Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കനത്ത പൊലീസ് സുരക്ഷയിൽ റംസാൻ നോമ്പുനോറ്റ് ഒറ്റയ്ക്ക് കഴിയും; പകൽ മുഴുവൻ മുറിയടച്ച് പ്രാർത്ഥന മാത്രം; ഇസ്‌ളാം മതം സ്വീകരിക്കാതെ മാതാപിതാക്കളോടും സംസാരിക്കില്ലെന്ന് വാശി; സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തുന്നതും തടഞ്ഞു; പുറത്ത് ഒരു ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അനേകം പൊലീസുകാരുടെ തോക്കേന്തിയ കടുത്ത കാവൽ; മാതാപിതാക്കൾക്ക് ഒപ്പം പോയ ഹാദിയയെ തേടി മറുനാടൻ ലേഖകൻ പോയപ്പോൾ

കനത്ത പൊലീസ് സുരക്ഷയിൽ റംസാൻ നോമ്പുനോറ്റ് ഒറ്റയ്ക്ക് കഴിയും; പകൽ മുഴുവൻ മുറിയടച്ച് പ്രാർത്ഥന മാത്രം; ഇസ്‌ളാം മതം സ്വീകരിക്കാതെ മാതാപിതാക്കളോടും സംസാരിക്കില്ലെന്ന് വാശി; സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തുന്നതും തടഞ്ഞു; പുറത്ത് ഒരു ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അനേകം പൊലീസുകാരുടെ തോക്കേന്തിയ കടുത്ത കാവൽ; മാതാപിതാക്കൾക്ക് ഒപ്പം പോയ ഹാദിയയെ തേടി മറുനാടൻ ലേഖകൻ പോയപ്പോൾ

അർജുൻ സി വനജ്

കൊച്ചി: കനത്ത പൊലീസ് സംരക്ഷണത്തിൽ വൈക്കം ടിവി പുരത്തെ വീട്ടിൽ റംമദാൻ വൃതം നോറ്റ് കഴിയുകയാണ് ഇസ്‌ളാം മതവിശ്വാസിയായി മാറിയ ഹാദിയ. ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം സായുധരായ പൊലീസുകാരാണ് വീടിനും വട്ടയിൽ പ്രദേശത്തിനും സുരക്ഷ ഒരുക്കിയിരിക്കുന്നത്. വീട്ടിലേക്ക് അടുത്ത ബന്ധുക്കൾക്ക് മാത്രമേ പൊലീസിന്റെ പരിശോധനകൾക്ക് ശേഷം പ്രവേശനമുള്ളൂ.

 

തന്നോട് സംസാരിക്കണമെങ്കിൽ ഇസ്ലാം മതം സ്വീകരിക്കണമെന്ന നിലപാടാണ് മാതാപിതാക്കളോടും ഹാദിയ എടുക്കുന്നത്. വീട്ടിൽ സന്ധ്യാസമയം നിലവിളക്ക് കൊളുത്തുന്നതും ഹാദിയ തടഞ്ഞു. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം എറണാകുളത്തെ ഹോസ്റ്റലിൽ താമസിപ്പിച്ച ഹാദിയയെ ഇരുപത്താറാം തിയതി ഉച്ചയോടെ മാതാപിതാക്കൾക്കൊപ്പം കനത്ത പൊലീസ് സംരക്ഷണത്തിലാണ് വീട്ടിലേക്ക് എത്തിച്ചത്.

വെള്ളിയാഴ്ച വീട്ടിലെത്തിച്ച ഹാദിയ വീട്ടുകാരോട് സംസാരിക്കാൻ തയ്യാറായില്ല. മുറിയുടെ കതക് അടച്ച് കുറ്റിയിട്ട് ഇരുന്നു. എന്നാൽ ശനിയാഴ്ച പുലർച്ചെ നാല് മണിക്ക് എഴുന്നേറ്റ് ആരേയും അറിയിക്കാതെ ഭക്ഷണം കഴിച്ചു. രാവിലെ പ്രഭാത ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ റംമദാൻ വൃതം ആരംഭിച്ചെന്നും, തന്നോട് ഇനി സംസാരിക്കാൻ വരേണ്ടെന്നുമായിരുന്നു മറുപടി.

തന്നോട് സംസാരിക്കണമെങ്കിൽ നിങ്ങളും ഇസ്ലാം മതത്തിലേക്ക് മാറണമെന്നും ഹാദിയ പറഞ്ഞതായി പിതാവ് അശോകൻ മറുനാടൻ മലയാളിയോട് പറഞ്ഞു. തുടർന്ന നോമ്പ് തുറക്കുന്ന സമയത്താണ് ഭക്ഷണം കഴിച്ചത്. ആദ്യദിനം വീട്ടുകാരോട് തീരെ സംസാരിക്കാൻ തയ്യാറാകാത്ത ഹാദിയയിൽ ഞാറാഴ്ച നേരിയമാറ്റം കണ്ടുതുടങ്ങി. പൊലീസിന്റെ ഭാഗത്ത് നിന്ന് എത്തിച്ച വനിത കൗൺസിലിംങ് ഉദ്യോഗസ്ഥയോട് പ്രത്യേകിച്ച് ഒന്നും സംസാരിക്കാൻ ഹാദിയ തയ്യാറായില്ല.

എന്നാൽ ഞാറാഴ്ച തൃപ്പൂണിത്തുറയിൽ നിന്ന് എത്തിയ കൗൺസിലേഴ്സിനോട് ഹാദിയ കുറച്ച് സമയം സംസാരിച്ചു. തനിക്ക് ഇസ്ലാം മതത്തിൽ തുടർന്നാൽ മതിയെന്നും, വിഗ്രഹ ആരാധനയോട് പൊരുത്തപ്പെടാൻ ആകില്ലെന്നും ഹാദിയ പറഞ്ഞു. പകൽ സമയങ്ങളിൽ റൂമിനുള്ളിൽ തന്നെ കഴിയുകയാണ് ഹാദിയ. ഇടയ്ക്ക് മാത്രം മുറിയിൽ നിന്ന് പുറത്തിറങ്ങും. റമദാൻ വൃതം ആരംഭിച്ച് എല്ലാ ദിവസവും മുടക്കം കൂടാതെ നോമ്പ് അനുഷ്ടിക്കുന്നുണ്ട്.

വീടിന് മുന്നിൽ ഡിജിപിയുടെ നിർദ്ദേശപ്രകാരം ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമാണ് വെള്ളിയാഴ്ച മുതൽ നിലയുറപ്പിച്ചിരിക്കുന്നത്. ഒരു ബസിലും രണ്ട് ജീപ്പുകളിലുമായി പൊലീസ് അശോകന്റെ വീട്ടിന് മുന്നിലുണ്ട്. അഞ്ച് ഡ്യൂട്ടി പോയിന്റുകളിലായി കോട്ടയം ക്യാമ്പിൽ നിന്നുള്ള പൊലീസുകാരാണ് സുരക്ഷ ഒരുക്കുന്നത്. ഡ്യൂട്ടിയിലുള്ള പൊലീസുകാർ തോക്കുൾപ്പടെയുള്ള സായുധ സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

വട്ടയിൽ ജംഗ്ഷൻ മുതൽ വീട് വരെയുള്ള പ്രദേശവും മറ്റ് പരിസര പ്രദേശങ്ങളും പൊലീസിന്റെ നിരീക്ഷണത്തിലാണ്. സദാസമയം ഒരു ജീപ്പ് പൊലീസ് പ്രദേശത്ത് റോന്ത് ചുറ്റുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാലും തടയാനുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നാണ് പൊലീസിൽ നിന്ന് നേരിട്ട് മനസ്സിലാക്കാൻ സാധിക്കുന്നത്.

വീട്ടുകാരുടെ അറിവോടെ, അശോകന്റെ വീട്ടിൽ ബന്ധുക്കളാണെന്ന നിലയിൽ മുറ്റത്ത് കയറിയെങ്കിലും, സംശയത്തെ തുടർന്ന് ഉടനെ പൊലീസ് തടയുകയായിരുന്നു. പിന്നീടുള്ള സുരക്ഷാ പരിശോധനയിൽ മാധ്യമപ്രവർത്തകരാണെന്ന് തെളിഞ്ഞതോടെ പ്രദേശത്ത് നിന്ന് ഉടനെ പോകണമെന്നും അല്ലാത്ത പക്ഷം കേസ് എടുക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി.

വീടിന്റെ ചിത്രങ്ങൾ എടുക്കുന്നത് തടഞ്ഞു. മതിൽക്കെട്ടിനുള്ളിൽ ഇടത്തരം ഒറ്റനിലവീടാണ് ഹാദിയയുടേത്. മതിൽക്കെട്ടിനുള്ളിൽ ചോർന്നൊലിക്കുന്ന രണ്ട് ടെന്റുകളിലായാണ് പൊലീസുകാർ കഴിയുന്നത്. ഇവർക്ക് പ്രാഥമിക കൃത്യം നിർവഹിക്കാനുള്ള സൗകര്യം പോലുമില്ലെന്നാണ് പൊലീസുകാരിൽ നിന്ന് ലഭിക്കുന്ന വിവരം. ടെന്റിൽ ലൈറ്റുകളില്ല. സുരക്ഷയൊരുക്കുന്ന പൊലീസുകാർക്ക് ഡെങ്കിപ്പനി പിടിപെടുന്ന സാഹചര്യമാണെന്ന് ഇവിടെയുള്ളതെന്ന് ചില പൊലീസുകാർ മറുനാടൻ മലയാളിയോട് രഹസ്യമായി പറഞ്ഞു.

അഖില ഹാദിയ ആയതിങ്ങനെ..

സേലത്ത് ഹോമിയോ ഡോക്ടറാകുവാൻ പഠിക്കുന്ന വൈക്കം സ്വദേശിനി അഖില, ഈഴവ സമുദായത്തിൽ പെട്ട അശോകൻ-പൊന്നമ്മ ദമ്പതികളുടെ ഏക മകളാണ്. അശോകൻ ദൈവവിശ്വാസിയല്ല. മാതാവ് പൊന്നമ്മ മത വിശ്വാസങ്ങളും ആചാരങ്ങളും പിന്തുടരുന്നയാളും. സേലത്തെ ഹോസ്റ്റലിലെ ഭക്ഷണം മോശമായതിനാൽ അഖില പുറത്ത് മറ്റൊരു വീട്ടിൽ കൂടെ പഠിക്കുന്ന നാല് കൂട്ടുകാരുടെ കൂടെ താമസം തുടങ്ങുന്നു. അതിൽ ജസീന, ഫസീന എന്ന പെരിന്തൽമണ്ണ സ്വദേശികളായ കൂട്ടുകാരികളും ആയിട്ടായിരുന്നു അഖിലക്ക് കൂടുതൽ അടുപ്പം. അവരുടെ കൃത്യ സമയത്തുള്ള പ്രാർത്ഥനകൾ, വിശ്വാസത്തോടുള്ള കൂറ് എന്നിവ അഖിലയെ സ്വാധീനിക്കാൻ തുടങ്ങി. അതിനാൽ തന്നെ അവരോട് ഇസ്ലാം മതത്തെ കുറിച്ച് ചോദിക്കുന്ന പതിവ് അഖിലയും ആരംഭിച്ചു.

കോളേജിൽ നിന്നും തിരിച്ചു വരുന്ന സമയത്ത് അഖില ജസീന-ഫസീന സഹോദരിമാരുടെ വീട്ടിൽ പോവുന്നത് പതിവാക്കി. വീട്ടിൽ വച്ച് തന്റെ ഇസ്ലാം മതത്തോടുള്ള ആകർഷണം പങ്കു വച്ചതോടെ ജസീനയുടെ പിതാവ് അബൂബക്കർ അഖിലയ്ക്ക് ഇസ്ലാം മതത്തെ കുറിച്ച് പഠിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുത്തു. പഠനത്തിന്റെ അവസാന വർഷം എത്തിയപ്പോൾ അഖില ഇസ്ലാമിക വിശ്വാസം മനസ്സുകൊണ്ട് സ്വീകരിച്ചു എന്നു തന്നെ പറയാം. ഒരിക്കൽ വൈക്കത്തുള്ള അവളുടെ വീട്ടിൽ വച്ച് ഇസ്ലാമിക മുറപ്രകാരം നമസ്‌കാരം നിർവഹിച്ചിരുന്നു. അന്ന് അശോകൻ മകളെ ശകാരിച്ചു.

ഇസ്ലാമിലേക്ക് കൂടുതൽ അടുത്ത അഖില പിന്നീട് പെരിന്തൽമണ്ണയിൽ നിന്ന് സേലത്ത് പോയപ്പോൾ ഇസ്ലാമിക രീതി പ്രകരം തല തട്ടമിട്ടു പൂർണ്ണമായും മറച്ചു. ഇത് കണ്ട അഖിലയുടെ ഹിന്ദു കൂട്ടുകാരികളിൽ ഒരാൾ അശോകനെ വിളിച്ചു വിവരം പറഞ്ഞു. അന്ന് രാത്രി അഖിലയുടെ അമ്മ അവളെ വിളിക്കുകയും അച്ഛൻ ഒരു അപകടത്തിൽ പെട്ട് ആശുപത്രിയിൽ ആണ് എന്നും, ഉടൻ വരണം എന്നും അവളോട് പറഞ്ഞു. എന്നാൽ അത് വിശ്വസിക്കാൻ കൂട്ടാക്കാതിരുന്ന അഖില നേരെ പെരിന്തൽമണ്ണയിലെ കൂട്ടുകാരുടെ വീട്ടിലേക്കാണ് പോയത്.

വീട്ടിലേക്ക് വരികയോ ബന്ധപ്പെടുകയോ ചെയ്യാത്ത അവസരത്തിൽ മകളെ കാണാനില്ല എന്ന് പറഞ്ഞു അശോകൻ 2016 ജനുവരി ആറിന് പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകി. പരാതി പ്രകാരം ജസീനയുടെ പിതാവ് അബൂബക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പക്ഷെ അഖിലയെ കണ്ടുകിട്ടാത്തത് കാരണം പിതാവ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തു. ജനുവരി പതിനാലാം തിയതി അഖിലയെ കണ്ടെത്താൻ കോടതി ഉത്തരവിടുകയും ചെയ്തു.

അതേസമയം അഖിലയെ മതം പഠിപ്പിക്കാൻ അബൂബക്കർ തർബിയതുൽ ഇസ്ലാം സഭയിൽ കൊണ്ട് പോയി എങ്കിലും പെൺകുട്ടി ആയതിനാൽ അവരുടെ മാതാപിതാക്കളുടെ അനുമതി വേണം എന്ന് പറഞ്ഞു അവർ മടക്കി. തുടർന്ന് മഞ്ചേരിയിൽ സത്യസരണി എന്ന മത പഠന കേന്ദ്രത്തിൽ അഖിലയെ കൊണ്ട് ചെന്നു എങ്കിലും ആരുടെ പ്രേരണയോ, നിർബന്ധമോ ഇല്ലാതെ മതം മാറി എന്ന് തെളിയിക്കുന്ന നോട്ടറി അറ്റസ്റ്റ് ചെയ്ത സത്യവാങ്ങ്മൂലം വേണം എന്ന് പറഞ്ഞു അവർ മടക്കി. തുടർന്ന് ഈ രേഖ സംഘടിപ്പിച്ചു അഖില സത്യസരണിയിൽ ചേർന്നു. സത്യസരണിക്കാർ അഖിലയെ സംരക്ഷിക്കാൻ സൈനബ എന്ന സ്ത്രീയെ ഏൽപിച്ചു. എസ്ഡിപിഐയുടെ വനിതാ വിഭാഗം ദേശീയ പ്രസിഡന്റാണ് സൈനബ.

കോടതി നടപടികൾ ഇങ്ങനെ..

മതം മാറിയെന്ന പേരിൽ തന്നെ പൊലീസ് ശല്യംചെയ്യുന്നു ചെയ്യുന്നു എന്നുപറഞ്ഞു കോടതിയിൽ റിട്ട് ഹർജി കൊടുക്കാൻ 2016 ജനുവരിയിൽ കോടതിയിൽ ഹാദിയ എത്തിയപ്പോഴാണ്, ഹേബിയസ് കോർപ്പസ് ഫയൽ ചെയ്ത വിവരം അറിയുന്നത്. താൻ കൂട്ടുകാരികളുടെ മതാചാരം കണ്ടു ആകൃഷ്ടയായി മതം മാറിയതാണ് എന്നും, താനിപ്പോൾ മുസ്ലിമാണെന്നും അവൾ സത്യവാങ്മൂലം നൽകി. ജനുവരി 25 ന് അശോകന്റെ ഹർജി ഡിസ്പോസ് ചെയ്തു കൊണ്ട് പ്രായപൂർത്തിയായ മകൾക്ക് അവളുടെ വിശ്വാസവും താമസ സ്ഥലവും തിരഞ്ഞെടുക്കാൻ അവസരം ഉണ്ട് എന്ന് വിധി പ്രസ്താവിച്ചു. സത്യസരണിയിൽ പോവാൻ ഉള്ള അനുമതിയും കോടതി നൽകി. അതോടൊപ്പം മാതാവിനും പിതാവിനും അവളെ സന്ദർശിക്കാൻ ഉള്ള അനുമതിയും കോടതി നൽകുകയുണ്ടായി.

തുടർന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റ് 14 ന് അഖിലയുടെ പിതാവ് തന്റെ മകളെ വിദേശത്തേക്ക് കടത്താൻ സാധ്യതയുണ്ടെന്ന് പറഞ്ഞു റിട്ട് പെറ്റീഷൻ ഫയൽ ചെയ്തു. ഓഗസ്റ്റ് 22ആം തിയതി കേസ് വിളിച്ചപ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ ഹാദിയയെ എങ്ങോട്ടോ മാറ്റിയെന്ന് അശോകന്റെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. തുടർന്ന് 25 ആം തിയതിയിലേക്ക് മാറ്റിയ കേസിൽ സൈനബയുമൊത്താണ് അഖിലെ കോടതിയിൽ വന്നത്. അഖിലക്ക് വേണ്ടി അഡ്വ. പി സഞ്ജയ് ഹാജരായി. കോടതി അഖിലയോട് മാതാപിതാക്കളുടെ കൂടെ പോകാൻ പറഞ്ഞെങ്കിലും അവൾ സൈനബയുടെ കൂടെ പോകാൻ ആണ് താൽപര്യമെന്ന് അറിയിച്ചു.

എന്നാൽ സൈനബയുടെ കൂടെ, ഹാദിയ ഒരുമാസം ഒളിവിലായിരുന്നു എന്ന കാരണത്താൽ കോടതി അത് അനുവദിച്ചില്ല. തുടർ ഉത്തരവുകൾ വരുന്നത് വരെ പിതാവിന്റെ ചെലവിൽ അവളെ ഹോസ്റ്റലിൽ താമസിപ്പിക്കാൻ കോടതി താൽക്കാലിക ഉത്തരവിട്ടു. 2016 സെപ്റ്റംബർ 29ന് കേസ് വീണ്ടും പരിഗണിച്ചപ്പോൾ കഴിഞ്ഞ ഒരുമാസത്തിൽ അധികമായി താൻ കോടതിയുടെ തടവിൽ ആയിരുന്നുവെന്നും മാതാപിതാക്കളുടെ കൂടെ പോകാൻ തയ്യാറല്ല എന്നും ഹാദിയ പറഞ്ഞതോടെ സൈനബയുടെ കൂടെ പോകാൻ കോടതി ഉത്തരവിടുകയായിരുന്നു.

തുടർന്ന് നവംബർ 14ന് കേസ് വീണ്ടും പരിഗണനയിൽ വന്നപ്പോൾ ഹാദിയയ്ക്ക് വേണ്ടി ഹാജരായ അഡ്വ. എസ് ശ്രീകുമാർ, ഹോമിയോ ഡോക്ടർ പഠനം പൂർത്തിയായിട്ടില്ല എന്നും അതിനാൽ തന്നെ അവളുടെ ഭാവി ആശങ്കയിലാണെന്നും കോടതിയെ ബോധിപ്പിച്ചു. അവൾക്ക് മതിയായ വരുമാനം ഉണ്ടെന്ന് അഭിഭാഷകൻ പറഞ്ഞതോടെ ഏതെങ്കിലും സംഘടനയുടെ സഹായം ഉണ്ടോയെന്ന് കോടതി സംശയം പ്രകടിപ്പിച്ചു. തുടർന്ന് സൈനബയുടെ വരുമാനം തെളിയിക്കാൻ ആവശ്യമായ രേഖകൾ സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു.

പിതാവ് അശോകൻ തന്റെ മകളുടെ പഠനം തുടരാൻ ആവശ്യമായ ചെലവ് വഹിക്കാം എന്ന് പറഞ്ഞതോടെ, സൈനബയിൽ അവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് കഴിഞ്ഞ ഡിസംബർ 19ന്് കോടതി മറ്റൊരു ഇടക്കാല ഉത്തരവിട്ടു. അഡ്വ. എസ് ശ്രീകുമാർ ഉൾപ്പടെയുള്ളവർ കൂടെപോയി അഖിലയെ കോളേജിൽ ചേർക്കാനായിരുന്നു ഉത്തരവ്. തുടർന്ന് കേസ് ഡിസംബർ 21 ആം തിയതിയിലേക്ക് തുടർ വാദങ്ങൾക്കായി മാറ്റിവച്ചു.

എന്നാൽ 2016 ഡിസംബർ 21ന് അഖില ഹാജരായത് ഷഫിൻ ജഹാന്റെ കൂടെയാണ്. ഷഫീൻ ഭർത്താവ് ആണെന്നും കോടതിയെ ബോധിപ്പിച്ചു, പുത്തൂർ ജമാ മസ്ജിദ് ഖാളിയാണ് വിവാഹം നടത്തി നൽകിയത് എന്നും, 2016 ഡിസംബർ 19ന് ആയിരുന്നു വിവാഹം എന്നും അഭിഭാഷകൻ വ്യക്തമാക്കി. ഹാദിയയുടെയും, ഭർത്താവ് ഷഫീൻ ജഹാന്റെയും ബന്ധുക്കൾ വിവാഹത്തിൽ പങ്കെടുത്തിരുന്നു എന്നും അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു.

വിവാഹം തെളിയിക്കുന്ന രേഖകൾ കോടതിയിൽ സമർപ്പിച്ചു. എന്നാൽ ഈ വിവാഹത്തിൽ കോടതി അവിശ്വാസം പ്രകടിപ്പിച്ചു. കാര്യം നേടാൻ വേണ്ടി ഉണ്ടാക്കിയ തട്ടിപ്പ് പരിപാടിയിൽ കോടതി അത്ഭുതപ്പെട്ടു എന്നാണ് ഇത് സംബന്ധിച്ച് വിധിയിലെ നിരീക്ഷണം. 'അഖിലയെ കോളേജിൽ ചേർക്കാം എന്ന ഉത്തരവ് ഉണ്ടായ അതേ ദിവസമാണ് ഈ വിവാഹം നടന്നത്' എന്നുള്ളത് അത്ഭുതമാണെന്നും കോടതി പറഞ്ഞു. കോടതി കസ്റ്റഡിയിൽ ഏൽപ്പിച്ച ആളുടെ വിവാഹം കോടതി അറിയാതെ നടത്തി എന്ന് സാരം. അതായത് രേഖകൾ വഴി ഉണ്ടാക്കിയ ഒരു വിവാഹം മാത്രമാണ് ഇതെന്നാണ് കോടതിയുടെ നിരീക്ഷണം.

അതുവരെ നടന്ന എല്ലാ വാദങ്ങൾക്കും വിരുദ്ധമായ, ഒരു മാറ്റം ഉരുത്തിരിഞ്ഞതോടെ കോടതിയുടെ നിലപാട് മാറി. വിവാഹത്തിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ അന്വേഷിക്കാൻ പെരിന്തൽമണ്ണ ഡിവൈഎസ്‌പി ക്ക് കോടതി നിർദ്ദേശം നൽകി. ഒപ്പം അഖിലയുടെ പിതാവ് അശോകന്റെ വാദങ്ങൾ മുഖവിലയ്ക്ക് എടുക്കാൻ തീരുമാനിച്ചു. തന്റെ മകളെ നിരോധിത സംഘടനകൾ വിദേശത്തേക്ക് കടത്താൻ ശ്രമിക്കുന്നു എന്ന ആരോപണത്തെ കോടതി പരിഗണിച്ചു. അതിനാൽ തന്നെ ഈ വിഷയത്തിൽ തുടർ ഉത്തരവ് ഉണ്ടാകുന്നത് വരെ അഖിലയെ എറണാകുളം എസ്.എൻ.വി സദനത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ സംരക്ഷിക്കാനും, അവളുമായി ആരും ബന്ധപ്പെടുകയോ, മൊബൈൽ ഫോൺ നൽകുകയോ ചെയ്യാൻ പാടില്ല എന്നും ഉത്തരവിട്ടു. തുടർന്നാണ് വീട്ടിലേക്ക് മാറ്റാനായി ഉത്തരവ് വന്നത്.

കോടതിയുടെ നിരീക്ഷണങ്ങൾ ഇങ്ങനെ..

അഖിലയെ സംരക്ഷിക്കും എന്ന് കരുതി കോടതി ഏൽപ്പിച്ച സൈനബയുടെ വീട്ടിൽ വച്ചാണ് ഈ വിവാഹം നടന്നത് എന്നത് കോടതിയെ ശരിക്കും ഞെട്ടിച്ചു. വൈക്കം സ്വദേശിയായ അഖില കോട്ടക്കൽ സ്വദേശിയായ സൈനബയുടെ വീട്ടിൽ താമസിച്ചു കൊല്ലം സ്വദേശിയായ ഷഫീൻ ജഹാനെ വിവാഹം ചെയ്യുന്നു. അതും പെട്ടന്നാണ് സംഭവങ്ങൾക്ക് ഇങ്ങനെ ഒരു ട്വിസ്റ്റ് വരുന്നത്. ഈ ലിങ്കുകൾ പൂർണ്ണമായും കോടതി പരിശോധിച്ചു. ഷഫീൻ ആരാണ് എന്നും കോടതി അന്വേഷിച്ചു.

ഷഫീനെ കുറിച്ച് കോടതിയുടെ നിരീഷണം ഇതാണ്. ഫേസ്‌ബുക്കിൽ വളരെ സജീവമായ ഷഫീൻ പക്ഷേ തന്റെ ജീവിതത്തിലെ പ്രധാന സംഭവമായ വിവാഹത്തെ കുറിച്ച് ഫേസ്‌ബുക്കിൽ യാതൊന്നും രേഖപ്പെടുത്തിയിട്ടില്ല. കോടതി വിധി വന്നപ്പോളാണ് വിവാഹ പോസ്റ്റ് പൊടുന്നനെ പ്രത്യേക്ഷപ്പെട്ടത്. ക്രിമിനൽ കേസിൽ പ്രതിയായ ഷഫീൻ ജഹാൻ എസ്.ഡി.പി.ഐ യുടെ ഒരു സജീവ പ്രവർത്തകൻ ആണ്. എസ്.ഡി.പി.ഐ കേരളം എന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്‌മിനാണ് ഇയാൾ. നേരത്തെ ബംഗളൂരുവിൽ നിന്നും ഐഎസ് ബന്ധത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പട്ട വ്യക്തി ഉൾപ്പെട്ട മറ്റൊരു ഗ്രൂപ്പിലും ഷഫീൻ അംഗമാണ് എന്ന് കോടതി മറ്റൊരു സ്ഥലത്ത് നിരീക്ഷിക്കുന്നു.

കോടതിയുടെ മറ്റൊരു നിരീക്ഷണം ഷഫീന് ജോലിയൊന്നും ഇല്ല എന്നാണ്. (പക്ഷെ എങ്ങിനെ ഇതിനൊക്കെ പണം കിട്ടുന്നു എന്ന ചോദ്യം സംഘടനാ ബന്ധങ്ങളിലെക്ക് വിരൽ ചൂണ്ടുന്നതായി കോടതി മറ്റൊരു സ്ഥലത്ത് പറയുന്നുണ്ട്. ഇതിനോടൊപ്പം അഖില ആദ്യം സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ അവളുടെ പേർ ആസ്യ എന്നായിരുന്നു, പിന്നെ വേറൊരു സത്യവാങ്ങ്മൂലത്തിൽ നൽകിയപ്പോൾ ആദിയ എന്നായി, അവസാനം സത്യവാങ്ങ്മൂലത്തിൽ നൽകിയ ഹാദിയ എന്നായി . അതിനാൽ സ്വന്തം പേര് തന്നെ എന്താണ് എന്ന് ഉറപ്പിക്കാത്ത ഒരാൾക്ക് തീരുമാനങ്ങൾ എടുക്കാൻ ഉള്ള ശേഷി ഉണ്ടാവുമോ എന്ന് തന്നെ കോടതി സംശയം പ്രകടിപ്പിക്കുന്നു. പിതൃതുല്യമായ ഉത്തരവാദിത്തം കോടതി സ്വയം ഏറ്റെടുത്ത് നൽകിയ വിധിയാണ് ഇതെന്നും വിധിപകർപ്പിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP