കമ്പനിലെയും നിക്ഷേപകരും വ്യത്യസ്ഥരാണ്. പുറമെ ഈ രണ്ടും കമ്പനി തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന്, കേരള ഹൈക്കോടതി 13/2015 കമ്പനി അപ്പീൽ വാദം കേട്ട് 17/06/2016നുപുറപ്പെടുവിച്ച വിധിന്യായത്തിലും വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ വസ്തു വിൽപന നടത്തി റിയൽറ്റേഴ്‌സിന്റെ ബാധ്യത കഴിച്ച് ബാക്കി ജൂവലറി നിക്ഷേപകർക്ക് നൽകാൻ 1999ലെ സ്ഥാപക എം ഡി എന്ന നിലക്ക് ഞാൻ തയാറാണ്. അതിന് 2009ൽ സ്ഥാപനം കയ്യടക്കി എംഡി ആയി തുടരുന്ന സലാഹുദ്ദീനും 2011 ൽ മധ്യസ്ഥനായി വന്ന് ഇപ്പോഴും തുടരുന്ന പോക്കറും ചില കാര്യങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട്. കോഴിക്കോട് ,അരീക്കോട് ,എടപ്പാൾ എന്നീ ബ്രാഞ്ചുകളിൽ നിന്നും ബാങ്ക് ലോക്കറിലേക്ക് മാറ്റി എന്ന് പറയുന്ന മീസാന്റെ നീക്കിയിരുപ്പ് ഗോൾഡ് കിട്ടണം ,പുറമെ ജോഗ്ഗർചെരുപ്പ് കമ്പനി, നല്ലളത്തെ ഭൂമി ,സിക്‌സ് കളർ എന്ന കമ്പനി എന്ന് വിൽപന നടത്തി, അതിന്റെ കാശ് എന്ത് ചെയ്തു എന്നതിലും വ്യക്തത വരുത്തണം. അതോടൊപ്പം ഈ വസ്തുവിന്റെ ആധാരങ്ങളും കിട്ടണം, ഈ ഭൂമി 2012 ൽ അഷ്‌ലാ ഹോസ്പിറ്റാലിറ്റി എന്ന ഒരു കമ്പനിക്ക് പോക്കർ കോടികൾ വാങ്ങി വിൽപന നടത്തിയത് ഞാൻ കേസ്സിലൂടെ ദുർബലപ്പെടുത്തിയാണ് തിരിച്ച് പിടിച്ചത്. എല്ലാറ്റിന്നും കോടതി രേഖകൾ തന്നെയുണ്ട്. പരിശോധിക്കാവുന്നതാണ്. - മീസാൻ അബ്ദുല്ല പറയുന്നു.

കുരിശായി 50 ലക്ഷം രൂപയുടെ എൻഫോഴ്‌സ്‌മെന്റ് ഫൈനും

അനധികൃതമായി വിദേശനിക്ഷേപം സ്വീകരിച്ച മീസാന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 50 ലക്ഷം രൂപ പിഴയിട്ടിട്ടുണ്ട്. മീസാൻ റിയൽട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനെതിരേയാണ് പിഴ വന്നത്. ദുബായ് പൗരനായ ഉമൈദ് സുൽത്താൻ എം.അൽ. സുവൈദിയിൽനിന്ന് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറുമായ എ. അബ്ദുള്ള നിക്ഷേപം സ്വീകരിച്ചതാണ് പിഴയിൽ കലാശിച്ചത്. 2003 ഓഗസ്റ്റ് 20-ന് പുണെ ആസ്ഥാനമായ ദേശസാത്കൃത ബാങ്കുവഴിയാണ് ഈ നിക്ഷേപം സ്വീകരിച്ചത്. റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് വിദേശ വ്യക്തികളിൽനിന്നോ സ്ഥാപനങ്ങളിൽനിന്നോ നിക്ഷേപം സ്വീകരിക്കാൻ കേന്ദ്രത്തിന്റെ അനുമതിയില്ലാത്ത കാലത്ത് നിക്ഷേപം സ്വീകരിച്ചതിനാണ് ഫൈൻ വന്നത്. 2005 ജൂലായ് 17-ന് ശേഷമാണ് ഈ രംഗത്ത് വിദേശനിക്ഷേപം അനുവദിച്ചത്. മീസാൻ നിക്ഷേപം സ്വീകരിച്ചത് അതിനും മുൻപിലായിരുന്നു. എത്രയും പ്രശ്‌നങ്ങൾ മുന്നിൽ നിൽക്കുമ്പോഴാണ് ഇപ്പോൾ എങ്ങിനെയും ഇടപാടുകാരുടെ പണം നൽകാനുള്ള ശ്രമം അബ്ദുള്ള തുടരുന്നത്. പക്ഷെ ഇത്രയും വൈതരണികൾ ചാടിക്കടന്നു പണം നൽകാൻ കഴിയുമോ എന്ന് മീസാൻ അബ്ദുള്ളയ്ക്ക് അറിയില്ല. പക്ഷെ തന്റെ പോരാട്ടം തുടരാൻ തന്നെയാണ് അബ്ദുള്ളയുടെ തീരുമാനം. ഓഹരിയുടമകൾ ആണെങ്കിൽ നിയമ നടപടികൾക്കും തുനിയുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP