Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പദ്ധതി നടത്തുന്നത് സ്വകാര്യ ഏജൻസി; സർക്കാർ ആശുപത്രിയുടെ മുഴുവൻ സൗകര്യങ്ങളും സൗജന്യമായി വിട്ടു കൊടുക്കും; ഫ്രാഞ്ചൈസി ഇനത്തിൽ വൻ തുക ഡെപ്പോസിറ്റ് വാങ്ങി ഏജൻസി തടിച്ചു കൊഴുക്കും: ഷി ഓപ്ടിക്കൽസിലെ അഴിമതി കാണാൻ കണ്ണടകൾ വേണ്ട

പദ്ധതി നടത്തുന്നത് സ്വകാര്യ ഏജൻസി; സർക്കാർ ആശുപത്രിയുടെ മുഴുവൻ സൗകര്യങ്ങളും സൗജന്യമായി വിട്ടു കൊടുക്കും; ഫ്രാഞ്ചൈസി ഇനത്തിൽ വൻ തുക ഡെപ്പോസിറ്റ് വാങ്ങി ഏജൻസി തടിച്ചു കൊഴുക്കും: ഷി ഓപ്ടിക്കൽസിലെ അഴിമതി കാണാൻ കണ്ണടകൾ വേണ്ട

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ആരോഗ്യമന്ത്രി വി എസ്. ശിവകുമാറിനെക്കാൾ ഭേദം തുഗ്ലക്ക് ആണെന്ന് തോന്നിപ്പോകും അദ്ദേഹത്തിന്റെ ചില പദ്ധതികൾ കണ്ടാൽ. കേരളത്തിലെ ജനങ്ങൾ മരമണ്ടന്മാരാണെന്ന ധാരണയിൽ അദ്ദേഹത്തിന്റെ വകുപ്പും വനിതാ വികസന കോർപ്പറേഷനും തിരുവനന്തപുരം റോസ് ഓപ്ടിക്കൽസ് എന്ന സ്വകാര്യ ഏജൻസിയും ചേർന്ന് നാളെ ഉദ്ഘാടനം ചെയ്യുന്ന ഷീ ഓപ്ടിക്കൽസ് എന്ന പദ്ധതിക്കു പിന്നിൽ കോടികളുടെ ക്രമക്കേട്. സംഭവം വിവാദമായതോടെ തങ്ങൾക്ക് ലോൺ വിതരണം ചെയ്യുന്ന പണി മാത്രമേ ഉള്ളൂ, ബാക്കിയൊന്നും അറിയില്ലെന്ന് പറഞ്ഞ് വനിതാ വികസന കോർപ്പറേഷൻ മേധാവികൾ തലയൂരി. ഇതിലെ അഴിമതി കാണാൻ കണ്ണടകൾ വേണ്ട.

ഒറ്റനോട്ടത്തിൽ, നഗ്നനേത്രങ്ങൾ കൊണ്ടുതന്നെ ക്രമക്കേട് ദൃശ്യമാകും വിധമാണ് പദ്ധതി വിഭാവന ചെയ്തിരിക്കുന്നത്. ഒരു സ്വകാര്യ ഏജൻസി വിഭാവന ചെയ്തു നടപ്പാക്കിയ പദ്ധതി അതേരീതിയിൽ അംഗീകരിക്കുമ്പോൾ ഇതുകൊണ്ട് സർക്കാരിനോ ജനങ്ങൾക്കോ ഒരു പ്രയോജനവുമില്ല. എന്നാൽ, ഏജൻസിക്ക് കൈ നനയാതെ കോടികൾ വാരാം. സംസ്ഥാനത്തെ സർക്കാർ ആതുരാലയങ്ങൾ കേന്ദ്രീകരിച്ച് കണ്ണട വിൽപനശാലകൾ ആരംഭിക്കുന്നതിനുള്ളതാണ് പദ്ധതി. റോസ് ഓപ്ടിക്കൽസ് സർക്കാരിന് മുന്നിൽ സമർപ്പിച്ച പദ്ധതി യാതൊരു പരിശോധനയും കൂടാതെ അംഗീകരിച്ചതിനു പിന്നിലാണ് കോഴയിടപാട് നടന്നിരിക്കുന്നത്. ഓപ്ടിക്കൽ അസോസിയേഷൻ ഇതിനെതിരേ പ്രതിഷേധവുമായി രംഗത്തു വന്നുകഴിഞ്ഞു.

അസോസിയേഷനിൽ അംഗമായിരുന്ന പ്രകാശിന്റെ ഉടമസ്ഥതയിലുള്ളതാണ് റോസ് ഓപ്ടിക്കൽസ്. ഇങ്ങനെ ഒരു പദ്ധതി കൊണ്ടുവരാൻ ശ്രമം തുടങ്ങിയപ്പോൾ തന്നെ ഇയാൾ അസോസിയേഷൻ അംഗത്വം രാജിവച്ചു. മന്ത്രി ശിവകുമാറിന് ഈ കച്ചവടത്തിൽ പങ്കുണ്ടെന്നാണ് അസോസിയേഷൻ ആരോപിക്കുന്നത്. സർക്കാർ മെഡിക്കൽ കോളജുകൾ, ജനറൽ-ജില്ലാ-താലൂക്ക് ആശുപത്രികൾ, സൗകര്യമുള്ള മറ്റ് സർക്കാർ ആതുരാലയങ്ങൾ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. വനിതകൾക്ക് മാത്രമായിട്ടുള്ള പദ്ധതിയിൽ കണ്ണടവിൽപനശാല തുടങ്ങുന്നതിനുള്ള സ്ഥലം സർക്കാർ ആശുപത്രിയിൽ തന്നെ ക്രമീകരിച്ചുനൽകും. ആശുപത്രിയിൽ നിന്ന് കണ്ണു പരിശോധിക്കുന്നവർക്കും കണ്ണിന് ഓപ്പറേഷൻ നടത്തുന്നവർക്കും കണ്ണടയും അനുബന്ധകാര്യങ്ങളും ഷി ഓപ്ടിക്കൽസിലേക്ക് മാത്രമേ എഴുതി വിടാൻ കഴിയൂ.

ചുരുക്കിപ്പറഞ്ഞാൽ സർക്കാരിന്റെ മുഴുവൻ സംവിധാനങ്ങളും സൗജന്യമായി നിർവഹണ ഏജൻസിക്ക് ലഭിക്കും. ഈ ആനുകൂല്യമുള്ളതിനാൽ വിൽപനശാലയുടെ ഫ്രാഞ്ചൈസി ഏറ്റെടുക്കാനായി താൽപര്യത്തോടെ നിരവധിപ്പേർ രംഗത്തു വരാൻ സാധ്യതയുണ്ട്. നിർവഹണ ഏജൻസിക്ക് അവരിൽനിന്ന് ഡെപ്പോസിറ്റ് ഇനത്തിൽ വൻ തുക ആദ്യമേ കൈപ്പറ്റാനും കഴിയും. ആശുപത്രിക്കുള്ളിൽ തന്നെ വിൽപനശാല വരുന്നതോടെ ഇവയ്ക്ക് ചുറ്റുമുള്ള ഓപ്ടിക്കൽസുകാർ കട പൂട്ടേണ്ടതായും വരും. നിർവഹണ ഏജൻസിയാണ് ഫ്രാഞ്ചൈസി ആർക്ക് നൽകണമെന്ന് തീരുമാനിക്കുന്നത്. സംസ്ഥാനത്തെ 250 ഓളം സർക്കാർ ആശുപത്രികളിൽ കണ്ണട വിൽപന ശാലകൾ ആരംഭിച്ചാൽ ഡെപ്പോസിറ്റ് ഇനത്തിൽ നിർവഹണ ഏജൻസിയുടെ പോക്കറ്റിൽ വീഴുന്നത് കോടികളായിരിക്കും.

ഷി ഓപ്ടിക്കൽസിൽനിന്നു കണ്ണട വാങ്ങുന്നവർക്ക് 25 ശതമാനം വിലക്കുറവ് ലഭിക്കുമെന്നാണ് ഒരു വാഗ്ദാനം. കണ്ണടകൾക്ക് എം.ആർ.പി (മാക്‌സിമം റിട്ടെയിൽ പ്രൈസ്) എന്നൊന്നില്ല. പിന്നെങ്ങനെ 25 ശതമാനം വിലക്കുറവ് നൽകുമെന്നതാണ് മറ്റൊരു സംശയം. സംസ്ഥാനത്ത് കണ്ണിന് എല്ലാ ചികിൽസയുമുള്ള ഏക സർക്കാർ ആശുപത്രി തിരുവനന്തപുരത്താണുള്ളത്. ഇതിനുള്ളിൽ തന്നെയുള്ള കണ്ണട വിൽപനശാല നടത്തുന്നത് ഹിന്ദുസ്ഥാൻ ലാറ്റക്‌സാണ്. പുറമേ ഉള്ള കണ്ണട വിൽപനശാലകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ വിലയ്ക്കാണ് ഇവിടെ കണ്ണട ലഭിക്കുന്നത്. ഇതു പോലെ സർക്കാർ ആശുപത്രിയിൽ തുടങ്ങുന്ന ഷീ ഓപ്ടിക്കൽസിന്റെ നടത്തിപ്പ് എന്തുകൊണ്ട് സർക്കാർ ഏജൻസികൾക്ക് വിട്ടു കൊടുത്തു കൂടായെന്ന ചോദ്യത്തിനും അധികൃതർക്ക് മറുപടിയില്ല.

അതേസമയം, പദ്ധതി നടപ്പാക്കാൻ ഉദ്ദേശിച്ച് മുന്നോട്ടുവരുന്ന സ്ത്രീകൾക്ക് സാമ്പത്തിക സഹായം ചെയ്യുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നും കൂടുതലായി മറ്റൊന്നും അറിയില്ലെന്നും സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ അധികൃതർ പറയുന്നു. സംരംഭം തുടങ്ങാൻ ആവശ്യമായ രേഖകളും മറ്റുമായി എത്തുന്നവർക്ക് യോഗ്യതയുടെ അടിസ്ഥാനത്തിൽ വായ്പ നൽകും. ആറു ശതമാനം വരെ പലിശയാണ് ഈടാക്കുകയെന്നും അവർ അറിയിച്ചു. ഈ വായ്പയുടെ ഗുണവും അന്തിമമായി ലഭിക്കുന്നത് പദ്ധതിയുടെ നിർവഹണ ഏജൻസിയായ റോസ് ഓപ്ടിക്കൽസിനാണ്. ഫ്രാഞ്ചൈസി എടുക്കുന്നവർ തന്നെ വിൽപന കേന്ദ്രത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യവും ഒരുക്കണം.

അങ്ങനെ വരുമ്പോൾ ഒരു ചെലവുമില്ലാതെ റോസ് ഓപ്ടിക്കൽസ് എന്ന നിർവഹണ ഏജൻസിക്ക് ലഭിക്കുക കോടികളാണ്. കുടുതൽ വിവരങ്ങൾ അറിയാൻ വനിതാ വികസന കോർപ്പറേഷന്റെ വെബ്‌സൈറ്റ് സന്ദർശിക്കാനാണ് അധികൃതർ അറിയിച്ചത്. വെബ്‌സൈറ്റ് പരിശോധിച്ചെങ്കിലും അപ്‌ഡേഷൻ നടക്കുന്നതായുള്ള വിവരം മാത്രമാണ് ലഭിച്ചത്. ചുരുക്കിപ്പറഞ്ഞാൽ പദ്ധതി തന്നെ അവ്യക്തമാണ്. അതിനിടെയാണ് തിരക്കിട്ട് നാളെ ആലുവ ജനറൽ ആശുപത്രിയിൽ ഉദ്ഘാടനം നടത്താൻ ഒരുങ്ങുന്നത്. ചുരുക്കത്തിൽ വ്യക്തി സമർപ്പിച്ച ഒരു പദ്ധതി, സർക്കാരിനോ ജനങ്ങൾക്കോ യാതൊരു നേട്ടവും നൽകില്ലെന്ന് അറിഞ്ഞു കൊണ്ടു തന്നെ അതേ രൂപത്തിൽ നടപ്പാക്കാൻ ശ്രമിച്ച മന്ത്രിയാണ് ഇതിൽ അഴിമതി നടന്നിട്ടുണ്ടോയെന്ന് വ്യക്തമാക്കേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP