Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

2015 നവംബറിൽ ആദ്യം ചെലവാക്കിയത് 1620 ഡോളർ; രണ്ടാമതുകൊടുത്തത് 1300 ഡോളറും; 2018ൽ രണ്ട് തവണയായി കൊടുത്തത് 1700ഓളം ഡോളർ; അപ്പീൽ പ്രതീക്ഷയുമായി കഴിഞ്ഞ മാസം നൽകിയത് 2100 ഡോളറും; നാലരലക്ഷം രൂപയോളം അപേക്ഷാ ഫീസായി കൊടുത്തിട്ടും പേറ്റെന്റ് ആൻഡ് ട്രേഡ് മാർക്ക് ഓഫീസ് കനിഞ്ഞില്ല; കാൻസർ ചികിത്സയിൽ വിപ്ലവം സൃഷ്ടിക്കാനുള്ള തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശ്രമങ്ങൾക്ക് വീണ്ടും തിരിച്ചടി; അമേരിക്കൻ സ്ഥാപനം പേറ്റെന്റ് നിഷേധിച്ച രേഖകൾ മറുനാടന്

2015 നവംബറിൽ ആദ്യം ചെലവാക്കിയത് 1620 ഡോളർ; രണ്ടാമതുകൊടുത്തത് 1300 ഡോളറും; 2018ൽ രണ്ട് തവണയായി കൊടുത്തത് 1700ഓളം ഡോളർ; അപ്പീൽ പ്രതീക്ഷയുമായി കഴിഞ്ഞ മാസം നൽകിയത് 2100 ഡോളറും; നാലരലക്ഷം രൂപയോളം അപേക്ഷാ ഫീസായി കൊടുത്തിട്ടും പേറ്റെന്റ് ആൻഡ് ട്രേഡ് മാർക്ക് ഓഫീസ് കനിഞ്ഞില്ല; കാൻസർ ചികിത്സയിൽ വിപ്ലവം സൃഷ്ടിക്കാനുള്ള തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശ്രമങ്ങൾക്ക് വീണ്ടും തിരിച്ചടി; അമേരിക്കൻ സ്ഥാപനം പേറ്റെന്റ് നിഷേധിച്ച രേഖകൾ മറുനാടന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാൻസർ ചികിത്സയിൽ വിപ്ലവം സൃഷ്ടിക്കാനുള്ള തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ ഗവേഷകർ നടത്തുന്ന ശ്രമങ്ങൾക്ക് വീണ്ടും തിരിച്ചടി. ഗവേഷകർ വികസിപ്പിച്ചെടുത്ത നൂതനവും ലളിതവുമായ മരുന്നു കൂട്ടിന് പേറ്റെന്റ് വീണ്ടും നിഷേധിക്കുകയാണ് അമേരിക്കയിലെ പേറ്റെന്റ് ആൻഡ് ട്രേഡ് മാർക്ക് ഓഫീസ്.

മാസങ്ങൾക്ക് മുമ്പ് ശ്രീചിത്ര നൽകിയ അപേക്ഷ ട്രേഡ് മാർക്ക് ഓഫീസ് തള്ളിയിരുന്നു. ഇതിൽ അപ്പീൽ നൽകാൻ അവസരമുണ്ടായിരുന്നു. ഇത് കൃത്യമായി വിനിയോഗിക്കുകയും ചെയ്തു. എന്നാൽ ഈ അപേക്ഷ പരിശോധിച്ച ശേഷവും ട്രേഡ് മാർക്ക് ഓഫീസ് പഴയ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. ശ്രീചിത്രയുടെ വാദഗതികളെല്ലാം തള്ളിയുള്ള ട്രേഡ് മാർക്ക് ഓഫീസിന്റെ രേഖ മറുനാടൻ മലയാളിക്ക് ലഭിച്ചു. ശ്രീചിത്രയിലെ ഗവേഷകരുടെ ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാണ് ഈ റിപ്പോർട്ട്. അഞ്ച് തവണയാണ് ശ്രീചിത്രയുടെ ആവശ്യം ട്രേഡ് മാർക്ക് ഓഫീസ് തള്ളുന്നത്. ഈ അഞ്ച് റിപ്പോർട്ടും മറുനാടന് ലഭിച്ചിട്ടുണ്ട്. ഓരോ തവണ തള്ളുമ്പോഴും പ്രതീക്ഷയോടെ വീണ്ടും അപേക്ഷ നൽകി. അവസാനമായി വീണ്ടും അത് തള്ളുമ്പോൾ മരുന്ന് വികസിപ്പിക്കാൻ മറ്റു വഴികളെ കുറിച്ചും ശ്രീചിത്ര ആലോചന തുടങ്ങും.

2015 നവംബർ 18ന് ആദ്യ അപേക്ഷ നൽകി. അന്ന് ട്രേഡ് മാർക്ക് ഓഫീസിന് 1620 ഡോളറാണ് നൽകിയത്. അന്ന് തന്നെ 1300 ഡോളറും അപേക്ഷയ്ക്കായി നൽകിയെന്ന് സൂചനയുണ്ട്. 2018 മെയ്‌ 7ന് 1300 ഡോളറും ഡിസംബറിൽ 200 ഡോളറും ചെലവാക്കി. അവസാനമായി ഈ വർഷം മെയ്‌ 14നാണ് പേറ്റെന്റിനായി ശ്രമം നടത്തിയത്. അപ്പോൾ 2100 ഡോളറാണ് ചെലവാക്കിയത്. ഇതിന്റെ രേഖകളും മറുനാടന് ലഭിച്ചിട്ടുണ്ട്. ആകെ 6520 ഡോളർ. അതായത് നാലരലക്ഷത്തോളം രൂപ ്അപേക്ഷ നൽകാൻ പോലും ശ്രീചിത്ര നൽകി. എന്നിട്ടും വീണ്ടും വീണ്ടും അപേക്ഷ നിരസിക്കുകയാണ് ഉണ്ടായത്. ഇത് ശ്രീചിത്രയ്ക്ക് ഏറെ തിരിച്ചടിയാണ്.

ക്യാൻസർ കോശങ്ങളെ ഇല്ലാതാക്കാൻ ഞരമ്പുകളിൽ കുത്തിവയ്ക്കാവുന്ന എസ്.സി.ടി.എ.സി 2010 ഡ്രഗ് കോൻജുഗേറ്റഡ് സീറം ആൽബുമിൻ എന്ന മരുന്നുകൂട്ടാണ് വളരെ സുലഭമായ ഒരു സസ്യത്തിൽ നിന്ന് വികസിപ്പിച്ചെടുത്തതെന്നായിരുന്നു അവകാശവാദവുമായി ശ്രീ ചിത്ര എത്തിയത്. എത് ഏറെ പ്രതീക്ഷയോടെ ശാസ്ത്ര ലോകവും കണ്ടു. ഇത് മഞ്ഞളാണെന്നും റിപ്പോർട്ടുണ്ടായിരുന്നു. എലികളിൽ നടത്തിയ പ്രാരംഭ പരീക്ഷണങ്ങൾ വിജയകരമാണെന്നും ക്ലിനിക്കൽ പരീക്ഷണങ്ങൾ കൂടി ഫലം കണ്ടാൽ ക്യാൻസർ രോഗചികിത്സയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്ന് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ആശ കിഷോർ അറിയിച്ചിരുന്നു. ഈ ഗവേഷണത്തിന് തിരിച്ചടിയാണ് പേറ്റെന്റ് അനുവദിക്കാത്ത നീക്കം.

ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിന്റെ പഠനത്തിന്റെ ഭാഗമായാണ് ഡോ. ലിസി കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം മരുന്ന് വികസിപ്പിച്ചത്. ഏക തന്മാത്രാ രാസ പദാർഥം ഉപയോഗിച്ചാണ് മരുന്ന് നിർമ്മിച്ചത്. ആൽബുമിനുമായി (ഒരു തരം പ്രോട്ടീൻ) കൂട്ടിയിണക്കി ക്യാൻസർ കോശങ്ങളലേക്കെത്തിച്ചാണ് പരീക്ഷണം നടത്തിയത്. ചെടിയെക്കുറിച്ചും മരുന്ന് കൂട്ടിനെക്കുറിച്ചുമുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. എലികളിലാണ് ഇത് ആദ്യം പരീക്ഷിച്ചത്. എലികളിൽ ഒറ്റ ഡോസ് ഉപയോഗിച്ച് പരീക്ഷിച്ചതിൽ ശ്വാസകോശാർബുദത്തിനും വയറിനകത്തെ മുഴയ്ക്കും ഈ മരുന്ന് വിജയകരമാണെന്ന് കണ്ടെത്തിയെന്നായിരുന്നു അവകാശ വാദം. ജനുവരിയിൽ ആർ സി സി ഡയറക്ടർ ഇക്കാര്യം വിശദീകരിച്ച് പത്ര സമ്മേളനം നടത്തിയിരുന്നു. അന്ന് പേറ്റെന്റ്

ഡോ. രഞ്ജിത് പി. നായർ, മെജോ സി. കോര, ഡോ. മോഹനൻ, ഡോ. ആര്യ അനിൽ, ഡോ. ഹരികൃഷ്ണൻ തുടങ്ങിയവരാണ് ഗവേഷണത്തിന് പിന്നിൽ. മനുഷ്യരിൽ പരീക്ഷിക്കാൻ കടമ്പകളേറെയുണ്ടായിരുന്നു. അതിന് മുമ്പ് തന്നെ എല്ലാം വിജയകരമെന്ന് ശ്രീചിത്ര പ്രഖ്യാപിക്കുകയും ചെയ്തു. ഒന്നിലധികം ഡോസ് ഉപയോഗിച്ചാൽ മൃഗങ്ങളെ എങ്ങനെ ബാധിക്കുമെന്ന പരീക്ഷണങ്ങൾക്ക് ശേഷമാകും മനുഷ്യരിൽ ചികിത്സാ പരീക്ഷണങ്ങൾ ആരംഭിക്കാൻ ശ്രീചിത്ര തീരുമാനിച്ചിരുന്നത്. മനുഷ്യനിൽ എത്ര ഡോസ് ഉപയോഗിക്കണമെന്ന് കണ്ടെത്തണം. ഇത്തരം പരീക്ഷണങ്ങൾക്കായി ഗവേഷണ ഫലം എയ്റ്റോഅക്സ്ബയോ പ്രൈവറ്റ് ലിമിറ്റഡിന് കൈമാറി കഴിഞ്ഞു. ഫലം വിജയിച്ചാൽ മാത്രമേ വാണിജ്യാടിസ്ഥാനത്തിൽ മരുന്ന് വിപണിയിൽ എത്തിക്കാൻ കഴിയുകയുള്ളൂ. ഇതിനെല്ലാം തുരങ്കം വയ്ക്കുന്ന തരത്തിലാണ് പേറ്റന്റെ അപേക്ഷ വീണ്ടും നിരസിക്കുന്നത്.

അർബുദ ബാധിതരായ മനുഷ്യരിൽ ഈ മരുന്ന് ഉപയോഗിക്കുന്നതിന് മുമ്പ് വിവിധഘട്ടങ്ങളിൽ പരീക്ഷണങ്ങൾ നടത്താനായിരുന്നു ശ്രീചിത്രയുടെ ആലോചന. ഒന്നാം ഘട്ടത്തിൽ സന്നദ്ധപ്രവർത്തകരിൽ പരീക്ഷിക്കും. രണ്ടാംഘട്ടത്തിൽ ഒരു വിഭാഗം അർബുദ രോഗികളിൽ മറ്റു മരുന്നുകൾക്കൊപ്പംതന്നെ പരീക്ഷിക്കും. ഇതിനെല്ലാം തിരിച്ചടിയാണ് പേറ്റന്റെ കിട്ടാത്ത തീരുമാനം. മഞ്ഞളിൽ നിന്നു വേർതിരിച്ച ഏക തന്മാത്രാ പദാർഥവും രക്തത്തിലെ ആൽബുമിൻ എന്ന പ്രോട്ടീനും ചേർത്താണു ശ്രീചിത്രയിലെ ഗവേഷകർ കാൻസർ കോശങ്ങളെ നശിപ്പിക്കാൻ കഴിവുള്ള മരുന്നു സൃഷ്ടിച്ചത്. ഇതു ലോകത്തു തന്നെ ആദ്യമാണെന്ന് ശ്രീചിത്ര അവകാശപ്പെട്ടിരുന്നു.

അർബുദ കോശങ്ങളെ നശിപ്പിക്കുന്ന പദാർഥങ്ങൾ ചില സസ്യങ്ങളിൽ നിന്നു വേർതിരിച്ചെടുക്കാറുണ്ടെങ്കിലും അതൊന്നും ജലത്തിൽ ലയിക്കാത്തതിനാൽ കുത്തിവയ്പിലൂടെ ശരീരത്തിലേക്കു നേരിട്ടു കടത്തിവിടാനാവില്ല. ശ്രീചിത്രയിലെ ഗവേഷകർ സസ്യപദാർഥത്തിലെ പ്രോട്ടീനും ആൽബുമിനുമായി സംയോജിപ്പിക്കുകയാണു ചെയ്തത്. അങ്ങനെയുണ്ടാക്കുന്ന മരുന്ന് ഞരമ്പുകളിൽ കൂടി കുത്തിവയ്ക്കാം. കൂടുതൽ മൃഗങ്ങളിലുൾപ്പെടെ പരീക്ഷണങ്ങളിലൂടെ മാത്രമേ ഏതൊക്കെ തരം അർബുദങ്ങൾക്കു മരുന്നു ഫലപ്രദമാകുമെന്നു കണ്ടെത്താനാകൂ. മൂന്നോ നാലോ പരീക്ഷണഘട്ടങ്ങൾ കഴിഞ്ഞാൽ മാത്രമേ ഡ്രഗ് കൺട്രോളർ ജനറലിന്റെ ഉൾപ്പെടെ അംഗീകാരം ലഭിക്കൂ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ഭാഗമായാണ് മരുന്ന് വികസിപ്പിച്ചത്. 2010 ൽ തുടക്കമിട്ട ഗവേഷണമാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നതെന്നായിരുന്നു ശ്രീചിത്രയുടെ അവകാശവാദം.

ആരോഗ്യരംഗത്ത് പലകാര്യത്തിലും വികസിത രാജ്യങ്ങളുടെ ശരാശരിക്കൊപ്പവും ഇന്ത്യൻ ശരാശരിയെക്കാൾ വളരെ മെച്ചപ്പെട്ട നിലയിലുമാണ് സംസ്ഥാനത്തിന്റെ സ്ഥാനമെങ്കിലും 2016 ലെ കണക്കനുസരിച്ച് ക്യാൻസർ രോഗബാധിതരുടെ എണ്ണത്തിൽ ദേശീയ ശരാശരിയെക്കാൾ മുന്നിലാണ്. ഒരു ലക്ഷം ജനങ്ങളെയെടുത്താൽ 106.6 ആണ് ദേശീയ ശരാശരിയെങ്കിൽ കേരളത്തിൽ 135.3 ആണ് എന്നാണ് കണക്ക്. ക്യാൻസർ മരണ നിരക്കിൽ രാജ്യത്ത് മിസോറാമിന് പിറകിൽ രണ്ടാംസ്ഥാനത്താണ് കേരളം. ലക്ഷം പേരിൽ 73.5 പുരുഷന്മാരും 103.4 സ്ത്രീകളും ക്യാൻസർ കാരണം മരിക്കുന്നുവെന്നും രോഗബാധമൂലം അംഗപരിമിതി സംഭവിക്കുന്നവരുടെ എണ്ണം കേരളം, മിസോറാം, അസം, ഹരിയാന സംസ്ഥാനങ്ങളിൽ കൂടുതലാണെന്നും കണക്കുണ്ട്. ഈ സാഹചര്യത്തിലാണ് ശ്രീചിത്ര പരീക്ഷണത്തിന് തയ്യാറായി വന്നത്.

ക്യാൻസർ രോഗ ചികിത്സയ്ക്കായി സർക്കാർ ഉടമസ്ഥതയിൽ സുസജ്ജമായ സ്ഥാപനങ്ങൾ ഉണ്ടെങ്കിലും രോഗികളുടെ എണ്ണത്തിനനുസരിച്ച് അപര്യാപ്തമാണെന്ന പോരായ്മയുണ്ട്. അതുകൊണ്ട് തന്നെ വൻ ചെലവ് വേണ്ടിവരുന്ന ചികിത്സയ്ക്കായി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയുമുണ്ട്. എന്നാൽ മരുന്നുകളുടെ അമിതവിലയും മറ്റ് ചെലവുകളും താങ്ങാൻ സാധിക്കാത്തത് ക്യാൻസർ ചികിത്സ സാധാരണക്കാർക്ക് ബാലികേറാമലയാക്കുന്നുണ്ട്. അതോടൊപ്പം തന്നെ നേരത്തേയുള്ള രോഗനിർണയത്തിന്റെ അഭാവവും ക്യാൻസറിന്റെ വ്യാപനത്തിനും ഭീകരതയ്ക്കും കാരണമാകുന്നുണ്ട്. കുറേയേറെ ഇക്കാര്യത്തിൽ മാറ്റമുണ്ടായിട്ടുണ്ടെങ്കിലും പല രോഗികളെയും രക്ഷിക്കാനാവാത്തത് അവസാന ഘട്ടത്തിൽ മാത്രമാണ് രോഗനിർണ്ണയം നടക്കുന്നതെന്നതിനാലാണ്.

ഈ സാഹചര്യത്തിലാണ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി ക്യാൻസർ രോഗചികിത്സയ്ക്കായുള്ള മരുന്ന് കണ്ടെത്തിയെന്ന ആശ്വാസകരമായ വാർത്തയെത്തിയത് ഏറെ പ്രതീക്ഷയോടെയാണ് ഏവരും നോക്കി കണ്ടത്. മറ്റെല്ലാ മഹാമാരികളെയും പടിക്കുപുറത്താക്കുകയും ആരോഗ്യപരിപാലനരംഗത്ത് ലോകോത്തര മാതൃക സൃഷ്ടിക്കുകയും ചെയ്ത കേരളത്തിന് അപമാനകരമായ കണക്കുകളാണ് ക്യാൻസറുമായി ബന്ധപ്പെട്ടുള്ളത്. ഇതിനിടെയാണ് ഈ മരുന്നിന് പേറ്റന്റ് നേടാനുള്ള ശ്രമങ്ങൾ പരാജയപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP