Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാലിക്കറ്റും കണ്ണൂരും കേരളയും എംജിയും വരുന്നത് യുജിസിയുടെ ആദ്യ നൂറു റാങ്കിനുള്ളിൽ; നാക് സ്‌കോർ 3.1 നു മുകളിലും; ഡിസ്റ്റൻസ് മോദിൽ കോഴ്സുകൾ നടത്താൻ യൂണിവേഴ്സിറ്റികൾക്ക് തടസമില്ലെന്നിരിക്കെ മോഡ് ബാർ ചെയ്ത് സർക്കാർ നടത്തുന്നത് കള്ളക്കളി; ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല സിപിഎം നടത്തുന്ന രാഷ്ട്രീയ തട്ടിപ്പോ? ലക്ഷ്യം വിസി-പിവിസി പോസ്റ്റുകളും നിയമനങ്ങളുമോ?

കാലിക്കറ്റും കണ്ണൂരും കേരളയും എംജിയും വരുന്നത് യുജിസിയുടെ ആദ്യ നൂറു റാങ്കിനുള്ളിൽ; നാക് സ്‌കോർ 3.1 നു മുകളിലും; ഡിസ്റ്റൻസ് മോദിൽ കോഴ്സുകൾ നടത്താൻ യൂണിവേഴ്സിറ്റികൾക്ക് തടസമില്ലെന്നിരിക്കെ മോഡ് ബാർ ചെയ്ത് സർക്കാർ നടത്തുന്നത് കള്ളക്കളി; ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല സിപിഎം നടത്തുന്ന രാഷ്ട്രീയ തട്ടിപ്പോ? ലക്ഷ്യം വിസി-പിവിസി പോസ്റ്റുകളും നിയമനങ്ങളുമോ?

എം മനോജ് കുമാർ

തിരുവനന്തപുരം: ഒരു മുന്നൊരുക്കവുമില്ലാതെ ധൃതിപിടിച്ച് തുടങ്ങുന്ന ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് പിന്നിലുള്ളത് ഇടത് സർക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ തന്നെ. കോൾഡ് സ്റ്റോറെജിൽ കിടന്ന പദ്ധതി പൊടിതുടച്ച് എടുത്തതിന് പിന്നിലെ ലക്ഷ്യങ്ങൾ ഇടത് രാഷ്ട്രീയ-സാമ്പത്തിക താത്പര്യങ്ങൾ തന്നെയാണ് എന്നാണ് വ്യക്തമാകുന്നത്. സാമ്പത്തിക പ്രതിസന്ധി എന്ന് പറഞ്ഞു സാലറി ചാലഞ്ച് മൂന്നാമത് തവണയാണ് നിലവിലെ ഇടത് സർക്കാർ ഏർപ്പെടുത്തുന്നത്. സർക്കാർ ജീവനക്കാരുടെ ശമ്പളം കവർന്നെടുക്കുന്ന രീതിയാണ് സാലറി ചാലഞ്ച് എന്നാണ് ജീവനക്കാരുടെ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നത്. മൂന്നാം തവണയും സാലറി ചാലഞ്ച് ഏർപ്പെടുത്തിയതിനു പിന്നിൽ സാമ്പത്തിക പ്രതിസന്ധി എന്നാണ് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കുന്നത്. ഇതേ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാണിക്കുന്ന സർക്കാർ തന്നെയാണ് മറുവശത്ത് കോടികൾ മുടക്കി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് തുടക്കമിടുന്നത്.

ശ്രീനാരായഗുരു ഓപ്പൺ സർവ്വകലാശാല പിന്നിൽ രണ്ടു ഉദ്ദേശ്യങ്ങൾ സർക്കാരിനു ഉണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒന്ന് ശ്രീനാരായഗുരു സർവ്വകലാശാലയുടെ വിസി, പ്രൊ-വിസി പോസ്റ്റിൽ സിപിഎമ്മിന്റെ സ്വന്തം ആളുകളെ നിയമിക്കാം. രണ്ടു സർവ്വകലാശാല പോസ്റ്റുകളിൽ തോന്നും പടി ഇടത് ജീവനക്കാരെ നിയമിക്കാം. ഇതൊക്കെയാണ് ധൃതി പിടിച്ചുള്ള സർവ്വകലാശാലയ്ക്ക് പിന്നിൽ എന്നാണ് ആരോപണം ഉയരുന്നത്. ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞാൽ രാഷ്ട്രീയ പാർട്ടികൾക്ക് പ്രത്യക്ഷത്തിൽ എതിർക്കാൻ കഴിയില്ല. ഇതും ഈ സർവ്വകലാശാലയ്ക്ക് ഗുരുവിന്റെ പേര് നൽകിയതിനു പിന്നിലുന്ദുഎന്ന ആക്ഷേപവും ശക്തമാണ്. ഗുരുവിന്റെ തട്ടകം തിരുവിതാംകൂറിൽ ആയിരുന്നു. ഇവിടുത്തെ പ്രമുഖ സർവ്വകലാശാലയായ കേരള സർവ്വകലാശാലയ്ക്ക് അങ്ങിനെയാണെങ്കിൽ ഗുരുവിന്റെ പേര് നൽകാമായിരുന്നു. 1945-ൽ തുടങ്ങിയ പ്രശസ്തമായ പൂണെ സർവ്വകലാശാലയ്ക്ക് ഇപ്പോൾ നൽകിയിരിക്കുന്ന പേര് ഫൂലൻദേവി സർവ്വകലാശാല എന്നാണ്. ആ രീതി പിന്തുടർന്ന് കേരള സർവ്വകലാശാലയ്ക്ക് തന്നെ വേണമെങ്കിൽ ഗുരുവിന്റെ പേര് നൽകാവുന്നത്താണ്. ഇതുകൊണ്ട് തന്നെയാണ് ഗുരുവിന്റെ പേരിലുള്ള സർക്കാർ തട്ടിപ്പ് എന്ന ആരോപണം ശ്രീനാരായണഗുരു സർവ്വകലാശാലയുടെ പേരിൽ ഉയരുന്നത്.

ധൃതി പിടിച്ച് എന്തിനു ഉദ്ഘാടനം:

അടുത്ത മാസം രണ്ടാം തീയതി ഗാന്ധി ജയന്തി ദിനത്തിൽ സർവ്വകലാശാല ഉദ്ഘാടനം ചെയ്യുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. സർവ്വകലാശാല തുടങ്ങാൻ ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി.ജലീൽ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങൾ വാസ്തവ വിരുദ്ധമാണ് എന്ന് കൂടി തെളിയുമ്പോഴാണ് സർവ്വകലാശാലയ്ക്ക് പിന്നിലെ താത്പര്യങ്ങൾ കുടം തുറന്നു ചാടുന്നത്. നാക് സ്‌കോർ 3.26-നു മുകളിലുണ്ടെങ്കിലേ സർവകലാശാലകൾക്ക് വിദൂരപഠനസംവിധാനങ്ങൾ നടത്താനാവൂ എന്ന യുജിസി. മാർഗനിർദ്ദേശം എന്നാണ് മന്ത്രി പറഞ്ഞത്. എന്നാൽ യുജിസി ഈ നിയമം മാറ്റിയിട്ടുണ്ട്. നാക് സ്‌കോർ ഉള്ള 3.1 ഉള്ള സർവ്വകലാശാലകൾക്കും ഇന്ത്യയിലെ ആദ്യത്തെ 100 റാങ്കുകൾ അകത്ത് വരുന്ന സർവ്വകലാശാലകൾക്കും ഡിസ്റ്റൻസ് മോദിൽ കോഴ്‌സ് നടത്താമെന്ന് യുജിസി പറഞ്ഞിട്ടുണ്ട്. നാക് സ്‌കോർ 3.1 നും മുകളിൽ ഈ സർവ്വകലാശാലകൾക്കുണ്ട്. യുജിസി പറയുന്ന നൂറു റാങ്കുകൾക്കുള്ളിൽ കേരള, എംജി, കുസാറ്റ്, കാലിക്കറ്റ് സർവ്വകലാശാലകൾ വരുന്നുണ്ട്. പിന്നെ എന്തിനാണ് ഈ സർവ്വകലാശാലകൾക്ക് വിദൂര വിദ്യാഭ്യാസവും പ്രൈവറ്റ് രജിസ്‌ട്രേഷനും നടത്താനുള്ള അവകാശം എടുത്ത് കളയുന്നത് എന്നാണ് ചോദ്യം ഉയരുന്നത്. സിപിഎമ്മിന്റെ രാഷ്ട്രീയ തട്ടിപ്പ് ആണ് ഈ സർവ്വകലാശാല എന്ന ആരോപണങ്ങൾക്ക് ശക്തി പകരുന്നതാണ് പുറത്ത് വരുന്ന ഈ വാസ്തവങ്ങൾ.

പ്രതിസന്ധിയിലാകുന്നത് നാല്പത് ശതമാനം കുട്ടികൾ

1996 മുതൽ തന്നെ ഓപ്പൺ യൂണിവേഴ്‌സിറ്റി വേണമെന്ന ആവശ്യം നിലവിലുണ്ട്. പക്ഷെ ഈ ആവശ്യം കോൾഡ് സ്റ്റോറെജിൽ ഉറങ്ങുകയായിരുന്നു. കേരളത്തിലെ നിലവിലെ അവസ്ഥ അനുസരിച്ച് അൻപത് ശതമാനം കുട്ടികൾക്ക് മാത്രമാണ് റെഗുലർ കോളേജിൽ പ്രവേശനം സാധ്യമാകുന്നത്. നാല്പത് ശതമാനം കുട്ടികൾ പാരലൽ കോളേജുകളെയാണ് ആശ്രയിക്കുന്നത്. പത്ത് ശതമാനം വരുന്ന മറ്റ് കുട്ടികൾ ഇതര സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. .പാരലൽ കോളേജിൽ ആണ് പഠിക്കുന്നത് എങ്കിലും വിവിധ യൂണിവേഴ്‌സിറ്റികളിൽ പഠിക്കുന്ന കുട്ടികൾക്ക് ഇതുവരെ റെഗുലർ ഡിഗ്രി തന്നെയാണ് ലഭിക്കുന്നത്. കോളേജുകളിൽ നേരിട്ട് പോയി പഠിക്കാൻ കഴിയുന്നില്ലെന്ന വിഷമം മാത്രമാണ് കുട്ടികൾ നേരിടുന്നത്.

ശ്രീനാരായണ ഗുരു സർവ്വകലാശാല വരുന്നതോടെ കേരളത്തിലെ നാല്പത് ശതമാനം വരുന്ന കുട്ടികൾ ശ്രീനാരായണ ഗുരു സർവ്വകലാശാലയിൽ തന്നെ പോയി പഠിക്കേണ്ട അവസ്ഥ വരും. ഇവർക്ക് കേരളത്തിൽ മറ്റൊരു യൂണിവേഴ്‌സിറ്റിയേയും ആശ്രയിക്കാൻ കഴിയാത്ത അവസ്ഥ വരും. അതുമാത്രമല്ല ഇവരുടെ ഡിഗ്രികൾ രണ്ടാം തരവുമാകും. ഇതൊഴിവാക്കാൻ കുട്ടികൾ ഇതര സംസ്ഥാനങ്ങളിലേക്ക് കുടിയേറും. തമിഴ്‌നാട്ടിൽ റെഗുലർ സർവ്വകലാശാലക്ക് വിദൂര വിദ്യാഭ്യാസം നടത്താം. പക്ഷെ ഇവിടെ നിയമം കൊണ്ടുവന്നു ഇത് ബാർ ചെയ്തിരിക്കുകയാണ്. രണ്ടര ലക്ഷം കുട്ടികളാണ് വിദൂരവിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ കേരളത്തിൽ കോഴ്‌സുകൾ ചെയ്യുന്നത്. നിലവിലുള്ള കേന്ദ്രങ്ങളിൽ അഡ്‌മിഷൻ നിർത്തുകയും ഓപ്പൺ സർവകലാശാല പൂർണതോതിൽ പ്രവർത്തനം തുടങ്ങാതിരിക്കുകയും ചെയ്താൽ പഠനം പ്രതിസന്ധിയിലാകും.

ഡിസ്റ്റൻസ് മോഡും പ്രൈവറ്റ് മോഡും ബാർ ചെയ്ത കള്ളക്കളി

കാലിക്കറ്റ്, കണ്ണൂർ, എംജി, കേരള സർവ്വകലാശാലകൾക്ക് പ്രൈവറ്റ് രജിസ്‌ട്രേഷനും വിദൂരവിദ്യാഭ്യാസവും നടത്താനുള്ള അവസരമാണ് ഇപ്പോൾ എടുത്ത് കളഞ്ഞിരിക്കുന്നത്. ഡിസ്റ്റൻസ് മോഡും പ്രൈവറ്റ് മോഡും ബാർ ചെയ്തിരിക്കുകയാണ്. സർവ്വകലാശാലകളുടെ സ്വയംഭരണത്തിൽ ഉള്ള സർക്കാർ കൈകടത്തലുകളാണ് വന്നിരിക്കുന്നത്. ഓപ്പൺ സർവ്വകലാശാലകളിൽ പഠിക്കാൻ കുട്ടികളെ ലഭിക്കില്ല എന്ന അവസ്ഥയും ഇതോട് അനുബന്ധമായി സൃഷ്ടിക്കപ്പെടും. ശ്രീനാരായണ ഗുരു സർവ്വകലാശാലയിലേക്ക് നിർബന്ധപൂർവം കുട്ടികളെ കൊണ്ടുവരാൻ ഉള്ള പരിപാടിയാണ് ഇപ്പോൾ സർക്കാർ ഭാഗത്ത് നിന്നും വന്നിരിക്കുന്നത്. വിദ്യാർത്ഥികളുടെ ഭാവി പന്താടുന്ന സമീപനമാണ് ശ്രീനാരായണ ഗുരു സർവ്വകലാശാലയുടെ പിറവിയുമായി ബന്ധപ്പെട്ടു സർക്കാർ സ്വീകരിച്ചിരിക്കുന്നത്. പ്രൈവറ്റ് രജിസ്‌ട്രേഷൻ, വിദൂരവിദ്യാഭ്യാസം വഴിയുള്ള കോഴ്‌സുകൾ നിർത്തലാവുന്നതോടെ സർവ്വകലാശാലകൾക്കും വരുമാനമാർഗം നഷ്ടമാവുകയാണ്. വലിയ വരുമാനം ഒഴിയുമ്പോൾ അവർക്ക് സർക്കാരിനു മുന്നിൽ ധനത്തിനായി കൈ നീട്ടേണ്ടി വരും.

അംഗീകാരത്തിനു തന്നെ ഒട്ടുവളരെ കടമ്പകൾ

പുതിയ സർവ്വകലാശാലയ്ക്ക് ഇതുവരെ ഒരു നടപടിയും തുടങ്ങിയിട്ടില്ല. എന്നിട്ടും ധൃതിയിൽ സർവ്വകലാശാല ആരംഭിക്കാൻ സർക്കാർ തിടുക്കം കൂട്ടുകയാണ്. പുതിയ സർവ്വകലാശാലയ്ക്ക് അംഗീകാരം വേണം. അതിനുള്ള നടപടികൾക്ക് തുടക്കവുമായിട്ടില്ല. യുജിസി അംഗീകാരം കിട്ടാൻ തന്നെ ഒരുപാട് വൈകും. അതിനു ഒരുപാട് കടമ്പകൾ ചാടിക്കടക്കാനുണ്ട്. ഒരു സർവ്വകലാശാലയ്ക്ക് ഏറ്റവും അത്യാവശ്യം സ്റ്റഡി മെറ്റീരിയൽ ആണ്. സ്റ്റഡി മെറ്റീരിയൽ ഒന്നും തയ്യാറാക്കാതെ എങ്ങനെ ചാടിക്കയറി സർവ്വകലാശാല തുടങ്ങും. പുതിയ അക്കാദമിക് ഇയറിനു ഇനി അധികമില്ല. സിലബസ് വേണം, കരിക്കുലം വേണം. കോഴ്‌സ് വേണം. ഇതൊക്കെയായാൽ മാത്രമേ അപേക്ഷ സ്വീകരിക്കാൻ തന്നെ കഴിയൂ. '' ഇടത് സർക്കാരിനു അക്കാദമിക് താത്പര്യം ഉണ്ടെങ്കിൽ പോലും ഈ വർഷം തുടങ്ങാൻ പാടില്ലായിരുന്നു. ഈ വർഷം സർവ്വകലാശാല വന്നാൽ കുട്ടികൾ തമിഴ്‌നാടോ കർണാടകയോ പോകും. തമിഴ്‌നാട് സർവ്വകലാശാലകളിൽ കേരളത്തിലെ പോലുള്ള ഈ പുതിയ നിയമം നിലവിലില്ല. കുട്ടികൾ ഇതര സംസ്ഥാനങ്ങളിലേക്ക് പഠനം നടത്താൻ പോകുന്നത് കേരളത്തിനു കയ്യും കെട്ടി നോക്കി നിൽക്കേണ്ടി വരും. പുതിയ സർവ്വകലാശാല വന്നോട്ടെ. പക്ഷെ കേരളത്തിലെ നിലവിലെ പ്രധാന നാല് സർവ്വകലാശാലകൾക്ക് പ്രൈവറ്റ് രജിസ്‌ട്രേഷനും വിദൂരവിദ്യാഭ്യാസം നടത്താനുമുള്ള അവകാശം ഇല്ലാതാക്കി എല്ലാ അവകാശവും ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയ്ക്ക് മാത്രമായി നൽകരുത്-ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി സംരക്ഷണ സമിതി ചെയർമാൻ ആർ.എഎസ്.ശശികുമാർ മറുനാടനോട് പറഞ്ഞു.

തയ്യാറാകുന്നത് ഓർഡിനൻസിനുള്ള ഡ്രാഫ്റ്റ്:

ശ്രീനാരായഗുരു ഓപ്പൺ സർവ്വകലാശാലയ്ക്ക് ഉള്ള അനുവാദം മന്ത്രിസഭാ യോഗത്തിൽ നിന്നും വന്നിട്ടുണ്ട്. സർവ്വകലാശാലയ്ക്ക് ഓർഡിനൻസിനുള്ള ഡ്രാഫ്റ്റ് തയ്യാറാവുകയാണ്. ഇതിന്മേൽ ഗവർണറുടെ ശുപാർശ വരണം-ഉന്നതവിദ്യാഭ്യാസവൃത്തങ്ങൾ മറുനാടനോട് പറഞ്ഞു. സർവ്വകലാശാല വരുന്നതോടെ എല്ലാ പ്രൈവറ്റ് രജിസ്‌ട്രേഷനും വിദൂരവിദ്യാഭ്യാസ കോഴ്‌സുകളും സർവ്വകലാശാലയിൽ മാത്രമായി ഒതുങ്ങും. കൊല്ലത്ത് ആവും സർവ്വകലാശാല ആസ്ഥാനം. കൊല്ലത്ത് എവിടെ എന്ന് തീരുമാനിച്ചിട്ടില്ല. യുജിസിയുടെ അംഗീകാരം ലഭിച്ചിട്ടില്ല. സർവ്വകലാശാല തുടങ്ങാൻ അനുവാദം വേണ്ട. തുടങ്ങിയ ശേഷം യുജിസിയിൽ നിന്നും അനുവാദം വാങ്ങിയാൽ മതി-ഉന്നതവിദ്യാഭ്യാസവൃത്തങ്ങൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP