Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

സെക്കൻഡ് ഷോയിൽ മമ്മൂട്ടിയുടെ മകനെക്കാൾ ഗ്ലാമർ വില്ലന് വേണ്ടെന്ന് സംവിധായകൻ; തൃശൂരിലെ പൊരിവെയിലത്ത് നടന്ന് കരുവാളിച്ച് ദുൽഖറിനൊപ്പം അഭിനയം; അകാലത്തിൽ പൊലിഞ്ഞത് അച്ഛനെ സിനിമയിലേക്ക് മടക്കി കൊണ്ടു വരാനുള്ള മകന്റെ മോഹങ്ങൾ; ഗോവൻ തീരത്തെ മകന്റെ മരണത്തിൽ സംശയങ്ങളുമായി അമ്മയും; അകാലത്തിൽ വിടവാങ്ങിയ നടന്റെ ഫോണിനെ ചുറ്റിപ്പറ്റി ഇപ്പോഴുമുള്ളത് സർവ്വത്ര ദുരൂഹത; സിദ്ധു ആർ പിള്ളയെ കൊലപ്പെടുത്തിയതോ? പികെആർ പിള്ളയെ തളർത്തിയത് ഇളയ മകന്റെ വിയോഗം തന്നെ

സെക്കൻഡ് ഷോയിൽ മമ്മൂട്ടിയുടെ മകനെക്കാൾ ഗ്ലാമർ വില്ലന് വേണ്ടെന്ന് സംവിധായകൻ; തൃശൂരിലെ പൊരിവെയിലത്ത് നടന്ന് കരുവാളിച്ച് ദുൽഖറിനൊപ്പം അഭിനയം; അകാലത്തിൽ പൊലിഞ്ഞത് അച്ഛനെ സിനിമയിലേക്ക് മടക്കി കൊണ്ടു വരാനുള്ള മകന്റെ മോഹങ്ങൾ; ഗോവൻ തീരത്തെ മകന്റെ മരണത്തിൽ സംശയങ്ങളുമായി അമ്മയും; അകാലത്തിൽ വിടവാങ്ങിയ നടന്റെ ഫോണിനെ ചുറ്റിപ്പറ്റി ഇപ്പോഴുമുള്ളത് സർവ്വത്ര ദുരൂഹത; സിദ്ധു ആർ പിള്ളയെ കൊലപ്പെടുത്തിയതോ? പികെആർ പിള്ളയെ തളർത്തിയത് ഇളയ മകന്റെ വിയോഗം തന്നെ

എം മനോജ് കുമാർ

തൃശൂർ: മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവ് പികെആർ പിള്ളയുടെ മകൻ സിദ്ധു ആർ പിള്ളയുടെ മരണത്തിനു പിന്നിലെന്ത്? കഴിഞ്ഞ വർഷം ജനുവരിയിലാണ് ദുരൂഹ സാഹചര്യത്തിൽ ഗോവയിൽ നിന്ന് സിദ്ധുവിന്റെ ജഡം കണ്ടെടുക്കുന്നത്. പി.കെ.ആർ.പിള്ളയുടെ ഏറ്റവും വലിയ പ്രതീക്ഷയെയാണ് ഗോവൻ കടൽ ഇല്ലാതാക്കിയത്. എങ്ങിനെയാണ് സിദ്ധു മരിച്ചത് എന്ന് പിള്ളയ്‌ക്കോ കുടുംബത്തിനോ അറിയില്ല. ഗോവൻ കടലിൽ കാണാതായി രണ്ടു ദിവസം കഴിഞ്ഞാണ് ശരീരം വീണ്ടു കിട്ടുന്നത്. പികെആർ പിള്ളയെ തകർത്തത് ഇളയമകൻ സിദ്ധു ആർ പിള്ളയുടെ ദുരൂഹ മരണമായിരുന്നു.

ഗോവയിലേക്ക് ടൂറിനു പോകുന്നു എന്ന് മാത്രം പറഞ്ഞാണ് സിദ്ധു ഇറങ്ങിയത്. ആരാണ് സിദ്ധുവിനൊപ്പം ഗോവയിലേക്ക് പോയതെന്നോ എങ്ങിനെയാണ് ഗോവൻ കടലിൽ സിദ്ധു മരിച്ചതെന്നോ ആർക്കും അറിയില്ല. ജനലഴികളിൽ മുഖം താഴ്‌ത്തി മകന്റെ ശരീരത്തിന് വീട്ടിൽ കാത്തു നിന്ന പിള്ള പിന്നെ ഒരിക്കലും ഈ ആഘാതത്തിൽ നിന്നും മുക്തനായില്ല. പിള്ളയുടെ ഓർമ്മ നശിക്കുന്നതും ഈ സംഭവത്തെ തുടർന്നാണ്. മകന്റെ മരണം വല്ലാത്ത ഒരു ഷോക്കായി പിള്ളയുടെ ഉള്ളിൽ നിറഞ്ഞപ്പോൾ എല്ലാ ഓർമ്മകളിൽ നിന്നും പിള്ള പിൻവലിയുകയായിരുന്നു. പിള്ളയ്ക്ക് മാത്രം അറിയാവുന്ന കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ ആണ് ഈ ഓർമ്മ നശിക്കലിലൂടെ ഇല്ലാതായത്.

ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, ഊമപ്പെണ്ണിനും ഊരിയാടാപ്പയ്യൻ തുടങ്ങി സൂപ്പർ ഹിറ്റ് സിനിമകൾ ഉൾപ്പെടുന്ന പിള്ള നിർമ്മിച്ച 22 സിനിമകളുടെ സാറ്റലൈറ്റ് ലൈറ്റ് പികെആർ പിള്ള തങ്ങൾക്ക് വെറും 12 ലക്ഷം രൂപയ്ക്ക് നൽകി എന്ന് സിനിമാ രംഗത്തുള്ളയാൾ അവകാശപ്പെടുമ്പോൾ കുടുംബത്തിനും പിള്ളയ്ക്കും കേട്ടിരിക്കേണ്ടി വരുന്ന അവസ്ഥയും പിള്ളയുടെ ഓർമ്മ നശിക്കൽ വഴി വന്നതാണ്. ഇതിനു കാരണമായതോ രണ്ടാണും രണ്ടു പെണ്ണും അടങ്ങിയ പിള്ളയുടെ മക്കളിൽ പിള്ള ഏറ്റവും അധികം പ്രതീക്ഷ വെച്ച് പുലർത്തിയ ഇളയ മകൻ സിദ്ധുവിന്റെ മരണമായിരുന്നു. സിദ്ധുവിന്റെ ലക്ഷ്യങ്ങളിൽ ഒന്ന് അച്ഛനെ സിനിമാ രംഗത്തേക്ക് തിരിച്ചു കൊണ്ടുവരിക എന്നതുമായിരുന്നു. ഗോവൻ കടൽ പക്ഷെ ഈ കുടുംബത്തിന്റെ പ്രതീക്ഷകളും ഇല്ലാതാക്കുകയും ചെയ്തു.

സിനിമാരംഗത്ത് ശോഭിക്കാൻ കൊതിച്ചു; പക്ഷെ വിധി അനുവദിച്ചില്ല

അച്ഛനെപ്പോലെ സിനിമാ രംഗത്ത് ശോഭിക്കണമെന്നും നടനാകണമെന്നും നിർമ്മാതാവ് ആകണമെന്നും മോഹിച്ച് സിനിമാ രംഗത്തേക്ക് കാലെടുത്ത് വെച്ച ഉടനെയായിരുന്നു സിദ്ദുവിന്റെ മരണവും എന്നത് യാദൃശ്ചികവുമല്ല. മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാന്റെ അരങ്ങേറ്റ സിനിമ സെക്കൻഡ് ഷോയിൽ ദുൽഖറിനൊപ്പം ഒരു റോൾ ചെയ്തത് സിദ്ധുവായിരുന്നു.

സിദ്ധുവാണ് ആ സിനിമയിൽ ദുൽഖറിനെ വെടിവെച്ചു കൊല്ലുന്ന സീനിൽ പ്രത്യക്ഷപ്പെടുന്നത്. അന്നവന് വെറും 18 വയസ് മാത്രമാണ് പ്രായം. സിദ്ധുവിനെ കണ്ടിട്ടില്ലല്ലോ. അവൻ വളരെ സ്മാർട്ട് ആയിരുന്നു. നല്ല ഗ്‌ളാമർ ആയിരുന്നു. ഈ സിനിമയ്ക്ക് വേണ്ടി അവനു കറുത്ത് കരുവാളിക്കേണ്ടി വന്നു.

സെക്കൻഡ് ഷോയുടെ ഡയറക്ടർ പറഞ്ഞതിങ്ങനെ: മമ്മൂട്ടിയുടെ മകന് ഒപ്പം നിർത്താൻ ഈ ഗ്ളാമർ തടസമാണ്

സിദ്ധുവിനെ കണ്ടപ്പോൾ സെക്കൻഡ് ഷോയുടെ ഡയറക്ടർ പറഞ്ഞു. മമ്മൂട്ടിയുടെ മകന് ഒപ്പം ഈ ഗ്‌ളാമർ ഉള്ള സിദ്ധുവിനെ നിർത്താൻ കഴിയില്ല. വില്ലൻ നായകനെപോലെ ശോഭിച്ചിരിക്കാൻ പാടില്ല. അതിനാണ് തൃശൂരിലെ വെയിലിൽ അവനു കരുവാളിക്കേണ്ടി വന്നത്. തൃശൂർ മുഴുവൻ വെയിലത്ത് അവൻ ഗ്‌ളാമർ കുറയ്ക്കാൻ വേണ്ടി അവനു അലഞ്ഞു നടക്കേണ്ടി വന്നു. അന്ന് സിദ്ധു ഒരു കോലമായി.

അവൻ ഒരു കോലമായി മാറിയപ്പോൾ ഞാൻ ചോദിച്ചു. മോനെന്തു പറ്റി. ജിമ്മിലൊക്കെ പോയി. ഇപ്പോൾ ഇങ്ങിനെയായോ? പടം ഇറങ്ങുമ്പോൾ 'അമ്മ നോക്കിക്കോ എന്നാണ് പറഞ്ഞത്. ഏത് പടം എന്നാണ് ഞാൻ ചോദിച്ചത്. പടം റിലീസ് ആകുമ്പോൾ അമ്മയെ കൊണ്ടുപോകാം എന്നവൻ പറഞ്ഞു. ഞങ്ങളോട് ഒന്നും പറയാതെയാണ് അവൻ അങ്ങിനെ ചെയ്തത്. സ്വന്തമായി ഡബ്ബ് ചെയ്യുമായിരുന്നു. നൃത്തവും അറിയാമായിരുന്നു. 25 വയസിലാണ് സിദ്ധുവിനെ ഞങ്ങൾക്ക് നഷ്ടമാകുന്നത്. അവന്റെ അവസാന സിനിമ പൊലീസ് ജൂനിയർ അവൻ മരിച്ചു കഴിഞ്ഞാണ് റിലീസ് ആകുന്നത്.

അതിനുശേഷം സിദ്ധുവിനു സിനിമകൾ ലഭിച്ചുകൊണ്ടിരിക്കെയാണ് ഗോവൻ കടലിൽ സിദ്ധു ഇല്ലാതാകുന്നത്. സിദ്ധുവിന്റെ മരണത്തിനു പിന്നിൽ എന്താണ് എന്ന് ഞങ്ങൾക്ക് അറിയില്ല-ഭർത്താവിന്റെ ഓർമ നശിക്കലിനും ഇളയ മകന്റെ മരണത്തിനും ഇടയിൽ നിന്നുകൊണ്ട് പിള്ളയുടെ ഭാര്യ രമ പിള്ള മറുനാടൻ മലയാളിയോട് പറഞ്ഞു.

ഒരിക്കലും ചുരുൾ നിവരാതെ മരണത്തിന്റെ ദുരൂഹത

ഈ മരണത്തിന്റെ ദുരൂഹത ഇതുവരെ ചുരുൾ നിവർന്നില്ല. ഞങ്ങൾക്ക് ഇതിന്റെ പിറകെ പോകാൻ ആരുമില്ല. സാമ്പത്തിക പ്രശ്‌നം-അത് വലിയ പ്രശ്‌നം തന്നെയാണ്. ഗോവയിൽ പോകാനും ആളെ അയക്കാനും ഒന്നും ഞങ്ങൾക്ക് കഴിയില്ല. മകൻ മരിച്ചത് എങ്ങിനെ എന്ന് പിടികിട്ടാത്ത ചോദ്യമായി ഞങ്ങളുടെ മുന്നിൽ നിൽക്കുകയും ചെയ്യുന്നു.

ഗോവയിൽ പോയപ്പോൾ ഒറ്റയ്ക്ക് സിദ്ധു ബോട്ട് എടുത്തു പോയി എന്നാണ് പറയുന്നത്. ബോട്ടപകടം സംഭവിച്ചതാകാം എന്നാണ് പറഞ്ഞത്. ബോഡി കിട്ടിയത് രണ്ടു ദിവസം കഴിഞ്ഞാണ്. ഒറ്റയ്ക്ക് ആണ് പോയത് എന്നാണ് പറഞ്ഞത്. ബോട്ട് കാണാതായപ്പോൾ ഗോവൻ കടലിൽ അന്വേഷണം തുടങ്ങി. രണ്ടു ദിവസം കഴിഞ്ഞാണ് ബോഡി കിട്ടിയത്. അടിമുടി ദുരൂഹതയാണ് സിദ്ധുവിന്റെ ഗോവൻ യാത്രയിൽ നിറഞ്ഞുനിന്നത്. മരണവും ദുരൂഹമായി അവശേഷിക്കുന്നു. ആരാണ് സിദ്ധുവിനോപ്പം എന്ന് ഞങ്ങൾക്ക് അറിയില്ല. ഗോവയിൽ എന്ത് സംഭവിച്ചു എന്ന് ഞങ്ങൾക്ക് കൂടി അറിയേണ്ട. പക്ഷെ ഒന്നും അറിയാൻ കഴിഞ്ഞില്ല.

ഞങ്ങൾക്ക് അടുപ്പമുള്ള ആരും ഗോവയിൽ ഇല്ല. ഗോവയിൽ ചെന്നിട്ടു സിദ്ധു വിളിച്ചതാണ്. അവൻ സന്തോഷവാനായിരുന്നു ആ സമയത്ത്. ജനുവരി 10 നാണു മരണം നടക്കുന്നത്. സിദ്ധുവിനു കൂടെ ആരോ ഉണ്ടായിരുന്നു. ആരാണ് എന്ന് ഇപ്പോഴും ഞങ്ങൾക്ക് അറിയില്ല. സിദ്ധു ഗോവയിൽ എത്തി എന്നാണ് ഞങ്ങളോട് പറഞ്ഞത്. കൂടെ ആര് എന്ന് പറഞ്ഞില്ല. ദുരൂഹതയുണ്ട് എന്ന് പറയുന്നത് സിദ്ധുവിനു ഒപ്പമുണ്ടായിരുന്ന ആൾ ഒരിക്കലും ഞങ്ങൾക്ക് മുന്നിൽ വന്നില്ല. മരണസമയത്തും അതിനു ശേഷവും. സിദ്ധുവിന്റെ മൊബൈൽ ഞങ്ങൾക്ക് ലഭിച്ചില്ല, ബാഗോ മറ്റു അനുബന്ധ സാധനങ്ങളോ ഒന്നും ലഭിച്ചില്ല. ഇടയ്ക്ക് സിദ്ധുവിന്റെ മൊബൈൽ നമ്പറിൽ വിളിക്കും. അത് സ്വിച്ച് ഓഫ് ആയിരുന്നു.

നിനച്ചിരിക്കാതെ സിദ്ധുവിന്റെ മൊബൈൽ നമ്പർ സ്വിച്ച് ഓണാകുന്നു

ഇടയ്ക്ക് ഒരു വർഷത്തിന് ശേഷം ആ മൊബൈൽ നമ്പർ ഓൺ ആയി. ഞങ്ങൾ വിളിക്കുന്നു എന്ന് മനസിലായപ്പോൾ ആ മൊബൈൽ സ്വിച്ച് ഓഫ് ആയി. പക്ഷെ പിന്നീടും ഞങ്ങൾ വിളിച്ചുകൊണ്ടിരുന്നു. മൊബൈൽ കൈവശമുള്ള ആൾ ഫോൺ എടുത്തു. ആരിൽ നിന്നോ ലഭിച്ച നമ്പർ ആണ് എന്നാണ് പറഞ്ഞത്. ആ നമ്പർ എങ്ങിനെയാണ് മറ്റൊരാൾക്ക് ലഭിച്ചത്. ഫോൺ എടുത്തയാൾ എന്തൊക്കെയോ ഒളിക്കാൻ ശ്രമിക്കുന്നു എന്നുറപ്പാണ്. പലരും സിദ്ധുവാണോ എന്ന് ചോദിച്ചപ്പോൾ അയാൾ വീണ്ടും മൊബൈൽ സ്വിച്ച് ഓഫ് ആക്കി. ഇളയ മകൾ അയാളുമായി സംസാരിച്ചു. ഇത് ആരുടെ നമ്പർ ആണെന്ന് അറിയില്ലെന്നാണ് അയാൾ പറഞ്ഞത്.

സിദ്ധുവിന്റെ ഫോണിൽ ചില വീഡിയോകൾ ഉണ്ടായിരുന്നു. ഒന്ന് രണ്ടു വീഡിയോകൾ ഫെയ്സ് ബുക്ക് വഴി അയാൾ അയച്ചു തന്നു. എന്തോ ആൾ പേടിക്കുന്നു എന്ന് ഉറപ്പാണ്. അയാൾ പിന്നീട് മൊബൈൽ ഫോണും സ്വിച്ച് ഓഫാക്കി. അതോടെ ആ ബന്ധവും നഷ്ടമായി. മൂത്ത മകനും ഭാര്യയും ഗൾഫിലാണ്. ഈ മരണം അന്വേഷിക്കാൻ പിന്നെ ഞങ്ങൾക്ക് ആരുമില്ലാത്ത അവസ്ഥയുമായി. ഈ ഘട്ടത്തിൽ ഞങ്ങളെ സഹായിക്കാൻ ആരും തയ്യാറാവുന്നുമില്ല. മകൻ പുറത്ത് എവിടയോ പോയിരിക്കുന്നു എന്നാണ് പിള്ള സാർ എന്നോട് പറയുന്നത്. പ്രതീക്ഷ പൊലിഞ്ഞുപോയ നിരാശയിൽ നിന്നാണ് മറവിയിലേക്ക് അദ്ദേഹം എത്തുന്നത്-രമാ പിള്ള പറയുന്നു.

ഇപ്പോൾ സിദ്ധുവിന്റെ മരണം കഴിഞ്ഞു ഒരു വർഷം പിന്നീടുമ്പോഴും ഈ മരണത്തിനു പിന്നിലെന്ത് എന്ന കാര്യത്തിൽ ഈ കുടുംബത്തിന് ഒരറിവുമില്ല. മരണകാരണം അന്വേഷിച്ച ഗോവയിൽ പോകാനുള്ള സാമ്പത്തിക സ്ഥിതിയില്ല. അവിടെ പോയി തിരക്കാൻ കുടുംബത്തിൽ ആളുകളുമില്ല. ഇപ്പോൾ മകനും സ്വത്തുക്കളും നിർമ്മിച്ച സൂപ്പർ ഹിറ്റ് സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ് അടക്കം നഷ്ടമായി പീച്ചിയിലെ ചെറിയ വീട്ടിൽ മുഖാമുഖം നോക്കിയിരിക്കുകയാണ് പിള്ളയുടെ കുടുംബം.

പിള്ള സഹായിച്ച താരങ്ങൾ മോഹൻലാലും ജയസൂര്യയും അടക്കമുള്ളവർക്കും സിനിമാ രംഗത്തെ പ്രമുഖർക്ക് പികെആർ പിള്ളയുടെ നിലവിലെ അവസ്ഥ അറിയാം. പക്ഷെ എല്ലാവരും മനഃപൂർവം പിള്ളയെ മറക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP