Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

ശിവശങ്കർ കുടുങ്ങിയതോടെ സഹകരണ സ്ഥാപനത്തിലെ ഉന്നത പദവി ഒഴിഞ്ഞ് കെ എസ് ബി യിലെ മുൻ ഡയറക്ടർ ബോർഡംഗം; ശിവശങ്കറിന്റെ തണലിൽ ലൈഫ് മിഷനിലെ നിർണായക ചുമതല വഹിച്ച യുവതിയും വിവാദം ഭയന്ന് വൈദ്യുത ബോർഡിലേക്ക് മടങ്ങി. ഡൗൺ ടൗൺ പദ്ധതിയിലും വിശ്വസ്തൻ; മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്ന് എല്ലാം ശിവശങ്കർ ഭരിച്ചത് ഇങ്ങനെ

ശിവശങ്കർ കുടുങ്ങിയതോടെ സഹകരണ സ്ഥാപനത്തിലെ ഉന്നത പദവി ഒഴിഞ്ഞ് കെ എസ് ബി യിലെ മുൻ ഡയറക്ടർ ബോർഡംഗം; ശിവശങ്കറിന്റെ തണലിൽ ലൈഫ് മിഷനിലെ നിർണായക ചുമതല വഹിച്ച യുവതിയും വിവാദം ഭയന്ന് വൈദ്യുത ബോർഡിലേക്ക് മടങ്ങി. ഡൗൺ ടൗൺ പദ്ധതിയിലും വിശ്വസ്തൻ; മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്ന് എല്ലാം ശിവശങ്കർ ഭരിച്ചത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) ലഭിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ തലണലിൽ ഉന്നത പദവികളിൽ എത്തിയവർ ചുമതലകൾ ഉപേക്ഷിച്ചോ രാജിവെച്ചോ ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ചോ പോയി തുടങ്ങിയിരിക്കുന്നത്. ശിവശങ്കർ കെ എസ് സി ബി യിൽ ചെയർമാൻ ആ്ന്റ് മാനേജിങ് ഡയറക്ടർ ആയരിക്കവേ അദ്ദേഹത്തിന്റെ സന്തത സഹചാരിയായിരുന്ന സ്ത്രീയെ ബോർഡിന്റെ ഡയറക്ടർ ബോർഡ് അംഗം വരെയാക്കി ഉയർത്തി. യൂണിയൻകാർക്കും ചില ഉന്നത ഉദ്യോഗസ്ഥർക്കും മുറുമുറുപ്പ് ഉണ്ടായിരുന്നെങ്കിലും അതൊന്നും ചെവി കൊള്ളാതെ തന്നെ തന്റെ താല്പര്യക്കാരിയെ ശിവശങ്കർ ഉന്നത പദവിയിൽ എത്തിക്കുകയായിരുന്നു.

പിന്നീട് ഇവർ വിരമിച്ചപ്പോൾ ശിവശങ്കർ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവിയിൽ എത്തിയിരുന്നു. ഈ സ്വാധീനം ഉപയോഗിച്ച് ലേബർ കോൺട്രാക്ടിങ് രംഗത്ത് പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനത്തിന്റെ ഉന്നത പദവിയിൽ തന്റെ ഇഷ്ടക്കാരിയെ ശിവശങ്കർ എത്തിച്ചു. അവരാണ് വിവാദം കടുക്കുകയും ശിവശങ്കർ ഇ ഡി യുടെ കസ്റ്റഡിയിൽ ആകുകയുംചെയ്തതോടെ ജോലി ഉപേക്ഷിച്ചു പോയ ഒരാൾ. ശിവശങ്കറിന്റെ ഇടപെടലിലും ശുപാർശയിലും നടന്ന നിയമനങ്ങൾ കൂടി അന്വേഷണ സംഘം പരിശോധിച്ചേക്കും എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ ജോലി രാജിവെച്ചതെന്ന് അറിയുന്നു. കെ എസ് ഇ ബി യിലെ തന്നെ മറ്റൊരു ഉദ്യോഗസ്ഥയെ ലൈഫ് മിഷനിൽ നിർണായക തസ്തികയിൽ ഡെപ്യൂട്ടേഷനിൽ എത്തിച്ചതും ശിവശങ്കർ ആയിരുന്നു.

ശിവശങ്കർ മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രിൻസിപ്പിൾ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നപ്പോൾ തന്നെയാണ് ഈ ഉദ്യോഗസ്ഥക്ക് ലൈഫ് മിഷനിൽ ഡെപ്യൂട്ടേഷൻ ശരിയാക്കി നല്കിയത്. വിവാദം കനത്തതോടെ ഈ ഉദ്യോഗസ്ഥയും ഡെപ്യൂട്ടേഷൻ മതിയാക്കി കെ എസി ഇ ബി യിലേക്ക് തിരികെ പോയി. ശിവശങ്കറിന്റെ മറ്റൊരു വിശ്വസ്തനും ദേശീയ ഗെയിംസിന്റെ ചുമതലക്കാരനുമായിരുന്ന കായികതാരത്തിന് നല്കിയ നിർണായക ചുമതലയും ഇപ്പോൾ പല വിധ ചർച്ചകൾക്ക് വഴിവെച്ചിരിക്കയാണ്. കെ എസ് ഇ ബി യിൽ നിന്നും വിരമിച്ച ഈ ഉദ്യോഗസ്ഥനെയാണ് ഡൗൺ ടൗൺ പദ്ധതിയുടെ ചുക്കാൻ എൽപ്പിച്ചിരിക്കുന്നത്.

അമേരിക്കയിലെ ബൊസ്റ്റൺ ആസ്ഥാനമായുള്ള ടോറസ് ഇൻവെസ്റ്റ്‌മെന്റ്സ് 40 ലക്ഷം ചതുരശ്ര അടിയിൽ തിരുവനന്തപുരത്തെ ടെക്‌നോപാർക്കിൽ നിക്ഷേപം നടത്തുന്നതാണ് പദ്ധതി. . 2.7 ദശലക്ഷം ചതുരശ്ര അടിയിൽ ഐ ടി വ്യവസായവും 1.7 ദശലക്ഷം ചതുരശ്രഅടിയിൽ മാൾ, 300 മുറികൾ ഹോട്ടൽ , സ്റ്റാർട്ട് അപ് സംരംഭങ്ങൾ എന്നിവയാണ് പദ്ധതിലുള്ളത്. .. നേരിട്ട് 1200 കോടിയുടെ നിക്ഷേപം ആണ് ഡൗൺ ടൗൺ ടെക്നോപാർക്ക് പദ്ധതിയിലൂടെ നടപ്പിലാവുന്നത്. . ഈ പദ്ധതിയുടെ ചുക്കാനാണ് വെറും കായിക അനുഭവ സമ്പത്ത് മാത്രമുള്ള ഇഷ്ടക്കാരന് കൈമാറിയത്. ശിവശങ്കർ നടത്തിയ നിയമനങ്ങൾ മുഴുവൻ ഇ ഡി പരിശോധിക്കുന്ന സാഹചര്യത്തിൽ ഈ ഉദ്യോഗസ്ഥനും ഉടൻ ജോലി ഉപേക്ഷിച്ചേക്കുമെന്നാണ സൂചന. ഇതിനൊക്കെ പുറമെ ഐ ടി വകുപ്പുടക്കമുള്ള പ്രധാന വകുപ്പുകളിൽ ഇരുപത്തഞ്ചോളം പ്രധാന തസ്തികളിലെ നിയമനങ്ങളിൽ ശിവശങ്കർ നേരിട്ട് ഇടപെട്ടുവെന്നാണ് വിവരം. നിയമനം ലഭിച്ചവരിൽ കൂടുതലും സ്ത്രീകളാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ശിവശങ്കറിന്റെ തണൽ മാത്രം യോഗ്യതയാക്കി ഉന്നത പദവിയിലെത്തിയവരെ പിടിക്കാൻ
ഇഡി കൂടി എത്തിയാൽ പുറത്തു വന്നതും അല്ലാത്തതുമായ നിരവധി നിയമനകാര്യങ്ങളിലെ അഴിമതി കൂടി പുറത്തു വന്നേക്കും.

ശിവശങ്കർ ഐ എ എസ് തന്റെ ഇഷ്ടക്കാരെ തിരുകി കയറ്റാനും അവർക്ക് സരുക്ഷിത താവളമൊരുക്കാനുമുള്ള മറ്റൊരു സങ്കേതമായി കണ്ടിരുന്നത്കേരള സ്റ്റേറ്റ് ഐ ടി ഇൻഫ്രാസ്ട്രെക്ചർ ലിമിറ്റഡിനെയാണ് ശിവശങ്കറിന്റെയും കേരള സ്റ്റേറ്റ് ഐ ടി ഇൻഫ്രാസ്ട്രെക്ചർ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ജയശങ്കർ പ്രസാദിന്റെയും ഇഷ്ടക്കാരെ ഇവിടെ നിയമിക്കുമ്പോൾ സർക്കാർ നിയമങ്ങളും ചട്ടങ്ങളും എല്ലാം വിസ്മൃതിയിലാകും.ഇവരുടെ ഇഷ്ടക്കാരുൾപ്പെടെയുള്ള 18 ഉദ്യോഗസ്ഥരെ സ്ഥിരപ്പെടുത്താനുള്ള ഫയൽ ഇപ്പോൾ ഐ ടി സെക്രട്ടറിയുടെ ഓഫീസിൽ എത്തിക്കഴിഞ്ഞുവെന്നാണ് വിവരം. ശിവശങ്കരന്റെ താല്പര്യത്തിൽ എത്തപ്പെട്ട ഫയൽ വിവാദമായ സാഹചര്യത്തിൽ ഇനി മുന്നോട്ടു നീങ്ങില്ലന്നാണ് അറിയുന്നത്. സ്റ്റാർട്ട് അപ്പ് മിഷനിൽ എക്സിക്യൂട്ടിവായിരുന്ന യുവാവിനെ പഠിച്ച പണി പതിനെട്ടും പയറ്റിയാണ് കെ എസ് ഐ ടി എല്ലിൽ എത്തിച്ചത്.

സാധാരണ ഗതിയിൽ നിലവിലെ ഉദ്യാഗസ്ഥരുടെ കരാർ കാലാവധി അവസാനിക്കുമ്പോൾ പുതുക്കി നല്കുകയാണ് ഇവിടെ പതിവ്. എന്നാൽ എക്സിക്യൂട്ടിവ് ഫിനാൻസ് തസ്തികയിലെ യുവതിയുടെ കരാർ കാലാവധി 2017ൽ അവസാനിച്ചപ്പോൾ പുതുക്കേണ്ടതില്ലന്നു പുതിയ അപേക്ഷ ക്ഷണിക്കാനും കമ്പിനി ചെയർമാൻ കൂടിയായ ശിവശങ്കർ നിർദ്ദേശിച്ചു. അതിൻ പ്രകാരം അപേക്ഷ ക്ഷണിച്ചു. സാധാരണ ഗതിയിൽ എഴുത്തു പരീക്ഷയും പ്രാക്ടിക്കൽ പരീക്ഷയും അഭിമുഖവും നടത്തേണ്ട തസ്തികയ്ക്ക് ഇന്റർവ്യൂ മാത്രം മതിയെന്ന് മാനേജ്മെന്റ് തീരുമാനിച്ചു. വിദഗ്ദ്ധർ ഉൾപ്പെട്ട ഇന്റർവ്യൂ ബോർഡ് തിയ്യതി നിശ്ചയിച്ച ശേഷം നാലു പ്രാവിശ്യം മാറ്റിവെച്ചശേഷമാണ് നടത്തിയത്. റിസൾട്ട് വന്നപ്പോൾ ഒന്നാം റാങ്ക് നിലിവിൽ അവിടെ ജോലി ചെയ്തിരുന്ന യുവതിക്കായിരുന്നു. രണ്ടാം റാങ്ക് ശിവശങ്കർ ഐ എ എസ്ന്റെയും ജയശങ്കർ പ്രസാദിന്റെയും ഇഷ്ടക്കാരനായ യുവാവിനും. അന്ന് പുറത്തു നിന്നുള്ള വിദഗ്ദ്ധർ ഉൾപ്പെട്ട ഇന്റർവ്യൂ ബോർഡിൽ നടത്തിയ സമ്മർദ്ദം ഫലം കാണാത്തതു കാരണമാണ് ഇഷ്ടക്കാരനെ ഒന്നാമത് എത്തിക്കാൻ കഴിയാതെ പോയത് .

അതുകൊണ്ട് തന്നെ അന്ന് ചെയർമാനായ ശിവശങ്കറിന്റെ ഒറ്റ നിർബന്ധത്തിൽ ആ റാങ്ക് ലിസ്റ്റ് റദ്ദാക്കപ്പെട്ടു. ഒന്നാം റാങ്കുകാരി ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും പിന്നീടൊന്നും സംഭവിച്ചില്ല. ഈ സമയം കമ്പിനിയുടെ എം ഡി രാജമാണിക്യം ഐ എ എസായിരുന്നുവെങ്കിലും തീരുമാനങ്ങളെല്ലാം എടുത്തിരുന്നത് ശിവശങ്കർ ഐ എ എസ് നേരിട്ടായിരുന്നു.രാജമാണിക്യം പഠനത്തിനായി യു കെ യിലേക്ക് പോയതോടെ ശിവശങ്കർ തന്നെ അദ്ദേഹത്തിന്റെ പ്രത്യേക താല്പര്യത്തിൽ സ്റ്റാർട്ടപ്പ് മിഷൻ ഡയറ്ടർ ആയ ജയശങ്കർ പ്രസാദിനെ ഇവിടെ എംഡി യായി നിയമിച്ചു. ഏതു സർക്കാർ ഭരിച്ചാലും നിർണായക ചുമതലകളിൽ എത്തപ്പെടുന്ന ജയശങ്കർ പ്രസാദ് എൽ ഡി എഫിനും യുഡിഎഫിനും ഒരേ പോലെ പ്രിയപ്പെട്ടവനാണ് . ജയശങ്കർ പ്രസാദ് ചുമതലയേറ്റ ഉടൻ സ്റ്റാർട്ട് അപ് മിഷനിലെ അക്കൗണ്ട് എക്സിക്യൂട്ടീവും ഇവരുടെ സന്തത സഹചാരിയുമായ യുവാവിനെ ഫിനാൻസ് എക്സിക്യൂട്ടിവായി കെ എസ് ഐ ടി എല്ലിൽ നിയമിച്ചു. നേരത്തെ നടത്തിയ നിയമന നീക്കം പാളിയപ്പോഴാണ് ഇഷ്ടക്കാരനെ വളഞ്ഞ വഴിയിലൂടെ കമ്പിനിയിൽ എത്തിച്ചത് .

സർക്കാരിന്റെ പ്രത്യേക ഉത്തരവോ അനുമതിയോ വാങ്ങാതെയായിരുന്നു നിയമനം. വെറും 20000 രുപ കൺസോളിഡറ്റ് പേ ആയി ശമ്പളം വാങ്ങിയിരുന്ന യുവാവിന് ഇവിടെ 45000രൂപയ്ക്ക് മുകളിലായി ശമ്പളം. നിയമ പ്രകാരം ഡെപ്യൂട്ടേഷനോ കരാർ തസ്തികയിലോ പരസ്യം നല്കി അഭിമുഖവും എഴുത്തു പരീക്ഷയും നടത്തി നിയമിക്കേണ്ട നിർണായക തസ്തികയിലാണ് ചെയർമാനും എം ഡിയും കൂടി ഒത്തു കളിച്ച് സ്വന്തം വീട്ടിൽ ജോലിക്ക് ആളെ നിയമിക്കും പോലെ നിയമനം നടത്തിയിരിക്കുന്നത്. കൂടാതെ ഇതേ ജീവനക്കാരന് വേണ്ടത്ര യോഗ്യതയോ പ്രവൃത്തി പരിചയമോ ഇല്ലാതിരുന്നിട്ടു കൂടി 90000 രൂപ ശമ്പളത്തിൽ ഇപ്പോൾ ഡെപ്യൂട്ടി മാനേജർ ഫിനാൻസായി നിയമിക്കാൻ ചരടുവലി തുടങ്ങി കഴിഞ്ഞു. ഇതിന്റെ നടപടി ക്രമങ്ങൾ നടന്നു വരുന്നു. ഇക്കാര്യങ്ങൾ പുറത്തറിയാതിരിക്കാൻ അതീവ രഹസ്യമായാണ് ഫയലുകൾ നീക്കിയത് .
ഇതു കൂടാതെ കെ എസ് ഐ ടി എല്ലിലെ കമ്പിനി സെക്രട്ടറി ശ്രീചിത്രയിൽ ഉന്നത ജോലി ലഭിച്ചു പോയതിനെ തുടർന്ന് ഒഴിവു വന്ന തസ്തികയിൽ ശിവശങ്കർ ഐ എസ് എസ് നിയമിച്ചത് സ്വന്തം നാട്ടുകാരിയെ.

നടപടിക്രമങ്ങളുടെ ഭാഗമായി അഭിമുഖം ഒക്കെ നടന്നുവെങ്കിലും പങ്കെടുത്തവരെല്ലാം ശരാശരിക്കും താഴെയായിരുന്നുവെന്ന് അന്ന് ഇന്റർവ്യൂ ബോർഡിലുണ്ടായിരുന്ന ഒരു അംഗം ഓർക്കുന്നു. എന്നാൽ ചെയർമാന്റെ പ്രത്യേക താല്പര്യത്തിൽ അഭിമുഖത്തിന് വന്ന നിലവിലെ കമ്പിനി സെക്രട്ടറിക്ക് അൻപതു ശതമാനത്തിന് മേൽ മാർക്ക് നല്കുകയായിരുന്നു. മാർക്കു മാത്രമല്ല നിയമിക്കപ്പെട്ടശേഷം ഒരു വർഷം തികയുന്നതിന് മുൻപ് ഇരുപത് ശതമാനം ശമ്പളം വർദ്ധനവ്, യാത്രക്കായി ഇന്നോവ കാർ ഇത്രയും അനുവദിക്കപ്പെട്ടു.സർക്കാർ നിയമ പ്രകാരം ചെയർമാനും എം.ഡിക്കും മാത്രം വാഹനം ഉപയോഗിക്കാൻ അനുമതിയുള്ള ഓഫീസിലാണ് ഇഷ്ടക്കാരിക്ക് വേണ്ടി നിലവിലെ നിയമങ്ങൾ കാറ്റിൽ പറത്തിയിരിക്കുന്നത്. ഇതിന് പുറമെ കമ്പിനി സെക്രട്ടറിക്ക് വീണ്ടു ശമ്പളം കൂട്ടി. ഇതൊക്കെ ബോർഡിൽ ചെയർമാൻ അനുവദിക്കുന്ന പ്രത്യേക അജണ്ടയായി വിഷയം അവതരിപ്പിച്ചാണ് അനുവദിച്ചു നല്കിയതെന്ന് അറിയുന്നു. കമ്പിനി സെക്രട്ടറിക്ക് ഫിനാൻസ് അറിയില്ല എന്ന പരിമിതി പുറത്തറിയാതിരിക്കാനും വിവാദം ഒഴിവാക്കാനും ഒരു പടി കൂടി കടന്നായിരുന്നു ചെയർമാന്റെ ഇടപെടൽ . ചീഫ് ഫിനാൻസ് ഓഫീസറുടെ തസ്തിക സൃഷ്ടിച്ചാണ് നാട്ടുകാരിയെ ചെയർമാൻ രക്ഷപ്പെടുത്തിയത്.

ഇൻഫോ പാർക്കിൽ നിന്നും 80000 രൂപ ശമ്പളത്തിൽ കെ എസ് ഐ ടി എല്ലിൽ സീനിയർ ടെക്നിക്കൽ അഡൈ്വസർ ആയി വന്ന യുവതി രാജിവെച്ച് പോയപ്പോൾ രാജി കത്ത് കീറി കളഞ്ഞ് ഒന്നേകാൽ ലക്ഷം രൂപ നല്കി ഡിജിഎം റാങ്കിൽ നിയമനം നല്കിയതും ശിവശങ്കറിന്റെ ഇടപെടലിലാണ്. രാജിവെച്ച് പോയി ഒരു മാസം കഴിഞ്ഞാണ് രാജി കത്ത് കീറി കളഞ്ഞ് നിയമനം നല്കിയതെന്ന് ജീവനക്കാർ പറയുന്നു. ഇങ്ങനെ ഇഷ്ടക്കാർക്ക് എന്തും വാരിക്കോരി നല്കിയിരുന്ന ശിവശങ്കർ സ്വപ്ന സുരേഷിന് ഇവിടെ താവളം ഒരുക്കിയപ്പോഴും ആർക്കും എതിർപ്പു തോന്നിയില്ല. കാറും ലക്ഷം രൂപ ശമ്പളവും നല്കി നിയമിക്കപ്പെട്ടുവെങ്കിലും സ്വപ്നയുടെ വരവും പോക്കും പോലും ആരും അറിയാറില്ലയായിരുന്നു.സ്വപ്നയ്ക്ക് ഓഫീസിൽ അടുപ്പം എംഡി ജയശങ്കർ പ്രസാദിനോടു മാത്രമായിരുന്നു. ചില വൈകുന്നേരങ്ങളിൽ ഓഫീസിൽ വെച്ച് തന്നെ ശിവശങ്കറും ജയശങ്കർ പ്രസാദും സ്വപ്നയും ഓഫീസിൽ വെച്ച് കണ്ടിരുന്നു .... മണിക്കൂറുകൾ നീണ്ട ചർച്ചകൾ പലപ്പോഴും ഓഫീസ് അടച്ചു പോകേണ്ട കീഴ്ജീവനക്കാർക്ക് അസ്വസ്ഥതയായി മാറിയിരുന്നുവെന്നതാണ് യാഥാർത്ഥ്യം.
ഇതു കൂടാതെ ശിവശങ്കർ ഐ എ എസ് തന്റെ ഡ്രൈവർമായി നിയമിച്ചത് കാര്യസ്ഥന്റെ മകനെയും ബന്ധുവിനെയുമാണ്. രണ്ടു പേർക്കും ശമ്പളം നല്കിയിരുന്നത് കെഎസ്ഐടിഎല്ലിൽ നിന്നു തന്നെയാണ്.

അതേ സമയം ഐ ടി സെക്രട്ടറി എന്നനിലയിൽ പ്രവർത്തിച്ചു വന്ന ശിവശങ്കർ ഐ എ എസിന് ഡിപ്പാർട്ടുമെന്റ് തല വാഹനം ഉണ്ടായിട്ടും കെ എസ് ഐ ടി ഐ എൽ ചെയർമാൻ എന്ന നിലയ്ക്ക് ഗടകഠഘൽ നിന്നും ടാറ്റാ ടിഗോറ ഇലക്ട്രിക് കാർ വാങ്ങി നല്കി. 15 ലക്ഷത്തോളം രൂപ വില വരുന്ന കാർ വാങ്ങിയത് ക്വട്ടേഷൻ ക്ഷണിക്കാതെയാണന്നാണ് ആക്ഷേപം, ഇതിന് പുറമെ ഒരു ഇന്നോവ വാഹനം കൂടി പ്രതിമാസം 50000 ത്തോളം രൂപ നല്കി കരാർ വ്യവസ്ഥയിൽ എടുത്ത് ശിവശങ്കറിന് നല്കിയിട്ടുണ്ട്.അഞ്ച് വർഷം മുൻപ് വരെ എംഡിക്ക് മാത്രം വാഹനം അനുവദിച്ചിരുന്ന ഈ സ്ഥാപനത്തിൽ കോൺട്രാക്ട് വ്യവസ്ഥയിൽ മാത്രം എട്ടു ആഡംബര വാഹനങ്ങൾ ഓടുന്നുണ്ട്. എം ഡി ക്ക് പുറമെ കമ്പിനി സെക്രട്ടറി, ജനറൽ മാനേജർ, എന്നിവർക്കും വാഹനങ്ങൾ അനുവദിച്ചു. ഇതിൽ കെ ഫോണിന്റെ ആവിശ്യങ്ങൾക്ക് ഉപയോഗിക്കേണ്ട വാഹനമാണ് ശിവശങ്കർ ഐ എ എസിന്റെ താൽപര്യം പ്രകാരം സ്വപ്ന സുരേഷിന് വിട്ടു കൊടുത്തത്. ഈ വാഹനം സ്വപ്ന സ്വർണ കടത്തിന് ഉപയോഗിച്ചതായാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന വിവരം .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP