Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോടതികളും ബാർ അസോസിയേഷനുകളും അടഞ്ഞു കിടക്കുമ്പോൾ പോക്‌സോ കോടതി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനങ്ങൾക്ക് നോട്ടിഫിക്കേഷൻ ഇറക്കി; അപേക്ഷിക്കാനുള്ള സമയം നൽകിയത് വെറും ഒരാഴ്‌ച്ച; ലോക്ക് ഡൗൺ ആയതിനാൽ നോട്ടിഫിക്കേഷൻ വന്നതും പോയതുമൊന്നും അഭിഭാഷകർ അറിഞ്ഞില്ല; അന്വേഷിച്ചപ്പോൾ വ്യക്തമായത് നിയമന ലിസ്റ്റ് എകെജി സെന്ററിൽ റെഡി എന്ന വിവരവും; സർക്കാരുമായി ഇടഞ്ഞ് അഭിഭാഷകർ ഹൈക്കോടതിയെ സമീപിക്കുന്നു; കൊറോണ കാലത്ത് വിവാദമായി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനങ്ങൾ

കോടതികളും ബാർ അസോസിയേഷനുകളും അടഞ്ഞു കിടക്കുമ്പോൾ പോക്‌സോ കോടതി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനങ്ങൾക്ക് നോട്ടിഫിക്കേഷൻ ഇറക്കി; അപേക്ഷിക്കാനുള്ള സമയം നൽകിയത് വെറും ഒരാഴ്‌ച്ച; ലോക്ക് ഡൗൺ ആയതിനാൽ നോട്ടിഫിക്കേഷൻ വന്നതും പോയതുമൊന്നും അഭിഭാഷകർ അറിഞ്ഞില്ല; അന്വേഷിച്ചപ്പോൾ വ്യക്തമായത് നിയമന ലിസ്റ്റ് എകെജി സെന്ററിൽ റെഡി എന്ന വിവരവും; സർക്കാരുമായി ഇടഞ്ഞ് അഭിഭാഷകർ ഹൈക്കോടതിയെ സമീപിക്കുന്നു; കൊറോണ കാലത്ത് വിവാദമായി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനങ്ങൾ

എം മനോജ് കുമാർ

തിരുവനന്തപുരം: പുതുതായി ആരംഭിക്കുന്ന ഇരുപത്തിയെട്ട് പോക്‌സോ കോടതികളിലേയും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനങ്ങൾ രാഷ്ട്രീയനിയമനമായി മാറിയേക്കും. നിയമനങ്ങൾക്ക് പേരിനു അപേക്ഷ ക്ഷണിച്ചെങ്കിലും നിയമനങ്ങൾ രാഷ്ട്രീയ നിയമനമായിമാറും എന്ന സൂചനയാണ് ലഭിക്കുന്നത്. അപേക്ഷ വന്നതും പോയതുമൊന്നും ഇടത് അഭിഭാഷകർ തന്നെ അറിഞ്ഞില്ല. മിനിമം പതിനഞ്ചു ദിവസം സർക്കാർ നിയമനങ്ങൾക്ക് അപേക്ഷിക്കാൻ സമയം നൽകുമെങ്കിലും പോക്‌സോ കോടതി നിയമനങ്ങൾക്ക് കഷ്ടിച്ച് ഒരാഴ്ച മാത്രമാണ് നൽകിയത്. ലോക്ക് ഡൗൺ തുടരുകയും കോടതികൾ തന്നെ അടഞ്ഞു കിടക്കയും ചെയ്യുന്ന സാഹചര്യത്തിലാണ് ഒരാഴ്ചസമയം മാത്രം അപേക്ഷിക്കാനായി നൽകിയിരിക്കുന്നത്.

നിയമനത്തിന് കാത്ത് നിന്ന ഇടത് അഭിഭാഷകർ കൂടി ലോക്ക് ഡൗൺ കാലമായതിനാൽ നിയമനത്തിനു അപേക്ഷ ക്ഷണിച്ചത് അറിഞ്ഞില്ല. അറിഞ്ഞു വന്നപ്പോഴേക്കും അപേക്ഷിക്കാനുള്ള കാലാവധിയും തീർന്നിരുന്നു. നിയമനത്തിന്റെ കാര്യത്തിൽ വിവിധ ബാർ അസോസിയേഷനുകൾക്ക് വിവരം കൈമാറുകയും വിവിധ പത്രങ്ങളിൽ അറിയിപ്പ് നൽകുകയും ഒക്കെ ചെയ്യേണ്ടതുണ്ട്. ഇതെല്ലാം നിയമന നടപടികളുടെ ഭാഗമാണ്. ഇതിനുള്ള സാവകാശം നൽകുകയോ വിവരം പുറത്തറിയുകയോ ചെയ്യാതെയാണ് നോട്ടിഫിക്കേഷൻ വരുകയും പോവുകയും ചെയ്തത്. സ്‌പെഷ്യൽ പ്രോസിക്യൂട്ടർമാരെ ആദ്യം തീരുമാനിച്ച ശേഷമാണ് നോട്ടിഫിക്കേഷൻ തന്നെ നൽകിയത് എന്നാണ് വ്യക്തമാകുന്നത്. അണിയറ നീക്കങ്ങൾ ആ രീതിയിലുള്ള സാധ്യതയിലേക്ക് ആണ് വിരൽ ചൂണ്ടുന്നത്.

നോട്ടിഫിക്കേഷന്റെ കാര്യം അഭിഭാഷകർ അറിയുമ്പോഴേക്കും വൈകി പോയി. ആർക്കും അപേക്ഷിക്കാൻ സമയം ലഭിച്ചില്ല. പോക്‌സോ കോടതി നിയമനങ്ങളുടെ പേരിൽ കേരളത്തിലെ മിക്ക ജില്ലകളിലെയും അഭിഭാഷകർ സർക്കാരുമായി ഇടഞ്ഞു നിൽക്കുകയാണ്. ഇതിനുള്ള അന്വേഷണം നീണ്ടപ്പോഴാണ് ഫൈനൽ ലിസ്റ്റ് എകെജി സെന്ററിൽ റെഡിയായ കാര്യവും അറിഞ്ഞത്. ഇതോടെ ഇടത് അഭിഭാഷകർ തന്നെ കടുത്ത ക്ഷോഭത്തിലാണ്. പോക്‌സോ കോടതികളിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനങ്ങൾക്ക് പിന്നിൽ വൻ കോഴയും കൈ മറിഞ്ഞതായി സൂചനകളുമുണ്ട്. നിയമനങ്ങൾ അട്ടിമറിഞ്ഞതായി സൂചന ലഭിച്ചതോടെ പ്രശ്‌നത്തിൽ ഹൈക്കോടതിയെ സമീപിക്കാൻ ഒരു വിഭാഗം അഭിഭാഷകർ ഒരുങ്ങുകയാണ്.

പോക്‌സോ കോടതികളിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനങ്ങൾക്ക് അപേക്ഷിച്ചവരെ നിരാശരാക്കുന്ന നീക്കങ്ങളാണ് തുടക്കം മുതൽ ഒടുക്കം വരെ നടന്നത്. നിയമനങ്ങൾ ആരും അറിയരുതെന്ന് സർക്കാരിനു തന്നെ നിർബന്ധമുണ്ടെന്ന രീതിയിലാണ് നിയമനങ്ങൾക്കുള്ള നോട്ടിഫിക്കേഷൻ തന്നെ പുറത്തിറങ്ങിയത്. മിനിമം 15 ദിവസത്തെ കാലാവധിയെങ്കിലും സർക്കാർ നിയമനങ്ങൾക്ക് നൽകാറുണ്ട്. ലോക്ക് ഡൗൺ വേളയായിട്ടു പോലും അപേക്ഷിക്കാനായി ഒരാഴ്ച പോലും സാവകാശം അഭിഭാഷകർക്ക് നൽകിയില്ല. ആലപ്പുഴ ജില്ലയിൽ മെയ്‌ 22 ആം തീയതി നോട്ടിഫിക്കേഷൻ പുറത്തിറങ്ങിയപ്പോൾ അവസാന തീയതിയായി കാണിച്ചത് 28 ആം തീയതിയാണ്.

കാലാവധി ഇന്നലെ അവസാനിക്കുകയും ചെയ്തു. ഏഴു വർഷം പ്രാക്ടീസുള്ള അഭിഭാഷകർക്ക് പോസ്റ്റിനു അപേക്ഷിക്കാം. പതിനാലു ജില്ലകളിലായി 28 കോടതികളാണ് ആരംഭിക്കുന്നത്. 28 സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനങ്ങളും ഇതോടൊപ്പം നടക്കും. ഇതിനുള്ള ചരട് വലികൾ ഇടത് കേന്ദ്രങ്ങളിൽപ്പെട്ട അഭിഭാഷകർ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കെ തന്നെയാണ് നോട്ടിഫിക്കേഷൻ വന്നതും അത് ആരുമറിയാതെ പോയതും.

ആലപ്പുഴ ജില്ലയിൽ കഴിഞ്ഞ വെള്ളിയാഴ്ച നോട്ടിഫിക്കേഷൻ പുറത്തിറങ്ങിയപ്പോൾ അവസാന കാലാവധി ഇതേ മാസം ഇരുപത്തിയെട്ടാം തീയതി. അതായത് കഷ്ടി ഒരാഴ്ച. ഈ ഒരാഴ്ചയിൽ പ്രവർത്തി ദിവസം വെറും അഞ്ച് ദിവസവും. ഈ അഞ്ചാം ദിവസം കാലാവധിയും തീരും. ഇതോടെയാണ് എന്താണ് നിയമനങ്ങൾക്ക് പിന്നിൽ എന്ന് ഇടത് കേന്ദ്രങ്ങളിൽ നിന്ന് തന്നെ അന്വേഷണം നീണ്ടത്. അപ്പോഴാണ് നിയമനങ്ങൾ അട്ടിമറിക്കപ്പെട്ട കാര്യം ഇവരും അറിയുന്നത്. ലിസ്റ്റ് എകെജി സെന്ററിൽ എപ്പോഴേ റെഡി എന്ന സൂചനയാണ് ഇടത് അഭിഭാഷകർക്ക് തന്നെ ലഭിച്ചത്. ഇടത്-വലത് ഭേദമന്യേ അഭിഭാഷകർ കടുത്ത പ്രതിഷേധത്തിലാണ്. ഇതോടെയാണ് നിയമനടപടി സ്വീകരിക്കാനുള്ള തീരുമാനങ്ങൾ ഉരുത്തിരിഞ്ഞു വന്നത്.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ലൈംഗിക അതിക്രമക്കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ വേണ്ടിയാണ് 14 ജില്ലകളിൽ 28 ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതികൾ ആരംഭിക്കാൻ മന്ത്രിസഭാ തീരുമാനം വന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് പോക്‌സോ കോടതികൾ സ്ഥാപിക്കുന്നത്. സുപ്രീംകോടതി നിർദ്ദേശത്തെ തുടർന്നു കേന്ദ്രസർക്കാരിന്റെ ആവശ്യപ്രകാരമാണു കോടതികൾ ആരംഭിക്കുന്നത്. തിരുവനന്തപുരം, നെടുമങ്ങാട്, നെയ്യാറ്റിൻകര, ആറ്റിങ്ങൽ, പുനലൂർ, കരുനാഗപ്പള്ളി, പത്തനംതിട്ട, ഹരിപ്പാട്, കോട്ടയം, ചങ്ങനാശേരി, പൈനാവ്, കട്ടപ്പന, പെരുമ്പാവൂർ, ആലുവ, തൃശൂർ, കുന്നംകുളം, ഇരിങ്ങാലക്കുട, പാലക്കാട്, പട്ടാമ്പി, പെരിന്തൽമണ്ണ, തിരൂർ, മഞ്ചേരി, കോഴിക്കോട്, കൊയിലാണ്ടി, കൽപറ്റ, തലശ്ശേരി, തളിപ്പറമ്പ്, ഹോസ്ദുർഗ് എന്നിവിടങ്ങളിലാണു പുതിയ പോക്‌സോ കോടതികൾ ആരംഭിക്കുന്നത്. കുട്ടികൾക്കെതിരെയുള്ള പീഡനങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ വേഗത്തിൽ വാങ്ങി നൽകുന്നതിനും കോടതികൾ ബാല സൗഹൃദമാക്കുന്നതിന്റെ ഭാഗമാവുമായാണ് പോക്‌സോ കോടതികൾ സ്ഥാപിക്കുന്നത്.

പോക്‌സോ കേസുകൾ മാത്രം കൈകാര്യം ചെയ്യുന്നതിന് അടുത്തകാലം വരെ പ്രത്യേക കോടതി നിലവിലുണ്ടായിരുന്നില്ല. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ കൈകാര്യം ചെയ്യുന്ന തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും പ്രവർത്തിക്കുന്ന അഡിഷണൽ ഡിസ്ട്രിക്ട് & സെഷൻസ് കോടതികളെ പോക്‌സോ കോടതിയായി മാറ്റുകയാണ് ചെയ്തിരുന്നത്. മറ്റ് 11 ജില്ലകളിൽ ഫസ്റ്റ് അഡീഷണൽ ഡിസ്ട്രിക്ട് & സെഷൻസ് കോടതികളെ ചിൽഡ്രൻസ് കോർട്ടായി മാറ്റിയിട്ടുണ്ട്. എന്നാൽ എല്ലാ കേസുകളും ഈ കോടതികളിൽ കൈകാര്യം ചെയ്യുന്നുമുണ്ട്. പോക്‌സോ കോടതികൾ വരുന്നതോടെ ഈ അവസ്ഥയാണ് മാറുന്നത്. പക്ഷെ ഇതിനുള്ള സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനങ്ങളാണ് ഇപ്പോൾ വിവാദമായി മാറുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP