Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202204Sunday

പാലക്കാട്ട് രാഹുലിനെ കാണാനെത്തിയപ്പോൾ മലബാറിലെ നേതാക്കളെ നേരിട്ട് കണ്ടു; തമ്പാനൂർ രവിയെ വീട്ടിൽ എത്തി പിന്തുണ തേടി; യൂത്ത് കോൺഗ്രസ് ഐക്കണായ ശബരിനാഥനും ഗ്രൂപ്പിന് അതീതനായി; അതിവിശ്വസ്തർ തിരുവനന്തപുരത്ത് നിന്ന് കാറിൽ സഞ്ചരിച്ച് നേതാക്കളുടെ ഒപ്പ് വാങ്ങി; ഡൽഹിയിലേക്ക് കോഴിക്കോട് നിന്ന് പറന്നത് ഇന്നലെ രാത്രി; ആ ഒപ്പുകൾ തരൂർ ഉറപ്പാക്കിയ കഥ

പാലക്കാട്ട് രാഹുലിനെ കാണാനെത്തിയപ്പോൾ മലബാറിലെ നേതാക്കളെ നേരിട്ട് കണ്ടു; തമ്പാനൂർ രവിയെ വീട്ടിൽ എത്തി പിന്തുണ തേടി; യൂത്ത് കോൺഗ്രസ് ഐക്കണായ ശബരിനാഥനും ഗ്രൂപ്പിന് അതീതനായി; അതിവിശ്വസ്തർ തിരുവനന്തപുരത്ത് നിന്ന് കാറിൽ സഞ്ചരിച്ച് നേതാക്കളുടെ ഒപ്പ് വാങ്ങി; ഡൽഹിയിലേക്ക് കോഴിക്കോട് നിന്ന് പറന്നത് ഇന്നലെ രാത്രി; ആ ഒപ്പുകൾ തരൂർ ഉറപ്പാക്കിയ കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വലിയ സമ്മർദ്ദങ്ങളൊന്നും ചെലുത്താതെ തന്നെ കേരളത്തിലെ 15 നേതാക്കൾ നാമനിർദ്ദേശ പത്രികയിൽ ഒപ്പിട്ടതിന്റെ ആത്മവിശ്വസത്തിലാണ് ശശി തരൂർ ക്യാമ്പ്. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരം കടുക്കുമെന്ന സന്ദേശമാണ് തരൂർ ഇതിലൂടെ നൽകുന്നത്. കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മുകുൾ വാസ്‌നികും മൽസരിച്ചേക്കും. മൽസരം ഹൈക്കമാൻഡ് നിർദ്ദേശപ്രകാരമെന്ന് സൂചന. ദ്വിഗ്വിജയ് സിങ്ങിനെ മുതിർന്ന നേതാക്കൾ പൂർണമായും അംഗീകരിക്കുന്നില്ല. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തൻ എന്നതും വാസ്‌നികിന് നേട്ടം. പവൻ കുമാർ ബെൻസൽ വാങ്ങിയ പത്രിക വാസ്‌നികിനെന്ന് സൂചന

ശശി തരൂരിന് കേരളത്തിൽ നിന്നുള്ള നേതാക്കളുടെ പിന്തുണ ഉണ്ടെന്നതും അത് പ്രമുഖരാണെന്നതും പുതിയ ചർച്ചകൾക്ക് വഴിവയ്ക്കും. പത്രികയിൽ ഒപ്പുവച്ച് എം.കെ.രാഘവൻ, കെ.സി.അബു, ശബരീനാഥൻ എന്നിവർ പുതിയ സന്ദേശം നൽകുന്നു. ഉമ്മൻ ചാണ്ടിയുടെ അതിവിശ്വസ്തനായ തമ്പാനൂർ രവിയും ഒപ്പിട്ടു. പത്തുപേരുടെ വീതം പിന്തുണയോടെ അഞ്ചുസെറ്റ് പത്രികകൾ നൽകും. അഞ്ച് മേഖലകളിൽ നിന്നുള്ള നേതാക്കളുടെ പിന്തുണ ഉറപ്പാക്കൻ ശ്രമം. തരൂർ-വാസ്‌നിക് മൽസരം കടുക്കുമെന്ന് വിലയിരുത്തൽ. അതേസമയം, ജി23 നേതാക്കൾ അശോക് ഗെലോട്ടുമായി കൂടിക്കാഴ്ച നടത്തിയതും നിർണ്ണായകമാണ്. അതിനിടെ കരുതലോടെയാണ് കേരളാ നേതാക്കളുടെ വോട്ട് തരൂർ ഉറപ്പിച്ചത്.

രാഹുൽ ഗാന്ധിയെ കാണാൻ തരൂർ പാലക്കാട്ടേക്ക് വന്നിരുന്നു. ഈ സമയം തന്നെ പിന്തുണയ്ക്കുന്ന നേതാക്കളെ എല്ലാം തരൂർ നേരിട്ടു കണ്ടുവെന്നാണ് സൂചന. തമ്പാനൂർ രവിയേയും തിരുവനന്തപുരത്ത് വച്ച് തരൂർ നേരിട്ട് കണ്ടിരുന്നു. ശബരിനാഥൻ യൂത്ത് കോൺഗ്രസിലെ പുതിയ ഐക്കണാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിലെ പ്രതിഷേധത്തിൽ പൊലീസ് ശബരിനാഥനെ അറസ്റ്റ് ചെയ്തിരുനനു. ഇത് അണികൾക്കിടയിൽ വലിയൊരു പരിവേഷം ശബരിനാഥന് നൽകി. കേരളത്തിലെ ഗ്രൂപ്പ് സമവാക്യങ്ങളെ പോലും അപ്രസക്തമാക്കുന്നതാണ് മുതിർന്ന നേതാക്കൾക്കൊപ്പം തരൂരിന് വേണ്ടി ശബരിനാഥനും എത്തുന്നുവെന്നത്.യുവ നേതാക്കളുടെ പിന്തണയും തരൂരിനാണെന്ന സന്ദേശം ഇതിലൂടെ പുറത്തു വരും.

തന്നോട് ആഭിമുഖ്യമുള്ളവരെ തിരിച്ചറിയുകയായിരുന്നു ശശി തരൂർ. ഒപ്പിടുന്നവർക്കെല്ലാം മികച്ച പ്രതിച്ഛായ ഉണ്ടാകണമെന്നു തരൂർ ആഗ്രഹിച്ചിരുന്നു. ഇതെല്ലാം ഉറപ്പാക്കുന്ന തരത്തിൽ ഇടപെടൽ നടത്തി. ചോദിച്ചവർ എല്ലാം പിന്തുണ അറിയിച്ചു. ചിലർ സോണിയാ കുടുംബത്തെ ഓർത്ത് പിന്മാറി. അപ്പോഴും ഗ്രൂപ്പ് വ്യത്യാസമില്ലാത്ത നിരവധി പേർ തരൂരിനൊപ്പം ചേർന്നു. അവരാണ് ഒപ്പിടുന്നത്. തരൂരിന് തോൽവി പിണഞ്ഞാൽ പാർട്ടി ഹൈക്കമാണ്ടിന്റെ വെട്ടു വീഴുമെന്ന ഭയവും ഈ നേതാക്കളെ ബാധിച്ചില്ലെന്നതും നിർണ്ണായകമാണ്. കേരളത്തിലെ ഗ്രൂപ്പ് സമാവാക്യങ്ങളെ അപ്രസക്തമാക്കുന്നതാണ് തരൂരിന്റെ ഇടപെടൽ.

ആന്റണിയും കെസി വേണുഗോപാലും തരൂരിന് എതിരെ നിൽക്കുമ്പോഴാണ് ഈ പിന്തുണ. നേതാക്കളോട് തരൂർ നേരിട്ട് അഭ്യർത്ഥന നടത്തി. അതിന് ശേഷം തരൂരിന്റെ വിശ്വസ്തരാണ് പത്രികയിൽ ഒപ്പു വാങ്ങിയത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് വരെ ഈ സംഘം യാത്ര നടത്തിയാണ് നേതാക്കളുടെ ഒപ്പു വാങ്ങിയത്. അതുകൊണ്ട് പല ജില്ലകളിലേയും പ്രമുഖർ തരൂരിന് വേണ്ടി ഒപ്പിട്ടുവെന്നാണ് സൂചന. ഇന്നലെ രാത്രിയാണ് ദൗത്യം പൂർത്തിയാക്കി ഈ സംഘം കോഴിക്കോട് നിന്ന് ഡൽഹിയിലേക്ക് വിമാനം കയറിയത്. കേരളത്തിലെ നേതാക്കൾ ഒപ്പിട്ട ലിസ്റ്റുമായി അവർ രാത്രിയോടെ തരൂരിന് അടുത്ത് എത്തുകയും ചെയ്തു. അതീവ രഹസ്യമായിരുന്നു ഈ ഒപ്പിടൽ, അതുകൊണ്ടു തന്നെ ആരും ഒന്നും അറിഞ്ഞില്ല. രാഷ്ട്രീയക്കാരെ ഈ സംഘത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. അങ്ങനെ രഹസ്യ ചോർച്ചയും ഒഴിവാക്കി.

സെപ്റ്റംബർ മുപ്പത്, വെള്ളിയാഴ്ചയാണ് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. മത്സര രംഗത്തുള്ളത് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ് വിജയ് സിങ്ങും തിരുവനന്തപുരം എംപി. ശശി തരൂരും പിന്നെ മുകൾ വാസ്നികും. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള രാജസ്ഥാൻ കലാപവും ഒച്ചപ്പാടും ഒടുവിൽ മാപ്പപേക്ഷയുമൊക്കെയായി അശോക് ഗലോട്ട് മത്സര രംഗത്തുനിന്ന് പിന്മാറിയതോടെയാണ് മത്സരം തരൂരിലേക്കും ദിഗ്‌വിജയിലേക്കും വാസ്നിക്കിലേക്കും മാറുന്നത്. അധ്യക്ഷ സ്ഥാനത്തേക്ക് താൻ മത്സരിക്കുമെന്ന് തരൂർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പിന്നീട്് ദിഗ് വിജയ് സിങും തയ്യാറായി. അവസാനം മുകൾ വാസ്നികും എത്തി. ഇതോടെ നെഹ്റു കുടുംബത്തിന്റെ പിന്തുണ വാസ്നിക്കിനായിരിക്കുമെന്ന ചർച്ചയും സജീവമായി.

സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പരസ്യമായി ആരേയും പിന്തുണയ്ക്കില്ല. തരൂരിനോട് മത്സരിക്കാനും ഇവർ നിർദ്ദേശിച്ചിരുന്നു. എന്നാൽ രാഹുലിനൊപ്പമുള്ള ചില വിശ്വസ്തർ തരൂരിന് എതിരാണ്. ഇവരാണ് ഗെലോട്ടിനെ മത്സരിപ്പിക്കാൻ ശ്രമിച്ചത്. ഇത് രാജസ്ഥാനിലെ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി. ഇതോടെയാണ് ഗെലോട്ട് പിന്മാറിയത്. എഐസിസി ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാലും എകെ ആന്റണിയും അടക്കമുള്ള കേരളത്തിലെ ഹൈക്കമാണ്ട് നേതാക്കൾ തരൂരിനെ അംഗീകരിക്കുന്നില്ലെന്നാണ് സൂചന. വാസ്നിക്കിന്റെ സ്ഥാനാർത്ഥിത്വം തീരുമാനിച്ചതും ആന്റണിയുടെ നേതൃത്വത്തിലാണ്. ട്രക്ക് അഴിമതിക്കേസിൽ കോടതിയിൽ മൊഴി കൊടുക്കാനെത്തിയ ആന്റണി ചില നിർണ്ണായക ഇടപെടലുകൾ ഇക്കാര്യത്തിൽ നടത്തി.

അതുകൊണ്ട് തന്നെ കേരളത്തിലെ ആരും തരൂരിനെ നാമനിർദ്ദേശം ചെയ്യില്ലെന്നായിരുന്നു പ്രതീക്ഷ. ഇതു തെറ്റിച്ചാണ് 15 പേർ ഒപ്പിടാൻ സമ്മതിച്ചത്. ഒന്നിലധികം സെറ്റ് പത്രിക തരൂർ സമർപ്പിക്കുമെന്നാണ് സൂചന. ദിഗ് വിജയ് സിംഗും തരൂരും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ വാസ്നിക് ഇനിയും പരസ്യമായി പറഞ്ഞിട്ടില്ല. എന്നാൽ മത്സരിക്കുമെന്ന് തന്നെയാണ് സൂചന. ഇതോടെ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ത്രികോണ പോര് ഉറപ്പായി. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള തീയതിയാകുമ്പോഴേ യഥാർത്ഥ മത്സര ചിത്രം തെളിയൂവെന്നതാണ് മറ്റൊരു വസ്തുത. ഏതായാലും തരൂരും വാസ്നിക്കും മത്സരിക്കാനുണ്ടാകും.

തരൂരും ദിഗ് വിജയും മത്സരിച്ചാൽ മലയാളി നേതാവിന് മുൻതൂക്കം കിട്ടുമായിരുന്നു. ഇത് മനസ്സിലാക്കിയാണ് വാസ്നിക്കിനെ സ്ഥാനാർത്ഥിയാക്കി കളികൾ നടക്കുന്നത്. പാർട്ടിയിൽ സമൂലപരിഷ്‌കരണം വേണമെന്ന് നിരന്തര ആവശ്യം ഉന്നയിക്കുന്ന, അംഗങ്ങൾ കൊഴിഞ്ഞ പരിഷ്‌കരണവാദി സംഘത്തിലെ അംഗമാണ് തരൂർ. 2009-ലാണ് അദ്ദേഹം കോൺഗ്രസിൽ അംഗമാകുന്നത്. തരൂർ വിശ്വപൗരനാണെന്ന കാര്യത്തിൽ തർക്കമില്ലെങ്കിലും അദ്ദേഹം അധ്യക്ഷപദത്തിലേക്ക് മത്സരിക്കുന്നതിനോട് സ്വന്തം സംസ്ഥാനമായ കേരളത്തിൽനിന്നു പോലും എതിർപ്പുണ്ടെന്ന തരത്തിൽ ചില കേന്ദ്രങ്ങൾ പ്രചരണം നടത്തി. മന്ത്രിയും എംപിയും ആയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് അണികൾക്കിടയിലെ സ്വീകാര്യതയെയാണ് അവർ ചോദ്യം ചെയ്യുന്നത്.

തുടർച്ചയായി മൂന്നുവട്ടം തിരുവനന്തപുരത്തുനിന്ന് ലോക്‌സഭയിലെത്തിയ പരിഗണനയൊന്നും ഇക്കാര്യത്തിൽ തരൂരിന് ലഭിക്കുന്നില്ലെന്നായിരുന്നു അവരുടെ വാദം. ഇതാണ് 15 കേരള നേതാക്കളുടെ ഒപ്പ് വാങ്ങി തരൂർ പൊളിക്കുന്നത്. രാജ്യത്തൊട്ടാകെ സാന്നിധ്യമുള്ള പാർട്ടിയാണ് കോൺഗ്രസ്. അടുത്ത പൊതുതിരഞ്ഞെടുപ്പിൽ ലോക്‌സഭയിലെ അംഗസംഖ്യ 53-ൽനിന്ന് ഉയർത്തി കോൺഗ്രസിന്റെ ജീവൻ വീണ്ടെടുക്കുക എന്ന ദൗത്യം പുതിയ അധ്യക്ഷനാണ് ഏറ്റെടുക്കേണ്ടത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP