Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'എനിക്കൊരു നല്ല വീടുണ്ടായിരുന്നെങ്കിൽ എന്റെ അനിയന് ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു... അവനിവിടെ ഓടിച്ചാടി നടന്നേനെ': കേട്ടുനിന്നവരെ കണ്ണീരിലാക്കി ശിവഗംഗയുടെ വാക്കുകൾ; അനിയന്റെ സ്‌കൂൾ ബാഗും അവൻ വരിച്ച ചിത്രങ്ങളും കളിപ്പാട്ടങ്ങളും ചൂണ്ടിക്കാട്ടി വിങ്ങിപ്പൊട്ടി കുഞ്ഞുപെങ്ങൾ; മൺകട്ട കെട്ടിയ ഭിത്തിയിലെ വിടവുകളിലൂടെ ഇനിയും ഇഴജന്തുക്കൾ കയറി വരുമോയെന്ന ഭീതിയിൽ അച്ഛൻ മണിക്കുട്ടൻ; അഞ്ചുവയസുകാരൻ ശിവജിത്ത് പാമ്പുകടിയേറ്റ് മരിച്ച വീട്ടിൽ എത്തിയപ്പോൾ ഉള്ളുലയ്ക്കുന്ന കാഴ്ചകൾ

'എനിക്കൊരു നല്ല വീടുണ്ടായിരുന്നെങ്കിൽ എന്റെ അനിയന് ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു... അവനിവിടെ ഓടിച്ചാടി നടന്നേനെ': കേട്ടുനിന്നവരെ കണ്ണീരിലാക്കി ശിവഗംഗയുടെ വാക്കുകൾ; അനിയന്റെ സ്‌കൂൾ ബാഗും അവൻ വരിച്ച ചിത്രങ്ങളും കളിപ്പാട്ടങ്ങളും ചൂണ്ടിക്കാട്ടി വിങ്ങിപ്പൊട്ടി കുഞ്ഞുപെങ്ങൾ; മൺകട്ട കെട്ടിയ ഭിത്തിയിലെ വിടവുകളിലൂടെ ഇനിയും ഇഴജന്തുക്കൾ കയറി വരുമോയെന്ന ഭീതിയിൽ അച്ഛൻ മണിക്കുട്ടൻ; അഞ്ചുവയസുകാരൻ ശിവജിത്ത് പാമ്പുകടിയേറ്റ് മരിച്ച വീട്ടിൽ എത്തിയപ്പോൾ ഉള്ളുലയ്ക്കുന്ന കാഴ്ചകൾ

വിനോദ് വി.നായർ

 പുത്തൂർ: അടച്ചുറപ്പില്ലാത്ത വീട്ടിൽ ഉറങ്ങുന്നതിനിടെ പാമ്പുകടിയേറ്റുമരിച്ച അഞ്ചുവയസുകാരൻ ശിവജിത്തിന്റെ സഹോദരി ശിവഗംഗയുടെ വാക്കുകൾ ഏവരെയും കണ്ണീരണിയിക്കുന്നതാണ്. എനിയ്‌ക്കൊരു നല്ലവീടുണ്ടായിരുന്നെങ്കിൽ എന്റെ അനിയന് ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നുവെന്നും അവനിവിടെ ഓടിച്ചാടിനടന്നേനെയെന്നും കുഞ്ഞ് ശിവഗംഗ പറയുമ്പോൾ ആ നാട്ടുകാർ മുഴുവൻ ഒപ്പം തേങ്ങുകയായിരുന്നു. മൺകട്ടകെട്ടി പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ ഈ വീട്ടിൽ വച്ചാണ് ഉറങ്ങാൻ കിടന്ന അഞ്ചുവയസുകാരൻ ശിവജിത്തിന്പാമ്പുകടിയേറ്റത്.

മാവടി തെങ്ങുവിള ജംഗ്ഷന് സമീപം മണിമന്ദിരത്തിൽ മണിക്കുട്ടൻ-പ്രസന്ന ദമ്പതികളുടെ മകനും പൂവറ്റൂർവെസ്റ്റ് മാവടി ഗവ.എൽ പി.എസിലെ പ്രീപ്രൈമറി വിദ്യാർത്ഥിയുമായ ശിവജിത്തിന് ചൊവ്വാഴ്ച രാവിലെയാണ്പാമ്പുകടിയേറ്റത്. തന്റെ കാലിൽ എന്തോ കടിച്ചതായി പുലർച്ചെ അഞ്ചരയോടെ മാതാപിതാക്കളോട് പറയുകയുംപരിശോധനയിൽ വലതുകാൽമുട്ടിന് താഴെ രക്തം പൊടിഞ്ഞതും കണ്ടു. തുടർന്ന് അയൽക്കാരന്റെനിർദ്ദേശപ്രകാരം തൊട്ടടുത്ത് നാട്ടുവൈദ്യം നടത്തുന്ന സ്ത്രീയുടെ വീട്ടിലെത്തിക്കുകയുമായിരുന്നു. കുട്ടിക്ക് കുരുമുളക് ചവയ്ക്കാൻ നൽകിയതോടെ എരിവുണ്ടെന്ന് പറഞ്ഞ് ഛർദ്ദിച്ച ശിവജിത്ത്കുഴഞ്ഞുവീഴുകയുമായിരുന്നു. തുടർന്ന് പുത്തൂരിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് കൊട്ടാരക്കരതാലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

കൂലിപ്പണിക്കാരനായ മണിക്കുട്ടൻ തന്നെ കെട്ടിയുണ്ടാക്കിയ ഈ കൂരയിലാണ് മാതാപിതാക്കൾക്കൊപ്പംശിവജിത്തും നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ശിവഗംഗയും താമസിക്കുന്നത്. സർക്കാരിന്റെ ലൈഫ്പദ്ധതിയിൽ ഉൾപ്പെടുത്തി വീടുലഭ്യമാകുമെന്ന പ്രതീക്ഷയിലായിരുന്നു ഈ കുടുംബം. എന്നാൽ ഈ കൂരകൂടിനിൽക്കുന്ന സ്ഥലം ഉൾപ്പെടെ പണയപ്പെടുത്തി മണിക്കുട്ടന്റെ പിതാവ് സോമൻ ഏഴു വർഷം മുൻപ്‌സഹകരണബാങ്കിൽ നിന്ന് ഒരു ലക്ഷം രൂപ വായ്പ എടുത്തിരുന്നു. അതിനാൽ ഇതിൽ മണിക്കുട്ടന്റെ ഓഹരിഭാഗം വച്ച് നൽകാൻ കഴിയുമായിരുന്നില്ല. തിരിച്ചടവ് മുടങ്ങിയതോടെ ഇത് ജപ്തി ഭീഷണിയിലുമാണ്. വീടും, വസ്തുവും ഇല്ലാത്തവരുടെ പട്ടികയിൽപ്പെടുത്തി മറ്റെവിടെയെങ്കിലും തനിക്ക് ഒരു വീടനുവദിക്കണം എന്ന് മണിക്കുട്ടൻ പലതവണ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ്അപേക്ഷ തള്ളുകയായിരുന്നു.

മൺകട്ട കെട്ടിയ ഭിത്തിയിലെ വിടവുകളിലൂടെ ഇഴജന്തുക്കൾക്ക് കയറാൻ കഴിയുന്ന അവസ്ഥയുള്ള ഈവീട്ടിലാണ് കുറേക്കാലമായി ഈ കുടുംബം കഴിഞ്ഞിരുന്നത്. തന്റെ മകന് സംഭവിച്ചത് തുടർന്നും ഉണ്ടാകും എന്നഭയപ്പാടിലാണ് ശിവജിത്ത് ഇല്ലാത്ത ഈ കൂരയിൽ ഇവർ കഴിയുന്നത്

യാതൊരു സുരക്ഷയും ഇല്ലാത്ത വീട്ടിലാണ് കുട്ടി താമസിച്ചിരുന്നത്. മൺകട്ട കെട്ടി തകരവും പ്ലാസ്റ്റിക് ഷീറ്റും മേഞ്ഞ ഒറ്റമുറി കൂരയാണ് ഇവരുടെ വീട്. സിമന്റ് കട്ട അടുക്കി മരപ്പലക അടിച്ച ഒരു ചെറിയ മുറിയും ചേർന്നുണ്ട്. ശിവജിത്തിന്റെ അച്ഛൻ കൂലിപ്പണിക്കാരനായ മണിക്കുട്ടൻ തന്നെ കെട്ടിപ്പൊക്കിയതാണ് ഈ മാടം. കഷ്ടിച്ചു നിവർന്നു നിൽക്കാവുന്ന ഉയരമേ വീടിനുള്ളൂ. ഏതു വഴി വേണമെങ്കിലും ഇഴജന്തുക്കൾക്ക് അകത്തു കയറാം. ഉള്ളിലെ കട്ടിലിൽ അച്ഛനും അമ്മയ്ക്കും ഒപ്പമാണ് ശിവജിത്ത് ഉറങ്ങിയിരുന്നത്. സഹോദരി ശിവഗംഗ തൊട്ടടുത്ത കുടുംബവീട്ടിൽ അപ്പൂപ്പനും അമ്മൂമ്മയ്ക്കും ഒപ്പവും. രാവിലെ ഉറക്കമുണർന്നപ്പോഴാണ് ശിവജിത്ത് കാലിലെന്തോ കടിച്ചെന്നും വേദനിക്കുന്നുവെന്നും പറഞ്ഞത്. റോഡിൽ നിന്നു അൽപം ഉള്ളിലാണ് വീടെന്നതിനാൽ അച്ഛൻ മണിക്കുട്ടൻ മകനെയും കൂട്ടി നടന്നാണ് റോഡിലെത്തിയത്.

പോകും വഴി അയൽപക്കത്തെ ഗൃഹനാഥയെ ശിവജിത്ത് കാല് കാണിക്കുകയും തേൾ കുത്തിയതാണെന്നു പറയുകയും ചെയ്തു. റോഡിലെത്തി ഓട്ടോറിക്ഷ പിടിച്ച് ഇവർ ആദ്യം പോയത് വിഷവൈദ്യയായ ഒരു സ്ത്രീയുടെ വീട്ടിലേക്കാണ്. കുട്ടിക്കു കുരുമുളക് ചവയ്ക്കാൻ നൽകിയ സ്ത്രീ പരിശോധനയ്ക്കു ശേഷം കുഴപ്പമില്ലെന്നു പറഞ്ഞതായി മണിക്കുട്ടൻ പറഞ്ഞു. പക്ഷേ കുട്ടി ഛർദിക്കുകയും കുഴഞ്ഞുവീഴാൻ തുടങ്ങുകയും ചെയ്തതോടെയാണ് പുത്തൂരിലും പിന്നീട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ പരിശോധനയിലാണ് പാമ്പ് കടിച്ചതാണെന്നു സ്ഥിരീകരിച്ചത്. പക്ഷേ അപ്പോഴേക്കും വൈകിപ്പോയിരുന്നു. അടച്ചുറപ്പുള്ള ഒരു വീടുണ്ടായിരുന്നെങ്കിൽ പൊന്നുമോന് ഇതു സംഭവിക്കില്ലായിരുന്നു എന്നു മണിക്കുട്ടനും സങ്കടപ്പെടുന്നു.

ഉള്ള വീടും ജപ്തി ഭീഷണിയിലാണെന്നു മരിച്ച ശിവജിത്തിന്റെ മുത്തച്ഛൻ സോമൻ പറഞ്ഞു. ഇവർക്ക് ആകെയുള്ളത് 8 സെന്റ് വസ്തുവാണ്. ഇതു സോമന്റെ ഭാര്യ സരസമ്മയുടെ പേരിലാണ്. ഈ പുരയിടത്തിലാണ് കുടുംബവീടും തൊട്ടടുത്തായി ശിവജിത്തിന്റെ കുടുംബത്തിന്റെ ഒറ്റമുറിക്കൂരയും നിലകൊള്ളുന്നത്. സോമനും ഭാര്യയും ഇളയമകനും കുടുംബവുമാണു കുടുംബവീട്ടിൽ താമസിക്കുന്നത്. 7 വർഷം മുൻപ് സഹകരണ ബാങ്കിൽ നിന്ന് ഒരു ലക്ഷം രൂപ വായ്പ എടുത്തിരുന്നു.

ഇതിന്റെ തിരിച്ചടവു മുടങ്ങിയതിനാൽ ഇപ്പോൾ വീടും വസ്തുവും ജപ്തിഭീഷണിയിലാണ്. ബാങ്കിന് ഈടു വച്ചിരിക്കുന്നതിനാൽ 2 മക്കളുടെ പേരിലും വസ്തു എഴുതി നൽകിയിട്ടുമില്ല. വീടും വസ്തുവും ഇല്ലാത്തവരുടെ പട്ടികയിൽ തന്നെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂല നടപടി ഉണ്ടായില്ലെന്നും മണിക്കുട്ടൻ പറഞ്ഞു.വസ്തു ഉള്ളതിനാൽ വീടും വസ്തുവും ഇല്ലാത്ത പട്ടികയിൽ ഇവരെ പരിഗണിക്കാൻ കഴിയില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജി.സരസ്വതി അറിയിച്ചു. വസ്തു പേരിലായാൽ ഉടൻ വീട് നൽകുമെന്നും പ്രസിഡന്റ് വ്യക്തമാക്കി. മോഹിച്ചു സ്വന്തമാക്കിയ കളിപ്പാട്ടവും നെഞ്ചോടു ചേർത്താണ് ശിവജിത്ത് മടങ്ങിയത്. ശിവജിത്ത് ആവശ്യപ്പെട്ടത് അനുസരിച്ച് ദിവസങ്ങൾക്കു മുൻപാണ് മണിക്കുട്ടൻ ഒരു മണ്ണുമാന്തി കളിപ്പാട്ടം വാങ്ങി നൽകിയത്. പക്ഷേ കളിച്ചു കൊതി തീരും മുൻപേ ശിവജിത്തിനെ മരണം തട്ടിയെടുത്തു. സംസ്‌കാരത്തിനു മുൻപ് പുതുമ മാറാത്ത ഈ കളിപ്പാട്ടം അച്ഛൻ ശിവജിത്തിന്റെ നെഞ്ചോട് ചേർത്തുവച്ചപ്പോൾ കണ്ടു നിന്നവർ വിങ്ങിപ്പൊട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP