Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സത്യസന്ധതയുടെ പേരിൽ കിട്ടിയ ആ 51 ലക്ഷം കുട്ടികളുടെ സുരക്ഷിത ഭാവിക്കായി മാറ്റിവെക്കും; ബംപർ അടിച്ചു എന്നറിഞ്ഞ് മിണ്ടാതെ മാറി നടന്നവരും പിന്നാലെ ചങ്ങാത്തം കൂടി പിന്നാലെ വന്നു; പണമുണ്ടെങ്കിൽ അവനാണ് രാജാവ്; സോഷ്യൽ മീഡിയ കൈയടിച്ച സ്മിജ മറുനാടനോട്

സത്യസന്ധതയുടെ പേരിൽ കിട്ടിയ ആ 51 ലക്ഷം കുട്ടികളുടെ സുരക്ഷിത ഭാവിക്കായി മാറ്റിവെക്കും; ബംപർ അടിച്ചു എന്നറിഞ്ഞ് മിണ്ടാതെ മാറി നടന്നവരും പിന്നാലെ ചങ്ങാത്തം കൂടി പിന്നാലെ വന്നു; പണമുണ്ടെങ്കിൽ അവനാണ് രാജാവ്; സോഷ്യൽ മീഡിയ കൈയടിച്ച സ്മിജ മറുനാടനോട്

ആർ പീയൂഷ്

കൊച്ചി: കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് ലോട്ടറി വിൽപ്പന വഴി ബംപർ അടിച്ചതു വഴി കമ്മീഷനായി 51 ലക്ഷം രൂപ ലഭിച്ചതെന്ന് സ്മിജ. കിട്ടിയ തുക കുട്ടികളുടെ ഭാവിയിലേക്കുള്ള സുരക്ഷിത നിക്ഷേപമായി കരുതിവയ്ക്കാനാണ് ഉദ്ദേശമെന്നും സ്മിജ മറുനാടനോട് പറഞ്ഞു. ബംപർ അടിച്ചു എന്നറിഞ്ഞ് മിണ്ടാതെ മാറി നടന്നവർ വരെ പിന്നെ ചങ്ങാത്തം കൂടി പിന്നാലെ വന്നു എന്ന് ചിരിയോടെ സ്മിജ പറയുന്നു. പണമില്ലാത്തവൻ പിണമാണെന്നും പണമുണ്ടെങ്കിൽ അവനാണ് രാജാവെന്നും ഇതിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞതായും അവർ പറഞ്ഞു.

കഴിഞ്ഞ മാർച്ചിലാണ് സ്മിജ വിറ്റ സമ്മർ ബംപർ ലോട്ടറിക്ക് ഒന്നാം സമ്മാനം ലഭിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള കമ്മീഷൻ തുക കഴിഞ്ഞ ദിവസമാണ് ചെക്കായി ലഭിച്ചത്. ഇത് ബാങ്കിൽ കൊടുത്തിരിക്കുകയാണ്. ഫോൺ വഴി കടമായി വാങ്ങിയ ടിക്കറ്റിന് സമ്മർ ബംപർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ആറു കോടി കീഴ്മാടിൽ ചെടിച്ചട്ടി കമ്പനി ജോലിക്കാരനായ ചക്കംകുളങ്ങര പാലച്ചുവട്ടിൽ പി.കെ. ചന്ദ്രന് ലഭിച്ചത്. ചന്ദ്രനായി മാറ്റിവെച്ച ടിക്കറ്റിന് ഒന്നാം സമ്മാനം അടിച്ചതിന് പിന്നാലെ കടമായി വാങ്ങിയ ടിക്കറ്റ് സ്മിജ വീട്ടിലെത്തിച്ച് നൽകുകയും ചെയ്തു.

നറുക്കെടുപ്പു ദിവസം ഉച്ചയായിട്ടും വിറ്റുപോകാതെ സ്മിജയുടെ പക്കൽ ബാക്കിയായ 12 ടിക്കറ്റുകളിൽ ഒന്നിനാണ് ഒന്നാം സമ്മാനം അടിച്ചത്. ടിക്കറ്റ് ബാക്കിയായപ്പോൾ സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന പലരെയും വിളിച്ചു സ്മിജ ടിക്കറ്റ് വേണോ എന്നു തിരക്കിയിരുന്നു. അക്കൂട്ടത്തിലാണു ചന്ദ്രനെയും വിളിച്ചത്. കൈവശമുള്ള ടിക്കറ്റുകളുടെ നമ്പറുകൾ സ്മിജ പറഞ്ഞപ്പോൾ അതിൽ നിന്ന് എസ്ഡി 316142 നമ്പർ ടിക്കറ്റ് എടുത്തു മാറ്റിവയ്ക്കാൻ ചന്ദ്രൻ പറഞ്ഞു. ടിക്കറ്റ് വിലയായ 200 രൂപ പിറ്റേന്നു തരാമെന്നും പറഞ്ഞു.

സ്മിജ ടിക്കറ്റ് മാറ്റിവച്ച ശേഷം അതിന്റെ ഫോട്ടോ ചന്ദ്രനു വാട്‌സാപ്പിൽ അയച്ചു കൊടുത്തു. അൽപ്പ സമയത്തിനകം നറുക്കെടുപ്പു നടക്കുകയും ചെയ്തു. ഫലം പുറത്ത് വന്നപ്പോൾ ചന്ദ്രനായി നീക്കിവെച്ച ടിക്കറ്റന് ആറു കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചെന്ന വാർത്തയും പുറത്ത് വന്നു. അപ്പോഴും ആറ് കോടി രൂപ അടിച്ച ടിക്കറ്റ് അപ്പോൾ സ്മിജയുടെ പക്കൽ തന്നെയായിരുന്നു. പിന്നീട് അവരും ഭർത്താവ് രാജേശ്വരനും കൂടി അതു ചന്ദ്രന്റെ വീട്ടിൽ എത്തിച്ചുകൊടുത്തു. സ്മിജയുടെ ഈ സത്യസന്ധതയ്ക്ക് വലിയ കയ്യടിയാണ് സോഷ്യൽ മീഡിയ നൽകിയത്. പൊലീസുകാർ പോലും ആദരവ് നൽകി.

സ്മിജയും ഭർത്താവ് രാജേശ്വരനും ലോട്ടറി ടിക്കറ്റ് അച്ചടിക്കുന്ന കാക്കനാട് സർക്കാർ പ്രസിൽ താൽക്കാലിക ജീവനക്കാരായിരുന്നു. ജോലി നഷ്ടപ്പെട്ടപ്പോഴാണു ചുണങ്ങംവേലിയിൽ റോഡരികിൽ ലോട്ടറി തട്ട് ഇട്ടത്. ലൈഫ് പദ്ധതിയിൽ പട്ടിമറ്റം വലമ്പൂരിൽ ലഭിച്ച വീട്ടിലാണു താമസം. ഇവരുടെ മൂത്ത മകൻ ജഗൻ (12) തലച്ചോറിൽ രക്തം കട്ടപിടിക്കുന്ന രോഗത്തിനു ചികിത്സയിലാണ്.

രണ്ടാമത്തെ മകൻ ലുഖൈദിനു (രണ്ടര) രക്താർബുദം വന്നു മാറി. മകന്റെ ചികിത്സയും മറ്റും നടത്താനും ലഭിച്ച തുക ഉപയോഗിക്കും. കൂടാതെ കോവിഡ് സമയത്ത് പട്ടിണിയായിരുന്നപ്പോഴും മകന്റെ ചികിത്സയ്ക്കായും സഹായിച്ച സുഹൃത്തിനും സഹോദരിക്കും ഇതിൽ ഒരു പങ്ക് നൽകാനും തീരുമാനിച്ചിട്ടുണ്ടെന്ന് സ്മിജ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP