Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ദാമ്പത്യത്തിലെ അസ്വാര്യസ്യങ്ങൾ മുതലെടുത്ത് സൗഹൃദം കൂടി; മുതലെടുക്കാൻ ശ്രമിച്ചപ്പോൾ നോ പറഞ്ഞത് പ്രതികാരമായി; യുവതിയുടെ സ്ഥാപനത്തിൽ കഞ്ചാവ് ഒളിപ്പിച്ച് റെയ്ഡും നടത്തിച്ച ഗൂഢാലോചന; വിവേഴ്‌സ് വില്ലേജ് ഉടമയെ കുടുക്കാൻ ശ്രമിച്ചത് പത്മശ്രീ ഡോ ഹരിദാസിന്റെ മകൻ; ശോഭാ വിശ്വനാഥിന്റെ പോരാട്ടം തെളിയിച്ചത് അതിഭയങ്കര പീഡനകഥ

ദാമ്പത്യത്തിലെ അസ്വാര്യസ്യങ്ങൾ മുതലെടുത്ത് സൗഹൃദം കൂടി; മുതലെടുക്കാൻ ശ്രമിച്ചപ്പോൾ നോ പറഞ്ഞത് പ്രതികാരമായി; യുവതിയുടെ സ്ഥാപനത്തിൽ കഞ്ചാവ് ഒളിപ്പിച്ച് റെയ്ഡും നടത്തിച്ച ഗൂഢാലോചന; വിവേഴ്‌സ് വില്ലേജ് ഉടമയെ കുടുക്കാൻ ശ്രമിച്ചത് പത്മശ്രീ ഡോ ഹരിദാസിന്റെ മകൻ; ശോഭാ വിശ്വനാഥിന്റെ പോരാട്ടം തെളിയിച്ചത് അതിഭയങ്കര പീഡനകഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുവ സംരഭകയും ജീവകാരുണ്യ പ്രവർത്തകയുമായ ശോഭാ വിശ്വനാഥിനെ കഞ്ചാവ് കേസിൽ കുടുക്കി അപമാനിക്കാനായി നടത്തിയത് വമ്പൻ ഗൂഢാലോചന. തിരുവനന്തപുരത്തെ അതിപ്രശസ്തമായ ലോർഡ്‌സ് ആശുപത്രിയുടെ ഉടമ ഡോ ഹരിദാസിന്റെ മകനായിരുന്നു ഇതിന് പിന്നിലെ മുഖ്യ സൂത്രധാരൻ. ശോഭാ വിശ്വനാഥിന്റെ സ്ഥാപനത്തിലെ മുൻജീവനക്കാരനെ കൂട്ടുപിടിച്ചായിരുന്നു കഞ്ചാവ് കേസിൽ യുവതിയെ കുടുക്കാൻ ശ്രമിച്ചത്. തന്റെ ഇഷ്ടങ്ങൾക്ക് വഴങ്ങാത്തതിന്റെ പ്രതികാരം തീർക്കലായിരുന്നു ലക്ഷ്യം. ആറുമാസം ശോഭ നടത്തിയ പോരാട്ടത്തിന്റെ ഫലമായാണ് കേസിന് പിന്നിലെ വില്ലനെ ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.

തിരുവനന്തപുരത്തെ ആരോഗ്യ മേഖലയിലെ പ്രധാന സ്ഥാപനമാണ് ലോർഡ്‌സ് ആശുപത്രി. ഉദര ശസ്ത്രക്രിയയിൽ ഏറെ പേരെടുത്ത വ്യക്തിയാണ് കെപി ഹരിദാസ് എന്ന ഡോക്ടർ. പത്മശ്രീ വരെ നേടിയ വ്യക്തിത്വം. അദ്ദേഹത്തിന്റെ കുടംബത്തിന് ഉന്നത ബന്ധങ്ങളുണ്ട്. അത്തരമൊരു കുടുംബത്തിലെ വ്യക്തിയാണ് ഹരീഷ് ഹരിദാസ്. ശോഭാ വിശ്വനാഥിനെ കഞ്ചാവ് കേസിൽ കുടുക്കാനുള്ള ശ്രമത്തിന് പിന്നിൽ വലിയ കളികളാണ് ബ്രിട്ടീഷ് പൗരത്വമുള്ള ഈ ബിസിനസ് മാനേജ്‌മെന്റ് വിദഗ്ധൻ നടത്തിയത്. ഇതാണ് ക്രൈംബ്രാഞ്ച് ഡി വൈ എസ് പി അമ്മണികുട്ടന്റെ അന്വേഷണം പൊളിച്ചത്. കേസിൽ ഹരീഷും കൂട്ടാളിയും പ്രതികളാണ്. എന്നാൽ കോവിഡിന്റെ കാരണം പറഞ്ഞ് പൊലീസ് അറസ്റ്റു ചെയ്തിട്ടില്ല. ഇതിന്റെ പിന്നിൽ വമ്പൻ കളികളുണ്ടെന്നാണ് സംശയം.

തിരുവനന്തപുരത്തെ പ്രധാന കൈത്തറി കടയാണ് കറാൽക്കട. ഈ കുടുംബത്തിൽ മരുമകളായിരുന്നു ശോഭ. എന്നാൽ ദാമ്പത്യ ജീവിതത്തിൽ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി. എംബിഎക്കാരിയായ ശോഭ സ്വന്തംകാലിൽ നിൽക്കാൻ വീവേവ്‌സ് വില്ലേജ് എന്ന പ്രസ്ഥാനവും തുടങ്ങി. ഇതിനൊപ്പം നിരവധി സാമൂഹിക സേവന സംഘടനകളും ആരംഭിച്ചു. ഇതിന്റെ പ്രവർത്തനവുമായി മുമ്പോട്ട് പോകുമ്പോഴാണ് കഞ്ചാവ് കേസിൽ പ്രതിയാക്കുന്നത്. ഭർത്താവുമായി ഡിവോഴ്‌സ് കേസ് നടക്കുന്ന സമയത്തെത്തിയ ഈ കേസ് യുവതിയെ എല്ലാ അർത്ഥത്തിലും പ്രതിസന്ധിയിലാക്കി. എങ്ങനേയും സത്യം പുറത്തെത്തിച്ച് നിരപരാധിത്വം ശോഭ തെളിയിക്കാനും തീരുമാനിച്ചു.

വഴുതക്കാട്ടാണ് വീവേഴ്‌സ് വില്ലേജിന്റെ ഒരു ഓഫീസ്. ഒരു ദിവസം പെട്ടെന്ന് ഇവിടേക്ക് പൊലീസ് പാഞ്ഞെത്തി. കോവളത്തെ സ്ഥാപനത്തിൽ ഇരുന്ന ശോഭയെ തേടി കടയുടമയുടെ ഫോൺ എത്തി. എന്തോ ചെറിയ പ്രശ്‌നമെന്ന് കരുതി സമാധാനിച്ചിരിക്കുമ്പോൾ പൊലീസ് സംഘം കോവളത്തുമെത്തി. ശോഭയെ ചോദ്യം ചെയ്തു. വഴുതക്കാട്ടെ ഓഫീസിൽ മയക്കുമരുന്ന് കണ്ടെത്തിയെന്ന സൂചന നൽകി. പിന്നെ അവരെ വഴുതക്കാട്ടെത്തിച്ചു. കേസിൽ പ്രതിയുമായി. ആറുമാസം മുമ്പ് നടന്ന ഈ സംഭവം സംരഭകയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. സിഗരറ്റ് വലിക്കാൻ പോലും അനുവദിക്കാത്ത ക്യാമ്പസാണ് വീവേഴ്‌സ് വില്ലേജിലേത്. ഇവിടെ കഞ്ചാവ് എന്നത് ശോഭയെ അറിയാവുന്നവരെ മുഴുവൻ ഞെട്ടിച്ചു.

മ്യൂസിയം പൊലീസ് സ്‌റ്റേഷനിലെത്തിച്ച് കേസെടുത്തു. അളവിൽ കുറവായിരുന്നു കഞ്ചാവ്. അതുകൊണ്ട് മാത്രം കോവിഡുകാലത്ത് ശോഭയ്ക്ക് സ്‌റ്റേഷൻ ജാമ്യം കിട്ടി. ജയിൽ വാസം ഒഴിവായെങ്കിലും വീട്ടിലെത്തിയ ശേഷവും സത്യം കണ്ടെത്താൻ ശോഭയുടെ മനസ്സ് വെമ്പി. സംശയങ്ങൾ പലതുണ്ടായിരുന്നു മനസ്സിൽ. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും പരാതി നൽകി. അവർ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചു. ഇതോടെ അന്വേഷണം ഡോ ഹരിദാസിന്റെ മകനിൽ എത്തി.

സുഹൃത്തായ ആശുപത്രി മുതലാളി ശല്യക്കാരനായപ്പോൾ

കുടുംബ പ്രശ്‌നങ്ങൾ കാരണം പ്രതിസന്ധിയിലായിരുന്ന ശോഭയ്ക്ക് ഹരീഷ് ഹരിദാസുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. യുകെയിൽ നിന്ന് ബിസിനസ് മാനേജ്‌മെന്റിൽ ഉന്നത പഠനം നേടിയ ലോർഡ് ഹോസ്പിറ്റൽ കുടുംബാഗം ശോഭയുമായി ഏറെ അടുത്തു. ബന്ധം സ്ഥാപിക്കാനായി സമ്മർദ്ദങ്ങൾ ഏറെയുണ്ടായിരുന്നു. ഭർത്താവുമായി പിണങ്ങി നിൽക്കുന്ന സാഹചര്യത്തിൽ രക്ഷകനായി അവതാര രൂപം എടുക്കാനായിരുന്നു ഹരീഷ് ശ്രമിച്ചത്. എന്നാൽ പെട്ടെന്ന് സത്യം ശോഭ മനസ്സിലാക്കി. ഹരീഷിനെ ഇതോടെ ഒഴിവാക്കി. അപ്പോൾ ഹരീഷ് ശല്യക്കാരനായി മാറുകയായിരുന്നു.

വീവേഴ്‌സ് വില്ലേജിലെ ശോഭയുടെ പഴയ ജോലിക്കാരനെ ഹരീഷിന് കൂട്ടുകാരനായി കിട്ടി. കൈതമുക്കിലെ തേങ്ങാപ്പുര ലൈനിൽ താമസക്കാരനായ വിവേക് രാജുമായി ചേർന്ന് പദ്ധതികൾ തയ്യറാക്കി. ശോഭയുടെ സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ മൊബൈൽ മോഷണക്കേസിൽ സംശയ നിഴലിലായിരുന്നു വിവേക്. സ്ഥാപനത്തിൽ പല തട്ടിപ്പുകളും നടക്കുന്നുവെന്ന് മനസ്സിലാക്കി ഒഴിവാക്കിയ ജോലിക്കാരൻ. ഇതിനൊപ്പം ശോഭയുടെ സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരിയേയും ഇവർക്ക് കൂട്ടായി കിട്ടി. കുട്ടിക്കാലം മുതൽ ശോഭയുടെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന ഉഷയെന്ന ജീവനക്കാരിയും ചതിയിൽ പങ്കാളിയായി.

ലോർഡ് ആശുപത്രി മുതലാളിയുടെ മകനുമായി അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്ന് ശോഭ തന്നെ സമ്മതിക്കുന്നു. തന്നെ ഇഷ്ടമാണെന്ന തരത്തിൽ പലരോടും അവൻ സംസാരിച്ചു. എന്റെ ചേട്ടനെ പോലും പോയി കണ്ട് പറഞ്ഞു. അവൻ ആവശ്യപ്പെട്ടിട്ട് ഡോ ഹരിദാസിനേയും കുടുംബത്തേയും പോയി ഞാൻ കണ്ടിരുന്നു. അവർക്കെല്ലാം ഇത് അറിയാമായിരുന്നു. ഒരു ആലോചനയുടെ തലത്തിലാണ് എല്ലാം നീങ്ങിയത്. പിന്നീട് അവന്റെ മനസ്സിൽ ഉള്ളത് എന്തെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഇതോടെ ഒഴിവാക്കി-ഹരീഷുമായുള്ള ബന്ധത്തെ കുറിച്ച് ശോഭ പറഞ്ഞത് ഇതാണ്.

അതിന് ശേഷം തനിക്ക് പല തരത്തിൽ ഫോൺ കോളുകൾ വന്നു. തന്റെ സുഹൃത്തുക്കളെ പലരും വിളിച്ച് മോശമായി പലതും പറഞ്ഞു. ഹരീഷ് മെസേജുകളും മെയിലുകളും അയച്ചു. അതിനൊന്നും അനുകൂലമായി പ്രതികരിച്ചില്ല. അതിനിടെ അവൻ യുകെയിൽ നിന്ന് മടങ്ങി എത്തി. എല്ലാ പ്രശ്‌നവും പരിഹരിക്കാമെന്ന തരത്തിൽ ഇടപെടാൻ ശ്രമിച്ചു. അതിനെ എതിർക്കുകയും ചെയ്തു. ഇതിന് ശേഷമാണ് തന്റെ ഓഫീസിൽ കഞ്ചാവ് കണ്ടതെന്ന് ശോഭ പറയുന്നു. ഈ സാഹചര്യത്തിലാണ് കേസുമായി മുമ്പോട്ട് പോകാൻ തീരുമാനിച്ചത്.

2000 രൂപ പിഴ അടയ്ക്കാതെ കുറ്റ വിമുക്തി നേടി

ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ നിർണ്ണായകമായത് സിസിടിവി ദൃശ്യങ്ങളായിരുന്നു. അതിൽ ചില തെളിവുകൾ കിട്ടി. അത് ക്രൈംബ്രാഞ്ച് പരിശോധിച്ചു. ഇതിൽ നിന്നാണ് ജീവനക്കാരിയുടെ പങ്ക് മനസ്സിലായത്. സിസിടിവി അന്ന് അരമണിക്കൂർ ഓഫ് ചെയ്തിരുന്നു. തുടക്കത്തിൽ ജീവനക്കാരി ഒന്നും സമ്മതിച്ചില്ല. എന്നാൽ അന്വേഷണം വിവേക് രാജിലെത്തിയതോടെ സംഭവങ്ങളുടെ ചുരുളഴിഞ്ഞു. കഞ്ചാവു കൊണ്ടു വച്ചത് ഹരീഷിന് വേണ്ടിയാണെന്നും മനസ്സിലായി.

കൈത്തറി മേഖലയിൽ അറിയപ്പെടുന്ന ബ്രാൻഡാണ് വീവേഴ്‌സ് വില്ലേജ്. ഇതിനൊപ്പം ആദിവാസി മേഖലകളിൽ ഉൾപ്പെടെ എൻജിഒ പ്രവർത്തനവും ശോഭയ്ക്കുണ്ട്. കുട്ടികളുടെ പുനരധിവാസവും നടത്തുന്നു. ഇത്തരം സാമൂഹിക ഇടപെടലുകളിലൂടെ ഉണ്ടാക്കിയ സൽപ്പേര് നശിപ്പിക്കലായിരുന്നു ലക്ഷ്യം. ഒറ്റപ്പെടുത്തി തന്റെ വഴിക്കെത്തിക്കാനുള്ള ഗൂഡ നീക്കം. 2000 രൂപ പിഴ അടച്ചാൽ തീരുന്ന കേസാണ് അതെന്ന് പൊലീസും പറഞ്ഞു. എന്നാൽ കുറ്റസമ്മതം നടത്തുന്ന തരത്തിൽ പിഴ അടയ്‌ക്കേണ്ടെന്ന് താൻ തീരുമാനിച്ചു. സഹോദരൻ അടക്കമുള്ളവർ അതിനെ പിന്തുണയ്ക്കുകയും ചെയ്തു.

അതിന് ശേഷമാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. വിവേക് രാജിനെ പിടികൂടിയതോടെ എല്ലാം പുറത്തായി. ഇയാളെ പൊലീസ് സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തു. അതിൽ വേദനയുണ്ടെന്ന് ശോഭ പറയുന്നു. തനിക്ക് അനുകൂലമായി കുറ്റ വിമുക്തി റിപ്പോർട്ട് കോടതിയിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ചിട്ടുണ്ട്. ഇതിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായെന്ന് ശോഭ പറയുന്നു. എന്നാൽ ലോർഡ് ഹോസ്പിറ്റൽ സിഇഒ കൂടിയായ ഹരീഷിനെ ഇനിയും പൊലീസ് അറസ്റ്റു ചെയ്തിട്ടില്ല. മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ് അയാൾ. ജാമ്യം കിട്ടിയാൽ ഹരീഷ് യുകെയിലേക്ക് മടങ്ങും. അങ്ങനെ വന്നാൽ കേസു തന്നെ അപ്രസക്തമാകും-ശോഭ പറയുന്നു.

തുടരന്വേഷണത്തിൽ വിവേഴ്‌സ് വില്ലേജിലെ സിസിടിവിയിൽ നിന്നാണ് ക്രൈംബ്രാഞ്ചിന് വിവരങ്ങൾ കിട്ടുന്നത്. തനിക്ക് കഞ്ചാവ് നൽകിയത് ഹരീഷാണെന്നും വിവേക് സമ്മതിച്ചു. ഇതുകൊണ്ടു വച്ച സ്ഥലവും മറ്റും പൊലീസിന് കാട്ടിക്കൊടുക്കുകും ചെയ്തു. സ്ഥാപനത്തിന് ചീത്തപേരുണ്ടാക്കാൻ വേണ്ടി ഗർഭനിരോധന ഉറകളും ഓഫീസിലെ ശുചിമുറിയിൽ ഒളിപ്പിച്ചു വച്ചു. പൊലീസിന് കണ്ടെടുക്കാൻ പറ്റാത്ത പലതും തെളിവെടുപ്പ് സമയത്ത് വിവേക് കാണിച്ചു കൊടുത്തുവെന്നതാണ് വസ്തുത.

വിവേഴ്‌സ് വില്ലേജിന്റെ രണ്ടാമത്തെ ഷോറൂം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ഈ ഗൂഢാലോചന നടന്നത്. എങ്ങനേയും തന്റെ സ്ഥാപനത്തെ തകർക്കാനുള്ള ശ്രമം പൊളിച്ചതിന്റെ ആത്മവിശ്വാസമാണ് ഇന്ന് ശോഭായുടെ മുഖത്ത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP