Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തട്ടിപ്പും വെട്ടിപ്പുമായി നടന്ന രാജേഷ് ഉത്തരാഖണ്ഡിൽ എത്തിയപ്പോൾ ലൂർദ്ദ് സ്വാമി അച്ചനായി; കന്യാസ്ത്രീയെ കൂടെ കിട്ടിയപ്പോൾ പ്രവാസികളെ ആത്മീയത കാട്ടി വളച്ചെടുത്തു; മോദിയെ കുറ്റം പറഞ്ഞ് പട്ടിണിക്കഥയ്ക്ക് വിശ്വാസ്യത വരുത്തി; അക്കൗണ്ടിൽ ഒഴുകിയെത്തിയ പണമെല്ലാം നിമിഷ നേരം കൊണ്ട് പിൻവലിച്ചത് തട്ടിപ്പിന്റെ ഉസ്താദ്; വാകത്താനത്തെ വിശുദ്ധൻ ആളു ചില്ലറക്കാരനല്ല

തട്ടിപ്പും വെട്ടിപ്പുമായി നടന്ന രാജേഷ് ഉത്തരാഖണ്ഡിൽ എത്തിയപ്പോൾ ലൂർദ്ദ് സ്വാമി അച്ചനായി; കന്യാസ്ത്രീയെ കൂടെ കിട്ടിയപ്പോൾ പ്രവാസികളെ ആത്മീയത കാട്ടി വളച്ചെടുത്തു; മോദിയെ കുറ്റം പറഞ്ഞ് പട്ടിണിക്കഥയ്ക്ക് വിശ്വാസ്യത വരുത്തി; അക്കൗണ്ടിൽ ഒഴുകിയെത്തിയ പണമെല്ലാം നിമിഷ നേരം കൊണ്ട് പിൻവലിച്ചത് തട്ടിപ്പിന്റെ ഉസ്താദ്; വാകത്താനത്തെ വിശുദ്ധൻ ആളു ചില്ലറക്കാരനല്ല

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: നാട്ടിൽ തട്ടിപ്പും വെട്ടിപ്പുമായി നടന്നയാൾ ഉത്തരാഖണ്ഡിലെത്തിയപ്പോൾ വിശുദ്ധ വേഷം ചാർത്തി ലൂർദ്ദ് സ്വാമി അച്ചനായി. വിശുദ്ധ പരിവേഷം ചാർത്തിക്കിട്ടയതോടെ പണം തട്ടാൻ അതൊരു മറയുമായി. വാകത്താനം സ്വദേശിയായ രാജേഷ് ലൂർദ്ദ് സ്വാമി അച്ചനായി വേഷം മാറി വിദേശമലയാളികളിൽ നിന്നടക്കം തട്ടിയെടുത്തത് കോടികളെന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരങ്ങൾ. നിരവധി പരാതികൾ ലഭിച്ചെങ്കിലും പൊലീസ് ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല.

പ്രവാസികൾക്കിടയിലെ ലൂർദ്ദ് സ്വാമി അച്ചനെക്കുറിച്ച് വിശ്വാസികൾ അന്വേഷിച്ചപ്പോൾ കിട്ടിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്്. ബെനക്ടികൻ സന്യാസിയാണന്നും ഉത്തരാഖണ്ഡിലുള്ള നിത്യാരാധന ചാപ്പലിൽ മൗനമായി പ്രാർത്ഥന നടത്തുന്നയാളാണ് അച്ചൻ എന്ന നിലയിലായിരുന്നു വിദേശ രാജ്യങ്ങളിൽ ലൂർദ്ദ് സ്വാമി അറിയപ്പെടുന്നത്്. വിദേശ മലയാളികളുമായി ബന്ധമുള്ള ഒരു കന്യാസ്ത്രീ മുഖാന്തിരമാണ് ഇയാൾ വിദേശമലയാളികൾക്കിടയിലെ വിവിധ ക്രൈസ്തവ ഗ്രൂപ്പുകളുമായി ബന്ധപ്പെടുന്നത്. ലൂർദ്ദ് സ്വാമിയോടൊപ്പം ഇവിടെ ഇരുപത്തിരണ്ട്് അച്ചന്മാർ നിത്യാരാധന നടത്തുന്നതായും ഇവർ ധരിപ്പിച്ചു. വിദേശമലയാളികൾക്കു വേണ്ടി ഇവർ പ്രേത്യേകം പ്രാർത്ഥനകൾ നടത്തുന്നുണ്ടെന്നും കന്യാസ്ത്രീ പ്രചരിപ്പിച്ചിരുന്നു.

സ്ഥലം വിൽപ്പന തടസ്സംമാറാൻ,ജോലി കിട്ടാൻ, വിസ കിട്ടാൻ, കുടുംബപ്രശ്നം മാറാൻ വേണ്ടിയുള്ള പ്രാർത്ഥനകളായിരുന്നു മുഖ്യം. അച്ഛനെ പ്രാർത്ഥനയ്ക്കായി വിളിച്ചവരെയെല്ലാം ആത്മീയ സ്വഭാവത്തോടെ സംസാരിച്ച് കൈയിലെടുത്തു. ഇതിനിടെയാണ് കേന്ദ്ര സർക്കാരിന്റെ പുതിയ വിദേശ നയം മൂലം വിദേശത്തുള്ള ബെനഡിക്ടൻ സന്യാസ ആശ്രമങ്ങൾക്ക് ഇന്ത്യയിലേക്ക് പണം അയക്കുവാൻ സാധിക്കുന്നില്ലെന്നും ഇതുമൂലം ലൂർദ്ദ് അച്ചനും മറ്റു സന്യാസിമാരും പട്ടിണിയിലാണന്നും പറഞ്ഞ് വിശ്വാസികൾക്ക് സന്ദേശമെത്തുന്നത്.

സഹായമെത്തിക്കാൻ ആശ്രമത്തിലെ ഇടയനാണന്ന് പറഞ്ഞ് വാകത്താനം സ്വദേശി രാജേഷിന്റെ ഫെഡറൽബാങ്ക് അക്കൗണ്ടും നൽകി.വിവരം അറിഞ്ഞ് വിളിച്ചവരോട് എല്ലാം ലൂർദ്ദ് അച്ചൻ തങ്ങളുടെ ദയനീയ സ്ഥിതി പറഞ്ഞു. അച്ഛനിൽ മുൻപേ തന്നെ വിശ്വാസം ജനിച്ചിരുന്ന വിശ്വാസികൾ തുടർന്ന് അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ അയച്ചു നൽകി. പണം അയച്ചവർക്കു വേണ്ടി പ്രത്യേകം പ്രാർത്ഥനകളും കുടുംബ വിശുദ്ധീകരണത്തിനായി ഗ്രിഗേറിയൻ കുർബാനകളും നിത്യാരാധനയും നടത്തുമെന്നും അച്ഛൻ പറഞ്ഞു. സ്വിറ്റ്സർലൻഡിൽ നിന്നും, അമേരിക്കയിൽ നിന്നുമുൾപ്പടെ നിരവധി വിശ്വാസികളാണ് അച്ഛൻ നൽകിയ രാജേഷിന്റെ അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ അയച്ചു നൽകിയത്.

അയക്കുന്ന പണം അപ്പോൾ തന്നെ പിൻവലിക്കുകയും ചെയ്തിരുന്നു. വീണ്ടും ആശ്രമത്തിന്റെ പേരിൽ പണം ആവശ്യപ്പെട്ട് സന്ദേശങ്ങൾ എത്തിയപ്പോൾ സംശയം തോന്നിയ വിശ്വാസികളിൽ ചിലർ ബാങ്ക് അക്കൗണ്ടിനെ പറ്റി അന്വേഷണം നടത്തിയപ്പോഴാണ് തട്ടിപ്പിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. 2018- മുതൽ ഈ അക്കൗണ്ടിലേക്ക് സംശയാസ്പദമായ രീതിയിൽ പണം എത്തുന്നതായി വിവരം ലഭിച്ചു. സംശയം തോന്നിയ വിശ്വാസികൾ ഉടൻ തന്നെ സഭയിൽ അന്വേഷണം നടത്തിയപ്പോൾ ഇങ്ങനെ ഉത്തരാഖണ്ഡിൽ ഒരു ആശ്രമമോ ഒരു അച്ഛനോ ഇല്ലെന്നായിരുന്നു വിവരം. താൻ ക്യാൻസർ രോഗബാധിതനാണന്നും വരുത്തി തീർത്ത് സ്വാമി ലക്ഷങ്ങൾ മേടിച്ചതായി വിവരം ലഭിച്ചു.

ഇവർ നടത്തിയ കൂടുതൽ അന്വേഷണത്തിലാണ് വാകത്താനം സ്വദേശിയായ രാജേഷാണ് ലൂർദ് സ്വാമിയെന്ന് വിവരം ലഭിച്ചത്. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകി. എന്നാൽ ഇതു സംബന്ധിച്ച അന്വേഷണം വേണ്ട വിധത്തിൽ നടത്താൻ പൊലീസ് തയാറായിട്ടില്ല. കോട്ടയം ജില്ലാ പൊലീസ് സൂപ്രണ്ടിനാണ് ഇ.മെയിൽ വഴി വിദേശത്തു നിന്ന് പരാതി നൽകിയത്. കൂടുതൽ അന്വേഷണത്തിനായി പരാതി വാകത്താനം, ചിങ്ങവനം സ്റ്റേഷനുകൾക്ക് കൈമാറി. എന്നാൽ ഒരു ബാങ്ക് അക്കൗണ്ട് അല്ലാതെ മറ്റു വിവരങ്ങളൊന്നും തങ്ങൾക്കു ലഭിച്ചിട്ടില്ലെന്ന വിവരമാണ് പൊലീസ് നൽകുന്നത്.

മുൻപ് വാകത്താനം പൊലീസ് പരിധിയിൽ താമസിച്ചിരുന്ന സമയത്തെ വിലാസത്തിന്റെ അടിസ്ഥാനത്തിലാണ് ഇതു എടുത്തിരിക്കുന്നത്. ഇപ്പോൾ ഈ സ്ഥലത്ത് ഇയാൾ താമസമില്ലെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ അക്കൗണ്ട് ഉടമ പണം പിൻവലിക്കുന്നത് എവിടെ നിന്നാണന്ന് ഉൾപ്പടെയുള്ള വിവരങ്ങൾ ലഭിക്കാൻ നിമിഷങ്ങൾ മതിയെന്നിരിക്കെയാണ് കേസ് മുടന്തൻ ന്യായങ്ങൾ പറഞ്ഞ് പൊലീസ് നീട്ടുന്നത്. സ്വാമിയെ വിദേശികൾക്ക് പരിചയപ്പെടുത്തികൊടുത്ത കന്യാസ്ത്രീയെക്കുറിച്ചും അന്വേഷണമില്ല.

മുൻപും ആൾദൈവങ്ങളും പുരോഹിതന്മാരും ചമഞ്ഞ് നിരവധി തട്ടിപ്പുകൾ സംസ്ഥാനത്ത് നടന്നിരുന്നു. കോട്ടയം ജില്ലയിലെ ഒരു ടാപ്പിങ് തൊഴിലാളി ഒരു രാത്രി വെളുക്കും മുൻപെ ആൾ ദൈവമായി മാറുകയായിരുന്നു എന്നാണ് ആരോപണം. കേരളത്തിലെ വിനോസ സഞ്ചാരകേന്ദ്രങ്ങളിലുൾപ്പടെ സ്ഥലം വാങ്ങി കൂട്ടിയ റാം റഹീം ഗുർമിത് സിങ്ങെന്ന ആൾ ദൈവം ഇപ്പോൾ പീഡനക്കേസിൽ ജയിലിനുള്ളിലാണ്. ഇയാൾ കേരളത്തിലെത്തുമ്പോൾ ഇസ്ലഡ് പ്ളസ് കാറ്റഗറി സുരക്ഷയാണ് നൽകിയിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP