Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തെരുവിൽ അലയുന്നവരുടെ പേരിൽ തെരുവോരം മുരുകൻ ലക്ഷങ്ങൾ വെട്ടിക്കുന്നുവെന്ന് സാമൂഹ്യക്ഷേമ വകുപ്പ്; പണപ്പിരിവിനായി മുരുകൻ ഉണ്ടാക്കിയ വ്യാജസീൽ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു; തെരുവു വെളിച്ചം പദ്ധതിയിൽ വൻ ക്രമക്കേട്; കൂടുതൽ അനാഥരുള്ള മറ്റ് സ്ഥാപനങ്ങളേക്കാൾ സർക്കാർ ഫണ്ടും മുരുകന്റെ സ്ഥാപനത്തിന്

തെരുവിൽ അലയുന്നവരുടെ പേരിൽ തെരുവോരം മുരുകൻ ലക്ഷങ്ങൾ വെട്ടിക്കുന്നുവെന്ന് സാമൂഹ്യക്ഷേമ വകുപ്പ്; പണപ്പിരിവിനായി മുരുകൻ ഉണ്ടാക്കിയ വ്യാജസീൽ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു; തെരുവു വെളിച്ചം പദ്ധതിയിൽ വൻ ക്രമക്കേട്; കൂടുതൽ അനാഥരുള്ള മറ്റ് സ്ഥാപനങ്ങളേക്കാൾ സർക്കാർ ഫണ്ടും മുരുകന്റെ സ്ഥാപനത്തിന്

കൊച്ചി: തെരുവിന്റെ മക്കളുടെ പേരിൽ തെരുവോരം മുരുകൻ ലക്ഷങ്ങൾ വാരിക്കൂട്ടുന്നതായി ആരോപണം. ചിറ്റിലപ്പള്ളിയും യൂസഫലിയും തെരുവ് മക്കളുടെ ഭണ്ഡാരത്തിലേക്ക് കാണിക്ക ഇട്ടപ്പോൾ കുബേരനായത് മുരുകൻ. പ്രതിവർഷം അനാഥരുടെ പേരിൽ മുരുകൻ സർക്കാരിൽനിന്നും ഒപ്പിട്ടു വാങ്ങുന്നത് 13 ലക്ഷം. സൗജന്യമായി 300 ഓളം സ്ഥാപനങ്ങൾ ജില്ലയിൽ പ്രവർത്തിക്കുമ്പോഴും അനാഥരുടെ പേരിൽ മുരുകൻ വാങ്ങുന്നത് ലക്ഷങ്ങൾ. ഇപ്പോൾ അഭയം നൽകാൻ സൗജന്യമായി സർക്കാർ അനുവദിച്ച കാക്കനാട്ടെ 16 സെന്റു ഭൂമിയും ഇരുനില കെട്ടിടവും കൈവശപ്പെടുത്താനുള്ള ശ്രമം മുരുകൻ നടത്തുന്നുവെന്നുമാണ് മറ്റൊരു ആരോപണം.

മുരുകന്റെ നീക്കങ്ങൾ മനസിലാക്കിയ സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ നീക്കം പൊളിച്ചതായി അറിയുന്നു. ഏകദേശം 25 കോടി വിലമതിക്കുന്ന കെട്ടിടവും ഭൂമിയുമാണ് ഇപ്പോൾ മുരുകന്റെ അധീനതയിലുള്ളത്. ഒരു വർഷത്തേക്ക് മാത്രം കരാർ അടിസ്ഥാനത്തിൽ നൽകുന്ന സ്ഥാപനം നടത്താനുള്ള ഉത്തരവ് ഉന്നത രാഷ്ട്രീയ സ്വാധീനം ചെലുത്തി കഴിഞ്ഞ മൂന്നു വർഷം പിന്നിട്ടിട്ടും അതിന്റെ നടത്തിപ്പിൽ മുരുകൻ തുടരുകയാണ്. പണത്തോടുള്ള അമിതാസക്തി മൂത്ത മുരുകൻ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടത്തിവന്നിരുന്ന ജനസമ്പർക്ക പരിപാടിയിൽ തെരുവിൽ നിന്നും ലഭിച്ചവരെ കാട്ടി സഹായം വാങ്ങി തട്ടിപ്പ് നടത്തിയതായി സർക്കാർ രേഖകളിൽ കണ്ടെത്തി.

പറ്റിക്കപ്പെട്ട അനാഥർ പരാതിയുമായി സാമൂഹ്യക്ഷേമനിധി വകുപ്പിനെ സമീപിച്ചപ്പോഴാണ് മുരുകന്റെ തട്ടിപ്പ്് കഥ പുറത്തുവന്നത്. 2013,14,15 വർഷങ്ങളിൽ മുരുകൻ തെരുവു മക്കളെ കാട്ടി സഹായം വാങ്ങിച്ചിരുന്നതായി സർക്കാർ രേഖകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇവരുടെ പേരിൽ വാങ്ങിയ പണം ഒരു രൂപ പോലും നൽകാതെ മുക്കിയ മുരുകന്റെ പ്രവൃത്തിയും ഇപ്പോൾ തിരിഞ്ഞു കുത്തുകയാണ്. പ്രതിവർഷം അഞ്ചു ലക്ഷം രൂപകൊണ്ട് സുന്ദരമായി അനാഥാലയങ്ങൾ നടത്തുന്ന 128 സ്ഥാപനങ്ങൾ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുമ്പോൾ 14 ലക്ഷം നൽകി നടത്തുന്ന മരുകന്റെ തെരുവുവെളിച്ചം പദ്ധതി അനാവശ്യമാണെന്നാണ് സാമൂഹ്യക്ഷേമ വകുപ്പിന്റെ കണ്ടെത്തൽ.

ഇതു സംബന്ധിച്ച റിപ്പോർട്ട് എറണാകുളം ജില്ലാ കാര്യാലയത്തിൽനിന്നും സർക്കാരിലേക്ക് അയച്ചിട്ടുണ്ട്. മാത്രമല്ല സമാനസ്ഥാപനങ്ങൾ നടത്തുന്നവർക്ക് യാതൊരു പരിഗണനയും നൽകാത്ത വിധം പ്രചരണം കൊഴുപ്പിക്കുന്ന മുരുകൻ മറ്റു സ്ഥാപനങ്ങളെ നശിപ്പി്ക്കാനുള്ള ശ്രമവും തുടരുന്നുണ്ട്. തെരുവിൽ അലയുന്ന ജനങ്ങളെ വെടിപ്പും വൃത്തിയുമാക്കി അംഗീകൃത സ്ഥാപനങ്ങളിലേക്ക് സാമൂഹ്യ ക്ഷേമ ഉദ്യോഗസ്ഥന്റെ ഉത്തരവ് പ്രകാരം ഏൽപ്പിക്കുകയാണ് ചട്ടം. എന്നാൽ മാസങ്ങളോളം അനാഥകളെ പാർപ്പിച്ച് പിരിവ് നടത്തുന്നതായി ഉദ്യോഗസ്ഥർ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പണപ്പിരിവിനായി മുരുകൻ വ്യാജമായി ഉണ്ടാക്കിയ വ്യാജ സീൽ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. അനാഥകളെ രണ്ടുദിവസത്തിൽ കൂടുതൽ താമസിപ്പിക്കരുതെന്ന് നിയമം ഉണ്ടെങ്കിലും നിയമം ലംഘിച്ചും ആളുകളെ പാർപ്പിക്കുകയാണ്.

അടുത്ത ദിവസങ്ങളിൽ കുടുംബ തർക്കത്തെ തുടർന്ന് വീട് വിട്ടിറങ്ങിയ യുവതിയെ മുരുകൻ സ്വകാര്യമായി തെരുവുവെളിച്ചത്തിൽ താമസിപ്പിച്ചത് പരാതിക്കിടയാക്കി. വിവരം അറിഞ്ഞെത്തിയ സാമൂഹ്യക്ഷേമ ഓഫീസർ സംഭവത്തിൽ ഇടപെട്ട് മുരുകനിൽനിന്നും യുവതിയെ മാറ്റി പെരുമ്പാവൂരിലെ സ്ഥാപനത്തിൽ പാർപ്പിക്കുകയായിരുന്നു. അതേസമയം ചെറുപ്പത്തിൽ സഹിച്ച പട്ടിണി യൗവ്വനത്തിൽ മുരുകന് ഭാഗ്യമാകുകയാണ്. ഉന്നത രാഷ്ട്രീയ ബന്ധങ്ങളും അധികാരത്തിന്റെ സ്വാധീനവും മുരുകന് പ്രശ്സതിക്കൊപ്പം ധനസമ്പാദനത്തിന്റെ മാർഗവുമായി. മുരുകന്റെ സ്ഥാപനത്തിന് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഉടൻ നടത്തിക്കൊടുക്കാൻ മുൻ സർക്കാരിൽ ഉന്നതർ പ്രവർത്തിച്ചിരുന്നതായും ചില ഉദ്യോഗസ്ഥർ പറഞ്ഞു.

മുന്മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് മുരുകന് തുണയായി നിന്നിരുന്നതെന്ന് ചില ഉദ്യാഗസ്ഥർ പറയുന്നു. പ്രതിവർഷം മുരുകന് നൽകുന്ന 13 ലക്ഷം മുൻസർക്കാരിന്റെ വഴിവിട്ട നടപടിക്ക് ഉദാഹരണമായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഒരു സ്വകാര്യവ്യക്തിക്കാണ് മാസാമാസങ്ങളിൽ സർക്കാർ തുക നൽകി വരുന്നത്. മാത്രമല്ല അനാഥകളെ പോറ്റാൻ തുക അഡ്വാൻസായാണ് സർക്കാർ നൽകുന്നത്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഒരൊറ്റ സ്ഥാപനത്തിനും ഇത്തരം ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. എറണാകുളം ജില്ലയിൽ സമാനസ്വഭാവമുള്ള സ്ഥാപനങ്ങൾ മുന്നൂറ് എണ്ണമുണ്ട്. അവയിൽ 128 എണ്ണം സർക്കാർ ആനുകൂല്യം പറ്റുന്നവയാണ്. എന്നാൽ ഇവിടങ്ങളിലെ അനാഥരുടെ അംഗസംഖ്യ മുരുകന്റെ സ്ഥാപനത്തെക്കാൾ പതിന്മടങ്ങാണ്. എന്നിട്ടും മുരുകന് കിട്ടുന്ന ആനുകൂല്യത്തിന്റെ ഏഴയലത്തേക്കു പോലും ഇവർക്ക് എത്തിനോക്കാൻ കഴിയുന്നില്ല.

സാമൂഹ്യ നീതി വകുപ്പിന്റെ കണ്ടെത്തൽ ഇങ്ങനെ:

കാക്കനാട്ടിലെ തെരുവു വെളിച്ചം പദ്ധതി പ്രവർത്തനത്തിൽ വൻ ക്രമക്കേടെന്ന് സാമൂഹ്യ നീതി വകുപ്പ്. തെരുവിൽ അലയുന്ന നിരാംലംബരായ വയോധികരേയും മാനസിക രോഗികളേയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ 16/5/2013 ൽ ആരംഭിച്ച പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള തെരുവോരം മുരുകനാണ് ഇതിനു പിന്നിലെന്നും മേഖലാ അസിസ്റ്റന്റ് ഡയാക്ടറുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

നിലവിൽ 17 പുരുഷന്മാരും 8 സ്ത്രീകളും ഉൾപ്പെടെ 25 അന്തേവാസികളാണ് ഇവിടെയുള്ളത്. വീടു വിട്ടിറങ്ങിയ 21 വയസ്സുള്ള സ്ത്രീക്ക് മാർഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവേശനം നൽകിയത് കാണാൻ കഴിഞ്ഞെന്നും, രജിസ്റ്ററുകളും, റെക്കോഡുകളും ശരിയായി എഴുതി സൂക്ഷിച്ചിട്ടില്ല എന്നും, സർക്കാർ പണം വിനിയോഗിച്ച് നടത്തുന്ന പദ്ധതിയുടെ വരവ് ചെലവ് കാണിക്കുന്ന കാഷ് ബുക്ക് ശരിയായ വിധത്തിലുള്ളതല്ല എന്നും അന്യേഷണത്തിൽ വ്യക്തമായതായി റിപ്പോർട്ടിൽ പറയുന്നു.

തെരുവോരം അസോസിയേഷൻ സെക്രട്ടറിയായ മുരുകൻ തന്നെയാണ് സൂപ്രണ്ടായി ചുമതല വഹിക്കുന്നതെന്നും, മാനേജർ, സോഷ്യൽ വർക്കർ, കെയർ ഗിവർ, കുക്ക് എന്നീ ജീവനക്കാരെയും ഒരു മാനദണ്ഡവും പാലിക്കാതെ മുരുകൻ തന്നെയാണ് നിയമനം നടത്തിയിട്ടുള്ളതെന്നും, എന്നാൽ സോഷ്യൽ വർക്കർക്ക് ഒരു യോഗ്യതയും ഇല്ലെന്നും, മേൽ തസ്തിക കളിൽ ഉള്ളവർ ഇടക്കിടക്ക് മാറുന്നതായും രേഖകളിൽ കാണുന്നു.

സ്ഥാപനത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ ധനസഹായം വകുപ്പ് നൽകുന്നുണ്ടെങ്കിലും ഈ പേരിൽ വ്യാപക പിരിവു നടത്തുന്നുണ്ടെന്നും ഇതിന്റെ കണക്കുകൾ ചോദിച്ചെങ്കിലും മുരുകൻ നൽകാൻ തയ്യാറായില്ലെന്നും, ഇതിൽ ദുരൂഹത കാണുന്നുവെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

2016-17 വർഷത്തേക്ക് 13,38,000 രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. സാമൂഹ്യക്ഷേമ വകുപ്പാണ് ധനസഹായം നൽകുന്നതെങ്കിലും പദ്ധതി നടത്തിപ്പിന്റെ ക്രെഡിറ്റു മുഴുവനും തെരുവോരം സംഘടനക്കും,അതിന്റെ സെക്രട്ടറിയുമായ മുരുകനാണെന്നും, ഇത്രയും തുകയുണ്ടെങ്കിൽ ഇടനിലക്കാരനെ ഒഴിവാക്കി വകുപ്പിനു തന്നെ നേരിട്ട് നടത്തുവാൻ കഴിയുമെന്നും ഇതിന്റെ പേരിലുള്ള പണപ്പിരിവും അവസാനിപ്പിക്കാൻ സാധിക്കുമെന്നും സാമൂഹ്യനീതി വകുപ്പ് മേഖലാ അസിസ്റ്റന്റ് ഡയറക്ടറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

പണപ്പിരിവിനായി വകുപ്പിന്റെ പേരുതന്നെ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് സംശയിക്കുന്നുവെന്നും സാമൂഹ്യക്ഷേമ വകുപ്പിന്റെ പേര് ഉൾക്കൊള്ളുന്ന അനധികൃത സീലും കണ്ടെത്തിയെന്നും, സുതാര്യമല്ലാത്ത പ്രവർത്തനം കാഴ്ചവയ്ക്കുന്ന തെരുവോരം സംഘടനയ്ക്ക് ഇനിയും ചുമതല നൽകുന്നത് കോടിക്കണക്കിനു വിലമതിക്കുന്ന വകുപ്പിന്റെ സ്ഥലത്തിനും കെട്ടിടത്തിനും ആവശ്യമില്ലാത്ത അവകാശങ്ങൾക്ക് ഭാവിയിൽ വഴിതെളിച്ചേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം വകുപ്പ് നൽകുന്ന ധനസഹായത്തോടെ പദ്ധതി നടത്താൻ കഴിയുമെന്നതിനാൽ നടത്തിപ്പ് ചുമതലയും വകുപ്പിനു തന്നെയാവണം. തെരുവോര പ്രവർത്തന അസോസിയേഷനുമായി ഒപ്പുവച്ചിട്ടുള്ള എം.ഒ.യു റദ്ദാക്കണം. മുരുകന് തെരുവോരത്തുനിന്നുള്ള നിരാലംബരെ സെന്ററിൽ എത്തിക്കുന്നതിനുള്ള അവകാശം മാത്രം നൽകിയാൽ മതി. സ്വന്തം ഇഷ്ടപ്രകാരം മുരുകൻ നിശ്ചയിച്ചിട്ടുള്ള ജീവനക്കാരുടെ സേവനം ഉടൻ അവസാനിപ്പിച്ച് ജില്ലാ സാമൂഹ്യ നീതി ഓഫീസറുടെ അധ്യക്ഷതയിലുള്ള കമ്മിറ്റി മുഖേനെ സൂപ്രണ്ടിനെ കൂടാതെ 5 മൾട്ടിടാസ്‌ക് വർക്കർമാരേയും ഒരു നേഴ്‌സിനേയും നിയമിച്ചാൽ ഭംഗിയായി മുന്നോട്ടു കൊണ്ടുപോകുവാൻ കഴിയും

സ്‌പോൺസർഷിപ്പ് മുഖേന ലഭിച്ച വാഹനം സ്ഥാപനത്തിനുള്ളതിനാൽ ഡ്രൈവിങ് അറിയുന്ന മൾട്ടി ടാസ്‌ക് വർക്കറെ കൊണ്ട് പ്രവർത്തിക്കാൻ കഴിയുമെന്നും, വകുപ്പ് ഏറ്റെടുത്ത് നടത്തുമ്പോൾ ആവശ്യമായ എല്ലാ രജിസ്റ്ററുകളും സൂക്ഷിക്കുമെന്നതിനാൽ ധനവിനിയോഗ പ്രവർത്തനങ്ങളെ നിരീക്ഷിക്കാൻ സാധിക്കും. സമൂഹത്തിലെ ഏറ്റവും ദുർബലരായവരുടെ സംരക്ഷണം വകുപ്പ് നേരിട്ടു നടത്തുന്നു എന്നതു കൂടാതെ വസ്തുവകകൾ അന്യാധീനപ്പെടാതെ നിലനിർത്താനും കഴിയും എന്ന പ്രധാന്യം കൂടി ഏറ്റെടുക്കലിനുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP