Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശശി തരൂരും മാത്യു കുഴൽനാടനും അനിൽ മാത്യുവും അജിസ് ബെൻ മാത്യുവും ലിജുവും സിദ്ദിഖും ബിന്ദു കൃഷ്ണയും ഡിസിസി പ്രസിഡന്റുമാരാകും! ഉമ്മൻ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും സ്ഥാനാർത്ഥികളെ തള്ളി ഹൈക്കമാണ്ട്; ഡിസിസി പ്രസിഡന്റുമാർ ആവാനുള്ളവരിൽ മഹാഭൂരിപക്ഷവും സുധീരന്റെ ആളുകൾ

ശശി തരൂരും മാത്യു കുഴൽനാടനും അനിൽ മാത്യുവും അജിസ് ബെൻ മാത്യുവും ലിജുവും സിദ്ദിഖും ബിന്ദു കൃഷ്ണയും ഡിസിസി പ്രസിഡന്റുമാരാകും! ഉമ്മൻ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും സ്ഥാനാർത്ഥികളെ തള്ളി ഹൈക്കമാണ്ട്; ഡിസിസി പ്രസിഡന്റുമാർ ആവാനുള്ളവരിൽ മഹാഭൂരിപക്ഷവും സുധീരന്റെ ആളുകൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: തിരുവനന്തപുരം ഡിസിസി പ്രസിഡന്റായി ശശി തരൂരിനെ കോൺഗ്രസ് ഹൈക്കാമാണ്ട് ഉടൻ നിയമിക്കുമെന്ന് സൂചന. ശശി തരൂരിനോട് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഇക്കാര്യം അറിയിച്ചു കഴിഞ്ഞു. തിരുവനന്തപുരം എംപിയെ സംഘടനാ തലത്തിൽ സജീവമാക്കുന്നത് യുവാക്കളെ കൂടുതലായി ആകർഷിക്കുമെന്നാണ് വിലയിരുത്തൽ. എ-ഐ ഗ്രൂപ്പുകളുടെ പട്ടിക തള്ളിയാണ് തിരുവനന്തപുരത്ത് ശശി തരൂരിനെ പരിഗണിക്കുന്നത്. കൂടുൽ യുവാക്കളെ ഡിസിസിയുടെ തലപ്പത്ത് നിയോഗിക്കുകയും ചെയ്യും. ബിന്ദു കൃഷ്ണയാകും ഏക വനിതാ ഡിസിസി അധ്യക്ഷ. എം ലിജു, മാത്യു കുഴൽനാടൻ, ടി എൻ പ്രതാപൻ തുടങ്ങിയവരും ഡിസിസിയുടെ പ്രസിഡന്റുമാരാകുമെന്നാണ് സൂചന.

ശശി തരൂരിനെ ഡിസിസിയുടെ തലപ്പത്ത് എത്തിക്കുന്നത് സോണിയാ ഗാന്ധിയുടേയും രാഹുൽ ഗാന്ധിയുടേയും പ്രത്യേക താൽപ്പര്യ പ്രകാരമാണ് ഇത്. എന്നാൽ സ്ഥാനം ഏറ്റെടുക്കുന്നതിൽ ശശി തരൂർ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഏതായാലും ശശി തരൂരോ അദ്ദേഹത്തിന്റെ നോമിനിയോ ആകും തിരുവനന്തപുരം ഡിസിസി പ്രസിഡന്റെന്ന് ഉറപ്പായി. ആർ വി രാജേഷ് . വിനോദ് കൃഷ്ണയേയോ തിരുവനന്തപുരം ഡിസിസി പ്രസിഡന്റാക്കണമെന്ന നിർദ്ദേശമാണ് ശശി തരൂർ മുന്നോട്ട് വച്ചിട്ടുള്ളത്. എന്നാൽ ഇത് അംഗീകരിക്കില്ലെന്നും ശശി തരൂർ തന്നെ അധ്യക്ഷനാകണമെന്നുമാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. ഡിസിസിയുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉടൻ ഹൈക്കമാണ്ട് നടത്തും.

ഡിസിസി പ്രസിഡന്റിന്റെ നിയമനവുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് പരിഗണനകളൊന്നും ഹൈക്കമാണ്ട് സ്വീകരിച്ചിട്ടില്ല. കേരളത്തിൽ ഗ്രൂപ്പ് രാഷ്ട്രീയമാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് തിരിച്ചറിയുകയാണ് രാഹുൽ ഗാന്ധി. മുതിർന്ന നേതാവ് എകെ ആന്റണിയുടെ നിർദ്ദേശം കൂടി പരിഗണിച്ചാണ് അന്തിമ പട്ടികയ്ക്ക് രൂപം നൽകിയത്. അങ്ങനെ ചില അപ്രതീക്ഷിത മുഖങ്ങളും ഡിസിസി അധ്യക്ഷന്മാരാകുന്നു. എല്ലാ ജില്ലകളിലും പ്രസിഡന്റുമാർ മാറുന്നുണ്ട്. ഇതിൽ സുധീരനെ അനുകൂലിക്കുന്നവർക്ക് നേരിയ മുൻതൂക്കമുണ്ട്. ഗ്രൂപ്പ് രാഷ്ട്രീയത്തിൽ സജീവമായി ഇടപെടുന്ന ആരും ഡിസിസി പ്രസിഡന്റുമാരാകുന്നില്ലെന്നതും ശ്രദ്ധേയമാണ്. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും മുന്നോട്ട് വച്ചവരെ വെട്ടിയാണ് പുതിയ പട്ടിക തയ്യാറാക്കിയത്

ഈ വിവരം ഹൈക്കമാൻഡ് നിയുക്ത ഡിസിസി പ്രസിഡന്റുമാരെ അറിയിച്ചിട്ടുണ്ടെങ്കിലും അവസാന നിമിഷം ചില മാറ്റങ്ങൾ ഉണ്ടായേക്കുമെന്ന സൂചനയും നൽകിയിട്ടുണ്ട്. ചെന്നിത്തലയും, ഉമ്മൻ ചാണ്ടിയും ചേർന്ന നൽകിയ ലിസ്റ്റ് പൂർണമായും അവഗണിച്ചാണ് പുതിയ ലിസ്റ്റ് തയ്യാറാക്കിയ ഹൈക്കമാൻഡ് ആന്റണിയുടെ പൂർണ്ണ സമ്മതത്തിനായാണ് കാത്തിരിക്കുന്നത്. ഇരു ഗ്രൂപ്പുകളെയും പിണക്കി മുമ്പോട്ട് പോകാൻ സാധിക്കില്ലെന്നും ചില വിട്ടുവീഴ്ചകൾ എങ്കിലും വേണമെന്നുമാണ് ആന്റണി പറയുന്നത്. ആന്റണിയുടെ നിർദ്ദേശാനുസരണം അവസാന നിമിഷം ചില പേരുകൾ മാറ്റിയേക്കുമെന്നുമാണ് ഹൈക്കമാൻഡുമായി അടുത്ത ബന്ധമുള്ള ഒരു ഉന്നത നേതാവ് മറുനാടൻ മലായളിയോട് പറഞ്ഞത്.

കോൺഗ്രസ് ഹൈക്കമാണ്ടിന്റെ ഡിസിസി അധ്യക്ഷ സാധ്യതാ പട്ടിക ഇങ്ങനെ

തിരുവനന്തപുരം-ശശി തരൂർ
കൊല്ലം-ബിന്ദു കൃഷ്ണ
പത്തനംതിട്ട-അനിൽ തോമസ്
ആലപ്പുഴ-എം ലിജു
കോട്ടയം- ഡോ അജിസ് ബെൻ മാത്യൂസ്
ഇടുക്കി-അഡ്വ സിറിയക് തോമസ്
എറണാകുളം-ഡോ മാത്യു കുഴൽനാടൻ
തൃശൂർ-ടി എൻ പ്രതാപൻ
പാലക്കാട്-വികെ ശ്രീകണ്ഠൻ
മലപ്പുറം-ആര്യാടൻ ഷൗക്കത്ത്
വയനാട്-ഐസി ബാലകൃഷ്ണൻ
കോഴിക്കോട്-ടി സിദ്ദിഖ്
കണ്ണൂർ-സതീഷൻ പച്ചേനി
കാസർഗോഡ്-കെപി കുഞ്ഞിക്കണ്ണൻ

മഹിളാ കോൺഗ്രസ് അധ്യക്ഷയാണ് ബിന്ദു കൃഷ്ണ. ഐ ഗ്രൂപ്പിൽ രമേശ് ചെന്നിത്തലയ്‌ക്കൊപ്പമായിരുന്നു ബിന്ദു കൃഷ്ണ. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പിൽ ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് ലഭിച്ചിരുന്നില്ല. ഇതോടെ ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ നിന്ന് അകന്നു. ഇതിനുള്ള അംഗീകരാമായാണ് കൊല്ലം ഡിസിസി അധ്യക്ഷസ്ഥാനം എത്തുന്നത്. ആലപ്പുഴയിൽ എം ലിജു യൂത്ത് കോൺഗ്രസിന്റെ മുൻ സംസ്ഥാന അധ്യക്ഷനാണ്. ചാനൽ ചർച്ചകളിൽ പാർട്ടി നിലപാടുകൾ വിശദീകരിച്ച് കൈയടി വാങ്ങുന്ന ലിജു  രാഹുൽ ഗാന്ധിയുടെ ഗുഡ് ബുക്കിലെത്തിയതോടെ സജീവ ഗ്രൂപ്പ് പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തു. എറണാകുളത്ത് പ്രസിന്റാകാൻ സാധ്യതയുള്ള മാത്യു കുഴൽനാടനും നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചിരുന്നില്ല. സുധീരനോടാണ് കൂടുതൽ താൽപ്പര്യം. യുവാക്കളെ ചുമതലളിലെത്തിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസുകാരിൽ പ്രധാനിയുമാണ്.

സുധീരന്റെ കടുത്ത അനുയായിയാണ് പ്രതാപൻ. പാലക്കാട് വികെ ശ്രീകണ്ഠനും നിലവിൽ ഒരു ഗ്രൂപ്പിന്റേയും ഭാഗമല്ല. ആര്യാടൻ ഷൗക്കത്തിനെ മലപ്പുറം ഏൽപ്പിക്കുന്നതും തന്ത്രപരമായ നീക്കമാണ്. ആര്യാടൻ മുഹമ്മദിന് മലപ്പുറത്തുള്ള സ്വാധീനത്തെ അംഗീകരിക്കുക കൂടിയാണ് കോൺഗ്രസ് ഹൈക്കമാണ്ട്. ഐസി ബാലകൃഷ്ണന്റേയും സതീഷൻ പാച്ചേനിയുടേയും നിയമനം ഏവരും പ്രതീക്ഷിക്കുന്നതുമാണ്. കോഴിക്കോട് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ ടി സിദ്ദിഖ് കോഴിക്കോട് ഡിസിസിയുടെ തലപ്പത്ത് എത്തുന്നു. കാസർഗോട്ട് കെപി കുഞ്ഞിക്കണ്ണൻ ഐ ഗ്രൂപ്പ് പ്രതിനിധിയുമാണ്. നിലവിൽ വിമത പരിവേഷമുള്ള നേതാവാണ് പത്തനംതിട്ടയിൽ അനിൽ തോമസ്. എ ഗ്രൂപ്പിന്റെ ആവശ്യങ്ങൾ തള്ളിക്കളഞ്ഞാണ് ഈ പേരിനെ ഡിസിസി പ്രസിഡന്റിന്റെ പട്ടികയിൽ ഉൾപ്പെടുത്തുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ പീരുമേട്ടെ സ്ഥാനാർത്ഥിയായിരുന്നു സിറിയക് തോമസ്. അവസാന റൗണ്ടിൽ സ്ഥാനാർത്ഥിയായ സിറിയക് തോമസ് ഇവിടെ മികച്ച പ്രകടനം കാഴ്ച വച്ചാണ് പരാജയപ്പെടുന്നത്. സുധീരന്റെ പിന്തുണയാണ് സിറിയക് തോമസിന് തുണയാകുന്നത്. കോട്ടയത്തേക്ക് പരിഗണിക്കുന്ന അജിസ് ബെൻ മാത്യുവും അപ്രതീക്ഷിതമുഖമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP