Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202029Thursday

തൃശൂരിലും ലുധിയാനയിലും ടെലിവിഷൻ ചാനലിനായി രണ്ടു കമ്പനികൾ; രണ്ട് കമ്പനിക്കും ഒരേ ഡയറക്ടർ ബോർഡ്; ബിനാമികളെ വെച്ച് ചാനൽ നടത്തുന്നത് മുൻ ജലന്ധർ ബിഷപ്പോ? ഷെക്കെയ്നയുടെ മറപിടിച്ചുള്ള സാമ്പത്തിക തട്ടിപ്പുകൾ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതിയും; റേപ്പ് കേസ് വിചാരണയ്ക്കിടയിൽ ചാനൽ വിവാദത്തിലും ഉയരുന്നത് ബിഷപ്പ് ഫ്രാങ്കോയുടെ പേര്

തൃശൂരിലും ലുധിയാനയിലും ടെലിവിഷൻ ചാനലിനായി രണ്ടു കമ്പനികൾ; രണ്ട് കമ്പനിക്കും ഒരേ ഡയറക്ടർ ബോർഡ്; ബിനാമികളെ വെച്ച് ചാനൽ നടത്തുന്നത് മുൻ ജലന്ധർ ബിഷപ്പോ? ഷെക്കെയ്നയുടെ മറപിടിച്ചുള്ള സാമ്പത്തിക തട്ടിപ്പുകൾ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതിയും; റേപ്പ് കേസ് വിചാരണയ്ക്കിടയിൽ ചാനൽ വിവാദത്തിലും ഉയരുന്നത് ബിഷപ്പ് ഫ്രാങ്കോയുടെ പേര്

എം മനോജ് കുമാർ

തിരുവനന്തപുരം: വിശ്വാസ പ്രഘോഷണം മുൻനിർത്തിയുള്ള മാധ്യമ ശുശ്രൂഷാ ചാനൽ എന്നാണ് അതിന്റെ സാരഥികൾ കഴിഞ്ഞ വർഷം മെയ്‌ മാസം മുതൽ കേരളത്തിൽ തുടങ്ങിയ ഷെക്കെയ്‌ന ചാനലിനെ വിശേഷിപ്പിക്കുന്നത്. കുർബാനയുടെ സംപ്രേഷണങ്ങൾ, മതവുമായി-ആത്മിയതയുമായി ബന്ധപ്പെട്ട പരിപാടികൾ, സഭയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സഭയുടെ പക്ഷത്തൂന്നി മറുപടി പറയുന്ന വാർത്താധിഷ്ടിത പരിപാടികൾ എന്നിവയാണ് ഷെക്കെയ്‌നയുടെ ഉള്ളടക്കമായി സംപ്രേഷണം ചെയ്യുന്നത്. സീറോ മലബാർ സഭയുടെ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് ഷെക്കെയ്ന ടെലിവിഷന്റെ ഉദ്ഘാടനം നിർവഹിച്ചത്. രക്ഷാധികാരിയായി ചടങ്ങിൽ പങ്കെടുത്തത് തൃശൂർ ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തും. വിരമിച്ച സുപ്രീംകോടതി ജസ്റ്റിസ് കുര്യൻ ജോസഫാണ് ലോഗോ പ്രകാശനം ചെയ്തത്.

കത്തോലിക്കാ സഭാ നേതൃത്വത്തിന്റെ ഉന്നതരാണ് ചടങ്ങുകളിൽ പങ്കെടുത്തത്. ഫരിദാബാദ് ആർച്ച് ബിഷപ്പ് മാർ കുര്യക്കോസ്, ഷംഷാബാദ് രൂപതയുടെ പ്രഥമബിഷപ്പ് മാർ റാഫേൽ തട്ടിൽ തലശേരി അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി ഉൾപ്പടെ നിരവധി ബിഷപ്പുമാരും സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്ത ഉദ്ഘാടന ചടങ്ങാണ് നടന്നത്. പക്ഷെ അപ്പോഴും ഷെക്കെയ്‌നയ്ക്ക് പിന്നിലാര് എന്ന് വ്യക്തമായിരുന്നില്ല. ഇപ്പോൾ ദീപിക പത്രവുമായീ ബന്ധപ്പെട്ടുയർന്ന വിവാദവും അതിനെ തുടർന്നു വിശ്വാസികൾ തന്നെ നടത്തിയ അന്വേഷണവുമെല്ലാം ആരാണ് ഷെക്കെയ്‌നയ്ക്ക് പിന്നിൽ എന്ന് വിരൽ ചൂണ്ടുകയാണ്. ബലാത്സംഗവീരനായി കന്യാസ്ത്രീകൾ തന്നെ ചൂണ്ടിക്കാട്ടുകയും കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ് നേരിടുകയും അതിന്റെ പേരിൽ ജലന്ധർ ബിഷപ്പ് പദവി നഷ്ടപ്പെടുകയുമൊക്കെ ചെയ്ത ഫ്രാങ്കോ മുളയ്ക്കൽ ആണ് ഷെക്കെയ്‌നയ്ക്ക് പിന്നിൽ എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

ബിനാമികളെ വെച്ച് ഫ്രാങ്കോ മുളയ്ക്കൽ നടത്തുന്ന ചാനലാണ് ഷെക്കെയ്‌ന ടിവി ചാനൽ എന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഡയറക്ടർമാരുടെ പാശ്ചാത്തലവും ജലന്ധർ ആസ്ഥാനമായും കേരളം ആസ്ഥാനമായും രൂപീകരിച്ച രണ്ടു കമ്പനികളുടെ രൂപീകരണവും ഒരേ ഡയറക്ടർമാരുമെല്ലാം നൽകുന്ന സൂചനകൾ ചാനൽ ഫ്രാങ്കോ മുളയ്ക്കലിന്റെത് തന്നെയാണ് എന്നാണ്. ഷെക്കെയ്‌ന ചാനലിന്റെ ഡയറക്ടർമാരെക്കുറിച്ചും ചാനലിനെക്കുറിച്ചും ദുരൂഹമായ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷിക്കണമെന്നു ആവശ്യപ്പെട്ടു ഡിജിപി തലത്തിൽ ഉള്ളവർക്ക് പരാതിയും പോയിട്ടുണ്ട്. മാധ്യമങ്ങൾക്ക് കേരളത്തിലുള്ള വൻ സ്വാധീന ശക്തി മനസിലാക്കിയാണ് ഫ്രാങ്കോ കേരളത്തിൽ ചാനൽ തുടങ്ങിയിരിക്കുന്നത്.

സഭയെയും വിവിധ സഭകളുടെ പിതാക്കന്മാരെയും തനിക്ക് കീഴിൽ അണിനിരത്തുകയും ഫ്രാങ്കോയുടെ ലക്ഷ്യങ്ങളിൽ ഒന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ബലാത്സംഗ കേസ് കേരളത്തിൽ തുടരുമ്പോൾ തന്നെയാണ് അദൃശ്യശക്തിയായി പിന്നിൽ നിന്ന് ഫ്രാങ്കോ മുളയ്ക്കൽ ചാനലിനെ നയിക്കുന്നത്.  കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപിക വിശ്വാസ പ്രഘോഷണം മുഖമുദ്രയാക്കിയ ഷെക്കെയ്‌ന ചാനലിന്റെ പ്രോഗ്രാം ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കാൻ വിസമ്മതിച്ചതായി ആരോപിച്ച് വിശ്വാസികളുടെ സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ ചൂടുപിടിച്ച ചർച്ചകൾ നടന്നതോടെയാണ് ഷെക്കെയ്‌ന ഒരു വിവാദമായി മാറുന്നത്. ഈ വിവാദങ്ങളോട് പ്രതികരിക്കാൻ ചാനൽ അധികാരികൾ തയ്യാറായിട്ടുമില്ല.

ദീപിക പത്രത്തിലുള്ള ഇന്നത്തെ സിനിമാ-ചാനൽ പ്രോഗാമുകളിൽ ഷെക്കെയ്‌നയുടെ പരിപാടികൾ ഉൾപ്പെടുത്താൻ പത്രം ആദ്യം തയ്യാറായിരുന്നില്ല. ദീപികയുടെ ഈ വിസമ്മതം സോഷ്യൽ മീഡിയയിൽ ചൂടുള്ള സംസാരവിഷയമായിരുന്നു. സഭയുമായും വിശ്വാസികളുമായും ബന്ധപ്പെട്ട സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലാണ് വിവാദം പതഞ്ഞുയർന്നത്. ശാലോം, ഗുഡ്നെസ് ടി വി പ്രോഗ്രാമുകൾ നൽകുന്ന ദീപിക ഷെക്കെയ്‌ന ചാനലിന്റെ ഉള്ളടക്കം മാത്രം ഇന്നത്തെ ചാനൽ-പ്രോഗ്രാം പരിപാടിയിൽ ഉൾപ്പെടുത്താത്തതിന് കാരണമെന്ത് എന്ന ചോദ്യമാണ് വിവാദമായി ഉയർന്നത്.

ദീപിക ദിനപ്പത്രം ഷെക്കെയ്‌ന ചാനലിലെ പ്രോഗ്രാമുകൾ പ്രസിദ്ധീകരിക്കുന്നില്ല. ലോക് ഡൗണ് കാലത്ത് പള്ളിയിൽ പോയി കുർബാനയിൽ പങ്കെടുക്കാൻ പറ്റാത്ത സാഹചര്യത്തിൽ, വിവിധ രൂപതകളുടെ കുർബാന ഷെക്കെയ്‌ന മാത്രമേ ടെലിക്കാസ്റ്റു ചെയ്യുന്നുള്ളൂ. ശാലോം, ഗുഡ്നെസ് ടി വി പ്രോഗ്രാമുകൾ നൽകുന്ന ദീപിക ഷെക്കീനാ ടി വി യുടെ പ്രോഗ്രാം കൂടി പത്രത്തിൽ പ്രസിദ്ധീകരിക്കണം എന്ന ആവശ്യത്തിൽ നിഷേധാത്മകമായ നിലപാടാണ് സ്വീകരിക്കുന്നത്. എഡിറ്ററെ വിളിച്ചു പരാതി പറഞ്ഞപ്പോൾ ആലോചിക്കാം എന്നാണ് മറുപടി. ലോക് ഡൗണ് കാലത്താണ് ഓൺ ലൈൻ കുർബാനയുടെ ആവശ്യമുള്ളത്. അതു പ്രസിദ്ധീകരിക്കാൻ വിമുഖത കാട്ടുന്നത് പത്രം വരുത്തുന്നവരോട് കാട്ടുന്ന പ്രതിബദ്ധത ഇല്ലായ്മയാണ്. ഈ രീതിയിലാണ് ദീപികയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം വന്നത്.

പ്രോഗ്രാം ഉള്ളടക്കങ്ങൾ നല്കാൻ ദീപിക പത്രാധിപരെ നേരിട്ട് ഫ്രാങ്കോ മുളയ്ക്കൽ വിളിക്കണമെങ്കിൽ ഷെക്കെയ്‌നയ്ക്ക് പിന്നിലാര് എന്ന കാര്യത്തിൽ അന്വേഷണങ്ങൾ നീണ്ടു. കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ടവർ തന്നെയാണ് ഷെക്കെയ്‌നയ്ക്ക് പിന്നിലാര് എന്ന ചോദ്യത്തിനു ഉത്തരം കണ്ടെത്താനായി അന്വേഷണം നടത്തിയത്. .

ഫ്രാങ്കോ മുളയ്ക്കലും ഷെക്കെയ്‌ന ചാനലുമായി ബന്ധമെന്ത്?

വിശ്വാസ പ്രഘോഷണം മുഖമുദ്രയാക്കിയ ഷെക്കെയ്‌നയ്ക്ക് പിന്നിൽ ഫ്രാങ്കോ മുളയ്ക്കൽ തന്നെ എന്ന സൂചനകളാണ് അന്വേഷണത്തിൽ പുറത്ത് വന്നത്. കള്ളപ്പണം വെളുപ്പിക്കാനും മാധ്യമ സ്വാധീനം വർദ്ധിപ്പിക്കാനും വേണ്ടി ഫ്രാങ്കോ മുളയ്ക്കൽ തന്നെ തുടങ്ങിയതാണ് ഷെക്കെയ്‌ന എന്നാണ് പുറത്ത് വന്ന വിവരം. രണ്ടു കമ്പനികളാണ് ഷെക്കെയ്‌നയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു രൂപീകരിച്ചത്. ഒരു കമ്പനി ഷെക്കെയ്‌ന കമ്യൂണിക്കേഷൻസ് ലിമിറ്റഡ്. അത് കേരളം ആസ്ഥാനമാക്കിയുള്ള കമ്പനി. രജിസ്‌ട്രേഡ് അഡ്രസ് തൃശൂർ താളിക്കോട്. മൂന്നു ഡയറക്ടർമാർ. എംഡിയും ഡയറക്ടറുമായ സന്തോഷ് തെരേടൻ, പ്രിൻസൺ വടക്കൂട്ട് ജോർജ്, വർഗീസ് ജോസ് എന്നിവർ ഡയറക്ടർമാർ. രണ്ടാമത് കമ്പനിയുടെ വിവരങ്ങൾ തിരഞ്ഞാൽ ലഭിക്കുക ഈ കാര്യങ്ങളും. രണ്ടാമത് കമ്പനിയുടെ പേര് ചാനൽ നമ്പർ ടു ന്യൂസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ്. ഇതിന്റെ സ്ഥാനം ചാണ്ഡിഗർ. രജിസ്‌ട്രേഡ് ഓഫീസ് ലുധിയാനയും. ഡയറക്ടർ ലിസ്റ്റിലുള്ളത് മുകളിൽ പറഞ്ഞവർ മൂന്നു പേരും. അതായത് ഷെക്കെയ്‌നയുടെ എംഡിയും ഡയറക്ടറുമായ സന്തോഷ് തെരേടൻ, പ്രിൻസൺ വടക്കൂട്ട് ജോർജ്, വർഗീസ് ജോസ് എന്നിവർ തന്നെ. രണ്ടു കമ്പനികൾക്ക് ഒരേ ഡയറക്ടർമാർ.

ചാനലുമായി ബന്ധപ്പെട്ടു രൂപീകരിച്ച ഒരു കമ്പനിയുടെ ആസ്ഥാനം കേരളത്തിൽ തൃശൂർ, രണ്ടാമത് കമ്പനിയുടെ ആസ്ഥാനം പഞ്ചാബിലെ ജലന്ധറും. എന്നാൽ രണ്ടു കമ്പനിക്കും ഒരേ ഡയറക്ടർമാരും. കേരളത്തിലെ ഒരു മത ചാനൽ എന്തിനു രണ്ടു കമ്പനികൾ രൂപീകരിക്കണം? രണ്ടു കമ്പനിക്കും ഒരേ ഡയറക്ടർമാരും. ഒന്ന് കേരളത്തിലാണെങ്കിൽ രണ്ടാമത് പഞ്ചാബിൽ. അതും ലുധിയാനയിൽ. ഇതോടെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും ഷെക്കെയ്‌നയുമായുള്ള ബന്ധത്തിലേക്ക് വിരൽ ചൂണ്ടപ്പെടുന്നത്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്യുന്ന കേസ് വെളിയിൽ വരുന്നത് വരെ ജലന്ധർ ബിഷപ്പ് ആയിരുന്നു ഫ്രാങ്കോ മുളയ്ക്കൽ. പഞ്ചാബിലെ വിശ്വാസികളുടെ കിരീടം വയ്ക്കാത്ത രാജാക്കളിൽ ഒരാളുമായിരുന്നു ഈ ബിഷപ്പ്. ലുധിയാനയിലേക്ക് കമ്പനിയുടെ ബന്ധം നീളുകയും അതിന്റെ അറ്റം ഫ്രാങ്കോ മുളയ്ക്കലിലേക്ക് എത്തുകയും ചെയ്തതോടെയാണ് ഷെക്കെയ്‌നയും ഫ്രാങ്കോ മുളയ്ക്കലും തമ്മിലുള്ള ബന്ധം വെളിയിൽ വരുന്നത്.

ചാനൽ നടത്തിപ്പുകാർ ഫ്രാങ്കോ മുളയ്ക്കലിന്റെ ബിനാമികളോ?

ചാനലുമായി ബന്ധപ്പെട്ടു രണ്ടു കമ്പനികൾ രൂപീകരിച്ചപ്പോൾ രണ്ടിനും ഒരേ ഡയരക്ടർ വന്നതോടെയാണ് ഡയറക്ടർ ആരെന്നും അവരുടെ പശ്ചാത്തലവും ചർച്ചാവിഷയമായത്. എംഡിയും ഡയറക്ടറുമായ സന്തോഷ് കരുമത്ര ചാനലുമായി ബന്ധപ്പെട്ടു പെട്ടെന്ന് ഉയർന്നു വന്നതും അതിവേഗത്തിൽ സമ്പന്നനുമായി മാറിയതാണ് എന്ന് ആരോപണങ്ങൾ ഉയർന്നു. ചാനലിനെ നയിക്കുന്ന സന്തോഷ് തെരേടൻ വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട് അതി സമ്പന്നനായി. വരുമാനമില്ലാതെ നടന്നിരുന്ന സന്തോഷിനു ഇപ്പോൾ സ്വന്തമായി ചാനലും വാഹനങ്ങളും സ്ഥലവുമുണ്ട്. വലിയ സാമ്പത്തിക ഇടപാടുകള് ഇയാൾ നടത്തുന്നതായും ആരോപണമുണ്ട്. അടിക്കടിയുള്ള വിദേശയാത്രകൾ നടത്തിയിരുന്നയാളാണ് എംഡിയായ സന്തോഷ് തെരേടൻ. ഡയരക്ടർ ബോർഡിലേ രണ്ടാമൻ വടക്കൂട്ട് പ്രിൻസൺ തൃശൂർ മാർക്കറ്റിലെ പച്ചക്കറി കച്ചവടക്കാരൻ മാത്രമായിരുന്നു. 50 കോടിയുടെ നിക്ഷേപമാണ് ചാനലിൽ ഇയാൾക്കുള്ളത് എന്ന വിവരമാണ് പുറത്ത് വന്നത്. .

പണം കൊടുത്ത് വാങ്ങിയത് പഞ്ചാബ് ചാനൽ ലൈസൻസ്:

പഞ്ചാബിൽ പ്രവർത്തിച്ച് പിന്നെ നിലച്ച പഞ്ചാബ് ചാനലിന്റെ ലൈസൻസ് ആണ് പണം കൊടുത്ത് സ്വന്തമാക്കിയത്. ഈ ചാനൽ ലൈസൻസ് വഴിയാണ് സംപ്രേഷണം തുടരുന്നത്. പഞ്ചാബി ഭാഷയിലുണ്ടായിരുന്ന ചാനൽ ടു എന്ന ന്യൂസ് ലൈസൻസ് വിലയ്ക്ക് മേടിച്ചാണ് പ്രവർത്തിക്കുന്നത്. പഞ്ചാബി ചാനലിന്റെ ലൈസൻസ് പണം കൊടുത്ത് വാങ്ങാനും ഒരു സാറ്റലൈറ്റ് ചാനൽ തുടങ്ങാനും ധനശേഷിയുള്ളത് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് തന്നെയാണ് എന്നാണ് വിരൽ ചൂണ്ടപ്പെടുന്നത്. ഫ്രാങ്കോ മുളയ്ക്കലിനു വൻ ലക്ഷ്യങ്ങളുണ്ട്. ഒന്ന് ബലാത്സംഗ കേസ്. കേസ് നടക്കുന്നത് മാധ്യമങ്ങൾക്ക് സ്വാധീന ശക്തിയുള്ള കേരളത്തിൽ. ബലാത്സംഗ കേസിൽ പ്രതിയായി മാറിയതോടെയാണ് കേരളത്തിലെ മാധ്യമങ്ങളുടെ സ്വാധീനവും കരുത്തും ഫ്രാങ്കോ നേരിട്ട് മനസിലാക്കുന്നത്.

പണം വാരിയെറിഞ്ഞിട്ടും പകുതി മാധ്യമങ്ങളുടെ വായ് പോലും മൂടിക്കെട്ടാൻ ഫ്രാങ്കോയ്ക്ക് കഴിഞ്ഞിരുന്നില്ല. കണക്കിൽപ്പെടാത്ത കോടികളുടെ കള്ളപ്പണമാണ് ബിഷപ്പിന്റെ കയ്യിലുള്ളത് എന്ന് അന്ന് തന്നെ ആരോപണം വന്നിരുന്നു. ഇതേഘട്ടത്തിൽ തന്നെയാണ് ഫ്രാങ്കോയുടെ വിശ്വസ്തനെ 10 കോടിയുടെ കള്ളപ്പണവുമായി ജലന്ധറിൽ പൊലീസ് പിടികൂടിയത്. ഫ്രാങ്കോ മുളയ്ക്കലിന്റെ വിശ്വസ്തനായ ഫാ. ആന്റണി മാടശേരിയടക്കം ഏഴു പേരാണ് പൊലീസ് പിടിയിൽപ്പെട്ടത്. ഇത് കേരളത്തിൽ പൊടിക്കാൻ ഫ്രാങ്കോ കയ്യിൽ സൂക്ഷിച്ചിരുന്ന പണമാണ് എന്നാണു ആരോപണം ഉയർന്നത്. പൊലീസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തിയിരുന്നു. ഫ്രാങ്കോ പ്രതിയായ കേസ് ഇപ്പോഴും കോടതിയിൽ നടന്നുവരുകയാണ്. കേരളത്തിൽ സ്വാധീനം ഉറപ്പിക്കാനാണ് ഷെക്കെയ്‌ന എന്ന വിശ്വാസ പ്രഘോഷണ ചാനൽ ഫ്രാങ്കോ ആരംഭിച്ചത് എന്നാണ് ആരോപണം. തനിക്ക് സഭയിലെ സ്വാധീനം ഒന്നുകൂടി അരക്കിട്ട് ഉറപ്പിക്കുക. കേസിൽ സഭാ നേതൃത്വത്തെ തനിക്ക് പിന്നിൽ അണിനിരത്തുക എന്ന ലക്ഷ്യങ്ങൾ ചാനലുമായി ബന്ധപ്പെട്ടു ഫ്രാങ്കോയുടെ മുന്നിലുണ്ട് എന്നാണ് വ്യക്തമാകുന്നത്.

ഡിജിപി തലത്തിലുള്ളവർക്ക് നൽകിയ പരാതി ഇങ്ങനെ:

തൃശൂർ ഒല്ലൂർ താളിക്കോട് കെട്ടിട നമ്പർ പോലുമില്ലാത്ത കെട്ടിടത്തിൽ നിയമവിരുദ്ധമായാണ് ഷെക്കെയ്‌ന ചാനൽ പ്രവർത്തിക്കുന്നത്. ചാനൽ ലൈസൻസ് പഞ്ചാബി ഭാഷയിൽ ചാനൽ ടു എന്ന ന്യൂസ് ചാനൽ ലൈസൻസ് വിലയ്ക്ക് വാങ്ങി സൃഷ്ടിച്ചതാണ്. വർഗീയത മാത്രം വമിപ്പിക്കുന്ന ചാനൽ പ്രവർത്തിക്കുന്ന കെട്ടിടത്തിനു പഞ്ചായത്തിന്റെയോ മറ്റു സർക്കാർ സ്ഥാപനങ്ങളുടെയോ കെട്ടിടാനുമതി ലഭിച്ചിട്ടില്ല. കെട്ടിടത്തിനു രണ്ടു ഭൂഗർഭ അറകളുണ്ട്. ഒരു ഭാഗം ആർക്കും പ്രവേശനമില്ലാത്തതും സ്വർണക്കടത്ത് അടക്കം നിഗൂഡമായ കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്തി വരുന്നതാണ്. കെട്ടിട നമ്പർ ലഭിച്ചിട്ടില്ലെങ്കിലും കെഎസ്ഇബി കണക്ഷൻ ലഭിച്ചിട്ടുണ്ട്. ചാനൽ പ്രവർത്തനം ദുരൂഹമാണ്. കെട്ടിടത്തിൽ മതപരിവർത്തനത്തിനുള്ള സെന്റർ പ്രവർത്തിക്കുന്നുണ്ട്. മിനിസ്ട്രി എന്ന പേരിൽ മാസശമ്പളവും മറ്റാനുകൂല്യങ്ങളും നൽകി ഒരു വിഭാഗം ആളുകളെ നിയമിച്ചിട്ടുണ്ട്.

ചാനൽ എംഡി സന്തോഷ് തെരേടൻ ചുരുങ്ങിയ നാളുകൾക്കൊണ്ട് സമ്പന്നനായ ആളാണ്. വരുമാനമില്ലാത്ത ആളായ സന്തോഷ് വളരെ പെട്ടെന്ന് വാഹനങ്ങളും സ്ഥലവും ചാനലും നേടിയിരിക്കുന്നു. ഇയാളുടെ സാമ്പത്തിക ഇടപാടുകളും അടിക്കടി നടത്തിയ വിദേശയാത്രകളും സ്വർണക്കടത്തും അന്വേഷിക്കണം. ഷെയർ ഹോൾഡർമാരിൽ ഒരാളായ അരുൺ ആന്റണി അക്കര എന്നയാളാണ് സന്തോഷിന്റെ വിദേശ യാത്രകൾക്ക് ചുക്കാൻ പിടിക്കുന്നത്. അരുൺ ചാനലിൽ മൂന്നു കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. മനോരമ പത്രത്തിന്റെ തൃശൂരിൽ ഡിടിപി ഓപ്പറേറ്റർ മാത്രമായിരുന്ന അരുണിനു എങ്ങനെ ഇത്രയും പണം ലഭിച്ചു എന്ന് അന്വേഷിക്കണം. തൃശൂർ ജില്ലയിൽ സ്വർണ്ണക്കടത്ത് കേന്ദ്രമായ ഒല്ലൂരാണ് അരുണിന്റെ വീട്. ഇയാളുടെ അടുത്ത ബന്ധുക്കൾക്ക് സ്വർണ വ്യാപാര ശാലകളുണ്ട്. ചാനൽ ഡയറക്ടർ ബോർഡിലേ രണ്ടാമനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ വടക്കൂട്ട് പ്രിൻസൺ തൃശൂർ മാർക്കറ്റിലെ വെറുമൊരു പച്ചക്കറി വിൽപ്പനക്കാരൻ മാത്രമാണ്. വടക്കൂട്ട് പ്രിൻസണ് ചാനലിൽ 50 കോടിയുടെ നിക്ഷേപമുണ്ട്. ഇയാളുടെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കണം. ചാനൽ രൂപീകരിക്കാനായി 15 കോടി മുതൽമുടക്കിയിട്ടുണ്ട്. കെട്ടിടത്തിനും സ്ഥലത്തിലും 50 കോടിയും മുടക്കിയിട്ടുണ്ട്. ഉപകരണങ്ങൾ വാങ്ങാനായി പത്ത് കോടിയും. മറ്റ് സൗകര്യങ്ങൾക്ക് അഞ്ച് കോടിയും ചെലവിട്ടിട്ടുണ്ട്. . ഇവരുടെ സാമ്പത്തിക തട്ടിപ്പ്, അനധികൃത നിർമ്മാണം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ അന്വേഷിക്കണം-പരാതിയിൽ ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP