Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202207Friday

പന്ത്രണ്ടാം വയസ്സിൽ ഒളിമ്പ്യൻ ശങ്കർ എന്ന മെയിൽ ഐഡിയുണ്ടാക്കിയ കൊച്ചു പയ്യൻ; എംബിബിഎസിന് അഡ്‌മിഷൻ കിട്ടിയിട്ടും അത്‌ലറ്റിക്‌സിന് വേണ്ടി ഹിസ്റ്ററിയിലേക്ക് മാറിയ അമ്മ; എൻജിനിയറിങ് വേണ്ടെന്ന് വച്ച് മുമ്പോട്ട് കുതിച്ച മകനും; താങ്ങും തണലുമായത് സാഫിലെ താരം അച്ഛനും; കുടുംബത്തിന് വേണ്ടി ഡോക്ടറാകാൻ പഠിക്കുന്ന മകൾ; ശ്രീശങ്കറിന്റെ ചാട്ടത്തിന് പിന്നിലെ കുടുംബ കഥ

പന്ത്രണ്ടാം വയസ്സിൽ ഒളിമ്പ്യൻ ശങ്കർ എന്ന മെയിൽ ഐഡിയുണ്ടാക്കിയ കൊച്ചു പയ്യൻ; എംബിബിഎസിന് അഡ്‌മിഷൻ കിട്ടിയിട്ടും അത്‌ലറ്റിക്‌സിന് വേണ്ടി ഹിസ്റ്ററിയിലേക്ക് മാറിയ അമ്മ; എൻജിനിയറിങ് വേണ്ടെന്ന് വച്ച് മുമ്പോട്ട് കുതിച്ച മകനും; താങ്ങും തണലുമായത് സാഫിലെ താരം അച്ഛനും; കുടുംബത്തിന് വേണ്ടി ഡോക്ടറാകാൻ പഠിക്കുന്ന മകൾ; ശ്രീശങ്കറിന്റെ ചാട്ടത്തിന് പിന്നിലെ കുടുംബ കഥ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ഒളിംപ്യൻ എന്നറിയപ്പെടാൻ ആഗ്രഹിച്ചത് പന്ത്രണ്ടാം വയസിൽ. പരിശ്രമത്തിന്റെ ആദ്യ പടിയായി ഒരു ഇമെയിൽ ഉണ്ടാക്കി. ഇമെയിൽ വിലാസത്തിൽ ഒളിമ്പ്യൻ ശങ്കർ എന്ന് പേരും നൽകി. തുടർന്നിങ്ങോട് ഒളിമ്പിയൻ ആകാനുള്ള പരിശ്രമം. പാലക്കാട് യാക്കര സ്വദേശി ശ്രീശങ്കർ. ഒളിംപിക്സ് ജീവനായി കാണുന്ന ശ്രീശങ്കർ. ഒളിമ്പിക്‌സിൽ മെഡൽ നേടാനുള്ള കരുത്ത് അവന്റെ ചാട്ടത്തിലുണ്ടായിരുന്നു. എന്നിട്ടും അന്താരാഷ്ട്ര മത്സര സമ്മർദ്ദം വിനായായി. എന്നാൽ കോമൺവെൽത്തിൽ ചാട്ടം പിഴച്ചില്ല. വെള്ളി നേടുകയാണ്. അതും സ്വർണ്ണത്തിന്റെ കരുത്തുള്ള വെള്ളി. ഈ മെഡൽ നേട്ടം ശ്രീങ്കറിന് കരുത്താകും. അടുത്ത ഒളിമ്പിക്‌സിൽ പിഴക്കാത്ത ചാട്ടത്തിനായി ഇനി കാത്തിരിക്കാം.

ഒളിമ്പ്യൻ ശങ്കർ മെയിൽ വിലാസം കണ്ടാൽ നാട്ടുകാർ കളിയാക്കുമെന്ന് വീട്ടുകാർ ശ്രീ ശങ്കറിൻ താകീത് നൽകിയെങ്കിലും അതൊന്നും താരത്തിന് പ്രശ്നമായിരുന്നില്ല .ദേശീയ ട്രിപ്പിൾ ജംപ് താരമായിരുന്ന എസ് മുരളിയുടെയും ദേശീയ അത് ലറ്റായിരുന്ന കെ എസ് ബിജിമോളുടെയും മകൻ. അച്ഛന്റയും അമ്മയുടെയും പാരമ്പര്യം അതുപോലെ നെഞ്ചിലേറ്റി. ഇരുപത്തിരണ്ടാമത്തെ വയസിൽ ശ്രീശങ്കർ രാജ്യത്തെ പ്രതിനിധീകരിച്ച് ഒളിംപിക്സിൽ പങ്കെടുത്തു. പരിശീലകനായി അച്ഛൻ കൂടെ ഉണ്ടായിരുന്നു. കായികതാരങ്ങളായ മാതാപിതാക്കളുടെ സ്വപ്നമായിരുന്നു മകനെ സ്പോർട്സ് താരമാക്കുക എന്നത്. കോമൺവെൽത്തിലെ മെഡിലിലൂടെ ആ സ്വപ്‌നം അതിനുമപ്പുറത്തേക്കുള്ള ലക്ഷ്യത്തിലെത്തി.

പട്യാല ഫെഡറേഷൻ കപ്പ് സീനിയർ അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ സ്വന്തം റെക്കോർഡ് തിരുത്തി 8.26 മീറ്റർ ചാടിയാണ് ശ്രീശങ്കർ ഒളിംപിക്സിന് യോഗ്യത നേടിയത്. പക്ഷേ ആ മികവ് ഒളിമ്പിക്‌സ് വേദിയിൽ കാട്ടാനായില്ല. മത്സര സമ്മർദ്ദമായിരുന്നു ഇതിന് കാരണമെന്നായിരുന്നു വിലയിരുത്തൽ. അതുകൊണ്ട് തന്നെ കോമൺവെൽത്തിലെ ജയം അനിവാര്യതയായിരുന്നു. എഷ്യൻ ജൂനിയർ അത്ലറ്റിക് ചാംപ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ശ്രീശങ്കർ ദേശീയ തലത്തിൽ നിരവധി മെഡലുകളും സ്വന്തമാക്കി. താരത്തിന് പരിശീലനത്തിന് വേണ്ടി അച്ഛനയും അമ്മയെയും പോലെ തന്നെ നാട്ടുകാരും സൗകര്യം ഒരുക്കാൻ സന്നദ്ധരായിരുന്നു. ഇതൊന്നും വെറുതെയാകില്ലെന്ന് പറയുക കൂടിയാണ് ശ്രീശങ്കർ.

പഠനത്തിലും മിടുക്കനായിരുന്നു ശ്രീശങ്കർ. എൻജിനിയറിങ് പ്രവേശനം കിട്ടിയ മിടുക്കൻ. എന്നാൽ കായിക സ്വപ്‌നങ്ങൾക്ക് വേണ്ടി എൻജിനിയറിങ് വേണ്ടെന്ന് വച്ചു. പരിശീലനത്തിൽ മാത്രമായിരുന്നു ശ്രദ്ധ. എന്നിട്ടും പരിക്കേറ്റപ്പോൾ ചെറിയ സംശയങ്ങളുണ്ടായി. ഇന്ത്യൻ അത്‌ലറ്റിക് ദൈവങ്ങളും പിന്തുണച്ചില്ല. എങ്ങനേയും ഒളിമ്പിക്‌സിൽ മെഡൽ നേടാനായി പരിശ്രമം തുടങ്ങി. പക്ഷേ കോവിഡ് വില്ലനായി. രണ്ട് വാക്‌സിൻ എടുത്തതോടെ ആരോഗ്യത്തിൽ ചെറിയ പ്രശ്‌നമായി. അതെല്ലാം പ്രകടനത്തെ ബാധിച്ചു. ലോക് അത്‌ലറ്റിക്‌സിലും നല്ല ചാട്ടമുണ്ടായിട്ടും മെഡൽ കിട്ടിയില്ല. എന്നാൽ കോമൺവെൽത്തിൽ കഷ്ടകാലം മാറി.

പഠനത്തിൽ മിടുക്കിയായിരുന്നു ശ്രീശങ്കറിന്റെ അമ്മ ബിജിമോളും. പത്താംക്ലാസിൽ ഡിസ്റ്റിങ്ഷൻ വാങ്ങിയ മികവ്. എന്നാൽ അത്‌ലറ്റിക്‌സിനോടുള്ള താൽപ്പര്യം കാരണം എംബിബിഎസിന് അഡ്‌മിഷൻ കിട്ടിയിട്ടും വേണ്ടെന്ന് വച്ചു. ഹിസ്റ്ററിലിയേക്ക് പ്രീഡിഗ്രി കഴിഞ്ഞപ്പോൾ മാറി. അതു പോലെയായിരുന്നു മകനും. നന്നായി പഠിക്കുമായിരുന്നു. എൻജിനിയറിംഗിന് അഡ്‌മിഷൻ കിട്ടി. എന്നിട്ടും അതുമായി മുമ്പോട്ട് പോയില്ല. അത്‌ലറ്റിക്‌സിനായിരുന്നു പരിഗണന. അങ്ങനെ കണക്ക് പഠിച്ച ബി എസ് സിക്കാരനായി. എന്നാൽ അനുജത്തി അമ്മയുടേയും ചേട്ടന്റെയും ആഗ്രഹത്തിനൊത്ത് പഠനത്തിൽ മുന്നേറി. അമ്മ എഫ് സി ഐയുടെ കോയമ്പത്തൂർ ശാഖയിൽ മാനേജരാണ്. അച്ഛൻ മുരളി മകന്റെ കോച്ചും.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എംബിബിഎസിന് പഠിക്കുകയാണ് ശ്രീപാർവ്വതി. ഇതിനൊപ്പം മകനൊപ്പം നീങ്ങുന്ന കോച്ചായ അച്ഛൻ മുരളിയും. അച്ഛന്റെ കഠിനാധ്വാനമാണ് മകന്റെ മെഡൽ നേട്ടത്തിന് പിന്നിലെ ചാലക ശക്തി. രാജ്യവും ഈ നേട്ടത്തെ അംഗീകരിക്കുകയാണ്. ശ്രീശങ്കറിന്റെ വെള്ളിമെഡൽ വളരെ സ്‌പെഷലായ ഒന്നാണെന്ന് പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു. 'കോമൺവെൽത്ത് ഗെയിംസ് പുരുഷ ലോങ്ജംപിൽ പതിറ്റാണ്ടുകൾക്കു ശേഷമാണ് ഇന്ത്യയ്ക്ക് മെഡൽ ലഭിക്കുന്നത്. ഇന്ത്യൻ അത്‌ലറ്റിക്‌സിന്റെ ഭാവിക്ക് ഒരു ശുഭ പ്രതീക്ഷയാണ് ശ്രീശങ്കർ. ഇനിയും കൂടുതൽ മുന്നേറാൻ ശ്രീശങ്കറിനു കഴിയട്ടെയെന്നും മോദി കുറിച്ചു.

പുലർച്ചെ നടന്ന ഫൈനൽ മത്സരത്തിൽ ഇന്ത്യൻ ആരാധകരുടെ ചങ്കിടിപ്പ് വർധിപ്പിക്കുന്നതായിരുന്നു ശ്രീശങ്കറിന്റെ ഓരോ ചാട്ടങ്ങളും. യോഗ്യതാ റൗണ്ടിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ഫൈനലിലെത്തിയ ശ്രീശങ്കർ അനായാസം മെഡൽ നേടുമെന്നു പ്രതീക്ഷിച്ചെങ്കിലും തുടക്കം പിഴച്ചു. ആദ്യ ചാട്ടത്തിൽ 7.60 മീറ്റർ പിന്നിട്ട ശ്രീശങ്കർ തുടർന്നുള്ള 2 ശ്രമങ്ങളിൽ ചാടിയത് 7.84 മീറ്റർ മാത്രമായിരുന്നു. ബഹാമാസിന്റെ ലാക്വാൻ നയിനും ദക്ഷിണാഫ്രിക്കയുടെ ജൊവാൻ വാൻ വൂറെന്നും ജമൈക്കയുടെ ഷോൺ തോംസണും ഇതിനുള്ളിൽ 8 മീറ്ററിനു മുകളിൽ ചാടുകയും ചെയ്തതോടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മെഡൽ നഷ്ടമാകുമോയെന്ന ആശങ്കയായിരുന്നു ഇന്ത്യൻ ആരാധകരുടെ മനസ്സിൽ.

ഫൈനലിലെ 4 അവസരങ്ങൾ പൂർത്തിയായപ്പോൾ ആറാം സ്ഥാനത്തായിരുന്നു ശ്രീശങ്കർ. എന്നാൽ അഞ്ചാമത്തെ ചാട്ടത്തിൽ 8.08 മീറ്റർ പിന്നിട്ടതോടെ രണ്ടാംസ്ഥാനത്തേക്കു കുതിച്ചുകയറി. സ്വർണം നേടാൻ അവസാന ഊഴത്തിൽ മെച്ചപ്പെട്ട പ്രകടനം ശ്രീശങ്കറിന് അനിവാര്യമായിരുന്നു. കരിയറിൽ 8.36 മീറ്റർ പിന്നിട്ടുള്ള ശ്രീശങ്കർ അവസാന ഊഴത്തിൽ വിസ്മയം കാട്ടുമെന്നു പ്രതീക്ഷിച്ചെങ്കിലും ആ ജംപ് ഫൗളായതോടെ സ്വർണ പ്രതീക്ഷകൾ അസ്തമിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP