Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

തരൂരിന് ഒപ്പിടാനുള്ള നാല് പേരെ സജ്ജമാക്കിയത് മലബാറിലെ എംഎൽഎ; രാഹുലിന്റെ മനസ്സിലും എതിർപ്പില്ലെന്ന് അറിഞ്ഞ് ശബരിനാഥനും ഹൈബിയും കുഴൽനാടനും ആന്റണിയുടെ മകനും അനുകൂലമായി; തരൂരിനെ തോൽപ്പിക്കാൻ മുന്നിലുള്ളത് സോണിയാ ക്യാമ്പോ? ഒസിയും വിഡിയും ആർസിയും ഖാർഖെയ്ക്ക് വേണ്ടി; തരൂരിന്റെ ലക്ഷ്യം കേരളത്തിലെ ഭൂരിപക്ഷം

തരൂരിന് ഒപ്പിടാനുള്ള നാല് പേരെ സജ്ജമാക്കിയത് മലബാറിലെ എംഎൽഎ; രാഹുലിന്റെ മനസ്സിലും എതിർപ്പില്ലെന്ന് അറിഞ്ഞ് ശബരിനാഥനും ഹൈബിയും കുഴൽനാടനും ആന്റണിയുടെ മകനും അനുകൂലമായി; തരൂരിനെ തോൽപ്പിക്കാൻ മുന്നിലുള്ളത് സോണിയാ ക്യാമ്പോ? ഒസിയും വിഡിയും ആർസിയും ഖാർഖെയ്ക്ക് വേണ്ടി; തരൂരിന്റെ ലക്ഷ്യം കേരളത്തിലെ ഭൂരിപക്ഷം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഭൂരിപക്ഷം വോട്ട് ആരു നേടുമെന്നതാണ് ഇപ്പോഴത്തെ ചർച്ച. ആർക്ക് വോട്ടു ചെയ്യണമെന്ന് പറയില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു കഴിഞ്ഞു. എകെ ആന്റണിയുടെ സ്ഥാനാർത്ഥിയാണ് ഖാർഖെ. എന്നിട്ടും സുധാകരൻ ഈ നിലപാട് എടുത്തത് കോൺഗ്രസിലെ ഹൈക്കമാണ്ട് നേതാക്കളെ ഞെട്ടിച്ചു. എന്നാൽ അതിന് അപ്പുറത്തേക്ക് പിന്തുണ ശശി തരൂരിന് കിട്ടി. യുവ നേതാക്കളായ ഹൈബി ഈഡനും മാത്യു കുഴൽനാടനും കെ എസ് ശബരിനാഥനും തരൂരിനൊപ്പമാണ്. 15 പേരാണ് കേരളത്തിൽ നിന്ന് തരൂരിന്റെ നാമനിർദ്ദേശ പത്രികയിൽ ഒപ്പിട്ടത്. ഇതിൽ കോഴിക്കോട്ട് നിന്ന് കിട്ടിയ നാലു വോട്ടുകൾ ഒരു കോൺഗ്രസ് എംഎൽഎയുടെ സംഭാവനയാണ്. രാഹുലുമായി ഏറെ വ്യക്തിബന്ധമുള്ള ഈ എംഎൽഎ നടത്തിയത് നിർണ്ണായക നീക്കങ്ങളാണ്.

രാഹുൽ ഗാന്ധി തരൂരിന് എതിരല്ലെന്നാണ് കോൺഗ്രസിലെ കേരളത്തിലെ യുവ നേതാക്കളുടെ വിശ്വാസം. പാലക്കാട് എത്തി തരൂർ രാഹുലുമായി സംസാരിച്ചിരുന്നു. അന്ന് മത്സരിച്ചേ മതിയാകൂവെന്ന് തരൂരിനോട് ചട്ടം കെട്ടിയത് രാഹുലാണ്. ഒരു മാറ്റം അനിവാര്യമാണെന്ന് രാഹുൽ തന്നെ പറഞ്ഞു. രാജസ്ഥാനിലെ സംഭവവികാസങ്ങൾ രാഹുലിന്റെ മനസ്സ് മടുപ്പിച്ചു. അതുകൊണ്ടാണ് ഇപ്പോഴത്തെ സംവിധാനം മാറണമെന്ന തരത്തിൽ രാഹുൽ സംസാരിച്ചത്. ഇത് തിരിച്ചറിഞ്ഞാണ് യുവാക്കളെല്ലാം തരൂരിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചത്. രാഹുലുമായി ഏറെ അടുപ്പമുള്ള ഹൈബി ഈഡൻ പോലും പരസ്യമായി തരൂരിനെ പിന്തുണച്ചു. കെസി വേണുഗോപാലിന്റെ അതിവിശ്വസ്തർ വരെ രഹസ്യമായി തരൂരിനൊപ്പമാണെന്ന വാദവും സജീവമാണ്. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും വിഡി സതീശനും ഖാർഖയെ പിന്തുണച്ചതിന് കാരണം കെസിയുടെ സമ്മർദ്ദമാണെന്നും വിലയിരുത്തലുണ്ട്. ആന്റണിയുടെ കടുത്ത നിലപാടാണ് ഇതിന് കാരണം.

കേരളത്തിലെ ബഹുഭൂരിപക്ഷം വോട്ടുകളും പിടിക്കുകയാണ് തരൂരിന്റെ ലക്ഷ്യം. ഖാർഖയ്ക്ക് സോണിയയുടെ പിന്തുണയുണ്ട്. ഇതു ചർച്ചയാക്കാനാണ് ആന്റണി തന്നെ നാമനിർദ്ദേശ പത്രികയിൽ ഒപ്പിട്ടത്. അതുകൊണ്ട് തന്നെ ദേശീയ തലത്തിൽ ജയിക്കുകയെന്നത് തരൂരിന് വെല്ലുവിളിയാണ്. എന്നാൽ കേരളത്തിൽ ഭൂരിപക്ഷം വോട്ടുകൾ പിടിക്കുകയാണ് തരൂരിന്റെ ആഗ്രഹം. അതിനുള്ള സാഹചര്യമുണ്ടാക്കുന്നതാണ് ഹൈബി അടക്കമുള്ളവരുടെ സോഷ്യൽ മീഡിയയിലെ പരസ്യ പിന്തുണ. ഇതോടെ തരൂരിന് രാഹുൽ എതിരല്ലെന്ന വിലയിരുത്തൽ സജീവമാകുകയാണ്. കേരളത്തിലെ ജോഡോ യാത്രയ്ക്കിടെ താൻ തരൂരിനെ എതിർക്കില്ലെന്ന സന്ദേശം രാഹുൽ നൽകിയിരുന്നു. ഇത് മനസ്സിലാക്കിയാണ് ശബരിനാഥൻ ഉൾപ്പെടെ നാമനിർദ്ദേശ പത്രികയിൽ ഒപ്പിട്ടത്. എല്ലാം അവിടെ തീരുമെന്ന് കെസി വേണുഗോപാലും കൂട്ടരും കരുതി. പിന്നാലെ കൂടുതൽ യുവനേതാക്കൾ തരൂരിന് പിന്തുണയുമായി എത്തി.

ചെറുതുരുത്തിയിൽ വച്ചാണ് പത്രികയിൽ ശബരിനാഥൻ ഒപ്പിട്ടത്. ജോഡോ യാത്രയിൽ നിന്ന് പകർന്നു കിട്ടിയ ആത്മവിശ്വാസമായിരുന്നു ശബരിനാഥനും തുണയായത്. ഒരു ഘട്ടത്തിൽ എതിരില്ലാതെ ജയിക്കുമെന്ന് പോലും കരുതി. അപ്പോഴാണ് എകെ ആന്റണി ഡൽഹിയിൽ എത്തിയത്. ഖാർഖയിൽ വിശ്വസ്തനായ സ്ഥാനാർത്ഥിയെ ആന്റണി കണ്ടെത്തി. കെസി വേണുഗോപാലും അത് സന്തോഷത്തോടെ അംഗീകരിച്ചു. വിശ്വസ്തനില്ലെങ്കിൽ എന്തു സംഭവിക്കുമെന്ന ആശങ്ക സോണിയയെ ബോധ്യപ്പെടുത്തി. രാഹുലിന് എതിരായിരുന്നു കോൺഗ്രസിലെ ജി 23 കൂട്ടായ്മ. എന്നാൽ മനീഷ് തിവാരി അടക്കമുള്ളവരെ അടുപ്പിച്ചു. അതിന് പിന്നിലും തരൂരും രാഹുലും ഒരുമിക്കുന്നുവെന്ന സന്ദേശം അവർക്ക് നൽകിയാണ്. ഏതായാലും ഈ പ്രക്രിയയിൽ ഒരുതരത്തിലും രാഹുൽ ഇടപെടില്ലെന്നാണ് സൂചന. കേരളത്തിലെ യുവനേതാക്കൾ തരൂരിന് പിന്നിൽ അണിനിരക്കുന്നതു കൊണ്ടാണ് ഉമ്മൻ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും വിഡി സതീശനേയും കൊണ്ട് ഖാർഖ അനുകൂല പ്രസ്താവന ഇറക്കിയത്.

എന്നാൽ ഇതൊന്നും ഫലം കാണാൻ ഇടയില്ല. കേരളത്തിലെ ഭൂരിപക്ഷം തരൂർ ഉറപ്പിക്കുമെന്നാണ് വിലയിരുത്തൽ. കേരളത്തിലെ പല ഗ്രൂപ്പുകളിലുമുള്ള കെസി വിരുദ്ധർ രഹസ്യ ബാലറ്റിൽ തരൂരിന് വോട്ടു ചെയ്യാനാണ് സാധ്യത. അങ്ങനെ വന്നാൽ ഹൈക്കമാണ്ട് സ്ഥാനാർത്ഥിക്ക് കേരളത്തിൽ വോട്ട് കുറയും. തരൂരിന് ദേശീയ തലത്തിൽ ജയിക്കാനായില്ലെങ്കിലും അഭിമാനം ഉയർത്താനാകും. യുപിയിലേയും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേയും വോട്ടർമാരെ തരൂരിന് കണ്ടെത്താൻ പോലും കഴിയുന്നില്ല. അത്രയും ദുരൂഹമാണ് വോട്ടർപട്ടികയെന്ന വാദവും സജീവമാണ്. ഈ വോട്ടർമാരെല്ലാം സോണിയയുടെ അതിവിശ്വസ്തരാണ്. ഈ വോട്ടുകൾ ഖാർഖെയ്ക്ക് മാത്രമേ കിട്ടൂവെന്നതാണ് വസ്തുത. ഇത് മനസ്സിലാക്കി തന്നെയാണ് തരൂരും നീങ്ങുന്നത്. കേരളത്തിനൊപ്പം തമിഴ്‌നാട്ടിലേയും കർണ്ണാടകയിലേയും മഹാരാഷ്ട്രയിലേകും മധ്യപ്രദേശിലേയും പരമാവധി വോട്ടുകൾ പിടിക്കാനാണ് നീക്കം.

രണ്ടാഴ്ച രാജ്യം മുഴുവൻ തരൂരിന്റെ പ്രതിനിധികൾ സഞ്ചരിക്കും. പരമാവധി പേരെ നേരിൽ കാണും. കോൺഗ്രസിലെ സാഹചര്യം വിശദീകരിക്കും. പരമാവധി വോട്ടുകൾ സമാഹരിക്കാനാണ് നീക്കം. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന തിരുവനന്തപുരം എംപി ശശി തരൂർ ഗാന്ധി ജയന്തി ദിനത്തിൽ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ച മഹാത്മാ ഗാന്ധിയുടെ വചനം ശ്രദ്ധേയമാണ്. 'ആദ്യം അവർ നിങ്ങളെ അവഗണിക്കും, പിന്നെ അവർ നിങ്ങളെ നോക്കി കളിയാക്കും, പിന്നീട് അവർ നിങ്ങളോട് പോരാടും, അപ്പോൾ നിങ്ങൾ ജയിക്കും' എന്ന മഹാത്മാ ഗാന്ധി പറഞ്ഞ വാക്കുകളാണ് തരൂർ കുറിച്ചിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന തരൂരിനെതിരെ ചില കോൺഗ്രസ് നേതാക്കൾ പരസ്യമായി രൂക്ഷ പ്രതികരണങ്ങൾ നടത്തി വരുന്ന പശ്ചാത്തലത്തിലാണ് തരൂർ ഇത്തരമൊരു വരി പോസ്റ്റ് ചെയ്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെയാണ് തരൂരിന്റെ ഏക എതിരാളി. നെഹ്റു കുടുംബത്തിന്റെ അടക്കം പിന്തുണയുള്ളതായി പറയുന്ന ഖാർഗെയുടെ സ്ഥാനാർത്ഥിത്വത്തിന് ഔദ്യോഗിക പരിവേഷമാണുള്ളത്. കേരളത്തിൽ നിന്നുള്ള നേതാക്കളടക്കം തരൂരിനെ വിമർശിച്ചിരുന്നു. അതേ സമയം ഹൈബി ഈഡൻ, എം.കെ.രാഘവൻ, കെ.എസ്.ശബരിനാഥൻ തുടങ്ങിയ കേരളത്തിലെ നേതാക്കൾ തരൂരിന് പിന്തുണയർപ്പിച്ചിട്ടുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP