Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202128Sunday

നേർച്ചയായി കിട്ടുന്ന സ്വർണ്ണങ്ങൾ പോലും സ്റ്റേക്ക് രജിസ്റ്ററിലില്ല; പള്ളിയുടെ പണം എടുത്ത് വട്ടിപ്പലിശക്ക് കൊടുക്കുന്ന കൈക്കാരനും; ഓഡിറ്റർമാർ തട്ടിപ്പ് കണ്ടുപിടിച്ചിട്ടും കുലുക്കമില്ലാതെ പുരോഹിതൻ; വെരൂർ സെന്റ് ജോസഫ് പള്ളിയിൽ കാലങ്ങളായി ക്രമക്കേടെന്ന് ഓഡിറ്റർമാർ; കാനോൻ നിയമവും കാറ്റിൽ പറത്തി പള്ളികളിൽ നടക്കുന്ന തട്ടിപ്പിന്റെ തെളിവുകൾ ഇതാ

നേർച്ചയായി കിട്ടുന്ന സ്വർണ്ണങ്ങൾ പോലും സ്റ്റേക്ക് രജിസ്റ്ററിലില്ല; പള്ളിയുടെ പണം എടുത്ത് വട്ടിപ്പലിശക്ക് കൊടുക്കുന്ന കൈക്കാരനും; ഓഡിറ്റർമാർ തട്ടിപ്പ് കണ്ടുപിടിച്ചിട്ടും കുലുക്കമില്ലാതെ പുരോഹിതൻ; വെരൂർ സെന്റ് ജോസഫ് പള്ളിയിൽ കാലങ്ങളായി ക്രമക്കേടെന്ന് ഓഡിറ്റർമാർ; കാനോൻ നിയമവും കാറ്റിൽ പറത്തി പള്ളികളിൽ നടക്കുന്ന തട്ടിപ്പിന്റെ തെളിവുകൾ ഇതാ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പലവിഭാ​ഗങ്ങളിലായി കേരളത്തിൽ 50 ലക്ഷത്തോളം ക്രൈസ്തവർ ഉണ്ടെന്നാണ് കണക്ക്. ആയിരക്കണക്കിന് പള്ളികളാണ് ഈ വിശ്വാസികൾക്കായി കേരളത്തിലുള്ളത്. സീറോ മലബാർ സഭക്ക് മാത്രം 3224 ഇടവകകളാണുള്ളത്. കത്തോലിക്കാ സഭയിലെ ഏറ്റവും ചെറിയ സഭയായ മലങ്കരസഭക്ക് 1096 ഇടവകകൾ ഉണ്ട്. ഇടവകകൾ പ്രവർത്തിക്കുന്നത് പാരീഷ് കൗൺസിലിന്റെയും മറ്റും നിയന്ത്രണത്തിലാണ്. ഇടവകകളിലെ പ്രധാന വരുമാനം നേർച്ചപ്പണമാണ്. ശതകോടികളുടെ ആസ്തിയാണ് ഇടവകകൾക്കുള്ളത്. ഇതിനാകട്ടെ കൃത്യമായ കണക്കുകളും ഇല്ല. രൂപതകളിലെ പണത്തിന് കണക്കും ഓഡിറ്റിം​ഗും കൃത്യമായി ഉണ്ടെങ്കിലും ഇടവകകളിൽ കാര്യങ്ങൾ അങ്ങനെയല്ല. മഹാഭൂരിപക്ഷം വരുന്ന വൈ​ദികരും കാര്യങ്ങൾ കൃത്യമായി ചെയ്യുമ്പോൾ ഇടവകകളിലെ പണം അടിച്ചുമാറ്റുന്ന പുരോഹിതന്മാരും കുറവല്ല. അത്തരം ഒരു സംഭവമാണ് ചങ്ങനാശ്ശേരി രൂപതയിലെ വെരൂർ സെന്റ് ജോസഫ് ചർച്ച് ഇടവകയിൽ കോടതി കയറിയിരിക്കുന്നത്. ലക്ഷങ്ങളുടെ വെട്ടിപ്പാണ് ഇവിടെ ഓഡിറ്റർമാർ കണ്ടെത്തിയിരിക്കുന്നത്.

ചങ്ങനാശ്ശേരി രൂപതയിലെ വെരൂർ സെന്റ് ജോസഫ് ചർച്ച്. ചങ്ങനാശ്ശേരിയിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെയാണ് ഏക​ദേശം 1,100 വിശ്വാസികളുള്ള ഇടവകയാണ് വെരൂർ. രണ്ടുപേരെയാണ് പൊതുയോ​ഗം 2018-19 സാമ്പത്തിക വർഷം ഓഡിറ്ററായി നിയമിച്ചത്- സോജപ്പൻ മാത്യുവിനെയും ജോസഫ് കൈനിക്കരയേയും. റിട്ടയേർഡ് നേവി ഓഫീസറാണ് സോജപ്പൻ മാത്യു. പഞ്ചായത്ത് വകുപ്പിൽ നിന്നും വിരമിച്ചയാളാണ് ജോസഫ് കൈനിക്കര. വിദേശ രാജ്യങ്ങളിൽ ഓഡിറ്ററായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇരുവരും കണക്ക് പരിശോധിച്ച് തുടങ്ങിയതോടെയാണ് നേരാംവണ്ണം സ്റ്റോക്ക് രജിസ്റ്റർ പോലും ഇവിടെയില്ലെന്ന് അവർ കണ്ടെത്തിയത്.

കാനോൻ നിയമം അനുസരിച്ച് ചുമതല ഏൽക്കുന്ന വൈദികൻ സ്റ്റേക്ക് രജിസ്റ്റർ കണ്ട് ബോധ്യപ്പെട്ട് അതിൽ ഒപ്പുവെക്കണം. എന്നാൽ, 2013ന് ശേഷം പള്ളിയിലെ സ്റ്റോക്ക് രജിസ്റ്റർ ആരെങ്കിലും കാണുകയോ ഒപ്പ് വെക്കുകയോ ചെയ്തിട്ടില്ല. ഒരു വൈ​ദികൻ 2014ൽ വന്നിട്ട് 2017 ൽ പോയി. അ​​ദ്ദേഹത്തിന്റെ പേര് പോലും സ്റ്റോക്ക് രജിസ്റ്ററിൽ ഇല്ല. 2018ൽ ഒരു വിശ്വാസി പെരുന്നാളിന് സംഭാവനയായി സ്വർണവള നൽകിയിരുന്നു. സംഭാവന നൽകിയതിന്റെ രസീത് കണ്ട് ഓഡിറ്റർമാർ സ്റ്റോക്ക് രജിസ്റ്റർ പരിശോധിച്ചപ്പോഴാണ് വള സ്റ്റോക്ക് രജിസ്റ്ററിൽ ഇല്ലെന്നും 2013ന് ശേഷം ആരും ഈ രജിസ്റ്റർ കണ്ട് ബോധ്യപ്പെട്ടിട്ടില്ലെന്നും ഓഡിറ്റർമാർ മനസ്സിലാക്കുന്നത്.

ഇത് ഇടവക വികാരിയായ തോമസ് പ്ലാംപറമ്പിലിനെ ഓഡിറ്റർമാർ ബോധ്യപ്പെടുത്തി. എന്നാൽ, വൈദികന്റെ പെരുമാറ്റം വിചിത്രമായിരുന്നു. 25 കൊല്ലമായി ഈ ളോ​​ഹയിടാൻ തുടങ്ങിയിട്ടെന്നും നിയമം ഒന്നും ഇങ്ങോട്ട് പഠിപ്പിക്കേണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പട്ടാള നിയമമൊന്നും ഇവിടെ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ അച്ചൻ തന്നെ നടത്തിയ നിർമ്മാണ പ്രവർത്തനത്തിന്റെ ക്വട്ടേഷനിലും ഓഡിറ്റർമാർ ക്രമക്കേട് കണ്ടെത്തി. ആരും ഒപ്പ് വെക്കാത്തതായിരുന്നു ക്വട്ടേഷൻ. അത് ചൂണ്ടിക്കാട്ടിയതോടെ മറ്റൊരു ക്വട്ടേഷൻ തയ്യാറാക്കി അഞ്ചുപേർ ഓഡിറ്റർമാർക്ക് നൽകി. ആദ്യ ക്വട്ടേഷനെക്കാൾ തുക കൂട്ടിയായിരുന്നു ഇത് തയ്യാറാക്കിയത്. കൂടുതൽ പരിശോധന നടത്തിയതോടെ കൂടുതൽ ക്രമക്കേടുകൾ ഓഡിറ്റർമാർ കണ്ടെത്തി.

ഓഡിറ്റർമാർ പതിമൂന്നോളം പേജ് വരുന്ന വിയോജന റിപ്പോർട്ട് തയ്യാറാക്കി. നിയമപ്രകാരം പൊതുയോ​ഗമാണ് ഓഡിറ്റ് റിപ്പോർട്ട് പാസാക്കേണ്ടത്. എന്നാൽ, ഫാ. തോമസ് പ്ലാംപറമ്പിൽ ഈ റിപ്പോർട്ട് പാരിഷ് കൗൺസിലിൽ അവതരിപ്പിച്ചു. റിപ്പോർട്ട് പൂർണമായും വായിക്കാതെ പാരിഷ് കൗൺസിലിൽ റിപ്പോർട്ട് പാസാക്കുകയായിരുന്നു. അന്നത്തെ പാരിഷ് കൗൺസിൽ അം​ഗങ്ങളിൽ ചിലരും ഓഡിറ്റർമാരും ചേർന്ന് ആർച്ച് ബിഷപ്പിന് പരാതി നൽകി. പൊതുയോ​ഗം വിളിക്കാൻ ആവശ്യപ്പെട്ടെങ്കിലും വൈദികൻ അതിനും തയ്യാറായില്ല. പൊതുയോ​ഗം വിളിച്ചില്ലെങ്കിൽ കോടതിയിൽ പോകുമെന്ന് കാട്ടി കത്തയച്ചിട്ടും വൈദികന്റെ ഭാ​ഗത്ത് നിന്നും മറുപടി ഉണ്ടായില്ല.

ഒടുവിൽ 2019ൽ മൂന്ന് പാരിഷ് കൗൺസിൽ അം​ഗങ്ങൾ ഉൾപ്പെടെ ഒമ്പത് പേർ ചേർന്ന് കോടതിയെ സമീപിച്ചു. കോട്ടയം സബ് കോടതിയിലാണ് ഇവർ ​കേസ് കൊടുത്തത്. അതിന് ശേഷം അതിരൂപതയിൽ ഇവരെ ചർച്ചക്ക് വിളിച്ചു. സൺഡേ സ്കൂളിൽ നിന്നും രണ്ട് ലക്ഷത്തി അയ്യായിരം രൂപ എടുത്തിട്ട് അതിനും കണക്കില്ല. അത് വികാരിയച്ചൻ പറഞ്ഞിട്ട് കൈക്കാരൻ ചെലവാക്കുകയായിരുന്നു. കൈക്കാരൻ ഇത് ബ്ലേഡിന് കൊടുക്കുകയായിരുന്നു. ഇതെല്ലാം ചർച്ചയിൽ ഇവർ ഉന്നയിച്ചു. എന്നാൽ ചർച്ചയിലും സഭാ നേതൃത്വം വൈദികനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അതോടെ ചർച്ച അലസുകയായിരുന്നു.

ഇതിനിടയിൽ കേസ് പിൻവലിക്കാൻ പല മധ്യസ്ഥ ശ്രമങ്ങളും നടന്നു. സഭയുടെ ഓഡിറ്റർ തങ്ങളുടെ സാന്നിധ്യത്തിൽ കണക്കുകൾ പരിശോധിക്കാനും കണക്കുകൾ എല്ലാം ശരിയാണെങ്കിൽ കേസ് ഇടവക ജനത്തോട് മാപ്പ് പറയാനും തങ്ങൾ തയ്യാറാണെന്ന് പരാതിക്കാർ നിലപാടെടുത്തു. എന്നാൽ, ആദ്യം കേസ് പിൻവലിക്കട്ടെ, പിന്നീടാകാം പരിശോധന എന്നായിരുന്നു വൈദികന്റെ നിലപാട്. ഇതോടെ, മധ്യസ്ഥ ശ്രമങ്ങളും നിലച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP